നമ്മുടെ സന്ദേശം ആർ ശ്രദ്ധിക്കും?
1 മാനവ ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടാകാത്തവിധം, ആളുകൾ വിജ്ഞാന പ്രളയത്താൽ ബാധിക്കപ്പെട്ടിരിക്കുന്നു. അതിൽ അധികവും നിരർഥകവും വഴിപിഴപ്പിക്കുന്നതുപോലുമാണ്. തത്ഫലമായി അനേകരും ചിന്താക്കുഴപ്പത്തിലാണ്. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം ശ്രദ്ധിക്കാൻ അവരെ പ്രേരിപ്പിക്കുന്നതു നമുക്കൊരു വെല്ലുവിളിയായിത്തീരുന്നു. ദൈവവചനം ശ്രദ്ധിക്കുന്നതിനു തങ്ങളുടെമേൽ എന്തു ക്രിയാത്മക ഫലമുണ്ടായിരിക്കാവുന്നതാണെന്ന് അവർ അറിയുന്നില്ല.—ലൂക്കൊ. 11:28.
2 ലോകത്തിന്റെ അനേക ഭാഗങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ ആ സന്ദേശം ശ്രദ്ധിക്കുകയും ഭവന ബൈബിളധ്യയനങ്ങൾക്കുള്ള നമ്മുടെ വാഗ്ദാനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതിൽ നാം സന്തോഷിക്കുന്നു. എന്നാൽ മറ്റു പ്രദേശങ്ങളിൽ പ്രതികരണം അത്ര മെച്ചമല്ല. ശുശ്രൂഷയിൽ നാം നടത്തുന്ന സന്ദർശനങ്ങളിൽ ഒട്ടുമിക്കവയും ക്രിയാത്മക ഫലങ്ങൾ ഇല്ലാത്തവയാണ്. നമ്മുടെ സന്ദേശം ആർ ശ്രദ്ധിക്കുമെന്നു നാം വിചാരിച്ചേക്കാം.
3 നിരുത്സാഹിതരായിത്തീരുന്നതിനെതിരെ നാം ജാഗ്രത പാലിക്കണം. പൗലൊസ് വിശദീകരിച്ചു: ‘“കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. . . . അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും? . . . “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ’. (റോമ. 10:13-15) നാം ഉത്സാഹപൂർവം രാജ്യവിത്തു വിതയ്ക്കുന്നെങ്കിൽ ആത്മാർഥഹൃദയരിൽ അതു വളരാൻ ദൈവം ഇടയാക്കും.—1 കൊരി. 3:6.
4 ക്രമമായി മടക്കസന്ദർശനം നടത്തുക എന്നതാണ് മുഖ്യസംഗതി: നമ്മുടെ സന്ദേശം വളരെക്കുറച്ച് ആളുകൾമാത്രം ശ്രദ്ധിക്കുന്നതായി തോന്നുന്ന പ്രദേശങ്ങളിൽ, സാഹിത്യം സമർപ്പിച്ചാലും ഇല്ലെങ്കിലും, കണ്ടെത്തുന്ന ഏതൊരു താത്പര്യവും വളർത്തിയെടുക്കുന്നതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യമുണ്ട്. യാതൊരു ഫലവും ഉണ്ടാകാൻ പോകുന്നില്ലെന്നു തിരക്കിട്ടു നിഗമനം ചെയ്യുന്നതെന്തിന്? നാം വിത്തു വിതയ്ക്കുമ്പോൾ, ഏതു സഫലമാകുമെന്ന് നാം അറിയുന്നില്ല. (സഭാ. 11:6) തിരുവെഴുത്തുകളിൽനിന്ന് എന്തെങ്കിലും പങ്കുവെക്കാനായി നാം മടങ്ങിപ്പോകുന്നതു നന്നായി തയ്യാറായിട്ടാണെങ്കിൽ, അതു ഹ്രസ്വമാണെങ്കിൽ പോലും, വ്യക്തിയുടെ ഹൃദയത്തിലെത്തിച്ചേരാൻ നാം പ്രാപ്തരായേക്കാം. നമുക്ക് ഒരു ലഘുലേഖയോ ഏറ്റവും പുതിയ മാസികകളോ വാഗ്ദാനം ചെയ്യാവുന്നതാണ്. ഒടുവിൽ, ഒരു ബൈബിളധ്യയനം പ്രകടിപ്പിച്ചുകാണിക്കാൻ നമുക്കു കഴിഞ്ഞേക്കാം. നമ്മുടെ ശ്രമങ്ങളെ യഹോവ എത്രമാത്രം അനുഗ്രഹിക്കുന്നുവെന്നു കാണുന്നതിൽ നാം ആനന്ദാശ്ചര്യമുള്ളവരായിരിക്കും.—സങ്കീ. 126:5, 6.
5 അൽപ്പം താത്പര്യം കാണിച്ച ഒരു സ്ത്രീക്ക് ഒരു ലഘുലേഖ നൽകപ്പെട്ടു. പിന്നീട് രണ്ടു മാസത്തേക്ക് അവരെ വീട്ടിൽ കണ്ടെത്തിയില്ല, കണ്ടെത്തിയപ്പോഴോ, അവർക്കു ഭയങ്കര തിരക്ക്, അതിനാൽ സംസാരിക്കാനായില്ല. അതേ ലഘുലേഖതന്നെ അവർക്കു വീണ്ടും നൽകി. അവരെ വീട്ടിൽ കണ്ടെത്താൻ പ്രസാധിക തുടർച്ചയായി ശ്രമിച്ചെങ്കിലും അവരുമായി സമ്പർക്കം പുലർത്താൻ സാധിക്കുന്നതിന് മൂന്നു മാസംകൂടി എടുത്തു. എന്നാൽ അപ്പോൾ അവർ രോഗിയായിരുന്നു. പിറ്റേ ആഴ്ച സഹോദരി വീണ്ടും സന്ദർശിച്ചിട്ട് ആ ലഘുലേഖയെക്കുറിച്ച് ഒരു ഹ്രസ്വമായ സംഭാഷണം നടത്തി. പിറ്റേ ആഴ്ചയിൽ സഹോദരി മടങ്ങിച്ചെന്നപ്പോൾ ആ സ്ത്രീ രാജ്യസന്ദേശത്തിൽ യഥാർഥ താത്പര്യം പ്രകടിപ്പിച്ചു. അവരുടെ ജീവിതസാഹചര്യങ്ങളിലെ ഒരു മാറ്റം തന്റെ ആത്മീയ ആവശ്യം സംബന്ധിച്ച് അവരെ ബോധവതിയാക്കി. ഒരു ബൈബിളധ്യയനം ആരംഭിക്കുകയും അതേത്തുടർന്നുള്ള ഓരോ ആഴ്ചയിലും അവർ ഉത്സാഹപൂർവം പഠിക്കുകയും ചെയ്തു.
6 വളർന്നു കാണാൻ നാം ആഗ്രഹിക്കുന്നത്, പൂക്കൾ, പച്ചക്കറികൾ, രാജ്യസന്ദേശത്തിലെ താത്പര്യം എന്നിങ്ങനെ എന്തായിരുന്നാലും, അവ നട്ടുവളർത്തേണ്ടത് ആവശ്യമാണ്. അതിനു സമയം, അധ്വാനം, ഒരു പരിപാലന മനോഭാവം, പിന്നോക്കം പോകാതിരിക്കാനുള്ള ദൃഢനിശ്ചയം എന്നിവ ആവശ്യമാണ്. ഉള്ളിൽ രാജ്യവിത്തു വേരോടിത്തുടങ്ങിയ 3 ലക്ഷത്തിലധികം ആളുകൾ കഴിഞ്ഞ വർഷം സ്നാപനമേറ്റു! നാം പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നുവെങ്കിൽ, നമ്മുടെ സന്ദേശം ശ്രദ്ധിക്കുന്ന അനേകരെക്കൂടെ കണ്ടെത്തുമെന്നതിൽ നാം ഉറപ്പുള്ളവരായിരിക്കും.—ഗലാത്യർ 6:9 താരതമ്യം ചെയ്യുക.