നിലനിൽക്കുന്ന ഭാവി സുരക്ഷിതമാക്കുന്നതിനു കുടുംബങ്ങളെ സഹായിക്കൽ
1 “അത്യാഗ്രഹം ആരോഗ്യാവഹമാണ്,” ഒരു ധനകാര്യവിദഗ്ധൻ ഒരു കോളെജിലെ ബിരുദവിദ്യാർഥികളുടെ ക്ലാസ്സിൽ പറഞ്ഞു. “അത്യാഗ്രഹി ആയിരിക്കുമ്പോൾതന്നെ നിങ്ങൾക്കു സ്വാഭിമാനം കാത്തുസൂക്ഷിക്കാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുവന്റെ ഭാവി സുരക്ഷിതമാക്കുന്നതിനു ലോകം സ്വാർഥതാത്പര്യങ്ങളെ ഉന്നമിപ്പിക്കുന്നതിന്റെ ഒരു ദൃഷ്ടാന്തമാണത്. അതിനു നേർവിപരീതമായി ഒരു ക്രിസ്ത്യാനി, “തന്നെത്താൻ ത്യജി”ക്കണമെന്ന് യേശു പഠിപ്പിച്ചു. “ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം?” അവൻ ചോദിച്ചു. (മത്താ. 16:24-26) നിലനിൽക്കുന്ന ഭാവി സുരക്ഷിതമാക്കുന്നതിന് ഒരു വ്യക്തി തന്റെ മുഴുജീവിതവും ദൈവേഷ്ടം ചെയ്യുന്നതിൽ കേന്ദ്രീകരിക്കണം. ഇന്നു കുടുംബങ്ങളുടെ സുപ്രധാന ലക്ഷ്യം അതായിരിക്കണം. (സങ്കീ. 143:10; 1 തിമൊ. 4:8) കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിന്റെ അവസാനത്തെ അധ്യായത്തിൽ ആ സന്ദേശമാണു കൈമാറിയിരിക്കുന്നത്. ജീവിതത്തിൽ പ്രധാന സംഗതിയെന്താണെന്നും തങ്ങളുടെ കുടുംബാംഗങ്ങൾക്കു പ്രയോജനപ്രദമായ രീതിയിൽ എങ്ങനെ പ്രവർത്തിക്കാമെന്നും കാണാൻ ഈ പുതിയ പ്രസിദ്ധീകരണം ആളുകളെ സഹായിക്കുന്നു. നാം തുടർച്ചയായി എങ്ങും സുവാർത്താ പ്രസംഗത്തിലേർപ്പെടുമ്പോൾ കണ്ടുമുട്ടുന്നവരെ കുടുംബസന്തുഷ്ടി പുസ്തകം വായിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനു നമുക്കെന്തു പറയാൻ കഴിയും? ഏതാനും നിർദേശങ്ങളിതാ:
2 “കുടുംബജീവിതം ആസ്വദിക്കുക” എന്ന ലഘുലേഖ ഉപയോഗിച്ചുകൊണ്ടു വീടുതോറും തെരുവുതോറുമുള്ള വേലയിൽ സംഭാഷണങ്ങൾക്കു തുടക്കമിടാൻ ശ്രമിക്കാവുന്നതാണ്. നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാനാകും:
◼“ആധുനിക ജീവിതരീതി നമ്മുടെമേൽ കുന്നുകൂട്ടുന്ന ഉത്കണ്ഠകളുടെയെല്ലാം വീക്ഷണത്തിൽ, യഥാർഥത്തിൽ സന്തുഷ്ടമായ ഒരു കുടുംബജീവിതം സാധ്യമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] അതു സാധ്യമാണെന്ന് ഈ ലഘുലേഖ നമുക്ക് ഉറപ്പേകുന്നു. അതു വായിക്കാൻ നിങ്ങൾ താത്പര്യപ്പെടുന്നുവോ?” അതു സ്വീകരിക്കുന്നപക്ഷം, ഇങ്ങനെ തുടർന്നു പറയാൻ കഴിയും: “നിങ്ങൾക്ക് ഈ വിഷയത്തിൽ താത്പര്യമുള്ള സ്ഥിതിക്ക്, കുടുംബവൃത്തത്തിനുള്ളിൽ എങ്ങനെ സന്തുഷ്ടി കണ്ടെത്താമെന്നതിനെക്കുറിച്ചു വിശദമായ വിവരങ്ങൾ പ്രദാനം ചെയ്യുന്ന ഈ പുസ്തകവും നിങ്ങൾ ആസ്വദിച്ചേക്കും.” കുടുംബസന്തുഷ്ടി പുസ്തകത്തിലെ ഉള്ളടക്കം കാട്ടുക. ആകർഷകമായ അധ്യായ ശീർഷകങ്ങൾ ചൂണ്ടിക്കാട്ടുക. 10-ാം പേജിലേക്കു തിരിഞ്ഞ് 17-ാം ഖണ്ഡികയുടെ അവസാനത്തെ വാചകംമുതൽ 18-ാം ഖണ്ഡികയുടെ അവസാനംവരെ വായിക്കുക. എന്നിട്ട് പുസ്തകം സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾ പങ്കിടാനുണ്ടെന്നു വിശദീകരിച്ചിട്ട്, വീണ്ടും എന്നു സന്ദർശിക്കണമെന്നു ചോദിക്കുക.
3 സന്തുഷ്ട കുടുംബജീവിതത്തെക്കുറിച്ചു നടത്തിയ പ്രാഥമിക സംഭാഷണത്തിന്റെ തുടർച്ചയായി ഇങ്ങനെ പറയാവുന്നതാണ്:
◼“നിങ്ങളെടുത്ത പുസ്തകത്തിലുള്ള, വിലമതിക്കപ്പെടുമെന്ന് എനിക്കു തോന്നുന്ന ഒരാശയം ചൂണ്ടിക്കാട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. ഒടുവിലത്തെ അധ്യായം കുടുംബസന്തുഷ്ടിയുടെ യഥാർഥ രഹസ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. [183-ാം പേജിലെ 2-ാം ഖണ്ഡിക വായിക്കുക.] ഒരുമിച്ചു ദൈവേഷ്ടം ചെയ്യുന്നതാണു താക്കോൽ എന്നതു ശ്രദ്ധിക്കുക. ദൈവേഷ്ടം എന്താണെന്നറിയുന്നതിനും അതു കുടുംബത്തിൽ ബാധകമാക്കുന്നതിനും കുടുംബങ്ങൾ ഒത്തൊരുമിച്ചു ബൈബിൾ പഠിക്കാൻ ഞങ്ങൾ ശുപാർശചെയ്യുകയാണ്. ഏതാനും മാസങ്ങൾ മാത്രമെടുക്കുന്ന ഒരു ബൈബിളധ്യയന കോഴ്സ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. വിരോധമില്ലെങ്കിൽ, അതെങ്ങനെയാണു നടത്തുന്നതെന്നു ഞാൻ കാണിച്ചുതരാം.” ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? ലഘുപത്രിക അല്ലെങ്കിൽ പരിജ്ഞാനം പുസ്തകം എന്നിവയിൽ കൂടുതൽ ഉചിതമായിരിക്കുന്നതുമായി മടങ്ങിച്ചെല്ലുക.
4 സ്കൂളിൽ സഹപാഠികളുമായോ പ്രദേശത്തുള്ള യുവാക്കളുമായോ സംസാരിക്കുമ്പോൾ ഈ ചോദ്യത്തിനു നിങ്ങൾക്ക് ഉത്തരം ലഭിച്ചേക്കാം:
◼“മാതാപിതാക്കളും കുട്ടികളും അന്യോന്യം ആശയവിനിമയ മാർഗങ്ങൾ തുറന്നിടുന്നത് എത്ര പ്രധാനമാണ്? [പ്രതികരിക്കാൻ അനുവദിക്കുക.] കുടുംബജീവിതത്തെക്കുറിച്ചുള്ള ഈ കൊച്ചു പുസ്തകം ‘സത്യസന്ധമായ, തുറന്ന ആശയവിനിമയം’ എന്ന വിഷയത്തെക്കുറിച്ച് പറയുന്നതെന്താണെന്നു ശ്രദ്ധിക്കൂ. [കുടുംബസന്തുഷ്ടി പുസ്തകത്തിന്റെ 65-ാം പേജിലെ 4-ാം ഖണ്ഡിക മൊത്തവും 5-ാം ഖണ്ഡികയുടെ ആദ്യത്തെ വാചകവും വായിക്കുക.] തുടർന്നുവരുന്ന ഖണ്ഡിക, കുടുംബത്തിനുള്ളിൽ എങ്ങനെ ആശയവിനിയമം മെച്ചപ്പെടുത്താമെന്നതു സംബന്ധിച്ചു പ്രായോഗിക നിർദേശങ്ങൾ പ്രദാനം ചെയ്യുന്നു. ഈ പുസ്തകത്തിന്റെ പേര് കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്നാണ്. ഇതിന്റെ ഒരു പ്രതി വാങ്ങി വായിക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.” വായിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായം ആരായുന്നതിനു മടങ്ങിവരാമെന്നു പറയുക.
5 പ്രാഥമിക സംഭാഷണത്തെ ആസ്പദമാക്കി നിങ്ങൾക്കു മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ആശയവിനിമയത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞുകൊണ്ടു ചർച്ച തുടരാവുന്നതാണ്:
◼“കുടുംബത്തിനുള്ളിൽ നല്ല ആശയവിനിയമം ഉണ്ടായിരിക്കുന്നതിന്റെ പ്രാധാന്യത്തിൽ നിങ്ങൾ കാട്ടിയ താത്പര്യത്തെ ഞാൻ വിലമതിക്കുന്നു. മാതാപിതാക്കളും കുട്ടികളും ചർച്ച ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്താണെന്നാണു നിങ്ങളുടെ അഭിപ്രായം?” പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട്, കുടുംബസന്തുഷ്ടി പുസ്തകത്തിന്റെ 68-ാം പേജിലേക്കു തിരിഞ്ഞ് 11-ാം ഖണ്ഡികയുടെ ആദ്യ പകുതിയിൽ കാണുന്ന ഉത്തരം വായിക്കുക. “ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം നേടുന്നതിനുള്ള ഒരു ഉത്കൃഷ്ട മാർഗമാണു പ്രതിവാര ബൈബിളധ്യയനം.” ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക സമർപ്പിക്കുക. അതിലുള്ള 16 അധ്യായങ്ങൾ ബൈബിളിന്റെ സന്ദേശത്തെക്കുറിച്ചുള്ള അടിസ്ഥാനം പ്രദാനം ചെയ്യുന്നുവെന്നു വിശദീകരിക്കുക. 2-ാം പേജിലുള്ള മുഖവുര വായിക്കുക. എന്നിട്ട്, ഒന്നാം പാഠം ഒരുമിച്ചു ചർച്ച ചെയ്യുക.
6 വീടുതോറുമുള്ള വേലയിലോ ഒരുപക്ഷേ ഒരു പാർക്കിലോ കളിസ്ഥലത്തോ നിങ്ങൾ ഒരു മാതാവിനെ അല്ലെങ്കിൽ പിതാവിനെ കണ്ടുമുട്ടുന്നുവെങ്കിൽ ഇങ്ങനെ ചോദിച്ചുകൊണ്ടു നിങ്ങൾക്കു താത്പര്യമുണർത്താനാകും:
◼“കുട്ടികളെ വളർത്തുന്നത് ഒരു യഥാർഥ വെല്ലുവിളിയാണെന്നു നിങ്ങൾ സമ്മതിക്കുമെന്ന് എനിക്കുറപ്പുണ്ട്. ആരോഗ്യാവഹമല്ലാത്ത സ്വാധീനങ്ങളിൽനിന്നു കുടുംബത്തെ സംരക്ഷിക്കാൻ ഏതു സംഗതിക്കു കഴിയുമെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] എനിക്കു വിലമതിപ്പു തോന്നിയ ഏതാനും നല്ല ഉപദേശങ്ങളിതാ.” കുടുംബസന്തുഷ്ടി പുസ്തകത്തിന്റെ 90-ാം പേജിലെ 1-ാം ഖണ്ഡികയിലുള്ള ദൃഷ്ടാന്തം വിവരിച്ചിട്ട് 2-ാം ഖണ്ഡിക വായിക്കുക. കുടുംബത്തെ നശീകരണ സ്വാധീനങ്ങളിൽനിന്നു സംരക്ഷിക്കുന്ന സന്തുലിതമായ മാർഗനിർദേശം അതു പ്രദാനം ചെയ്യുന്നവിധം വിശദീകരിക്കുക. പുസ്തകം സമർപ്പിച്ചിട്ട്, ഉയർന്നുവന്നേക്കാവുന്ന ഏതൊരു ചോദ്യത്തിനും ഉത്തരം നൽകാൻ നിങ്ങളെത്തന്നെ ലഭ്യമാക്കുക.
7 “കുടുംബസന്തുഷ്ടി” പുസ്തകം സ്വീകരിച്ച ഒരു മാതാവിനെയോ പിതാവിനെയോ രണ്ടാമതു സന്ദർശിക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ സംഭാഷണം തുടരാവുന്നതാണ്:
◼“നിങ്ങൾ കുട്ടികളുടെ കാര്യത്തിൽ ആത്മാർഥമായി ശ്രദ്ധിക്കുന്നുവെന്നും തെറ്റായ സ്വാധീനങ്ങളിൽനിന്ന് അവരെ സംരക്ഷിക്കാൻ നിങ്ങളാലാകുന്നതു ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും നാം ആദ്യം കണ്ടുമുട്ടിയപ്പോൾതന്നെ എനിക്കു മനസ്സിലായി. ഞാൻ നിങ്ങൾക്കു തന്നിട്ടുപോയ പുസ്തകം ഒരുപക്ഷേ നിങ്ങൾ വായിച്ചിരിക്കില്ല. എന്നാൽ അതിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രസ്താവനയുണ്ട്. [59-ാം പേജിലുള്ള 19-ാം ഖണ്ഡിക വായിക്കുക.] ദൈവവുമായി ഒരു ബന്ധം വളർത്തിയെടുക്കുന്നതിനു നാം അവനെ തന്റെ ലിഖിത വചനമായ ബൈബിളിലൂടെ അറിയേണ്ട ആവശ്യമുണ്ട്. ഒരു കുടുംബമെന്ന നിലയിൽ എങ്ങനെ ബൈബിൾ പഠിക്കണമെന്നു ഞാൻ കാണിച്ചുതരട്ടേ?”
8 സന്തുഷ്ടിയിലേക്കുള്ള പാത കണ്ടെത്താൻ കുടുംബങ്ങളെ സഹായിക്കാൻ ലൗകിക ഉപദേഷ്ടാക്കൾക്കു കഴിയുകയില്ല, അത് അവരെ നിരാശപ്പെടുത്തുകയേ ഉള്ളൂ. നമുക്ക് കുടുംബസന്തുഷ്ടി പുസ്തകം വ്യാപകമായി വിതരണം ചെയ്യാം. അങ്ങനെ, നിലനിൽക്കുന്ന ഭാവി സുരക്ഷിതമാക്കുന്നതിന് എങ്ങുമുള്ള ജനങ്ങളെ സഹായിക്കാം.—1 തിമൊ. 6:19.