നമ്മുടെ സാഹിത്യങ്ങളെ നിങ്ങൾ മൂല്യവത്തായി കരുതുന്നുവോ?
1 വജ്രങ്ങളും മറ്റു രത്നക്കല്ലുകളും മൂല്യമുള്ളതായിരിക്കുന്നത് അവയുടെ മനോഹാരിത നിമിത്തം മാത്രമല്ല, അവ കണ്ടെത്താനും കുഴിച്ചെടുക്കാനുമുള്ള ഭാരിച്ച ചെലവു നിമിത്തവുമാണ്. യഹോവയെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവ് അതിലുമേറെ ശ്രേഷ്ഠമായ മൂല്യമുള്ളതാണ്. ലോകത്തിൽ നമ്മുടെ പ്രസിദ്ധീകരണങ്ങൾ മാത്രമാണ് ഈ ആത്മീയ ധനത്തെ ഗഹനമായും ദൈവിക ജ്ഞാനത്തോടെയും വിശദീകരിക്കുന്നത്. (റോമ. 11:33; ഫിലി. 3:8) നമ്മുടെ സാഹിത്യങ്ങളോടു നമുക്ക് എങ്ങനെ യഥാർഥ വിലമതിപ്പു പ്രകടമാക്കാൻ കഴിയും?
2 അനേകം വ്യക്തികളും കുടുംബക്കൂട്ടങ്ങളും ക്രമമായി ഒരു സംഭാവന മാറ്റിവെക്കുകയും അതു രാജ്യഹാളിൽ കൊണ്ടുപോയി, “സൊസൈറ്റിയുടെ ലോകവ്യാപക വേലയ്ക്കുവേണ്ടിയുള്ള സംഭാവനകൾ—മത്തായി 24:14” എന്നെഴുതിയിരിക്കുന്ന സംഭാവനപ്പെട്ടിയിൽ ഇടുകയും ചെയ്യാറുണ്ട്. സാഹിത്യങ്ങളോ മാസികകളോ എടുക്കുമ്പോൾ സംഭാവന ഇടുകയും വയൽശുശ്രൂഷയിലായിരിക്കെ ലഭിച്ച സംഭാവനകൾ സംഭാവനപ്പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുമ്പോൾ വ്യക്തികൾ ലോകവ്യാപക വേലയ്ക്കായി കൂടുതലായ സംഭാവന നൽകുകയാണു ചെയ്യുന്നത്.
3 വിലമതിപ്പു പ്രകടമാക്കാനുള്ള മറ്റൊരു മാർഗം വയലിൽ കണ്ടുമുട്ടുന്ന ആളുകൾക്കു വിവേചനയോടെ സാഹിത്യങ്ങൾ സമർപ്പിക്കുക എന്നതാണ്. വിലയേറിയ വജ്രം ഒരു ശിശുവിനു നൽകുന്നതിനെ കുറിച്ചു നാം ചിന്തിക്കാറില്ല കാരണം, ആ ശിശുവിന് അതിന്റെ മൂല്യം മനസ്സിലാക്കാനാവില്ല. ആത്മീയ കാര്യങ്ങളോടു വിലമതിപ്പില്ലാത്ത വ്യക്തികൾക്കും നാം അമൂല്യമായ സാഹിത്യങ്ങൾ നൽകുകയില്ല. (എബ്രായർ 12:16 താരതമ്യം ചെയ്യുക.) നാം നമ്മുടെ സമയം ചെലവിടുന്നതും സാഹിത്യങ്ങൾ നൽകുന്നതും ആളുകളെ വിവേചിച്ചറിഞ്ഞതിനു ശേഷമായിരിക്കണം. സംസാരിക്കാൻ വീട്ടുകാരനു താത്പര്യമുണ്ടോ? നാം സംസാരിക്കുമ്പോൾ അദ്ദേഹം ശ്രദ്ധിക്കുകയും ചോദ്യങ്ങളോടു പ്രതികരിക്കുകയും ബൈബിൾ വായിക്കുമ്പോൾ അത് എടുത്തുനോക്കുകയും ചെയ്യുന്നുണ്ടോ? ആ വിധത്തിൽ താത്പര്യം കാണിക്കുന്നെങ്കിൽ, ഉചിതമായ ഒരു പ്രസിദ്ധീകരണം നൽകാൻ നാം സന്തോഷമുള്ളവരാണ്. പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചു നാം നടത്തുന്ന അധ്യയനങ്ങൾ, ബൈബിൾ ഉപദേശങ്ങൾ പഠിക്കാനും യഹോവയുമായി ഒരു ബന്ധം വളർത്തിയെടുക്കാനും ആളുകൾക്ക് അവസരം നൽകുന്നു. നമ്മുടെ സാഹിത്യങ്ങളുടെ യഥാർഥ പ്രയോജനം അവ എപ്രകാരം ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.
4 രാജ്യഹാളിലോ നമ്മുടെ ഭവനത്തിലോ ഒരു ഷെൽഫിൽ വെച്ചിരിക്കുന്ന സാഹിത്യങ്ങൾ അവയുടെ ഉദ്ദേശ്യം നിറവേറ്റുന്നില്ല, അതിന്റെ മൂല്യം തിരിച്ചറിയപ്പെടുന്നുമില്ല. മാസികകളുടെയും ലഘുപത്രികകളുടെയും ബയൻഡിട്ട പുസ്തകങ്ങളുടെയും ലഘുലേഖകളുടെയും പഴയ പ്രതികൾപോലും നന്നായി ഉപയോഗപ്പെടുത്തണം. നമ്മുടെ പക്കൽ ഇപ്പോഴുളള സാഹിത്യശേഖരത്തിന്റെ സ്റ്റോക്ക് അവസാനമായി എടുത്തത് എപ്പോഴാണ്? എത്രയധികം സാഹിത്യങ്ങൾ കുന്നുകൂടിയിരിക്കുന്നുവെന്നു മനസ്സിലാക്കുമ്പോൾ നാം അതിശയിച്ചുപോയേക്കാം. നമ്മുടെ പക്കലുളള സാഹിത്യം പഴകി നിറം മങ്ങിയോ കീറിയോ മുഷിഞ്ഞോ പോകാതെ ഇപ്പോഴും നല്ല സ്ഥിതിയിലാണോ? എങ്കിൽ, അവ വയൽശുശ്രൂഷയിൽ വിതരണം ചെയ്യാൻ നാം സകല ശ്രമവും ചെയ്യണം. കേടുപറ്റിയ സാഹിത്യം വ്യക്തിപരമായ ഉപയോഗത്തിനായി സൂക്ഷിക്കുകയോ ഉചിതമായ വിധത്തിൽ ഒഴിവാക്കുകയോ ചെയ്യാം. മുഖ്യമായും നിലവിലുള്ള സമർപ്പണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പോലും ചിലപ്പോഴൊക്കെ ഒരു വ്യത്യസ്ത പ്രസിദ്ധീകരണം ഉപയോഗിക്കാൻ നമുക്കു തീരുമാനിക്കാവുന്നതാണ്.
5 വിതരണത്തിനായി നിങ്ങൾക്കു യഥാർഥത്തിൽ എന്തുമാത്രം സാഹിത്യം വേണം എന്നതു സംബന്ധിച്ച് ശ്രദ്ധാപൂർവം ചിന്തിക്കുക. നല്ല വിവേചന ആവശ്യമാണ്. വിശേഷാൽ നിങ്ങൾ പയനിയറിങ് നടത്തുന്നെങ്കിൽ, ഒരു മതിയായ അളവ് അത്യാവശ്യമായിരിക്കെ, സാഹിത്യത്തിന്റെ വലിയ ഒരു ശേഖരം വ്യക്തിപരമായി സൂക്ഷിക്കേണ്ടതില്ല, കാരണം രാജ്യഹാളിൽനിന്ന് യോഗങ്ങൾക്കു മുമ്പും ശേഷവും കൂടുതൽ വാങ്ങാൻ കഴിയും. മാസാരംഭത്തിൽ പ്രവർത്തനം തുടങ്ങുമ്പോൾത്തന്നെ മതിയായ സാഹിത്യം കരുതുകയും നിങ്ങളുടെ ശേഖരം തീരുന്നതനുസരിച്ചു കൂടുതൽ എടുക്കുകയും ചെയ്യുക.
6 ദൈവത്തിന്റെ സത്യവചനത്തെ വിലമതിക്കുന്ന ആളുകൾക്കു സമർപ്പിക്കുമ്പോൾ നമ്മുടെ പ്രസിദ്ധീകരണങ്ങൾക്ക് അതീവ മൂല്യമുണ്ട്. പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന സാഹിത്യങ്ങൾ ഉപയോഗിക്കുന്നതിൽ ജ്ഞാനവും വിവേകവും ഉള്ളവരായിരുന്നുകൊണ്ട് നമ്മുടെ സാഹിത്യങ്ങളെ നാം എത്രയധികം മൂല്യവത്തായി കരുതുന്നു എന്നു നമുക്കെല്ലാം പ്രകടമാക്കാം.