എല്ലായിടത്തും സുവാർത്ത പ്രസംഗിക്കുക
1 ആദിമ ക്രിസ്ത്യാനികൾ എല്ലായിടത്തും സുവാർത്ത പ്രസംഗിച്ചു. അവർ വളരെ തീക്ഷ്ണതയുള്ളവരായിരുന്നതിനാൽ യേശുവിന്റെ പുനരുത്ഥാനത്തെത്തുടർന്നുള്ള 30 വർഷത്തിനുള്ളിൽ “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” സുവാർത്ത ഘോഷിച്ചിരുന്നു.—കൊലൊ. 1:23.
2 യഹോവയുടെ തീക്ഷ്ണതയുള്ള ഇന്നത്തെ ദാസന്മാർക്കും അതേ ലക്ഷ്യമാണുള്ളത്—സാധ്യമാകുന്ന എവിടെയും രാജ്യസന്ദേശം എത്തിക്കുക. ഈ ലക്ഷ്യം നിറവേറ്റാൻ നമ്മെ എന്തിനു സഹായിക്കാൻ കഴിയും? അനവധിയാളുകൾ മുഴുസമയം ജോലി ചെയ്യുന്നവരായതിനാൽ നാം വീടുകൾ സന്ദർശിക്കുമ്പോൾ അവരെ മിക്കപ്പോഴും കാണാൻ സാധിക്കുന്നില്ല. ആളില്ലാഭവനങ്ങളുടെ നല്ല രേഖ സൂക്ഷിക്കുകയും മടങ്ങിച്ചെന്ന് അവരെ സന്ദർശിക്കാൻ ബോധ്യമുള്ളവരായിരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യത്തിന് അത് അടിവരയിടുന്നു. എന്നാൽ, ചിലപ്പോൾ കൂടെക്കൂടെ സന്ദർശിച്ചാൽപ്പോലും, ചില വീടുകളിൽ ആരെയും കണ്ടെത്താൻ നമുക്കു കഴിയാതെവരുന്നു. അവർ എവിടെയാണ്? അവർ ജോലി ചെയ്യാത്തപ്പോൾ, യാത്രയിലായിരിക്കാം, കടയിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരിക്കാം, അല്ലെങ്കിൽ ഏതെങ്കിലും വിനോദത്തിൽ ഏർപ്പെട്ടിരിക്കുകയായിരിക്കാം. അവരിൽ അർഹരായവരുടെ അടുക്കൽ രാജ്യസന്ദേശവുമായി എങ്ങനെയാണ് എത്തിച്ചേരുന്നത്?—മത്താ. 10:11.
3 ചിലരെ കാണാൻ കഴിയുന്നത് അവരുടെ ജോലിസ്ഥലത്താണ്. ചെറിയ പട്ടണങ്ങളിൽപോലും വ്യാപാരമേഖലയുണ്ട്, അവിടെയാണു പലരും ദിവസത്തിന്റെ അധികസമയവും ചെലവഴിക്കുന്നത്. നഗരങ്ങളിലാണെങ്കിൽ, വ്യവസായ മേഖലകളിലോ ഓഫീസ് കെട്ടിടങ്ങളിലോ ജോലി ചെയ്യുന്നവർക്കും ഉയർന്ന സുരക്ഷിതത്വ സംവിധാനങ്ങളുള്ള അപ്പാർട്ടുമെൻറുകളിലോ കോളനികളിലോ താമസിക്കുന്നവർക്കും സാക്ഷ്യം ലഭിക്കുന്നുണ്ട്—പലപ്പോഴും ആദ്യമായി. വാരാന്തങ്ങളിൽ, ആളുകൾ പാർക്കുകളിലോ ബീച്ചുകളിലോ വിശ്രമിക്കുമ്പോഴോ അല്ലെങ്കിൽ തിയേറ്ററുകൾക്കു വെളിയിൽവെച്ചോ ചിലരുമായി സമ്പർക്കം പുലർത്താൻ സാധിച്ചിട്ടുണ്ട്. അല്ലെങ്കിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്ന സ്ഥലങ്ങളിൽ കാത്തുനിൽക്കുമ്പോഴോ വിപണനസ്ഥലങ്ങളിൽ വെച്ചോ അതിനു സാധിച്ചിട്ടുണ്ട്. അവർ സുവാർത്തയോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരിക്കുന്നു.
4 ആളുകളെ കണ്ടെത്താൻ കഴിയുന്ന പൊതുസ്ഥലങ്ങളിൽ സാക്ഷ്യം നൽകാൻ പ്രത്യേക ശ്രമം നടത്തുന്ന പ്രസാധകരുടെ എണ്ണം വർധിച്ചുവരുന്നു. ഏറെയും ഔപചാരിക പശ്ചാത്തലങ്ങളിൽ, വീടുവീടാന്തരം, പ്രസംഗിച്ചു ശീലിച്ചിരിക്കുന്നതിനാൽ ആദ്യം ഈ സാക്ഷികൾക്കു മടിയും തെല്ലൊരു ഭയവും തോന്നിയിരുന്നു. എന്നാൽ അവർക്ക് ഇപ്പോൾ എങ്ങനെ തോന്നുന്നു?
5 “അത് എന്റെ ശുശ്രൂഷയ്ക്ക് ഒരു പുതുജീവൻ നൽകിയിരിക്കുന്നു!” എന്ന് അനുഭവജ്ഞാനമുള്ള ഒരു സഹോദരൻ പറയുന്നു. മറ്റൊരു സഹോദരൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അതു ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ സഹായിക്കുന്നു.” പ്രായമുള്ള ഒരു പയനിയറുടെ അഭിപ്രായമിതാണ്: “മാനസികമായും ശാരീരികമായും ആത്മീയമായും അത് ഉണർവേകുന്നതായിരുന്നു, . . . ഞാൻ ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു.” ഈ ആസ്വാദ്യമായ വേലയിൽ യുവജനങ്ങളും നന്നായി പങ്കെടുക്കുന്നുണ്ട്. ഒരു യുവാവ് ഇപ്രകാരം പറയുന്നു: “അതു രസകരമാണ്, കാരണം വളരെയധികം ആളുകളോടു സംസാരിക്കാൻ കഴിയുന്നു.” മറ്റൊരുവൻ പറയുന്നത് ഇതാണ്: “ഞാൻ മുമ്പത്തേതിലും കൂടുതൽ സാഹിത്യങ്ങൾ സമർപ്പിക്കുന്നു!” ഇതെല്ലാം കൂടെക്കൂടെ പ്രവർത്തിച്ചുതീർക്കുന്ന പ്രദേശത്താണ്.
6 സഞ്ചാരമേൽവിചാരകന്മാർ നേതൃത്വമെടുക്കുന്നു: “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു” എന്നു തിരിച്ചറിഞ്ഞുകൊണ്ട്, സാധ്യമാകുന്നിടത്തോളം ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാൻ കഴിയത്തക്കവണ്ണം വാരംതോറും സഞ്ചാരമേൽവിചാരകന്മാർ തങ്ങളുടെ സേവനപ്പട്ടികയ്ക്കു പൊരുത്തപ്പെടുത്തൽ വരുത്തണമെന്ന് അടുത്തകാലത്ത് സൊസൈറ്റി സൂചിപ്പിക്കുകയുണ്ടായി. (1 കൊരി. 7:31, NW) വർഷങ്ങളായി, സർക്കിട്ട് മേൽവിചാരകന്മാർ വീടുതോറുമുള്ള വേലയിൽ ഏർപ്പെടുന്നതിനു പ്രവൃത്തിദിനങ്ങളിലെ പ്രഭാതസമയവും മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും നടത്തുന്നതിന് അപരാഹ്നവും വിനിയോഗിച്ചിരുന്നു. ഈ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ആ പട്ടികതന്നെ ഇപ്പോഴും പ്രായോഗികമായിരിക്കാം. മറ്റുള്ളിടങ്ങളിൽ, പ്രവൃത്തിദിനങ്ങളിലെ പ്രഭാതസമയം വീടുതോറും പ്രവർത്തിക്കുന്നതിനാൽ കാര്യമായൊന്നും നേടാൻ കഴിഞ്ഞെന്നുവരില്ല. അത്തരം കേസുകളിൽ, ദിവസാരംഭത്തിൽ കടകൾതോറുമുള്ള വേലയിലോ തെരുവുസാക്ഷീകരണത്തിലോ ഏർപ്പെടുന്നതു നല്ലതായിരിക്കുമെന്നു സഞ്ചാരമേൽവിചാരകൻ തീരുമാനിച്ചേക്കാം. ഓഫീസ് കെട്ടിടങ്ങളിലോ വ്യാപാര സ്ഥലങ്ങളിലോ വാഹനങ്ങൾ പാർക്കു ചെയ്യുന്ന സ്ഥലത്തോ പൊതുസ്ഥലങ്ങളിലോ ചെറിയ കൂട്ടങ്ങൾ സാക്ഷീകരണം നടത്താനുള്ള ക്രമീകരണങ്ങൾ നടത്താവുന്നതാണ്. വയൽസേവനത്തിനു ലഭ്യമായ സമയം കൂടുതൽ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിനാൽ, പ്രസാധകർക്കു കൂടുതൽ ആളുകളുടെ പക്കൽ എത്തിച്ചേരാൻ സാധിക്കുന്നുണ്ട്.
7 ഈ മാറ്റത്തെ സഞ്ചാരമേൽവിചാരകന്മാരും പ്രസാധകരും ഒരുപോലെ വളരെ നന്നായി സ്വാഗതം ചെയ്യുന്നുണ്ടെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രാദേശികമായി ശ്രദ്ധ ആവശ്യമുള്ള വേലയുടെ പ്രത്യേക വശങ്ങളിൽ ഏതാനും പ്രസാധകരെ പരിശീലിപ്പിക്കാൻ മൂപ്പന്മാരുടെ അനേകം സംഘങ്ങൾ സർക്കിട്ട് മേൽവിചാരകനെ ക്ഷണിക്കുന്നുണ്ട്. സർക്കിട്ട് മേൽവിചാരകൻ ഈ പ്രവർത്തനങ്ങളിൽ ഏതിലെങ്കിലും ഏർപ്പെടുമ്പോൾ അദ്ദേഹത്തിന്റെ കൂട്ടത്തിൽ പോകുന്നത് പ്രസാധകരെ സഹായിച്ചിട്ടുണ്ട്. പിന്നീട് മറ്റുള്ളവരെ പരിശീലിപ്പിക്കാനും അവർക്കു കഴിയുന്നു. (2 തിമൊ. 2:2) തത്ഫലമായി, കൂടുതൽ ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാൻ കഴിയുന്നുണ്ട്.
8 തീർച്ചയായും, സർക്കിട്ട് മേൽവിചാരകൻ നിങ്ങളെ സന്ദർശിച്ചു പ്രസംഗത്തിന്റെ ഈ മറ്റു വിധങ്ങളിൽ ചിലതു പരീക്ഷിച്ചുനോക്കുന്നതുവരെ നിങ്ങൾ കാത്തിരിക്കേണ്ടതില്ല. നിങ്ങളുടെ പ്രദേശത്തു പ്രായോഗികമാണെന്നു കണ്ടെത്തിയേക്കാവുന്ന ചില ആശയങ്ങൾ ഇതാ:
9 തെരുവുസാക്ഷീകരണം: ഒരു പ്രവൃത്തിദിവസം രാവിലെ ആളുകൾ പാർക്കുന്ന ഒരു സ്ഥലത്തു ചെല്ലുമ്പോൾ ആരെയും കാണാതെവരുന്നെങ്കിൽ ‘ആളുകളെല്ലാം എവിടെ പോയി?’ എന്നു നാം അതിശയിക്കുന്നു. ചിലർ വിവരങ്ങൾ അറിയിക്കാനോ സാധനങ്ങൾ വാങ്ങാനോ പോയതായിരിക്കാം. തെരുവുസാക്ഷീകരണത്തിലൂടെ അവരുമായി സമ്പർക്കം പുലർത്താൻ നിങ്ങൾ ശ്രമിച്ചുനോക്കിയിട്ടുണ്ടോ? അത് ഉചിതമായി ചെയ്യുമ്പോൾ, ശുശ്രൂഷയുടെ ഈ വശം വളരെ ഫലപ്രദമായിരിക്കാൻ സാധിക്കും. മാസികകളും പിടിച്ച് ഒരു സ്ഥലത്തു നിൽക്കുന്നതിനുപകരം, ആളുകളെ സമീപിച്ച് സൗഹൃദസംഭാഷണത്തിനു തുടക്കമിടുന്നത് ഏറ്റവും നല്ലതാണ്. കടന്നുപോകുന്ന എല്ലാവർക്കും സാക്ഷ്യം കൊടുക്കണമെന്നു നിർബന്ധമില്ല. തിടുക്കത്തിൽ നടന്നുപോകുന്ന ആളുകളോടും സംസാരിക്കേണ്ടതില്ല, പുറത്തുനിന്നു കടയിലുള്ള സാധനങ്ങൾ വെറുതെ നോക്കിനടക്കുന്നവരെയും നിറുത്തിയിട്ടിരിക്കുന്ന കാറുകളിലുള്ളവരെയും അല്ലെങ്കിൽ പൊതു ഗതാഗതത്തിനായി കാത്തുനിൽക്കുന്നവരെയും പോലുള്ളവരോടു സംസാരിക്കുക. തുടക്കത്തിൽ, സൗഹാർദപരമായി അഭിവാദനം ചെയ്തശേഷം പ്രതികരണത്തിനായി കാത്തുനിൽക്കാവുന്നതാണ്. വ്യക്തി സംസാരിക്കാൻ മനസ്സു കാണിക്കുന്നെങ്കിൽ, അയാളിൽ താത്പര്യം ജനിപ്പിച്ചേക്കാമെന്നു നിങ്ങൾ കരുതുന്ന ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം ആരായാവുന്നതാണ്.
10 തെരുവുസാക്ഷീകരണത്തിൽ തന്റെയും ഭാര്യയുടെയും കൂടെ ചേരാൻ ഒരു സഞ്ചാരമേൽവിചാരകൻ ആറു പ്രസാധകരെ ക്ഷണിച്ചു. ഫലമെന്തായിരുന്നു? “അതു വളരെ നല്ല ഒരു പ്രഭാതമായിരുന്നു!” അദ്ദേഹം റിപ്പോർട്ടു ചെയ്യുന്നു. “ആളില്ലാഭവനങ്ങൾ ഇല്ലായിരുന്നു. 80 മാസികകളും അനവധി ലഘുലേഖകളും സമർപ്പിച്ചു. ഉത്സാഹഭരിതമായ ധാരാളം സംഭാഷണങ്ങൾ നടത്താൻ ഞങ്ങൾക്കു കഴിഞ്ഞു. പ്രസാധകരിലൊരുവൻ ആദ്യമായിട്ടായിരുന്നു തെരുവുവേലയിൽ ഏർപ്പെട്ടത്, അദ്ദേഹം ഇങ്ങനെ ഉദ്ഘോഷിച്ചു: ‘ഞാൻ വർഷങ്ങളായി സത്യത്തിലാണ്, എനിക്ക് എന്താണു നഷ്ടമായിക്കൊണ്ടിരുന്നത് എന്നു ഞാൻ തിരിച്ചറിഞ്ഞില്ല!’ ആ വാരത്തിന്റെ അവസാനമായപ്പോഴേക്കും സഭയിൽ കൂടുതലായുണ്ടായിരുന്ന മാസികകൾ തീർന്നുപോയിരുന്നു.”
11 അതേ സർക്കിട്ട് മേൽവിചാരകൻ അടുത്ത സഭ സന്ദർശിക്കവേ, ഒരു ദിവസം അതിരാവിലെ തെരുവുസാക്ഷീകരണത്തിൽ പങ്കെടുത്ത പല പ്രസാധകർക്കും പരിമിതമായ വിജയമേ ഉണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹം മനസ്സിലാക്കി. ഒരു സഹോദരി, മുഴു സാക്ഷീകരണഘട്ടത്തിലും രണ്ടു വ്യക്തികളോടേ സംസാരിച്ചുള്ളൂ, കാരണം അവൾ കണ്ടുമുട്ടിയ മറ്റുള്ളവരെല്ലാം തിരക്കിലായിരുന്നു. രാവിലെ കുറേക്കൂടെ സമയം കഴിഞ്ഞ് അതേ തെരുവിലേക്കുതന്നെ മടങ്ങിച്ചെല്ലാൻ സഞ്ചാരമേൽവിചാരകൻ നിർദേശിച്ചു. അങ്ങനെ ചെയ്ത അവർ ഉച്ചവരെ അവിടെ തങ്ങി. രാവിലെ നേരത്തെ രണ്ടു പേരോടു മാത്രം സംസാരിച്ച സഹോദരി രണ്ടാമതു വന്നു പ്രവർത്തിച്ചപ്പോൾ അവർക്കു വളരെ നല്ല ഫലം ലഭിച്ചു. അവൾ 31 മാസികകളും 15 ലഘുപത്രികകളും സമർപ്പിച്ചു, ഏഴു പേരുടെ പേരും മേൽവിലാസവും ലഭിച്ചുവെന്നു മാത്രമല്ല രണ്ടു ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയും ചെയ്തു! ആ കൂട്ടത്തിലുണ്ടായിരുന്ന മറ്റുള്ളവർക്കും പ്രോത്സാഹജനകമായ ഫലങ്ങളുണ്ടായിരുന്നു.
12 താത്പര്യം കാണിക്കുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടുമുട്ടുമ്പോൾ, ആളിന്റെ വിലാസം അല്ലെങ്കിൽ ഫോൺ നമ്പർ വാങ്ങാൻ ശ്രമിക്കുക. അതിനു വേണ്ടി എടുത്തുചാടി ചോദിക്കുന്നതിനുപകരം ഇങ്ങനെ പറയാവുന്നതാണ്: “ഈ സംഭാഷണം ഞാൻ ആസ്വദിച്ചു. മറ്റൊരു സമയത്തു നമുക്ക് ഇതു തുടരാൻ കഴിയുന്ന ഏതെങ്കിലും മാർഗമുണ്ടോ?” അല്ലെങ്കിൽ ഇങ്ങനെ ചോദിക്കാം: “നിങ്ങളെ വീട്ടിൽവന്നു കാണാൻ എന്തെങ്കിലും മാർഗമുണ്ടോ?” ഈ വിധത്തിൽ ബന്ധം പുലർത്തുന്ന പലരും മടക്കസന്ദർശനത്തോടു യോജിക്കുന്നു. ഉപയോഗത്തിനായി വേണ്ടുവോളം ലഘുലേഖകൾ കൈവശമുണ്ടെന്ന് ഉറപ്പു വരുത്തുക. താത്പര്യം കാണിക്കുന്ന വ്യക്തിയെ നമ്മുടെ യോഗങ്ങളിൽ സംബന്ധിക്കാൻ ക്ഷണിക്കവേ ഏറ്റവും അടുത്തുള്ള യോഗസ്ഥലവും യോഗസമയങ്ങളും, ഒരുപക്ഷേ ലഘുലേഖയിൽ, എഴുതാൻ തയ്യാറായിരിക്കുക.
13 മറ്റൊരു സഭയുടെ പ്രദേശത്തു താമസിക്കുന്ന താത്പര്യക്കാരനായ വ്യക്തിയോടാണു നിങ്ങൾ സംസാരിക്കുന്നതെങ്കിൽ, അയാളുടെ താത്പര്യത്തെ പിന്തുടരാൻ സഹോദരങ്ങൾക്കു കഴിയത്തക്കവണ്ണം ആ വിവരം നിങ്ങൾ കൈമാറേണ്ടതുണ്ട്. നിങ്ങളുടെ പ്രദേശത്തു സുവാർത്ത വ്യാപിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണോ തെരുവുസാക്ഷീകരണം? എങ്കിൽ, നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1994 ജൂലൈ ലക്കത്തിലുള്ള “ഫലകരമായ തെരുവുസാക്ഷീകരണത്തിലൂടെ താത്പര്യക്കാരെ കണ്ടെത്തൽ” എന്ന ലേഖനം പുനരവലോകനം ചെയ്യുക. എന്നിട്ട് ദിവസത്തിലെ ഉചിതമായ ഒരു സമയത്ത് തെരുവുസാക്ഷീകരണത്തിൽ ഏർപ്പെടുന്നതിനുള്ള ക്രമീകരണം ചെയ്യുക. സാധ്യമാകുന്നിടത്തോളം ആളുകളുടെ പക്കൽ എത്തിച്ചേരാൻ അതു നിങ്ങളെ സഹായിക്കും.
14 പൊതുവാഹനങ്ങളിൽ സാക്ഷീകരണം നടത്തൽ: ഒരു പ്രാദേശിക കോളെജിനു സമീപം ബസ്സ് കാത്തുനിൽക്കുന്ന ആളുകളോടു സാക്ഷീകരിക്കാൻ ഒരു പ്രഭാതത്തിൽ ഏതാനും പയനിയർമാർ നിശ്ചയിച്ചു. നല്ല ചർച്ചകൾ ഉണ്ടായപ്പോൾ ഒരു പ്രശ്നവും പൊന്തിവന്നു. ചർച്ച നല്ല ഒരു നിലയിലേക്കു പുരോഗമിക്കവേ ബസ്സ് വരും അങ്ങനെ ഇടയ്ക്കുവെച്ച് ചർച്ച അവസാനിക്കും. ബസ്സിൽ കയറിക്കൊണ്ട് പയനിയർമാർ ആ പ്രശ്നം പരിഹരിച്ചു. നഗരത്തിനു കുറുകെ യാത്ര ചെയ്യവേ യാത്രക്കാരോടു സാക്ഷീകരണം തുടരാൻ അവർക്കു കഴിഞ്ഞു. വഴി അവസാനിക്കുമ്പോൾ, സാക്ഷീകരണം നടത്തിക്കൊണ്ട് തിരിച്ചുള്ള ബസ്സിന് അവർ മടങ്ങുമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും പലവട്ടം യാത്ര ചെയ്തപ്പോൾ അവർ തങ്ങളുടെ ശ്രമങ്ങളുടെ ഫലങ്ങൾ കൂട്ടിനോക്കി: 200 മാസികകൾ സമർപ്പിച്ചിരുന്നു, മാത്രമല്ല ആറ് ബൈബിളധ്യയനങ്ങളും തുടങ്ങിയിരുന്നു. തങ്ങളെ വന്നു സന്ദർശിക്കാൻ കഴിയത്തക്കവണ്ണം ചില യാത്രക്കാർ സ്വമേധയാ തങ്ങളുടെ വിലാസവും ഫോൺ നമ്പരും നൽകി. അടുത്ത വാരത്തിലും പയനിയർമാർ ബസ്സ്സ്റ്റോപ്പിൽ തിരികെച്ചെന്ന് അതേ രീതിതന്നെ പിന്തുടർന്നു. അവർ 164 മാസികകൾ സമർപ്പിക്കുകയും ഒരു ബൈബിളധ്യയനം കൂടി തുടങ്ങുകയും ചെയ്തു. ഒരു സ്റ്റോപ്പിൽവെച്ച് ഒരു യാത്രക്കാരൻ കയറി ഒരു പയനിയറിന്റെ അടുത്തായി ആകെയുണ്ടായിരുന്ന സീറ്റിൽ ഇരുന്നു. അദ്ദേഹം സഹോദരനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു: “എനിക്കായി നിങ്ങളുടെ കൈവശം ഒരു വീക്ഷാഗോപുരം ഉണ്ടെന്ന് എനിക്കറിയാം.”
15 ബസ്സിലോ ട്രെയിനിലോ സഞ്ചരിക്കുമ്പോൾ പല പ്രസാധകരും ഫലപ്രദമായ സാക്ഷ്യം നൽകുന്നു. നിങ്ങളുടെ സഹയാത്രക്കാരനുമായി എങ്ങനെ സംഭാഷണം തുടങ്ങാൻ സാധിക്കും? തന്റെ അടുത്തിരുന്ന ഒരു കൗമാരപ്രായക്കാരിയുടെ ആകാംക്ഷ ഉണർത്താൻ കഴിയുമെന്നു പ്രതീക്ഷിച്ചുകൊണ്ട് 12 വയസ്സുള്ള ഒരു പ്രസാധകൻ ഉണരുക!യുടെ ഒരു പ്രതി വായിക്കാൻ തുടങ്ങി. അതു ഫലപ്രദമായിരുന്നു. എന്താണു വായിക്കുന്നതെന്നു പെൺകുട്ടി അവനോടു ചോദിച്ചു. യുവജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരത്തെക്കുറിച്ചു വായിക്കുകയാണെന്ന് അവൻ ഉത്തരം നൽകി. ആ ലേഖനത്തിൽനിന്നു താൻ വളരെ പ്രയോജനം നേടിയെന്നും അത് അവളെയും സഹായിക്കുമെന്നും അവൻ കൂട്ടിച്ചേർത്തു. അവൾ സന്തോഷപൂർവം മാസികകൾ സ്വീകരിച്ചു. യാദൃച്ഛികമായി അവരുടെ സംഭാഷണം കേട്ട മറ്റു രണ്ടു യുവാക്കൾ മാസികകളുടെ പ്രതികൾക്കായി ചോദിച്ചു. അപ്പോഴേക്കും, ഡ്രൈവർ വണ്ടി റോഡിന്റെ ഒരു വശത്തേക്കു മാറ്റി നിർത്തിയിട്ട് ഈ മാസികകളിൽ ഇത്രയധികം താത്പര്യം ഉള്ളത് എന്തുകൊണ്ടെന്ന് ആരാഞ്ഞു. അതു കണ്ടപ്പോൾ അദ്ദേഹവും വാങ്ങി അവയുടെ പ്രതികൾ. താത്പര്യം കാട്ടിയ എല്ലാവർക്കും കൊടുക്കാൻ വേണ്ടത്ര മാസികകൾ ആ കൊച്ചു പ്രസാധകന്റെ കൈവശമില്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല!
16 പാർക്കുകളിലും പാർക്കിങ് സ്ഥലങ്ങളിലും സാക്ഷീകരിക്കൽ: ആളുകളുടെ അടുക്കൽ എത്തിച്ചേരുന്നതിന് ഉത്തമമായ ഒരു മാർഗമാണ് പാർക്കുകളിലും പാർക്കിങ് സ്ഥലങ്ങളിലും സാക്ഷീകരിക്കുന്നത്. ഷോപ്പിങ് സെന്ററുകളിലെ പാർക്കിങ് സ്ഥലത്തു സാക്ഷീകരിക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? നിങ്ങളുടെ ചുറ്റുപാടുകൾ നിരീക്ഷിക്കാൻ എപ്പോഴും ഏതാനും നിമിഷങ്ങൾ ചെലവഴിക്കുക. തിരക്കില്ലാത്തവരോ പാർക്കു ചെയ്തിരിക്കുന്ന കാറിലിരിക്കുന്നവരോ സ്കൂട്ടറിനടുത്തു നിൽക്കുന്നവരോ ആയ ആളുകളെ കണ്ടെത്തി സൗഹൃദസംഭാഷണം തുടങ്ങുക. സംഭാഷണം തുടരുന്നപക്ഷം, രാജ്യസന്ദേശം നൽകുക. വേറിട്ടു നിന്നു പ്രവർത്തിക്കാൻ ശ്രമിക്കുക, എന്നാൽ കാഴ്ചപ്പാടിൽ മറ്റൊരു പ്രസാധകൻ ഉണ്ടായിരിക്കണം. വലിയ, വീർത്തിരിക്കുന്ന ഒരു ബാഗ് കൊണ്ടുപോകാതിരിക്കുക, അല്ലെങ്കിൽ മറ്റു വിധങ്ങളിൽ നിങ്ങളുടെ വേലയിലേക്കു ശ്രദ്ധ തിരിക്കാതിരിക്കുക. വിവേകമുള്ളവരായിരിക്കുക. ഒരു പാർക്കിങ് സ്ഥലത്ത് അൽപ്പസമയം ചെലവഴിച്ചശേഷം അടുത്ത സ്ഥലത്തേക്കു പോകുന്നത് ഉചിതമായിരിക്കാം. ആരെങ്കിലും സംഭാഷണം നടത്താൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, മര്യാദപൂർവം അവിടംവിട്ട് മറ്റാരെയെങ്കിലും സമീപിക്കുക. ഈ രീതികൾ അവലംബിച്ചതുകൊണ്ട് ഒരു സഹോദരൻ ഒരു മാസത്തിൽ പാർക്കിങ് സ്ഥലങ്ങളിൽ സാക്ഷീകരിക്കുകവഴി 90 മാസികകൾ സമർപ്പിച്ചു.
17 ചില ആളുകൾ പാർക്കിലേക്കു പോകുന്നതു വിശ്രമിക്കാനാണ്; മറ്റു ചിലർ അവിടെ പോകുന്നതു കളിക്കാനോ കുട്ടികളോടൊത്തു സമയം ചെലവിടാനോ ആണ്. അവരുടെ പ്രവർത്തനങ്ങളിൽ അനുചിതമായി കൈകടത്താതെ ഒരു സാക്ഷ്യം നൽകുന്നതിനുള്ള അവസരത്തിനായി നോക്കിയിരിക്കുക. പാർക്കിലെ പൂന്തോട്ടക്കാരനുമായി സംഭാഷണത്തിനു തുടക്കമിട്ട ഒരു സഹോദരൻ, മയക്കുമരുന്നുകളെയും കുട്ടികളുടെ ഭാവിയെയും കുറിച്ച് അയാൾക്ക് ഉത്കണ്ഠയുണ്ടെന്നു മനസ്സിലാക്കി. ഒരു ബൈബിളധ്യയനം ആരംഭിച്ചു, പാർക്കിൽവെച്ചു പതിവായി അതു നടത്തുകയും ചെയ്തു.
18 കച്ചവടമേഖലകളിലെ അനൗപചാരിക സാക്ഷീകരണം: വിലക്കുള്ളതിനാൽ വ്യാപാരസ്ഥലങ്ങളിൽ എപ്പോഴും കടകൾതോറും ഔപചാരികമായി പ്രസംഗിക്കുക സാധ്യമല്ലാത്തതിനാൽ, അവിടെ അനൗപചാരികമായി പ്രവർത്തിക്കാൻ ചില പ്രസാധകർ അവസരങ്ങൾ സൃഷ്ടിക്കുന്നു. അവർ ഒരു ബെഞ്ചിലിരിക്കുന്നു, അവിടെ വിശ്രമിക്കാൻ വരുന്നവരുമായി സൗഹൃദസംഭാഷണത്തിൽ ഏർപ്പെടുന്നു. താത്പര്യം കാണിക്കുമ്പോൾ, അവർ വിവേകപൂർവം ഒരു ലഘുലേഖയോ മാസികയോ കാണിച്ചിട്ട് മടക്കസന്ദർശനത്തിനുള്ള ക്രമീകരണങ്ങൾ നടത്തുന്നു. കച്ചവടമേഖലയിലെ ഒരു സ്ഥലത്തു സാക്ഷീകരിക്കാൻ ഏതാനും മിനിറ്റുകൾ ചെലവഴിച്ചശേഷം അവർ വേറൊരു സ്ഥലത്തേക്കു പോയി മറ്റാരെങ്കിലുമായി സംഭാഷണത്തിലേർപ്പെടുന്നു. ഈ വിധത്തിൽ അനൗപചാരികമായി സാക്ഷീകരിക്കുമ്പോൾ അനുചിതമായ ശ്രദ്ധ ആകർഷിക്കാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതുണ്ട്.
19 ഒരു വ്യക്തിയെ അഭിവാദനം ചെയ്യുമ്പോൾ, സൗഹൃദഭാവത്തോടെ സംഭാഷണം തുടങ്ങുക. നിങ്ങളുടെ ശ്രോതാവു പ്രതികരിക്കുന്നുവെങ്കിൽ ഒരു ചോദ്യം ചോദിച്ചിട്ട് അയാൾ പറയുന്നതു സശ്രദ്ധം കേൾക്കുക. അയാൾ പറയുന്നതിൽ വ്യക്തിപരമായ താത്പര്യം കാണിക്കുക. നിങ്ങൾ അദ്ദേഹത്തിന്റെ അഭിപ്രായത്തെ മാനിക്കുന്നുവെന്നു പ്രകടമാക്കുക. സാധ്യമായിരിക്കുന്നിടത്ത് അദ്ദേഹത്തോടു യോജിക്കുക.
20 ഉപജീവനച്ചെലവ് എത്രമാത്രം വർധിച്ചിരിക്കുന്നു എന്നു സൂചിപ്പിച്ചതിനാൽ ഒരു സഹോദരിക്കു പ്രായമായ ഒരു സ്ത്രീയുമായി വളരെ നല്ല ഒരു സംഭാഷണം നടത്തുന്നതിനു കഴിഞ്ഞു. ആ സ്ത്രീ സത്വരം യോജിച്ചു, സജീവമായ ഒരു ചർച്ച സാധ്യമാകുകയും ചെയ്തു. സഹോദരി, ആ സ്ത്രീയുടെ പേരും മേൽവിലാസവും വാങ്ങി, അതേ വാരത്തിൽതന്നെ മടക്കസന്ദർശനത്തിനുള്ള ക്രമീകരണവും ചെയ്തു.
21 കടകൾതോറും പ്രവർത്തിക്കൽ: മിക്ക സഭകൾക്കും അവയുടെ നിയമിത പ്രദേശത്തിന്റെ ഭാഗമായി ബിസിനസ് പ്രദേശങ്ങളുണ്ട്. ആളുകൾ തിങ്ങിപ്പാർക്കുന്ന ബിസിനസ്, കച്ചവടമേഖലകളുടെ പ്രത്യേക ഭൂപട കാർഡുകൾ പ്രദേശം കൈകാര്യം ചെയ്യുന്ന സഹോദരന് ഉണ്ടാക്കാവുന്നതാണ്. ആളുകൾ താമസിക്കുന്ന പ്രദേശത്തിന്റെ ഭൂപട കാർഡുകളിൽ ബിസിനസ് പ്രദേശങ്ങൾ വരുന്നുണ്ടെങ്കിൽ, പ്രദേശത്തിന്റെ ഭാഗമായി അവിടെ പ്രവർത്തിക്കാതിരിക്കാൻ കാർഡിൽ സൂചിപ്പിക്കേണ്ടതുണ്ട്. മറ്റു പ്രദേശങ്ങളിൽ, ബിസിനസ് പ്രദേശങ്ങളും ആളുകൾ താമസിക്കുന്ന സ്ഥലങ്ങൾ പ്രവർത്തിക്കുന്നതിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കടകൾതോറുമുള്ള വേല അവഗണിക്കപ്പെടാതിരിക്കുന്നതിനു പതിവായ അടിസ്ഥാനത്തിൽ ബിസിനസ് പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ യോഗ്യരായ പ്രസാധകരെ മൂപ്പന്മാർക്കു ക്ഷണിക്കാവുന്നതാണ്.
22 ആ വേലയിൽ പങ്കെടുക്കാൻ നിങ്ങളെ ക്ഷണിക്കുകയും നിങ്ങൾ അതിൽ മുമ്പു പങ്കെടുക്കാതിരിക്കുകയുമാണെങ്കിൽ ‘ധൈര്യപ്പെടുന്നതിനുള്ള’ ഒരു നല്ല വിധം ചെറിയ കടകളിൽ ആദ്യം പ്രവർത്തിക്കുന്നതാണ്; എന്നിട്ട്, നിങ്ങൾക്കു കൂടുതൽ ആത്മവിശ്വാസം തോന്നുമ്പോൾ കുറേക്കൂടെ വലിയ കടകളിൽ പ്രവർത്തിക്കുക. (1 തെസ്സ. 2:2) കടകൾതോറും പ്രവർത്തിക്കുമ്പോൾ രാജ്യഹാളിലെ യോഗത്തിനെന്നപോലെ വസ്ത്രധാരണം ചെയ്യുക. സാധ്യമെങ്കിൽ, സാധനങ്ങൾ വാങ്ങാനായി ഉപഭോക്താക്കളൊന്നും ഇല്ലാത്ത സമയത്തു കടയിൽ പ്രവേശിക്കുക. മാനേജരോടോ നടത്തിപ്പുകാരനോടോ സംസാരിക്കാൻ അനുവാദം ചോദിക്കുക. ഊഷ്മളതയുണ്ടായിരിക്കുക, സർവോപരി ചുരുക്കിപ്പറയുക. ക്ഷമ ചോദിക്കേണ്ടതില്ല. പല ബിസിനസുകാരും ഉപഭോക്താക്കളോട് ആഭിമുഖ്യമുള്ളവരാണ്, വിഘ്നം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
23 കടക്കാരനെ അഭിവാദനം ചെയ്തശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “ബിസിനസ് ആളുകൾക്കു തിരക്കേറിയ ഒരു പട്ടിക ഉള്ളതിനാൽ അവരെ വീട്ടിൽ കാണുക വിരളമാണ്, അതുകൊണ്ട് വളരെ ചിന്തോദ്ദീപകമായ ഒരു മാസിക നിങ്ങൾക്കു തരാൻ ഞങ്ങളിവിടെ നിങ്ങളെ സന്ദർശിക്കുകയാണ്.” എന്നിട്ട് നൽകുന്ന മാസികയെക്കുറിച്ച് ഒന്നോ രണ്ടോ അഭിപ്രായം പറയുക.
24 മാനേജരെ സമീപിക്കുമ്പോൾ നിങ്ങൾക്ക് ഇതു ശ്രമിച്ചുനോക്കാവുന്നതാണ്: “ബിസിനസ് ചെയ്യുന്ന ആളുകൾ വിജ്ഞരായിരിക്കാൻ ശ്രമിക്കുന്നതായി ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി ബാധിക്കുന്ന ഒരു ലേഖനം വീക്ഷാഗോപുരത്തിന്റെ (അല്ലെങ്കിൽ ഉണരുക!യുടെ) ഏറ്റവും പുതിയ ലക്കത്തിലുണ്ട്.” അത് എന്താണെന്നു വിശദീകരിക്കുക, എന്നിട്ട് ഇങ്ങനെ പറഞ്ഞുകൊണ്ട് ഉപസംഹരിക്കുക: “നിങ്ങൾ ഇത് ആസ്വദിക്കുമെന്ന് എനിക്കുറപ്പുണ്ട്.”
25 ജോലിക്കാരുണ്ടെങ്കിൽ, ഉചിതമായിരിക്കുന്നപക്ഷം, നിങ്ങൾക്ക് ഇപ്രകാരം കൂട്ടിച്ചേർക്കാവുന്നതാണ്: “ഹ്രസ്വമായ ഇതേ അവതരണം നിങ്ങളുടെ ജോലിക്കാരുടെ പക്കൽ അവതരിപ്പിക്കുന്നതിൽ വിരോധമുണ്ടോ?” അനുമതി ലഭിക്കുന്നുവെങ്കിൽ, നിങ്ങൾ ഹ്രസ്വമായി സംസാരിച്ചുകൊള്ളാം എന്നു പറഞ്ഞ വാക്ക് ഓർത്തിരിക്കുക. നിങ്ങൾ വാക്കു പാലിക്കാൻ മാനേജർ പ്രതീക്ഷിക്കും. ദീർഘമായ ചർച്ചയിൽ ഏർപ്പെടാൻ ജോലിക്കാരിലാരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവരെ ഭവനത്തിൽ സന്ദർശിക്കുന്നത് ഏറ്റവും നല്ലതായിരിക്കും.
26 അടുത്തകാലത്ത് ഒരു കൊച്ചുപട്ടണത്തിലെ ഏതാനും പ്രസാധകർ കടകൾതോറുമുള്ള വേലയിൽ സർക്കിട്ട് മേൽവിചാരകനോടൊപ്പം ചേർന്നു. ഈ വേല ഒരിക്കലും ചെയ്തിട്ടില്ലായിരുന്നതിനാൽ ചില പ്രസാധകർക്ക് ആദ്യമൊക്കെ അൽപ്പം ഭയമുണ്ടായിരുന്നു; അവരുടെ പിരിമുറുക്കം പെട്ടെന്നുതന്നെ അപ്രത്യക്ഷമായി, അവർ വേല ആസ്വദിക്കാൻ തുടങ്ങി. ഒരു മണിക്കൂറിൽ താഴെ സമയംകൊണ്ട്, അവർ 37 ആളുകളോടു സംസാരിച്ചു. 24 മാസികകളും 4 ലഘുപത്രികകളും സമർപ്പിച്ചു. കടകൾതോറും പ്രവർത്തിച്ച അത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ അത്രയും ആളുകളുമായി ബന്ധപ്പെടാൻ ഒരു മാസത്തെ വീടുതോറുമുള്ള വേലയിൽ സാധാരണമായി സാധിക്കുന്നില്ലെന്ന് ഒരു സഹോദരൻ നിരീക്ഷിച്ചു.
27 പ്രസംഗിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കൽ: ഔപചാരിക സന്ദർഭങ്ങളിൽ മാത്രമായി യേശു തന്റെ പ്രസംഗപ്രവർത്തനം പരിമിതപ്പെടുത്തിയില്ല. അനുയോജ്യമായ എല്ലാ അവസരങ്ങളിലും അവൻ സുവാർത്ത വ്യാപിപ്പിച്ചു. (മത്താ. 9:9; ലൂക്കൊ. 19:1-10; യോഹ. 4:6-15) ചില പ്രസാധകർ പ്രസംഗിക്കുന്നതിനുള്ള അവസരങ്ങൾ എങ്ങനെ സൃഷ്ടിക്കുന്നുവെന്നു നോക്കുക.
28 സ്കൂൾ കവാടത്തിങ്കൽ തങ്ങളുടെ കുട്ടികൾക്കായി കാത്തുനിൽക്കുന്ന മാതാപിതാക്കളോടു സാക്ഷീകരിക്കുന്നതു ചിലർ പതിവാക്കിയിരിക്കുന്നു. പല മാതാപിതാക്കളും 20-തോളം മിനിറ്റ് നേരത്തെ വരുന്നതുകൊണ്ട് ഒരു തിരുവെഴുത്തു വിഷയത്തെക്കുറിച്ചുള്ള ഉത്സാഹഭരിതമായ സംഭാഷണത്തിൽ അവരെ ഉൾപ്പെടുത്താൻ സമയമുണ്ടായിരിക്കും.
29 നമ്മുടെ മാസികകളിൽ പ്രതിപാദിച്ചിരിക്കുന്ന ഏതെങ്കിലും പ്രത്യേക വിഷയത്തിൽ വിശേഷമായ താത്പര്യം കാണിക്കുന്ന ആളുകളുടെ അടുക്കൽ എത്തിച്ചേരാൻ പല പയനിയർമാരും ബോധപൂർവകമായ പ്രത്യേക ശ്രമം നടത്തുന്നു. ഉദാഹരണത്തിന്, ഒരു സഹോദരി തന്റെ സഭാപ്രദേശത്തെ ആറ് സ്കൂളുകളിൽ, “സ്കൂളുകൾ പ്രതിസന്ധിയിൽ” എന്ന ലേഖനം വന്ന 1995 ഡിസംബർ 22-ലെ ഉണരുക! സഹിതം സന്ദർശനം നടത്തിയപ്പോൾ നല്ല പ്രതികരണം ലഭിച്ചു. കുടുംബജീവിതത്തെയും ശിശുദ്രോഹത്തെയും കുറിച്ചു പ്രതിപാദിക്കുന്ന മാസികകളുമായി ആരോഗ്യകേന്ദ്രങ്ങളിലും സഹോദരി സന്ദർശനം നടത്തി. സമാനമായ വിഷയങ്ങൾ പ്രതിപാദിക്കുന്ന ലക്കങ്ങളുമായി മടങ്ങിച്ചെല്ലുന്നതിനു സ്ഥിരമായ ഒരു അപ്പോയിൻമെൻറ് ആ സഹോദരിക്കു ലഭിച്ചു. എംപ്ലോയ്മെൻറ് ഓഫീസ് സന്ദർശിച്ചപ്പോൾ, തൊഴിലില്ലായ്മയെക്കുറിച്ചു പ്രതിപാദിക്കുന്ന 1996 മാർച്ച് 8 ഉണരുക!യ്ക്ക് “ഗംഭീരം” എന്ന പ്രതികരണമായിരുന്നു ആ സഹോദരിക്കു ലഭിച്ചത്.
30 പലവക സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ താനും ഭാര്യയും പതിവായി അനൗപചാരിക സാക്ഷീകരണം നടത്തുന്നുവെന്ന് ഒരു ഡിസ്ട്രിക്റ്റ് മേൽവിചാരകൻ റിപ്പോർട്ടു ചെയ്യുന്നു. കടകളിൽ വളരെ തിരക്കില്ലാത്ത സമയത്തായിരിക്കും അവർ സാധനങ്ങൾ വാങ്ങാൻ പോകുക. ഉപഭോക്താക്കൾ ശാന്തരായി അങ്ങുമിങ്ങും നടക്കുന്നുണ്ടായിരിക്കാം. നല്ല പല സംഭാഷണങ്ങളും നടത്തിയതായി അവർ പറയുന്നു.
31 തിയേറ്ററുകൾ, അലക്കുശാലകൾ, ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവയുടെയൊക്കെ വെളിയിലോ സമീപത്തോ സാക്ഷീകരണം നടത്തുന്നതിനാൽ പല പ്രസാധകർക്കും നല്ല ഫലങ്ങൾ ലഭിക്കുന്നുണ്ട്. ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും കാര്യത്തിലാണെങ്കിൽ, അവർ ലഘുലേഖകളോ പഴയ മാസികകളോ റിസെപ്ഷൻ സ്ഥലത്തു വെറുതെ ഇട്ടേച്ചുപോകുന്നില്ല. അവരുടെ ഉദ്ദേശ്യം ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കുക എന്നതാണ്. ഉചിതമായിരിക്കുന്നിടത്ത്, തിരക്കില്ലാത്തവരും സംഭാഷണം നടത്താൻ ഒരുക്കമുള്ളവരുമായി അവർ വ്യക്തിപരമായ സംസാരത്തിൽ ഏർപ്പെടുന്നു.
32 ചില പ്രദേശങ്ങളിൽ, റെയിൽവേസ്റ്റേഷനുകൾക്കോ ബസ്സ്സ്റ്റാൻഡുകൾക്കോ സമീപത്തുള്ള ആളുകളുമായി പ്രസാധകർ സംസാരിക്കുന്നു. അത്തരം സ്ഥലങ്ങളിൽ അനാവശ്യമായി പ്രവേശിക്കുന്നതും അധികസമയം തങ്ങുന്നതും നിയമപരമായി നിരോധിച്ചിരിക്കുന്നതിനാലും പ്ലാറ്റ്ഫോമിൽ മാസികകൾ വിതരണം ചെയ്യുന്നത് നിയവിരുദ്ധമായിരിക്കാമെന്നതിനാലും ട്രെയിൻ വരുമ്പോൾ ആരെയെങ്കിലും കാണാനായി കാത്തുനിൽക്കുകയോ മയമുള്ളവരായും തിരക്കില്ലാതെയും കാണപ്പെടുകയോ ചെയ്യുന്ന ആളുകളെ പ്രസാധകർ നയപൂർവം സമീപിക്കുന്നു.
33 ഉയർന്ന സുരക്ഷിതത്വ സംവിധാനങ്ങളുള്ള അപ്പാർട്ട്മെൻറുകളിലും കോളനികളിലും വ്യക്തിപരമായി സാക്ഷീകരണം നടത്താൻ അനുവാദമില്ലെങ്കിൽ, ഡ്യൂട്ടിയിലായിരിക്കുന്ന പാറാവുകാർക്കോ കോളനിയുടെ മാനേജർമാർക്കോ നയപൂർവം സാക്ഷ്യം കൊടുക്കുന്നത് ഒരു ശീലമാക്കുന്നു. സുരക്ഷാഗേറ്റുകൾവഴി പൊതു പ്രവേശനം നിരോധിച്ചിരിക്കുന്ന സ്വകാര്യ പാർപ്പിടപ്രദേശത്തോ കമ്പനികളുടെ സംരക്ഷിത പാർപ്പിടപ്രദേശത്തോ അതേ രീതിതന്നെ അവലംബിക്കാവുന്നതാണ്. ഈ വിധത്തിൽ ഒരു സർക്കിട്ട് മേൽവിചാരകനും ഏതാനും പ്രസാധകരും ഏഴു കെട്ടിടസമുച്ചയങ്ങൾ സന്ദർശിച്ചു. ഓരോ കേസിലും, നമ്മുടെ സാധാരണ രീതിയനുസരിച്ചു വീടുകളിൽ സന്ദർശിക്കാൻ അനുവദിച്ചിട്ടില്ലെങ്കിലും ഏറ്റവും പുതിയ പത്രികകളിലെ വിവരങ്ങൾ അദ്ദേഹത്തിനു നഷ്ടമാകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് അവർ പറഞ്ഞു. എല്ലാ കെട്ടിടസമുച്ചയങ്ങളിലുമുള്ള മാനേജർമാർ മാസികകൾ സന്തോഷപൂർവം സ്വീകരിച്ചുവെന്നു മാത്രമല്ല അടുത്ത ലക്കങ്ങൾ ആവശ്യപ്പെടുകയും ചെയ്തു! അത്തരം കെട്ടിടസമുച്ചയങ്ങളിലുള്ള നിവാസികളെ കത്തിലൂടെയോ ഫോണിലൂടെയോ ബന്ധപ്പെടാൻ സാധിക്കും.
34 എവിടെയും പ്രസംഗിക്കാൻ തീവ്രശ്രമം നടത്തുക: നമ്മുടെ സമർപ്പണത്തിനൊത്തു ജീവിക്കുന്നതിൽ രാജ്യസന്ദേശം പ്രസംഗിക്കാനുള്ള നമ്മുടെ നിയമനം സംബന്ധിച്ച് അടിയന്തിരതാബോധം തോന്നുന്നത് ഉൾപ്പെടുന്നു. ഈ രാജ്യത്ത് നാം പല ആളുകളെയും അവരുടെ വീട്ടിൽവെച്ചു കണ്ടുമുട്ടുന്നുവെങ്കിലും, ആളുകൾക്കു സൗകര്യപ്രദമായ ഒരു സമയത്ത് കൂടുതൽ പേരുടെ അടുക്കൽ എത്തിച്ചേരാൻ, “ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു” വ്യക്തിപരമായ അഭീഷ്ടങ്ങൾ മാറ്റിവെക്കേണ്ടതുണ്ട്. അപ്പോസ്തലനായ പൗലൊസ് പറഞ്ഞതുപോലെ പറയാൻ യഹോവയുടെ എല്ലാ സമർപ്പിത ദാസരും ആഗ്രഹിക്കുന്നു: “സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.”—1 കൊരി. 9:22, 23.
35 പൗലൊസ് കൂടുതലായി ഇങ്ങനെ എഴുതി: “ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും. . . . ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.” (2 കൊരി. 12:9, 10) മറ്റു വാക്കുകളിൽ പറഞ്ഞാൽ, സ്വന്തശക്തികൊണ്ട് നമ്മിലാർക്കും ഈ വേല നിർവഹിക്കാൻ സാധ്യമല്ല. യഹോവയുടെ ശക്തമായ പരിശുദ്ധാത്മാവിനായി നാം പ്രാർഥിക്കേണ്ടതുണ്ട്. നാം ശക്തിക്കായി ദൈവത്തോടു പ്രാർഥിക്കുന്നുവെങ്കിൽ, അവൻ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുമെന്ന് ഉറപ്പുണ്ടായിരിക്കാൻ സാധിക്കും. അപ്പോൾ ആളുകളോടുള്ള സ്നേഹം, അവരെ എവിടെ കണ്ടാലും അവരോടു സുവാർത്ത പ്രസംഗിക്കുന്നതിനുള്ള അവസരത്തിനായി നോക്കിപ്പാർത്തിരിക്കാൻ നമ്മെ പ്രേരിപ്പിക്കും. വരുന്ന ആഴ്ചയിൽ, ഈ അനുബന്ധത്തിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങളിലൊന്ന് ശ്രമിച്ചുനോക്കരുതോ?