ക്രിസ്തീയ ശുശ്രൂഷകർക്കുവേണ്ടിയുള്ള ഒരു ക്രമീകരണം
1. 1938-ൽ ഏതു പുതിയ ക്രമീകരണം ആരംഭിച്ചു? എന്ത് ഉദ്ദേശ്യത്തിൽ?
1 യഹോവയുടെ സംഘടന 1938-ൽ ഒരു പുതിയ ക്രമീകരണം ആരംഭിച്ചു: കുറെ സഭകളെ ഒരുമിച്ചു കൂട്ടിവരുത്തിക്കൊണ്ടുള്ള മേഖലാ സമ്മേളനങ്ങൾ. എന്തായിരുന്നു ഇതിന്റെ ഉദ്ദേശ്യം? 1939 ജനുവരിയിലെ ഇൻഫോർമന്റ് (നമ്മുടെ രാജ്യശുശ്രൂഷ) ഇങ്ങനെ പറയുന്നു: “രാജ്യവേല നിർവഹിക്കുന്നതിനുവേണ്ടി യഹോവയുടെ ദിവ്യാധിപത്യ സംഘടന ചെയ്തിരിക്കുന്ന ക്രമീകരണത്തിന്റെ ഭാഗമാണ് ഈ സമ്മേളനങ്ങൾ. നമ്മെ ഏൽപ്പിച്ചിരിക്കുന്ന വേല വേണ്ടവിധം ചെയ്യുന്നതിനാവശ്യമായ നിർദേശങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.” 1938-ൽ 58,000 പേരാണ് രാജ്യഘോഷകരായി ഉണ്ടായിരുന്നത്. അവരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന വർധന കാണിക്കുന്നത് ആ മേഖലാ സമ്മേളനങ്ങൾ—ഇന്ന് ഇവ സർക്കിട്ട് സമ്മേളനങ്ങൾ എന്ന് അറിയപ്പെടുന്നു—അതിന്റെ ഉദ്ദേശ്യം സാധിച്ചിരിക്കുന്നു എന്നതാണ്. അതെ, “ഏൽപ്പിച്ചിരിക്കുന്ന വേല” ഭംഗിയായി നിർവഹിക്കുന്നതിന് അത് രാജ്യശുശ്രൂഷകരെ സഹായിച്ചിരിക്കുന്നു.
2. പുതിയ സേവനവർഷത്തിലെ സർക്കിട്ട് സമ്മേളനത്തിൽ ഏതൊക്കെ വിവരങ്ങൾ നമുക്ക് ശ്രദ്ധിക്കാനാകും?
2 അടുത്ത വർഷത്തേക്കുള്ള പ്രതിപാദ്യവിഷയം: സെപ്റ്റംബർ മുതൽ ആരംഭിക്കാനിരിക്കുന്ന സർക്കിട്ട് സമ്മേളനപരിപാടിക്കായി നാം ആകാംക്ഷയോടിരിക്കുകയാണ്. നമുക്ക് പ്രോത്സാഹനം പകരുന്ന ധാരാളം വിവരങ്ങൾ അതിലുണ്ടായിരിക്കും. ‘നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല’ എന്നതായിരിക്കും സമ്മേളനത്തിന്റെ പ്രതിപാദ്യവിഷയം. യോഹന്നാൻ 15:19-ൽനിന്നാണ് ഇത് എടുത്തിരിക്കുന്നത്. ക്രിസ്തീയ ശുശ്രൂഷകർക്ക് വളരെ പ്രയോജനം ചെയ്യുന്ന ചില പ്രസംഗങ്ങൾ ഈ സമ്മേളനത്തിലുണ്ട്. ശനിയാഴ്ച, “മുഴുസമയ സേവനം ഒരു സംരക്ഷണം—എങ്ങനെ?” എന്ന ഒരു പ്രസംഗമുണ്ടായിരിക്കും. “കാട്ടുമൃഗത്താൽ മലിനപ്പെടരുത്;” “മഹാവേശ്യയാൽ മലിനപ്പെടരുത്;” “വ്യാപാരികളാൽ മലിനപ്പെടരുത്” എന്നിങ്ങനെ മൂന്നുഭാഗങ്ങളുള്ള ഒരു സിമ്പോസിയവും അന്നുണ്ടായിരിക്കും. “ലോകത്തെയല്ല യഹോവയെ സ്നേഹിക്കുക” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു സിമ്പോസിയം ഞായറാഴ്ച നമുക്കു ശ്രദ്ധിക്കാനാകും. “ക്രിസ്തുവിന്റെ രാജ്യം ‘ഈ ലോകത്തിന്റെ ഭാഗമല്ല;’” “‘അന്യരും പ്രവാസികളുമായി’ തുടരുക;” “ധൈര്യപ്പെടുവിൻ! നിങ്ങൾക്ക് ലോകത്തെ ജയിച്ചടക്കാനാകും” എന്നിവയാണ് മറ്റുചില പ്രസംഗങ്ങൾ.
3. സർക്കിട്ട് സമ്മേളനത്തിൽ സംബന്ധിക്കുന്നതുകൊണ്ട് എന്തു പ്രയോജനങ്ങളാണ് നമുക്ക് ലഭിക്കുന്നത്?
3 ശുശ്രൂഷയിൽ തണുത്തുപോയിരുന്ന ഒരു സഹോദരി അടുത്തകാലത്തെ ഒരു സർക്കിട്ട് സമ്മേളനത്തിൽ പങ്കെടുത്തശേഷം പറഞ്ഞത്, തന്റെ സാഹചര്യങ്ങളെ വിലയിരുത്താനും “ഒഴികഴിവുകൾ പറയാതെ പ്രസംഗവേലയ്ക്കായി മുന്നിട്ടിറ”ങ്ങാനുള്ള ഉറച്ച തീരുമാനമെടുക്കാനും സമ്മേളനപരിപാടി പ്രചോദനമായെന്നാണ്. പുതിയ സേവനവർഷത്തിലെ സർക്കിട്ട് സമ്മേളനപരിപാടി ലോകത്തെ സ്നേഹിക്കാതെ യഹോവയെ സ്നേഹിക്കാൻ നമുക്കെല്ലാം പ്രചോദനം പകരും. (1യോഹ 2:15-17) ക്രിസ്തീയ ശുശ്രൂഷകർക്കായുള്ള ഈ സ്നേഹപൂർവകമായ ക്രമീകരണത്തിൽനിന്ന് പൂർണമായി പ്രയോജനം നേടാൻ സമ്മേളനത്തിനു ഹാജരാകുകയും പരിപാടികൾ ശ്രദ്ധിച്ചുകേൾക്കുകയും ചെയ്യുക.