ബഹുഭാഷാ ലഘുലേഖകൾ പായ്ക്കറ്റിൽ
1 ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലായി 1,600-ലധികം ഭാഷകൾ സംസാരിക്കുന്ന ജനകോടികളുടെ പക്കൽ സുവാർത്ത എത്തിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ഒരു നിയമനമാണ്. (മത്താ. 24:14; വെളി. 7:9) എങ്കിലും പല പ്രസാധകരും ഇതു നന്നായിത്തന്നെ നിർവഹിക്കുന്നു. പ്രാദേശിക ഭാഷകൾ സംസാരിക്കുന്നവരോടു മാത്രമല്ല, തങ്ങളുടെ പ്രദേശത്തു വസിക്കുന്ന വ്യത്യസ്ത “വംശങ്ങളിലും ഭാഷകളിലുംനിന്നു”ള്ളവരോടും അവർ ഫലപ്രദമായി സാക്ഷീകരിക്കുന്നു. നിങ്ങൾക്കും ഒരുപക്ഷേ നിരവധി ഭാഷകൾ അറിയാമായിരിക്കും. അല്ലെങ്കിൽ ഹിന്ദി, ഇംഗ്ലീഷ് പോലുള്ള പൊതുവായ ഭാഷകൾ നിങ്ങൾ കൈകാര്യം ചെയ്യുമായിരിക്കും. അതുമല്ലെങ്കിൽ സകല ജനതകൾക്കും വേണ്ടിയുളള സുവാർത്ത എന്ന ചെറുപുസ്തകം നിങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടാകാം.
2 ഇന്ത്യയിലെ 26 ഭാഷകളിൽ ബൈബിൾ സാഹിത്യങ്ങൾ നൽകിക്കൊണ്ട് ദൃശ്യ സംഘടന നമുക്കു നൽകുന്ന പിന്തുണയെ നാമെല്ലാം വിലമതിക്കുന്നു. എന്നാൽ താത്പര്യക്കാരന്റെ ഭാഷയിലുള്ള പ്രസിദ്ധീകരണം നിങ്ങളുടെ കൈയിലോ സഭാ സ്റ്റോക്കിലോ ഇല്ലാതെവരുമ്പോൾ നിങ്ങൾക്കു നിരാശ തോന്നിയേക്കാം. താത്പര്യം കാണിക്കുന്ന എല്ലാവർക്കും അവർക്കു വായിച്ചു മനസ്സിലാക്കാവുന്ന ഭാഷയിൽ ഒരു ബൈബിളധിഷ്ഠിത പ്രസിദ്ധീകരണം നൽകാനാകുന്നതു സംതൃപ്തിദായകമായിരിക്കില്ലേ?
3 വാച്ച്ടവർ പബ്ലിക്കേഷൻസ് ലിസ്റ്റിൽ കാണുന്ന എല്ലാ ഭാഷകളിലുമുള്ള ലഘുലേഖകൾ മിതമായ തോതിൽ സഭകൾക്ക് ഇപ്പോൾ ഓർഡർ ചെയ്യാവുന്നതാണ്. ചൈനീസ്, പേർഷ്യൻ, ഫ്രഞ്ച് തുടങ്ങിയ കൂടുതൽ സാധാരണമായ വിദേശ ഭാഷകളിലും ഏതാനും എണ്ണം വീതം ഓർഡർ ചെയ്യാം. ഓരോ പ്രസാധകനും ഇവ ഉപയോഗിച്ച് 10-ഓ 15-ഓ 20-ഓ ഭാഷകളിലുള്ള ലഘുലേഖകളുടെ ഒരു പായ്ക്കറ്റ് ഉണ്ടാക്കാനാകും. അങ്ങനെ, ശുശ്രൂഷയിലായിരിക്കെ കണ്ടുമുട്ടിയേക്കാവുന്ന മറ്റു ഭാഷക്കാർക്കും അച്ചടിച്ച സന്ദേശം നൽകുന്നതിനു സാധിക്കും. വാച്ച്ടവർ പബ്ലിക്കേഷൻസ് ലിസ്റ്റ് ഉപയോഗിച്ച് സഭാ സേവനക്കമ്മിറ്റിക്ക് തങ്ങളുടെ പ്രദേശത്തിന് ഏറ്റവും അനുയോജ്യമായ ഭാഷകളും വിഷയവും തിരഞ്ഞെടുക്കാൻ കഴിയും.
4 പ്രസാധകർ തങ്ങളുടെ പായ്ക്കറ്റിൽനിന്നു വല്ലപ്പോഴുമൊക്കെ ഓരോ ലഘുലേഖ താത്പര്യക്കാർക്കു കൊടുക്കുമ്പോൾ, പകരമായി സഭയിലെ ചെറിയ സ്റ്റോക്കിൽനിന്നും അവർക്കു മറ്റൊന്നു കൈപ്പറ്റാവുന്നതാണ്. അങ്ങനെ വയൽസേവനത്തിനായി അവരുടെ കൈവശം എല്ലായ്പോഴും എല്ലാ ഭാഷയിലുമുള്ള ലഘുലേഖകൾ ലഭ്യമായിരിക്കും. മാത്രമല്ല, നമ്മുടെ വേല എത്ര പക്ഷപാതരഹിതമാണ് എന്നു കാണിക്കുന്ന ഒരു ദൃശ്യ സഹായിയായി ഈ പായ്ക്കറ്റ് ഉപയോഗിക്കാനാകും. സകല വംശങ്ങളിലും ഭാഷകളിലും ഉള്ളവർക്കു സുവാർത്ത എത്തിക്കാനുള്ള കൽപ്പനയെ നാം എത്ര ഗൗരവമായി എടുക്കുന്നുവെന്നും ഇതു കാണിക്കുന്നു.
5 ചില ഭാഷയിലുള്ള ലഘുലേഖകൾ വിരളമായേ ഉപയോഗിക്കേണ്ടിവരികയുള്ളൂ. അതുകൊണ്ട് അവ മുഷിഞ്ഞുപോകാതെ സൂക്ഷിക്കുകയും എല്ലായ്പോഴും അവയുടെ ആകർഷണീയത നിലനിറുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. അങ്ങനെയാകുമ്പോൾ അതു നമ്മുടെ ദൂതിനെ ‘അലങ്കരിക്കും.’ (തീത്തൊ. 2:9, 10) പഴക്കംചെന്ന, കീറിയ കോപ്പികൾ പായ്ക്കറ്റിൽനിന്നു മാറ്റി പുതിയവ വെക്കുക.
6 ഓരോ വർഷവും 26 ഭാഷകളിലായി 46,00,000-ത്തിലധികം ലഘുലേഖകൾ ഇന്ത്യാ ബ്രാഞ്ചിൽ അച്ചടിക്കുന്നു. ഇവ നന്നായി ഉപയോഗിച്ചുകൊണ്ട്, യഹോവയെ ആരാധിക്കുന്നതിൽ നമ്മോടു ചേരാൻ സകല ഭാഷകളിലുംനിന്നുള്ള നിരവധി പേരെ നമുക്ക് ഇനിയും സഹായിക്കാം.—യെശ. 2:2, 3.