ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
© 2023 Watch Tower Bible and Tract Society of Pennsylvania
മേയ് 6-12
ദൈവവചനത്തിലെ നിധികൾ സങ്കീർത്തനം 36-37
‘ദുഷ്ടന്മാർ നിമിത്തം അസ്വസ്ഥനാകരുത്’
ദൈവരാജ്യം വരുമ്പോൾ എന്തെല്ലാം പൊയ്പോകും?
4 ദുഷ്ടമനുഷ്യർ ഇന്നു നമ്മുടെ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നത് എങ്ങനെയാണ്? നമ്മൾ ജീവിക്കുന്ന ഇക്കാലത്ത് ‘ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകും’ എന്നു മുൻകൂട്ടിപ്പറഞ്ഞതിനു ശേഷം, അപ്പോസ്തലനായ പൗലോസ് ഇങ്ങനെയും എഴുതി: “ദുഷ്ടമനുഷ്യരും തട്ടിപ്പുകാരും വഴിതെറ്റിച്ചും വഴിതെറ്റിക്കപ്പെട്ടും കൊണ്ട് അടിക്കടി അധഃപതിക്കും.” (2 തിമൊ. 3:1-5, 13) ഈ പ്രവചനത്തിലെ വാക്കുകൾ എത്ര സത്യമാണ്, അല്ലേ? അക്രമാസക്തരായ ഗുണ്ടകളുടെയും വിദ്വേഷംപൂണ്ട തീവ്രവാദികളുടെയും ക്രൂരരായ കുറ്റവാളികളുടെയും പ്രവർത്തനങ്ങൾക്കു നമ്മളിൽ ചിലർ ഇരയായിട്ടുണ്ട്. പരസ്യമായി ദുഷ്ടത പ്രവർത്തിക്കാൻ ചിലർക്ക് ഒരു മടിയുമില്ല. മറ്റു ചിലരാകട്ടെ, നന്മയുടെയും ആദർശത്തിന്റെയും മുഖംമൂടിയണിഞ്ഞ് ഒളിഞ്ഞും മറഞ്ഞും ഒക്കെയാണ് അതു ചെയ്യുന്നത്. ഇനി, നമ്മൾ നേരിട്ട് ഇത്തരം ദുഷ്ടതകൾക്കിരയായിട്ടില്ലെങ്കിലും അത്തരക്കാരുടെ പ്രവർത്തനങ്ങൾ നമ്മളെയെല്ലാം ബാധിക്കുന്നുണ്ട്. ദുഷ്ടന്മാരുടെ ഹീനകൃത്യങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ നമുക്ക് അതിയായ ഹൃദയവേദന തോന്നും. കുട്ടികളോടും വൃദ്ധരോടും നിസ്സഹായരായ മറ്റുള്ളവരോടും ദുഷ്ടന്മാർ കാട്ടുന്ന ക്രൂരതകൾ നമ്മളെ ഭീതിയിലാഴ്ത്തുന്നു. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇവർ മൃഗീയവും പൈശാചികവും ആയ വിധത്തിലാണു പെരുമാറുന്നത്. (യാക്കോ. 3:15) എന്നാൽ ആശ്വാസകരമായ ഒരു വാർത്ത ബൈബിളിനു പറയാനുണ്ട്.
മറ്റുള്ളവരോടു ക്ഷമിക്കൂ, യഹോവയുടെ അനുഗ്രഹം നേടൂ!
10 ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നതു നമുക്കു ദോഷം ചെയ്യും. ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നത് ഒരു ഭാരം ചുമക്കുന്നതുപോലെയാണ്. മറ്റുള്ളവരോടു ക്ഷമിച്ചുകൊണ്ട് ആ ഭാരം ഇറക്കിവെക്കുന്നതിന്റെ സുഖം നമ്മൾ അനുഭവിക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ട്. (എഫെസ്യർ 4:31, 32 വായിക്കുക.) അതുകൊണ്ടാണ് “കോപം കളഞ്ഞ് ദേഷ്യം ഉപേക്ഷിക്കൂ!” എന്ന് യഹോവ നമ്മളോട് ആവശ്യപ്പെടുന്നത്. (സങ്കീ. 37:8) അങ്ങനെ ചെയ്യുന്നതുകൊണ്ട് മറ്റു പ്രയോജനങ്ങളുമുണ്ട്. കാരണം കോപം വെച്ചുകൊണ്ടിരുന്നാൽ അതു നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനു ദോഷം ചെയ്യും. (സുഭാ. 14:30) ഇനി, നമ്മൾ ദേഷ്യം വെച്ചുകൊണ്ടിരുന്നാലും നമ്മളെ ദ്രോഹിച്ച ആൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. അത്, നമ്മൾ വിഷം കുടിച്ചിട്ട് മറ്റേ വ്യക്തിക്കു ദോഷം വരണമെന്ന് ആഗ്രഹിക്കുന്നതുപോലെയായിരിക്കും. വാസ്തവത്തിൽ നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കുമ്പോൾ നമുക്കുതന്നെയാണ് അതിന്റെ പ്രയോജനം. (സുഭാ. 11:17) നമുക്കു സമാധാനം ലഭിക്കും, സന്തോഷത്തോടെ ദൈവസേവനത്തിൽ തുടരാനും കഴിയും.
“യഹോവയിൽ അത്യധികം ആനന്ദിച്ചുകൊള്ളുക”
20 അപ്പോൾ, “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും.” (സങ്കീർത്തനം 37:11എ) എന്നാൽ ഈ “സൌമ്യതയുള്ളവർ” ആരാണ്? “കഷ്ടപ്പെടുത്തുക, താഴ്ത്തുക, അപമാനിക്കുക” എന്നൊക്കെ അർഥമുള്ള ഒരു മൂലപദത്തിൽനിന്നാണ് “സൗമ്യതയുള്ള” എന്ന പദം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതേ, തങ്ങൾക്കു നേരിട്ടിരിക്കുന്ന അനീതികൾക്ക് തീർപ്പുകൽപ്പിക്കാൻ യഹോവയ്ക്കായി താഴ്മയോടെ കാത്തിരിക്കുന്നവരാണ് ഈ ‘സൗമ്യർ.’ “സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:11ബി) സത്യക്രിസ്തീയ സഭയോടു ബന്ധപ്പെട്ട ആത്മീയ പറുദീസയിൽ നാം ഇപ്പോൾപ്പോലും സമാധാനസമൃദ്ധി ആസ്വദിക്കുന്നുണ്ട്.
ആത്മീയരത്നങ്ങൾ
it-2-E 445
പർവതം
ദൃഢം, ശാശ്വതം, ഉന്നതം. പർവതങ്ങൾ ദൃഢവും ശാശ്വതവും ആയാണ് കണക്കാക്കപ്പെടുന്നത്. (യശ 54:10; ഹബ 3:6; സങ്ക 46:2) അതുകൊണ്ട് സങ്കീർത്തനക്കാരൻ യഹോവയുടെ നീതി “പ്രൗഢഗംഭീരമായ പർവതങ്ങൾപോലെ” എന്നു പറഞ്ഞപ്പോൾ (സങ്ക 36:6) അതിന് മാറ്റം വരില്ലെന്നും അതു നീക്കം ചെയ്യാനാകില്ലെന്നും ആയിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. അല്ലെങ്കിൽ, യഹോവയുടെ നീതി മനുഷ്യരുടെ നീതിയെക്കാൾ വളരെയധികം ഉന്നതമാണ് എന്ന് കാണിക്കാനായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞത്. (യശ 55:8, 9 താരതമ്യം ചെയ്യുക.) ദൈവകോപത്തിന്റെ ഏഴാമത്തെ പാത്രത്തിലുള്ളത് ഒഴിക്കുന്നതിനെക്കുറിച്ച് പറഞ്ഞുവരുമ്പോൾ വെളിപാട് 16:20-ൽ, “പർവതങ്ങൾ അപ്രത്യക്ഷമായി” എന്നു പറയുന്നുണ്ട്. ദൈവത്തിന്റെ ഉഗ്രകോപത്തിൽനിന്ന് പർവതങ്ങൾപോലെ ഉന്നതമായ ഒന്നിനുപോലും രക്ഷപ്പെടാനാകില്ല എന്നാണ് അത് സൂചിപ്പിക്കുന്നത്.—യിര 4:23-26 താരതമ്യം ചെയ്യുക.
മേയ് 13-19
ദൈവവചനത്തിലെ നിധികൾ സങ്കീർത്തനം 38-39
അമിതമായ കുറ്റബോധം വെച്ചുകൊണ്ടിരിക്കരുത്
പിന്നിലേക്കല്ല, “നേരെ മുന്നിലേക്ക്” നോക്കുക
12 1 യോഹന്നാൻ 3:19, 20 വായിക്കുക. ചിലപ്പോഴൊക്കെ നമുക്കെല്ലാം കുറ്റബോധം തോന്നാറുണ്ട്. സത്യം പഠിക്കുന്നതിന് മുമ്പ് ചെയ്ത കാര്യങ്ങൾ ഓർത്തായിരിക്കാം ചിലർക്ക് കുറ്റബോധം തോന്നുന്നത്. വേറെ ചിലർക്കാകട്ടെ, സ്നാനമേറ്റതിനു ശേഷം ചെയ്ത തെറ്റുകൾ ഓർക്കുമ്പോഴും. (റോമ. 3:23) എപ്പോഴും ശരി ചെയ്യാനാണു നമ്മുടെയെല്ലാം ആഗ്രഹം, പക്ഷേ ‘നമ്മളെല്ലാം പലതിലും തെറ്റിപ്പോകുന്നു.’ (യാക്കോ. 3:2; റോമ. 7:21-23) കുറ്റബോധം തോന്നുന്നത് അത്ര സുഖമുള്ള കാര്യമല്ലെങ്കിലും അതുകൊണ്ട് ചില പ്രയോജനങ്ങളുണ്ട്. ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും തെറ്റുകൾ ആവർത്തിക്കാതിരിക്കാനും അതു നമ്മളെ പ്രേരിപ്പിക്കും.—എബ്രാ. 12:12, 13.
13 എന്നാൽ നമുക്ക് അമിതമായ കുറ്റബോധം തോന്നുന്നെങ്കിൽ, അതായത് നമ്മൾ അനുതപിക്കുകയും യഹോവ നമ്മളോടു ക്ഷമിച്ചെന്നു തിരിച്ചറിയുകയും ചെയ്തിട്ടും നമുക്കു കുറ്റബോധം തോന്നുന്നെങ്കിൽ, അതു ദോഷം ചെയ്യും. (സങ്കീ. 31:10; 38:3, 4) എങ്ങനെ? ഒരു സഹോദരിയുടെ ഉദാഹരണം നോക്കാം. കഴിഞ്ഞ കാലത്ത് ചെയ്ത തെറ്റുകൾ ഓർത്ത് സഹോദരിക്ക് എപ്പോഴും കുറ്റബോധം തോന്നുമായിരുന്നു. സഹോദരി പറഞ്ഞു: “ഇനി ഞാൻ യഹോവയുടെ സേവനത്തിൽ എന്തു ചെയ്തിട്ടും കാര്യമില്ല എന്ന് എനിക്കു തോന്നി. കാരണം എന്തായാലും രക്ഷപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനുണ്ടായിരിക്കില്ല.” അമിതമായ കുറ്റബോധം നമ്മളെ വേട്ടയാടിയാൽ ഈ സഹോദരിയെപ്പോലെ നമുക്കും തോന്നിയേക്കാം. അതുകൊണ്ട് ആ കെണിയിൽ അകപ്പെടാതിരിക്കാൻ നമ്മളെല്ലാം ശ്രദ്ധിക്കണം. യഹോവ നമ്മളെ തള്ളിക്കളയാത്തപ്പോഴും, ‘ദൈവസേവനത്തിൽ ഞാൻ ഇനി ഒന്നും ചെയ്തിട്ട് കാര്യമില്ല’ എന്നു നമ്മൾ ചിന്തിക്കുമ്പോൾ സാത്താൻ സന്തോഷിക്കുകയാണ്.—2 കൊരിന്ത്യർ 2:5-7, 11 താരതമ്യം ചെയ്യുക.
യഹോവയുടെ മുമ്പാകെ നമ്മുടെ ദിനങ്ങളെ എങ്ങനെ മൂല്യവത്താക്കാം?
നമ്മുടെ ജീവിതത്തിലെ ദിനങ്ങൾ ക്ഷണികവും എണ്ണത്തിൽ ചുരുക്കവുമാണ്. ജീവിതത്തിന്റെ ക്ഷണികതയെ കുറിച്ചു ഗാഢമായി ചിന്തിച്ച സങ്കീർത്തനക്കാരനായ ദാവീദ് ഇപ്രകാരം പ്രാർഥിക്കാൻ പ്രേരിതനായി: “യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ. ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു.” വാക്കിലും പ്രവൃത്തിയിലും ദൈവത്തിനു പ്രസാദം കൈവരുത്തുന്ന വിധത്തിൽ ജീവിക്കുക എന്നതായിരുന്നു ദാവീദിന്റെ ആഗ്രഹം. ദൈവത്തിലുള്ള തന്റെ ആശ്രയത്വം പ്രകടിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു: “എന്റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു.” (സങ്കീർത്തനം 39:4, 5, 7) യഹോവ അതു ശ്രദ്ധിച്ചു. അവൻ ദാവീദിന്റെ പ്രവൃത്തികളെ വിലയിരുത്തി, തദനുസരണം പ്രതിഫലവുമേകി.
ദിവസത്തിൽ ഒരിത്തിരി സമയം പോലും ഇളവില്ലാത്തവിധം തിരക്കുപിടിച്ച ഒരു ജീവിതരീതിയിലേക്കു വഴുതിവീഴുക എളുപ്പമാണ്. ഇതു നമ്മിൽ ഉത്കണ്ഠ ഉളവാക്കിയേക്കാം. പ്രത്യേകിച്ച്, ചെയ്തുതീർക്കാനും ആസ്വദിക്കാനും വളരെയധികം കാര്യങ്ങൾ ഉണ്ടായിരിക്കുകയും എന്നാൽ അതിനൊന്നും വേണ്ടത്ര സമയം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ. ദാവീദിന്റെ ആഗ്രഹമാണോ നമുക്കും ഉള്ളത്? ദൈവാംഗീകാരം ലഭിക്കത്തക്കവിധം ജീവിതം നയിക്കുക എന്നതായിരുന്നു അവന്റെ ആഗ്രഹം. തീർച്ചയായും യഹോവ നമ്മിൽ ഓരോരുത്തരെയും നിരീക്ഷിക്കുകയും സശ്രദ്ധം പരിശോധിക്കുകയും ചെയ്യുന്നുണ്ട്. യഹോവ തന്റെ വഴികളെ കാണുകയും കാലടികളെയെല്ലാം എണ്ണിനോക്കുകയും ചെയ്തുവെന്ന് ഏതാണ്ട് 3,600 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ദൈവഭക്തനായ ഇയ്യോബ് എന്ന മനുഷ്യൻ സമ്മതിക്കുകയുണ്ടായി. ഇയ്യോബ് ഇപ്രകാരം ചോദിച്ചു: “അവിടുന്ന് എന്നോടു കണക്കു ചോദിക്കുമ്പോൾ ഞാൻ എന്തുത്തരം പറയും?” (ഇയ്യോബ് 31:4-6, 14, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം) ആത്മീയ കാര്യങ്ങൾക്കു പ്രഥമ സ്ഥാനം നൽകുകയും ദൈവിക കല്പനകൾ അനുസരിക്കുകയും സമയം ജ്ഞാനപൂർവം ഉപയോഗിക്കുകയും ചെയ്തുകൊണ്ട് ദൈവമുമ്പാകെ നമ്മുടെ ദിനങ്ങൾ മൂല്യമുള്ളതാക്കുക സാധ്യമാണ്. ഈ കാര്യങ്ങൾ നമുക്കിപ്പോൾ അടുത്ത് പരിശോധിക്കാം.
യഹോവയുമായുള്ള സ്നേഹബന്ധം വീണ്ടും ശക്തമാക്കുക
കൂടെക്കൂടെ യഹോവയോടു സംസാരിക്കുക. കുറ്റബോധം കാരണം പ്രാർഥിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ട് തോന്നിയേക്കാം. അതു പക്ഷേ, നിങ്ങളുടെ പിതാവിനു മനസ്സിലാകും. (റോമ. 8:26) അതുകൊണ്ട് “മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കുക.” (റോമ. 12:12) യഹോവയുമായുള്ള സ്നേഹബന്ധം നിങ്ങൾ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് അപ്പോൾ തുറന്നുപറയാനാകും. ആൻഡ്രേ സഹോദരൻ പറയുന്നു: “എനിക്കു വല്ലാത്ത കുറ്റബോധവും നാണക്കേടും തോന്നി. പക്ഷേ ഓരോ തവണ പ്രാർഥിച്ചപ്പോഴും ആ വിഷമമൊക്കെ കുറഞ്ഞുവരുന്നത് എനിക്കു മനസ്സിലായി. എനിക്ക് ഒത്തിരി മനസ്സമാധാനം തോന്നി.” ഇനി, എങ്ങനെ പ്രാർഥിക്കണമെന്ന് അറിയില്ലെങ്കിൽ മാനസാന്തരപ്പെട്ട ദാവീദ് രാജാവിന്റെ പ്രാർഥനകൾ നിങ്ങൾക്കു വായിച്ചു നോക്കാവുന്നതാണ്. സങ്കീർത്തനം 51-ലും 65-ലും ആ പ്രാർഥനകൾ കാണാം.
ആത്മീയരത്നങ്ങൾ
വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളാണെന്നു തെളിയിക്കുക
16 വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാൾ തീർച്ചയായും കാണിക്കുന്ന ഒരു ഗുണമാണ് ആത്മനിയന്ത്രണം. രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ പറയാൻ തോന്നുന്ന സാഹചര്യങ്ങളിലും ആത്മനിയന്ത്രണമുള്ള വ്യക്തി അതു പറയാതെ സൂക്ഷിക്കും. (സുഭാഷിതങ്ങൾ 10:19 വായിക്കുക.) നമ്മുടെ ആത്മനിയന്ത്രണം പരിശോധിക്കപ്പെടുന്ന ഒരു സാഹചര്യം സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോഴാണ്. ശ്രദ്ധിച്ചില്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ ഒരു വലിയ കൂട്ടം ആളുകളോട് അറിയാതെ നമ്മൾ പങ്കുവെച്ചേക്കാം. നമ്മുടെ കയ്യിൽനിന്ന് അതു പോയാൽ പിന്നെ അതിന്റെ മേൽ യാതൊരു നിയന്ത്രണവും നമുക്കില്ല. ആര് അത് എങ്ങനെ ഉപയോഗിക്കുമെന്നും അതിലൂടെ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും നമുക്കു പറയാനാകില്ല. ഇനി ആത്മനിയന്ത്രണം പാലിക്കേണ്ട മറ്റൊരു സാഹചര്യം നമ്മുടെ എതിരാളികൾ തന്ത്രപൂർവം നമ്മുടെ സഹോദരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നമ്മളിൽനിന്ന് ചോർത്താൻ ശ്രമിക്കുമ്പോഴാണ്. നമ്മുടെ പ്രവർത്തനങ്ങൾക്കു നിയന്ത്രണമോ നിരോധനമോ ഉള്ള സ്ഥലങ്ങളിൽ പോലീസ് അധികാരികൾ വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുമ്പോഴും നമ്മൾ ആത്മനിയന്ത്രണം പാലിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ നമ്മുടെ സഹോദരങ്ങളുടെ ജീവനെ അത് അപായപ്പെടുത്തിയേക്കാം. ഇത്തരം സാഹചര്യങ്ങളിലും മറ്റു പല സാഹചര്യങ്ങളിലും ബൈബിളിലെ ഈ തത്ത്വത്തിനു ചേർച്ചയിൽ നമുക്കു പ്രവർത്തിക്കാം: “ഞാൻ വായ് മൂടിക്കെട്ടി അധരങ്ങളെ കാക്കും.” (സങ്കീ. 39:1) നമ്മൾ ചിന്തിച്ചതുപോലെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഹോദരങ്ങളോടും അതുപോലെ മറ്റുള്ളവരോടും ഇടപെടുമ്പോൾ നമ്മൾ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളാണെന്നു തെളിയിക്കാം. അതിന് ആത്മനിയന്ത്രണം കൂടിയേ തീരൂ.
മേയ് 20-26
ദൈവവചനത്തിലെ നിധികൾ സങ്കീർത്തനം 40-41
മറ്റുള്ളവരെ സഹായിക്കേണ്ടത് എന്തുകൊണ്ട്?
ഉദാരമായി കൊടുക്കുന്നവർ സന്തുഷ്ടരാണ്
16 ശരിക്കും ഉദാരമനസ്കരായ ആളുകൾ തിരിച്ച് എന്തെങ്കിലും കിട്ടാൻ വേണ്ടിയല്ല കൊടുക്കുന്നത്. “വിരുന്നു നടത്തുമ്പോൾ പാവപ്പെട്ടവരെയും വികലാംഗരെയും മുടന്തരെയും അന്ധരെയും ക്ഷണിക്കുക. തിരിച്ചുതരാൻ അവരുടെ കൈയിൽ ഒന്നുമില്ലാത്തതുകൊണ്ട് താങ്കൾക്കു സന്തോഷിക്കാം” എന്നു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിൽ ഇതാണുണ്ടായിരുന്നത്. (ലൂക്കോ. 14:13, 14) ഒരു ബൈബിളെഴുത്തുകാരൻ പറയുന്നു: “കൈ അയച്ച് ദാനം ചെയ്യുന്നവന് അനുഗ്രഹം ലഭിക്കും.” അതുപോലെ, “എളിയവനോടു പരിഗണന കാണിക്കുന്നവൻ സന്തുഷ്ടൻ” എന്നും ദൈവവചനം പറയുന്നു. (സുഭാ. 22:9; സങ്കീ. 41:1) മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നമുക്ക് ഉറപ്പായും സന്തോഷം ലഭിക്കും. അതുകൊണ്ട് നമ്മൾ മറ്റുള്ളവരോട് ഉദാരത കാണിക്കണം.
17 “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്”എന്ന യേശുവിന്റെ വാക്കുകൾ ഉദ്ധരിച്ചപ്പോൾ ഭൗതികമായ സഹായം ചെയ്യുന്നതിനെക്കുറിച്ച് മാത്രമല്ല പൗലോസ് പറഞ്ഞത്. പ്രോത്സാഹനവും സഹായവും മാർഗനിർദേശവും ആവശ്യമുള്ളവർക്ക് അതു കൊടുക്കുന്നതും അതിൽ ഉൾപ്പെടുന്നുണ്ട്. (പ്രവൃ. 20:31-35) സമയവും ഊർജവും ശ്രദ്ധയും സ്നേഹവും എല്ലാം കൊടുത്തുകൊണ്ട് മറ്റുള്ളവരോട് ഉദാരത കാണിക്കാൻ അപ്പോസ്തലൻ തന്റെ വാക്കിലൂടെയും മാതൃകയിലൂടെയും നമ്മളെ പഠിപ്പിച്ചു.
18 കൊടുക്കുന്നത് ആളുകളെ സന്തുഷ്ടരാക്കുമെന്നു സാമൂഹ്യവിഷയങ്ങളിൽ ഗവേഷണം നടത്തുന്നവരും കണ്ടെത്തിയിരിക്കുന്നു. “ദയാപ്രവൃത്തികൾ ചെയ്തുകഴിയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നാറുണ്ടെന്ന് ആളുകൾ പറയുന്നു” എന്ന് ഒരു ലേഖനം ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ ജീവിതത്തിനു “കൂടുതൽ അർഥവും ഉദ്ദേശ്യവും കൈവരുന്നു” എന്നു ഗവേഷകർ പറയുന്നു. കാരണം “അതുവഴി മനുഷ്യന്റെ ചില അടിസ്ഥാന ആവശ്യങ്ങൾ നിറവേറുന്നുണ്ട്.” ആളുകൾ സ്വമനസ്സാലെ സാമൂഹ്യസേവനത്തിനു മുന്നോട്ടു വരുന്നത് അവരുടെ ആരോഗ്യത്തിനും സന്തോഷത്തിനും നല്ലതാണെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. മനുഷ്യവർഗത്തെ സ്നേഹപൂർവം രൂപകല്പന ചെയ്ത യഹോവയിൽനിന്നുള്ള ഒരു ഗ്രന്ഥമായി ബൈബിളിനെ കണക്കാക്കുന്നവർക്ക് ഇത് ഒരു പുതിയ അറിവല്ല.—2 തിമൊ. 3:16, 17.
യഹോവ നിങ്ങളെ താങ്ങും
7 എന്നാൽ തന്റെ മുൻകാല ദാസന്മാരുടെ കാര്യത്തിലെന്നപോലെ രോഗികളായിരിക്കെ യഹോവ നിങ്ങളെയും ആശ്വസിപ്പിക്കുകയും പിന്താങ്ങുകയും ചെയ്യും. ദാവീദ് രാജാവ് ഇങ്ങനെ എഴുതി: “എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും.” (സങ്കീ. 41:1, 2) എന്നാൽ, അക്കാലത്ത് ജീവിച്ചിരുന്ന നല്ലവനായ ഒരാൾ എളിയവനായ ഒരുവനോട് പരിഗണന കാണിച്ചാൽ അദ്ദേഹം ഒരിക്കലും മരിക്കില്ലെന്നല്ല ദാവീദ് അർഥമാക്കിയത്. അങ്ങനെയെങ്കിൽ യഹോവ ആ വ്യക്തിയെ എങ്ങനെ സഹായിക്കുമായിരുന്നു? ദാവീദുതന്നെ പറയുന്നു: “യഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.” (സങ്കീ. 41:3) തന്റെ ദാസർ അനുഭവിക്കുന്ന കഷ്ടങ്ങൾ യഹോവയ്ക്ക് വ്യക്തമായി അറിയാം, അവൻ അവരെ മറന്നുകളയില്ല. അവർക്ക് ധൈര്യവും ജ്ഞാനവും നൽകാൻ യഹോവയ്ക്കാകും. അതുപോലെ, സ്വയം പുതുക്കാനുള്ള പ്രാപ്തിയോടെയുമാണ് ദൈവം മനുഷ്യശരീരം നിർമിച്ചിരിക്കുന്നത്.
യഹോവയുടെ അനുകമ്പ അനുകരിക്കുക
17 അനുകമ്പ കാണിക്കുന്നതുകൊണ്ട് നമുക്കു പ്രയോജനമുണ്ട് എന്നതു ശരിയാണ്. പക്ഷേ അനുകമ്പ നട്ടുവളർത്താൻ നിങ്ങളെ പ്രേരിപ്പിക്കുന്ന മുഖ്യകാരണം അതായിരിക്കരുത്. സ്നേഹത്തിന്റെയും അനുകമ്പയുടെയും ഉറവായ യഹോവയെ അനുകരിക്കാനും മഹത്ത്വപ്പെടുത്താനും ഉള്ള ആഗ്രഹമായിരിക്കണം നിങ്ങളെ അതിനു പ്രചോദിപ്പിക്കേണ്ടത്. (സുഭാ. 14:31) യഹോവയാണു നമുക്ക് ഏറ്റവും നല്ല മാതൃക. അതുകൊണ്ട് അനുകമ്പ കാണിക്കുന്നതിൽ യഹോവയെ അനുകരിക്കാൻ നമ്മളെക്കൊണ്ടാകുന്നതെല്ലാം നമുക്കു ചെയ്യാം. എങ്കിൽ സഹോദരങ്ങളുമായുള്ള സ്നേഹബന്ധം ആഴമുള്ളതാക്കാനും അയൽക്കാരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കാനും നമുക്കു കഴിയും.—ഗലാ. 6:10; 1 യോഹ. 4:16.
ആത്മീയരത്നങ്ങൾ
it-2-E 16
യഹോവ
യഹോവയുടെ ഭരണമാണ് ശരിയെന്ന് തെളിയിക്കുക—അതാണ് ബൈബിളിന്റെ മുഖ്യ ആശയം. ദൈവത്തിന്റെ പ്രധാന ഉദ്ദേശ്യം തന്റെ നാമം പരിശുദ്ധമാക്കുക എന്നതാണെന്ന് ഇത് കാണിക്കുന്നു. ഈ ഉദ്ദേശ്യം നടപ്പാകണമെങ്കിൽ, ദൈവത്തിന്റെ നാമത്തിനു മേൽ വന്നിട്ടുള്ള എല്ലാ നിന്ദയും നീക്കം ചെയ്യപ്പെടണം. എന്നാൽ അതിലും പ്രധാനമായി, സ്വർഗത്തിലെയും ഭൂമിയിലെയും ബുദ്ധിശക്തിയുള്ള എല്ലാ ജീവികളും ദൈവത്തിന്റെ പരമാധികാരത്തെ ആദരിക്കുകയും ചെയ്യണം. അവർ മനസ്സോടെ ദൈവത്തെ സേവിക്കുകയും ദൈവത്തോടുള്ള സ്നേഹം കാരണം സന്തോഷത്തോടെ ദൈവത്തിന്റെ ഇഷ്ടം ചെയ്യുകയും വേണം. ഈ മനോഭാവവും യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണവും സങ്കീർത്തനം 40:5-10 വരെയുള്ള ദാവീദിന്റെ പ്രാർഥനയിൽ കാണാം. (ഈ സങ്കീർത്തനത്തിലെ ചില ഭാഗങ്ങൾ, എബ്ര 10:5-10-ൽ ക്രിസ്തുയേശുവുമായി ബന്ധിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.)
മേയ് 27–ജൂൺ 2
ദൈവവചനത്തിലെ നിധികൾ സങ്കീർത്തനം 42-44
ദൈവികവിദ്യാഭ്യാസത്തിൽനിന്ന് പൂർണ പ്രയോജനം നേടുക
സങ്കീർത്തനങ്ങളുടെ രണ്ടാം പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
42:4, 5, 11; 43:3-5. നമ്മുടെ നിയന്ത്രണത്തിനപ്പുറമുള്ള ഏതെങ്കിലും കാരണംകൊണ്ട് താത്കാലികമായി ക്രിസ്തീയ സഭയോടു സഹവസിക്കാൻ കഴിയാതെവന്നാൽ നാം ആസ്വദിച്ചിരുന്ന സഹവാസത്തിന്റെ സന്തോഷത്തെക്കുറിച്ച് ഓർക്കുന്നത് നമ്മെ ബലപ്പെടുത്തിയേക്കാം. ആദ്യമൊക്കെ അത് ഏകാന്തത മൂലമുള്ള നമ്മുടെ ദുഃഖം വർധിപ്പിച്ചേക്കാം. എന്നാൽ, ദൈവം നമ്മുടെ സങ്കേതമാണെന്നും അവൻ പ്രദാനംചെയ്യുന്ന ആശ്വാസത്തിനായി നാം കാത്തിരിക്കേണ്ടതുണ്ടെന്നും അതു നമ്മെ ഓർമിപ്പിക്കും.
പഠനവേളകൾ കൂടുതൽ ആസ്വാദ്യവും പ്രയോജനപ്രദവും ആക്കാൻ
1 പ്രാർഥിക്കുക: പഠനത്തിനുമുമ്പ് പ്രാർഥിക്കണം. (സങ്കീ. 42:8) എന്തുകൊണ്ട്? ദൈവവചനത്തിന്റെ പഠനം ആരാധനയുടെ ഭാഗമാണ്. അതുകൊണ്ട്, പഠനത്തിനു യോജിച്ച ഒരു മനോനില നൽകാനും പരിശുദ്ധാത്മാവിനെ പകരാനും നാം യഹോവയോട് യാചിക്കണം. (ലൂക്കോ. 11:13) ദീർഘകാലം മിഷനറിയായി സേവിക്കുന്ന ബാർബറ പറയുന്നു: “ബൈബിൾ വായിക്കുകയോ പഠിക്കുകയോ ചെയ്യുന്നതിനുമുമ്പ് ഞാൻ എപ്പോഴും പ്രാർഥിക്കാറുണ്ട്. അപ്പോൾ, യഹോവ എന്നോടൊപ്പം ഉള്ളതായും ഞാൻ ചെയ്യുന്ന കാര്യത്തിൽ അവൻ സന്തുഷ്ടനാണെന്നും എനിക്കു തോന്നും.” മുമ്പിലുള്ള സമൃദ്ധമായ ആത്മീയാഹാരം പൂർണമായി സ്വാംശീകരിക്കാൻ കഴിയുന്ന വിധത്തിൽ നമ്മുടെ മനസ്സിനെയും ഹൃദയത്തെയും തുറക്കാൻ പഠനത്തിനുമുമ്പുള്ള പ്രാർഥന സഹായിക്കും.
“നിന്റെ കൈകൾ തളരരുത്”
11 ക്രിസ്തീയയോഗങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും കൺവെൻഷനുകളിലൂടെയും ദിവ്യാധിപത്യസ്കൂളുകളിലൂടെയും ലഭിക്കുന്ന ദൈവികവിദ്യാഭ്യാസവും നമ്മളെ ബലപ്പെടുത്തുന്നു. അത്തരം പരിശീലനം നമുക്കു പ്രചോദനം പകരും. കൂടാതെ, ആത്മീയലക്ഷ്യങ്ങൾ വെക്കാനും ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും അവ സഹായിക്കും. (സങ്കീ. 119:32) അത്തരം വിദ്യാഭ്യാസത്തിൽനിന്ന് ബലം നേടാൻ നിങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നുണ്ടോ?
12 അമാലേക്യരെയും എത്യോപ്യരെയും തോൽപ്പിക്കാൻ യഹോവ ഇസ്രായേല്യരെ സഹായിച്ചു. നെഹമ്യക്കും കൂടെയുള്ളവർക്കും പുനർനിർമാണവേല പൂർത്തീകരിക്കാനുള്ള ശക്തി കൊടുക്കുകയും ചെയ്തു. സമാനമായി, എതിർപ്പിനും ആളുകൾ കാണിക്കുന്ന താത്പര്യക്കുറവിനും നമ്മുടെതന്നെ ഉത്കണ്ഠയ്ക്കും എതിരെ ഉറച്ചുനിന്ന് പ്രസംഗവേലയിൽ തുടരാനുള്ള ശക്തി ദൈവം നമുക്കും തരും. (1 പത്രോ. 5:10) യഹോവ നമുക്കുവേണ്ടി അത്ഭുതങ്ങൾ ചെയ്യുമെന്നു നമ്മൾ പ്രതീക്ഷിക്കുന്നില്ല. നമ്മൾ ചെയ്യേണ്ടതു നമ്മൾത്തന്നെ ചെയ്യണം. അതായത്, ദൈവവചനം ദിവസവും വായിക്കുക, എല്ലാ യോഗത്തിനും തയ്യാറാകുകയും ഹാജരാകുകയും ചെയ്യുക, വ്യക്തിപരമായ പഠനത്തിലൂടെയും കുടുംബാരാധനയിലൂടെയും നമ്മുടെ മനസ്സും ഹൃദയവും ആത്മീയകാര്യങ്ങൾകൊണ്ട് നിറയ്ക്കുക, എപ്പോഴും പ്രാർഥനയിലൂടെ യഹോവയിൽ ആശ്രയിക്കുക. നമ്മളെ ശക്തരാക്കാനും പ്രോത്സാഹിപ്പിക്കാനും ആയി യഹോവ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെ തടസ്സപ്പെടുത്താൻ മറ്റു പ്രവർത്തനങ്ങളെ നമ്മൾ ഒരിക്കലും അനുവദിക്കരുത്. ഈ കാര്യങ്ങളിൽ ഏതിലെങ്കിലും നിങ്ങളുടെ കൈകൾ കുഴഞ്ഞുപോയതായി നിങ്ങൾക്കു തോന്നുന്നെങ്കിൽ ദൈവത്തോടു സഹായം ചോദിക്കുക. “നിങ്ങൾക്ക് ഇച്ഛിക്കാനും പ്രവർത്തിക്കാനും കഴിയേണ്ടതിന്” ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ പ്രവർത്തിക്കുന്നത് അപ്പോൾ നിങ്ങൾ അനുഭവിച്ചറിയും. (ഫിലി. 2:13) അങ്ങനെയെങ്കിൽ, മറ്റുള്ളവരുടെ കൈകൾ ബലപ്പെടുത്താൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
ആത്മീയരത്നങ്ങൾ
it-1-E 1242
കുറുനരി
തിരുവെഴുത്തുകളിൽ കുറുനരികളെ കൂടെക്കൂടെ പ്രതീകമോ ഉദാഹരണമോ ആയി ഉപയോഗിക്കാറുണ്ട്. ഇയ്യോബ്, താൻ ‘കുറുനരികൾക്കു സഹോദരൻ’ ആയിമാറി എന്നു പറഞ്ഞപ്പോൾ തന്റെ ദുരിതപൂർണമായ അവസ്ഥയെയാണ് ഉദ്ദേശിച്ചത്. (ഇയ്യ 30:29) സങ്കീർത്തനക്കാരൻ യുദ്ധഭൂമിയിൽ ശവങ്ങൾ തിന്നാൻ വരുന്ന കുറുനരികളെക്കുറിച്ച് പറഞ്ഞപ്പോൾ സാധ്യതയനുസരിച്ച് ദൈവജനത്തിന് ഉണ്ടായ ഒരു നാണംകെട്ട പരാജയത്തെക്കുറിച്ച് ഓർത്ത് വിലപിക്കുകയായിരുന്നു. (സങ്ക 68:23) അദ്ദേഹം ഇങ്ങനെ പറഞ്ഞു: “കുറുനരികൾ കഴിയുന്നിടത്തുവെച്ച് അങ്ങ് ഞങ്ങളെ തകർത്തുകളഞ്ഞു.” (സങ്ക 44:19) ബി.സി. 607-ൽ ബാബിലോൺ യരുശലേമിനെ ഉപരോധിച്ച സമയത്ത് അവിടെയെങ്ങും കടുത്ത ക്ഷാമമുണ്ടായി. ആ കാലത്ത് അമ്മമാർ ഗതികെട്ട് സ്വന്തം മക്കളോടുപോലും വലിയ ക്രൂരത കാണിച്ചു. കുറുനരികൾപോലും അവയുടെ കുഞ്ഞുങ്ങളെ കരുതുന്നെന്ന് പറഞ്ഞപ്പോൾ യിരെമ്യ ‘തന്റെ ജനത്തിന്റെ’ ക്രൂരതയുടെ കാഠിന്യം കാണിക്കുകയായിരുന്നു.—വില 4:3, 10.
ജൂൺ 3-9
ദൈവവചനത്തിലെ നിധികൾ സങ്കീർത്തനം 45-47
ഒരു രാജാവിന്റെ വിവാഹത്തെക്കുറിച്ചുള്ള പാട്ട്
കുഞ്ഞാടിന്റെ കല്യാണത്തിൽ സന്തോഷിച്ചുല്ലസിക്കുവിൻ!
8 സങ്കീർത്തനം 45:13, 14എ വായിക്കുക. രാജകീയവിവാഹവേദിയിലേക്ക് “ശോഭാപരിപൂർണ”യായിട്ടാണ് വധുവിനെ ആനയിക്കുന്നത്. വെളിപാട് 21:2-ൽ മണവാട്ടിയെ “ഭർത്താവിനായി അണിഞ്ഞൊരുങ്ങിയ” പുതിയ യെരുശലേം എന്ന നഗരത്തോട് ഉപമിച്ചിരിക്കുന്നു. ഈ സ്വർഗീയനഗരം “ദിവ്യതേജ”സ്സുള്ളതും അതിന്റെ ജ്യോതിസ്സ് “സ്വച്ഛസ്ഫടികംപോലെ പ്രശോഭിക്കുന്ന അമൂല്യരത്നമായ സൂര്യകാന്തത്തിനൊത്ത”തുമായിരുന്നു. (വെളി. 21:10, 11) പുതിയ യെരുശലേമിന്റെ അത്യുജ്ജ്വലശോഭയെക്കുറിച്ച് വെളിപാട് പുസ്തകത്തിൽ ഭംഗ്യന്തരേണ വർണിച്ചിട്ടുണ്ട്. (വെളി. 21:18-21) സങ്കീർത്തനക്കാരൻ അവളെ ‘ശോഭാപരിപൂർണ്ണയായി’ വരച്ചുകാണിക്കുന്നതിൽ ഒട്ടും അതിശയിക്കാനില്ല! കാരണം, സ്വർഗീയരംഗവേദിയിലാണ് ഈ രാജകീയവിവാഹം അരങ്ങേറുന്നത്!
9 മിശിഹൈകരാജാവായ മണവാളന്റെ സന്നിധിയിലേക്കാണ് മണവാട്ടിയെ ആനയിക്കുന്നത്. അവൻ “വചനത്തിന്റെ ജലംകൊണ്ടു കഴുകിവെടിപ്പാക്കി” അവളെ ഇത്രയും നാൾ ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു. തത്ഫലമായി അവൾ “വിശുദ്ധയും നിർമലയു”മായിത്തീർന്നിരിക്കുന്നു. (എഫെ. 5:26, 27) ഈ വിശിഷ്ടാവസരത്തിന് അനുയോജ്യമായ ചമയവും വേഷവിധാനവും മണവാട്ടിക്കും ഉണ്ടായിരിക്കണം. അവൾ അണിഞ്ഞൊരുങ്ങിയിരിക്കുന്നത് അങ്ങനെയാണുതാനും! എന്തെന്നാൽ, “അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ള”താണ്. ‘ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചാണ് അവളെ രാജസന്നിധിയിൽ കൊണ്ടുവരുന്നത്.’ കുഞ്ഞാടിന്റെ വിവാഹവേളയിൽ “ശുഭ്രവും ശുദ്ധവുമായ വിശേഷവസ്ത്രം ധരിക്കാൻ അവൾക്ക് അനുഗ്രഹം ലഭിച്ചിരിക്കുന്നു. ആ വിശേഷവസ്ത്രമോ വിശുദ്ധന്മാരുടെ നീതിപ്രവൃത്തികളത്രേ.”—വെളി. 19:8.
വെളിപാട്—നമ്മുടെ ഭാവിയെക്കുറിച്ച് പറയുന്നത്
10 തന്റെ ജനത്തെ ശത്രുക്കൾ ആക്രമിക്കുന്നതു കാണുമ്പോൾ യഹോവയ്ക്ക് എന്തു തോന്നും? യഹോവ പറയുന്നു: “എന്റെ ഉഗ്രകോപം കത്തിക്കാളും.” (യഹ. 38:18, 21-23) അടുത്തതായി എന്തു സംഭവിക്കുമെന്നു വെളിപാട് 19-ാം അധ്യായം പറയുന്നു. യഹോവ തന്റെ ജനത്തെ സംരക്ഷിക്കാനും ശത്രുക്കളെ തോൽപ്പിക്കാനുമായി തന്റെ മകനെ അയയ്ക്കും. യേശുവും ‘സ്വർഗത്തിലെ സൈന്യവും’ ചേർന്ന് ശത്രുക്കളോടു പോരാടും. ഈ സൈന്യത്തിൽ വിശ്വസ്തരായ ദൈവദൂതന്മാരും 1,44,000 പേരും ഉണ്ടായിരിക്കും. (വെളി. 17:14; 19:11-15) എന്തായിരിക്കും ആ യുദ്ധത്തിന്റെ ഫലം? യഹോവയെ എതിർക്കുന്ന എല്ലാ മനുഷ്യരും സംഘടനകളും അതോടെ പൂർണമായി നശിപ്പിക്കപ്പെടും.—വെളിപാട് 19:19-21 വായിക്കുക.
11 ദൈവത്തിന്റെ ശത്രുക്കളെല്ലാം നശിപ്പിക്കപ്പെട്ട് കഴിയുമ്പോൾ ഭൂമിയിലുള്ള വിശ്വസ്തർക്ക് എത്ര സന്തോഷമായിരിക്കും! ബാബിലോൺ എന്ന മഹതിയുടെ നാശം സ്വർഗത്തിലുള്ളവർക്കു സന്തോഷത്തിന്റെ ഒരു സമയമാണ്. (വെളി. 19:1-3) എന്നാൽ, അതിനെക്കാൾ അവർക്കു സന്തോഷം തോന്നുന്ന മറ്റൊരു കാര്യം ഇനി നടക്കാനിരിക്കുകയാണ്: “കുഞ്ഞാടിന്റെ കല്യാണം.” വെളിപാട് പുസ്തകത്തിന്റെ അവസാനഭാഗത്താണ് അതെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.—വെളി. 19:6-9.
12 എപ്പോഴായിരിക്കും കുഞ്ഞാടിന്റെ കല്യാണം? അർമഗെദോൻ യുദ്ധത്തിനു തൊട്ടുമുമ്പായി അഭിഷിക്തരിൽ ബാക്കിയുള്ളവരും സ്വർഗത്തിലെത്തും. പക്ഷേ, അപ്പോഴാണോ കല്യാണം നടക്കുന്നത്? അല്ല. (വെളിപാട് 21:1, 2 വായിക്കുക.) അർമഗെദോൻ യുദ്ധത്തിൽ ദൈവത്തിന്റെ ശത്രുക്കളെയെല്ലാം നശിപ്പിച്ചതിനു ശേഷമായിരിക്കും ആ കല്യാണം.—സങ്കീ. 45:3, 4, 13-17.
it-2-E 1169
യുദ്ധം
ഈ യുദ്ധത്തിനു ശേഷം ഭൂമിയിൽ ആയിരം വർഷത്തേക്ക് സമാധാനമുണ്ടായിരിക്കും. സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കുന്നു. വില്ല് ഒടിച്ച് കുന്തം തകർക്കുന്നു, യുദ്ധവാഹനങ്ങൾ കത്തിച്ചുകളയുന്നു.” ശത്രുക്കളുടെ ആയുധങ്ങളെല്ലാം തകർത്തുകൊണ്ട് ദൈവം ഇസ്രായേലിൽ സമാധാനം കൊണ്ടുവന്നപ്പോൾ ഈ പ്രവചനം ആദ്യമായി നിവൃത്തിയേറി. ഭാവിയിൽ, യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ഹർ മഗെദോനിൽവെച്ച് യേശു പരാജയപ്പെടുത്തും. അങ്ങനെ മുഴുഭൂമിയിലുമുള്ള മനുഷ്യർക്ക് പൂർണമായ സമാധാനം ലഭിക്കും. (സങ്ക 46:8-10) ‘വാളുകൾ കലപ്പകളായും കുന്തങ്ങൾ അരിവാളുകളായും അടിച്ചുതീർക്കുന്നവരും’ ‘ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കാത്തവരും’ ആയിരിക്കും എന്നേക്കും ജീവിക്കുന്നത്. ഈ പ്രവചനം നമുക്ക് വിശ്വസിക്കാവുന്നത് എന്തുകൊണ്ട്? കാരണം, “സൈന്യങ്ങളുടെ അധിപനായ യഹോവയാണ് ഇതു പറഞ്ഞിരിക്കുന്നത്.”—യശ 2:4; മീഖ 4:3, 4.
ആത്മീയരത്നങ്ങൾ
ദൈവരാജ്യം വരുമ്പോൾ എന്തെല്ലാം പൊയ്പോകും?
9 ദുഷിച്ച സംഘടനകൾക്കു പകരം എന്തായിരിക്കും ഇവിടെയുണ്ടായിരിക്കുക? അർമഗെദോനു ശേഷം ഭൂമിയിൽ ഒരൊറ്റ സംഘടനപോലുമുണ്ടായിരിക്കില്ലേ? ബൈബിൾ പറയുന്നു: “ദൈവത്തിന്റെ വാഗ്ദാനത്തിനു ചേർച്ചയിൽ പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും വേണ്ടി കാത്തിരിക്കുകയാണു നമ്മൾ; അവിടെ നീതി കളിയാടും.” (2 പത്രോ. 3:13) പഴയ ആകാശവും ഭൂമിയും, അതായത് ദുഷിച്ച ഗവൺമെന്റുകളും അവയുടെ നിയന്ത്രണത്തിലുള്ള മനുഷ്യസമൂഹവും, എന്നേക്കുമായി ഇല്ലാതാകും. പകരം എന്തായിരിക്കും ഇവിടെയുണ്ടായിരിക്കുക? ‘പുതിയ ആകാശവും പുതിയ ഭൂമിയും,’ അതായത് ഒരു പുതിയ ഗവൺമെന്റും അതിന്റെ നിയന്ത്രണത്തിലുള്ള ഒരു പുതിയ മനുഷ്യസമൂഹവും! യഹോവയെപ്പോലെ, യേശുക്രിസ്തുവും ക്രിസ്തുവിന്റെ കീഴിലെ ദൈവരാജ്യഗവൺമെന്റും ചിട്ടയോടെയായിരിക്കും പ്രവർത്തിക്കുന്നത്. (1 കൊരി. 14:33) അതുകൊണ്ടുതന്നെ, “പുതിയ ഭൂമി” അടുക്കും ചിട്ടയും ഉള്ള ഒന്നായിരിക്കും. കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കാൻ നല്ലയാളുകളുണ്ടായിരിക്കും. (സങ്കീ. 45:16) ക്രിസ്തുവും സഹഭരണാധികാരികളായ 1,44,000 പേരും ആയിരിക്കും ആ വ്യക്തികളെ നയിക്കുന്നത്. ഇന്നത്തെ ദുഷിച്ച സംഘടനകളുടെ സ്ഥാനത്ത് യാതൊരു ദുഷിപ്പും കലരാത്ത, ഐക്യത്തോടെ പ്രവർത്തിക്കുന്ന, ഒരൊറ്റ സംഘടന മാത്രമുള്ള ആ സമയം ഒന്നു ഭാവനയിൽ കണ്ടുനോക്കൂ.
ജൂൺ 10-16
ദൈവവചനത്തിലെ നിധികൾ സങ്കീർത്തനം 48-50
മാതാപിതാക്കളേ, യഹോവയുടെ സംഘടനയിലുള്ള നിങ്ങളുടെ കുടുംബത്തിന്റെ വിശ്വാസം ശക്തമാക്കുക
സത്യാരാധന നമ്മുടെ സന്തോഷം വർധിപ്പിക്കും
11 നമ്മൾ ദൈവവചനം പഠിക്കുകയും യഹോവയെക്കുറിച്ച് മക്കളെ പഠിപ്പിക്കുകയും ചെയ്യുമ്പോൾ യഹോവയെ ആരാധിക്കുകയാണ്. യഹോവയുമായുള്ള തങ്ങളുടെ ബന്ധം ശക്തമാക്കാനാണ് ഇസ്രായേല്യർ ശബത്തുദിവസം ഉപയോഗിച്ചിരുന്നത്. ആ ദിവസം അവർ ജോലിയൊന്നും ചെയ്യില്ലായിരുന്നു. (പുറ. 31:16, 17) വിശ്വസ്തരായ ഇസ്രായേല്യർ യഹോവയെക്കുറിച്ചും യഹോവയുടെ നന്മയെക്കുറിച്ചും തങ്ങളുടെ മക്കളെ പഠിപ്പിക്കാനും ആ അവസരം ഉപയോഗിച്ചു. ദൈവവചനം വായിക്കാനും പഠിക്കാനും നമ്മളും അതുപോലെ സമയം മാറ്റിവെക്കണം. അതു നമ്മുടെ ആരാധനയുടെ ഭാഗമാണ്. മാത്രമല്ല അങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് യഹോവയോടു കൂടുതൽ അടുക്കാനുമാകും. (സങ്കീ. 73:28) കുടുംബം ഒരുമിച്ച് ദൈവവചനം പഠിക്കുമ്പോൾ യഹോവയെ സ്നേഹിക്കാനും യഹോവയുടെ അടുത്ത കൂട്ടുകാരാകാനും ഒരു പുതിയ തലമുറയെ, അതായതു നമ്മുടെ മക്കളെ, നമ്മൾ സഹായിക്കുകയാണ്.—സങ്കീർത്തനം 48:13 വായിക്കുക.
സന്തോഷിക്കാനുള്ള കാരണം
“സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്വിൻ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിൻ. വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിൻ.” (സങ്കീ. 48:12, 13) യെരുശലേമിനെ ഒന്ന് അടുത്തുനിരീക്ഷിക്കാൻ ഇസ്രായേല്യരോട് ആഹ്വാനം ചെയ്യുകയാണ് സങ്കീർത്തനക്കാരൻ ഇവിടെ. വാർഷികോത്സവങ്ങൾക്കായി ആ വിശുദ്ധനഗരത്തിലേക്ക് യാത്രചെയ്യുകയും അവിടെ സ്ഥിതിചെയ്തിരുന്ന പ്രൗഢഗംഭീരമായ ആലയം ദർശിക്കുകയും ചെയ്ത ഇസ്രായേല്യർക്ക് ഓർമയിൽ സൂക്ഷിക്കാൻ എത്രയെത്ര കാര്യങ്ങൾ ഉണ്ടായിരുന്നിട്ടുണ്ടാകും! ഇക്കാര്യങ്ങൾ അവർ തീർച്ചയായും ‘ഭാവി തലമുറയോട് അറിയിച്ചിട്ടുണ്ടാകണം.’
ശലോമോന്റെ ഐശ്വര്യസമ്പൂർണമായ ഭരണത്തെയും അവന്റെ അപാരമായ ജ്ഞാനത്തെയും കുറിച്ചുള്ള വാർത്തകൾ സത്യമാണോയെന്നു സംശയിച്ച ഒരാളായിരുന്നു ശെബായിലെ രാജ്ഞി. കേട്ടതെല്ലാം സത്യമാണെന്ന് പിന്നെ അവൾക്ക് എങ്ങനെയാണ് ബോധ്യമായത്? “ഞാൻ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വർത്തമാനം വിശ്വസിച്ചില്ല” എന്ന് അവൾ സമ്മതിച്ചു. (2 ദിന. 9:6) അതെ, “സ്വന്തകണ്ണുകൊണ്ടു” കാണുന്ന കാര്യങ്ങൾ നമ്മിൽ പ്രഭാവം ചെലുത്തുമെന്നതിന് സംശയമില്ല.
യഹോവയുടെ സംഘടനയിൽ നടക്കുന്ന വിസ്മയജനകമായ കാര്യങ്ങൾ “സ്വന്തകണ്ണുകൊണ്ടു” കാണാൻ കുട്ടികളെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാം? നിങ്ങളുടെ പ്രദേശത്ത് യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസ് ഉണ്ടെങ്കിൽ അവിടം സന്ദർശിക്കാൻ കഴിയുമോ? മാൻഡിയും ബെഥനിയും താമസിച്ചിരുന്നത് അവരുടെ രാജ്യത്തെ ബെഥേലിൽനിന്ന് ഏതാണ്ട് 1,500 കിലോമീറ്റർ അകലെയാണ്. അവർ കുട്ടികളായിരുന്നപ്പോൾ മാതാപിതാക്കൾ അവരുമൊത്ത് ബെഥേൽ സന്ദർശിക്കുക പതിവായിരുന്നു. ആ പെൺകുട്ടികൾ പറയുന്നത് ശ്രദ്ധിക്കുക: “ബെഥേൽ സന്ദർശിക്കുന്നതിനു മുമ്പ് ഞങ്ങൾ വിചാരിച്ചിരുന്നത് അത് ഒരുപാട് നിയന്ത്രണങ്ങളുള്ള, പ്രായമുള്ളവർക്കുവേണ്ടി മാത്രമുള്ള ഒരു സ്ഥലമാണെന്നാണ്. പക്ഷേ, ചുറുചുറുക്കോടും പ്രസരിപ്പോടുംകൂടെ യഹോവയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ചെറുപ്പക്കാരെ ഞങ്ങൾ അവിടെ കണ്ടു! ഞങ്ങൾ താമസിച്ചിരുന്നിടത്തുമാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല യഹോവയുടെ സംഘടന എന്ന് ഞങ്ങൾ കണ്ടുമനസ്സിലാക്കി. ഓരോ ബെഥേൽ സന്ദർശനവും ഞങ്ങളെ ആത്മീയമായി ഉത്തേജിപ്പിച്ചു.” യഹോവയുടെ സംഘടനയെ അടുത്തു നിരീക്ഷിച്ചത് പയനിയറിങ് തുടങ്ങാൻ അവർക്കു പ്രചോദനമേകി; കുറച്ചുകാലം ബെഥേലിൽ സേവിക്കാനും അവർക്ക് ക്ഷണം ലഭിച്ചു.
ദൈവരാജ്യത്തിന്റെ പൗരന്മാരായി ജീവിക്കുക!
5 ചരിത്രം പഠിക്കുക. പൗരത്വം ആഗ്രഹിക്കുന്ന വ്യക്തികൾ രാജ്യത്തിന്റെ ചരിത്രം കുറച്ചെങ്കിലും അറിഞ്ഞിരിക്കണമെന്ന് ചില മാനുഷഗവണ്മെന്റുകൾ ആവശ്യപ്പെട്ടേക്കാം. അതുപോലെ, ദൈവരാജ്യത്തിന്റെ പൗരന്മാരാകാൻ ആഗ്രഹിക്കുന്നവർ ദൈവരാജ്യത്തെക്കുറിച്ച് കഴിയുന്നത്ര പഠിക്കേണ്ടതുണ്ട്. പുരാതന ഇസ്രായേലിൽ സേവിച്ചിരുന്ന കോരഹ്പുത്രന്മാർ ഇക്കാര്യത്തിൽ നല്ലൊരു മാതൃകവെച്ചു. യെരുശലേമിനെയും അവിടത്തെ ആരാധനാസ്ഥലത്തെയും അതിയായി സ്നേഹിച്ച അവർ ആ നഗരത്തിന്റെ ചരിത്രത്തെക്കുറിച്ചു സംസാരിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. നഗരത്തിന്റെയോ ആ ആരാധനാസ്ഥലത്തിന്റെയോ ഭംഗിയെക്കാളുപരി അവ എന്തിനെയാണോ പ്രതിനിധാനം ചെയ്തത് അതിനെയാണ് അവർ പ്രിയപ്പെട്ടത്. സത്യാരാധനയുടെ കേന്ദ്രമായിരുന്നതിനാൽ യെരുശലേം യഹോവ എന്ന “മഹാരാജാവിന്റെ നഗരമായി”രുന്നു. യഹോവയുടെ ന്യായപ്രമാണം പഠിപ്പിച്ചിരുന്നത് അവിടെയാണ്; ആ “മഹാരാജാവിന്റെ” കീഴിലുള്ള പ്രജകളോടാണ് യഹോവ സ്നേഹനിർഭരമായ ദയ കാണിച്ചിരുന്നത്. (സങ്കീർത്തനം 48:1, 2, 9, 12, 13 വായിക്കുക.) അവരെപ്പോലെ, യഹോവയുടെ സംഘടനയുടെ ഭൗമികഭാഗത്തിന്റെ ചരിത്രം പഠിക്കാനും അതേക്കുറിച്ചു സംസാരിക്കാനും നിങ്ങൾ താത്പര്യം കാണിക്കാറുണ്ടോ? യഹോവയുടെ സംഘടനയെയും ദൈവം തന്റെ ജനത്തെ നടത്തുന്ന വിധത്തെയും കുറിച്ച് അറിയുന്തോറും ദൈവരാജ്യം നിങ്ങൾക്ക് കൂടുതൽ യഥാർഥമായിത്തീരും. സ്വാഭാവികമായി, ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കാനുള്ള നിങ്ങളുടെ ആഗ്രഹവും ശക്തമാകും.—യിരെ. 9:24; ലൂക്കോ. 4:43.
ആത്മീയരത്നങ്ങൾ
it-2-E 805
സമ്പത്ത്
ഇസ്രായേല്യർക്കു സമ്പദ്സമൃദ്ധിയുണ്ടായിരുന്നതുകൊണ്ട് നല്ല ഭക്ഷണവും പാനീയങ്ങളും ആസ്വദിക്കാൻ കഴിഞ്ഞു. (1രാജ 4:20; സഭ 5:18, 19) ആ സമ്പത്ത് ദാരിദ്ര്യത്തിൽനിന്ന് അവരെ സംരക്ഷിച്ചു. (സുഭ 10:15; സഭ 7:12) ദൈവജനം തങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി സമൃദ്ധി ആസ്വദിക്കുക എന്നത് ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നു. (സുഭ 6:6-11; 20:13; 24:33, 34) എങ്കിലും ഈ സമ്പത്തും സമൃദ്ധിയും വന്നത് യഹോവയിൽനിന്നാണെന്ന കാര്യം മറക്കരുതെന്നും തങ്ങളുടെ സമ്പത്തിൽ അവർ പൂർണമായി ആശ്രയിക്കരുതെന്നും ദൈവം മുന്നറിയിപ്പ് കൊടുത്തു. (ആവ 8:7-17; സങ്ക 49:6-9; സുഭ 11:4; 18:10, 11; യിര 9:23, 24) ധനം താത്കാലികമാണെന്നും (സുഭ 23:4, 5), ദൈവത്തിന് മോചനവിലയായി ധനം കൊടുത്തുകൊണ്ട് ഒരാളെ മരണത്തിൽനിന്ന് രക്ഷിക്കാനാകില്ലെന്നും (സങ്ക 49:6, 7) മരിച്ച ഒരാൾക്ക് ധനംകൊണ്ട് പ്രയോജനമില്ലെന്നും ദൈവം അവരെ ഓർമിപ്പിച്ചു. (സങ്ക 49:16, 17; സഭ 5:15) ഇനി, ധനത്തിന് അമിത പ്രാധാന്യം കൊടുക്കുന്നയാൾ സത്യസന്ധതമല്ലാത്ത കാര്യങ്ങൾ ചെയ്യുമെന്നും അത് യഹോവയുടെ അംഗീകാരം നഷ്ടപ്പെടുത്തുമെന്നും ഇസ്രായേല്യർക്ക് മുന്നറിയിപ്പു കൊടുത്തു. (സുഭ 28:20; യിര 5:26-28; 17:9-11) അതുപോലെ, തങ്ങളുടെ ‘വിലയേറിയ വസ്തുക്കൾ കൊടുത്ത് യഹോവയെ ബഹുമാനിക്കാൻ’ ദൈവം അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.—സുഭ 3:9.
ജൂൺ 17-23
ദൈവവചനത്തിലെ നിധികൾ സങ്കീർത്തനം 51-53
ഗുരുതരമായ തെറ്റുകൾ ഒഴിവാക്കാൻ എന്തൊക്കെ ചെയ്യാം?
നിങ്ങൾക്ക് എങ്ങനെ ഹൃദയം കാത്തുസൂക്ഷിക്കാം?
4 സുഭാഷിതങ്ങൾ 4:23-ൽ “ഹൃദയം” എന്ന പദം ഒരാളുടെ ‘ഉള്ളിന്റെ ഉള്ളിനെ’ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നു. (സങ്കീർത്തനം 51:6 വായിക്കുക.) മറ്റു വാക്കുകളിൽ പറഞ്ഞാൽ, “ഹൃദയം” എന്നതു മറ്റു മനുഷ്യർക്കു കാണാൻ കഴിയാത്ത നമ്മുടെ ചിന്തകൾ, വികാരങ്ങൾ, ആഗ്രഹങ്ങൾ, നമ്മളെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ എന്നിവയെ കുറിക്കുന്നു. നമ്മൾ പുറമേ എങ്ങനെ കാണപ്പെടുന്നു എന്നതല്ല, ഉള്ളിന്റെ ഉള്ളിൽ ആരാണ് എന്നതാണു ‘ഹൃദയം.’
5 ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നത്, ആലങ്കാരികഹൃദയം എങ്ങനെ കാത്തുസൂക്ഷിക്കാമെന്നും അത് എന്തുകൊണ്ട് പ്രധാനമാണെന്നും മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. ഒന്നാമത്, നല്ല ആരോഗ്യമുള്ളവരായിരിക്കുന്നതിനു നല്ല ഒരു ആഹാരക്രമം നമുക്കു വേണം. അതുപോലെ ക്രമമായി വ്യായാമവും ചെയ്യണം. ആത്മീയതയുള്ളവരായി നിൽക്കാനും ഇതു രണ്ടും ആവശ്യമാണ്. നമ്മൾ ക്രമമായി പോഷകപ്രദമായ ആത്മീയാഹാരം കഴിക്കുകയും യഹോവയിലുള്ള വിശ്വാസം പ്രവൃത്തികളിൽ കാണിക്കുകയും വേണം. പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ടും നമ്മുടെ വിശ്വാസത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടും വിശ്വാസം പ്രവൃത്തികളിൽ കാണിക്കാം. (റോമ. 10:8-10; യാക്കോ. 2:26) രണ്ടാമത്, ചിലപ്പോൾ പുറമേ നോക്കിയാൽ നമുക്കു നല്ല ആരോഗ്യമുണ്ടെന്നു തോന്നിയേക്കാം. പക്ഷേ ഉള്ളിൽ പല രോഗങ്ങളും കാണും. സമാനമായി, ‘ഞാൻ ക്രമമായി ആത്മീയകാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്, അതുകൊണ്ട് എന്റെ വിശ്വാസം ശക്തമാണ്’ എന്നു ചിലപ്പോൾ നമ്മൾ ചിന്തിച്ചേക്കാം. പക്ഷേ തെറ്റായ ആഗ്രഹങ്ങൾ നമ്മുടെ ഉള്ളിൽ വളർന്നുവരുന്നുണ്ടാകും. (1 കൊരി. 10:12; യാക്കോ. 1:14, 15) തന്റെ ചിന്തകൾ നമ്മുടെ ഉള്ളിൽ കുത്തിവെക്കാൻ സാത്താൻ ആഗ്രഹിക്കുന്നെന്ന കാര്യം നമ്മൾ ഒരിക്കലും മറന്നുപോകരുത്. എന്നാൽ എങ്ങനെയാണ് അവൻ അതു ചെയ്യുന്നത്? നമുക്കു നമ്മളെത്തന്നെ എങ്ങനെ സംരക്ഷിക്കാം?
ധാർമികശുദ്ധിയുള്ളവരായി നിലകൊള്ളുവിൻ
5 യഹോവയുടെ സഹായത്തിനായി പ്രാർഥിച്ചുകൊണ്ടിരിക്കുന്നെങ്കിൽ അധാർമികചിന്തകൾക്കെതിരെ പോരാടാൻ അവൻ നമ്മെ സഹായിക്കും. യഹോവ പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് ശുദ്ധരായി നിലനിൽക്കാനുള്ള ശക്തി നമുക്കു തരും. പ്രാർഥിക്കുമ്പോൾ, യഹോവയെ പ്രീതിപ്പെടുത്തുന്ന വിധത്തിൽ ചിന്തിക്കാൻ നമ്മൾ ആഗ്രഹിക്കുന്നെന്ന് അവനോടു പറയാനാകും. (സങ്കീ. 19:14) പാപത്തിലേക്കു നയിച്ചേക്കാവുന്ന ഏതെങ്കിലും മോശമായ ആഗ്രഹങ്ങൾ നമ്മുടെ ഹൃദയത്തിലുണ്ടോ എന്നു പരിശോധിക്കാൻ യഹോവയോട് നമ്മൾ താഴ്മയോടെ അപേക്ഷിക്കുന്നു. (സങ്കീ. 139:23, 24) പ്രലോഭനമുണ്ടായാലും അധാർമികത ഒഴിവാക്കി ശരിയായതു ചെയ്യാനുള്ള സഹായത്തിനായി യഹോവയോടു യാചിച്ചുകൊണ്ടേയിരിക്കുക.—മത്താ. 6:13.
6 യഹോവയെക്കുറിച്ചു പഠിക്കുന്നതിനു മുമ്പ്, അവൻ വെറുക്കുന്ന പല കാര്യങ്ങളും ചെയ്യാൻ നമുക്ക് ഇഷ്ടമായിരുന്നിരിക്കാം. ഒരുപക്ഷേ ഇപ്പോഴും നമ്മൾ അത്തരം മോഹങ്ങൾക്കെതിരെ പോരാടുന്നുണ്ടായിരിക്കാം. എന്നാൽ മാറ്റങ്ങൾ വരുത്തി അവന് ഇഷ്ടമുള്ളതു ചെയ്യാൻ യഹോവയ്ക്ക് നമ്മെ സഹായിക്കാനാകും. ഉദാഹരണത്തിന്, ബത്ത്ശേബയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം ദാവീദു രാജാവ് അനുതപിച്ചു; “നിർമ്മലമായോരു ഹൃദയം” നൽകി അനുസരണമുള്ളവനായിരിക്കാൻ സഹായിക്കേണമേ എന്ന് യഹോവയോടു യാചിക്കുകയും ചെയ്തു. (സങ്കീ. 51:10, 12) മുൻകാലത്ത് ശക്തമായ അധാർമികമോഹങ്ങളുണ്ടായിരുന്നവരും ഇപ്പോഴും അതിന് എതിരെ പോരാടുന്നവരും ആയിരിക്കാം നമ്മൾ. അങ്ങനെയാണെങ്കിൽ തന്നെ അനുസരിക്കാനും ശരിയായതു ചെയ്യാനും ഉള്ള കൂടുതൽ ശക്തമായ ആഗ്രഹം നമ്മിൽ ഉളവാക്കിക്കൊണ്ട് യഹോവ നമ്മളെ സഹായിക്കും. തെറ്റായ ചിന്തകൾ നിയന്ത്രിക്കാനും അവനു നമ്മളെ സഹായിക്കാനാകും.—സങ്കീ. 119:133.
ആത്മീയരത്നങ്ങൾ
it-1-E 644
ദോവേഗ്
ദോവേഗ് ഒരു ഏദോമ്യനായിരുന്നു. ശൗൽ രാജാവിന്റെ ഇടയന്മാരുടെ തലവനെന്ന വലിയൊരു ഉത്തരവാദിത്വം അയാൾക്കുണ്ടായിരുന്നു. (1ശമു 21:7; 22:9) സാധ്യതയനുസരിച്ച്, അയാൾ ജൂതമതം സ്വീകരിച്ച ഒരാളായിരുന്നു. നേർച്ചയോ അശുദ്ധിയോ കുഷ്ഠമോ കാരണമായിരിക്കാം ദോവേഗിനെ നോബിൽ “യഹോവയുടെ സന്നിധിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു.” അതുകൊണ്ട് മഹാപുരോഹിതനായ അഹിമേലെക്ക് ദാവീദിന് കാഴ്ചയപ്പവും ഗൊല്യാത്തിന്റെ വാളും കൊടുക്കുന്നത് അയാൾ കണ്ടു. പിന്നീട് ശൗൽ തന്റെ ദാസന്മാർ തനിക്കെതിരെ ഗൂഢാലോചന നടത്തിയതായി സംശയിച്ച സമയത്ത്, ദോവേഗ് താൻ കണ്ട കാര്യം ശൗലിനോട് പറഞ്ഞു. അപ്പോൾ ശൗൽ പുരോഹിതന്മാരെ കൊല്ലാൻ ഉത്തരവിട്ടു. അംഗരക്ഷകർ അതിനു മടിച്ചപ്പോൾ ദോവേഗ് ഒരു മടിയുംകൂടാതെ ശൗലിന്റെ കല്പനപ്രകാരം 85 പുരോഹിതന്മാരെ കൊന്നു. ആ നീചപ്രവൃത്തിക്കുശേഷം അയാൾ നഗരമായ നോബിനെയും വാളിന് ഇരയാക്കി. പ്രായമായവരും ചെറുപ്പക്കാരും ഉൾപ്പെടെ അവിടെയുള്ള എല്ലാ ആളുകളെയും, വളർത്തുമൃഗങ്ങളെയും കൊന്നുകളഞ്ഞു.—1ശമു 22:6-20.
സങ്കീർത്തനം 52-ന്റെ മേലെഴുത്തിൽ സൂചിപ്പിക്കുന്നതുപോലെ ദാവീദ് ദോവേഗിനെക്കുറിച്ച് എഴുതിയത് ഇതാണ്: “നിന്റെ നാവ് മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെ; അതു ദ്രോഹം മനയുന്നു; വഞ്ചകമായി സംസാരിക്കുന്നു. നീ നന്മയെക്കാൾ തിന്മയെ സ്നേഹിക്കുന്നു; സത്യം പറയുന്നതിനെക്കാൾ കള്ളം പറയുന്നതു പ്രിയപ്പെടുന്നു. വഞ്ചന നിറഞ്ഞ നാവേ, ദ്രോഹകരമായ സകല വാക്കുകളും നീ ഇഷ്ടപ്പെടുന്നു.”—സങ്ക 52:2-4.
ജൂൺ 24-30
ദൈവവചനത്തിലെ നിധികൾ സങ്കീർത്തനം 54-56
ദൈവം നിങ്ങളുടെ പക്ഷത്തുണ്ട്
ദൈവത്തെ ഭയപ്പെടുക, ജ്ഞാനികളെന്നു തെളിയിക്കുക
10 ദാവീദ് ഒരിക്കൽ ഗത്തിലെ—ഗൊല്യാത്തിന്റെ സ്വദേശമായ ഫെലിസ്ത്യ നഗരം—രാജാവായ ആഖീശിനെ ശരണംപ്രാപിച്ചു. (1 ശമൂവേൽ 21:10-15) എന്നാൽ ദാവീദ് തങ്ങളുടെ ദേശത്തിന്റെ ശത്രുവാണെന്ന് രാജാവിന്റെ ഭൃത്യന്മാർ ചൂണ്ടിക്കാട്ടി. ആപത്കരമായ ആ സാഹചര്യത്തിൽ ദാവീദ് എങ്ങനെയാണു പ്രതികരിച്ചത്? അവൻ യഹോവയോട് ഉള്ളുരുകി പ്രാർഥിച്ചു. (സങ്കീർത്തനം 56:1-4, 11-13) രക്ഷപ്പെടാൻ ബുദ്ധിഭ്രമമുള്ള ഒരുവനെപ്പോലെ നടിക്കേണ്ടിവന്നെങ്കിലും തന്റെ ശ്രമങ്ങളെ അനുഗ്രഹിച്ചുകൊണ്ട് യഹോവയാണ് യഥാർഥത്തിൽ തന്നെ സംരക്ഷിച്ചതെന്ന് അവൻ തിരിച്ചറിഞ്ഞു. യഹോവയിലുള്ള അവന്റെ സമ്പൂർണ ആശ്രയവും ദൃഢവിശ്വാസവും അവനു ദൈവഭയം ഉണ്ടായിരുന്നുവെന്നു വ്യക്തമാക്കി.—സങ്കീർത്തനം 34:4-6, 9-11.
11 പ്രശ്നങ്ങൾ തരണംചെയ്യാൻ നമ്മെ സഹായിക്കുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് ദാവീദിനെപ്പോലെ ദൈവഭയം പ്രകടമാക്കാൻ നമുക്കു കഴിയും. “നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും,” ദാവീദ് എഴുതി. (സങ്കീർത്തനം 37:5) നമ്മുടെ പ്രശ്നങ്ങളോടുള്ള ബന്ധത്തിൽ സ്വന്തമായി ചെയ്യാനാകുന്നതൊന്നും ചെയ്യാതെ, യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട് നാം അവയെല്ലാം അവനെ ഭരമേൽപ്പിച്ചിട്ട് കയ്യുംകെട്ടിയിരുന്നാൽ മതിയെന്നല്ല അതിന്റെ അർഥം. സഹായത്തിനുവേണ്ടി ദൈവത്തോട് അപേക്ഷിച്ചശേഷം ദാവീദ് വെറുതെയിരിക്കുകയല്ല ചെയ്തത്. യഹോവ നൽകിയിരുന്ന ശാരീരികവും ബുദ്ധിപരവുമായ പ്രാപ്തി ഉപയോഗിച്ച് അവൻ പ്രശ്നത്തെ നേരിട്ടു. അതേസമയം, മനുഷ്യന്റെ പരിശ്രമം ഒന്നുകൊണ്ടുമാത്രം വിജയിക്കാനാവില്ലെന്ന് അവന് അറിയാമായിരുന്നു. നമുക്കും ആ ബോധ്യം ഉണ്ടായിരിക്കണം. ചെയ്യാൻ കഴിയുന്ന സകലവും ചെയ്തശേഷം ബാക്കി കാര്യങ്ങൾ നാം യഹോവയ്ക്കു വിട്ടുകൊടുക്കണം. പലപ്പോഴും, യഹോവയിൽ ആശ്രയിക്കുകയല്ലാതെ മറ്റൊന്നും നമുക്കു ചെയ്യാനാവില്ലെന്നതാണു യാഥാർഥ്യം. വ്യക്തികളെന്ന നിലയിൽ നമുക്കോരോരുത്തർക്കുമുള്ള ദൈവഭയത്തിന്റെ ആഴം വെളിവാകുന്നത് അപ്പോഴാണ്. “യഹോവ തന്നെ ഭയപ്പെടുന്നവരോട് സഖിത്വം പുലർത്തും” എന്ന ദാവീദിന്റെ ഹൃദയംഗമമായ വാക്കുകൾ നമുക്ക് ആശ്വാസം പകരുന്നു.—സങ്കീർത്തനം 25:14, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം, NIBV.
യാതൊന്നിനും ‘ദൈവസ്നേഹത്തിൽനിന്നു നമ്മെ വേർപിരിപ്പാൻ കഴികയില്ല’
9 യഹോവ നമ്മുടെ സഹിഷ്ണുതയ്ക്കും മൂല്യം കൽപ്പിക്കുന്നു. (മത്തായി 24:13) യഹോവയ്ക്കു നേരെ നിങ്ങൾ പുറംതിരിയുന്നതു കാണാൻ സാത്താൻ ആഗ്രഹിക്കുന്നുവെന്ന് ഓർക്കുക. നിങ്ങൾ യഹോവയോടു വിശ്വസ്തനായി നിലകൊള്ളുന്ന ഓരോ ദിവസവും, നിങ്ങൾ സാത്താന്റെ പരിഹാസങ്ങൾക്കു മറുപടി കൊടുക്കുന്നതിൽ പങ്കുവഹിച്ച മറ്റൊരു ദിവസമാണ്. (സദൃശവാക്യങ്ങൾ 27:11) സഹിഷ്ണുത കാണിക്കുക എന്നത് എല്ലായ്പോഴും എളുപ്പമല്ല. ആരോഗ്യപ്രശ്നങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ, വൈകാരിക അരിഷ്ടത, മറ്റു തടസ്സങ്ങൾ എന്നിവ ഓരോ ദിവസത്തെയും ദുരിതപൂർണമാക്കിയേക്കാം. പ്രതീക്ഷിക്കുന്നതു പോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ നിരുത്സാഹം അനുഭവപ്പെട്ടേക്കാം. (സദൃശവാക്യങ്ങൾ 13:12) അത്തരം വെല്ലുവിളികൾക്കു മധ്യേയുള്ള സഹിഷ്ണുത യഹോവയുടെ ദൃഷ്ടിയിൽ കൂടുതൽ വിലപ്പെട്ടതാണ്. അതുകൊണ്ടാണ് ദാവീദ് രാജാവ് തന്റെ കണ്ണുനീർ ഒരു തുരുത്തിയിൽ ശേഖരിച്ചുവെക്കാൻ യഹോവയോട് അപേക്ഷിക്കുകയും “അവ നിന്റെ പുസ്തകത്തിൽ ഇല്ലയോ?” എന്ന് ബോധ്യത്തോടെ ചോദിക്കുകയും ചെയ്തത്. (സങ്കീർത്തനം 56:8) അതേ, യഹോവയോടു വിശ്വസ്തത പാലിക്കവേ നാം സഹിക്കുന്ന കഷ്ടപ്പാടും ഒഴുക്കുന്ന കണ്ണീരുമെല്ലാം യഹോവ വിലമതിക്കുകയും ഓർക്കുകയും ചെയ്യുന്നു. അവയും അവന്റെ ദൃഷ്ടിയിൽ വിലപ്പെട്ടതാണ്.
യഹോവയുടെ സ്നേഹം അറിയൂ, ഭയത്തെ കീഴടക്കൂ!
16 നമ്മളെല്ലാം നമ്മുടെ ജീവനെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നു സാത്താന് അറിയാം. ജീവൻ രക്ഷിക്കാൻവേണ്ടി നമ്മൾ എന്തും ഉപേക്ഷിക്കാൻ തയ്യാറാകും, യഹോവയോടുള്ള നമ്മുടെ സ്നേഹബന്ധംപോലും നമ്മൾ വിട്ടുകളയും എന്നാണ് അവന്റെ വാദം. (ഇയ്യോ. 2:4, 5) പക്ഷേ സാത്താന്റെ ആ ചിന്ത എത്ര തെറ്റാണ്, അല്ലേ? എന്നാലും സാത്താനു ‘മരണം വരുത്താൻ കഴിവുള്ളതുകൊണ്ട്’ മരിക്കാനുള്ള നമ്മുടെ ഈ പേടിയെ മുതലെടുക്കാൻ അവൻ നോക്കും. കാരണം അതിലൂടെ യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കാനാകുമെന്ന് അവന് അറിയാം. (എബ്രാ. 2:14, 15) അതിനുവേണ്ടി അവൻ പല രീതികൾ ഉപയോഗിച്ചേക്കാം. ചിലപ്പോൾ, ‘വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ കൊന്നുകളയും’ എന്നുള്ള ഭീഷണി നമുക്കു നേരിടേണ്ടിവന്നേക്കാം. അല്ലെങ്കിൽ ഗുരുതരമായ ഒരു രോഗം വരുമ്പോൾ ദൈവകല്പന ലംഘിച്ചുകൊണ്ട് രക്തം സ്വീകരിക്കാൻ ഡോക്ടർമാരോ വിശ്വാസത്തിലില്ലാത്ത കുടുംബാംഗങ്ങളോ നമ്മളെ നിർബന്ധിച്ചേക്കാം. അതല്ലെങ്കിൽ ബൈബിൾതത്ത്വങ്ങൾക്കു വിരുദ്ധമായ ഏതെങ്കിലും ചികിത്സ സ്വീകരിക്കാനുള്ള സമ്മർദം നമുക്കു നേരിട്ടേക്കാം.
17 മരിക്കാൻ നമ്മളാരും ആഗ്രഹിക്കുന്നില്ല. എന്നാൽ നമുക്ക് ഒരു കാര്യം അറിയാം. നമ്മൾ മരിച്ചുപോയാലും യഹോവ നമ്മളെ തുടർന്നും സ്നേഹിക്കും. (റോമർ 8:37-39 വായിക്കുക.) തന്റെ സ്നേഹിതർ മരിക്കുമ്പോൾ യഹോവ അവരെ ഓർമയിൽ സൂക്ഷിക്കുന്നുണ്ട്, അവർ അപ്പോഴും ജീവനോടെയുണ്ടായിരുന്നാൽ എന്നപോലെ. (ലൂക്കോ. 20:37, 38) അവരെ തിരികെ ജീവനിലേക്കു കൊണ്ടുവരാൻവേണ്ടി യഹോവ കാത്തിരിക്കുകയാണ്. (ഇയ്യോ. 14:15) നമുക്കെല്ലാം ‘നിത്യജീവൻ കിട്ടാൻവേണ്ടി’ സ്വന്തം മകനെത്തന്നെയാണ് യഹോവ ഒരു വിലയായി കൊടുത്തിരിക്കുന്നത്. (യോഹ. 3:16) യഹോവ നമ്മളെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നും നമുക്കെല്ലാംവേണ്ടി കരുതുന്നുണ്ടെന്നും നമുക്ക് അറിയാം. അതുകൊണ്ട് ഒരു അസുഖം വരുമ്പോഴോ വിശ്വാസത്തിന്റെ പേരിൽ ആരെങ്കിലും നമ്മളെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുമ്പോഴോ യഹോവയെ ഉപേക്ഷിക്കുന്നതിനു പകരം ആശ്വാസത്തിനും ജ്ഞാനത്തിനും ശക്തിക്കും ആയി നമുക്ക് യഹോവയിലേക്കു തിരിയാം. അതാണു വാലറിയും ഭർത്താവും ചെയ്തത്.—സങ്കീ. 41:3.
ആത്മീയരത്നങ്ങൾ
യോഹ 6:64-ലെ പഠനക്കുറിപ്പ്, nwtsty
തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്നും . . . യേശുവിന് അറിയാമായിരുന്നു
യേശു ഇവിടെ യൂദാസ് ഈസ്കര്യോത്തിനെക്കുറിച്ചാണു പറഞ്ഞത്. ഒരു രാത്രി മുഴുവൻ പിതാവിനോടു പ്രാർഥിച്ചശേഷമാണു യേശു 12 അപ്പോസ്തലന്മാരെ തിരഞ്ഞെടുത്തത്. (ലൂക്ക 6:12-16) യൂദാസ് തുടക്കത്തിൽ ദൈവത്തോടു വിശ്വസ്തനായിരുന്നെന്ന് ഇതു സൂചിപ്പിക്കുന്നു. എന്നാൽ ഒരു അടുത്ത സഹകാരി തന്നെ ചതിക്കുമെന്നു യേശു എബ്രായതിരുവെഴുത്തുകളിലെ പ്രവചനങ്ങളിൽനിന്ന് മനസ്സിലാക്കിയിരുന്നു. (സങ്ക 41:9; 109:8; യോഹ 13:18, 19) യേശുവിനു ഹൃദയവും ചിന്തകളും വായിക്കാനുള്ള കഴിവുണ്ടായിരുന്നതുകൊണ്ട് യൂദാസ് തെറ്റായ ഒരു വഴിയിലേക്കു തിരിയാൻ തുടങ്ങിയപ്പോൾത്തന്നെ യേശു ആ മാറ്റം വായിച്ചെടുത്തു. (മത്ത 9:4) ദൈവത്തിനു ഭാവികാര്യങ്ങൾ അറിയാൻ കഴിവുള്ളതുകൊണ്ട്, ഒരു വിശ്വസ്തസുഹൃത്തുതന്നെ യേശുവിനെ വഞ്ചിക്കുമെന്നു ദൈവം മനസ്സിലാക്കി. എന്നാൽ വഞ്ചകനായിത്തീരുന്നതു യൂദാസ് ആയിരിക്കുമെന്നു ദൈവം മുൻകൂട്ടി നിശ്ചയിച്ചിരുന്നു എന്ന വാദം ദൈവത്തിന്റെ ഗുണങ്ങളുമായി ഒട്ടും ചേരില്ല. മുൻകാലങ്ങളിൽ ദൈവം മറ്റുള്ളവരോട് ഇടപെട്ട വിധം പരിശോധിച്ചാലും ദൈവത്തിന് അങ്ങനെയൊരു കാര്യം ചെയ്യാനാകില്ല എന്നു വ്യക്തമാകും. അതെ, യൂദാസിന്റെ ഭാവി ദൈവം മുൻകൂട്ടി വിധിച്ചതായിരുന്നില്ല.