ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
© 2023 Watch Tower Bible and Tract Society of Pennsylvania
മെയ് 1-7
ദൈവവചനത്തിലെ നിധികൾ | 2 ദിനവൃത്താന്തം 17-19
“മറ്റുള്ളവരെ യഹോവ കാണുന്നതുപോലെ കാണുക”
എഴുതിയിരിക്കുന്നവയ്ക്കു നിങ്ങളുടെ ഹൃദയം ശ്രദ്ധ കൊടുക്കുമോ?
7 നമുക്ക് ഇനി ആസയുടെ മകനായ യഹോശാഫാത്തിനെക്കുറിച്ച് ചിന്തിക്കാം. അദ്ദേഹത്തിന് ഒരുപാടു നല്ല ഗുണങ്ങളുണ്ടായിരുന്നു. യഹോവയിൽ ആശ്രയിച്ചപ്പോഴൊക്കെ യഹോശാഫാത്ത് പല നല്ല കാര്യങ്ങളും ചെയ്തു. എന്നാൽ ചില അവസരങ്ങളിൽ അദ്ദേഹം തെറ്റായ തീരുമാനങ്ങളെടുത്തു. ഉദാഹരണത്തിന്, വടക്കേ രാജ്യത്തെ ദുഷ്ടരാജാവായ ആഹാബിന്റെ മകളെ അദ്ദേഹം മകനു വിവാഹം ചെയ്തുകൊടുത്തു. പിന്നീട് ഒരിക്കൽ മീഖായ പ്രവാചകൻ മുന്നറിയിപ്പു കൊടുത്തിട്ടും യഹോശാഫാത്ത് സിറിയയ്ക്കെതിരെ ആഹാബ് നടത്തിയ യുദ്ധത്തിൽ പങ്കു ചേർന്നു. ആ യുദ്ധത്തിൽ കൊല്ലപ്പെടാതെ തലനാരിഴയ്ക്കാണ് യഹോശാഫാത്ത് രക്ഷപ്പെട്ടത്. (2 ദിന. 18:1-32) അദ്ദേഹം യരുശലേമിൽ മടങ്ങിയെത്തിയപ്പോൾ യേഹു പ്രവാചകൻ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “ദുഷ്ടനെയാണോ അങ്ങ് സഹായിക്കേണ്ടത്? യഹോവയെ വെറുക്കുന്നവരെയാണോ അങ്ങ് സ്നേഹിക്കേണ്ടത്?”—2 ദിനവൃത്താന്തം 19:1-3 വായിക്കുക.
യഹോവയുടെ നിലയ്ക്കാത്ത സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുക
8 യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടെന്ന് നമ്മൾ അറിയാൻ അവൻ ആഗ്രഹിക്കുന്നു. അവൻ നമ്മളിലെ നന്മ അന്വേഷിക്കുന്നതുകൊണ്ട് നമ്മുടെ അപൂർണതകൾക്കും അപ്പുറത്തേക്ക് നോക്കുന്നു. (2 ദിന. 16:9) യെഹൂദാ രാജാവായ യെഹോശാഫാത്തിലുള്ള നന്മ യഹോവ കണ്ടത് എങ്ങനെയെന്നു നോക്കാം. യെഹോശാഫാത്ത് ഇസ്രായേൽ രാജാവായ ആഹാബിനോട് ചേർന്ന് ഗിലെയാദിലെ രാമോത്തിൽവെച്ച് അരാമ്യരോട് യുദ്ധം ചെയ്യാമെന്ന് ഒരു തെറ്റായ തീരുമാനം എടുത്തു. യുദ്ധത്തിൽ വിജയിക്കുമെന്ന് ദുഷ്ടനായ ആഹാബിനോട് 400 വ്യാജപ്രവാചകന്മാർ പറഞ്ഞെങ്കിലും, യുദ്ധത്തിൽ പരാജയപ്പെടുമെന്ന് യെഹോശാഫാത്തിനോട് യഹോവയുടെ പ്രവാചകനായ മീഖായാവ് പറഞ്ഞു. അതുതന്നെയാണ് സംഭവിച്ചതും. ആഹാബ് യുദ്ധത്തിൽ കൊല്ലപ്പെട്ടു, യെഹോശാഫാത്ത് കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. യുദ്ധത്തിനു ശേഷം യേഹൂദർശകനെ ഉപയോഗിച്ച് യഹോവ യഹോശാഫാത്തിന്റെ തെറ്റ് ചൂണ്ടിക്കാട്ടി അവനെ ഉപദേശിച്ചു. എന്നിട്ട് ഇങ്ങനെയുംകൂടെ പറഞ്ഞു: “നന്മയും നിന്നിൽ കണ്ടിരിക്കുന്നു.”—2 ദിന. 18:4, 5, 18-22, 33, 34; 19:1-3.
9 വർഷങ്ങൾക്ക് മുമ്പ് യെഹോശാഫാത്ത്, എല്ലാ യഹൂദാ നഗരങ്ങളും സന്ദർശിച്ച് ആളുകളെ യഹോവയുടെ ന്യായപ്രമാണം പഠിപ്പിക്കണമെന്ന് പ്രഭുക്കന്മാരോടും ലേവ്യരോടും പുരോഹിതന്മാരോടും പറഞ്ഞിട്ടുണ്ടായിരുന്നു. മറ്റ് ജനതകളിലുള്ളവർപോലും യഹോവയെക്കുറിച്ച് അറിയുന്ന അളവോളം അവർ അതിൽ വിജയിച്ചു. (2 ദിന. 17:3-10) പിന്നീട് യെഹോശാഫാത്ത് ഒരു തെറ്റായ തീരുമാനമെടുത്തെങ്കിലും അവൻ മുമ്പ് ചെയ്ത നന്മകൾ യഹോവ മറന്നുകളഞ്ഞില്ല. ഇടയ്ക്കൊക്കെ നമുക്കും തെറ്റുകൾ പറ്റുന്നതുകൊണ്ട് ഈ ദൃഷ്ടാന്തം നമുക്ക് വളരെ ആശ്വാസം നൽകുന്ന ഒന്നാണ്. എങ്കിലും യഹോവയെ സേവിക്കാൻ നമ്മൾ കഴിവിന്റെ പരമാവധി ചെയ്യുമ്പോൾ അവൻ നമ്മളെ തുടർന്നും സ്നേഹിക്കും; നമ്മൾ ചെയ്തിട്ടുള്ള നന്മകൾ അവൻ മറന്നുകളയുകയുമില്ല.
ആത്മീയരത്നങ്ങൾ
യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുക!
10 “യഹോശാഫാത്ത് അപ്പനായ ആസയുടെ വഴിയിൽത്തന്നെ നടന്നു.” (2 ദിന. 20:31, 32) ഏതു വിധത്തിൽ? ആസയെപ്പോലെ യഹോശാഫാത്തും യഹോവയെ അന്വേഷിക്കാൻ ജനത്തെ പ്രോത്സാഹിപ്പിച്ചു. അതിന്റെ ഭാഗമായി, ‘യഹോവയുടെ നിയമപുസ്തകം’ ഉപയോഗിച്ചുള്ള ഒരു വിദ്യാഭ്യാസപരിപാടി അദ്ദേഹം സംഘടിപ്പിച്ചു. (2 ദിന. 17:7-10) ‘ജനങ്ങളെ യഹോവയിലേക്കു മടക്കിവരുത്താൻവേണ്ടി’ യഹോശാഫാത്ത് വടക്കേ രാജ്യമായ ഇസ്രായേലിലേക്കുപോലും പോയി. എഫ്രയീംമലനാടു വരെ അദ്ദേഹം സഞ്ചരിച്ചു. (2 ദിന. 19:4) “പൂർണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച” രാജാവായിരുന്നു യഹോശാഫാത്ത്.—2 ദിന. 22:9.
11 യഹോവ ഇന്നു നയിക്കുന്ന വലിയ വിദ്യാഭ്യാസപരിപാടിയിൽ പങ്കുണ്ടായിരിക്കാൻ നമുക്കെല്ലാം അവസരമുണ്ട്. യഹോവയെ സേവിക്കാനുള്ള ആഗ്രഹം ആളുകളുടെ ഹൃദയത്തിൽ വളർത്തുന്നതിനുവേണ്ടി ഓരോ മാസവും ആ പ്രവർത്തനത്തിൽ പങ്കെടുക്കാൻ നിങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ടോ? നന്നായി ശ്രമിച്ചാൽ ദൈവത്തിന്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഒരു ബൈബിൾപഠനം തുടങ്ങാൻ സാധിച്ചേക്കും. ഈ ലക്ഷ്യം നേടാനുള്ള സഹായത്തിനായി നിങ്ങൾ പ്രാർഥിക്കാറുണ്ടോ? സ്വസ്ഥമായി ഇരിക്കാൻ കിട്ടുന്ന സമയത്തിൽ കുറച്ചുപോലും ഉപയോഗിച്ച് ഈ ലക്ഷ്യത്തിലെത്താൻ നിങ്ങൾ ശ്രമിക്കുമോ? സത്യാരാധനയിലേക്കു മടങ്ങിവരാൻ ആളുകളെ സഹായിക്കുന്നതിന് എഫ്രയീമിലേക്ക് യഹോശാഫാത്ത് പോയതുപോലെ നിഷ്ക്രിയരെ സഹായിക്കാൻ നമുക്കും പരമാവധി ശ്രമിക്കാം. ഇനി, കഴിഞ്ഞ കാലത്ത് ചെയ്ത പാപങ്ങൾ ഉപേക്ഷിച്ച് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പുറത്താക്കപ്പെട്ട ആളുകൾ നിങ്ങളുടെ പ്രദേശത്തുണ്ടായിരിക്കാം. സഭാമൂപ്പന്മാർ അവരെ സന്ദർശിച്ച് അവർക്കുവേണ്ട സഹായം കൊടുക്കുന്നു.
മെയ് 8-14
ദൈവവചനത്തിലെ നിധികൾ | 2 ദിനവൃത്താന്തം 20-21
“നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വാസമർപ്പിക്കുക”
ഈ പഴയ ലോകത്തിന്റെ അന്ത്യം നമുക്ക് ഒറ്റക്കെട്ടായി നേരിടാം
8 യെഹോശാഫാത്ത് രാജാവിന്റെ നാളിൽ ദൈവജനം പ്രബലനായ ഒരു ശത്രുവിന്റെ ഭീഷണി നേരിട്ടു. സമീപദേശവാസികളായ “വലിയോരു ജനസമൂഹം” അവർക്കെതിരെ യുദ്ധത്തിനു വന്നു. (2 ദിന. 20:1, 2) ദൈവദാസന്മാർ സ്വന്തം ശക്തിയാൽ ശത്രുവിനെ തുരത്താൻ തുനിഞ്ഞില്ല. പകരം, അവർ യഹോവയിൽ ആശ്രയിച്ചു. (2 ദിനവൃത്താന്തം 20:3, 4 വായിക്കുക.) എന്നാൽ അവർ തങ്ങൾക്ക് ബോധിച്ചതുപോലെ ഒറ്റയ്ക്കൊറ്റയ്ക്ക് ദൈവത്തെ വിളിക്കുകയായിരുന്നോ? അല്ല. ബൈബിൾ വിവരണം ഇങ്ങനെ പറയുന്നു: “യെഹൂദ്യർ, ഒക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടും കൂടെ യഹോവയുടെ സന്നിധിയിൽ നിന്നു.” (2 ദിന. 20:13) യുവാക്കളെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെ അവരെല്ലാവരും യഹോവയുടെ മാർഗനിർദേശങ്ങൾ വിശ്വാസത്തോടെ ഒറ്റക്കെട്ടായി അനുസരിച്ചു. യഹോവ അവരെ ശത്രുക്കളിൽനിന്ന് സംരക്ഷിക്കുകയും ചെയ്തു. (2 ദിന. 20:20-27) ദൈവജനം ഭീഷണികളെ എങ്ങനെ നേരിടണം എന്നതിന് ഉത്തമോദാഹരണമല്ലേ ഈ ദൃഷ്ടാന്തം?
നവദമ്പതികളേ, ദൈവസേവനത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുക
7 യഹസീയേൽ എന്നൊരു ലേവ്യനെ ഉപയോഗിച്ചുകൊണ്ട് യഹോവ യഹോശാഫാത്തിനോടു സംസാരിച്ചു. യഹോവ പറഞ്ഞു: “സ്വസ്ഥാനങ്ങളിൽ നിശ്ചലരായി നിന്ന് യഹോവ നിങ്ങളെ രക്ഷിക്കുന്നതു കണ്ടുകൊള്ളുക.” (2 ദിന. 20:13-17) ശത്രുക്കൾ ആക്രമിക്കാൻ വരുമ്പോൾ സാധാരണ ചെയ്യുന്ന ഒരു രീതിയായിരുന്നില്ല അത്. എന്നാൽ ആ നിർദേശങ്ങൾ വന്നത് ഏതെങ്കിലും മനുഷ്യരിൽ നിന്നായിരുന്നില്ല, മറിച്ച് യഹോവയിൽ നിന്നായിരുന്നു. ദൈവത്തിൽ പൂർണമായി ആശ്രയിച്ചുകൊണ്ട് യഹോശാഫാത്ത് കിട്ടിയ നിർദേശങ്ങൾ അങ്ങനെതന്നെ അനുസരിച്ചു. അദ്ദേഹവും കൂട്ടരും ശത്രുക്കളെ നേരിടാൻ പോയപ്പോൾ വിദഗ്ധരായ സൈനികർക്കു പകരം ആയുധങ്ങളൊന്നുമില്ലാത്ത കുറെ പാട്ടുകാരെയാണു മുൻനിരയിൽ നിറുത്തിയത്. ശത്രുക്കളെ പരാജയപ്പെടുത്തിക്കൊണ്ട് യഹോവ യഹോശാഫാത്ത് രാജാവിനു കൊടുത്ത വാക്കു പാലിച്ചു.—2 ദിന. 20:18-23.
ആത്മീയരത്നങ്ങൾ
it-1-E 1271 ¶1-2
യഹോരാം
യഹോരാമിന്റെ ഭരണകാലം മുഴുവൻ പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നെന്നു പറയാം. ആദ്യം ഏദോം യഹൂദയെ എതിർത്തു, പിന്നെ ലിബ്നയും. (2രാജ 8:20-22) ഏലിയ യഹോരാമിനു മുന്നറിയിപ്പു കൊടുത്തു: “യഹോവ ഇതാ, നിന്റെ ജനത്തെയും നിന്റെ മക്കളെയും നിന്റെ ഭാര്യമാരെയും നിനക്കുള്ള എല്ലാത്തിനെയും ശിക്ഷിക്കുന്നു. പല തരം രോഗങ്ങളാൽ നീ കഷ്ടപ്പെടും. നിന്റെ കുടലുകളിലും രോഗം ബാധിക്കും. രോഗം മൂർച്ഛിച്ച് ഒടുവിൽ നിന്റെ കുടൽ പുറത്ത് വരും.”—2ദിന 21:12-15.
അതുപോലെതന്നെ സംഭവിച്ചു. ദേശം ആക്രമിക്കാനും യഹോരാമിന്റെ ഭാര്യമാരെയും ആൺമക്കളെയും പിടിച്ചുകൊണ്ടുപോകാനും യഹോവ അറബികളെയും ഫെലിസ്ത്യരെയും അനുവദിച്ചു. “രണ്ടു വർഷം, കഴിഞ്ഞപ്പോൾ രോഗം മൂർച്ഛിച്ച് യഹോരാമിന്റെ കുടൽ പുറത്ത് വന്നു. അങ്ങനെ വല്ലാതെ കഷ്ടപ്പെട്ട് യഹോരാം മരിച്ചു.”—2ദിന 21:7, 16-20; 22:1; 1ദിന 3:10, 11.
മെയ് 15-21
ദൈവവചനത്തിലെ നിധികൾ | 2 ദിനവൃത്താന്തം 22-24
“ധൈര്യത്തോടെ പ്രവർത്തിക്കുമ്പോൾ യഹോവ അനുഗ്രഹിക്കും”
ചീത്ത കൂട്ടുകെട്ടുനിമിത്തം യോവാശ് യഹോവയെ ഉപേക്ഷിച്ചു
ദൈവത്തിന്റെ ആലയം സ്ഥിതിചെയ്തിരുന്ന യെരുശലേമിൽ അപ്പോൾ വല്ലാത്ത ഒരവസ്ഥയായിരുന്നു. അഹസ്യാരാജാവ് കൊല്ലപ്പെട്ടിരുന്നു. അഹസ്യാവിന്റെ അമ്മയായ അഥല്യാ അപ്പോൾ എന്താണു ചെയ്തതെന്ന് അറിയാമോ? നമുക്ക് ചിന്തിക്കാൻകൂടെ കഴിയാത്ത ഒരു കാര്യമാണ് അത്. അഹസ്യാവിന്റെ മക്കളെ, അതായത് സ്വന്തം പേരക്കുട്ടികളെ, അവൾ കൊല്ലിച്ചു. എന്തിനാണെന്നോ?— അവൾക്ക് ആ ദേശത്തിന്റെ രാജ്ഞിയായി വാഴാൻ.
എന്നാൽ അഥല്യ അറിയാതെ അവളുടെ പേരക്കുട്ടിയായ കൊച്ചു യോവാശ് രക്ഷപ്പെട്ടു. എങ്ങനെ?— യോവാശിന് യെഹോശേബ എന്നു പേരുള്ള ഒരു അമ്മായി ഉണ്ടായിരുന്നു. അവൾ കുഞ്ഞുയോവാശിനെ യഹോവയുടെ ആലയത്തിൽ കൊണ്ടുവന്ന് ഒളിപ്പിച്ചുവെച്ചു. അവളുടെ ഭർത്താവായ യെഹോയാദാ മഹാപുരോഹിതനായിരുന്നതുകൊണ്ടാണ് അവൾക്ക് അതു സാധിച്ചത്. അങ്ങനെ അവർ ഇരുവരും ചേർന്ന് യോവാശിനെ രക്ഷപ്പെടുത്തി.
ചീത്ത കൂട്ടുകെട്ടുനിമിത്തം യോവാശ് യഹോവയെ ഉപേക്ഷിച്ചു
ആറുവർഷം യോവാശിനെ അവർ ആലയത്തിൽ ഒളിപ്പിച്ചുവെച്ചു. അവിടെയായിരിക്കെ അവൻ യഹോവയാംദൈവത്തെയും അവന്റെ നിയമങ്ങളെയും കുറിച്ച് പഠിച്ചു. യോവാശിന് ഏഴു വയസ്സായപ്പോൾ അവനെ രാജാവാക്കാൻവേണ്ട നടപടികൾ യെഹോയാദാ സ്വീകരിച്ചു. ആ കാര്യങ്ങളെക്കുറിച്ചും യോവാശിന്റെ വല്യമ്മയായ അഥല്യാരാജ്ഞിക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ചും അറിയണ്ടേ?—
യെരുശലേമിലെ രാജാക്കന്മാർക്ക് അകമ്പടി സേവിച്ചിരുന്നവരെ യെഹോയാദാ രഹസ്യമായി ആളയച്ചു വിളിപ്പിച്ചു. അഹസ്യാരാജാവിന്റെ മകനെ താനും ഭാര്യയും രക്ഷപ്പെടുത്തിയതിനെക്കുറിച്ച് അവൻ അവരോടു പറഞ്ഞു. പിന്നെ യെഹോയാദാ അവർക്ക് യോവാശിനെ കാണിച്ചുകൊടുത്തു. അവനാണ് രാജ്യം ഭരിക്കേണ്ടതെന്ന് അവർക്കു ബോധ്യമായി. അവർ ഒരു പദ്ധതി തയ്യാറാക്കി.
യെഹോയാദാ യോവാശിനെ കൊണ്ടുവന്ന് കിരീടമണിയിച്ചു. ജനമെല്ലാം “കൈകൊട്ടി: രാജാവേ, ജയജയ” എന്ന് ആർത്തുവിളിച്ചു. യോവാശിനെ സംരക്ഷിക്കാനായി അകമ്പടിസേവകരെല്ലാം അവന്റെ ചുറ്റും നിന്നു. ഈ ബഹളമൊക്കെ കേട്ടപ്പോൾ അഥല്യ അതു തടുക്കാനായി ഓടിച്ചെന്നു. എന്നാൽ യെഹോയാദായുടെ കൽപ്പനപ്രകാരം അകമ്പടിസേവകർ അഥല്യയെ കൊന്നുകളഞ്ഞു.—2 രാജാക്കന്മാർ 11:1-16.
it-1-E 379 ¶5
അടക്കം ചെയ്യൽ, അടക്കുന്ന സ്ഥലം
മഹാപുരോഹിതനായ യഹോയാദയെ “ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെകൂടെ അടക്കം ചെയ്തു.” ഒരു രാജവംശത്തിൽ ഉള്ള ആളല്ലാതിരുന്നിട്ടും അങ്ങനെ ഒരു പ്രത്യേക ബഹുമതി അദ്ദേഹത്തിനു ലഭിച്ചു. ഇതുപോലൊരു അടക്കം ലഭിച്ചതായി ബൈബിളിൽ പറഞ്ഞിരിക്കുന്ന ഒരേ ഒരു വ്യക്തി യഹോയാദ മാത്രമാണ്.—2ദിന 24:15, 16.
ആത്മീയരത്നങ്ങൾ
it-2-E 1223 ¶13
സെഖര്യ
12. മരണസമയത്ത് സെഖര്യ ഇങ്ങനെ പറഞ്ഞു: “ഇതിനെല്ലാം യഹോവ നിങ്ങളോടു പകരം ചോദിക്കട്ടെ.” പിൽക്കാലത്ത് സിറിയൻ സൈന്യം യഹൂദയെ ആക്രമിച്ചു. “യഹോയാദ പുരോഹിതന്റെ ആൺമക്കളുടെ രക്തം യഹോവാശ് ചൊരിഞ്ഞതുകൊണ്ട്” സ്വന്തം ദാസന്മാരുടെ കൈയാൽ യഹോവാശ് കൊല്ലപ്പെട്ടു. അങ്ങനെ സെഖര്യ പറഞ്ഞ പ്രവചനം നിറവേറി.—2ദിന 24:17-22, 25.
മെയ് 22-28
ദൈവവചനത്തിലെ നിധികൾ | 2 ദിനവൃത്താന്തം 25-27
“അതിനെക്കാൾ എത്രയോ അധികം സമ്പത്ത് അങ്ങയ്ക്കു തരാൻ യഹോവയ്ക്കു കഴിയും!”
it-1-E 1266 ¶6
യഹോവാശ്
ഏദോമ്യരോടു യുദ്ധം ചെയ്യാൻ യഹൂദ രാജാവായ അമസ്യ ഇസ്രായേലിൽനിന്ന് 1,00,000 വീരയോദ്ധാക്കളെ കൂലിക്കെടുത്തു. പക്ഷേ ഒരു ദൈവപുരുഷന്റെ ഉപദേശമനുസരിച്ച് അമസ്യ അവരെ മടക്കി അയച്ചു. ആ പടയാളികൾക്ക് അത് ഇഷ്ടപ്പെട്ടില്ല. അവർക്ക് മുൻകൂറായി 100 താലന്തു വെള്ളി ലഭിച്ചിരുന്നെങ്കിലും അവർക്ക് കൊള്ളയിൽ പങ്കു കിട്ടില്ലല്ലോ; അതായിരുന്നു അവരുടെ നീരസത്തിനു കാരണം. അവർ തിരികെ പോയി. പക്ഷേ പിന്നീട് അവർ യഹൂദാനഗരങ്ങൾ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.—2ദിന 25:6-10, 13.
‘യഹോവ നല്ലവനെന്നു രുചിച്ചറിയുക’
16 യഹോവയ്ക്കുവേണ്ടി ത്യാഗങ്ങൾ ചെയ്യാൻ തയ്യാറാകുക. യഹോവയെ സന്തോഷിപ്പിക്കാൻ നമ്മൾ ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിക്കണമെന്നൊന്നും ഇല്ല. (സഭാ. 5:19, 20) പക്ഷേ, ജീവിതത്തിൽ നമുക്കു വളരെ ഇഷ്ടമുള്ള ചില കാര്യങ്ങൾ ഉപേക്ഷിക്കേണ്ടിവരുമല്ലോ എന്നോർത്ത് ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ നമ്മൾ മടി കാണിക്കുന്നുണ്ടോ? എങ്കിൽ യേശു ഒരു ദൃഷ്ടാന്തത്തിൽ പറഞ്ഞ ധനികനായ മനുഷ്യനെപ്പോലെയായിരിക്കും നമ്മൾ. അയാൾ തനിക്കുവേണ്ടി സമ്പത്ത് വാരിക്കൂട്ടി. എന്നാൽ ദൈവത്തെക്കുറിച്ച് ചിന്തിച്ചില്ല. അങ്ങനെയൊരു തെറ്റു പറ്റാതെ നമ്മൾ ശ്രദ്ധിക്കണം. (ലൂക്കോസ് 12:16-21 വായിക്കുക.) ഫ്രാൻസിൽ താമസിക്കുന്ന ക്രിസ്റ്റ്യൻ സഹോദരൻ പറയുന്നു: “എന്റെ സമയത്തിന്റെയും ആരോഗ്യത്തിന്റെയും ഏറ്റവും നല്ല ഭാഗം ഞാൻ മറ്റു കാര്യങ്ങൾക്കുവേണ്ടിയാണ് ഉപയോഗിച്ചത്, യഹോവയ്ക്കും എന്റെ കുടുംബത്തിനും വേണ്ടിയല്ല.” സഹോദരനും ഭാര്യയും മുൻനിരസേവനം ചെയ്യാൻ തീരുമാനിച്ചു. പക്ഷേ അതിനുവേണ്ടി അവർക്ക് അവരുടെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. എന്നിട്ട് വരുമാനത്തിനുവേണ്ടി അവർ വീടുകളും ഓഫീസുകളും ഒക്കെ വൃത്തിയാക്കുന്ന ചെറിയൊരു പണി തുടങ്ങി. കുറഞ്ഞ വരുമാനംകൊണ്ട് സന്തോഷത്തോടെ കഴിയാൻ അവർ പഠിച്ചു. മുൻനിരസേവനം ചെയ്യാൻവേണ്ടി ഇങ്ങനെയൊരു ത്യാഗം ചെയ്തതിനെക്കുറിച്ച് അവർക്ക് എന്താണു തോന്നുന്നത്? ക്രിസ്റ്റ്യൻ സഹോദരൻ പറയുന്നു: “ശുശ്രൂഷ ഇപ്പോൾ ഞങ്ങൾ ശരിക്കും ഇഷ്ടപ്പെടുന്നു. ബൈബിൾവിദ്യാർഥികളും മടക്കസന്ദർശനത്തിലുള്ളവരും യഹോവയെക്കുറിച്ച് പഠിക്കുന്നതു കാണുമ്പോൾ ഞങ്ങൾക്ക് ഒരുപാടു സന്തോഷം തോന്നുന്നു.”
ആത്മീയരത്നങ്ങൾ
നിങ്ങൾക്കൊരു ആത്മീയ വഴികാട്ടിയുണ്ടോ?
തെക്കേരാജ്യമായ യെഹൂദായുടെ രാജാവായി സ്ഥാനമേൽക്കുമ്പോൾ ഉസ്സീയാവിന് വെറും 16 വയസ്സ്. പൊതുയുഗത്തിനു മുമ്പ് ഒമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കംമുതൽ എട്ടാം നൂറ്റാണ്ടിന്റെ തുടക്കംവരെ 50 വർഷം നീണ്ട ഭരണം. ചെറുപ്പം മുതൽക്കേ ഉസ്സീയാവ് “യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.” നേരായ പാതയിൽ സഞ്ചരിക്കാൻ അവനെ പ്രചോദിപ്പിച്ചത് എന്താണ്? ചരിത്രരേഖ പറയുന്നതിങ്ങനെ: “ദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്ന സെഖര്യാവിന്റെ ആയുഷ്കാലത്തു അവൻ [ഉസ്സീയാവ്] ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന്നു അഭിവൃദ്ധി നല്കി.”—2 ദിനവൃത്താന്തം 26:1, 4, 5.
ഈ വിവരണത്തിൽ പറയുന്നതൊഴിച്ചാൽ, രാജാവിന്റെ ഉപദേശകനായ സെഖര്യാവിനെക്കുറിച്ചു കാര്യമായ വിശദാംശങ്ങളൊന്നും ബൈബിളിലില്ല. എന്തായാലും, “ദൈവഭയത്തിൽ . . . ഉപദേശിച്ചുവന്ന” വ്യക്തിയെന്നനിലയിൽ സെഖര്യാവ്, ശരി ചെയ്യാൻ തക്കവണ്ണം ഈ യുവഭരണാധികാരിയുടെമേൽ സ്വാധീനം ചെലുത്തി. ദി എക്സ്പോസിറ്റേഴ്സ് ബൈബിൾ അനുസരിച്ച്, “തിരുവെഴുത്തുകളെക്കുറിച്ച് അവഗാഹമുണ്ടായിരുന്ന, ആത്മീയമായി വളരെ അനുഭവസമ്പത്തുള്ള, അറിവു പകർന്നുകൊടുക്കാൻ പ്രാപ്തിയുള്ള” ഒരുവനായിരുന്നു സെഖര്യാവ്. ഒരു ബൈബിൾപണ്ഡിതന്റെ അഭിപ്രായം ശ്രദ്ധിക്കുക: “പ്രവചനങ്ങളെക്കുറിച്ച് അപാരജ്ഞാനവും . . . ബുദ്ധിസാമർഥ്യവുമുള്ള നീതിനിഷ്ഠനായ ഒരു ദൈവഭക്തനായിരുന്നു സെഖര്യാവ്; അദ്ദേഹം ഉസ്സീയാവിനെ അടിമുടി സ്വാധീനിച്ചെന്നു തോന്നുന്നു.”
മെയ് 29–ജൂൺ 4
ദൈവവചനത്തിലെ നിധികൾ | 2 ദിനവൃത്താന്തം 28-29
“മാതാപിതാക്കൾ നല്ല മാതൃകയല്ലെങ്കിലും നിങ്ങൾക്ക് യഹോവയെ സേവിക്കാനാകും”
യഹോവയുടെ ഉറ്റ സ്നേഹിതരെ അനുകരിക്കുക
8 ഹിസ്കീയാവിന്റെ പശ്ചാത്തലം രൂത്തിന്റേതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. യഹോവയ്ക്ക് സമർപ്പിച്ച ഒരു ജനതയുടെ ഭാഗമായിരുന്നു അവൻ. എന്നാൽ എല്ലാ ഇസ്രായേല്യരും വിശ്വസ്തരായിരുന്നില്ല. അവരിൽ ഒരാളായിരുന്നു ഹിസ്കീയാവിന്റെ പിതാവായ ആഹാസ്. അദ്ദേഹം ഒരു ദുഷ്ടരാജാവായിരുന്നു. അവൻ ദൈവാലയത്തോട് അനാദരവ് കാണിക്കുകയും ജനത്തെ വ്യാജാരാധനയിലേക്ക് നയിക്കുകയും ചെയ്തു. അവൻ ഹിസ്കീയാവിന്റെ സഹോദരന്മാരിൽ ചിലരെ ഒരു വ്യാജദൈവത്തിനു ബലി അർപ്പിക്കുകപോലും ചെയ്തു. ഹിസ്കീയാവിന്റെ ബാല്യം തികച്ചും ഭീതി നിറഞ്ഞതായിരുന്നു.—2 രാജാ. 16:2-4, 10-17; 2 ദിന. 28:1-3.
യഹോവയുടെ ഉറ്റ സ്നേഹിതരെ അനുകരിക്കുക
9 ആഹാസിന്റെ മോശമായ മാതൃക കണ്ടുവളർന്ന ഹിസ്കീയാവിന് വേണമെങ്കിൽ ദൈവത്തിനെതിരെ തിരിയാമായിരുന്നു. ഇന്ന്, ഹിസ്കീയാവ് നേരിട്ട അത്രയും പ്രശ്നങ്ങൾ നേരിട്ടിട്ടില്ലാത്ത ചിലർപോലും തങ്ങൾക്ക് യഹോവയോടും യഹോവയുടെ സംഘടനയോടും മുഷിവു തോന്നാൻ തക്കതായ കാരണമുണ്ടെന്ന് ചിന്തിക്കുന്നു. (സദൃ. 19:3) മറ്റു ചിലരാകട്ടെ തങ്ങളുടെ കുടുംബപശ്ചാത്തലം, ഒരു മോശമായ ജീവിതം നയിക്കുന്നതിനോ മാതാപിതാക്കളുടെ തെറ്റുകൾ ആവർത്തിക്കുന്നതിനോ ഉള്ള കാരണമാണെന്ന് വിചാരിക്കുന്നു. (യെഹെ. 18:2, 3) ഈ ചിന്താഗതികൾ ശരിയാണോ?
10 അല്ല, അതാണ് ഹിസ്കീയാവിന്റെ ജീവിതം തെളിയിക്കുന്നത്. യഹോവയോട് നീരസം തോന്നാൻ ന്യായമായ ഒരു കാരണവും ഒരിക്കലും ഉണ്ടാകില്ല. ആളുകൾക്ക് മോശമായ കാര്യങ്ങൾ സംഭവിക്കാൻ യഹോവ ഇടയാക്കുന്നില്ല. (ഇയ്യോ. 34:10) കുട്ടികളെ ശരി ചെയ്യാനോ തെറ്റു ചെയ്യാനോ മാതാപിതാക്കൾക്ക് പഠിപ്പിക്കാനാകും എന്നത് ശരിതന്നെ. (സദൃ. 22:6; കൊലോ. 3:21) എന്നാൽ കുടുംബപശ്ചാത്തലം നമ്മളെ നല്ലയാളുകളോ ചീത്തയാളുകളോ ആക്കി മാറ്റും എന്ന് ഇതിന് അർഥമില്ല. എന്തുകൊണ്ട്? കാരണം യഹോവ നമുക്ക് ഇച്ഛാസ്വാതന്ത്ര്യം എന്ന സമ്മാനം, അതായത് ശരിയും തെറ്റും തിരഞ്ഞെടുക്കാനുള്ള പ്രാപ്തി, നൽകിയിരിക്കുന്നു. (ആവ. 30:19) ഹിസ്കീയാവ് എങ്ങനെയാണ് ഈ വിലയേറിയ സമ്മാനം ഉപയോഗിച്ചത്?
11 ഹിസ്കീയാവിന്റെ പിതാവ് യെഹൂദാ രാജാക്കന്മാരിൽ ഏറ്റവും മോശമായ ഒരാളായിരുന്നെങ്കിലും ഹിസ്കീയാവ് ഏറ്റവും നല്ല രാജാക്കന്മാരിൽ ഒരാളായിത്തീർന്നു. (2 രാജാക്കന്മാർ 18:5, 6 വായിക്കുക.) തന്റെ പിതാവിന്റെ മോശം മാതൃക പിന്തുടരുന്നതിനു പകരം യെശയ്യാവ്, മീഖാ, ഹോശേയ എന്നിവരെപ്പോലുള്ള യഹോവയുടെ പ്രവാചകന്മാരെ ശ്രദ്ധിക്കാൻ അവൻ തീരുമാനിച്ചു. അവരുടെ ബുദ്ധിയുപദേശത്തിനും തിരുത്തലിനും അവൻ അടുത്ത ശ്രദ്ധ കൊടുത്തു. തന്റെ പിതാവ് വരുത്തിവെച്ച പല പ്രശ്നങ്ങളും പരിഹരിക്കാൻ ഇത് അവനെ പ്രചോദിപ്പിച്ചു. അവൻ ആലയം ശുദ്ധീകരിച്ചു, ജനത്തിന്റെ പാപങ്ങൾക്കായി ദൈവത്തോട് ക്ഷമ യാചിച്ചു, ദേശത്തുടനീളമുള്ള വിഗ്രഹങ്ങളെല്ലാം നശിപ്പിച്ചു. (2 ദിന. 29:1-11, 18-24; 31:1) പിന്നീട് അശ്ശൂർ രാജാവായ സൻഹേരീബ് യെരുശലേമിനെ ആക്രമിക്കുമെന്ന ഭീഷണിപ്പെടുത്തിയപ്പോൾ ഹിസ്കീയാവ് അസാധാരണമായ വിശ്വാസവും ധൈര്യവും കാണിച്ചു. രക്ഷയ്ക്കായി അവൻ യഹോവയിലേക്ക് നോക്കുകയും ജനത്തെ ശക്തീകരിക്കുകയും ചെയ്തു. (2 ദിന. 32:7, 8) ഒരവസരത്തിൽ ഹിസ്കീയാവ് അല്പം അഹങ്കരിച്ചു, എന്നാൽ യഹോവ അവനെ തിരുത്തിയപ്പോൾ അവൻ തന്നെത്തന്നെ താഴ്ത്തി. (2 ദിന. 32:24-26) വ്യക്തമായും നമുക്ക് അനുകരിക്കാനാകുന്ന ഒരു മികച്ച മാതൃകയാണ് ഹിസ്കീയാവ്. കുടുംബപശ്ചാത്തലം തന്റെ ജീവിതത്തെ സ്വാധീനിക്കാൻ അവൻ അനുവദിച്ചില്ല. പകരം താൻ യഹോവയുടെ സ്നേഹിതനാണെന്ന് ഹിസ്കീയാവ് തെളിയിച്ചു.
ആത്മീയരത്നങ്ങൾ
നാഥാൻ സത്യാരാധനയുടെ വിശ്വസ്ത കാവൽഭടൻ
ഭൂമിയിൽ സത്യാരാധനയുടെ ആദ്യത്തെ സ്ഥിരകേന്ദ്രമായി ഒരു ആലയം പണിയാനുള്ള ദാവീദിന്റെ പദ്ധതിക്ക് യഹോവയുടെ വിശ്വസ്ത ആരാധകനായ നാഥാൻ സന്തോഷത്തോടെ മുഴുപിന്തുണയും നൽകി. ആ അവസരത്തിൽ അവൻ പറഞ്ഞത് സ്വന്തം അഭിപ്രായമാണ്, യഹോവയുടേതല്ല. രാജാവിനോട് വ്യത്യസ്തമായൊരു സന്ദേശം അറിയിക്കാൻ അന്നേദിവസം രാത്രി യഹോവ പ്രവാചകനോട് ആവശ്യപ്പെട്ടു: യഹോവയുടെ ആലയം പണിയുന്നത് ദാവീദ് ആയിരിക്കില്ല, ദാവീദിന്റെ പുത്രന്മാരിൽ ഒരാളായിരിക്കും! എങ്കിലും, ദാവീദിന്റെ സിംഹാസനം “എന്നേക്കും സ്ഥിരമായിരി”ക്കേണ്ടതിന് യഹോവ അവനുമായി ഒരു ഉടമ്പടി ചെയ്യുന്നുവെന്ന് നാഥാൻ ദാവീദിനെ അറിയിച്ചു.—2 ശമൂ. 7:4-16.
ആലയ നിർമാണത്തോടു ബന്ധപ്പെട്ട യഹോവയുടെ വീക്ഷണവും നാഥാന്റെ വീക്ഷണവും തമ്മിൽ പൊരുത്തപ്പെട്ടില്ല. എന്നിരുന്നാലും, താഴ്മയുള്ള ഈ പ്രവാചകൻ പിറുപിറുക്കാതെ, യഹോവയുടെ ഉദ്ദേശ്യത്തിനു മുഴുഹൃദയാ കീഴ്പെടുകയും അതിനോടു സഹകരിക്കുകയും ചെയ്തു. യഹോവ നമ്മെ തിരുത്തുമ്പോൾ നാം പിന്തുടരേണ്ട ഉത്തമ മാതൃകയാണ് നാഥാൻ. പ്രവാചകൻ എന്നനിലയിലുള്ള നാഥാന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ, അവന് ദൈവപ്രീതി നഷ്ടമായില്ല എന്നു വെളിപ്പെടുത്തുന്നു. ആലയസേവനത്തിനായി 4,000 സംഗീതജ്ഞരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ദാവീദിന് വേണ്ട നിർദേശങ്ങൾ നൽകാൻ ദർശകനായ ഗാദിനൊപ്പം നാഥാനെയും യഹോവ നിശ്വസ്തനാക്കിയിട്ടുണ്ടാകണം.—1 ദിന. 23:1-5; 2 ദിന. 29:25.
ജൂൺ 5-11
ദൈവവചനത്തിലെ നിധികൾ | 2 ദിനവൃത്താന്തം 30-31
“ഒരുമിച്ച് കൂടിവരുന്നത് നമുക്കു പ്രയോജനം ചെയ്യും”
it-1-E 1103 ¶2
ഹിസ്കിയ
സത്യാരാധനയോടുള്ള ഹിസ്കിയയുടെ തീക്ഷ്ണത. 25-ാമത്തെ വയസ്സിൽ, രാജാവായ ഉടനെ, ഹിസ്കിയ സത്യാരാധനയോടുള്ള തീക്ഷ്ണത കാണിച്ചു. ആദ്യംതന്നെ അദ്ദേഹം യഹോവയുടെ ഭവനം വീണ്ടും തുറക്കുകയും അവയുടെ കേടുപാടുകൾ മാറ്റുകയും ചെയ്തു. പിന്നെ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടു പറഞ്ഞു: “ദൈവവുമായി ഒരു ഉടമ്പടി ഉണ്ടാക്കാൻ ഞാൻ ഇപ്പോൾ ആത്മാർഥമായി ആഗ്രഹിക്കുന്നു.” വിശ്വസ്തതയുടെ ഒരു ഉടമ്പടിയായിരുന്നു അത്. നിയമയുടമ്പടി അപ്പോഴും നിലവിലുണ്ടായിരുന്നു. പക്ഷേ ആളുകൾ അതിനെ അവഗണിച്ചിരുന്നു. അതുകൊണ്ട് വിശ്വസ്തതയുടെ ഈ ഉടമ്പടിയിലൂടെ ഹിസ്കിയ വീണ്ടും യഹൂദയിൽ നിയമയുടമ്പടി പുനഃസ്ഥാപിച്ചു. അതിയായ ഉത്സാഹത്തോടെ ഹിസ്കിയ ലേവ്യരെയും സംഗീതജ്ഞരെയും പാട്ടുകാരെയും നിയമിച്ചു. പെസഹ ആഘോഷിക്കേണ്ട നീസാൻ മാസം ആയിരുന്നു അത്. പക്ഷേ ആലയം അശുദ്ധമായിരുന്നു, ലേവ്യരും പുരോഹിതന്മാരും അശുദ്ധരായിരുന്നു. നീസാൻ 16 ആയപ്പോഴേക്കും ആലയം ശുദ്ധമായി. എല്ലാ ഇസ്രായേല്യർക്കുംവേണ്ടി ഒരു പ്രത്യേക പാപപരിഹാരയാഗം അർപ്പിക്കണമായിരുന്നു. ആദ്യം പ്രഭുക്കന്മാർ യാഗം അർപ്പിച്ചു, പിന്നെ ആയിരക്കണക്കിന് ദഹനയാഗങ്ങളുമായി ജനം വന്നു.—2ദിന 29:1-36.
it-1-E 1103 ¶3
ഹിസ്കിയ
ജനം അശുദ്ധരായിരുന്നതുകൊണ്ട് നീസാൻ മാസത്തിൽ പെസഹ ആചരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അശുദ്ധരായവർക്ക് ഒരു മാസം കഴിഞ്ഞ് പെസഹ ആചരിക്കാം എന്ന നിയമം ഹിസ്കിയ പ്രയോജനപ്പെടുത്തി. ഇക്കാര്യം അറിയിക്കാനായി ഹിസ്കിയ സന്ദേശവാഹകരെ അയച്ചു. അവരെ യഹൂദയിലെ സ്ഥലങ്ങളിലേക്കു മാത്രമല്ല, വടക്കേ രാജ്യമായ ഇസ്രായേലിലേക്കും അയച്ചു. എന്നാൽ ഇസ്രായേലിൽ ഉണ്ടായിരുന്ന പലരും ഈ സന്ദേശവാഹകരെ കളിയാക്കി. പക്ഷേ ചില ആളുകൾ പ്രത്യേകിച്ച്, ആശേർ, മനശ്ശെ, സെബുലൂൻ ഈ ഗോത്രങ്ങളിലെ ചിലർ താഴ്മയോടെ വന്നു. എഫ്രയീം, യിസ്സാഖാർ എന്നീ ഗോത്രങ്ങളിലെ ചിലരും വന്നു. ഇവരെക്കൂടാതെ ഇസ്രായേല്യരല്ലാത്ത ചിലരും യഹോവയെ ആരാധിക്കാനായി അവിടെയുണ്ടായിരുന്നു. ശരിക്കും വടക്കേ രാജ്യത്തുണ്ടായിരുന്ന പലർക്കും വരാനും സത്യാരാധനയ്ക്കുവേണ്ടി ഒരു നിലപാടെടുക്കാനും ബുദ്ധിമുട്ടായിരുന്നു. സന്ദേശവാഹകരെപ്പോലെ അവരെയും എതിർക്കുകയും കളിയാക്കുകയും ചെയ്തിട്ടുണ്ടാകാം. കാരണം പത്തു-ഗോത്ര വടക്കേ രാജ്യം വ്യാജാരാധനയിൽ മുങ്ങിത്താണിരുന്നു—2ദിന 30:1-20; സംഖ 9:10-13.
it-1-E 1103 ¶4-5
ഹിസ്കിയ
പെസഹയ്ക്കു ശേഷം ഏഴു ദിവസത്തേക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവമായിരുന്നു. ജനം അത്രയധികം സന്തോഷിച്ചതുകൊണ്ട് ജനം ഏഴു ദിവസംകൂടെ ആഘോഷിക്കാൻ തീരുമാനിച്ചു. “ഇസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലംമുതൽ അന്നോളം അങ്ങനെയൊരു ഉത്സവം യരുശലേമിൽ നടന്നിട്ടില്ലായിരുന്നു.”—2ദിന 30:21-27.
ആ സന്തോഷം ആ സമയത്തേക്ക് മാത്രമുള്ളതല്ലായിരുന്നു. തുടർന്നുള്ള സംഭവങ്ങൾ അതാണു കാണിക്കുന്നത്. അവരവരുടെ വീടുകളിലേക്കു മടങ്ങിപ്പോകുന്നതിനു മുമ്പ് ജനം പൂജാസ്തൂപങ്ങൾ വെട്ടിയിടുകയും ആരാധനാസ്ഥലങ്ങളും യാഗപീഠങ്ങളും ഇടിച്ചുകളയുകയും പൂജാസ്തംഭങ്ങൾ ഉടച്ചുകളയുകയും ചെയ്തു. യഹൂദയിലും ബന്യാമീനിലും മാത്രമല്ല എഫ്രയീമിലും മനശ്ശെയിലും അവർ ഇങ്ങനെതന്നെ ചെയ്തു. (2ദിന 31:1) മോശ ഉണ്ടാക്കിയ താമ്രസർപ്പത്തെ തകർത്തുകളഞ്ഞുകൊണ്ട് ഹിസ്കിയതന്നെ നല്ല ഒരു മാതൃകവെച്ചു. കാരണം ജനം അത് ഒരു വിഗ്രഹമാക്കിയിരുന്നു. (2രാജ 18:4) ശരിക്കും ഈ മുഴുവൻ സംഭവവും സത്യാരാധനയുടെ ഒരു പുനഃസ്ഥാപനമായിരുന്നെന്നു പറയാം. ഈ വലിയ ഉത്സവത്തിനു ശേഷം സത്യാരാധന അങ്ങനെതന്നെ തുടരാൻ ഹിസ്കിയ വേണ്ടതു ചെയ്തു. അതിനുവേണ്ടി പുരോഹിതന്മാരെയും ലേവ്യരെയും സംഘടിപ്പിച്ചു, ജനം അവർക്കു വേണ്ട സാമ്പത്തികപിന്തുണ കൊടുക്കുന്നുണ്ടെന്നും ഉറപ്പാക്കി.—2ദിന 31:2-12.
ആത്മീയരത്നങ്ങൾ
മനസ്സിലാക്കിയ ഈ കാര്യങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ സന്തോഷമുള്ളവരായിരിക്കും
14 മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കാനുള്ള മനസ്സൊരുക്കമാണു നമ്മുടെ താഴ്മ വെളിപ്പെടുത്തുന്ന മറ്റൊരു മണ്ഡലം. യാക്കോബ് 1:19 പറയുന്നത്, നമ്മൾ ‘കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം’ എന്നാണ്. ഇക്കാര്യത്തിൽ യഹോവ അത്യുത്തമമാതൃകയാണ്. (ഉൽപ. 18:32; യോശു. 10:14) പുറപ്പാട് 32:11-14-ൽ (വായിക്കുക.) രേഖപ്പെടുത്തിയിരിക്കുന്ന സംഭാഷണത്തിൽനിന്നും നമുക്ക് എന്തു പഠിക്കാമെന്നു നോക്കാം. മോശയുടെ ഉപദേശമൊന്നും ആവശ്യമില്ലായിരുന്നെങ്കിലും മോശയുടെ ഉള്ളിലെ ചിന്തകളെല്ലാം വെളിപ്പെടുത്താൻ യഹോവ അവസരം കൊടുത്തു. ബുദ്ധിശൂന്യമായി ചിന്തിച്ചിട്ടുള്ള ഒരു മനുഷ്യന്റെ വാക്കുകൾ ക്ഷമയോടെ കേട്ടുനിൽക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും നിങ്ങൾ തയ്യാറാകുമോ? എന്നാൽ വിശ്വാസത്തോടെ തന്നെ സമീപിക്കുന്ന മനുഷ്യരെ യഹോവ ക്ഷമയോടെ ശ്രദ്ധിക്കുന്നു.
15 നമ്മൾ ഓരോരുത്തരും ഇങ്ങനെ ചിന്തിക്കുന്നതു നല്ലതാണ്: ‘അബ്രാഹാം, റാഹേൽ, മോശ, യോശുവ, മനോഹ, ഏലിയ, ഹിസ്കിയ എന്നിവരുമായുള്ള യഹോവയുടെ സംഭാഷണങ്ങൾ കാണിക്കുന്നത് യഹോവ താഴ്മയോടെ ആളുകളോട് ഇടപെടുകയും അവർ പറയുന്നതു ശ്രദ്ധിക്കുകയും ചെയ്യുന്നു എന്നാണ്. യഹോവ അങ്ങനെ ചെയ്തെങ്കിൽ, സഹോദരന്മാരെ ബഹുമാനിക്കാനും അവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കാനും അവ നല്ലതെന്നു തോന്നുന്നെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാനും എനിക്കും കഴിയില്ലേ? ഇതിൽ ഞാൻ മെച്ചപ്പെടേണ്ടതുണ്ടോ, എന്റെ കുടുംബത്തിലോ സഭയിലോ ഉള്ള ആരെങ്കിലും പറയുന്നതിനു ഞാൻ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ടോ? ഇക്കാര്യത്തിൽ ഞാൻ എന്താണു ചെയ്യേണ്ടത്? എനിക്ക് അത് എങ്ങനെ ചെയ്യാം?’—ഉൽപ. 30:6; ന്യായാ. 13:9; 1 രാജാ. 17:22; 2 ദിന. 30:20.
ജൂൺ 12-18
ദൈവവചനത്തിലെ നിധികൾ | 2 ദിനവൃത്താന്തം 32-33
“കഷ്ടതകളുടെ സമയത്ത് മറ്റുള്ളവർക്കു ബലം പകരുന്ന ഒരാളായിരിക്കുക”
it-1-E 204 ¶5
അസീറിയ
സൻഹെരീബ്. ഹിസ്കിയ അസീറിയൻ രാജാവിനോട് എതിർത്തുനിന്നു. (2രാജ 18:7) 46 യഹൂദാനഗരങ്ങൾ പിടിച്ചടക്കിക്കൊണ്ടാണ് സൻഹെരീബ് ഇതിന്റെ പക തീർത്തത്. (യശ 36:1, 2 താരതമ്യം ചെയ്യുക). ലാഖീശിൽ പാളയമടിച്ചിരുന്ന സമയത്ത് സൻഹെരീബ് ഹിസ്കിയയ്ക്ക് 300 താലന്തു വെള്ളിയും 30 താലന്തു സ്വർണവും പിഴയിട്ടു. (2രാജ 18:14-16; 2ദിന 32:1; യശ 8:5-8 താരതമ്യം ചെയ്യുക.) ഹിസ്കിയ ഇതു കൊടുത്തെങ്കിലും തുടർന്ന് സൻഹെരീബ് തന്റെ സന്ദേശവാഹകരെ അയച്ച് ഉപാധികളൊന്നും വെക്കാതെ യരുശലേം തനിക്കു കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടു. (2രാജ 18:17–19:34; 2ദിന 32:2-20).
ഏഴ് ഇടയന്മാരും എട്ട് പ്രഭുക്കന്മാരും, ഇന്ന് അവർ ആരാണ്?
12 നമ്മുടെ കഴിവിനതീതമായ കാര്യങ്ങൾ ചെയ്തുതരാൻ യഹോവ സദാസന്നദ്ധനാണ്. പക്ഷേ, നമ്മെക്കൊണ്ടു കഴിയുന്ന കാര്യങ്ങൾ നാം ചെയ്യാൻ അവൻ പ്രതീക്ഷിക്കുന്നു. ഹിസ്കീയാവ് അതു ചെയ്തു. അവൻ, “പട്ടണത്തിന്നു പുറത്തുള്ള ഉറവുകളിലെ വെള്ളം നിർത്തിക്കളയേണ്ടതിന്നു തന്റെ പ്രഭുക്കന്മാരോടും വീരന്മാരോടും ആലോചിച്ചു.” അങ്ങനെ ചെയ്യാൻ അവർ ഒരുമിച്ച് തീരുമാനിക്കുകയും ചെയ്തു. പിന്നെ, “അവൻ ധൈര്യപ്പെട്ടു, ഇടിഞ്ഞുപോയ മതിലൊക്കെയും പണിതു, . . . അനവധി കുന്തവും പരിചയും ഉണ്ടാക്കി.” (2 ദിന. 32:2-5) തന്റെ ജനത്തെ സംരക്ഷിക്കുന്നതിനും മേയ്ക്കുന്നതിനും ആയി യഹോവ അക്കാലത്ത് ഹിസ്കീയാവ്, അവന്റെ പ്രഭുക്കന്മാർ, ആത്മീയമായി ശക്തരായ പ്രവാചകന്മാർ തുടങ്ങിയ ധീരരായ പുരുഷന്മാരെ ഉപയോഗിച്ചു.
ഏഴ് ഇടയന്മാരും എട്ട് പ്രഭുക്കന്മാരും, ഇന്ന് അവർ ആരാണ്?
13 വെള്ളം നിറുത്തിക്കളയുന്നതിലും നഗരമതിലുകൾ പണിതുറപ്പിക്കുന്നതിലും ഏറെ പ്രധാനപ്പെട്ട കാര്യമാണ് ഹിസ്കീയാവ് പിന്നീട് ചെയ്തത്. ചിന്തയുള്ള ഇടയനെന്ന നിലയിൽ ഹിസ്കീയാവ് ജനത്തെ കൂട്ടിവരുത്തി അവരെ ആത്മീയമായി ബലപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “അശ്ശൂർരാജാവിനെ . . . ഭയപ്പെടരുതു; നിങ്ങൾ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവൻ നമ്മോടുകൂടെ ഉണ്ടു. അവനോടുകൂടെ മാംസഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ട്.” അതെ, യഹോവ തന്റെ ജനത്തിനുവേണ്ടി യുദ്ധം ചെയ്യും! ഉൾക്കരുത്തു പകരുന്ന എത്ര നല്ല ഓർമിപ്പിക്കൽ! അതു കേട്ട “ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ വാക്കുകളിൽ ആശ്രയിച്ചു.” ആളുകളെ ധൈര്യപ്പെടുത്തിയത് ‘യെഹിസ്കീയാവിന്റെ വാക്കുകൾ’ ആയിരുന്നു എന്നത് ശ്രദ്ധിക്കുക. യഹോവ തന്റെ പ്രവാചകനിലൂടെ മുൻകൂട്ടിപ്പറഞ്ഞതുപോലെ ഹിസ്കീയാവും അവന്റെ പ്രഭുക്കന്മാരും വീരന്മാരായ പുരുഷന്മാരും അതുപോലെ പ്രവാചകന്മാരായ മീഖായും യെശയ്യാവും കരുതലുള്ള ഇടയന്മാരാണെന്നു തെളിഞ്ഞു.—2 ദിന. 32:7, 8; മീഖാ 5:5, 6 വായിക്കുക.
ആത്മീയരത്നങ്ങൾ
എന്താണു ശരിക്കുള്ള മാനസാന്തരം?
11 അവസാനം യഹോവ മനശ്ശെയുടെ പ്രാർഥനയ്ക്ക് ഉത്തരം നൽകി. മനശ്ശെയുടെ പ്രാർഥന കേട്ടപ്പോൾ അദ്ദേഹം ശരിക്കും മാറ്റം വരുത്തിയെന്ന് യഹോവയ്ക്ക് മനസ്സിലായി. അതുകൊണ്ട് യഹോവ മനശ്ശെയോടു ക്ഷമിക്കുകയും വീണ്ടും രാജസ്ഥാനത്തേക്കു വരാൻ അദ്ദേഹത്തെ അനുവദിക്കുകയും ചെയ്തു. തനിക്കു മാനസാന്തരം വന്നിട്ടുണ്ടെന്ന് അഥവാ താൻ ശരിക്കും മാറ്റംവരുത്തിയെന്നു തെളിയിക്കാൻ മനശ്ശെ കഴിവിന്റെ പരമാവധി ശ്രമിച്ചു. ആഹാബ് ഒരിക്കലും ചെയ്യാത്ത ഒരു കാര്യമാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം തന്റെ സ്വഭാവത്തിനു മാറ്റംവരുത്തി. അദ്ദേഹം വ്യാജാരാധനയെ ശക്തമായി എതിർത്തു. മാത്രമല്ല, യഹോവയെ ആരാധിക്കാൻ ജനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (2 ദിനവൃത്താന്തം 33:15, 16 വായിക്കുക.) അങ്ങനെ ചെയ്യാൻ മനശ്ശെക്കു നല്ല ധൈര്യവും വിശ്വാസവും വേണമായിരുന്നു. കാരണം, അതുവരെ അദ്ദേഹം തന്റെ കുടുംബാംഗങ്ങളോടും പ്രധാനികളോടും ജനത്തോടും ഒക്കെ നേർവിപരീതമായ ഒരു കാര്യം ചെയ്യാനാണല്ലോ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ, വയസ്സായ ഈ സമയത്ത്, മനശ്ശെ താൻ ചെയ്തുകൂട്ടിയ കുറെ തെറ്റുകളെങ്കിലും ഒന്നു തിരുത്താൻ ആത്മാർഥമായി ശ്രമിച്ചു. സാധ്യതയനുസരിച്ച് തന്റെ കൊച്ചുമകനായ യോശിയയെയും നല്ല രീതിയിൽ സ്വാധീനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതുകൊണ്ടായിരിക്കാം യോശിയ പിന്നീടു നല്ലൊരു രാജാവായിത്തീർന്നത്.—2 രാജാ. 22:1, 2.
12 മനശ്ശെയുടെ ജീവിതത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? അദ്ദേഹം തന്നെത്തന്നെ താഴ്ത്തി. എന്നാൽ അതു മാത്രമല്ല, അദ്ദേഹം പ്രാർഥിച്ചു, യഹോവയുടെ കരുണയ്ക്കായി അപേക്ഷിച്ചു, തന്റെ സ്വഭാവത്തിനു മാറ്റം വരുത്തി, തന്റെ തെറ്റുകളൊക്കെ തിരുത്താനും വീണ്ടും യഹോവയെ ആരാധിക്കാനും കഴിവിന്റെ പരമാവധി ശ്രമിച്ചു. അതിനു മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു. അങ്ങേയറ്റം മോശമായ കാര്യങ്ങൾ ചെയ്യുന്നവർക്കുപോലും പ്രതീക്ഷയ്ക്കു വകയുണ്ടെന്നു പഠിപ്പിക്കുന്നതാണ് മനശ്ശെയുടെ ജീവിതം. യഹോവ “നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും” ആണെന്നതിന്റെ ശക്തമായ തെളിവാണ് ഇത്. ശരിക്കും മാനസാന്തരപ്പെടുന്നവരോട് യഹോവ എന്തായാലും ക്ഷമിക്കും.—സങ്കീ. 86:5.
ജൂൺ 19-25
ദൈവവചനത്തിലെ നിധികൾ | 2 ദിനവൃത്താന്തം 34-36
“ദൈവവചനത്തിൽനിന്ന് നിങ്ങൾ പൂർണപ്രയോജനം നേടുന്നുണ്ടോ?”
it-1-E 1157 ¶4
ഹുൽദ
നിയമപുസ്തകത്തിൽ എഴുതിയിരിക്കുന്നതു വായിച്ചുകേട്ടപ്പോൾ യഹോവയ്ക്ക് പറയാനുള്ളത് എന്താണെന്ന് അറിയാൻ യോശിയയ്ക്ക് ആഗ്രഹം തോന്നി. അതുകൊണ്ട് യോശിയ ഒരു കൂട്ടം പുരുഷന്മാരെ ഹുൽദ പ്രവാചികയുടെ അടുത്തേക്ക് അയച്ചു. യഹോവയുടെ സന്ദേശം പ്രവാചിക അവരെ അറിയിച്ചു. വിശ്വാസത്യാഗികളായ ആ ജനം പുസ്തകത്തിൽ എഴുതിയിരിക്കുന്ന എല്ലാ അനർഥങ്ങളും അനുഭവിക്കുമെന്ന് പ്രവാചിക പറഞ്ഞു. പക്ഷേ യോശിയയുടെ കാലത്തൊന്നും ആ അനർഥങ്ങൾ വരില്ല എന്നും പറഞ്ഞു. കാരണം യോശിയ യഹോവയുടെ മുമ്പാകെ സ്വയം താഴ്ത്തി.—2രാജ 22:8-20; 2ദിന 34:14-28.
യഹോവയുടെ ഭവനത്തിനായി തീക്ഷ്ണതയോടെ. . .
20 യോശീയാരാജാവ് കൽപ്പിച്ച പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് മഹാപുരോഹിതനായ ഹിൽക്കീയാവ് “മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി.” അവൻ അത് രാജാവിന്റെ സെക്രട്ടറിയായ ശാഫാന് കൈമാറി; ശാഫാൻ അത് രാജാവിനെ വായിച്ചുകേൾപ്പിച്ചു. (2 ദിനവൃത്താന്തം 34:14-18 വായിക്കുക.) ദുഃഖിതനായ രാജാവ് തന്റെ വസ്ത്രംകീറി യഹോവയോട് അരുളപ്പാട് ചോദിക്കാൻ ഹുൽദാ പ്രവാചകയുടെ അടുക്കൽ ആളയയ്ക്കുന്നു. യെഹൂദയിൽ നിലനിന്നിരുന്ന വ്യാജമതാനുഷ്ഠാനങ്ങളെ അവൾ മുഖേന ദൈവം കുറ്റം വിധിക്കുകയും ആ ജനത മഹാവിപത്തുകൾ അനുഭവിക്കേണ്ടിവരുമെന്നു പറയുകയും ചെയ്തു. എന്നാൽ വിഗ്രഹാരാധന തുടച്ചുനീക്കാൻ യോശീയാവ് ചെയ്തിരുന്ന ശ്രമങ്ങളെപ്രതി അവന് ദൈവത്തിന്റെ പ്രീതിയുണ്ടായിരുന്നു. (2 ദിന. 34:19-28) നമുക്കുള്ള പാഠമെന്താണ്? യോശീയാവിന്റെ അതേ മനോഭാവമായിരിക്കണം നമുക്കുമുണ്ടായിരിക്കേണ്ടത്. യഹോവയുടെ നിർദേശങ്ങളോട് നാം സത്വരം പ്രതികരിക്കേണ്ടതുണ്ട്. നമ്മുടെ ആരാധനയെ മലിനമാക്കാൻ അവിശ്വാസത്തെയും വിശ്വാസത്യാഗത്തെയും അനുവദിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകൾ നമുക്കെപ്പോഴും ഓർമയുണ്ടായിരിക്കണം. സത്യാരാധനയോടുള്ള നമ്മുടെ തീക്ഷ്ണത യഹോവ കാണാതെപോകില്ലെന്ന് യോശീയാവിന്റെ അനുഭവം നമുക്കു കാണിച്ചുതരുന്നില്ലേ?
ആത്മീയരത്നങ്ങൾ
എഴുതിയിരിക്കുന്നവയ്ക്കു നിങ്ങളുടെ ഹൃദയം ശ്രദ്ധ കൊടുക്കുമോ?
15 നമുക്ക് അവസാനമായി, നല്ല രാജാവായിരുന്ന യോശിയയിൽനിന്ന് എന്തു പഠിക്കാമെന്നു നോക്കാം. യോശിയയുടെ പരാജയത്തിലേക്കും മരണത്തിലേക്കും നയിച്ചത് എന്താണ്? (2 ദിനവൃത്താന്തം 35:20-22 വായിക്കുക.) യോശിയ ഈജിപ്തുരാജാവായ നെഖോയുമായി യുദ്ധം ചെയ്യാൻ പുറപ്പെട്ടു. യഥാർഥത്തിൽ നെഖോയ്ക്കു യോശിയയുമായി യുദ്ധം ചെയ്യാൻ ഉദ്ദേശ്യമില്ലായിരുന്നു. നെഖോ അതു യോശിയയോടു പറയുകയും ചെയ്തു. ബൈബിൾ പറയുന്നതനുസരിച്ച്, നെഖോയുടേതു “ദൈവം പറഞ്ഞ വാക്കുകൾ” ആയിരുന്നു. പിന്നെ എന്തിനാണു യോശിയ യുദ്ധത്തിനു പോയത്? ബൈബിൾ അതെക്കുറിച്ച് ഒന്നും പറയുന്നില്ല.
16 നെഖോയുടെ വാക്കുകൾ യഹോവയുടേതാണെന്നു യോശിയയ്ക്ക് എങ്ങനെ ഉറപ്പാക്കാൻ കഴിയുമായിരുന്നു? വേണമെങ്കിൽ അദ്ദേഹത്തിനു വിശ്വസ്തപ്രവാചകനായിരുന്ന യിരെമ്യയോടു ചോദിക്കാമായിരുന്നു. (2 ദിന. 35:23, 25) അതു മാത്രമല്ല, നെഖോ “മറ്റൊരു ഭവനത്തോടു യുദ്ധം” ചെയ്യാൻ കർക്കെമീശിലേക്കു പോകുകയായിരുന്നു, യരുശലേമിനോടു യുദ്ധം ചെയ്യാൻ വരുകയല്ലായിരുന്നു. ഇനി, ഇതു ദൈവനാമം ഉൾപ്പെട്ട ഒരു വിഷയമായിരുന്നോ? അല്ല, കാരണം നെഖോ ദൈവത്തെയോ ദൈവജനത്തെയോ നിന്ദിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് നെഖോയ്ക്കെതിരെ യുദ്ധം ചെയ്യാനുള്ള തീരുമാനം തികച്ചും തെറ്റായിപ്പോയി. ഇവിടെ നമുക്കൊരു പാഠമുണ്ട്: ജീവിതത്തിൽ ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോൾ ആ വിഷയത്തെപ്പറ്റിയുള്ള യഹോവയുടെ ഇഷ്ടം എന്താണെന്നു നമ്മൾ ചിന്തിക്കണം.
17 ഒരു പ്രശ്നം ഉണ്ടാകുമ്പോൾ, അതിനോടു ബന്ധപ്പെട്ട എല്ലാ ബൈബിൾതത്ത്വങ്ങളെക്കുറിച്ചും ചിന്തിക്കുക. ആ സാഹചര്യത്തിൽ അതിൽ ഏതിനാണു പ്രാധാന്യം കൊടുക്കേണ്ടതെന്നു തീരുമാനിക്കുക. ചില അവസരങ്ങളിൽ മൂപ്പന്മാരോട് അഭിപ്രായം ചോദിക്കുന്നതു നന്നായിരിക്കും. അതിനോടകംതന്നെ നമ്മൾ ആ വിഷയത്തെക്കുറിച്ച് ചിന്തിക്കുകയും നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് അതെക്കുറിച്ച് നന്നായി പഠിക്കുകയും ചെയ്തിട്ടുണ്ടാകാമെങ്കിലും നമ്മൾ ശ്രദ്ധിച്ചിട്ടില്ലാത്ത ചില ബൈബിൾതത്ത്വങ്ങൾ കാണിച്ചുതരാൻ ഒരു മൂപ്പനു കഴിഞ്ഞേക്കും. ഉദാഹരണത്തിന്, അവിശ്വാസിയായ ഭർത്താവുള്ള ഒരു സഹോദരിയുടെ കാര്യമെടുക്കാം. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്ന് ആ സഹോദരിക്ക് അറിയാം. (പ്രവൃ. 4:20) എന്നാൽ വയൽസേവനത്തിനു പോകാൻ സഹോദരി തീരുമാനിച്ചിരുന്ന ഒരു ദിവസം, വയൽസേവനത്തിനു പോകേണ്ടെന്ന് അവിശ്വാസിയായ ഭർത്താവ് പറയുന്നു. ഒന്നിച്ച് സമയം ചെലവഴിച്ചിട്ട് കുറെ നാളായെന്നും അതുകൊണ്ട് ഒരുമിച്ച് എവിടെയെങ്കിലും പോകാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സഹോദരി എന്തു ചെയ്യും? ദൈവത്തെയാണ് അനുസരിക്കേണ്ടത്, ആളുകളെ ശിഷ്യരാക്കണം എന്നിവപോലെ തനിക്കു ബാധകമാകുന്ന ചില ബൈബിൾഭാഗങ്ങൾ ആ സഹോദരിയുടെ മനസ്സിലേക്കു വന്നേക്കാം. (മത്താ. 28:19, 20; പ്രവൃ. 5:29) എന്നാൽ ഭാര്യ ഭർത്താവിനു കീഴ്പെട്ടിരിക്കണം, ദൈവത്തിന്റെ ദാസരെല്ലാം വിട്ടുവീഴ്ച കാണിക്കാൻ സന്നദ്ധരായിരിക്കണം എന്നീ തത്ത്വങ്ങളും ആ സഹോദരി കണക്കിലെടുക്കണം. (എഫെ. 5:22-24; ഫിലി. 4:5) വയൽസേവനത്തിനു പോകാൻ ഒട്ടും അനുവദിക്കാത്ത ആളാണോ ആ ഭർത്താവ്? അതോ അന്നേ ദിവസം മാത്രം മറ്റൊരു കാര്യം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നോ? ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിച്ചുകൊണ്ട് ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിനു നമ്മൾ കാര്യങ്ങളുടെ എല്ലാ വശവും കണക്കിലെടുക്കണം.
ജൂൺ 26–ജൂലൈ 2
ദൈവവചനത്തിലെ നിധികൾ | എസ്ര 1-3
“നിങ്ങളെ ഉപയോഗിക്കാൻ യഹോവയെ അനുവദിക്കുക”
സെഖര്യ കണ്ടതു നിങ്ങൾക്കു കാണാനാകുന്നുണ്ടോ?
ജൂതന്മാർ വർഷങ്ങളായി ബാബിലോണിൽ അടിമകളായിരുന്നു. അങ്ങനെയിരിക്കെ ഇസ്രായേല്യരെ വിട്ടയയ്ക്കാൻ യഹോവ “പേർഷ്യൻ രാജാവായ കോരെശിന്റെ . . . മനസ്സുണർത്തി.” ജൂതന്മാർക്കു സ്വന്തം ദേശത്തേക്കു മടങ്ങിപ്പോകാനും ‘ഇസ്രായേലിന്റെ ദൈവത്തിന്റെ ഭവനം പുതുക്കിപ്പണിയാനും’ അനുവാദം നൽകിക്കൊണ്ട് രാജാവ് ഒരു വിളംബരം നടത്തി. (എസ്ര 1:1, 3) അതു കേട്ടപ്പോൾ അവർക്ക് എത്രമാത്രം ആവേശം തോന്നിക്കാണും! കാരണം അതിലൂടെ അവർക്കു ദൈവം നൽകിയ ദേശത്തുവെച്ച് യഹോവയെ വീണ്ടും ആരാധിക്കാനാകുമായിരുന്നു.
രഥങ്ങളും ഒരു കിരീടവും—അതു നിങ്ങളെ സംരക്ഷിക്കും
2 യരുശലേമിലേക്കു മടങ്ങിവന്ന ജൂതന്മാർ വിശ്വാസമുള്ളവരായിരുന്നെന്നു സെഖര്യക്ക് അറിയാമായിരുന്നു. ബാബിലോണിലെ വീടുകളും കച്ചവടവും എല്ലാം ഉപേക്ഷിച്ച് വരാൻ ‘സത്യദൈവം മനസ്സിൽ തോന്നിച്ച’ ആളുകളായിരുന്നു അവർ. (എസ്ര 1:2, 3, 5) പരിചിതമായ ചുറ്റുപാടുകൾ ഉപേക്ഷിച്ചാണ് അവരിൽ അനേകരും മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു സ്ഥലത്തേക്കു വന്നത്. യഹോവയുടെ ആലയം പുനർനിർമിക്കുന്നതിന് അത്രയധികം പ്രാധാന്യം കൊടുത്തതുകൊണ്ടല്ലേ 1,600 കിലോമീറ്റർ നീണ്ട ദുർഘടമായ യാത്രയ്ക്ക് അവർ തയ്യാറായത്?
ആത്മീയരത്നങ്ങൾ
എസ്രായിൽനിന്നുള്ള വിശേഷാശയങ്ങൾ
1:3-6. ബാബിലോണിൽത്തന്നെ തങ്ങേണ്ടിവന്ന ചില ഇസ്രായേല്യരെപ്പോലെ, അനേകം യഹോവയുടെ സാക്ഷികൾക്കും മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടാനോ ആവശ്യം അധികമുള്ളിടത്തു സേവിക്കാനോ കഴിയുന്നില്ല. എന്നാൽ അങ്ങനെ ചെയ്യാൻ കഴിയുന്നവരെ പിന്തുണയ്ക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അവർ തുടരുന്നു, പ്രസംഗ-ശിഷ്യരാക്കൽ വേലയുടെ പുരോഗതിക്കായി സ്വമേധയാ സംഭാവനകൾ നൽകുകയും ചെയ്യുന്നു.