നിങ്ങൾ രാജ്യഹാളിനെ ആദരിക്കുന്നുവോ?
1 “ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!” (സങ്കീ. 133:1) രാജ്യഹാളിൽ കൂടിവരുന്നത്, പരസ്പരം സ്നേഹത്തിനും സത്പ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിച്ചുകൊണ്ട് നമ്മുടെ സഹോദരീസഹോദരന്മാരുമായി ഐക്യത്തിൽ ആയിരിക്കുന്നതിനുള്ള അവസരം നമുക്കു പ്രദാനം ചെയ്യുന്നു.—എബ്രാ. 10:24, 25.
2 രാജ്യഹാളിന് നമ്മുടെ ജീവിതത്തിൽ ഇത്ര സുപ്രധാനമായ പങ്കുള്ളതിനാൽ അതിനെ നാം യഥാർഥത്തിൽ ആദരിക്കുന്നുവോ? ഒരു പ്രദേശത്തെ സത്യാരാധനയുടെ കേന്ദ്രസ്ഥാനമാണ് രാജ്യഹാൾ. അതുകൊണ്ട് നാം അതിന് ഉന്നത സ്ഥാനം കൽപ്പിക്കണം. അതു വൃത്തിയായും നല്ല നിലയിലും സൂക്ഷിക്കേണ്ടതിന്റെ ആവശ്യം നമുക്ക് ഓരോരുത്തർക്കും തോന്നണം. നമ്മുടെ പുസ്തക അധ്യയന കൂട്ടത്തിന് ഹാൾ വൃത്തിയാക്കുന്നതിനു നിയമനം ലഭിക്കുന്ന അവസരങ്ങളുണ്ട്. അപ്പോൾ എങ്ങനെയും അതിൽ പങ്കെടുക്കുക എന്നതായിരിക്കണം നമ്മുടെ ആഗ്രഹം, അങ്ങനെ ശുദ്ധവും ആകർഷകവുമായ ഒരു യോഗസ്ഥലം ഉണ്ടായിരിക്കാനുള്ള നമ്മുടെ താത്പര്യം നമുക്കു പ്രകടിപ്പിക്കാനാകും.
3 വൃത്തിയാക്കുന്നതിനുള്ള നിയമനം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും രാജ്യഹാളിനോടുള്ള താത്പര്യം നമുക്കെല്ലാവർക്കും പ്രകടിപ്പിക്കാനാകും. എങ്ങനെ? ഹാളിൽ ചെളി ചവിട്ടിക്കയറ്റാതെ കാൽ തുടയ്ക്കുന്നതുപോലുള്ള ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ. മഴക്കാലത്ത് ഇതു വിശേഷിച്ചും സത്യമാണ്. നാം വാഷ്ബേസിനും മറ്റും ഉപയോഗിക്കുന്നെങ്കിൽ അതിനു ചുറ്റും വീഴുന്ന വെള്ളം തുടച്ചു കളഞ്ഞുകൊണ്ട് അടുത്തയാൾക്കു വേണ്ടി അവിടം വൃത്തിയാക്കിയിട്ടിട്ടു പോകാൻ കഴിയും. സാഹിത്യ-മാസിക കൗണ്ടറുകളിൽ സേവിക്കുന്നവർക്ക്, ആവശ്യമില്ലാത്ത കാർട്ടണുകളും മറ്റും അതതു സമയം എടുത്തു മാറ്റിക്കൊണ്ട് ഹാൾ വൃത്തിയായി സൂക്ഷിക്കുന്നതിലുള്ള താത്പര്യം പ്രകടമാക്കാൻ കഴിയും. ചപ്പുചവറുകൾ അവ ഇടാനുള്ള സ്ഥലങ്ങളിൽ നിക്ഷേപിക്കേണ്ടതാണ്. തറയിൽ കടലാസോ മറ്റെന്തെങ്കിലും ചപ്പുചവറോ കിടക്കുന്നത് കാണുന്നെങ്കിൽ, മറ്റാരെങ്കിലും എടുക്കട്ടെ എന്നു വിചാരിക്കാതെ അത് എടുത്തുകളയുക.
4 നാം സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും ഹാജരാകുമ്പോഴും ഇതേ തത്ത്വം ബാധകമാണ്. സമ്മേളന സ്ഥലം നിർമലാരാധനയുടെ കേന്ദ്രസ്ഥാനമാണ്. അതു നമ്മുടെ സ്വന്തം ഹാളോ വാടകയ്ക്കെടുത്ത സ്ഥലമോ ആണെങ്കിലും അതിനോട് ആദരവു കാണിക്കണം. നാം പോകുമ്പോൾ, ഇരുന്ന സ്ഥലത്ത് ചപ്പുചവറൊന്നും ഇട്ടിട്ടില്ല എന്നു ഉറപ്പുവരുത്തണം. വൃത്തിയാക്കൽ നിയമനമുള്ളവർ അതു പെറുക്കിക്കൊള്ളും എന്നു വിചാരിക്കാതെ നാം സഹായ മനഃസ്ഥിതി പ്രകടമാക്കണം.
പല സഭകൾ ഒരേ ഹാൾ ഉപയോഗിക്കുമ്പോൾ
5 സ്ഥലത്തിന്റെ ഉയർന്ന വില നിമിത്തം പലയിടങ്ങളിലും ഒന്നിലധികം സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്നുണ്ട്. നഗരങ്ങളിൽ അഞ്ചോ ആറോ സഭകൾ വരെ ഒരേ രാജ്യഹാൾ ഉപയോഗിച്ചേക്കാം. അത് യഹോവയുടേതാണെന്നും അവന്റെ ആരാധനയ്ക്കുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും തിരിച്ചറിഞ്ഞുകൊണ്ട് ഓരോ സഭയും രാജ്യഹാളിന്റെ കാര്യത്തിൽ താത്പര്യം പ്രകടമാക്കണം. അതുകൊണ്ട് രാജ്യഹാളിനോടുള്ള ആദരവിൽ, യഹോവയോടുള്ള സ്നേഹവും അതേ ഹാൾ ഉപയോഗിക്കുന്ന മറ്റു സഭയിലെ സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹവും ഉൾപ്പെട്ടിരിക്കുന്നു.
6 സാധാരണ, ആഴ്ചയിൽ ഒരിക്കലാണ് രാജ്യഹാൾ വൃത്തിയാക്കുന്നത്. ഒന്നിലധികം സഭകൾ ഒരേ ഹാൾ ഉപയോഗിക്കുന്നിടങ്ങളിൽ, യോഗശേഷം ഓരോ സഭയും അൽപ്പം വൃത്തിയാക്കൽ നടത്തേണ്ടതുണ്ട്. അങ്ങനെയാകുമ്പോൾ അടുത്തതായി വരുന്ന സഭ അതു വൃത്തിയുള്ളതായി കണ്ടെത്തും. ഞായറാഴ്ച ഒരു യോഗത്തിനുശേഷം ഉടനെതന്നെ മറ്റൊരു സഭ കൂടിവരുന്ന സാഹചര്യങ്ങളിലും ഇതു ബാധകമാണ്. സമയം അനുവദിക്കുന്നത് അനുസരിച്ച് അടുത്തതായി വരുന്ന സഭയ്ക്കുവേണ്ടി അൽപ്പം വൃത്തിയാക്കൽ നടത്തുന്നതു നല്ലതാണ്. ഒരേ ദിവസംതന്നെ പല സഭകൾ ഹാൾ ഉപയോഗിക്കുമ്പോൾ, വൃത്തിയാക്കാൻ ആരും ശ്രദ്ധിക്കുന്നില്ലെങ്കിൽ വൈകുന്നേരത്തോടെ അത് തീർത്തും വൃത്തിഹീനമാകാൻ സാധ്യതയുണ്ട്.
7 ആത്മീയ കാര്യങ്ങളോടുള്ള ബന്ധത്തിൽ നാമെല്ലാം “ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരി”ക്കുന്നതുപോലെ നമ്മുടെ രാജ്യഹാളുകളോട് ആദരവു പ്രകടമാക്കുന്നതിലും നമുക്ക് യോജിപ്പുള്ളവരായിരിക്കാം.—1 കൊരി. 1:10.