ചോദ്യപ്പെട്ടി
◼ തിരുവെഴുത്തു ഗവേഷണവും സംവാദവും നടത്താൻ “വിശ്വസ്തനും വിവേകിയുമായ അടിമ” (NW) സാക്ഷികളുടെ സ്വതന്ത്രമായ കൂട്ടങ്ങൾക്ക് അനുമതി നൽകുന്നുണ്ടോ?—മത്താ. 24:45, 47.
ഇല്ല. എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലും, സംഘടനയുമായി സഹവസിക്കുന്ന ചിലർ ബൈബിളധിഷ്ഠിത വിഷയങ്ങൾ സംബന്ധിച്ചു സ്വതന്ത്രമായ ഗവേഷണം നടത്തുന്ന കൂട്ടങ്ങൾക്കു രൂപംനൽകിയിരിക്കുന്നു. പുതിയലോക ഭാഷാന്തരത്തിന്റെ കൃത്യത പരിശോധിക്കുകയെന്ന ലക്ഷ്യത്തിൽ ചിലർ, ബൈബിൾ എഴുതപ്പെട്ട എബ്രായ, ഗ്രീക്കു ഭാഷകളുടെ സ്വതന്ത്രമായ കൂട്ടുപഠനം നടത്തുന്നു. മറ്റു ചിലർ ബൈബിളിനോടു ബന്ധപ്പെട്ട ശാസ്ത്രീയ വിഷയങ്ങൾ ചികയുന്നു. തങ്ങളുടെ വീക്ഷണങ്ങൾ കൈമാറാനും സംവാദം നടത്താനുമായി അവർ വെബ്സൈറ്റുകളും ചാറ്റ്റൂമുകളും ഒരുക്കിയിരിക്കുന്നു. കൂടാതെ, നമ്മുടെ ക്രിസ്തീയ യോഗങ്ങളിൽനിന്നും പ്രസിദ്ധീകരണങ്ങളിൽനിന്നും ലഭിക്കുന്ന വിവരങ്ങൾക്കു മാറ്റുകൂട്ടാനും തങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കാനുമായി അവർ ചർച്ചകൾ സംഘടിപ്പിക്കുകയും സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
സഭായോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ സഹായത്താൽ ഭൂമിയിലെങ്ങുമുള്ള യഹോവയുടെ ജനത്തിന് അവന്റെ സംഘടനയിലൂടെ സമൃദ്ധമായ ആത്മീയ പ്രബോധനവും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. ദൈവജനത്തിൽപ്പെട്ട എല്ലാവരും “വിശ്വാസത്താൽ ഉറെച്ചും” “ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും” ചെയ്യേണ്ടതിന് പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിലും തന്റെ വചനത്തിന്റെ അടിസ്ഥാനത്തിലും യഹോവ ആവശ്യമായതെല്ലാം പ്രദാനംചെയ്യുന്നുണ്ട്. (കൊലൊ. 2:6, 7; 1 കൊരി. 1:10) ഈ അന്ത്യനാളുകളിലെ അവന്റെ ആത്മീയ കരുതലുകളെപ്രതി നാം വളരെ നന്ദിയുള്ളവരാണ്. അതുകൊണ്ട് വിശ്വസ്തനും വിവേകിയുമായ അടിമയുടെ മേൽനോട്ടത്തിനുവെളിയിൽ തയ്യാറാക്കുകയോ സംഘടിപ്പിക്കുകയോ ചെയ്യുന്ന പ്രസിദ്ധീകരണങ്ങളെയോ വെബ്സൈറ്റുകളെയോ യോഗങ്ങളെയോ അടിമവർഗം അംഗീകരിക്കുന്നില്ല.—മത്താ. 24:45-47.
സുവാർത്തയുടെ അഭിവൃദ്ധിക്കായി വ്യക്തികൾ തങ്ങളുടെ ചിന്താപ്രാപ്തി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത് അഭിനന്ദനാർഹമാണ്. എന്നാൽ ഇന്ന് ഭൂമിയിലുള്ള തന്റെ സഭയിലൂടെ യേശുക്രിസ്തു നിറവേറ്റിക്കൊണ്ടിരിക്കുന്ന കാര്യങ്ങളുടെ മഹത്ത്വം ചോർത്തിക്കളയാൻ ആരും ശ്രമിക്കരുത്. വിശ്വാസത്തിലുള്ള ദൈവിക പരിശീലനത്തിനു പകരം “തർക്കങ്ങൾക്കു മാത്രം ഉതകുന്ന” ക്ഷീണിപ്പിക്കുന്നതും സമയം കവർന്നെടുക്കുന്നതുമായ ‘കെട്ടുകഥകൾക്കും അന്തമില്ലാത്ത വംശാവലികൾക്കും’ മറ്റും ചെവികൊടുക്കുന്നതിന്റെ അപകടത്തെക്കുറിച്ച് ഒന്നാം നൂറ്റാണ്ടിൽ പൗലൊസ് അപ്പൊസ്തലൻ മുന്നറിയിപ്പു മുഴക്കി. (1 തിമൊ. 1:3-7) പ്രയോജനരഹിതവും വ്യർഥവുമായ “മൌഢ്യതർക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും” ഒഴിഞ്ഞിരിക്കാൻ എല്ലാ ക്രിസ്ത്യാനികളും ശ്രമിക്കണം.—തീത്തൊ. 3:9.
ദാനീയേൽ, യെശയ്യാവു, വെളിപ്പാടു എന്നീ ബൈബിൾപുസ്തകങ്ങളിലുള്ള പ്രവചനങ്ങൾ ചർച്ചചെയ്യുന്ന തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’ തുടങ്ങിയ നമ്മുടെ പ്രസിദ്ധീകരണങ്ങൾ പഠനവിഷയമാക്കാൻ, കൂടുതലായ ബൈബിൾ പഠനവും ഗവേഷണവും നടത്താൻ ആഗ്രഹിക്കുന്നവരോടു ഞങ്ങൾ ശുപാർശചെയ്യുന്നു. ബൈബിൾപഠനത്തിനും ധ്യാനത്തിനുമുള്ള വിവരങ്ങളുടെ കലവറയാണവ. അങ്ങനെ ചെയ്യുകവഴി, “പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു” നിറയാനും “സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ” വളരാനും നമുക്കു കഴിയും.—കൊലൊ. 1:9, 10.