പ്രായംചെന്നവർ ഇടതടവില്ലാതെ പ്രസംഗിക്കുന്നു
1 പ്രായംചെല്ലുന്നതോടെ അനേകമാളുകൾ, പതിവായി ചെയ്തുകൊണ്ടിരിക്കുന്ന ലൗകിക ജോലിയിൽനിന്നു വിരമിച്ച് ശിഷ്ടകാലം ആയാസരഹിതമായ ജീവിതം ആസ്വദിക്കുന്നതിനായി നോക്കിപ്പാർത്തിരിക്കുന്നു. വേണ്ടത്ര കഠിനാധ്വാനം ചെയ്തെന്നും ഇനി വിശ്രമമാണ് ആവശ്യമെന്നും അവർക്കു തോന്നിയേക്കാം. അല്ലെങ്കിൽ, ശിഷ്ടകാലം പരമാവധി ആസ്വദിക്കുകമാത്രമായിരിക്കാം അവരുടെ ലക്ഷ്യം.—ലൂക്കൊ. 12:19.
2 യഹോവയുടെ സമർപ്പിത ദാസന്മാരെന്ന നിലയിൽ നമുക്കു ജീവിതത്തെക്കുറിച്ച് ഒരു വ്യത്യസ്ത വീക്ഷണമാണുള്ളത്. ദൈവസേവനത്തിൽ വിരമിക്കലില്ലെന്നു നമുക്കറിയാം. ‘നിത്യജീവനായി കാത്തിരിക്കുന്നതുകൊണ്ടു’ നമുക്കു ക്രിയാത്മകമായ വീക്ഷണമുണ്ട്. (യൂദാ 21) വർഷങ്ങളിലൂടെ ആർജിച്ച അറിവും അനുഭവസമ്പത്തും ഒരു വ്യക്തിയുടെ വിവേചനയും ഉൾക്കാഴ്ചയും മെച്ചപ്പെടുത്തിയേക്കാം. അത് ഒരു വ്യക്തിയെ കൂടുതൽ ജ്ഞാനിയായിത്തീരുന്നതിനും സമനിലയുള്ളവനായിരിക്കുന്നതിനും ജീവനോടു കൂടുതൽ വിലമതിപ്പുള്ളവനായിരിക്കുന്നതിനും പ്രാപ്തനാക്കിയേക്കാം. പ്രസ്തുത ഗുണങ്ങളെല്ലാം സുവാർത്തയുടെ ഒരു ശുശ്രൂഷകനു വളരെയധികം പ്രയോജനം ചെയ്യുന്നു.
3 ശാരീരികമായി പ്രായംചെല്ലുന്നതുകൊണ്ടു മാത്രം ഒരുവനു പ്രായംചെന്നെന്നു പറയാനാവില്ല. അതിൽ ഒരുവന്റെ മനോനിലയും ഉൾപ്പെടുന്നുണ്ട്. ദീർഘകാലം ജീവിക്കാൻ ആഗ്രഹിച്ചു യുവത്വം നിലനിർത്താൻ കിണഞ്ഞു പരിശ്രമിക്കുന്നെങ്കിൽ അതിനുള്ള സാധ്യതയേറും. ആത്മീയ അറിവു വർധിപ്പിക്കുകയും അതു മറ്റുള്ളവരുമായി പങ്കിടുകയും ചെയ്തുകൊണ്ട് പ്രായംചെന്നവർക്കു തങ്ങളുടെ ജീവിതം ധന്യമാക്കാൻ സാധിക്കും.—1 കൊരി. 9:23.
4 യഥാർഥജീവിത മാതൃകകൾ: 86-ാം വയസ്സിൽ ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “ഞാൻ സത്യത്തിൽ പിന്നിട്ട 60 വർഷത്തെക്കുറിച്ചു ധ്യാനിക്കുമ്പോൾ ദൈവത്തിന്റെ ഉറപ്പേകുന്ന വാഗ്ദത്തം എന്റെ ഹൃദയത്തിൽ നുരഞ്ഞുപൊന്തുന്നു. അതേ, തന്റെ വിശ്വസ്തരോടു വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന യഹോവ അളവറ്റ സന്തോഷം ആസ്വദിക്കാൻ നമ്മെ അനുവദിക്കുകയാണ്.” (സങ്കീ. 18:25) ഭാര്യയുടെ മരണം തന്റെ മേൽ കനത്ത ആഘാതമേൽപ്പിച്ചതിനെക്കുറിച്ച് പ്രായംചെന്ന ഒരു സഹോദരൻ അനുസ്മരിച്ചു. ഭാര്യയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യം വല്ലാതെ ക്ഷയിക്കാൻ തുടങ്ങി. “എങ്കിലും യഹോവയുടെ അനർഹദയയാൽ രണ്ടു വർഷത്തിനു ശേഷം പയനിയർ സേവനത്തിൽ പ്രവേശിക്കത്തക്കവണ്ണം ഞാൻ ആരോഗ്യം വീണ്ടെടുത്തു. പ്രസംഗ പ്രവർത്തനത്തിലെ ഈ വർധനവു നിമിത്തം എന്റെ ആരോഗ്യം ശരിക്കും മെച്ചപ്പെട്ടതിൽ ഞാൻ യഹോവയോട് എത്രമാത്രം നന്ദിയുള്ളവനാണ്!”
5 പ്രായംചെന്ന അനേകർ തങ്ങളുടെ ആരോഗ്യത്തിനും ശക്തിക്കുമനുസരിച്ച് പ്രസംഗവേലയിൽ ഇടതടവില്ലാതെ തുടരാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നത് എത്രയോ അഭിനന്ദനാർഹമാണ്! അവർക്കു പിൻവരുന്നപ്രകാരം ഉദ്ഘോഷിക്കാൻ നല്ല കാരണമുണ്ട്: “ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.”—സങ്കീ. 71:17.