മനസ്സോടെ നമ്മെത്തന്നെ അർപ്പിക്കൽ
1 യഹോവയുടെ ജനം “തങ്ങളെത്തന്നെ സ്വമേധയാ അർപ്പിക്കുമെന്ന്,” അതായത് “പ്രവർത്തന സന്നദ്ധരായ സ്വമേധയാ സേവകരെ”പോലെ ആയിരിക്കുമെന്നു സങ്കീർത്തനക്കാരനായ ദാവീദ് പ്രവചിച്ചു. (സങ്കീ. 110:3, NW അടിക്കുറിപ്പ്) നമ്മുടെ ലോകവ്യാപക സഹോദരവർഗത്തിനിടയിൽ ഇതു തീർച്ചയായും നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സുവാർത്ത പ്രചരിപ്പിക്കുന്നതിന്, കഴിഞ്ഞ നാലു സേവന വർഷങ്ങളിൽ ഓരോന്നിലും യഹോവയുടെ ജനം നൂറു കോടിയിലധികം മണിക്കൂർ വീതം അർപ്പിച്ചിരിക്കുന്നു. പ്രസംഗവേലയ്ക്കും ശിഷ്യരാക്കൽവേലയ്ക്കും പുറമേ, മറ്റുള്ളവരെ സഹായിക്കാൻ നമ്മെത്തന്നെ മനസ്സോടെ അർപ്പിക്കാവുന്ന അനവധി വിധങ്ങളുണ്ട്.
2 നമുക്കു മനസ്സൊരുക്കം കാണിക്കാവുന്ന മാർഗങ്ങൾ: യോഗങ്ങൾക്ക് എത്തിച്ചേരുന്നതിനു സഭയിലുള്ള ചിലർക്കു സഹായമാവശ്യമായിരുന്നേക്കാം. അവരെ നിങ്ങളോടൊപ്പം കൊണ്ടുവരുന്നതിന് എന്തുകൊണ്ടു സ്വമേധയാ മുന്നോട്ടുവന്നുകൂടാ? മറ്റുചിലർ രോഗികളോ ശാരീരികമായി ബലഹീനരോ ആശുപത്രിയിൽ കിടക്കുന്നവരോ ആയിരിക്കാം. അവരെ സന്ദർശിക്കുന്നതിനോ ഏതെങ്കിലും വിധത്തിലുള്ള സഹായം ചെയ്യുന്നതിനോ നിങ്ങൾക്കു മുൻകൈയെടുക്കാനാകുമോ? പ്രോത്സാഹനം ആവശ്യമുള്ള ഒരു വ്യക്തിയോ കുടുംബമോ ഉണ്ടായിരിക്കാം. ഇടയ്ക്കിടെ നിങ്ങളുടെ കുടുംബ അധ്യയനത്തിൽ പങ്കുപറ്റാൻ അവരെ ക്ഷണിക്കുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരു പയനിയർക്കോ പ്രസാധകനോ ശുശ്രൂഷയിൽ ഒരു സഹകാരിയുടെ ആവശ്യമുണ്ടായിരിക്കാം. സേവനത്തിൽ ഒരുമിച്ചു പ്രവർത്തിക്കാമെന്ന് എന്തുകൊണ്ടു വാഗ്ദാനം ചെയ്തുകൂടാ? വിശ്വാസത്തിൽ നമ്മോടു ബന്ധപ്പെട്ടിരിക്കുന്നവർക്കു സ്വമനസ്സാലെ നന്മചെയ്യാൻ നമുക്കു കഴിയുന്ന ചില മാർഗങ്ങളാണ് ഇവ.—ഗലാ. 6:10.
3 മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും വേണ്ട അനിവാര്യ യോഗ്യതകൾ നേടാൻ പരിശ്രമിച്ചുകൊണ്ട്, യഹോവയുടെ സ്ഥാപനത്തിൽ ഉപയോഗിക്കപ്പെടാനുള്ള തങ്ങളുടെ മനസ്സൊരുക്കം സഹോദരൻമാർക്കു പ്രകടമാക്കാവുന്നതാണ്. (1 തിമൊ. 3:2-10, 12, 13; തീത്തൊ. 1:5-9) നാം എണ്ണത്തിൽ ഇടതടവില്ലാതെ വർധിക്കവേ, പ്രസംഗത്തിലും പഠിപ്പിക്കലിലും സഭയെ മേയിക്കുന്നതിലും നേതൃത്വം വഹിക്കാൻ മനസ്സൊരുക്കമുള്ള യോഗ്യതയുള്ള സഹോദരൻമാരുടെ ആവശ്യമുണ്ട്.—1 തിമൊ. 3:1.
4 ഇടയ്ക്കിടെ സഹായ പയനിയർമാരായി പേർ ചാർത്തിക്കൊണ്ട് ഒരുപക്ഷേ നമ്മിൽ ചിലർക്കു യഹോവയുടെ സേവനത്തിനുവേണ്ടി വർധിച്ച അളവിൽ തങ്ങളെത്തന്നെ ലഭ്യമാക്കാനാവും. പിന്നീട്, നമ്മുടെ പട്ടികയിൽ ചുരുക്കം ചില ന്യായയുക്തമായ ക്രമീകരണങ്ങൾ വരുത്തിക്കൊണ്ട്, തുടർച്ചയായി അതു ചെയ്യാനും അല്ലെങ്കിൽ നിരന്തര പയനിയർ സേവനം ഏറ്റെടുക്കാൻപോലും നമുക്കു കഴിഞ്ഞേക്കാം. സഹായത്തിന്റെ വർധിച്ച ആവശ്യമുള്ള ഒരു സ്ഥലത്തേക്കു നീങ്ങുവാൻ പറ്റുന്നതാണോ നമ്മുടെ സാഹചര്യങ്ങൾ? ബെഥേലിൽ സേവിക്കാനും അങ്ങനെ ലോകവ്യാപക വേലയുടെ പുരോഗതിക്കു നേരിട്ട് ആക്കംകൂട്ടാനും നമ്മെത്തന്നെ ലഭ്യമാക്കാൻ നമുക്കാവുമോ? ലോകത്തിനു ചുറ്റുമുള്ള, രാജ്യഹാളുകൾ, സമ്മേളനഹാളുകൾ, ബ്രാഞ്ച് സൗകര്യങ്ങൾ എന്നിവയുടെ നിർമാണത്തിലും ധാരാളം വേല നടന്നുകൊണ്ടിരിക്കുന്നു. ജോലിചെയ്യുന്നതിനുള്ള മനസ്സൊരുക്കം വളരെയധികം ആവശ്യമുള്ള ഒരു മണ്ഡലമാണിത്. ഈ വിശിഷ്ട വേലകൾക്കായി തങ്ങളെത്തന്നെ അർപ്പിച്ചിട്ടുള്ളവർ അതിയായി വിലമതിക്കപ്പെടുന്നു, അവർ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുകയും ചെയ്തിരിക്കുന്നു!—ലൂക്കൊ. 6:38.
5 പുളകം കൊള്ളിക്കുന്ന നാളുകളാണിവ. തന്റെ ആത്മാവു മുഖാന്തരം, മനസ്സൊരുക്കമുള്ള തന്റെ ജനത്തെക്കൊണ്ട് യഹോവ ഭൂമിയിൽ അത്ഭുതകരമായ ഒരു വേല നിർവഹിക്കുന്നു! വർധിതമായ രാജ്യപ്രവർത്തനത്തിൽ പങ്കെടുക്കാൻ യഹോവ തന്റെ സ്ഥാപനത്തിലൂടെ ക്ഷണം വെച്ചുനീട്ടുമ്പോഴെല്ലാം, ‘ഞാൻ ഇപ്പോഴും എന്നെത്തന്നെ മനസ്സോടെ അർപ്പിക്കുന്നുവോ?’ എന്നു നമ്മോടുതന്നെ ചോദിക്കുന്നതു നല്ലതാണ്. എന്നിട്ട്, നാം നമ്മുടെ ഹൃദയത്തെയും സാഹചര്യങ്ങളെയും പ്രാർഥനാപൂർവം പരിശോധിക്കണം. വിശുദ്ധ സേവനത്തിൽ നമ്മാലാവുന്നതെല്ലാം ചെയ്യാൻ നമ്മുടെ ദൈവികഭക്തി നമ്മെ പ്രേരിപ്പിക്കും. അങ്ങനെ നാം യഹോവയുടെ ഹൃദയത്തെ വളരെയധികം സന്തോഷിപ്പിക്കും!—സെഫ. 3:17.