ലഘുലേഖകൾ-സുവാർത്ത അവതരിപ്പിക്കാനുള്ള ലളിതവും ഫലകരവുമായ മാർഗം
1 1881 മുതൽ തന്നെ യഹോവയുടെ ജനം തങ്ങളുടെ ശുശ്രൂഷയിൽ ലഘുലേഖകൾ (ട്രാക്റ്റ്) ഉപയോഗിച്ചു കൊണ്ടാണിരിക്കുന്നത്. ചാൾസ് റ്റെയ്സ് റസ്സൽ സഹോദരൻ അവയുടെ മൂല്യം തിരിച്ചറിഞ്ഞ് നമ്മുടെ ആദ്യത്തെ നിയമാനുസൃത കോർപ്പറേഷനെ സയൺസ് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി എന്നു നാമകരണം ചെയ്തു. എന്നാൽ നമ്മെ സംബന്ധിച്ചോ? ലഘുലേഖകളുടെ ഉപയോഗം നമ്മുടെ ശുശ്രൂഷയുടെ ഒരു പ്രധാന ഭാഗമാണോ?
2 പ്രത്യേകിച്ചും, 1987 മുതൽ ലഘുലേഖയുടെ ഉപയോഗത്തിന് സൊസൈറ്റി വീണ്ടും ഊന്നൽ കൊടുക്കുകയും ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളെ തരണം ചെയ്യാൻ ആളുകളെ സഹായിക്കുന്ന വൈവിധ്യമാർന്ന വിഷയങ്ങളോടുകൂടിയ അനേകം ലഘുലേഖകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു. ബൈബിൾ, കുടുംബം, നാം ജീവിക്കുന്ന കാലത്തിന്റെ അർഥം, മരണവും പുനരുത്ഥാനവും, മനുഷ്യവർഗത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ലഘുലേഖകൾ അതിന് ഉദാഹരണങ്ങളാണ്.
3 ഈ ലഘുലേഖകളിലെ വിവരങ്ങൾ നമ്മിൽ മിക്കവർക്കും പരിചിതമാണ്. അവ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. അനുയോജ്യമായ ഒരു ലഘുലേഖ ഉപയോഗിച്ചു വീട്ടുകാരനുമായി സംഭാഷണം തുടങ്ങാൻ വളരെ എളുപ്പമാണെന്നു നമുക്കറിയാം. ശുശ്രൂഷയിൽ ആദ്യമായി ഏർപ്പെടുന്നവരെ സംബന്ധിച്ച് ഇതു വിശേഷാൽ സത്യമാണ്. മാതാപിതാക്കളോടൊത്തു വയൽസേവനത്തിൽ ആയിരിക്കുമ്പോൾ കൊച്ചുകുട്ടികളും ലഘുലേഖയുടെ സമർപ്പണം ആസ്വദിക്കുന്നു.
4 ലഘുലേഖകൾ എല്ലാ ഭാഷകളിലുംതന്നെ ലഭ്യമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ അടുക്കൽ എത്തിച്ചേരാൻ അതു നമ്മെ പ്രാപ്തരാക്കുന്നു. രാജ്യത്തെ വായനാപ്രാപ്തിയുള്ള ഓരോ വ്യക്തിയുടെയും പക്കൽ അവരുടെ മാതൃഭാഷയിലുള്ള ഒരു ലഘുലേഖ ഉണ്ടെങ്കിൽ എത്ര നല്ലതാണ്. പണം ഈടാക്കുന്നില്ലാത്തതുകൊണ്ട് ദരിദ്രർക്കും ലഘുലേഖയിൽനിന്നു പ്രയോജനം നേടാൻ കഴിയും. വ്യത്യസ്ത വിഷയങ്ങളെപ്പറ്റി പല ഭാഷകളിലുള്ള ലഘുലേഖകൾ എപ്പോഴും കൂടെ കൊണ്ടുപോകുന്നതിനും എളുപ്പമാണ്.
മേയ് മാസം - ലഘുലേഖാ സമർപ്പണത്തിന്
5 രാജ്യമെമ്പാടും ലഘുലേഖകൾ ഉപയോഗിച്ചുള്ള ഒരു പ്രത്യേക പ്രസ്ഥാനം ഈ മാസം ആസൂത്രണം ചെയ്തിട്ടുണ്ട്. മേയ് മാസം ഇന്ത്യയിൽ രണ്ടു പ്രത്യേകതകൾ കാണാൻ കഴിയും: 1) സ്കൂൾ കുട്ടികൾക്കു വേനൽക്കാല അവധി ലഭിക്കുന്നു. 2) അനേകം പ്രസാധകരും സഹായ പയനിയർ വേലയിൽ ഏർപ്പെടുന്നു. ഈ പ്രസ്ഥാനം വ്യക്തിപരമായി നമ്മെ പല വിധങ്ങളിൽ സഹായിക്കുമെന്നു മാത്രമല്ല, നമ്മുടെ പ്രദേശത്തുള്ളവർക്ക് ആത്മീയ പ്രയോജനങ്ങൾ കൈവരുത്തുകയും ചെയ്യും. ആളുകളെ കണ്ടെത്താവുന്ന ഇടങ്ങളെല്ലാം സന്ദർശിച്ചുകൊണ്ട് ഗോളമെമ്പാടുമുള്ള നമ്മുടെ സഹോദരങ്ങൾ ‘വിശ്വസ്തനും വിവേകിയുമായ അടിമ’ നൽകുന്ന നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്നു. (മത്താ. 24:45-47) ഇന്ത്യ പോലുള്ള ഒരു സ്ഥലത്ത് ആയിരിക്കുന്നതു നമുക്കു നല്ലൊരു പദവിയാണ്, കാരണം എവിടെ തിരിഞ്ഞാലും നമുക്ക് ആളുകളെ കാണാൻ കഴിയും. ലഘുലേഖാ ബോധമുള്ളവരും അവ എല്ലാ സമയത്തും കൊടുക്കാൻ ഒരുക്കമുള്ളവരും ആയിരുന്നുകൊണ്ട് നമുക്ക് അവ നന്നായി ഉപയോഗിക്കാം. വിവിധങ്ങളായ വിഷയങ്ങളെ കുറിച്ച് നാനാ ഭാഷകളിലുള്ള ലഘുലേഖകൾ കരുതേണ്ടതും ആളുകളോടു സംസാരിക്കുമ്പോൾ വ്യത്യസ്ത അവതരണങ്ങൾ ഉപയോഗിക്കുന്നതിനു തയ്യാറായിരിക്കേണ്ടതും ഇത് ആവശ്യമാക്കിത്തീർക്കുന്നു.
6 വീടുതോറുമുള്ള ശുശ്രൂഷയിലും തെരുവുകളിലും ബസ്സ് സ്റ്റോപ്പുകളിലും ചില സഹോദരങ്ങൾ ഇപ്പോൾതന്നെ ലഘുലേഖകൾ നന്നായി ഉപയോഗിക്കുന്നുണ്ട്. യാത്ര ചെയ്യുമ്പോൾ സഹയാത്രികർക്കു മാത്രമല്ല ബസ്സ്, ഓട്ടോ, ടാക്സി ഡ്രൈവർമാർക്കും അവർ അതു സമർപ്പിക്കുന്നു. അടുത്തയിടെ, ബസ്സ് യാത്രയ്ക്കിടയിൽ ഇന്ത്യയിലെ ഒരു സഹോദരി തന്റെ അടുത്തിരുന്ന സ്ത്രീയുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. സംഭാഷണ വേളയിൽ അവർ അനീതിയെക്കുറിച്ചു സഹോദരിയോടു പറഞ്ഞു. അത് രാജ്യത്തെക്കുറിച്ചുള്ള സംഭാഷണത്തിനു കളമൊരുക്കി. സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ സഹോദരി കാണിച്ചു. തുടർന്ന്, ലഘുലേഖയിലെ വെളിപ്പാടു 21:3-5-ലേക്ക് അവരുടെ ശ്രദ്ധ ക്ഷണിച്ചു. സന്ദേശത്തിൽ അത്യധികം തത്പരയായ ആ സ്ത്രീ പേരും മേൽവിലാസവും നൽകുകയും തന്നെ സന്ദർശിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ജോലി സ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ സഹപ്രവർത്തകർക്കു ചുരുങ്ങിയ രീതിയിൽ സാക്ഷ്യം നൽകാൻ ലഘുലേഖകൾ അത്യുത്തമമാണെന്ന് അനേകം പ്രസാധകരും കണ്ടെത്തുന്നു. വലുപ്പത്തിൽ ചെറുതെങ്കിലും, അതിലെ ഹ്രസ്വ സന്ദേശം നീതിഹൃദയരെയും നിത്യജീവനു യോഗ്യരായവരെയും കണ്ടുപിടിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു.
നിങ്ങളുടെ അവതരണങ്ങൾ മെച്ചപ്പെടുത്താൻ ലഘുലേഖകൾ ഉപയോഗിക്കൽ
7 അനേകം ലഘുലേഖകളും അങ്ങനെ ഉപയോഗിക്കുന്നത് കൂടുതൽ ആളുകളെ കണ്ടെത്താൻ മാത്രമല്ല, വ്യത്യസ്ത വിഷയങ്ങൾ സംബന്ധിച്ചു ഹ്രസ്വവും വ്യക്തവും സുനിശ്ചിതവും സംഭാഷണപരവുമായ രീതിയിൽ സുവാർത്ത അവതരിപ്പിക്കാൻ നമ്മെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മേയ് മാസത്തിൽ ലഘുലേഖകൾ ഉപയോഗിച്ചുകൊണ്ട് കൂടുതൽ ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാൻ ശ്രമിക്കവെ, ആളുകളുമായി സംഭാഷണം നടത്തിക്കൊണ്ട് അത് എങ്ങനെ ചെയ്യാൻ കഴിയുമെന്നു പഠിക്കുന്നതിനു പ്രത്യേക ശ്രമം ചെയ്യാം. നമ്മുടെ ഹൃദയത്തിൽ നിന്നു ശ്രോതാക്കളുടെ ഹൃദയത്തോടു സംസാരിക്കാനുള്ള വൈദഗ്ധ്യം നാം പഠിക്കേണ്ടതുണ്ട്. വിഭിന്ന പശ്ചാത്തലവും വിശ്വാസങ്ങളുമുള്ള ആളുകളെയാണു നാം കണ്ടുമുട്ടുന്നത്. അക്കാരണത്താൽ “ലാവണ്യവാക്കുകൾ” ഉപയോഗിച്ചുകൊണ്ട് അവരെ സമീപിക്കേണ്ട വിധം നാം അറിയേണ്ടത് ആവശ്യമാണ്. (ലൂക്കൊ. 4:22) ലഘുലേഖകൾ നാം ആളുകളെ അടിച്ചേൽപ്പിക്കാതെ, പ്രത്യാശ ഉണ്ടാകേണ്ടതിന് താത്പര്യമുള്ളവരെ സഹായിക്കാൻ അത് ഉപയോഗിക്കുകയാണു വേണ്ടത്. അപ്പൊസ്തലനായ പൗലൊസിനെപ്പോലെ “എല്ലാവർക്കും എല്ലാമായി”ത്തീരാൻ നാം ആഗ്രഹിക്കുന്നു—1 കൊരി. 9:22.
8 എപ്പോഴും ഒരേ പ്രസംഗമാണ് നാം നടത്തുന്നതെങ്കിൽ അതു ഹൃദയത്തിൽനിന്ന് ആയിരിക്കില്ല. മിക്ക പ്രസാധകരിൽ നിന്നും ഒരേ സന്ദേശമാണു വീട്ടുകാർ നാളുകളായി കേട്ടുകൊണ്ടിരിക്കുന്നതെങ്കിൽ അത് അവരെ അലോസരപ്പെടുത്തുകയോ നമ്മോടു വിരോധം തോന്നാൻ ഇടയാക്കുകയോ ചെയ്തേക്കാം. അതിന്റെ ഫലമായി അവർ പരുഷമായി ഇടപെട്ടേക്കാം. നമ്മുടെ വീട്ടിലെ ഒരംഗം ദിവസം മുഴുവനും ഒരേ ഈണത്തിൽ മൂളിപ്പാട്ടു പാടുകയോ അയൽവാസികൾ ഒരേ പാട്ട് തന്നെ കൂടെക്കൂടെ കേൾപ്പിക്കുകയോ ചെയ്താൽ നമുക്ക് എന്തു തോന്നും? അല്ലെങ്കിൽ ഒരു പരിചയക്കാരൻ, നമ്മോടു പറഞ്ഞ കഥതന്നെ തന്നെയും പിന്നെയും പറഞ്ഞാൽ നാം എന്തു വിചാരിക്കും? നമ്മുടെ പ്രദേശത്തുള്ളവർ എല്ലാ സമയത്തും ഒരേ അവതരണമാണു കേൾക്കുന്നതെങ്കിൽ യഹോവയാം ദൈവത്തെയും അവന്റെ വചനമായ ബൈബിളിനെയും കുറിച്ച് അവർ എന്തു നിഗമനത്തിൽ എത്തിച്ചേരും?
9 ലഘുലേഖകൾ ഉപയോഗിച്ചുള്ള ഈ പ്രസ്ഥാനത്തിൽ ഈ മാസം ഒരു പൂർണ പങ്കുണ്ടായിരിക്കുന്നത് ഏവർക്കും വലിയൊരു സഹായമായിരിക്കും. ഒരു പ്രസാധകനെന്ന നിലയിൽ പ്രവർത്തിച്ചു തുടങ്ങുന്ന ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങൾക്കു ബൈബിളധ്യയനം നടത്തുന്ന വ്യക്തിയോടൊപ്പം ലഘുലേഖ പഠിക്കുന്നതിനും അതിലെ സന്ദേശം ശുശ്രൂഷയിൽ എങ്ങനെ ഉപയോഗിക്കാമെന്നു ചർച്ച ചെയ്യുന്നതിനും സമയമെടുക്കുക. ‘പയനിയർ മറ്റുള്ളവരെ സഹായിക്കുന്നു’ പരിപാടിയിലൂടെ ഒരു പയനിയർ നിങ്ങളെ സഹായിക്കുന്നുണ്ടെങ്കിൽ ലഘുലേഖ ഉപയോഗിക്കാൻ എന്തുകൊണ്ടു സഹായം തേടിക്കൂടാ? നിങ്ങൾക്കും സഹായം നൽകുന്ന പയനിയർക്കും സുവാർത്ത ഫലകരമായി അവതരിപ്പിക്കുന്ന വിധം ലഘുലേഖകൾ ഉപയോഗിച്ചു പരിശീലിക്കാവുന്നതാണ്. മാതാപിതാക്കളേ, ലഘുലേഖകളുടെ ഉപയോഗം നിങ്ങളുടെ കുടുംബത്തിന്റെ ലക്ഷ്യമാക്കുക. വയൽശുശ്രൂഷയിൽ ആയിരിക്കുമ്പോൾ നിങ്ങൾക്കും മക്കൾക്കും ഇവയിലോരോന്നും എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നു പരീക്ഷിച്ചു നോക്കുകയും ചെയ്യുക. വാസ്തവത്തിൽ, ലഘുലേഖകൾ കൂടുതൽ ഫലകരമായി ഉപയോഗിക്കാൻ എല്ലാ പ്രസാധകർക്കും പ്രത്യേക ശ്രമം നടത്താൻ കഴിയും. നമ്മുടെ പ്രദേശത്തിന് അനുയോജ്യമായ അവതരണങ്ങൾ ഉപയോഗിക്കാൻ നമ്മെ സഹായിക്കുന്ന ന്യായവാദം പുസ്തകം നല്ലൊരു ഉപകരണമാണ്. ലഘുലേഖകളുടെ ഉപയോഗം സംബന്ധിച്ച് പ്രതിപാദിക്കുന്ന നമ്മുടെ രാജ്യ ശുശ്രൂഷയുടെ പഴയ ലക്കങ്ങളും നമുക്ക് എടുത്തു നോക്കാവുന്നതാണ്. 1993 ആഗസ്റ്റ് പേജുകൾ 3-4; 1991 ഫെബ്രുവരി പേജ് 4; 1990 ഫെബ്രുവരി പേജ് 4 എന്നിവ കാണുക.
10 ലഘുലേഖകൾ പരിചയപ്പെടുത്താൻ നിർദേശിക്കപ്പെട്ടിരിക്കുന്ന ഏതാനും വിധങ്ങൾ:
ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം
നമസ്കാരം പറഞ്ഞിട്ട് നിങ്ങൾക്ക് ഇങ്ങനെ തുടരാം: “രണ്ടായിരത്തിലധികം ഭാഷകളിൽ ബൈബിൾ ലഭ്യമാണെങ്കിലും വളരെ കുറച്ച് ആളുകൾക്കു മാത്രമേ അതിൽ താത്പര്യമുള്ളൂ. അതിന്റെ കാരണം എന്തായിരിക്കുമെന്നാണു നിങ്ങൾ വിചാരിക്കുന്നത്?” [മറുപടി പറയാൻ അനുവദിക്കുക] തുടർന്ന് ഇങ്ങനെ പറയുക, “ബൈബിൾ പഠിച്ചപ്പോൾ ഒരു സംഗതി ഞങ്ങൾ തിരിച്ചറിഞ്ഞു. അതായത്, ബൈബിളിന്റെ ചരിത്രത്തിലുടനീളം അതു മിക്കപ്പോഴും തെറ്റിദ്ധാരണയ്ക്കു വിധേയമായിരിക്കുന്നു എന്നത്. എന്നാൽ അതിന്റെ സന്ദേശം എല്ലാ ആളുകൾക്കുമുള്ളതാണ്. അത് ഏറ്റവും ലളിതമായ രൂപത്തിൽ ഞാൻ നിങ്ങളെ കാണിക്കട്ടെ?” എന്നിട്ട് 4-ാം പേജിലെ ‘ഭാവി മുൻകൂട്ടിപ്പറയൽ’ എന്ന ഉപതലക്കെട്ടിലേക്കു വീട്ടുകാരന്റെ ശ്രദ്ധ ക്ഷണിക്കുക. ലഘുലേഖയുടെ 5-ഉം 6-ഉം പേജുകളിലായുള്ള അവസാനത്തെ നാലു ഖണ്ഡികകൾ പരിചിന്തിക്കുക. ഹ്രസ്വ സംഭാഷണത്തിനു ശേഷം മാസികകളിൽ ഏതെങ്കിലുമോ ആവശ്യം ലഘുപത്രികയോ സമർപ്പിക്കാവുന്നതാണ്.
യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു?
നമസ്കാരം പറഞ്ഞിട്ട് ലഘുലേഖ ഉപയോഗിച്ചു നമുക്ക് ഇങ്ങനെ സംഭാഷണം തുടങ്ങാവുന്നതാണ്: “സമൂഹത്തിൽ എല്ലാ മനുഷ്യർക്കും സമാധാനത്തോടെ ഒത്തൊരുമിച്ചു ജീവിക്കാൻ സഹായിക്കുന്നത് എന്തായിരിക്കും എന്നാണ് നിങ്ങൾ വിചാരിക്കുന്നത്?” [മറുപടി പറയാൻ അനുവദിക്കുക] എന്നിട്ട് ഇങ്ങനെ പറയുക, “യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ ഞങ്ങൾക്കു തോന്നുന്നത് ആളുകളുടെ വിശ്വാസങ്ങളും ജീവിത രീതികളും പരസ്പരം അറിയുന്നത് അവരെ മെച്ചമായി മനസ്സിലാക്കുന്നതിനു സഹായിക്കും എന്നാണ്. ഇതു സംബന്ധിച്ച് താങ്കൾ എന്താണു വിചാരിക്കുന്നത്? [മറുപടി പറയാൻ അനുവദിക്കുക] തുടർന്ന് ഇങ്ങനെ പറയാവുന്നതാണ്: “ഞങ്ങൾ ഈ സമൂഹത്തിന്റെ ഭാഗമാണെങ്കിലും ഞങ്ങളെക്കുറിച്ച് അറിയാവുന്നവർ വളരെ ചുരുക്കമാണ്. അതുകൊണ്ട് ഞങ്ങളെയും ഞങ്ങളുടെ വിശ്വാസങ്ങളെയും കുറിച്ച് അറിയാൻ ആളുകളെ സഹായിക്കാൻ തയ്യാർ ചെയ്തിരിക്കുന്ന ഈ ലഘുലേഖ താങ്കൾക്കു തരാൻ ഞാൻ ആഗ്രഹിക്കുന്നു.” ലഘുലേഖയിൽ നിന്ന് ഒരു പ്രത്യേക വിഷയം തിരഞ്ഞെടുത്തു വിശേഷവത്കരിക്കുകയോ മടങ്ങിച്ചെന്നു കൂടുതൽ വിശദീകരിക്കുന്നതിനായി സമയം ക്രമീകരിക്കുകയോ ചെയ്യാവുന്നതാണ്.
സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം
നമസ്കാരം പറഞ്ഞിട്ട് നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്, “ഇന്നു ഞങ്ങൾ ഈ പ്രദേശത്തുള്ള എല്ലാ ആളുകളെയും കണ്ടുമുട്ടാൻ ശ്രമം നടത്തുകയാണ്, നിങ്ങളെ വീട്ടിൽ കണ്ടതിൽ സന്തോഷം. ഞങ്ങൾ ഒരു ചോദ്യം എല്ലാവരോടും ചോദിക്കുകയാണ്, അതു സംബന്ധിച്ചുള്ള താങ്കളുടെ അഭിപ്രായം അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ അനേകം ആളുകളും വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നുണ്ട്. എങ്കിലും സർവ ജീവജാലങ്ങളിലും ജീവശക്തി നിവേശിപ്പിച്ച ഒരു സർവശക്തൻ ഉണ്ട് എന്നാണ് അവരിൽ അനേകരുടെയും അഭിപ്രായം. നിങ്ങൾക്ക് അങ്ങനെതന്നെ ആണോ തോന്നുന്നത്?” [മറുപടി പറയാൻ അനുവദിക്കുക] പിന്നീട് നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാം, “ഈ സർവശക്തൻ ഭൂമിയെയും അതിലുള്ള എല്ലാറ്റിനെയും സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം എന്തായിരിക്കുമെന്നാണു നിങ്ങളുടെ അഭിപ്രായം?” മനുഷ്യർ എന്നേക്കും ജീവിക്കുക എന്ന ഉദ്ദേശ്യത്തോടെ അവർക്കു വേണ്ടിയാണു ഭൂമിയെ സൃഷ്ടിച്ചത് എന്നു കാണിക്കാൻ ലഘുലേഖയിലെ വിവരങ്ങൾ ചർച്ച ചെയ്യുക. ആദ്യത്തെ മൂന്നു ഖണ്ഡികകൾ ചർച്ച ചെയ്തശേഷം ചർച്ച തുടരാനായി മടങ്ങിച്ചെല്ലാൻ സുനിശ്ചിത ക്രമീകരണങ്ങൾ ചെയ്യുക.
മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ?
നിർദേശിച്ചിരിക്കുന്ന ഒരു അവതരണം ഇതാണ്: “മരണത്തിൽനിന്ന് ആരും ഒഴിവുള്ളവരല്ല എന്നു പൊതുവെ അംഗീകരിക്കുന്നുണ്ടെങ്കിലും, അതു സ്വാഭാവികമാണെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടോ?” [മറുപടി പറയാൻ അനുവദിക്കുക] പിന്നീട് നിങ്ങൾക്ക് ഇതുകൂടെ പറയാൻ കഴിഞ്ഞേക്കും: “ഇതു സ്വാഭാവികം അല്ലാത്തതുകൊണ്ടാണ് നാം മരിക്കാൻ ആഗ്രഹിക്കുകയോ അഭിലഷിക്കുകയോ ചെയ്യാത്തത്. ആളുകൾ തങ്ങളുടെ മരിച്ചുപോയവരെ പ്രതി ദുഃഖിക്കുക മാത്രമല്ല അവർ ഇപ്പോഴും ജീവനോടെ മറ്റെവിടെയോ സ്ഥിതി ചെയ്യുന്നു എന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഈ സംഗതി സംബന്ധിച്ച് പല ഉപദേശങ്ങൾ ഉണ്ട്. മരിച്ച നമ്മുടെ പ്രിയപ്പെട്ടവരെ വീണ്ടും കാണാൻ കഴിയുമോ എന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” എന്നിട്ട് 2-ാം പേജിലെ 1-3 വരെയുള്ള ഖണ്ഡികകൾ അവരെ കാണിക്കുക. പുനരുത്ഥാന പ്രത്യാശ പരാമർശിച്ചുകൊണ്ട് അവസാനിപ്പിക്കുക. പുനരുത്ഥാന പ്രത്യാശയെക്കുറിച്ച് ചർച്ച ചെയ്യാൻ എപ്പോൾ വരണമെന്നു ചോദിക്കുക.
ഒരു സൗജന്യ ഭവന ബൈബിളധ്യയനം പ്രഥമ സന്ദർശനത്തിൽ വാഗ്ദാനം ചെയ്ത് ഒരു ലഘുലേഖ ഉപയോഗിച്ച് അതു പ്രകടിപ്പിച്ചുകാണിക്കാവുന്നതാണ്.
ജീവരക്ഷാകരമായ സംഭാഷണങ്ങൾ
11 ഈ പ്രസ്ഥാനം ജീവന്റെ പാതയിൽ വരാൻ അനേകരെ സഹായിക്കും എന്നതിൽ സംശയമില്ല. നാം കണ്ടുമുട്ടുന്നവരുമായി രസകരമായ അനേകം സംഭാഷണങ്ങൾ നടത്തുന്നതിനുള്ള അവസരം നമുക്ക് ഉണ്ടായിരിക്കും. നമുക്ക് അവർ വീട്ടുകാർ ആണെങ്കിലും നാം അവർക്കു മിക്കപ്പോഴും തികച്ചും അപരിചിതർ ആണെന്ന സംഗതി മറക്കരുത്. അതിനാൽ അവരെ ഒരു വിധത്തിലും വ്രണപ്പെടുത്താതിരിക്കാൻ നാം പറയുന്ന കാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കേണ്ടതാണ്. അതുകൊണ്ട് നമ്മുടെ അവതരണങ്ങൾക്കു ശ്രദ്ധാപൂർവകമായ പരിഗണന കൊടുക്കുകയും അവയെ പ്രാദേശിക ആവശ്യങ്ങൾക്കും സ്ഥലത്തെ സാഹചര്യങ്ങൾക്കും അനുസൃതമായി പൊരുത്തപ്പെടുത്തുകയും വേണം. ഉദാഹരണത്തിന്, നമ്മുടെ സംസാരത്താലും രീതികളാലും നാം ക്രൈസ്തവ ലോകത്തിലെ ആളുകളിൽ നിന്നു വ്യത്യസ്തരല്ല എന്ന ധാരണ കൊടുക്കുന്നുവോ, അതോ യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ നാം വ്യതിരിക്തരായി നിലകൊള്ളുന്നുവോ? ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോടു നാം ചായ്വുള്ളവരാണ് എന്ന ധ്വനി നമ്മുടെ അവതരണങ്ങൾക്കുണ്ടോ? അതോ നാം തികച്ചും നിഷ്പക്ഷരാണെന്നും യഹോവ അനുവദിച്ചിരിക്കുന്ന ഏതു ശ്രേഷ്ഠാധികാരത്തോടും ആപേക്ഷിക കീഴ്പെടൽ ഉള്ളവരാണെന്നും മറ്റുള്ളവർക്കു കാണാൻ കഴിയുന്നുവോ?
12 ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നവരും സത്യസന്ധരും കഠിനാധ്വാനികളും ഉയർന്ന ധാർമിക നിലവാരം പുലർത്തുന്നവരും എന്ന നിലയിൽ സാക്ഷികൾ ലോകത്തിൽ പരക്കെ അറിയപ്പെടുന്നവരാണ്. തെറ്റിദ്ധാരണ മൂലം, ആളുകൾക്ക് അപ്പോഴുണ്ടായിരുന്ന വിശ്വാസം നിമിത്തം ചിലർക്കു നേരെ ചിലപ്പോഴൊക്കെ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അത്തരം തെറ്റായ ചിന്തകളെ തിരുത്തുന്നതിനു നാം സംഭാഷണ ചാതുര്യമുള്ളവരും ദയയും നയവും പ്രകടമാക്കുന്നവരും ആയിരിക്കേണ്ടതുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ആളുകളോട് ഇടപെട്ടപ്പോഴെല്ലാം യേശു പ്രകടമാക്കിയത് അതാണ്. ഈ മാസം ലഘുലേഖകൾ ഉപയോഗിച്ചുകൊണ്ട് ആളുകളോടു സംഭാഷണം നടത്തുകവഴി അത്തരം തെറ്റിദ്ധാരണകൾ മാറ്റാൻ നമുക്കു സഹായിക്കാം.
[6-ാം പേജിലെ ചതുരം]
ആളുകളെ മതപരിവർത്തനം നടത്താൻ ശ്രമിക്കുകയാണ് എന്നു സാധാരണ കേൾക്കാറുള്ള ആരോപണത്തെ നാം എങ്ങനെ തരണം ചെയ്യും?
നമുക്ക് ഇങ്ങനെ പറയാവുന്നതാണ്:
▪ “ആ ചോദ്യത്തിൽ നിന്നും താങ്കൾ മതത്തിൽ താത്പര്യമുള്ള ഒരു വ്യക്തിയാണെന്നാണു ഞാൻ മനസ്സിലാക്കുന്നത്. ഞങ്ങൾ താങ്കളുടെ വികാരങ്ങളെ മാനിക്കുന്നു. ഞങ്ങളെക്കുറിച്ചും താങ്കൾ അങ്ങനെ വിചാരിക്കുന്നു എന്നാണു ഞങ്ങൾ കരുതുന്നത്. വാസ്തവത്തിൽ ദൈവത്തിൽ വിശ്വസിക്കുന്ന താങ്കളെപ്പോലുള്ളവരെ കാണുന്നതിൽ ഞങ്ങൾക്കു വളരെ സന്തോഷം ഉണ്ട്. ഞങ്ങൾ ആളുകളെ കാണാൻ ആഗ്രഹിക്കുന്നതിന്റെ കാരണം, വിശ്വാസത്തെ ബലിഷ്ഠമാക്കുകയും മനുഷ്യവർഗത്തെ സംബന്ധിച്ചു ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടെന്നു കാണാൻ സഹായിക്കുകയും ചെയ്യുക എന്നതാണ്.”
▪ “തീർച്ചയായും ഞങ്ങൾക്ക് അറിയാവുന്നിടത്തോളം ആർക്കും ആരെയും മതപരിവർത്തനം ചെയ്യാൻ കഴിയുകയില്ല. വ്യക്തി സ്വയം പരിവർത്തനം നടത്തേണ്ടതാണ്. ഒരു പുകവലിക്കാരനെ പുകവലിക്കാത്ത ആളായോ ഒരു മദ്യപാനിയെ സമ്പൂർണ മദ്യവിരോധിയായോ മാറ്റാൻ ആർക്കെങ്കിലും സാധിക്കുമോ? അയാൾ അതു സ്വയം ചെയ്യേണ്ടതാണ്. പുകവലിയോ മദ്യപാനമോ അയാളുടെ ആരോഗ്യത്തിനു ദ്രോഹകരമാണ് എന്ന് അയാൾക്കു മുന്നറിയിപ്പു കൊടുക്കാനേ നമുക്കു കഴിയൂ.”
▪ “വാസ്തവത്തിൽ, ഞങ്ങൾക്ക് ഉന്നത നിലവാരങ്ങളാണുള്ളത്. സത്യസന്ധനും കഠിനാധ്വാനിയും നികുതികൾ അടയ്ക്കുന്നവനും നുണ പറയുകയോ ചതിക്കുകയോ ചെയ്യാത്തവനും അസഭ്യ ഭാഷ ഉപയോഗിക്കാത്തവനും കുടുംബത്തെ പരിപാലിക്കുന്നവനും ആയ ഒരു വ്യക്തിക്കേ ഞങ്ങളുടെ സംഘടനയിൽ അംഗമാകാൻ പറ്റൂ. ആ മാറ്റങ്ങളെല്ലാം വരുത്താൻ തയ്യാറുള്ള എത്ര പേരുണ്ടെന്നാണു താങ്കൾ വിചാരിക്കുന്നത്? വീണ്ടും വീണ്ടും സഹായം കൊടുത്തിട്ടും ഈ ഉന്നത നിലവാരങ്ങളോട് അനുരൂപപ്പെടാത്തവരെ ഞങ്ങൾ അംഗങ്ങളായി വെച്ചുകൊണ്ടിരിക്കുകയില്ല എന്നതാണു വാസ്തവം.”
▪ “ചിലർ അങ്ങനെ വിചാരിക്കാറുണ്ട്. പക്ഷേ അങ്ങനെ ചെയ്യുന്നതു കൊണ്ട് ഞങ്ങൾക്ക് എന്തു നേടാൻ കഴിയും എന്നാണു താങ്കൾ ചിന്തിക്കുന്നത്? ഇന്നു ലോകത്തിൽ വളരെയധികം ദുഷ്ടത ഉള്ളതിന്റെ കാരണങ്ങൾ മനസ്സിലാക്കാൻ ആളുകളെ സഹായിക്കാനാണു ഞങ്ങൾ വീടുകളിൽ വരുന്നത്. വാസ്തവത്തിൽ, ദുഷിച്ച ഈ ലോകമാണ് ഒരു മെച്ചപ്പെട്ട ലോകമായി പരിവർത്തനം ചെയ്യപ്പെടേണ്ടത്, അല്ലേ? അതു സാധ്യമാണെന്നു താങ്കൾ വിചാരിക്കുന്നുണ്ടോ?”