ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—അനൗപചാരിക സാക്ഷീകരണത്തിലേക്കു നയിക്കുന്ന സംഭാഷണത്തിനു മുൻകൈയെടുത്തുകൊണ്ട്
എന്തുകൊണ്ട് പ്രധാനം: നാം ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ പലരെയും വീടുകളിൽ കണ്ടെത്താറില്ല. എന്നാൽ, പൊതുവാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴോ ഡോക്ടറെ കാണാൻ കാത്തിരിക്കുമ്പോഴോ സ്കൂളിലോ ജോലിസ്ഥലത്തോ ഉള്ള ഇടവേളകളിലോ ഇങ്ങനെയുള്ളവരെ കണ്ടുമുട്ടാൻ ഇടയുണ്ട്. എല്ലാവരും രാജ്യസന്ദേശം കേൾക്കണമെന്നാണ് യഹോവയുടെ ഇഷ്ടം. (1 തിമൊ. 2:3, 4) സാക്ഷ്യം നൽകാനായി, സംഭാഷണം ആരംഭിക്കാൻ നാം മുൻകൈയെടുക്കണം.
ഇത് എങ്ങനെ ചെയ്യാം:
• ആരെ സമീപിക്കണം എന്നതിൽ വിവേചന കാണിക്കുക. വ്യക്തി, സൗഹൃദമുള്ളവനും സംസാരിക്കാൻ ഒരുക്കമുള്ളവനും ആയി തോന്നുന്നുവോ? തുറന്ന സംഭാഷണത്തിനു സാഹചര്യങ്ങൾ അനുവദിക്കുമോ? ചില പ്രസാധകർ ആദ്യം തന്നെ വ്യക്തിയെ നോക്കി പുഞ്ചിരിക്കുന്നു. വ്യക്തി തിരിച്ചും പുഞ്ചിരിക്കുന്നെങ്കിൽ സംഭാഷണം ആരംഭിക്കാൻ ശ്രമിക്കുന്നു.
• സംസാരിക്കാൻ ധൈര്യം കുറവാണെങ്കിൽ ഹ്രസ്വമായി ഒരു മൗനപ്രാർഥന നടത്തുക.—നെഹെ. 2:4; പ്രവൃ. 4:29.
• എന്തിനെക്കുറിച്ചെങ്കിലും ഹ്രസ്വമായി അഭിപ്രായം പറഞ്ഞുകൊണ്ടോ അഭിവാദ്യത്തോടെയോ തുടങ്ങാം. ശമര്യസ്ത്രീയോട് യേശു സംഭാഷണം തുടങ്ങിയത് രാജ്യത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടായിരുന്നില്ല. (യോഹ. 4:7) ചിലപ്പോൾ ഒരു സംഭാഷണം അഭിനന്ദനത്തോടെ തുടങ്ങാനാകും: “നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റം എത്ര നല്ലതാണ്!” ഒരു ചോദ്യം ചോദിക്കുന്നതാണ് സംഭാഷണം തുടങ്ങാനുള്ള മറ്റൊരു വിധം: “കഴിഞ്ഞ ദിവസത്തെ പത്രവാർത്ത കണ്ടിരുന്നോ?”
• ഒരിക്കൽ സംഭാഷണം ആരംഭിച്ചുകഴിഞ്ഞാൽ സുവാർത്ത അവതരിപ്പിക്കാനുള്ള അവസരത്തിനായി നോക്കിയിരിക്കുക, എന്നാൽ തിരക്കുകൂട്ടരുത്. സംഭാഷണം സ്വാഭാവികമായി നടത്തുക. ചോദ്യം ചോദിക്കാൻ വ്യക്തിയെ പ്രേരിപ്പിക്കുന്ന, ജിജ്ഞാസ ഉണർത്തുന്ന, ഒരു പ്രസ്താവന നടത്തുക. ഉദാഹരണത്തിന്, കുടുംബ കാര്യങ്ങളെപ്പറ്റിയാണ് സംഭാഷണമെങ്കിൽ നിങ്ങൾക്കിങ്ങനെ പറയാം, “കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിന് ആശ്രയയോഗ്യമായ ചില ഉപദേശങ്ങൾ ഞാൻ കണ്ടെത്തിയിട്ടുണ്ട്.” വാർത്തകളിൽ വന്ന ഏതെങ്കിലും വിഷയത്തെക്കുറിച്ചാണ് ചർച്ചചെയ്യുന്നതെങ്കിൽ ഇപ്രകാരം പറയാനാകും, “നല്ല ചില വാർത്തകൾ ഞാൻ ഈയിടെ വായിക്കാനിടയായി.” സാക്ഷ്യം കൊടുക്കുന്നതിനുമുമ്പേ സംഭാഷണം അവസാനിച്ചെങ്കിൽ നിരുത്സാഹപ്പെടാതിരിക്കുക.
• നയവും വിവേചനയും ഉള്ളവരായിരിക്കുക. നിങ്ങളുടെ വീക്ഷണങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുകയാണ് എന്ന ധാരണ ഉണ്ടാകാതിരിക്കാൻ നോക്കണം. ഒരു തിരുവെഴുത്ത് അവതരിപ്പിക്കുന്നതിനുമുമ്പ് വ്യക്തിക്ക് ആത്മീയകാര്യങ്ങളിൽ താത്പര്യമുണ്ടോ എന്ന് വിവേചിച്ചറിയാൻ ശ്രമിക്കുക.
• താത്പര്യം കാണിക്കുന്നവർക്കു നൽകാനായി ലഘുലേഖകളോ മറ്റു സാഹിത്യങ്ങളോ കരുതുക.
മാസത്തിലുടനീളം ഇതു പരീക്ഷിക്കുക:
• അനൗപചാരികമായി സാക്ഷീകരിക്കുക എന്ന ലക്ഷ്യത്തിൽ ആഴ്ചയിലൊരിക്കൽ ഒരു സംഭാഷണമെങ്കിലും തുടങ്ങാൻ ശ്രമിക്കുക.