1998-ലെ “ദൈവമാർഗത്തിലുള്ള ജീവിതം” ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ
1 ഭൂമിയിലെമ്പാടുമുള്ള യഹോവയുടെ ആധുനികകാല ആരാധകർ വർഷംതോറും വലിയ ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ സംബന്ധിക്കാൻ അതിയായ ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുന്നു. അക്കാര്യത്തിൽ അവർ, യെരൂശലേമിൽ യഹോവയെ ആരാധിക്കാൻ പോയപ്പോൾ 122-ാം സങ്കീർത്തനം സന്തോഷപൂർവം ആലപിച്ച പുരാതന ഇസ്രായേലിലെ യഹോവയുടെ വിശ്വസ്ത ദാസന്മാരുടെ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നത്. ആ സങ്കീർത്തനത്തിന്റെ 1-ാം വാക്യം ഇങ്ങനെ വായിക്കുന്നു: “യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.” യെശയ്യാവു 2:2, 3-ലെ നിശ്വസ്ത വാക്കുകൾ നിറവേറിക്കൊണ്ടിരിക്കുന്നു എന്നതിനുള്ള വർധിച്ച തെളിവുകളും അത്തരം സന്ദർഭങ്ങളിൽ നാം കാണുന്നു.
2 “യഹോവയുടെ വഴി . . . ഒരു ദുർഗ്ഗ”മാണ് എന്ന് സദൃശവാക്യങ്ങൾ 10:29 നമ്മെ ഓർമിപ്പിക്കുന്നു. എത്ര സമുചിതമായ ഒരു വിഷയമാണ് ഈ വർഷത്തെ കൺവെൻഷനുള്ളത്—“ദൈവമാർഗത്തിലുള്ള ജീവിതം”! ഈ ത്രിദിന പരിപാടിയിൽ പ്രസ്തുത വിഷയം എങ്ങനെ ആയിരിക്കും വികസിപ്പിക്കപ്പെടുക? നമുക്കായി തയ്യാറാക്കിയിരിക്കുന്ന വിഭവങ്ങൾക്കായി നാമെല്ലാം തികഞ്ഞ ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുകയാണ്. പരിപാടിയിൽ സുപ്രധാന ആശയങ്ങൾ വിശേഷവത്കരിക്കപ്പെടും.
3 പങ്കുപറ്റാനുള്ള ശ്രമം മൂല്യവത്താണ്: ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങളിലെ യുദ്ധവും പ്രക്ഷോഭങ്ങളും നിമിത്തം അവിടെയുള്ള നമ്മുടെ മിക്ക സഹോദരങ്ങളും ദുരിതങ്ങൾ സഹിച്ചിരിക്കുന്നു. യഹോവയുടെ ജനത്തിന്റെ കൺവെൻഷനുകളെ അവർ തങ്ങളുടെ ആത്മീയ പ്രാണവായുവായി കരുതുന്നു. ചിലർക്ക് ദീർഘ ദൂരം നടക്കേണ്ടതുണ്ട്. എങ്കിലും അവർ ഒരു കൺവെൻഷൻ പോലും മുടക്കുന്നില്ല. കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലെ (മുൻ സയർ) 73 വയസ്സുള്ള ഒരു സഹോദരൻ ഒരു കൺവെൻഷനിൽ സംബന്ധിക്കാനായി ഏതാണ്ട് 450 കിലോമീറ്റർ കാൽനടയായി യാത്രചെയ്തു. 16 ദിവസത്തെ യാത്രയ്ക്കു ശേഷമാണ് അദ്ദേഹം കൺവെൻഷൻ സ്ഥലത്ത് എത്തിച്ചേർന്നത്. കാലെല്ലാം നീരുവന്ന് വീർത്തിരുന്നെങ്കിലും അവിടെ ആയിരിക്കാൻ സാധിച്ചതിൽ അദ്ദേഹം സന്തുഷ്ടൻ ആയിരുന്നു. കൺവെൻഷനു ശേഷം അത്യധികം സന്തോഷവാനും ആത്മീയമായി ബലിഷ്ഠനുമായി അദ്ദേഹം തന്റെ വീട്ടിലേക്കു തിരിച്ചു നടന്നു. അദ്ദേഹം ഈ പതിവു തുടങ്ങിയിട്ട് അനേക വർഷങ്ങളായിരിക്കുന്നു!
4 ഒരു സർക്കിട്ട് സമ്മേളനത്തിൽ സംബന്ധിക്കാനായി മൊസാമ്പിക്കിലെ ഒരു ഡിസ്ട്രിക്റ്റ് മേൽവിചാരകനും ഭാര്യയും കാൽനടയായി ഒരു വലിയ കുന്ന് കയറി മരുഭൂമി പോലുള്ള പ്രദേശം മുറിച്ചുകടന്നു. 45 മണിക്കൂർകൊണ്ടാണ് അവർ ഈ 90 കിലോമീറ്റർ യാത്ര പൂർത്തിയാക്കിയത്. ഈ ദമ്പതികളുടെ ഉത്തമ മാതൃക മുഴുസദസ്സിനെയും പ്രോത്സാഹിപ്പിച്ചു. അവിടെ സന്നിഹിതരായിരുന്ന പല കുടുംബങ്ങളും ഹാജരാകാനായി ഇതുപോലുള്ള ത്യാഗങ്ങൾ സഹിച്ചിരുന്നു. 60 വയസ്സുള്ള ഒരു സഹോദരൻ ഉൾപ്പെടെ, ചിലർ 200 കിലോമീറ്റർ വരെ കാൽനടയായി യാത്രചെയ്തെന്ന് ആ ഡിസ്ട്രിക്റ്റ് മേൽവിചാരകൻ റിപ്പോർട്ടു ചെയ്തു!
5 ഈ വർഷത്തെ കൺവെൻഷനിൽ സംബന്ധിക്കാനായി നിങ്ങൾ വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടോ? സാധ്യതയനുസരിച്ച് നിങ്ങൾക്ക് ദീർഘദൂരം നടക്കേണ്ടതില്ലായിരിക്കാം. എങ്കിലും നിങ്ങൾക്കും കുടുംബത്തിനും കൺവെൻഷനിൽ സംബന്ധിക്കുന്നതിന് കുറച്ച് ശ്രമവും ത്യാഗവുമൊക്കെ വേണ്ടിവരും. മുഴു പരിപാടിയിലും ആദ്യാവസാനം സംബന്ധിക്കാൻ ക്രമീകരിക്കുക. നിരവധി ബൈബിൾ വിദ്യാർഥികൾ സമർപ്പണത്തിലേക്കു പുരോഗമിക്കുകയാണ്. കൺവെൻഷനിൽ ഹാജരാകുന്നത് ഉചിതമായ തീരുമാനം കൈക്കൊള്ളാൻ അവരെ സഹായിക്കും. നിങ്ങളോടൊപ്പം ഹാജരാകാൻ നിങ്ങളുടെ ബൈബിൾ വിദ്യാർഥികളെയും മറ്റു താത്പര്യക്കാരെയും ക്ഷണിച്ചോ?
6 ഒരു ത്രിദിന പരിപാടി: ഈ വർഷം ഇന്ത്യയിൽ 20 കൺവെൻഷനുകൾ നടത്തപ്പെടും. ഇംഗ്ലീഷിനു പുറമേ, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, പഞ്ചാബി, ബംഗാളി, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും കൺവെൻഷനുകൾ നടത്തപ്പെടുന്നതാണ്. ഈ അനുബന്ധത്തിന്റെ 6-ാം പേജിൽ കൺവെൻഷനുകളുടെ തീയതിയും സ്ഥലവും പട്ടികപ്പെടുത്തിയിട്ടുണ്ട്.
7 പ്രത്യേക കുറിപ്പ്: വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ രാവിലെ 9:30-നു പരിപാടി ആരംഭിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 5:00-നും ഞായറാഴ്ച 4:00-നും ആയിരിക്കും പരിപാടി അവസാനിക്കുക. എല്ലാ ദിവസവും രാവിലെ 8:00-നു വാതിലുകൾ തുറക്കുന്നതായിരിക്കും. ജോലി നിയമനങ്ങൾ ഉള്ളവരെ മാത്രമേ അതിനു മുമ്പ് പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ. എന്നുവരികിലും രാവിലെ 8:00-നു മുമ്പ് സീറ്റു പിടിക്കാൻ ആരേയും അനുവദിക്കുന്നതല്ല.
8 കൺവെൻഷൻ സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ അനൗപചാരിക സാക്ഷീകരണം നടത്താനുള്ള അവസരങ്ങൾക്കായി നാമെല്ലാവരും തയ്യാറായിരിക്കേണ്ടതുണ്ട്. പെട്രോൾ പമ്പുകളിലെ ജീവനക്കാർ, കടക്കാർ, ഹോട്ടൽ ഭാരവാഹികൾ, വെയ്റ്റർമാർ തുടങ്ങിയവർ രാജ്യ സന്ദേശത്തിൽ താത്പര്യം പ്രകടിപ്പിച്ചേക്കാം. സുവാർത്തയുമായി മറ്റു പ്രകാരത്തിൽ സമീപിക്കുക സാധ്യമല്ലാത്ത ആളുകളോടു സാക്ഷീകരിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തത്തക്കവണ്ണം ലഘുലേഖകളും പുതിയ ലക്കം മാസികകളും ലഘുപത്രികകളും ഇതര സാഹിത്യങ്ങളും നിങ്ങളോടൊപ്പം കരുതുക.—2 തിമൊ. 3:16.
9 “എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ”: കൺവെൻഷൻ പ്രതിനിധികൾ ലൂക്കൊസ് 8:18-ൽ കാണപ്പെടുന്ന ബുദ്ധ്യുപദേശം ചെവിക്കൊള്ളുന്നത് ജ്ഞാനമാണ്. ബൈബിളും അതുപോലെതന്നെ പാട്ടുപുസ്തകവും നോട്ടുബുക്കും കൊണ്ടുവരുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയാണ്. ഓരോ അവതരണത്തിലും മുഖ്യ ആശയങ്ങൾക്കായി ശ്രദ്ധിക്കുകയും ഹ്രസ്വമായ കുറിപ്പുകൾ എടുക്കുകയും ചെയ്യുക. ആ വിവരങ്ങൾ വ്യക്തിപരമായി എങ്ങനെ ബാധകമാക്കാനാകും എന്ന് സ്വയം ചോദിക്കുക. കൺവെൻഷൻ ദിവസങ്ങളിൽ ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ കുറിപ്പുകൾ പരിശോധിച്ച് യഹോവയുടെ മാർഗത്തിലുള്ള ജീവിതത്തോടു നിങ്ങൾ എത്രകണ്ട് അടുത്തു പറ്റിനിൽക്കുന്നു എന്ന് അവലോകനം ചെയ്യരുതോ?—സദൃ. 4:10-13.
10 പരിപാടിയുടെ സമയത്ത് ചിലർ, അവതരിപ്പിക്കപ്പെടുന്ന വിവരങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ട് ഹാളിൽനിന്നു പുറത്തുപോകുന്നതായും സ്വന്തം വാഹനങ്ങളിൽ ഇരിക്കുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മറ്റു ചിലർ, ഹാളിലിരുന്ന് പരിപാടി ശ്രദ്ധിക്കേണ്ട സമയത്ത് ഇടനാഴിയിലൂടെ അലഞ്ഞു തിരിയുന്നതായും കാണപ്പെട്ടിട്ടുണ്ട്. ഉച്ചകഴിഞ്ഞുള്ള പരിപാടികൾ പകുതി ആകുമ്പോഴേക്കും യുവ പ്രായക്കാരുടെ കൂട്ടങ്ങൾ കൺവെൻഷൻ സ്ഥലത്തുനിന്ന് പുറത്തു പോകുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. യഹോവയുടെ ചില കഴിഞ്ഞകാല ദാസന്മാർ അവന്റെ ഓർമിപ്പിക്കലുകൾക്കു സൂക്ഷ്മ ശ്രദ്ധ കൊടുക്കാഞ്ഞതിന്റെ ഫലമായി ഗുരുതരമായ പാപങ്ങൾ ചെയ്തിട്ടുണ്ട്. അത്തരം തെറ്റുകൾ ഒഴിവാക്കാൻ നാം തീർച്ചയായും ആഗ്രഹിക്കും. (2 രാജാ. 17:13-15) നമുക്കേവർക്കും ആവശ്യമായ വിവരങ്ങൾ “വിശ്വസ്തനും വിവേകിയുമായ അടിമ” തയ്യാറാക്കിയിട്ടുണ്ട്. ത്രിദിന കൺവെൻഷൻ പരിപാടിയുടെ ഓരോ സെഷനിലും ‘കേൾക്കുന്ന കാര്യങ്ങൾക്കു സാധാരണയിൽ കവിഞ്ഞ ശ്രദ്ധ കൊടുക്കുന്നത്’ വിശേഷിച്ചും പ്രധാനമാണ്. നമ്മുടെ ഭാവി ജീവിത രീതിയിൽ തീർച്ചയായും ആരോഗ്യാവഹമായ സ്വാധീനം ചെലുത്താൻ കഴിയുന്ന വിവരങ്ങൾ ഉൾപ്പെടെ, നമ്മുടെ പ്രത്യേക താത്പര്യം അർഹിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ ഓരോ ദിവസവും വിശേഷവത്കരിക്കപ്പെടും. ശ്രദ്ധിക്കുന്നതിനാലും വരാൻപോകുന്ന കൺവെൻഷൻ പരമ്പരകളിലൂടെ യഹോവ ആത്മീയമായി പ്രദാനം ചെയ്യുന്ന വിവരങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തുന്നതിനാലും ദൈവമാർഗത്തിലുള്ള ജീവിതത്തിൽ നിന്ന് “ഒഴുകിപ്പോകാതിരി”ക്കത്തക്കവണ്ണം നമ്മുടെ പ്രത്യാശ ഉറപ്പുള്ളതായിത്തീരും.—മത്താ. 24:45; എബ്രാ. 2:1; NW.
11 യഹോവയെ ബഹുമാനിക്കുന്ന വിധത്തിലുള്ള വസ്ത്രധാരണം: നിർണായകമായ ഈ നാളുകളിൽ, ഈ ലോകത്തിന്റെ ആത്മാവിനു വശംവദരാകാതിരിക്കാൻ നാം സാധാരണയിൽ കവിഞ്ഞ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. (1 കൊരി. 2:12) ലളിതവും നാം ആരാധിക്കുന്ന ദൈവത്തിന്റെ ഔന്നത്യത്തെ പ്രതിഫലിപ്പിക്കുന്നതും ആയിരിക്കണം നമ്മുടെ വസ്ത്രധാരണവും ചമയവും. (1 തിമൊ. 2:9, 10) “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ . . . അലങ്കരി”ക്കുന്നവരോടൊപ്പം ആയിരിക്കാൻ വിലപിടിപ്പുള്ള വസ്ത്രങ്ങളുടെ ആവശ്യമില്ല. (തീത്തൊ. 2:9) 1997 ജൂൺ 15 വീക്ഷാഗോപുരത്തിന്റെ 17, 18 പേജുകളിലെ 14-18 ഖണ്ഡികകളിൽ കൊടുത്തിരിക്കുന്ന പ്രായോഗികവും തിരുവെഴുത്തുപരവുമായ അത്യുത്തമ ബുദ്ധ്യുപദേശം ശ്രദ്ധിക്കുക. യഹോവയെ ബഹുമാനിക്കുന്ന വിധത്തിലുള്ള വസ്ത്രധാരണത്തിലൂടെ നമുക്കു കൊടുക്കാനാകുന്ന ശക്തമായ സാക്ഷ്യത്തെ ഒരിക്കലും വിലകുറച്ചു കാണരുത്.
12 സെഷനുകൾക്കു ശേഷം തന്റെ ആങ്ങളയോടൊപ്പം വൈകുന്നേരം ഒരു റെസ്റ്ററന്റിൽ ചെന്നപ്പോൾ, അനുചിതമായി വസ്ത്രം ധരിച്ച ചില സഹോദരീസഹോദരന്മാർ അവിടെ ഇരിക്കുന്നത് തങ്ങളുടെ ശ്രദ്ധയിൽ പെട്ടെന്ന് 16 വയസ്സുകാരിയായ ഒരു സാക്ഷി വിവരിച്ചു. എന്നുവരികിലും, തങ്ങളുടെ ബാഡ്ജ് കാർഡുകൾ സഹിതം, ഉചിതമായി വസ്ത്രം ധരിച്ച സാക്ഷികളെ കണ്ടപ്പോൾ റെസ്റ്ററന്റിലെ പല വിശിഷ്ട വ്യക്തികളും അനുകൂലമായി പ്രതികരിച്ചു. അവരിൽ ചിലർക്കു സാക്ഷ്യം നൽകുന്നതിന് ഇതു വഴിതുറന്നു.
13 യഹോവയ്ക്കു സ്തുതി കരേറ്റുന്ന നടത്ത: സത്യാരാധനയോടുള്ള മറ്റുള്ളവരുടെ വീക്ഷണത്തെ നമ്മുടെ ക്രിസ്തീയ നടത്തയ്ക്കു സ്വാധീനിക്കാനാകും എന്നു നമുക്ക് അറിയാം. ആയതിനാൽ, നമ്മുടെ നടത്ത എല്ലായ്പോഴും സുവിശേഷത്തിനു യോഗ്യമാംവണ്ണവും യഹോവയ്ക്കു സ്തുതി കരേറ്റുന്ന വിധത്തിലും ആയിരിക്കണം.—ഫിലി. 1:27.
14 കഴിഞ്ഞ വർഷം, അംഗോളയുടെ വടക്കു ഭാഗത്ത് ആദ്യമായി ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷൻ നടത്തപ്പെടുകയുണ്ടായി. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി കൺവെൻഷന്റെ രണ്ടാം ദിവസം രണ്ടു പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെ കൺവെൻഷൻ സ്ഥലത്തേക്ക് അയച്ചു. അന്നു മുഴുവൻ അവർ അവിടെ ചെലവഴിച്ചു. പരിപാടിക്കു ശേഷം തങ്ങൾ കേട്ടതിനോടും തങ്ങൾ നിരീക്ഷിച്ച അടുക്കും ചിട്ടയുമുള്ള നടത്തയോടുമുള്ള വിലമതിപ്പ് അവർ പ്രകടിപ്പിച്ചു. അവരിൽ ഒരാൾ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഞങ്ങളെ എന്തിനാണ് ഇങ്ങോട്ടയച്ചത്? തങ്ങളുടെ കൂടിവരവുകളിൽ യഹോവയുടെ സാക്ഷികൾ ക്രമസമാധാനം കാത്തുസൂക്ഷിക്കുന്നുവെന്ന് ഞങ്ങൾക്ക് അറിയാം.”
15 തന്റെ പാർട്ടിയിലെ മറ്റെല്ലാ അംഗങ്ങളും കൊല്ലപ്പെട്ടപ്പോൾ ഒരു ആഫ്രിക്കൻ രാജ്യത്തെ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട ഒരാൾ യൂറോപ്പിലേക്ക് പലായനം ചെയ്തു. വ്യക്തിപരമായ നിരവധി പ്രശ്നങ്ങൾ അനുഭവിച്ച അദ്ദേഹം ആകെ നിരുത്സാഹിതനായി. ഒടുവിൽ അദ്ദേഹം ഒരു ബൈബിൾ അധ്യയനം സ്വീകരിച്ചു. ആദ്യമായി ഡിസ്ട്രിക്റ്റ് കൺവെൻഷനു ഹാജരായപ്പോൾ, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾ സമാധാനത്തിലും ഐക്യത്തിലും കൂടിവന്നിരിക്കുന്നത് അദ്ദേഹത്തിൽ മതിപ്പുളവാക്കി. താൻ സത്യം കണ്ടെത്തിയെന്ന് അദ്ദേഹത്തിനു ബോധ്യമായി. തന്റെ എല്ലാ രാഷ്ട്രീയ ബന്ധങ്ങളും നിർത്തലാക്കാൻ ആ കൺവെൻഷനിൽവെച്ച് അദ്ദേഹം തീരുമാനിച്ചുറച്ചു. പിന്നീട് സ്നാപനമേറ്റ അദ്ദേഹം ഇപ്പോൾ കുട്ടികളുമൊത്ത് യഹോവയെ സേവിക്കുകയാണ്.
16 ഈ വർഷത്തെ കൺവെൻഷനിലെ നമ്മുടെ നടത്ത ആദ്യമായി കൺവെൻഷനിൽ സംബന്ധിക്കാൻ വരുന്നവരെ എങ്ങനെ ബാധിക്കും? സ്വമേധയാ സേവകരായി ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ പ്രകടമാകുന്ന സഹകരണത്തിന്റെ ആത്മാവ് അവർ ശ്രദ്ധിക്കുമോ? ചുറ്റുപാടുകളുടെ ശുചിത്വവും കൺവെൻഷൻ സ്ഥലത്തുനിന്ന് പോകുന്നതിനു മുമ്പ് നമ്മുടെ ഇരിപ്പിടത്തിന്റെ സമീപത്തായി കിടന്നേക്കാവുന്ന പാഴ്വസ്തുക്കൾ നാമും നമ്മുടെ കുട്ടികളും എടുത്തു കളയുന്നതും കാണുന്നതിനാൽ അവരിൽ മതിപ്പുളവാകുമോ? കൺവെൻഷൻ സ്ഥലത്തേക്കും താമസസ്ഥലത്തേക്കും തിരിച്ചു വീട്ടിലേക്കും യാത്ര ചെയ്യവേ, അവർ നമ്മുടെ നല്ല നടത്ത നിരീക്ഷിക്കുമോ? മാതാപിതാക്കളെന്ന നിലയിൽ നാം നമ്മുടെ കുട്ടികളെ എല്ലായ്പോഴും ശ്രദ്ധിക്കുന്നത് അവർ കാണുമോ? നമ്മെ നിരീക്ഷിക്കുന്നവരിൽ നാം വളരെ മെച്ചപ്പെട്ട ഒരു ധാരണ ഉളവാക്കുമെന്നു നമുക്കു തീർച്ചയുള്ളവരായിരിക്കാം.
17 കൺവെൻഷന്റെ ചെലവു വഹിക്കൽ: ഇന്നത്തെ ലോകത്തിൽ, കായിക മത്സരമോ മറ്റു പരിപാടികളോ നടത്തപ്പെടുന്ന ഒരു സ്റ്റേഡിയത്തിലോ കൺവെൻഷൻ ഹാളിലോ ഇരിപ്പിടത്തിനായുള്ള ഒരു ടിക്കറ്റ് കിട്ടുക വളരെ ചെലവേറിയതാണ്. വൻനഗരങ്ങളിലെ ഉയർന്ന വാടകയാണ് ഇതിന്റെ ഭാഗികമായ കാരണം. “ഇരിപ്പിടങ്ങൾ സൗജന്യം, പണപ്പിരിവില്ല” എന്ന നയമാണ് കൺവെൻഷനുകളിൽ സൊസൈറ്റി കൈക്കൊണ്ടിരിക്കുന്നത്. അപ്പോൾ വാടകയും മറ്റു കൺവെൻഷൻ ചെലവുകളും എങ്ങനെയാണ് നടത്തപ്പെടുക? സദസ്യരുടെ ഔദാര്യപൂർവമുള്ള സംഭാവനകളാൽ. യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും അനുകരിച്ചുകൊണ്ട് കഴിഞ്ഞകാല ദൈവദാസന്മാർ പ്രകടിപ്പിച്ച ഔദാര്യ മനോഭാവം നിങ്ങളും പ്രദർശിപ്പിക്കും എന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്. (2 കൊരി. 8:7) ലഭിക്കുന്ന സംഭാവന മുഴുവനും നന്നായി സൂക്ഷിക്കുന്നെന്നും കണക്കിൽ ചേർക്കുന്നെന്നും ഉദ്ദിഷ്ട ലക്ഷ്യങ്ങൾക്കായി വിനിയോഗിക്കുന്നെന്നും ഉറപ്പുവരുത്താൻ നല്ല ശ്രദ്ധ നൽകപ്പെടുന്നു. ചെക്കായി അയയ്ക്കുന്ന സംഭാവനകൾ “വാച്ച്ടവറി”ന് പണമാക്കി മാറ്റാവുന്ന വിധത്തിൽ ആയിരിക്കണം പൂരിപ്പിക്കേണ്ടത്.
18 ഇരിപ്പിട ക്രമീകരണം: വർഷങ്ങളായി നൽകിപ്പോരുന്ന നിർദേശങ്ങൾ തുടർന്നും ബാധകമായിരിക്കും. അതായത്, അടുത്ത കുടുംബാംഗങ്ങൾക്കും നിങ്ങളുടെ കൂട്ടത്തിൽ യാത്രചെയ്യുന്നവർക്കും മാത്രമേ ഇരിപ്പിടങ്ങൾ കരുതിവെക്കാവൂ. ഈ കാര്യത്തിൽ നല്ല പുരോഗതി വരുത്തുന്നതു കാണുന്നത് പ്രോത്സാഹജനകമാണ്. കൂടാതെ അത് കൺവെൻഷനിൽ പ്രകടമായിരിക്കുന്ന സ്നേഹപുരസ്സരമായ അന്തരീക്ഷത്തിനു മാറ്റുകൂട്ടിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും, ചില ഇരിപ്പിടങ്ങൾ മറ്റുള്ളവയെക്കാൾ സൗകര്യപ്രദമാണ്. ദയവുചെയ്ത് പരിഗണന ഉള്ളവരായിരിക്കുക, കൂടുതൽ സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ, പ്രായമായവർ പോലെ അവയുടെ ആവശ്യമുള്ളവർക്കായി ഒഴിച്ചിടുക. ‘സ്നേഹം സ്വാർത്ഥം അന്വേഷിക്കുന്നില്ല’ എന്ന് ഓർക്കുക.—1 കൊരി. 13:4, 5; ഫിലി. 2:4.
19 ക്യാമറകൾ, വീഡിയോ ക്യാമറകൾ, ടേപ്പ് റെക്കോർഡറുകൾ: ക്യാമറകളും മറ്റു റെക്കോർഡിങ് ഉപകരണങ്ങളും കൺവെൻഷന് ഉപയോഗിക്കാവുന്നതാണ്. എന്നാൽ മറ്റുള്ളവരുടെ ശ്രദ്ധ പതറിക്കുന്ന വിധത്തിൽ നാം അവ ഉപയോഗിക്കരുത്. സെഷന്റെ സമയത്തു ചിത്രങ്ങൾ എടുത്തുകൊണ്ട് ചുറ്റിക്കറങ്ങുന്നത്, പരിപാടി ശ്രദ്ധിക്കാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധ പതറിക്കും. വൈദ്യുതി, ശബ്ദ സംവിധാനങ്ങളുമായി യാതൊരു തരത്തിലുള്ള റെക്കോർഡിങ് ഉപകരണങ്ങളും ബന്ധിപ്പിക്കരുത്. ഇടപ്പാതകളിലോ നടപ്പാതകളിലോ മറ്റുള്ളവർ പരിപാടി വീക്ഷിക്കുന്നതിനോ അവ തടസ്സം സൃഷ്ടിക്കാനും പാടില്ല.
20 പ്രഥമശുശ്രൂഷ: പ്രഥമശുശ്രൂഷാ വിഭാഗം അടിയന്തിര ആവശ്യങ്ങൾക്കു മാത്രമുള്ളതാണ്. ആസ്പിരിൻ, ദഹന സഹായികൾ, ബാൻഡേജുകൾ, സേഫ്റ്റി പിന്നുകൾ തുടങ്ങിയ വസ്തുക്കൾ കൺവെൻഷൻ സ്ഥലത്ത് ലഭിക്കുകയില്ലാത്തതിനാൽ ദയവായി നിങ്ങൾതന്നെ കരുതേണ്ടതുണ്ട്. അപസ്മാരം, ഇൻസുലിൻ ഷോക്ക്, ഹൃദയ സംബന്ധമായ തകരാറുകൾ തുടങ്ങിയ രോഗങ്ങളുള്ളവർ തങ്ങൾക്ക് ആവശ്യമുള്ള മരുന്നുകളെല്ലാം കയ്യിൽ കരുതണം. അടിയന്തിര സന്ദർഭങ്ങളിൽ സഹായമേകാനായി അവരുടെ സാഹചര്യം സംബന്ധിച്ച് അറിവുള്ള ഒരു കുടുംബാംഗമോ സഭാംഗമോ അവരോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ്. വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കു കൺവെൻഷൻ സ്ഥലത്തുവെച്ച് രോഗം മൂർച്ഛിച്ചപ്പോൾ അവരോടൊപ്പം ആളില്ലാതിരുന്നതിനാൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് സഹായമേകാൻ കുടുംബാംഗങ്ങൾ ഇല്ലാത്തപക്ഷം, മൂപ്പന്മാർ സാഹചര്യം വിലയിരുത്തി സഹായിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ട ആവശ്യമുണ്ട്. കാലാവസ്ഥാജന്യ രോഗങ്ങളും അലർജികളും ഉള്ളവർക്ക് താമസിക്കാനായി കൺവെൻഷൻ സ്ഥലത്ത് പ്രത്യേക മുറികൾ ഒരുക്കുക സാധ്യമല്ല.
21 കൺവെൻഷൻ ഭക്ഷ്യാവശ്യങ്ങൾ: ഉച്ചയ്ക്കത്തെ ഹ്രസ്വമായ ഇടവേളയിൽ പുറത്തുപോയി എന്തെങ്കിലും വാങ്ങാൻ ശ്രമിക്കുന്നതിനു പകരം, സന്നിഹിതനാകുന്ന ഓരോ വ്യക്തിയും തനിക്കു വേണ്ട ഭക്ഷണം കൊണ്ടുവരണം. പോഷകപ്രദവും കൊണ്ടുവരാൻ എളുപ്പവുമായ ലഘുഭക്ഷണം മതിയാകും. കൊണ്ടുവരാവുന്ന വസ്തുക്കൾ സംബന്ധിച്ച് 1995 ജൂലൈയിലെ നമ്മുടെ രാജ്യ ശുശ്രൂഷ ചില ആശയങ്ങൾ പ്രദാനം ചെയ്യുന്നു. ചില്ലു പാത്രങ്ങളും ലഹരിപാനീയങ്ങളും കൺവെൻഷൻ സ്ഥലത്ത് അനുവദനീയമല്ല. ഭക്ഷണം കൊണ്ടുവരുന്ന പാത്രങ്ങളും സഞ്ചികളും മറ്റും നിങ്ങളുടെ ഇരിപ്പിടത്തിന് അടിയിൽ ഒതുങ്ങുന്നവ ആയിരിക്കണം. സദസ്യരിൽ ചിലർ പരിപാടിയുടെ സമയത്ത് തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സന്ദർഭത്തോടുള്ള അനാദരവിനെ സൂചിപ്പിക്കുന്നു.
22 1998-ലെ “ദൈവമാർഗത്തിലുള്ള ജീവിതം” കൺവെൻഷൻ പെട്ടെന്നുതന്നെ തുടങ്ങുമെന്നതിൽ നാം എത്ര സന്തുഷ്ടരാണ്! സംബന്ധിക്കാനായി നിങ്ങൾ കാര്യാദികളെല്ലാം ആസൂത്രണം ചെയ്തോ? നിങ്ങളുടെ യാത്ര സുരക്ഷിതമായിരിക്കട്ടെ. നവോന്മേഷിതരായി വീട്ടിൽ തിരിച്ചെത്തി യഹോവയുടെ അമൂല്യ സേവനത്തിൽ മുന്നേറാനും നിങ്ങളുടെ നിത്യാനുഗ്രഹങ്ങളിൽ കലാശിക്കുന്ന ദൈവമാർഗത്തിലുള്ള ജീവിതം തുടരാനും ദൃഢനിശ്ചയം ചെയ്യാൻ ഇടയാകട്ടെ.
കൺവെൻഷൻ ഓർമിപ്പിക്കലുകൾ
▪ സ്നാപനം: ശനിയാഴ്ച രാവിലെ പരിപാടികൾ തുടങ്ങുന്നതിനു മുമ്പ് സ്നാപനാർഥികൾ തങ്ങൾക്കായി നിശ്ചയിച്ചിരിക്കുന്ന ഭാഗത്തെ ഇരിപ്പിടങ്ങളിൽ ഇരിക്കേണ്ടതാണ്. സ്നാപനമേൽക്കാൻ ആസൂത്രണം ചെയ്യുന്ന ഓരോ വ്യക്തിയും ഉചിതമായ സ്നാപന വസ്ത്രവും തോർത്തും കൊണ്ടുവരേണ്ടതാണ്. കഴിഞ്ഞ കാലത്ത് ചിലർ അനുചിതവും അവസരത്തിനു ചേരാത്തതുമായ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്. നമ്മുടെ ശുശ്രൂഷ പുസ്തകത്തിലെ ചോദ്യങ്ങൾ സ്നാപനാർഥികളുമായി പുനരവലോകനം ചെയ്യുന്ന മൂപ്പന്മാർ, ഓരോ വിദ്യാർഥിയും ഈ ആശയങ്ങൾ മനസ്സിലാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഒരുവന്റെ സമർപ്പണത്തിന്റെ പ്രതീകമായുള്ള സ്നാപനം ആ വ്യക്തിയും യഹോവയും തമ്മിലുള്ള സ്വകാര്യവും വ്യക്തിപരവുമായ ഒരു കാര്യമാണ്. അതുകൊണ്ട് സ്നാപനാർഥികൾ കെട്ടിപ്പിടിച്ചോ കൈകോർത്തു പിടിച്ചോ സ്നാപനമേൽക്കുന്നത് അനുചിതമാണ്.
▪ ബാഡ്ജ് കാർഡുകൾ: കൺവെൻഷൻ നഗരിയിൽ ആയിരിക്കുമ്പോഴും കൺവെൻഷൻ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രയിലും 1998 ബാഡ്ജ് കാർഡ് ദയവായി ധരിക്കുക. നല്ലൊരു സാക്ഷ്യം കൊടുക്കാൻ ഇതു മിക്കപ്പോഴും അവസരമേകുന്നു. ബാഡ്ജ് കാർഡുകളും ഹോൾഡറുകളും നിങ്ങളുടെ സഭ മുഖാന്തരം വാങ്ങേണ്ടതാണ്. കൺവെൻഷൻ സ്ഥലത്ത് അവ ലഭ്യമായിരിക്കുന്നതല്ല. നിങ്ങൾക്കും കുടുംബത്തിനുംവേണ്ടി കാർഡുകൾ ആവശ്യപ്പെടാൻ കൺവെൻഷന്റെ ഏതാനും ദിവസം മുമ്പുവരെ കാത്തിരിക്കരുത്. നിങ്ങളുടെ നിലവിലുള്ള മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡ് എടുക്കാൻ ഓർമിക്കണം.
▪ താമസസൗകര്യം: ഇക്കാര്യത്തിൽ എന്തെങ്കിലും പ്രശ്നം നേരിടുന്നപക്ഷം കൺവെൻഷൻ സ്ഥലത്തുവെച്ചുതന്നെ അത് താമസസൗകര്യ ഡിപ്പാർട്ടുമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ദയവായി വിമുഖത കാട്ടരുത്. കാരണം ഉടൻതന്നെ പ്രശ്നം പരിഹരിക്കാൻ അവർക്കു നിങ്ങളെ സഹായിക്കാനാകും. അനുയോജ്യമായ കൺവെൻഷൻ ആസ്ഥാന മേൽവിലാസത്തിൽ ഓരോ സഭയുടെയും സെക്രട്ടറിമാർ മുറികൾക്കുള്ള അപേക്ഷാ ഫാറങ്ങൾ സത്വരം അയയ്ക്കണം. നിങ്ങൾക്ക് ഏതെങ്കിലും താമസസൗകര്യം റദ്ദാക്കേണ്ടതുണ്ടെങ്കിൽ ദയവായി എത്രയും പെട്ടെന്ന് കൺവെൻഷൻ താമസസൗകര്യ ഡിപ്പാർട്ടുമെന്റിനെ വിവരം അറിയിക്കുക. അങ്ങനെയാകുമ്പോൾ ആ മുറി മറ്റാർക്കെങ്കിലും കൊടുക്കാൻ സാധിക്കും.
▪ സ്വമേധയാ സേവനം: കൺവെൻഷനിലെ ഏതെങ്കിലും ഒരു ഡിപ്പാർട്ടുമെന്റിൽ സഹായിക്കാനായി നിങ്ങൾക്കു കുറച്ചു സമയം നീക്കിവെക്കാൻ കഴിയുമോ? ഏതാനും മണിക്കൂറുകൾ ആണെങ്കിൽപ്പോലും നമ്മുടെ സഹോദരങ്ങളെ സേവിക്കുന്നത് വളരെ സഹായകം ആയിരിക്കും. അത് ആത്മസംതൃപ്തി നൽകുകയും ചെയ്യുന്നു. നിങ്ങൾ സഹായിക്കാൻ സന്നദ്ധനാണെങ്കിൽ, കൺവെൻഷനിലെ സ്വമേധയാ സേവന ഡിപ്പാർട്ടുമെന്റിനെ അറിയിക്കുക. മാതാവിന്റെയോ പിതാവിന്റെയോ കൂടെ, അല്ലെങ്കിൽ ഉത്തരവാദിത്വമുള്ള മുതിർന്ന ആരുടെയെങ്കിലുമോ കൂടെ പ്രവർത്തിച്ചുകൊണ്ട് 16 വയസ്സിനു താഴെയുള്ള കുട്ടികൾക്കും ഒരു നല്ല സഹായം ആയിരിക്കാവുന്നതാണ്.
▪ മുന്നറിയിപ്പിൻ വാക്കുകൾ: നിങ്ങളുടെ വാഹനം എല്ലായ്പോഴും പൂട്ടിയിട്ടിരിക്കുന്നു എന്ന് ഉറപ്പുവരുത്തുക. ഉള്ളിൽ കടക്കാൻ പ്രലോഭിപ്പിക്കുംവിധം ദൃശ്യമായി യാതൊന്നും നിങ്ങളുടെ വാഹനത്തിൽ വെക്കരുത്. വലിയ കൂട്ടങ്ങളിലാണ് കള്ളന്മാരും പോക്കറ്റടിക്കാരും കണ്ണുവെക്കുന്നത്. വിലപിടിപ്പുള്ള സാധനങ്ങൾ ഇരിപ്പിടത്തിൽ വെച്ചിട്ടു പോകുന്നതു ബുദ്ധിയല്ല. ചുറ്റുമുള്ള എല്ലാവരും ക്രിസ്ത്യാനികളാണെന്ന് യാതൊരു ഉറപ്പുമില്ല. എന്തിനാണ് പ്രലോഭനം വെച്ചുനീട്ടുന്നത്? കുട്ടികളെ വശീകരിച്ചുകൊണ്ടുപോകാൻ പുറത്തുള്ള ചിലർ ശ്രമിച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. കുട്ടികളുടെമേൽ സദാ ഒരു കണ്ണുണ്ടായിരിക്കുക.
പല ഹോട്ടലുകളിലുമുള്ള ടെലിവിഷൻ-വീഡിയോ പരിപാടികൾ മിക്കപ്പോഴും അശ്ലീല കാര്യങ്ങളെയാണ് വിശേഷവത്കരിക്കുന്നത്. മേൽനോട്ടമില്ലാതെ കുട്ടികളെ മുറിയിൽ ടെലിവിഷൻ കാണാൻ അനുവദിക്കരുത്.
കൺവെൻഷൻ കാര്യങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കൺവെൻഷൻ ഓഡിറ്റോറിയത്തിന്റെ ഭാരവാഹികൾക്കു ഫോൺ ചെയ്യുകയോ എഴുതുകയോ അരുത്. മൂപ്പന്മാരിൽനിന്നു വിവരങ്ങൾ ലഭ്യമല്ലെങ്കിൽ, 1998 മേയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 5-ാം പേജിൽ കാണുന്ന ഏതെങ്കിലുമൊരു കൺവെൻഷൻ വിലാസത്തിൽ നിങ്ങൾക്ക് എഴുതാവുന്നതാണ്. കോയമ്പത്തൂരിലോ മധുരയിലോവെച്ച് നടത്തപ്പെടുന്ന കൺവെൻഷനിൽ സംബന്ധിക്കാനാണ് നിങ്ങൾ ആസൂത്രണം ചെയ്യുന്നതെങ്കിൽ, കൺവെൻഷൻ ആസ്ഥാന വിലാസങ്ങൾ ഈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 7-ാം പേജിൽ കൊടുത്തിരിക്കുന്നു.