സത്യദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ജീവനിലേക്കു നയിക്കുന്നു
1 “ഏകസത്യദൈവമായ നിന്നെ. . .അറിയുന്നതു തന്നേ നിത്യജീവനാകുന്നു” എന്ന് യേശു തന്റെ പിതാവിനോടുള്ള പ്രാർഥനയിൽ പറഞ്ഞു. (യോഹ. 17:3) എന്തൊരു ഉദാരമായ പ്രതിഫലമാണത്! നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പ്രസിദ്ധീകരണം ഉപയോഗിച്ചുകൊണ്ട്, എന്നേക്കും ജീവിക്കാൻ എന്താണു ചെയ്യേണ്ടതെന്നു പഠിക്കാൻ നമുക്കു മറ്റുള്ളവരെ സഹായിക്കാൻ കഴിയും. അവരുടെ താത്പര്യം ഉണർത്താനും പരിജ്ഞാനം പുസ്തകം വായിക്കാനുള്ള അവരുടെ ആഗ്രഹത്തെ പ്രചോദിപ്പിക്കാനും നമുക്ക് എന്തു പറയാൻ കഴിയും?
2 ഇപ്രകാരം പറഞ്ഞുകൊണ്ട്, മാർഗദർശനത്തിന്റെ പ്രായോഗിക ഉറവാണു ബൈബിളെന്നു നയപൂർവം ചൂണ്ടിക്കാട്ടാവുന്നതാണ്:
◼“ജീവിത പ്രശ്നങ്ങളെ നേരിടുന്നതിനുള്ള മാർഗദർശനത്തിന്റെ ഒരു പ്രായോഗിക ഉറവ് എവിടെ കണ്ടെത്താമെന്നു ഞങ്ങൾ ഞങ്ങളുടെ അയൽക്കാരുമായി ചർച്ചചെയ്തു വരികയാണ്. ബൈബിൾ ഉൾപ്പെടെ വ്യത്യസ്ത മത ഗ്രന്ഥങ്ങൾ ആളുകൾ പരിശോധിക്കുന്നു. എന്നാൽ ആളുകളുടെ മനോഭാവങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. ചിലർ തങ്ങളുടെ മതഗ്രന്ഥങ്ങൾ സംബന്ധിച്ചു സംശയാലുക്കളാണ്, അവയെ കേവലം മനുഷ്യ രചനകളായി വീക്ഷിക്കുന്നു. താങ്കളുടെ അഭിപ്രായം എന്താണ്? [പ്രതികരണത്തിന് അനുവദിക്കുക.] ബൈബിൾ നമ്മുടെ നാളുകളിൽ പ്രായോഗികമാണെന്നു പറയുന്നതിനു വളരെ നല്ലൊരു കാരണമുണ്ട്. (2 തിമൊഥെയൊസ് 3:16, 17 വായിക്കുക.) ദൈവം ബൈബിളിന്റെ എഴുത്തിനെ നിശ്വസ്തമാക്കിയ കാലത്തെപ്പോലെ ബൈബിൾ തത്ത്വങ്ങൾ ഇന്നും അത്രതന്നെ ബാധകമാണ്.” പരിജ്ഞാനം പുസ്തകത്തിന്റെ 16-ാം പേജിലേക്കു തിരിഞ്ഞ് യേശുവിന്റെ ഗിരിപ്രഭാഷണത്തിലെ പ്രായോഗിക മാർഗദർശനത്തെക്കുറിച്ചു ഹ്രസ്വമായി അഭിപ്രായം പ്രകടിപ്പിക്കുക. 11-ാം ഖണ്ഡികയിലെയോ 13-ാം ഖണ്ഡികയിലെയോ ഉദ്ധരണി വായിക്കുക. പുസ്തകം സമർപ്പിക്കുകയും ബൈബിളിൽ അടങ്ങിയിരിക്കുന്ന പരിജ്ഞാനത്തിൽനിന്നു വ്യക്തിപരമായി നമുക്കെങ്ങനെ പ്രയോജനം നേടാൻ കഴിയുമെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിനു മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുകയും ചെയ്യുക.
3 പ്രാർഥന അനേകമാളുകൾക്കും താത്പര്യമുള്ള വിഷയമായതിനാൽ ഇപ്രകാരം ചോദിച്ചുകൊണ്ട് അതു ചർച്ചചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം:
◼“ആധുനിക നാളിൽ നാം എല്ലാവിധ വെല്ലുവിളികളുമായി ജീവിക്കുമ്പോൾ നമുക്കു യഥാർഥ സഹായമായിരിക്കാൻ പ്രാർഥനക്കു കഴിയുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? (ഒരു പ്രതികരണത്തിനായി കാത്തുനിൽക്കുക.) ദൈവത്തോടു പ്രാർഥിച്ചതിനാൽ അവനോടടുക്കാൻ കഴിഞ്ഞതായി അനേകർ വിചാരിക്കുന്നു. അതവർക്ക് ഉൾക്കരുത്തു നൽകിയിരിക്കുന്നു, ബൈബിൾ വാഗ്ദാനം ചെയ്യുന്നതും അതുതന്നെയാണ്. [പരിജ്ഞാനം പുസ്തകത്തിന്റെ 156-ാം പേജ് തുറക്കുക, ഫിലിപ്പിയർ 4:6, 7 വായിക്കുക.] എന്നിരുന്നാലും, തന്റെ പ്രാർഥനകൾക്കു ചിലപ്പോൾ ഉത്തരം ലഭിക്കുന്നില്ലെന്ന് ഒരുവനു തോന്നിയേക്കാം. ‘നിങ്ങൾക്ക് എങ്ങനെ ദൈവത്തോട് അടുത്തു ചെല്ലാൻ കഴിയു’മെന്ന് ഈ അധ്യായം ചർച്ചചെയ്യുന്നു. [പുസ്തകം സമർപ്പിക്കുക] ദൈവവുമായുള്ള ആശയവിനിയമം ഒരു പക്ഷത്തുനിന്നു മാത്രമുള്ളതല്ലാത്തതിനാൽ നമുക്കെങ്ങനെ ദൈവത്തെ ശ്രദ്ധിക്കാൻ കഴിയുമെന്നും ഇതു വിശദീകരിക്കുന്നു. ഞാൻ അടുത്ത തവണ വരുമ്പോൾ നമുക്കതു ചർച്ചചെയ്യാൻ കഴിയും.”
4 ബൈബിളിനെ ആദരിക്കുന്ന ആളുകളോടു സംസാരിക്കുമ്പോൾ, അധ്യയനം ആരംഭിക്കുന്നതിനു നേരിട്ടുള്ള ഒരു സമീപനം നിങ്ങൾക്കു പരീക്ഷിക്കാൻ കഴിയും. പ്രാവർത്തികമായേക്കാവുന്ന ഒന്നിതാ:
◼“ഞങ്ങൾ ഒരു സൗജന്യ ബൈബിളധ്യയന കോഴ്സ് വാഗ്ദാനം ചെയ്യുകയാണ്. നിങ്ങൾ എന്നെങ്കിലും ഒരു ബൈബിൾ കോഴ്സിൽ പങ്കെടുത്തിട്ടുണ്ടോ? [പ്രതികരണത്തിന് അനുവദിക്കുക.] ഞങ്ങൾ ഉപയോഗിക്കുന്ന പഠന സഹായി ഞാൻ നിങ്ങളെ കാണിക്കട്ടെ.” പരിജ്ഞാനം പുസ്തകം കാണിച്ചിട്ട്, വീട്ടുകാരന് ഉള്ളടക്കം കാണാൻ കഴിയേണ്ടതിന് 3-ാം പേജിലേക്കു മറിക്കുക. എന്നിട്ട്, “ഈ വിഷയങ്ങളെക്കുറിച്ചു ബൈബിളിന് എന്താണു പറയാനുള്ളതെന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” എന്നു ചോദിക്കുക. വീട്ടുകാരൻ ഏറ്റവും അധികം താത്പര്യം കാണിച്ച അധ്യായത്തിലേക്കു തിരിഞ്ഞ്, ഉപതലക്കെട്ടുകൾ വായിക്കുക. നമ്മുടെ അധ്യയന കോഴ്സിൽ ഈ വിവരം എങ്ങനെയാണു പരിചിന്തിക്കുന്നതെന്നു ചുരുക്കമായി പ്രകടിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നു വിശദീകരിക്കുക. അധ്യയനം ആരംഭിച്ചാലും ഇല്ലെങ്കിലും പുസ്തകം സമർപ്പിച്ചിട്ട് അതു വായിക്കാൻ വീട്ടുകാരനെ പ്രോത്സാഹിപ്പിക്കുക.
5 സത്യദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തോട് ഒരു വലിയകൂട്ടം ആളുകൾ ഇന്നു പ്രതികരിക്കുന്നു. (യെശ. 2:2-4) യഹോവയെക്കുറിച്ചു പഠിക്കാനും ജീവനിലേക്കു നയിക്കപ്പെടാനും സാധ്യമാകുന്നത്രയും ആളുകളെ സഹായിക്കുക എന്നതു നമ്മുടെ പദവിയാണ്.—1 തിമൊ. 2:4.