നിങ്ങൾ ദൈവവചനത്തിനുവേണ്ടി നിലകൊള്ളുന്നുവോ?
1 ഇന്നത്തെ ലോകം പൊതുവേ ബൈബിളിനു യാതൊരു വിലയും കൽപ്പിക്കുന്നില്ല. എന്നാൽ സത്യക്രിസ്ത്യാനികൾ തീക്ഷ്ണതയോടെ ദൈവവചനത്തെ പിന്താങ്ങുന്നു. “നിന്റെ വചനം സത്യം ആകുന്നു” എന്ന് യേശുക്രിസ്തു പ്രാർഥനയിൽ സമ്മതിച്ചുപറയുകയുണ്ടായി. “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാ”ണെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് അവന്റെ വാക്കുകളോടു നാം യോജിക്കുന്നു. (2 തിമൊ. 3:16; യോഹ. 17:17) ദൈവവചനത്തിനുവേണ്ടി ഒരു ഉറച്ച നിലപാടെടുക്കാൻ നമുക്കെങ്ങനെ കഴിയും?
2 തിരുവെഴുത്തുകൾ മനഃപാഠമാക്കുക: ദൈവവചനം നന്നായി പഠിക്കാൻ യേശു ആത്മാർഥമായി ശ്രമിച്ചുവെന്നതിനു തെല്ലും സംശയമില്ല. ശുശ്രൂഷയിലുടനീളം ദൈവവചനത്തിൽനിന്നു പഠിപ്പിക്കാൻ ഇത് അവനെ പ്രാപ്തനാക്കി. (ലൂക്കൊ. 4:16-21; 24:44-46) സഹായകമായ തിരുവെഴുത്തുകൾക്കൊണ്ട് മനസ്സിന്റെ ആവനാഴി നിറയ്ക്കാൻ നമുക്കെങ്ങനെ കഴിയും? ദിവസേന ബൈബിൾ വായിക്കുന്നതിനാലും ശുശ്രൂഷയിൽ ഫലപ്രദമായി ഉപയോഗിക്കാവുന്നതോ പ്രോത്സാഹജനകമോ ആയ ഒരു വാക്യത്തെക്കുറിച്ച് ഓരോ ദിവസവും ധ്യാനിക്കുന്നതിനാലും നമുക്കങ്ങനെ ചെയ്യാനാകും. യോഗങ്ങൾക്കു തയ്യാറാകുമ്പോൾ പരാമർശിത വാക്യങ്ങൾ ബൈബിൾ തുറന്നു നോക്കണം, സാധ്യമെങ്കിൽ അതിനെ ആസ്പദമാക്കി ഒരു അഭിപ്രായവും തയ്യാറാകണം. പ്രസംഗകൻ യോഗങ്ങളിൽ തിരുവെഴുത്തുകൾ വായിക്കുമ്പോൾ നാമും നമ്മുടെ ബൈബിൾ തുറന്ന് അദ്ദേഹത്തോടൊപ്പം അവ വായിക്കേണ്ടിയിരിക്കുന്നു. തിരുവെഴുത്തുകൾ പഠിച്ചു മനഃപാഠമാക്കുന്നത് “സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം” ചെയ്യാൻ നമ്മെ പ്രാപ്തരാക്കും.—2 തിമൊ. 2:15, പി.ഒ.സി.
3 ബൈബിൾ സംസാരിക്കട്ടെ: ശുശ്രൂഷയിലായിരിക്കുമ്പോൾ ബൈബിളാണു സംസാരിക്കേണ്ടത്. ഉദാഹരണത്തിന്, സാഹചര്യം അനുവദിക്കുന്നെങ്കിൽ ഒരു തിരുവെഴുത്തെങ്കിലും വീട്ടുകാരനെ കാണിക്കണം. അദ്ദേഹം തടസ്സവാദമോ ചോദ്യമോ ഉന്നയിക്കുന്നെങ്കിൽ ബൈബിൾ ഉപയോഗിച്ച് ഉത്തരം നൽകുന്നതാണ് ഏറ്റവും നല്ലത്. വീട്ടുകാരനു തിരക്കാണെങ്കിൽപ്പോലും ഇപ്രകാരം പറഞ്ഞുകൊണ്ട് ബൈബിളിലെ ഒരു ആശയം വിശേഷവത്കരിക്കാൻ കഴിഞ്ഞേക്കും: “ഞാൻ പോകുന്നതിനുമുമ്പായി ഒരു തിരുവെഴുത്തു വായിച്ചുകേൾപ്പിക്കട്ടേ?” സാധ്യമാകുമ്പോഴെല്ലാം വീട്ടുകാരനെക്കൂടി കാണിച്ചുകൊണ്ട് ബൈബിളിൽനിന്നു നേരിട്ടു വായിക്കുക. എന്നാൽ ബാഗിൽനിന്നു ബൈബിൾ എടുത്തു വായിക്കുന്നത് ഉചിതമല്ലെന്നു തോന്നുന്ന സാഹചര്യങ്ങളിൽ ഓർമയിൽനിന്ന് ഒരു തിരുവെഴുത്ത് ഉദ്ധരിക്കുന്നതായിരിക്കും നല്ലത്.
4 ഒരു വീട്ടുകാരനെ ത്രിത്വം തെറ്റാണെന്നു തെളിയിക്കുന്ന തിരുവെഴുത്തുകൾ കാണിച്ചപ്പോൾ അദ്ദേഹം അതിശയത്തോടെ പറഞ്ഞു: “ഞാൻ ചെറുപ്പംമുതൽ പള്ളിയിൽ പോയിരുന്നെങ്കിലും ബൈബിൾ പറയുന്നത് ഇതാണെന്ന് അറിഞ്ഞിരുന്നേയില്ല!” ഉടൻതന്നെ അദ്ദേഹം ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. തന്റെ ആടുകൾ തന്റെ ശബ്ദത്തിനു ചെവികൊടുക്കുമെന്നു യേശു പറയുകയുണ്ടായി. (യോഹ. 10:16, 27) ആത്മാർഥ ഹൃദയരായവർക്കു സത്യം തിരിച്ചറിയാനുള്ള അത്യുത്തമ മാർഗം തിരുവെഴുത്തിൽനിന്ന് അവർ അത് നേരിട്ടു കാണുന്നതാണ്. അതുകൊണ്ട് ദൈവത്തിന്റെ സത്യവചനത്തിനുവേണ്ടി നമുക്കു നിലകൊള്ളാം.