‘ഇതിന്റെ അർഥം നിത്യജീവൻ എന്നാണ്’
യോഹന്നാൻ 17:3-ൽ [NW] രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ ഗൗരവമായി എടുക്കേണ്ടതാണ്. അവൻ പറഞ്ഞതു വളരെ പ്രസക്തമാണ്—ദൈവത്തെയും ക്രിസ്തുവിനെയും കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നതിന്റെ അർഥം നിത്യജീവൻ എന്നാണ്! എന്നാൽ യഹോവയെയും യേശുവിനെയും കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കുന്നതുകൊണ്ടു മാത്രം നിത്യജീവനാകുന്ന പ്രതിഫലം നമുക്കു ലഭിക്കുമോ? ഇല്ല. യഹോവയാണു തങ്ങളുടെ ദൈവമെന്ന് ഇസ്രായേല്യർക്ക് അറിയാമായിരുന്നു, എന്നാൽ അവരുടെ ജീവിതഗതി അവരുടെ വിശ്വാസത്തെ പ്രതിഫലിപ്പിച്ചില്ല. തത്ഫലമായി, അവർക്ക് അവന്റെ പ്രീതി നഷ്ടമായി. (ഹോശേ. 4:1, 2, 6) ഇന്നു ദശലക്ഷക്കണക്കിനാളുകൾ “പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവ”രാണ്. (റോമ. 10:2) അവർ “ഏകസത്യദൈവമായ” യഹോവയെ മാത്രമല്ല അവനെ ഉചിതമായി ആരാധിക്കേണ്ട വിധവും അറിയേണ്ടതുണ്ട്. അതിനായി, നവംബറിൽ നാം നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം സമർപ്പിക്കുന്നതായിരിക്കും. പരിജ്ഞാനം പുസ്തകം അവതരിപ്പിക്കുന്നതിൽ നിങ്ങൾ ഏതു സമീപനം കൈക്കൊള്ളും? നിങ്ങളെ സഹായിച്ചേക്കാവുന്ന ഏതാനും നിർദേശങ്ങളിതാ.
2 നിങ്ങളുടെ വയലിലുള്ള അനേകമാളുകളോടു സംസാരിക്കുമ്പോൾ ഉപയോഗിക്കാൻ ഒരുപക്ഷേ നിങ്ങൾ ആഗ്രഹിച്ചേക്കാവുന്ന ഒരു അവതരണമിതാ:
◼“ലോകത്തിൽ നാനാതരത്തിലുള്ള മതങ്ങൾ അനവധിയുള്ളത് എന്തുകൊണ്ടെന്ന് ഞങ്ങൾ അയൽക്കാരോടു സംസാരിച്ചുവരുകയാണ്. ഈ രാജ്യത്തിന്റെ കാര്യംതന്നെ എടുത്താൽ, ഇവിടെ മതപരമായ അനേകം മാർഗങ്ങളുണ്ട്. ലോകവ്യാപകമായി 10,000-ത്തിലധികം മതവിഭാഗങ്ങളുണ്ട്. നിങ്ങളുടെ അഭിപ്രായത്തിൽ, ഇത്രയധികം മതങ്ങളുള്ളത് എന്തുകൊണ്ടാണ്? [പ്രതികരിക്കാൻ അനുവദിക്കുക. പരിജ്ഞാനം പുസ്തകത്തിന്റെ 5-ാം അധ്യായം തുറന്ന് 1-ാം ഖണ്ഡിക വായിക്കുക.] ഈ അധ്യായം വായിക്കുന്നതിനാൽ, തൃപ്തികരമായ ഉത്തരങ്ങൾ നിങ്ങൾക്കു ലഭിക്കും. നിങ്ങൾ പരിശോധിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ പുസ്തകം തന്നിട്ടു പോകാൻ എനിക്കു സന്തോഷമേയുള്ളൂ.” അതു സ്വീകരിക്കുന്നുവെങ്കിൽ, മടങ്ങിച്ചെല്ലുന്നതിനു സുനിശ്ചിതമായ ഏർപ്പാടുകൾ ചെയ്തിട്ട് ഇങ്ങനെ പറയുക: “ഞാൻ മടങ്ങിവരുമ്പോൾ, എല്ലാ മതങ്ങളും ഒരിടത്തേക്കു നയിക്കുന്ന വ്യത്യസ്ത പാതകളാണോ എന്ന് ഒരുപക്ഷേ നമുക്കു ചർച്ച ചെയ്യാൻ കഴിഞ്ഞേക്കും.”
3 ഇത്രയധികം മതങ്ങളുള്ളത് എന്തുകൊണ്ട് എന്നതിനെക്കുറിച്ചു തുടർന്നു ചർച്ച ചെയ്യാൻ മടങ്ങി ചെല്ലുമ്പോൾ, നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“കഴിഞ്ഞ പ്രാവശ്യം നമ്മൾ സംസാരിച്ചപ്പോൾ, എല്ലാ മതങ്ങളും ഒരിടത്തേക്കു നയിക്കുന്ന വ്യത്യസ്ത പാതകളാണോ എന്ന ചോദ്യം ഞാൻ ഉന്നയിച്ചിരുന്നു. നിങ്ങൾ അതേക്കുറിച്ച് എന്തു വിചാരിക്കുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] പ്രസ്തുത കാര്യത്തെക്കുറിച്ചു യേശു പറഞ്ഞത് ഞാൻ നിങ്ങൾക്കു തന്നിട്ടുപോയ പുസ്തകത്തിൽനിന്നു കാണിച്ചുതരാൻ ആഗ്രഹിക്കുന്നു. [പരിജ്ഞാനം പുസ്തകത്തിന്റെ 5-ാം അധ്യായത്തിലേക്കു തിരിഞ്ഞ്, മത്തായി 7:21-23 ഉൾപ്പെടെ 6-7 ഖണ്ഡികകൾ വായിക്കുക.] ദൈവഹിതമെന്താണെന്നു കൃത്യമായി അറിയുന്നതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു നിങ്ങൾ അതിശയിച്ചേക്കാം. അടുത്ത ഖണ്ഡികകൾ വളരെ വിജ്ഞാനപ്രദമാണെന്നു നിങ്ങൾ മനസ്സിലാക്കും. ഈ അധ്യായത്തിന്റെ ശേഷിച്ച ഭാഗം ദയവായി വായിക്കുക. അടുത്ത തവണ ഞാൻ വരുമ്പോൾ, ആരാധനാപരമായ കാര്യങ്ങൾ സംബന്ധിച്ചു സൂക്ഷ്മപരിജ്ഞാനം ഉണ്ടായിരിക്കേണ്ടതിന്റെ മൂല്യം നിങ്ങളെ കാട്ടിത്തരുന്നതിൽ എനിക്കു സന്തോഷമുണ്ടായിരിക്കും.”
4 ഭൂമിയിൽ എന്നേക്കും ജീവിക്കുക എന്ന ആശയം ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന മിക്കവർക്കുപോലും പുതിയതായതുകൊണ്ട്, ഈ മുഖവുര അവരുടെ താത്പര്യത്തെ ഉണർത്തിയേക്കാം:
◼“ഞങ്ങൾ അയൽക്കാരോട് ഒരു ചോദ്യം ചോദിച്ചുവരുകയാണ്. ഇതുപോലുള്ള ഒരു ലോകത്തിൽ എന്നേക്കും ജീവിക്കാൻ നിങ്ങളെ ക്ഷണിച്ചിരുന്നുവെങ്കിൽ, നിങ്ങൾ ആ ക്ഷണം സ്വീകരിക്കുമായിരുന്നോ? [പരിജ്ഞാനം പുസ്തകത്തിലെ 4-5 പേജുകളിലുള്ള ചിത്രം കാണിച്ചുകൊടുക്കുക. പ്രതികരിക്കാൻ അനുവദിക്കുക.] ഇതു നിങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ അനുഭവമായിരിക്കാൻ സാധിക്കും. അതു നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു യാഥാർഥ്യമായിക്കാണാൻ എന്തു ചെയ്യണമെന്നാണു നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] യോഹന്നാൻ 17:3 പറയുന്നതനുസരിച്ച് എന്തു നടപടിയാണ് ആവശ്യമായിരിക്കുന്നതെന്നു ശ്രദ്ധിക്കുക. [ആ വാക്യം വായിക്കുക.] പ്രത്യേകതരം പരിജ്ഞാനം നേടാൻ ഈ പുസ്തകം പലരെയും സഹായിക്കുന്നു. വായിക്കുന്നതിന് ഇതിന്റെ വ്യക്തിപരമായ ഒരു പ്രതി ഉണ്ടായിരിക്കാൻ നിങ്ങളാഗ്രഹിക്കുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ ഭൂമിയിൽതന്നെ നമുക്കു നിത്യജീവൻ പ്രാപിക്കാൻ സാധിക്കുമെന്നു വിശ്വസിക്കുന്നതു ന്യായയുക്തമായിരിക്കുന്നത് എന്തുകൊണ്ടെന്ന് എന്റെ അടുത്ത സന്ദർശനത്തിൽ നമുക്കു ചർച്ച ചെയ്യാം.”
5 നിങ്ങൾ യോഹന്നാൻ 17:3 ചർച്ച ചെയ്ത വ്യക്തികളുടെ അടുക്കൽ മടങ്ങിച്ചെല്ലുമ്പോൾ, നിങ്ങൾക്ക് ഇങ്ങനെ തുടങ്ങാവുന്നതാണ്:
◼“കഴിഞ്ഞ പ്രാവശ്യം ഞാൻ നിങ്ങളെ സന്ദർശിച്ചപ്പോൾ, യോഹന്നാൻ 17:3-ൽ കാണുന്ന യേശുവിന്റെ അത്ഭുതാവഹമായ വാക്കുകൾ ഞാൻ നിങ്ങളെ വായിച്ചു കേൾപ്പിച്ചു. ദൈവത്തെയും യേശുവിനെയും കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നതിന്റെ അർഥം നിത്യജീവനാണെന്ന് അവിടെ അവൻ ഉറപ്പു നൽകി. എന്നാൽ മെച്ചപ്പെട്ട ജീവിതം സ്വർഗത്തിൽ മാത്രമേ നേടാൻ സാധിക്കുകയുള്ളൂ എന്ന് പലരും വിശ്വസിക്കുന്നു. നിങ്ങൾക്ക് അതു സംബന്ധിച്ച് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ഞാൻ നിങ്ങൾക്കു തന്നിട്ടുപോയ പുസ്തകം ഒന്നെടുക്കാമെങ്കിൽ, ഭൂമിയിൽ പറുദീസ പുനഃസ്ഥാപിതമായിത്തീരുമെന്നു തെളിയിക്കുന്ന ചില ബൈബിൾ വാക്യങ്ങൾ നിങ്ങൾക്കു കാണിച്ചുതരാൻ എനിക്കിഷ്ടമാണ്. [പരിജ്ഞാനം പുസ്തകത്തിന്റെ 9-10 പേജുകളിലുള്ള 11-16 ഖണ്ഡികകൾ ചർച്ച ചെയ്യുക.] ബൈബിളിൽ കാണുന്ന ഈ വാഗ്ദത്തങ്ങൾ വിശ്വസിക്കാൻ കഴിയുന്നതിന്റെ കാരണം അടുത്ത പ്രാവശ്യം വരുമ്പോൾ നിങ്ങളെ കാണിക്കാൻ ഞാനാഗ്രഹിക്കുന്നു. അപ്പോഴേക്കും, നിങ്ങളുടെ കൈവശമുള്ള ഈ പുസ്തകത്തിന്റെ 2-ാം അധ്യായം വായിച്ചിരിക്കാവുന്നതാണ്.”
6 ബൈബിളിൽ കുറെയൊക്കെ വിശ്വാസമുള്ള വ്യക്തികളുമായി ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിൽ നേരിട്ടുള്ള സമീപനം മിക്കപ്പോഴും വിജയപ്രദമാണ്. “ന്യായവാദം” പുസ്തകത്തിന്റെ 12-ാം പേജിൽ കാണുന്ന ഒരു സൂചിത മുഖവുര ഇതാ:
◼“നിങ്ങൾക്കു സൗജന്യമായി ഒരു ഭവന ബൈബിൾ പഠനപരിപാടി വെച്ചുനീട്ടുന്നതിനാണ് ഞാൻ ഈ സന്ദർശനം നടത്തുന്നത്. നിങ്ങൾ അനുവദിക്കുമെങ്കിൽ, ഏതാണ്ട് 200 രാജ്യങ്ങളിൽ ആളുകൾ തങ്ങളുടെ ഭവനങ്ങളിൽ കുടുംബ കൂട്ടങ്ങളെന്നനിലയിൽ ബൈബിൾ ചർച്ച ചെയ്യുന്നത് എങ്ങനെയെന്ന് പ്രകടിപ്പിക്കാൻ ഏതാനും മിനിററ് സമയമെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വിഷയങ്ങളിൽ ഏതു വേണമെങ്കിലും നമുക്കു ചർച്ചക്ക് അടിസ്ഥാനമായി ഉപയോഗിക്കാം. [പരിജ്ഞാനം പുസ്തകത്തിലെ ഉള്ളടക്കപ്പട്ടിക കാണിക്കുക.] ഇതിൽ ഏതിലാണു നിങ്ങൾക്കു വിശേഷാൽ താത്പര്യമുളളത്?” വ്യക്തി തിരഞ്ഞെടുപ്പു നടത്തുന്നതുവരെ കാത്തിരിക്കുക. തിരഞ്ഞെടുത്തിരിക്കുന്ന അധ്യായത്തിലേക്കു തിരിഞ്ഞ് ഒന്നാമത്തെ ഖണ്ഡികമുതൽ അധ്യയനം ആരംഭിക്കുക.
7 ബൈബിളുമായി പരിചിതരല്ലാത്ത ആളുകളുമായി അധ്യയനങ്ങൾ തുടങ്ങുന്നതിനു വിജയകരമായ, നേരിട്ടുള്ള ഈ സമീപനം നിങ്ങൾക്കു ഉപയോഗിച്ചുനോക്കാവുന്നതാണ്:
◼“വളരെയധികം ജ്ഞാനം അടങ്ങിയിരിക്കുന്ന ഒരു വിശുദ്ധ ഗ്രന്ഥമാണു ബൈബിളെന്നു പല ആളുകളും വിശ്വസിക്കുന്നു, എന്നാൽ അതിൽനിന്ന് എന്തെങ്കിലും പഠിക്കുന്നതിനുള്ള അവസരം അവർക്കു ലഭിച്ചിട്ടില്ല. ഞാൻ സൗജന്യമായി ബൈബിൾ ക്ലാസ്സുകൾ എടുക്കാറുണ്ട്, കൂടുതൽ വിദ്യാർഥികൾക്കായി എന്റെ പക്കൽ സമയവുമുണ്ട്. ഞങ്ങൾ ഉപയോഗിക്കുന്ന ബൈബിളധ്യയന സഹായി ഇതാണ്. [പരിജ്ഞാനം പുസ്തകം കാണിക്കുക.] ഈ പഠനപരിപാടി ഏതാനും മാസത്തേക്കു മാത്രമുള്ളതാണ്. തന്നെയുമല്ല, ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്? നാം വാർധക്യംപ്രാപിക്കുന്നതും മരിക്കുന്നതും എന്തുകൊണ്ട്? നമ്മുടെ മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു സംഭവിക്കുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കു ബൈബിൾ എങ്ങനെ ഉത്തരം നൽകുന്നുവെന്നും അതു കാണിച്ചുതരുന്നു. നിങ്ങൾക്കായി ഞാൻ അധ്യയനം പ്രകടിപ്പിച്ചുകാണിക്കട്ടെ?” അധ്യയനത്തിനുള്ള വാഗ്ദാനം നിരസിക്കുകയാണെങ്കിൽ, പരിജ്ഞാനം പുസ്തകം നൽകിയിട്ട് അതു വ്യക്തിപരമായി വായിക്കാൻ ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കുക.
8 ദൈവത്തെയും ക്രിസ്തുവിനെയും കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം നേടുന്ന ഏവർക്കും അതൊരു നിധിയാണ്! അത് ഉൾക്കൊള്ളുന്നതു തീർച്ചയായും പൂർണതയുള്ള അവസ്ഥകളിൽ നിത്യജീവനെ അർഥമാക്കും. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം മറ്റുള്ളവരുമായി പങ്കുവെക്കാൻ നവംബറിലെ ഓരോ അവസരവും നമുക്കു പ്രയോജനപ്പെടുത്താം.