നിങ്ങളുടെ പതിവ് എന്താണ്?
1 യഹോവയുടെ ആരാധനയിലെ ഒരു സുപ്രധാന ഭാഗമാണ് ക്രിസ്തീയ യോഗങ്ങൾ. “ചിലർ ചെയ്യുന്നതുപോലെ” [“ചിലർക്കുള്ള പതിവുപോലെ,” NW] നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കരുത് എന്ന് അപ്പൊസ്തലനായ പൗലൊസ് തികച്ചും ഉചിതമായിത്തന്നെ ഉദ്ബോധിപ്പിച്ചു.—എബ്രാ. 10:24.
2 ക്രിസ്തീയ യോഗങ്ങളിൽ സഹോദരങ്ങളോടൊത്തു സഹവസിക്കുന്നതു സംബന്ധിച്ച് സമാനമായ മനോഭാവമാണോ നിങ്ങൾക്കുള്ളത്? ഈ കാര്യത്തിൽ നിങ്ങളുടെ പതിവ് എന്തു വെളിപ്പെടുത്തുന്നു? സഭാ പുസ്തക അധ്യയനം ഉൾപ്പെടെ എല്ലാ യോഗങ്ങൾക്കും നിങ്ങൾ ക്രമമായി ഹാജരാകുന്നുണ്ടോ? അതോ യോഗങ്ങൾ മുടക്കുന്നത് നിങ്ങളുടെ ഒരു പതിവ് ആയിത്തീർന്നിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ യോഗങ്ങൾക്ക് എന്തു സ്ഥാനമുണ്ട്? യോഗങ്ങൾക്കു ക്രമമായി കൂടിവരാൻ നിങ്ങൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? യോഗങ്ങൾക്കു ക്രമമായി കൂടിവരാൻ സ്മാരകത്തിനു ഹാജരാകുന്നവരെ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?
3 നമ്മുടെ ദൈനംദിന ജീവിതചര്യ എന്തുതന്നെ ആയിരുന്നാലും പൗലൊസിന്റെ ബുദ്ധിയുപദേശം നമുക്കു നിസ്സാരമായി കാണാനാവില്ല. മോശമായ ആരോഗ്യമോ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില സാഹചര്യങ്ങളോ നിമിത്തം ഇടയ്ക്കൊക്കെ യോഗങ്ങൾ മുടക്കേണ്ടി വന്നേക്കാം എന്നതു ശരിയാണെങ്കിലും, അത് ഒരു പതിവാക്കരുത്. (റോമ. 2:21) നിരവധി ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുള്ളതിനാൽ—അതിൽ വിവിധ ദിവ്യാധിപത്യ പ്രവർത്തനങ്ങളും ഉൾപ്പെട്ടിരുന്നേക്കാം—കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ എന്താണെന്ന് ഒരു ക്രിസ്ത്യാനി ഉറപ്പുവരുത്തണം. (ഫിലി. 1:10, NW) ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങളിൽ ഉൾപ്പെടുന്നതാണ് യോഗങ്ങൾ. അവ നമ്മുടെ ആത്മീയ ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്.
അന്യോന്യം പ്രോത്സാഹിപ്പിക്കുക
4 പൗലൊസ് റോമാക്കാർക്ക് എഴുതിയപ്പോൾ, അവൻ അവരെ കാണാൻ അതിയായി വാഞ്ഛിക്കുന്നതായി പറഞ്ഞു. എന്തിന്? അവർ ‘ഉറപ്പുള്ളവരായി’ തീരേണ്ടതിന് ആത്മീയ ദാനങ്ങൾ പകർന്നുകൊടുക്കുന്നതിന്. (റോമ. 1:11, NW) സഹവാസം പ്രധാനമാണെന്ന് അവനു തോന്നി, അതേ, അത് ആവശ്യമായിരുന്നു. കാരണം അവൻ തുടർന്നു പറഞ്ഞു: “പരസ്പര പ്രോത്സാഹന കൈമാറ്റം ഉണ്ടാകേണ്ടതിനുതന്നെ,” അഥവാ റഫറൻസ് ബൈബിളിന്റെ അടിക്കുറിപ്പ് പറയുന്നതുപോലെ, “ഒന്നിച്ചു പ്രോത്സാഹിതരാകുന്നതിനുതന്നെ.” (റോമ. 1:12, NW) ഒരു അപ്പൊസ്തലനായിരുന്ന പൗലൊസ് പോലും ക്രിസ്തീയ സഹവാസത്തിലൂടെയുള്ള പ്രോത്സാഹനത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞു.
5 അതുപോലെ നമ്മുടെ യോഗങ്ങളിലും നാം അന്യോന്യം സ്നേഹത്തിനും സത്പ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിക്കണം. സൗഹാർദപൂർവകമായ പുഞ്ചിരിക്കും ഊഷ്മളമായ ആശംസയ്ക്കും മറ്റുള്ളവരുടെമേൽ ക്രിയാത്മക ഫലം ഉളവാക്കാൻ കഴിയും. കെട്ടുപണി ചെയ്യുന്ന അഭിപ്രായങ്ങൾ, നന്നായി തയ്യാറായി അവതരിപ്പിക്കുന്ന പരിപാടികൾ, മറ്റുള്ളവരുടെ ആത്മീയ പുരോഗതി നിരീക്ഷിക്കൽ, യോഗങ്ങളിൽ കേവലം സഹോദരങ്ങളോടൊപ്പം ആയിരിക്കൽ, ഇവയ്ക്കെല്ലാം വളരെ പ്രോത്സാഹജനകം ആയിരിക്കാൻ കഴിയും. ദിവസത്തിന്റെ അവസാനത്തിൽ നാം ക്ഷീണിതരാണെങ്കിലും, യോഗത്തിനു ഹാജരായ ശേഷം ഒരു പ്രത്യേക ഉത്സാഹം തോന്നുന്നതായി നാം സാധാരണ കണ്ടെത്താറുണ്ട്. ക്രിസ്തീയ സൗഹൃദവും സഹോദരങ്ങൾ നമ്മോടു കാണിക്കുന്ന സ്നേഹവും ‘നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടാൻ’ നമ്മെ പ്രോത്സാഹിപ്പിക്കും. (എബ്രാ. 12:1) ദൈവവചനം അതീവശ്രദ്ധയോടെ കേൾക്കുകവഴി, ചഞ്ചലരാകാതെ നമ്മുടെ പ്രത്യാശയുടെ പരസ്യപ്രഖ്യാപനം മുറുകെ പിടിക്കാൻ നമുക്ക് ഒരുങ്ങിയിരിക്കാൻ കഴിയും. തീർച്ചയായും, യോഗങ്ങളിൽ ഹാജരാകുന്നതിലൂടെ നമുക്ക് അനേകം അനുഗ്രഹങ്ങൾ ലഭിക്കുന്നു.
6 മുമ്പെന്നത്തെക്കാൾ നാം നമ്മുടെ വിശ്വാസം മുറുകെ പിടിക്കുകയും സ്നേഹത്തിനും സത്പ്രവൃത്തികൾക്കും മറ്റുള്ളവരുടെ ഉത്സാഹം വർധിപ്പിക്കുകയും വേണം. നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കുന്ന ഒരു പതിവ് അഥവാ ശീലം വളർത്തിയെടുക്കാൻ നാം ആഗ്രഹിക്കുന്നില്ല. സ്മാരകത്തിനു ഹാജരാകുന്നവർ ഉൾപ്പെടെയുള്ള മറ്റുള്ളവരെ യോഗങ്ങൾക്കു ക്രമമായി വരുന്നതിനു പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും നാം ബോധപൂർവകമായ ശ്രമം ചെയ്യണം. ഈ വിധത്തിൽ മറ്റുള്ളവരോടുള്ള സ്നേഹവും ക്രിസ്തീയ യോഗങ്ങളോടുള്ള വിലമതിപ്പും നാം പ്രകടമാക്കും.