ഒരു ഹിന്ദുവിനോടു നിങ്ങൾ എന്തു പറയും?
1 നിങ്ങൾക്ക് അറിയാവുന്നതുപോലെ, നമ്മുടെ പ്രദേശത്തു ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ നാം കണ്ടുമുട്ടുന്ന ഭൂരിഭാഗം ആളുകളും ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. അത്തരം ഒരു സന്ദർഭത്തിൽ നിങ്ങൾ എന്തു ചെയ്യും?
2 പിൻവരുന്ന ആശയങ്ങൾ ഓർത്തിരിക്കുക: സത്യം ലളിതവും നയപരവുമായി അവതരിപ്പിക്കുന്നതു മിക്കപ്പോഴും അനുകൂലമായ പ്രതികരണം ലഭിക്കാൻ ഇടയാക്കുന്നു. ആദ്യം കുടുംബനാഥനുമായി സംസാരിക്കാൻ താത്പര്യം പ്രകടിപ്പിക്കുക. അദ്ദേഹത്തിന്റെ പ്രതികരണം അനുകൂലമാണെങ്കിൽ കുടുംബത്തിലെ മറ്റംഗങ്ങളോടും സാക്ഷീകരിക്കുന്നത് എളുപ്പമായിത്തീരും. സർവ ജീവികളോടുമുള്ള ആദരവിനെ ഹൈന്ദവ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നു, അതു പ്രത്യേകിച്ചും മനുഷ്യരിൽ താത്പര്യം കാട്ടുന്നു. എല്ലാ ആളുകളെയും നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾ സംസാരിക്കുക. അർഥപൂർണവും പരസ്പരം പ്രയോജനകരവുമായ സംഭാഷണങ്ങൾക്ക് അതു വേദിയൊരുക്കിയേക്കാം. ഹിന്ദുമതം ആധ്യാത്മികതയെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ടാണ് തങ്ങൾക്ക് വ്യക്തിപരമായ അടുത്ത ബന്ധം വെച്ചുപുലർത്താൻ കഴിയുന്ന ഒരു ദൈവത്തെ ആരാധിക്കാൻ ഹിന്ദുക്കൾ വാഞ്ഛിക്കുന്നത്. അതുകൊണ്ട്, നിങ്ങൾക്കു യോജിക്കാൻ കഴിഞ്ഞേക്കാവുന്ന പോയിന്റുകൾ ഉപയോഗിക്കുകയും മനുഷ്യന്റെ സ്രഷ്ടാവുമായി സൗഹൃദം വളർത്താൻ ബൈബിളും നമ്മുടെ സാഹിത്യങ്ങളും സഹായിക്കുമെന്ന് അവരെ കാണിക്കുകയും ചെയ്യുക. മിക്കവാറും എല്ലാ ഹിന്ദുക്കളും മര്യാദയും സൗഹൃദഭാവവും ഉള്ളവരാണ്. നാമും അതുപോലെ ആയിരിക്കുകയും വാഗ്വാദങ്ങൾ ഒഴിവാക്കുകയും ചെയ്യേണ്ടത് ഇത് ആവശ്യമാക്കിത്തീർക്കുന്നു. ഹിന്ദുമതത്തെ കുറിച്ച് ആഴമായ പഠനം ആവശ്യമല്ലെങ്കിലും, അവരുടെ വിശ്വാസങ്ങൾ സംബന്ധിച്ച് അറിവുണ്ടായിരിക്കുന്നതു സഹായകമായിരിക്കും.
3 ശരിയായ ഉപകരണങ്ങൾ ഉപയോഗിക്കുക: ഹിന്ദുക്കളെ ഉദ്ദേശിച്ച് ധാരാളം പ്രസിദ്ധീകരണങ്ങൾ തയ്യാർ ചെയ്തിട്ടുണ്ട്. നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ ആർ നമ്മെ സഹായിക്കും? എന്ന പ്രസിദ്ധീകരണം ഇംഗ്ലീഷിലും 13 ഭാരതീയ ഭാഷകളിലുമുണ്ട്. “നോക്കൂ! ഞാൻ സകലതും പുതുതാക്കുന്നു”, ദൈവം യഥാർഥത്തിൽ നമ്മെ സംബന്ധിച്ച് കരുതുന്നുവോ? എന്നീ ലഘുപത്രികകളും ഹൈന്ദവ പശ്ചാത്തലത്തിലുള്ളവരോടു സാക്ഷീകരിക്കുന്നതിൽ ഫലപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്. കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും എന്ന ചെറുപുസ്തകം ഇംഗ്ലീഷ്, കന്നഡ, ഗുജറാത്തി, പഞ്ചാബി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ ലഭ്യമാണ്. മരണത്തിന്മേൽ ജയം—അതു നിങ്ങൾക്കു സാധ്യമോ? എന്ന ചെറുപുസ്തകം ഇംഗ്ലീഷ്, ഗുജറാത്തി, നേപ്പാളി, പഞ്ചാബി എന്നീ ഭാഷകളിലും വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത എന്ന ചെറുപുസ്തകം ഇംഗ്ലീഷ്, ഉറുദു, തെലുങ്ക്, മലയാളം, മിസോ എന്നീ ഭാഷകളിലും ലഭ്യമാണ്. ബൈബിൾ അധ്യയനങ്ങൾ നടത്താൻ ആവശ്യം ലഘുപത്രികയും പരിജ്ഞാനം പുസ്തകവും വിജയകരമായി ഉപയോഗിക്കാവുന്നതാണ്.
4 പൊതു അടിസ്ഥാനമിടുക: ഹിന്ദുക്കളുമായി ഒരു പൊതു അടിസ്ഥാനം കണ്ടെത്തുന്നത് വിഷമമുള്ള കാര്യമല്ല. ദുഷ്ടത കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത് എന്നും ഒരു മഹാ വിപത്തിലൂടെ ദൈവം ഈ ഭൂമിയിൽനിന്ന് പ്രശ്നങ്ങൾ നീക്കം ചെയ്യുമെന്നും അതിനുശേഷം ഒരു സത്യയുഗം ആഗതമാകുമെന്നും അവർ വിശ്വസിക്കുന്നു. ഇത്തരം വിശ്വാസങ്ങളെ അന്ത്യനാളുകൾ, മഹോപദ്രവം, വരാൻ പോകുന്ന പുതിയ ലോകം എന്നിങ്ങനെയുള്ള ബൈബിൾ പഠിപ്പിക്കലുകളുമായി ബന്ധിപ്പിക്കുക എത്ര എളുപ്പമാണെന്നു നിങ്ങൾക്ക് കാണാനാവും. മിക്ക ഹിന്ദുക്കളും ജീവിതത്തെ പരിഹാരമില്ലാത്ത പ്രശ്നങ്ങളുടെ പരമ്പരയായി വീക്ഷിക്കുന്നതിനാൽ കുടുംബജീവിതം, കുറ്റകൃത്യവും സുരക്ഷിതത്വവും, മരിക്കുമ്പോൾ സംഭവിക്കുന്നത് എന്നിങ്ങനെയുള്ള വിഷയങ്ങളിൽ അവർ തത്പരരാണ്. നിങ്ങൾക്കു പരീക്ഷിച്ചുനോക്കാവുന്ന രണ്ടു മാതൃകാ അവതരണങ്ങളാണു പിൻവരുന്നവ.
5 കുടുംബമുള്ള ഒരാൾക്ക് ഇത് ഇഷ്ടപ്പെട്ടേക്കാം:
◼“ഇന്നു മിക്ക രാജ്യങ്ങളിലും കാണുന്ന കുടുംബജീവിതത്തിലെ അധഃപതനം സംബന്ധിച്ച് ഉത്കണ്ഠയുള്ളവരെ ഞാൻ സന്ദർശിക്കുകയാണ്. കുടുംബത്തെ ഒരുമിച്ചു നിറുത്താൻ സഹായിക്കുന്നത് എന്താണെന്നാണ് താങ്കൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] കുടുംബത്തെ സംബന്ധിച്ച് ഹൈന്ദവ ഗ്രന്ഥങ്ങൾ പറയുന്നത് എന്താണെന്നു ചിലർക്ക് അറിയാം, എന്നാൽ ആ വിവരങ്ങളെ ബൈബിളിൽ പറഞ്ഞിരിക്കുന്ന വിവരങ്ങളുമായി താരതമ്യം ചെയ്യാൻ അവർക്ക് ഒരിക്കലും അവസരം കിട്ടിയിട്ടില്ല. കൊലൊസ്സ്യർ 3:12-14-ലെ ഈ ആശയം നിങ്ങളുമായി പങ്കുവെക്കാൻ എനിക്കാഗ്രഹമുണ്ട്.” തിരുവെഴുത്ത് വായിച്ച ശേഷം വീട്ടുകാരനെ പരിജ്ഞാനം പുസ്തകത്തിന്റെ 15-ാം അധ്യായം കാണിച്ചിട്ട് ഇങ്ങനെ പറയുക: “അൽപ്പ സമയം താങ്കളോടൊപ്പം ഇരുന്ന് ഈ അധ്യായം വായിക്കാൻ എനിക്കു താത്പര്യമുണ്ട്.”
6 ഒരു ചെറുപ്പക്കാരൻ ഇതിനോടു പ്രതികരിച്ചേക്കാം:
◼“താങ്കൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്നതിനു സംശയമില്ല. നമ്മെ സംബന്ധിച്ച് ദൈവത്തിന്റെ ഉദ്ദേശ്യം എന്താണെന്നാണ് താങ്കൾ വിചാരിക്കുന്നത്?” പ്രതികരണത്തിന് അനുവദിക്കുക. പിന്നെ, ഉല്പത്തി 1:28 വായിച്ചിട്ട് ഇങ്ങനെ പറയുക: “ഭൂമിയിലെ അനേകം സ്ഥലങ്ങളിൽ ജനസംഖ്യ ക്രമാതീതമായി വർധിച്ചിരിക്കുന്നതോടൊപ്പം അവിടം പ്രശ്നപൂരിതവുമാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ സ്രഷ്ടാവ് നമ്മെ സഹായിക്കും എന്ന് താങ്കൾ വിചാരിക്കുന്നുണ്ടോ?” പ്രതികരണം കേട്ടതിനുശേഷം ഉചിതമായ ഒരു പ്രസിദ്ധീകരണം പരിചയപ്പെടുത്തുക.
7 അനുകൂല ഫലങ്ങൾ നേടുക: ഒരു സഹോദരി ചന്തസ്ഥലത്ത് സാക്ഷീകരിച്ചുകൊണ്ടിരിക്കെ 22 വയസ്സുകാരനായ ഒരു ഹിന്ദു അവരെ സമീപിച്ച് ഒരു ബൈബിളധ്യയനം ആവശ്യപ്പെട്ടു. എട്ടു വർഷം മുമ്പ് തന്റെ അമ്മയും ആ സഹോദരിയും തമ്മിൽ നടത്തിയ ഒരു ബൈബിൾ ചർച്ച താൻ ശ്രദ്ധിച്ചതായി ആ യുവാവ് വിശദീകരിച്ചു. മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള ബൈബിളിന്റെ പ്രായോഗിക ഉത്തരങ്ങൾ അവനിൽ മതിപ്പുളവാക്കിയെങ്കിലും, അമ്മയ്ക്കു താത്പര്യമില്ലായിരുന്നു. സ്വന്തം തീരുമാനപ്രകാരം സത്യം സ്വീകരിക്കാൻ തനിക്കു പ്രായമായില്ലെന്നും അവനു തോന്നിയിരുന്നു. ഒരു മുതിർന്ന വ്യക്തിയെന്ന നിലയിൽ ഇപ്പോൾ കൂടുതൽ പഠിക്കാൻ ആ യുവാവ് ആഗ്രഹിച്ചു. അവൻ ഒട്ടും സമയം പാഴാക്കിയില്ല. 23 ദിവസംകൊണ്ട് അവൻ പരിജ്ഞാനം പുസ്തകം പഠിച്ചുതീർത്തു, ആ സഹോദരിയെ ചന്തസ്ഥലത്തുവെച്ചു കണ്ടുമുട്ടി നാലു മാസത്തിനു ശേഷം സ്നാപനമേൽക്കാനും ആഗ്രഹം പ്രകടിപ്പിച്ചു!
8 ട്രെയിനിൽ വെച്ചു കണ്ടുമുട്ടിയ ഒരു ഹിന്ദുമതക്കാരനുമായി ഒരു സഹോദരൻ അധ്യയനം തുടങ്ങി. തന്റെ വിവാഹജീവിതത്തിൽ അദ്ദേഹം ബുദ്ധിമുട്ടുകൾ അനുഭവിക്കുകയായിരുന്നു. അദ്ദേഹം ഒരു മദ്യപനും ആയിരുന്നു. തന്നെ സന്ദർശിച്ച്, കുടുംബജീവിതത്തെ സംബന്ധിച്ച ബൈബിളുപദേശം പങ്കുവെക്കാൻ അദ്ദേഹം ആ സാക്ഷിയെ അനുവദിച്ചു. ധാർമികത സംബന്ധിച്ച ബൈബിൾ പഠിപ്പിക്കലുകൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു, തുടർന്ന് ഒരു ബൈബിൾ അധ്യയനത്തിനു സമ്മതിക്കുകയും ചെയ്തു. കുടുംബസമേതം അദ്ദേഹം യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. പിന്നീട്, അവർ തങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളുമായി സത്യം പങ്കുവെച്ചു. ഇതിനോടകം, അവരിൽ ആറു പേർ സത്യം സ്വീകരിച്ചിരിക്കുന്നു!
9 “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ആണ് ദൈവം ഇച്ഛിക്കുന്നത്. (1 തിമൊ. 2:4) ഹിന്ദുമതം പോലുള്ള ഒരു അക്രൈസ്തവ മതം ആചരിക്കുന്ന സ്ത്രീപുരുഷന്മാരും അതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ പ്രദേശത്തുള്ള ഹിന്ദുക്കളെ സന്ദർശിക്കുമ്പോൾ ഈ ലേഖനത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചില നിർദേശങ്ങൾ ഉപയോഗിച്ചുകൂടേ?