ആളുകളെ മതപരിവർത്തനം നടത്താൻ ശ്രമിക്കുകയാണ് എന്നു സാധാരണ കേൾക്കാറുള്ള ആരോപണത്തെ നാം എങ്ങനെ തരണം ചെയ്യും?
നമുക്ക് ഇങ്ങനെ പറയാവുന്നതാണ്:
▪ “ആ ചോദ്യത്തിൽ നിന്നും താങ്കൾ മതത്തിൽ താത്പര്യമുള്ള ഒരു വ്യക്തിയാണെന്നാണു ഞാൻ മനസ്സിലാക്കുന്നത്. ഞങ്ങൾ താങ്കളുടെ വികാരങ്ങളെ മാനിക്കുന്നു. ഞങ്ങളെക്കുറിച്ചും താങ്കൾ അങ്ങനെ വിചാരിക്കുന്നു എന്നാണു ഞങ്ങൾ കരുതുന്നത്. വാസ്തവത്തിൽ ദൈവത്തിൽ വിശ്വസിക്കുന്ന താങ്കളെപ്പോലുള്ളവരെ കാണുന്നതിൽ ഞങ്ങൾക്കു വളരെ സന്തോഷം ഉണ്ട്. ഞങ്ങൾ ആളുകളെ കാണാൻ ആഗ്രഹിക്കുന്നതിന്റെ കാരണം, വിശ്വാസത്തെ ബലിഷ്ഠമാക്കുകയും മനുഷ്യവർഗത്തെ സംബന്ധിച്ചു ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടെന്നു കാണാൻ സഹായിക്കുകയും ചെയ്യുക എന്നതാണ്.”
▪ “തീർച്ചയായും ഞങ്ങൾക്ക് അറിയാവുന്നിടത്തോളം ആർക്കും ആരെയും മതപരിവർത്തനം ചെയ്യാൻ കഴിയുകയില്ല. വ്യക്തി സ്വയം പരിവർത്തനം നടത്തേണ്ടതാണ്. ഒരു പുകവലിക്കാരനെ പുകവലിക്കാത്ത ആളായോ ഒരു മദ്യപാനിയെ സമ്പൂർണ മദ്യവിരോധിയായോ മാറ്റാൻ ആർക്കെങ്കിലും സാധിക്കുമോ? അയാൾ അതു സ്വയം ചെയ്യേണ്ടതാണ്. പുകവലിയോ മദ്യപാനമോ അയാളുടെ ആരോഗ്യത്തിനു ദ്രോഹകരമാണ് എന്ന് അയാൾക്കു മുന്നറിയിപ്പു കൊടുക്കാനേ നമുക്കു കഴിയൂ.”
▪ “വാസ്തവത്തിൽ, ഞങ്ങൾക്ക് ഉന്നത നിലവാരങ്ങളാണുള്ളത്. സത്യസന്ധനും കഠിനാധ്വാനിയും നികുതികൾ അടയ്ക്കുന്നവനും നുണ പറയുകയോ ചതിക്കുകയോ ചെയ്യാത്തവനും അസഭ്യ ഭാഷ ഉപയോഗിക്കാത്തവനും കുടുംബത്തെ പരിപാലിക്കുന്നവനും ആയ ഒരു വ്യക്തിക്കേ ഞങ്ങളുടെ സംഘടനയിൽ അംഗമാകാൻ പറ്റൂ. ആ മാറ്റങ്ങളെല്ലാം വരുത്താൻ തയ്യാറുള്ള എത്ര പേരുണ്ടെന്നാണു താങ്കൾ വിചാരിക്കുന്നത്? വീണ്ടും വീണ്ടും സഹായം കൊടുത്തിട്ടും ഈ ഉന്നത നിലവാരങ്ങളോട് അനുരൂപപ്പെടാത്തവരെ ഞങ്ങൾ അംഗങ്ങളായി വെച്ചുകൊണ്ടിരിക്കുകയില്ല എന്നതാണു വാസ്തവം.”
▪ “ചിലർ അങ്ങനെ വിചാരിക്കാറുണ്ട്. പക്ഷേ അങ്ങനെ ചെയ്യുന്നതു കൊണ്ട് ഞങ്ങൾക്ക് എന്തു നേടാൻ കഴിയും എന്നാണു താങ്കൾ ചിന്തിക്കുന്നത്? ഇന്നു ലോകത്തിൽ വളരെയധികം ദുഷ്ടത ഉള്ളതിന്റെ കാരണങ്ങൾ മനസ്സിലാക്കാൻ ആളുകളെ സഹായിക്കാനാണു ഞങ്ങൾ വീടുകളിൽ വരുന്നത്. വാസ്തവത്തിൽ, ദുഷിച്ച ഈ ലോകമാണ് ഒരു മെച്ചപ്പെട്ട ലോകമായി പരിവർത്തനം ചെയ്യപ്പെടേണ്ടത്, അല്ലേ? അതു സാധ്യമാണെന്നു താങ്കൾ വിചാരിക്കുന്നുണ്ടോ?”