വയൽസേവനത്തിൽ ബൈബിൾ ഉപയോഗിക്കുക
1 ബൈബിളിലെ നിശ്വസ്തവചനങ്ങൾക്ക് ആളുകളുടെമേൽ ഒരു ശക്തമായ ഫലമുണ്ടായിരിക്കാൻ കഴിയും. ഈ കാരണത്താൽ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ സുവാർത്ത ഘോഷിച്ചപ്പോൾ തിരുവെഴുത്തുകൾ നന്നായി ഉപയോഗിച്ചു. പൗലോസ് തന്റെ ആശയങ്ങൾ വിശദീകരിച്ചുകൊണ്ടും പരാമർശനങ്ങളാൽ തെളിയിച്ചുകൊണ്ടും ‘തിരുവെഴുത്തുകളിൽനിന്ന് ന്യായവാദംചെയ്തു.’ (പ്രവൃ. 17:2, 3) അപ്പല്ലോസ് യഹൂദൻമാരോടു സാക്ഷീകരിച്ചപ്പോൾ “യേശു, ക്രിസ്തു ആകുന്നുവെന്ന് തിരുവെഴുത്തുകളാൽ പ്രകടമാക്കി.”—പ്രവൃ. 18:24-28.
2 യഹോവയുടെ സാക്ഷികൾ ഇന്ന് ഈ ദൃഷ്ടാന്തം പിന്തുടരുന്നു. 1986 മാർച്ച് -1ലെ വാച്ച്ററവറിന്റെ 26-ാം പേജിൽ പ്രസ്താവിച്ചിരുന്നപ്രകാരം “അവർ പരസ്യശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ തങ്ങൾ ഘോഷിക്കുന്ന സന്ദേശം തങ്ങളുടെ സ്വന്തമല്ല, പിന്നെയോ ദൈവത്തിന്റെ സ്വന്തം വചനത്തിൽനിന്നുളളതാണെന്ന് ആളുകൾ തിരിച്ചറിയാൻ അവർ ആഗ്രഹിക്കുന്നു. അതുകൊണ്ട് സാദ്ധ്യമാകുമ്പോഴൊക്കെ, ബൈബിളിൽനിന്ന് യഥാർത്ഥമായി വായിച്ചുകൊണ്ട് അവർ അത് നേരിട്ടുപയോഗിക്കുന്നു.” നിങ്ങൾ നിങ്ങളുടെ ശുശ്രൂഷയിൽ ബൈബിൾ പൂർണ്ണമായി ഉപയോഗിക്കുന്നുണ്ടോ? നിങ്ങളുടെ പ്രദേശത്തെ പ്രധാന നാട്ടുഭാഷയിലുളള ഒരു ബൈബിൾ എല്ലായ്പ്പോഴും എടുക്കുകയും സാദ്ധ്യമാകുമ്പോഴെല്ലാം അതുപയോഗിക്കുകയും ചെയ്യുന്ന സംഗതി ഉറപ്പുവരുത്തിക്കൂടേ?
എന്തുകൊണ്ടു ഫലപ്രദം
3 ബൈബിൾ വളരെ ഫലപ്രദമായിരിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അതു ദൈവവചനമാണ്, “ചിന്തകളെയും ഹൃദയത്തിലെ ഉദ്ദേശ്യങ്ങളെയും വിവേചിക്കാൻ പ്രാപ്തവു”മാണ്. (എബ്രാ. 4:12) തിരുവെഴുത്തുസത്യങ്ങൾക്ക് വിധേയരാക്കപ്പെടുമ്പോൾ വ്യക്തികളുടെ യഥാർത്ഥ ആന്തരങ്ങൾ മുൻപന്തിയിലേക്കു വരുന്നു. പരമാർത്ഥഹൃദയമുളളവർ അതിലേക്ക് ആകർഷിക്കപ്പെടുന്നു. ദൃഷ്ടാന്തത്തിന്, യഹോവയെ സേവിക്കുന്നതിൽ സത്വര പുരോഗതി നേടിയ ഒരു യുവദമ്പതികൾ അവർ സുവാർത്തയോട് ഇത്ര പെട്ടെന്ന് പ്രതികരിച്ചതെന്തുകൊണ്ടെന്ന് ചോദിക്കപ്പെട്ടു. അവരുടെ ഉത്തരമോ? “അതു ബൈബിളായിരുന്നു.” അവരെ സന്ദർശിച്ച പ്രസാധകർ അവരുടെ ശ്രദ്ധയെ ബൈബിളിലേക്കു തിരിച്ചുവിട്ടപ്പോൾ അവർ “നല്ല ഇടയന്റെ” ശബ്ദം തിരിച്ചറിഞ്ഞു.—യോഹ. 10:14; w78 6⁄1 പേ. 22-3.
4 നിങ്ങൾ വയൽസേവനത്തിൽ ബൈബിളുപയോഗിക്കുമ്പോൾ ചിലപ്പോൾ പ്രാപ്തിക്കുറവ് അനുഭവപ്പെടുന്നുണ്ടോ? എല്ലാ സഭാമീററിംഗുകൾക്കുംവേണ്ടിയുളള ഒരുക്കവും ഹാജരാകലും സഹിതമുളള നല്ല വ്യക്തിപരമായ പഠനത്തിന്റെ ഒരു പരിപാടി, സകല സൽപ്രവൃത്തിക്കും നിങ്ങളെ സജ്ജനാക്കുകയും കൂടുതലായ ആത്മധൈര്യം പകരുകയുംചെയ്യും. (2 തിമൊ. 3:16, 17) സേവനപങ്കാളികൾക്കും കുടുംബാംഗങ്ങൾക്കും സംഭാഷണവിഷയം പരിശീലിക്കാവുന്നതാണ്. കൂടാതെ, ന്യായവാദം പുസ്തകത്തിന്റെ 9-15 വരെയുളള പേജുകളിലെ മുഖവുരകൾ സംഭാഷണത്തിന്റെ പ്രാരംഭത്തിൽത്തന്നെ ഒരു തിരുവെഴുത്തു വായിക്കുന്നത് ഉൾപ്പെടുത്തുന്നു. ഇവയിൽ ചിലതു പരിശീലിച്ചുകൂടേ? പ്രായോഗികവും നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ താത്പര്യം പിടിച്ചെടുക്കുന്നതുമായവ ഉപയോഗിക്കുക.
നല്ല വിവേചന ഉപയോഗിക്കുക
5 വീട്ടുകാരന്റെ സ്വന്തം ബൈബിൾപ്രതി എടുത്തുകൊണ്ടുവന്ന് നമ്മോടൊത്ത് ഒരു തിരുവെഴുത്തു നോക്കാൻ വീട്ടുകാരനെ നാം ക്ഷണിക്കാനാഗ്രഹിക്കുന്ന സമയങ്ങളുണ്ട്. അങ്ങനെയുളള സാഹചര്യങ്ങളിൽ നല്ല വിവേചന ഉപയോഗിക്കുക. (ന്യായവാദം പുസ്തകത്തിന്റെ 67-ാം പേജ് ഖണ്ഡിക 3ഉം 279-ാം പേജ് ഖണ്ഡിക 2ഉം കാണുക.) ചുരുക്കിപ്പറയേണ്ടതാവശ്യമായിരിക്കുമ്പോൾ നാം നമ്മുടെ സംഭാഷണവിഷയത്തിലെ ഒരൊററ തിരുവെഴുത്തുമാത്രം വായിക്കാൻ തീരുമാനിച്ചേക്കാം. അല്ലെങ്കിൽ വീട്ടുകാരൻ സ്പഷ്ടമായും തിരക്കിലാണെങ്കിൽ നമുക്ക് കേവലം ബൈബിളിൽനിന്നാണെന്ന് വീട്ടുകാരനൈ അറിയിച്ചുകൊണ്ട് ഉചിതമായ ഒരു വാചകം ഉദ്ധരിക്കാവുന്നതാണ്. പ്രസംഗിക്കുമ്പോൾ കൊണ്ടുനടക്കുന്നതിന് യേശുവിനും അപ്പോസ്തലൻമാർക്കും എബ്രായതിരുവെഴുത്തുകളുടെ വ്യക്തിപരമായ പ്രതികളില്ലായിരുന്നു. എങ്കിലും അവർ വിപുലമായി അവയിൽനിന്ന് ഉദ്ധരിച്ചു. നാമും നമ്മുടെ ശുശ്രൂഷയിലുപയോഗിക്കുന്നതിന് മനസ്സിലുണ്ടായിരിക്കത്തക്കവണ്ണം തിരുവെഴുത്തുകൾ ഓർമ്മയിൽവെക്കാൻ ഒരു ശ്രമംചെയ്യേണ്ടതാണ്.
6 ‘സത്യത്തിന്റെ വചനം ശരിയായി കൈകാര്യംചെയ്യാൻ’ പൗലോസ് തിമൊഥെയോസിനെ ഉദ്ബോധിപ്പിച്ചു. (2 തിമൊ. 2:15) ഇതേ ഉദ്ബോധനം ഇന്ന് നമുക്കും ബാധകമാകുന്നു. നമ്മുടെ വയൽശുശ്രൂഷയിൽ കൂടെക്കൂടെ ബൈബിൾ ഉപയോഗിച്ചുകൊണ്ട് യേശുവിനെയും അപ്പോസ്തലൻമാരെയും അനുകരിക്കാൻ നാമാഗ്രഹിക്കുന്നു. സാദ്ധ്യമാകുമ്പോഴൊക്കെ അതിൽനിന്ന് ഉദ്ധരിക്കുക, എന്നാൽ ആവശ്യമെങ്കിൽ ഓർമ്മയിൽനിന്ന് അത് ഉദ്ധരിക്കുക. നാം ഇത് ഫലകരമായി ചെയ്യുന്നത് നാം ദൈവത്തിന്റെ ശുശ്രൂഷകരാണെന്നും നമ്മുടെ സന്ദേശം അവന്റെ വചനത്തിൽ ഉറപ്പായി അടിസ്ഥാനപ്പെട്ടിരിക്കുന്നുവെന്നും വ്യക്തമാക്കും.