മറ്റുള്ളവരെ പഠിപ്പിക്കാൻ യോഗ്യരും സജ്ജരും
1 യഹോവയുടെ പ്രതിനിധിയായി നിയമിതനായപ്പോൾ, ഫറവോനോടു ദൈവവചനം പ്രഘോഷിക്കാൻ താൻ യോഗ്യനാണെന്നു മോശെക്കു തോന്നിയില്ല. (പുറ. 4:10; 6:12) എങ്ങനെ സംസാരിക്കണമെന്നു തനിക്കറിയില്ലെന്ന് യഹോവയോടു പറഞ്ഞുകൊണ്ട്, അവന്റെ പ്രവാചകനായി സേവിക്കാനുള്ള തന്റെ പ്രാപ്തിയിൽ യിരെമ്യാവ് ആത്മവിശ്വാസരാഹിത്യം പ്രകടിപ്പിച്ചു. (യിരെ. 1:6) തുടക്കത്തിൽ ആത്മവിശ്വാസം ഇല്ലാതിരുന്നിട്ടും ആ പ്രവാചകൻമാർ ഇരുവരും യഹോവയുടെ നിർഭയ സാക്ഷികളെന്നു തെളിഞ്ഞു. അവർ ദൈവത്താൽ അനുയോജ്യമാംവിധം യോഗ്യരാക്കപ്പെട്ടു.
2 യഹോവയുടെ കൃപയാൽ നമുക്കിന്ന് ആത്മവിശ്വാസത്തോടെ നമ്മുടെ ശുശ്രൂഷ നിർവഹിക്കുന്നതിന് ആവശ്യമായതെല്ലാം ഉണ്ട്. (2 കൊരി. 3:4, 5; 2 തിമൊ. 3:17) മുഴു ഉപകരണങ്ങളുമുള്ള യോഗ്യനായ ഒരു മെക്കാനിക്കിനെപ്പോലെ, നമ്മുടെ നിയമിത ശുശ്രൂഷ വിദഗ്ധമായി നിർവഹിക്കാൻ നാം ഉചിതമായി സജ്ജരാണ്. ജനുവരിയിൽ നാം സമർപ്പിക്കുന്നത്, പ്രത്യേക നിരക്കിൽ സമർപ്പിക്കാൻ പട്ടികപ്പെടുത്തിയിരിക്കുന്ന 192 പേജുള്ള പഴയ പുസ്തകങ്ങളിൽ ഏതെങ്കിലുമാണ്. ഈ ആത്മീയ ഉപകരണങ്ങൾ പുതിയതല്ലെങ്കിലും, അവയുടെ തിരുവെഴുത്തുപരമായ പ്രതിപാദ്യവിഷയങ്ങൾ ഇപ്പോഴും നവീനമാണ്. സത്യം പഠിക്കാൻ ഈ പുസ്തകങ്ങൾ ആളുകളെ സഹായിക്കും. വാഗ്ദാനം ചെയ്യുന്നത് ഏതു പുസ്തകമായിരുന്നാലും പിൻവരുന്ന നിർദിഷ്ട അവതരണങ്ങൾ ഉപയുക്തമാക്കാവുന്നതാണ്.
3 ദൈവവചനത്തിൽ താത്പര്യമുളവാക്കാൻ വിദ്യാഭ്യാസം എന്ന വിഷയം ഉപയോഗിക്കാവുന്നതാണ്. ഉചിതമായിരിക്കുന്നിടത്ത്, ഇങ്ങനെ പറഞ്ഞുകൊണ്ടു നിങ്ങൾക്കു സംഭാഷണം ആരംഭിക്കാവുന്നതാണ്:
◼“ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ ആവശ്യത്തിന് ഇന്നു വളരെയേറെ ഊന്നൽ നൽകുന്നു. ജീവിതത്തിൽ എറ്റവുമധികം സന്തുഷ്ടിയും വിജയവും ഉറപ്പുവരുത്തുന്നതിന്, നിങ്ങളുടെ അഭിപ്രായത്തിൽ ഒരു വ്യക്തി ഏതുതരം വിദ്യാഭ്യാസം പിന്തുടരണം? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം സ്വീകരിക്കുന്നവർക്കു നിത്യപ്രയോജനങ്ങൾ നേടാവുന്നതാണ്. [സദൃശവാക്യങ്ങൾ 9:10, 11 വായിക്കുക.] ഈ പുസ്തകം [വാഗ്ദാനം ചെയ്യുന്ന പുസ്തകത്തിന്റെ ശീർഷകം പറയുക] ബൈബിളധിഷ്ഠിതമാണ്. നിത്യജീവനിലേക്കു നയിക്കാൻ കഴിയുന്ന പരിജ്ഞാനത്തിന്റെ അത്ഭുതകരമായ ഒരു ഉറവാണു ബൈബിളെന്ന് ഇതു വിശദീകരിക്കുന്നു.” പുസ്തകത്തിലെ ഒരു നിർദിഷ്ട ഉദാഹരണം കാണിക്കുക. യഥാർഥ താത്പര്യമുണ്ടെങ്കിൽ പുസ്തകം നൽകിയിട്ട് ഒരു മടക്കസന്ദർശനം ക്രമീകരിക്കുക.
4 ബൈബിൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ചർച്ചചെയ്ത ഒരു വീട്ടുകാരന്റെ അടുത്തു മടങ്ങിച്ചെല്ലുമ്പോൾ നിങ്ങൾക്കിങ്ങനെ പറയാവുന്നതാണ്:
◼“നമ്മുടെ നിത്യഭാവി ഉറപ്പുവരുത്താനാകുന്ന വിദ്യാഭ്യാസത്തിന്റെ ഉറവാണു ബൈബിളെന്ന് എന്റെ കഴിഞ്ഞ സന്ദർശനത്തിൽ നാം ചർച്ചചെയ്തു. തിരുവെഴുത്തുകളിൽനിന്നു നാം അറിയേണ്ടത് മനസ്സിലാക്കാൻ തീർച്ചയായും ശ്രമം ആവശ്യമാണ്. [സദൃശവാക്യങ്ങൾ 2:1-5 വായിക്കുക.] ബൈബിളിന്റെ ചില ഭാഗങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്ന് ഒട്ടുമിക്കയാളുകളും കണ്ടെത്തുന്നു. അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകളെക്കുറിച്ചു കൂടുതൽ അറിയാൻ ആളുകളെ സഹായിക്കുന്നതിനു ഞങ്ങൾ വ്യാപകമായി ഉപയോഗിച്ചിരിക്കുന്ന ഒരു രീതി ഹ്രസ്വമായി പ്രകടിപ്പിച്ചുകാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” കൊടുത്തിട്ടുപോന്ന പുസ്തകത്തിന്റെ അനുയോജ്യമായൊരു ഭാഗം തുറന്ന് ഒരു ബൈബിളധ്യയനം ഹ്രസ്വമായി പ്രകടിപ്പിക്കുക. ഒരു ക്രമമായ അധ്യയനം ഉണ്ടായിരിക്കാൻ വീട്ടുകാരൻ ആഗ്രഹിക്കുന്നെങ്കിൽ, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പഠനസഹായിയുമായി നിങ്ങൾ മടങ്ങിചെല്ലുമെന്നു പറയുക.
5 ലോകത്തിലെ ദശലക്ഷക്കണക്കിനു കുട്ടികളുടെ കഷ്ടപ്പാടുകൾ സംബന്ധിച്ച് അനേകമാളുകൾ ആകുലചിത്തരാണ്. ഈ ദുരവസ്ഥയെ ദൈവം എങ്ങനെ വീക്ഷിക്കുന്നുവെന്നു കാണാൻ ഇങ്ങനെ പറഞ്ഞുകൊണ്ട് നിങ്ങൾക്ക് ഒരുപക്ഷേ വീട്ടുകാരനെ സഹായിക്കാനാവും:
◼“ഗോളത്തിനു ചുറ്റുമുള്ള, വിശക്കുന്നവരും രോഗബാധിതരും അവഗണിക്കപ്പെട്ടവരുമായ കുട്ടികളെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകൾ നിങ്ങൾ കണ്ടിട്ടുണ്ടെന്നുള്ളതിൽ സംശയമില്ല. സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു കഴിഞ്ഞിട്ടില്ലാത്തത് എന്തുകൊണ്ടാണ്? [പ്രതികരിക്കാൻ അനുവദിക്കുക.] മനുഷ്യർക്ക് ഏറ്റവും മെച്ചമായതു മാത്രമേ ദൈവം ആഗ്രഹിക്കുന്നുള്ളൂ. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, കുട്ടികൾക്കും മുതിർന്നവർക്കുമായി അവൻ എന്താണു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നു ശ്രദ്ധിക്കുക. [വെളിപ്പാടു 21:4 വായിക്കുക.] ദൈവം നിർമിക്കുന്ന, കഷ്ടപ്പാടുകൾ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഈ പുസ്തകം [ശീർഷകം പരാമർശിക്കുക] കൂടുതൽ വിശദാംശങ്ങൾ നൽകുന്നു.” സാധ്യമെങ്കിൽ, പറുദീസയെക്കുറിച്ചു വർണിക്കുന്ന ഒരു ചിത്രത്തിലേക്കു തുറന്ന് അതു ചർച്ച ചെയ്യുക. പുസ്തകം സമർപ്പിച്ചിട്ട് മറ്റൊരു സന്ദർശനത്തിനു ക്രമീകരിക്കുക.
6 കുട്ടികളുടെ കഷ്ടപ്പാടുകളെക്കുറിച്ചാണു നിങ്ങൾ തുടക്കത്തിൽ സംസാരിച്ചതെങ്കിൽ, അടുത്ത സന്ദർശനത്തിൽ ഇങ്ങനെ പറഞ്ഞുകൊണ്ടു നിങ്ങൾക്കു ചർച്ച തുടരാവുന്നതാണ്:
◼“തകർന്ന കുടുംബങ്ങൾ, ക്ഷാമം, രോഗം, കുറ്റകൃത്യം എന്നിവയാൽ കഷ്ടപ്പെടുന്ന കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച്, കഴിഞ്ഞതവണ ഞാൻ ഇവിടെ വന്നപ്പോൾ നിങ്ങൾ ആകുലത പ്രകടിപ്പിച്ചു. രോഗം, വേദന, മരണം എന്നിവയാൽ കുട്ടികളോ മുതിർന്നവരോ കഷ്ടതയനുഭവിക്കാത്ത ഒരു ലോകത്തെക്കുറിച്ചു ബൈബിളിൽ വായിക്കുന്നത് ആശ്വാസപ്രദമാണ്. യെശയ്യാവിന്റെ പുസ്തകത്തിലെ ഒരു പ്രവചനം ഭൂമിയിൽ വരാനിരിക്കുന്ന ഒരു മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ചു വിവരിക്കുന്നു.” യെശയ്യാവു 65:20-25 വായിച്ചു ചർച്ചചെയ്യുക. ക്രമേണ പരിജ്ഞാനം പുസ്തകത്തിൽനിന്നുള്ള ഒരു ബൈബിളധ്യയനത്തിലേക്കു നയിക്കുക.
7 മതഭക്തിയുള്ള ആളുകളെ സംബന്ധിച്ചിടത്തോളം പ്രാർഥന സാധാരണമായതിനാൽ, ഇങ്ങനെ പറഞ്ഞുകൊണ്ടു നിങ്ങൾക്ക് ഈ വിഷയത്തെക്കുറിച്ച് ഒരു സംഭാഷണം ആരംഭിക്കാവുന്നതാണ്:
◼“നമ്മിൽ മിക്കവരും ജീവതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ, സഹായത്തിനായി ദൈവത്തോടു പ്രാർഥിക്കാൻ നമ്മെ പ്രേരിപ്പിച്ച ചില പ്രശ്നങ്ങൾ അനുഭവിച്ചിട്ടുണ്ട്. എന്നാൽ, തങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നില്ലെന്ന് അനേകർ വിചാരിക്കുന്നു. സമാധാനത്തിനുവേണ്ടി മതനേതാക്കൻമാർ പരസ്യമായി നടത്തുന്ന പ്രാർഥനകളും ദൈവം കേൾക്കുന്നില്ലെന്നു തോന്നുന്നു. യുദ്ധവും കുറ്റകൃത്യവും മനുഷ്യവർഗത്തെ കഷ്ടപ്പെടുത്തുന്നതിൽ തുടരുന്നതുകൊണ്ടാണ് നാം അങ്ങനെ പറയുന്നത്. ദൈവം യഥാർഥത്തിൽ നമ്മുടെ പ്രാർഥനകൾ ശ്രദ്ധിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, അനേകം പ്രാർഥനകൾക്ക് ഉത്തരം ലഭിക്കാതെ പോകുന്നതായി തോന്നുന്നത് എന്തുകൊണ്ട്? [പ്രതികരിക്കാൻ അനുവദിക്കുക.] നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കണമെങ്കിൽ എന്താണ് ആവശ്യമായിരിക്കുന്നതെന്നു സങ്കീർത്തനം 145:18 വിശദീകരിക്കുന്നു. [തിരുവെഴുത്തു വായിക്കുക.] ദൈവത്തോടുള്ള പ്രാർഥനകൾ ആത്മാർഥവും അവന്റെ വചനത്തിൽ കാണുന്ന സത്യത്തോടു യോജിപ്പിലുമായിരിക്കണമെന്നതാണ് ഒരു കാരണം.” നിങ്ങൾ കൊടുക്കുന്ന പുസ്തകം കാണിച്ചിട്ട് പ്രാർഥനയുടെ മൂല്യത്തെക്കുറിച്ച് അത് എന്തു പറയുന്നുവെന്നു ചൂണ്ടിക്കാണിക്കുക.
8 പ്രാർഥനയെക്കുറിച്ചു ചർച്ച ചെയ്തിടത്തു മടങ്ങിയെത്തുമ്പോൾ നിങ്ങൾ ഈ സമീപനം പരീക്ഷിച്ചു നോക്കിയേക്കാം:
◼“പ്രാർഥന എന്ന വിഷയത്തെപ്പറ്റിയുള്ള നമ്മുടെ സംഭാഷണം ഞാൻ ആസ്വദിച്ചു. എന്തിനുവേണ്ടി പ്രാർഥിക്കാമെന്നതു സംബന്ധിച്ച യേശുവിന്റെ ആശയങ്ങൾ സഹായകമായ ഒരു വഴികാട്ടിയാണെന്നു നിങ്ങൾ കണ്ടെത്തുമെന്നുള്ളതിൽ സംശയമില്ല.” തന്റെ മാതൃകാ പ്രാർഥനയിൽ യേശു വിശേഷവത്കരിച്ച മുഖ്യ സംഗതികൾ ചുണ്ടിക്കാണിച്ചുകൊണ്ട് മത്തായി 6:9, 10 വായിക്കുക. പരിജ്ഞാനം പുസ്തകത്തിന്റെ, “നിങ്ങൾക്കു ദൈവത്തോട് അടുക്കാൻ കഴിയുന്ന വിധം” എന്ന 16-ാം അധ്യായം കാണിച്ചിട്ട്, ആ വിഷയം എങ്ങനെ പഠിക്കാമെന്നു പ്രകടിപ്പിച്ചു കാണിക്കട്ടേയെന്നു ചോദിക്കുക.
9 മറ്റുള്ളവർക്കു ദൈവപരിജ്ഞാനം പകർന്നുകൊടുക്കുന്ന കാര്യം വരുമ്പോൾ നാം ഇങ്ങനെ ചോദിച്ചേക്കാം, “ഈ കാര്യങ്ങൾക്കായി അനുയോജ്യമാംവിധം യോഗ്യരായിരിക്കുന്നത് ആരാണ്?” ‘നാമാകുന്നു’ എന്നു തിരുവെഴുത്തുകൾ ഉത്തരം നൽകുന്നു.—2 കൊരി. 2:16, 17, NW.