ഓഡിയോ റെക്കോർഡിങ്ങുകൾ—എങ്ങനെ ഉപയോഗിക്കാം
1. അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ കൂടാതെ പ്രയോജനപ്രദമായ മറ്റ് എന്തെല്ലാം കരുതലുകളാണുള്ളത്?
1 ഇമ്പമുള്ളതും നേരായതും ആയ സത്യത്തിന്റെ വാക്കുകൾ jw.org-ൽനിന്ന് വായിച്ച് അനേകർ ആസ്വദിക്കുന്നു. (സഭാ. 12:10) എന്നാൽ, ലഭ്യമായ ഓഡിയോ റെക്കോർഡിങ്ങുകൾ നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? ഇവയിലൂടെ നമ്മുടെ സൈറ്റിലെ പല വിവരങ്ങളും ഗ്രഹിക്കാനാകും. ഇത് നമുക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെയാണ്?
2. നമ്മുടെ വ്യക്തിപരവും കുടുംബപരവും ആയ പഠനത്തിന് ഓഡിയോ റെക്കോർഡിങ്ങുകൾ എങ്ങനെ ഉപയോഗിക്കാം?
2 വ്യക്തിപരമോ കുടുംബപരമോ ആയ പഠനത്തിന്: യാത്ര ചെയ്യുമ്പോഴോ മറ്റു ദൈനംദിനകാര്യാദികളിൽ ഏർപ്പെടുമ്പോഴോ ബൈബിളിന്റെയോ മാസികകളുടെയോ മറ്റു പ്രസിദ്ധീകരണങ്ങളുടെയോ ഓഡിയോ റെക്കോർഡിങ്ങുകൾ കേൾക്കുന്നത് സമയം മൂല്യവത്തായി ഉപയോഗിക്കുന്നതിന് സഹായിക്കും. (എഫെ. 5:15, 16) നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ ഓഡിയോ റെക്കോർഡിങ് കേൾക്കുന്നതോടൊപ്പം ആ പ്രസിദ്ധീകരണം വായിക്കുന്നത്, കുടുംബാരാധനയിൽ വൈവിധ്യം കൊണ്ടുവരാൻ നമ്മെ സഹായിക്കും. വായനാപ്രാപ്തി മെച്ചപ്പെടുത്താനും ഒരു പുതിയ ഭാഷ പഠിക്കാനും വ്യക്തിപരമായ പഠനവേളയിൽ റെക്കോർഡിങ്ങുകൾ ഉപയോഗിക്കുന്നത് വിശേഷാൽ പ്രയോജനപ്രദമാണ്.
3. നമ്മുടെ പ്രദേശത്ത് ആർക്കെല്ലാം ഓഡിയോ റെക്കോർഡിങ്ങുകൾ പ്രയോജനം ചെയ്യും?
3 ശുശ്രൂഷയിൽ: വായിക്കാൻ ഒട്ടും സമയമില്ലെന്നു ചിന്തിക്കുന്ന പ്രദേശത്തെ ആളുകൾ ഓഡിയോ റെക്കോർഡിങ്ങുകൾ ശ്രദ്ധിക്കാൻ ചായ്വു കാണിച്ചേക്കാം. ശുശ്രൂഷയിലായിരിക്കെ മറ്റു ഭാഷക്കാരെ കണ്ടുമുട്ടുമ്പോൾ “സ്വന്തഭാഷയിൽ” രാജ്യസന്ദേശം കേൾക്കുന്നതായിരിക്കും അവർക്കു പ്രതികരിക്കാൻ എളുപ്പം. (പ്രവൃ. 2:6-8) മറ്റുള്ളവർ പറയുന്നത് കേട്ട് ഇരിക്കുന്നത് ചില സംസ്കാരത്തിന്റെ ഭാഗമാണ്. ഉദാഹരണത്തിന്, മോംഗ് സംസ്കാരത്തിൽ, അവരുടെ ചരിത്രം യുവതലമുറയ്ക്ക് പകർന്നുകൊടുക്കുന്നത് വാമൊഴിയായിട്ടാണ്. കേൾക്കുന്നവർ ആ വിവരങ്ങൾ ഓർമയിൽ മായാതെ സൂക്ഷിക്കുന്നു. പല ആഫ്രിക്കൻ സംസ്കാരങ്ങളിലും കഥ പറയുന്നതിലൂടെയാണ് കാര്യങ്ങൾ പഠിക്കുന്നത്.
4. നമ്മുടെ പ്രദേശത്തെ ആളുകളെ സഹായിക്കുന്ന കാര്യത്തിൽ ഏതൊക്കെ ചോദ്യങ്ങൾ നാം സ്വയം ചോദിക്കണം?
4 നിങ്ങളുടെ പ്രദേശത്ത് വീട്ടുകാരന്റെ ഭാഷയിൽ ഏതെങ്കിലും ഓഡിയോ റെക്കോർഡിങ്ങുകൾ കേൾപ്പിക്കുന്നത് പ്രയോജനപ്രദമായിരിക്കുമോ? ഇ-മെയിലിൽ ഏതെങ്കിലും ഓഡിയോ പ്രസിദ്ധീകരണം അയച്ചാൽ പ്രയോജനം ലഭിക്കുന്ന ആരെങ്കിലും ഉണ്ടോ? ചിലപ്പോഴൊക്കെ, താത്പര്യമുള്ള വീട്ടുകാരന് അച്ചടിച്ച പ്രസിദ്ധീകരണത്തോടൊപ്പം അതിന്റെ ഓഡിയോ, സിഡി-യിലാക്കി കൊടുക്കാനാകുമോ? പൂർണമായ ഇലക്ട്രോണിക് രൂപത്തിലുള്ള പുസ്തകം, മാസിക, ലഘുപത്രിക, ലഘുലേഖ എന്നിവ താത്പര്യക്കാർക്ക് അയച്ചുകൊടുത്തത് റിപ്പോർട്ടു ചെയ്യാവുന്നതാണ്. ഓഡിയോ റെക്കോർഡിങ്ങുകൾ നമ്മുടെ വ്യക്തിപരമായ പഠനത്തിനു മാത്രമല്ല രാജ്യവിത്തുകൾ വിതയ്ക്കാനുംകൂടെ രൂപകല്പന ചെയ്തിട്ടുള്ളതാണ്.—1 കൊരി. 3:6.