ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
© 2024 Watch Tower Bible and Tract Society of Pennsylvania
ജൂലൈ 1-7
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 57-59
തന്റെ ജനത്തെ എതിർക്കുന്നവരുടെ ശ്രമങ്ങളെ യഹോവ വിഫലമാക്കും
“ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും . . . ”
14 ശത്രുക്കളുടെ കൈയാൽ വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് സ്തെഫാനൊസ് ധീരമായ ഒരു സാക്ഷ്യം നൽകി. (പ്രവൃ. 6:5; 7:54-60) അക്കാലത്ത് പൊട്ടിപ്പുറപ്പെട്ട “വലിയ ഉപദ്രവം” മൂലം അപ്പോസ്തലന്മാർ ഒഴികെയുള്ള ശിഷ്യന്മാരെല്ലാം യഹൂദ്യയിലേക്കും ശമര്യയിലേക്കും ചിതറിപ്പോയി. എന്നാൽ അതൊന്നും സാക്ഷീകരണവേലയ്ക്കു വിരാമമിട്ടില്ല. ഫിലിപ്പോസ് ശമര്യയിൽ പോയി ‘ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കുകയും’ അതു നല്ല ഫലം ഉളവാക്കുകയും ചെയ്തു. (പ്രവൃ. 8:1-8, 14, 15, 25) മാത്രമല്ല, ഇങ്ങനെയും നാം വായിക്കുന്നു: “സ്തെഫാനൊസിന്റെ മരണത്തെത്തുടർന്ന് ഉപദ്രവങ്ങളുണ്ടായപ്പോൾ ശിഷ്യന്മാർ ഫൊയ്നിക്യ, സൈപ്രസ്, അന്ത്യോക്യ എന്നീ പ്രദേശങ്ങൾവരെ ചിതറിപ്പോയിരുന്നു. പക്ഷേ അവർ ജൂതന്മാരോടു മാത്രമേ ദൈവവചനം പ്രസംഗിച്ചുള്ളൂ. എന്നാൽ സൈപ്രസിൽനിന്നും കുറേനയിൽനിന്നും ചില ശിഷ്യന്മാർ അന്ത്യോക്യയിൽ ചെന്ന് ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരോടു കർത്താവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കാൻതുടങ്ങി.” (പ്രവൃ. 11:19, 20) ആ സമയത്ത് ഉപദ്രവത്തിന്റെ ഫലമായി രാജ്യസന്ദേശം പലയിടങ്ങളിലേക്കും വ്യാപിച്ചു.
15 സമാനമായ ഒരനുഭവമാണ് മുൻ സോവിയറ്റ് യൂണിയനിൽ ഉണ്ടായത്. പ്രത്യേകിച്ച് 1950-കളിൽ ആയിരക്കണക്കിന് യഹോവയുടെ സാക്ഷികളെ സൈബീരിയയിലേക്കു നാടുകടത്തി. അവർ പലയിടങ്ങളിൽ പോയി താമസമാക്കിയത് വിസ്തൃതമായ ആ ദേശത്ത് സന്തോഷവാർത്ത വ്യാപിക്കുന്നതിന് ഇടയാക്കി. സന്തോഷവാർത്ത ഘോഷിക്കുന്നതിനായി ഇത്രയധികം സാക്ഷികൾക്ക് ഇത്രയേറെ ദൂരം (10,000 കിലോമീറ്റർ) സ്വന്തം ചെലവിൽ യാത്രചെയ്യാൻ ഒരുപക്ഷേ, ഒരിക്കലും കഴിയുമായിരുന്നില്ല! എന്നാൽ ഗവൺമെന്റുതന്നെ അതിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു! “സൈബീരിയയിലുള്ള ആത്മാർഥഹൃദയരായ ആയിരക്കണക്കിന് ആളുകൾക്ക് സത്യം അറിയാനുള്ള അവസരം ഫലത്തിൽ അധികാരികൾതന്നെ ചെയ്തുകൊടുത്തു” എന്ന് ഒരു സഹോദരൻ പറയുകയുണ്ടായി.
ആത്മീയരത്നങ്ങൾ
“ഇളകിപ്പോകാതെ ഉറച്ചുനിൽക്കുക”
16 അചഞ്ചലമായ ഒരു ഹൃദയം വളർത്തിയെടുക്കുക. “ദൈവമേ, എന്റെ ഹൃദയം അചഞ്ചലമാണ്” എന്നു പാടിയപ്പോൾ, ദൈവത്തോടു തനിക്ക് എന്നും സ്നേഹമുണ്ടായിരിക്കുമെന്നു പറയുകയായിരുന്നു ദാവീദ്. (സങ്കീ. 57:7) യഹോവയിൽ പൂർണമായി ആശ്രയിക്കുന്നെങ്കിൽ നമുക്കും അതുപോലെ അചഞ്ചലഹൃദയത്തോടെ ഉറച്ചുനിൽക്കാനാകും. (സങ്കീർത്തനം 112:7 വായിക്കുക.) അങ്ങനെ ചെയ്തത് നേരത്തേ പറഞ്ഞ റോബർട്ട് സഹോദരനെ എങ്ങനെയാണു സഹായിച്ചതെന്നു നോക്കുക. ‘ഒരു അത്യാവശ്യം വന്നാൽ ഉപയോഗിക്കാനായി രക്തം കരുതിവെക്കും’ എന്നു ഡോക്ടർ പറഞ്ഞപ്പോൾ, ‘അങ്ങനെയാണെങ്കിൽ താൻ ഇപ്പോൾത്തന്നെ ആശുപത്രി വിടും’ എന്നു സഹോദരൻ പറഞ്ഞു. അങ്ങനെ പറയാൻ അദ്ദേഹത്തിനു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അതെക്കുറിച്ച് പിന്നീട് റോബർട്ട് പറഞ്ഞു: “ആ സാഹചര്യത്തിൽ എന്താണു ചെയ്യേണ്ടതെന്ന് എനിക്ക് ഒരു സംശയവുമില്ലായിരുന്നു. ഇനി എനിക്ക് എന്തു സംഭവിക്കും എന്നോർത്ത് പേടിയും തോന്നിയില്ല.”
17 ആശുപത്രിയിൽ പോകുന്നതിനു വളരെ മുമ്പുതന്നെ, എന്തൊക്കെ പരീക്ഷണങ്ങൾ വന്നാലും അചഞ്ചലഹൃദയത്തോടെ ഉറച്ചുനിൽക്കുമെന്നു റോബർട്ട് സഹോദരൻ തീരുമാനമെടുത്തിരുന്നു. എന്താണ് അതിനു സഹോദരനെ സഹായിച്ചത്? ഒന്നാമത്, യഹോവയെ സന്തോഷിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. രണ്ടാമത്, ജീവന്റെയും രക്തത്തിന്റെയും പവിത്രതയെക്കുറിച്ച് ബൈബിളും പ്രസിദ്ധീകരണങ്ങളും എന്താണു പറയുന്നതെന്നു നന്നായി പഠിച്ചു. മൂന്നാമത്, ദൈവം പറയുന്നത് അനുസരിക്കുകയാണെങ്കിൽ തനിക്കു ദൈവത്തിന്റെ അനുഗ്രഹമുണ്ടായിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. ഇതുപോലെ എത്ര വലിയ പരീക്ഷണങ്ങളുണ്ടായാലും അചഞ്ചലമായ ഹൃദയത്തോടെ ഉറച്ചുനിൽക്കാൻ നമുക്കും പറ്റും.
ജൂലൈ 8-14
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 60-62
യഹോവ നമുക്ക് സുരക്ഷിതത്വവും സംരക്ഷണവും സ്ഥിരതയും നൽകുന്നു
സംരക്ഷിക്കുന്നതിനുള്ള ശക്തി—‘ദൈവം നമ്മുടെ സങ്കേതം ആകുന്നു’
ദൈവത്തിന്റെ സംരക്ഷണ വാഗ്ദാനം സോപാധികമാണ്—അവനോട് അടുത്തു ചെല്ലുന്നവർക്കു മാത്രമേ അത് അനുഭവിക്കാൻ സാധിക്കുകയുള്ളൂ. സദൃശവാക്യങ്ങൾ 18:10 ഇങ്ങനെ പ്രസ്താവിക്കുന്നു: “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.” ബൈബിൾ കാലങ്ങളിൽ, അഭയം പ്രാപിക്കാനുള്ള സുരക്ഷിത സ്ഥലങ്ങളായി മരുഭൂമിയിൽ ചിലപ്പോൾ ഗോപുരങ്ങൾ നിർമിച്ചിരുന്നു. എന്നാൽ സുരക്ഷിതത്വം കണ്ടെത്താൻ അത്തരമൊരു ഗോപുരത്തിലേക്ക് ഓടിപ്പോകേണ്ടത് അപകടത്തിലായിരിക്കുന്ന ആളിന്റെ ഉത്തരവാദിത്വമാണ്. ദൈവനാമത്തിൽ അഭയം കണ്ടെത്തുന്നതും അങ്ങനെതന്നെയാണ്. ഇതിൽ ദൈവനാമം കേവലം ഉരുവിടുന്നതിനെക്കാൾ കൂടുതൽ ഉൾപ്പെട്ടിരിക്കുന്നു; ദിവ്യനാമം അത്ഭുത മന്ത്രമല്ല. പകരം, നാം ആ നാമം വഹിക്കുന്ന വ്യക്തിയെ അറിയുകയും ആശ്രയിക്കുകയും അവന്റെ നീതിനിഷ്ഠമായ പ്രമാണങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യേണ്ടതുണ്ട്. അതേ, നാം വിശ്വാസത്തോടെ യഹോവയിലേക്കു തിരിഞ്ഞാൽ അവൻ നമുക്ക് ഒരു സംരക്ഷക ഗോപുരം ആയിരിക്കുമെന്ന് അവൻ ഉറപ്പു നൽകുന്നു. എത്ര വലിയ കരുണ!
it-2-E 1084 ¶8
കൂടാരം
“കൂടാരം” എന്നത് പല സാഹചര്യങ്ങളിലും ആലങ്കാരിക അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. വിശ്രമിക്കാനും കാലാവസ്ഥയിൽനിന്നുള്ള സംരക്ഷണത്തിനും വേണ്ടി ഒരു വ്യക്തി കൂടാരം ഉപയോഗിച്ചിരുന്നു. (ഉൽ 18:1) പുരാതന നാളുകളിൽ ഒരു ആതിഥേയൻ തന്റെ അതിഥിയെ കൂടാരത്തിലേക്കു വിളിക്കുന്നത് ആ വ്യക്തിയോടുള്ള ബഹുമാനത്തിന്റെയും കരുതലിന്റെയും സൂചനയായിരുന്നു. അതുകൊണ്ട് വെളിപാട് 7:15-ൽ ദൈവം മഹാപുരുഷാരത്തിന് തന്റെ കൂടാരത്തിൽ അഭയം നൽകും എന്നു പറഞ്ഞപ്പോൾ അവർക്കു സംരക്ഷണവും സുരക്ഷിതത്വവും കൊടുക്കുമെന്നാണ് അർഥമാക്കിയത്. (സങ്ക 61:3, 4) ദൈവത്തിന്റെ ഭാര്യയായ സീയോൻ തനിക്ക് ഉണ്ടാകാൻ പോകുന്ന സന്തതികൾക്കുവേണ്ടി ചെയ്യേണ്ട ഒരുക്കങ്ങളെക്കുറിച്ച് യശയ്യ പറയുന്നു. “നിന്റെ കൂടാരം വലുതാക്കുക” എന്നാണ് ആ സ്ത്രീയോട് ആവശ്യപ്പെട്ടത്. (യശ 54:2) അതുകൊണ്ട് ആ സ്ത്രീ തന്റെ സന്തതികൾക്കുവേണ്ടി സംരക്ഷണത്തിനായുള്ള ആ സ്ഥലം വലുതാക്കുന്നു.
ദിവ്യ നിയമങ്ങൾ നമ്മുടെ പ്രയോജനത്തിന്
14 ദൈവത്തിന്റെ നിയമം സുസ്ഥിരമാണ്. നാം ജീവിക്കുന്ന ഈ പ്രക്ഷുബ്ധ നാളുകളിൽ യഹോവ ഉറപ്പുള്ള ഒരു പാറയാണെന്നു തെളിഞ്ഞിരിക്കുന്നു. അവൻ നിത്യമായി നിലകൊള്ളുന്നവനാണ്. (സങ്കീർത്തനം 90:2) അവൻ തന്നെക്കുറിച്ചുതന്നെ ഇപ്രകാരം പറയുന്നു: “യഹോവയായ ഞാൻ മാറാത്തവൻ.” (മലാഖി 3:6) ചുഴിമണൽ പോലെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മാനുഷിക ആശയങ്ങളിൽനിന്നു വ്യത്യസ്തമായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവിക നിലവാരങ്ങൾ തികച്ചും ആശ്രയയോഗ്യമാണ്. (യാക്കോബ് 1:17) ഉദാഹരണത്തിന്, എന്തും അനുവദിച്ചുകൊടുത്തുകൊണ്ട് കുട്ടികളെ വളർത്തിക്കൊണ്ടുവരിക എന്ന് വർഷങ്ങളോളം മനശ്ശാസ്ത്രജ്ഞർ ശുപാർശ ചെയ്തിരുന്നു. എന്നാൽ പിന്നീട് ചിലർ തങ്ങളുടെ അഭിപ്രായം മാറ്റുകയും തങ്ങളുടെ ഉപദേശം തെറ്റായിരുന്നെന്നു സമ്മതിക്കുകയും ചെയ്തു. ഈ വിഷയം സംബന്ധിച്ച ലോകത്തിന്റെ നിലവാരങ്ങളും മാർഗനിർദേശങ്ങളും കാറ്റത്ത് ഉലയുന്ന ഒരു തോണി പോലെയാണ്. എന്നാൽ യഹോവയുടെ വചനം അങ്ങനെയല്ല. കുട്ടികളെ സ്നേഹത്തോടെ വളർത്തിക്കൊണ്ടുവരാനുള്ള ബുദ്ധിയുപദേശം ബൈബിളിൽ നൂറ്റാണ്ടുകളായി ഉള്ളതാണ്. പൗലൊസ് അപ്പൊസ്തലൻ എഴുതി: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ.” (എഫെസ്യർ 6:4) യഹോവയുടെ നിലവാരങ്ങൾ ആശ്രയോഗ്യമാണെന്നും മാറ്റമില്ലാത്തവയാണെന്നും അറിയുന്നത് എത്ര ആശ്വാസദായകമാണ്!
ആത്മീയരത്നങ്ങൾ
സങ്കീർത്തനങ്ങളുടെ രണ്ടാം പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
62:11. ശക്തിക്കായി ദൈവത്തിന് വേറൊരു ഊർജസ്രോതസിൽ ആശ്രയിക്കേണ്ട ആവശ്യമില്ല. അവനാണ് എല്ലാ ഊർജത്തിന്റെയും ഉറവിടം. “ബലം ദൈവത്തിന്നുള്ള”തല്ലോ.
ജൂലൈ 15-21
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 63-65
“അങ്ങയുടെ അചഞ്ചലമായ സ്നേഹം ജീവനെക്കാൾ ഏറെ നല്ലത്”
ദൈവസ്നേഹത്തിൽനിന്ന് ആർ നമ്മെ വേർപിരിക്കും?
17 ദൈവസ്നേഹം നിങ്ങൾക്ക് എത്ര പ്രധാനമാണ്? “നിന്റെ ദയ [“സ്നേഹദയ,” NW] ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും. എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും” എന്ന് എഴുതിയ ദാവീദിനെ പോലെ നിങ്ങൾക്കു തോന്നുന്നുവോ? (സങ്കീർത്തനം 63:3, 4) വാസ്തവത്തിൽ, ദൈവത്തിന്റെ സ്നേഹത്തെക്കാളും വിശ്വസ്ത സഖിത്വത്തെക്കാളും മെച്ചമായ എന്തെങ്കിലും ഈ ലോകത്തിനു നൽകാൻ കഴിയുമോ? ഉദാഹരണത്തിന്, നല്ല വരുമാനമുള്ള ഒരു ലൗകിക ജോലി ഉണ്ടായിരിക്കുന്നത്, ദൈവവുമായുള്ള അടുത്ത ബന്ധത്തിൽനിന്ന് ലഭിക്കുന്ന മനസ്സമാധാനത്തെക്കാളും സന്തോഷത്തെക്കാളും വലുതാണോ? (ലൂക്കൊസ് 12:15) യഹോവയെ ഉപേക്ഷിക്കുക, അല്ലെങ്കിൽ മരണം വരിക്കുക എന്ന അവസ്ഥ ചില ക്രിസ്ത്യാനികൾ അഭിമുഖീകരിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസി തടങ്കൽപ്പാളയത്തിൽ ആയിരുന്ന യഹോവയുടെ സാക്ഷികളായ നിരവധി പേർക്ക് അതു സംഭവിച്ചു. നമ്മുടെ ആ ക്രിസ്തീയ സഹോദരങ്ങളിൽ ചുരുക്കം പേരൊഴികെ എല്ലാവരും ദൈവസ്നേഹത്തിൽ നിലകൊള്ളാൻ തീരുമാനിച്ചു. ആവശ്യമെങ്കിൽ, മരിക്കാൻ പോലും അവർ ഒരുക്കമായിരുന്നു. ദൈവസ്നേഹത്തിൽ വിശ്വസ്തരായി നിലകൊള്ളുന്നവർക്ക്, ലോകത്തിനു നൽകാൻ കഴിയാത്ത ഒന്ന്—ഒരു നിത്യഭാവി—അവൻ നൽകുമെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (മർക്കൊസ് 8:34-36) എന്നാൽ നിത്യജീവനെക്കാൾ കൂടുതൽ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.
18 യഹോവയെ കൂടാതെ നിത്യമായി ജീവിക്കുക സാധ്യമല്ലെങ്കിലും, നമ്മുടെ സ്രഷ്ടാവില്ലാത്ത അനന്തജീവിതം എങ്ങനെയുള്ളത് ആയിരിക്കുമെന്നു ചിന്തിക്കുക. അത് ശൂന്യമായിരിക്കും, യഥാർഥ ഉദ്ദേശ്യമില്ലാത്തത് ആയിരിക്കും. ഈ അന്ത്യനാളുകളിൽ, യഹോവ തന്റെ ജനത്തിനു സംതൃപ്തികരമായ ഒരു വേല കൊടുത്തിരിക്കുന്നു. തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്ന മഹാ ദൈവമായ യഹോവ നിത്യജീവൻ നൽകുമ്പോൾ, പഠിക്കാനും ചെയ്യാനും സുന്ദരമായ, മൂല്യവത്തായ അനേകം കാര്യങ്ങൾ ഉണ്ടായിരിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. (സഭാപ്രസംഗി 3:11) വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളിലുടനീളം നാം എത്രമാത്രം ഗവേഷണം നടത്തിയാലും, ‘ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴം’ പൂർണമായി അളക്കാൻ നമുക്കാവില്ല.—റോമർ 11:33.
“എല്ലാത്തിനും നന്ദി പറയുക”
പ്രത്യേകിച്ച്, ദൈവത്തോടു നമ്മൾ നന്ദിയുള്ളവരായിരിക്കണം. ദൈവം ആത്മീയവും ഭൗതികവും ആയ അനേകം അനുഗ്രഹങ്ങൾ നമുക്കു തന്നിട്ടുണ്ട്, ഇപ്പോഴും തരുന്നുണ്ട്. ആ അനുഗ്രഹങ്ങളെക്കുറിച്ച് ചിലപ്പോഴൊക്കെ നിങ്ങൾ ഓർക്കാറുണ്ടായിരിക്കും. (ആവ. 8:17, 18; പ്രവൃ. 14:17) പക്ഷേ ദൈവത്തിന്റെ നന്മയെക്കുറിച്ച് വെറുതേ ഓർക്കുന്നതിനു പകരം, ദൈവം നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും കൈ അയച്ച് നൽകിയിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ സമയമെടുത്തുകൂടേ? നമ്മുടെ സ്രഷ്ടാവിന്റെ ഔദാര്യത്തെക്കുറിച്ച് ഇങ്ങനെ ധ്യാനിക്കുന്നതു ദൈവത്തോടുള്ള വിലമതിപ്പ് ആഴമുള്ളതാക്കും, നമ്മളെ ദൈവം സ്നേഹിക്കുന്നെന്നും വിലയുള്ളവരായി കാണുന്നെന്നും ഉള്ള ബോധ്യം അതു ബലപ്പെടുത്തും.—1 യോഹ. 4:9.
ആത്മീയകാര്യങ്ങൾ ധ്യാനിച്ചുകൊണ്ടിരിക്കുക
7 പഠിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അതിനെക്കുറിച്ച് ധ്യാനിക്കുന്നതും പലപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതുകൊണ്ടാണ്, ക്ഷീണിതരല്ലാത്ത സമയത്ത് ശാന്തമായ ഒരു സ്ഥലത്ത് പോയിരുന്ന് ധ്യാനിക്കുന്നത് നല്ലതാണെന്ന് പറയുന്നത്. അവിടെ ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ കുറവായിരിക്കും. രാത്രിയാമങ്ങളിൽ ധ്യാനിക്കുന്നത് ഫലപ്രദമാണെന്ന് സങ്കീർത്തനക്കാരനായ ദാവീദ് കണ്ടിരുന്നു. (സങ്കീ. 63:5) യേശു പൂർണനായിരുന്നിട്ടുപോലും, പ്രാർഥിക്കുന്നതിനും ധ്യാനിക്കുന്നതിനും ശാന്തമായ സ്ഥലങ്ങളാണ് തിരഞ്ഞെടുത്തിരുന്നത്.—ലൂക്കോ. 6:12.
യേശുവിനെ അനുകരിക്കുക: സ്നേഹപുരസ്സരം പഠിപ്പിക്കുക
6 നമുക്കിഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കാൻ നമുക്കു നല്ല താത്പര്യമാണ്. നാം പ്രിയപ്പെടുന്ന എന്തിനെക്കുറിച്ചെങ്കിലും സംസാരിക്കുമ്പോൾ നമ്മുടെ സ്വരത്തിലും ഭാവത്തിലുമെല്ലാം ആ ഉത്സാഹവും ആവേശവും നിറഞ്ഞുനിൽക്കും. നാം സ്നേഹിക്കുന്ന ആരെക്കുറിച്ചെങ്കിലും ആയിരിക്കുമ്പോൾ ഇതു വിശേഷാൽ സത്യമാണ്. ആ വ്യക്തിയെക്കുറിച്ച് അറിയാവുന്നതെല്ലാം മറ്റുള്ളവരോടു പറയാൻ നമുക്ക് ഉത്സാഹമായിരിക്കും. അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ വർണിക്കാനും അദ്ദേഹത്തിനുവേണ്ടി സംസാരിക്കാനുമൊക്കെ നമുക്കു സന്തോഷമേയുള്ളൂ. നാം ഇഷ്ടപ്പെടുന്നതുപോലെ മറ്റുള്ളവരും അദ്ദേഹത്തെ ഇഷ്ടപ്പെടണമെന്നാണ് നമ്മുടെ ആഗ്രഹം.
ആത്മീയരത്നങ്ങൾ
നിങ്ങൾ നവോന്മേഷത്തിന്റെ ഉറവാണോ?
ഒരു കെട്ടിടം പണിയുന്നതിനെക്കാൾ എത്രയോ എളുപ്പമാണ് അതു പൊളിച്ചുകളയാൻ! സംസാരത്തിന്റെ കാര്യത്തിലും അതുതന്നെ സത്യമാണ്. അപൂർണരായതിനാൽ നമുക്കെല്ലാം കുറ്റങ്ങളും കുറവുകളുമുണ്ട്. “പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല” എന്ന് ശലോമോൻ രാജാവ് പറയുകയുണ്ടായി. (സഭാപ്രസംഗി 7:20) മറ്റൊരാളുടെ കുറ്റം കണ്ടുപിടിച്ച് അയാളെ വാക്ശരങ്ങൾ എയ്തു വീഴിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. (സങ്കീർത്തനം 64:2-4) പക്ഷേ നമ്മുടെ വാക്കുകളിൽ നവോന്മേഷം നിലനിറുത്തുന്നതിനു നല്ല ശ്രമം കൂടിയേതീരൂ.
ജൂലൈ 22-28
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 66-68
ഓരോ ദിവസവും യഹോവ നമ്മുടെ ഭാരം താങ്ങും
യഹോവ എങ്ങനെയാണു നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരുന്നത്?
15 നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം കിട്ടുന്നത് എപ്പോഴും അത്ര ശ്രദ്ധിക്കപ്പെടുന്ന രീതിയിലായിരിക്കണമെന്നില്ല. എന്നാൽ യഹോവയോടു വിശ്വസ്തരായിരിക്കാൻ നമുക്ക് എന്താണോ ആവശ്യം അത് ഉത്തരമായി കിട്ടിയിരിക്കും. അതുകൊണ്ട് യഹോവ എങ്ങനെയാണു നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം തരുന്നതെന്നു നമ്മൾ എപ്പോഴും നോക്കിക്കൊണ്ടിരിക്കണം. യഹോവ തന്റെ പ്രാർഥനയ്ക്കൊന്നും ഉത്തരം തരുന്നില്ലെന്ന് യോക്കോ എന്നു പേരുള്ള ഒരു സഹോദരിക്കു തോന്നി. എന്നാൽ യഹോവയോടു താൻ ചോദിക്കുന്നതൊക്കെ പിന്നീട് സഹോദരി എഴുതിവെക്കാൻതുടങ്ങി. കുറച്ച് കാലം കഴിഞ്ഞ് സഹോദരി താൻ എഴുതിവെച്ചത് എടുത്തുനോക്കി. അപ്പോഴാണ് അറിയുന്നത്, താൻ പ്രാർഥിച്ച മിക്ക കാര്യങ്ങൾക്കും യഹോവ ഉത്തരം തന്നു എന്ന്. അവയിൽ ചിലതിനുവേണ്ടി പ്രാർഥിച്ച കാര്യംപോലും സഹോദരി അപ്പോഴേക്കും മറന്നുപോയിരുന്നു. അതുകൊണ്ട് നമ്മളും യഹോവ നമ്മുടെ പ്രാർഥനയ്ക്ക് എങ്ങനെയാണ് ഉത്തരം തരുന്നതെന്ന് ഇടയ്ക്കിടെ ചിന്തിക്കേണ്ടതുണ്ട്.—സങ്കീ. 66:19, 20.
ഇണയുടെ കൈത്താങ്ങ് ഇല്ലാത്തവർക്ക് ഒരുകൈ സഹായം!
ആരാധനാവേളകളിൽ ആലപിക്കാനായി യഹോവയാം ദൈവം ഇസ്രായേല്യർക്ക് ദിവ്യനിശ്വസ്തമായ ഒട്ടേറെ സങ്കീർത്തനങ്ങൾ നൽകി. അനാഥർക്കു “പിതാവും” വിധവമാരുടെ “ന്യായപാലകനും” ആയി യഹോവയെ വർണിച്ചിരുന്ന ആ കീർത്തനങ്ങൾ അവർക്കിടയിലെ ആലംബഹീനർക്ക് എത്ര ആശ്വാസം പകർന്നിരിക്കണം! (സങ്കീർത്തനം 68:5; 146:9) അങ്ങനെയുള്ളവർക്ക് ആത്മബലം പകരാൻ നമുക്കുമാകും. അനുഭവസമ്പന്നനായ ഒരു പിതാവിൽനിന്ന് ലഭിച്ച പ്രോത്സാഹനവാക്കുകൾ 20 വർഷത്തിനുശേഷവും നന്ദിയോടെ ഓർക്കുന്നു രണ്ടുമക്കളുടെ അമ്മയായ രൂത്ത്. “ഒറ്റയ്ക്കാണെങ്കിലും എത്ര നല്ല രീതിയിലാണ് രൂത്ത് മക്കളെ വളർത്തുന്നത്! നിങ്ങളെ അഭിനന്ദിക്കാതിരിക്കാൻ വയ്യ!” എന്ന് അദ്ദേഹം പറഞ്ഞു. “മുന്നോട്ടുപോകാൻ ആ വാക്കുകൾ എനിക്കു കരുത്തേകി,” രൂത്ത്. ഇങ്ങനെയുള്ളവരെ നിറഞ്ഞ മനസ്സോടെ ഒന്ന് അഭിനന്ദിക്കാൻ നിങ്ങൾക്കാകുമോ? “സാന്ത്വനമരുളുന്ന നാവ് ജീവവൃക്ഷമാകുന്നു” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 15:4, വിശുദ്ധ സത്യവേദപുസ്തകം, മോഡേൺ മലയാളം വേർഷൻ) ആശ്വാസദായകമായ വാക്കുകൾ നമ്മൾ വിചാരിക്കുന്നതിനെക്കാൾ ഫലംചെയ്യും. അതെ, ഒരു ഔഷധംപോലെയാണത്.
അനാഥരുടെ പിതാവ്
‘ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവാകുന്നു.’ (സങ്കീർത്തനം 68:5) യഹോവയെക്കുറിച്ച് ഈ വാക്യം ഹൃദയസ്പർശിയായ ഒരു സത്യം പഠിപ്പിക്കുന്നു: നിരാലംബർക്കായി കരുതുന്നവനാണ് അവൻ. അപ്പനെയോ അമ്മയെയോ നഷ്ടപ്പെട്ട കുട്ടികളെക്കുറിച്ച് അവൻ ചിന്തയുള്ളവനാണെന്ന് ഇസ്രായേല്യർക്ക് അവൻ നൽകിയ ന്യായപ്രമാണം വെളിപ്പെടുത്തുന്നു. ‘അനാഥൻ’ എന്ന പദം ബൈബിളിൽ ആദ്യമായി പരാമർശിച്ചുകാണുന്നത് പുറപ്പാടു 22:22-24-ലാണ്. ആ ഭാഗം നമുക്കൊന്ന് വിശകലനംചെയ്യാം.
വിജയിക്കാൻ യഹോവ നിങ്ങളെ സഹായിക്കുന്നു
17 സങ്കീർത്തനം 40:5 വായിക്കുക. മല കയറുന്നവരുടെ ലക്ഷ്യം ഏറ്റവും മുകളിൽ എത്തുക എന്നതാണ്. എന്നാൽ പോകുന്നവഴി ഇടയ്ക്കിടെ നിന്ന് ആ ഭാഗത്തെ മനോഹാരിതയൊക്കെ ആസ്വദിച്ചായിരിക്കും അവർ മുന്നോട്ടു നീങ്ങുന്നത്. ഇതുപോലെ പ്രയാസങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും വിജയിക്കാൻ യഹോവ സഹായിക്കുന്നത് എങ്ങനെയാണെന്നു ചിന്തിക്കാൻ പതിവായി സമയം കണ്ടെത്തുക. ഓരോ ദിവസത്തിന്റെയും അവസാനം നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘ഇന്ന് യഹോവ എന്നെ ഏതൊക്കെ വിധങ്ങളിലാണ് അനുഗ്രഹിച്ചിരിക്കുന്നത്? പ്രശ്നം നിലനിൽക്കുന്നുണ്ടെങ്കിൽപ്പോലും സഹിച്ചുനിൽക്കാൻ യഹോവ എങ്ങനെയാണ് എന്നെ സഹായിക്കുന്നത്?’ വിജയിക്കാൻ നിങ്ങളെ സഹായിക്കുന്നതിനു യഹോവ ചെയ്ത ഒരു കാര്യമെങ്കിലും കണ്ടെത്താനാകുമോ എന്നു നോക്കുക.
ആത്മീയരത്നങ്ങൾ
സങ്കീർത്തനങ്ങളുടെ രണ്ടാം പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
68:18—‘മനുഷ്യരോടു വാങ്ങിയിരിക്കുന്ന കാഴ്ച’ എന്താണ്? വാഗ്ദത്തദേശം കീഴടക്കവേ ഇസ്രായേൽ ബന്ധികളായി പിടിച്ചെടുത്തവരിൽ ഉൾപ്പെട്ടിരുന്ന ചില മനുഷ്യരെത്തന്നെയാണ് ‘മനുഷ്യരോടു വാങ്ങിയിരിക്കുന്ന കാഴ്ച’ എന്ന് ഇവിടെ പരാമർശിച്ചിരിക്കുന്നത്. പിന്നീട് അവരെ ലേവ്യർക്ക് ഒരു സഹായമായി ആലയശുശ്രൂഷയിൽ നിയമിച്ചു.—എസ്രാ 8:20.
ജൂലൈ 29–ആഗസ്റ്റ് 4
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 69
69-ാം സങ്കീർത്തനത്തിൽ യേശുവിനെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു
അവർ മിശിഹായെ കാത്തിരുന്നു
17 കാരണം കൂടാതെ മിശിഹായെ പകയ്ക്കും. (സങ്കീ. 69:4) യേശു ഇപ്രകാരം പറഞ്ഞതായി യോഹന്നാൻ അപ്പൊസ്തലൻ രേഖപ്പെടുത്തി: “മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികൾ ഞാൻ അവർക്കിടയിൽ ചെയ്തില്ലായിരുന്നെങ്കിൽ അവർക്കു പാപം ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴോ അവർ എന്റെ പ്രവൃത്തികൾ കണ്ടിട്ടും എന്നെയും എന്റെ പിതാവിനെയും ദ്വേഷിച്ചിരിക്കുന്നു. എന്നാൽ ഇത്, ‘അവർ കാരണം കൂടാതെ എന്നെ ദ്വേഷിച്ചു’ എന്ന് അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതു നിവൃത്തിയാകേണ്ടതിനത്രേ.” (യോഹ. 15:24, 25) മുഴു തിരുവെഴുത്തുകളെയും കുറിക്കാൻ ‘ന്യായപ്രമാണം’ എന്നു പറയാറുണ്ട്. (യോഹ. 10:34; 12:34) യഹൂദന്മാർ, വിശേഷിച്ച് യഹൂദ മതനേതാക്കന്മാർ യേശുവിനെ ദ്വേഷിച്ചിരുന്നതായി സുവിശേഷവിവരണങ്ങൾ കാണിക്കുന്നു. തന്നെയുമല്ല, ക്രിസ്തുവും ഇങ്ങനെ പറയുകയുണ്ടായി: “നിങ്ങളെ ദ്വേഷിക്കാൻ ലോകത്തിനു കാരണം ഒന്നുമില്ല. എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവയെന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ട് അത് എന്നെ ദ്വേഷിക്കുന്നു.”—യോഹ. 7:7.
സത്യാരാധനയ്ക്കായി തീക്ഷ്ണതയോടെ
7 യേശുവിന്റെ തീക്ഷ്ണത വ്യക്തമാക്കുന്ന ഒരു സന്ദർഭം നോക്കാം. അവന്റെ ശുശ്രൂഷയുടെ ആരംഭത്തിലാണത്. എ.ഡി. 30-ലെ പെസഹാ പെരുന്നാൾ അടുത്തുവരുകയായിരുന്നു. യേശുവും ശിഷ്യന്മാരും യെരുശലേമിലെ ആലയത്തിൽ എത്തിയപ്പോൾ “ആടുമാടുകളെയും പ്രാവുകളെയും വിൽക്കുന്നവരെയും അവിടെ ഇരിക്കുന്ന നാണയമാറ്റക്കാരെയും” കണ്ടു. എന്തായിരുന്നു യേശുവിന്റെ പ്രതികരണം? അതുകണ്ടപ്പോൾ ശിഷ്യന്മാരുടെ മനസ്സിലേക്ക് എന്തു കടന്നുവന്നു?—യോഹന്നാൻ 2:13-17 വായിക്കുക.
8 യേശു അപ്പോൾ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾ ദാവീദിന്റെ ഒരു സങ്കീർത്തനത്തിലെ പ്രാവചനിക വാക്കുകളാണ് ശിഷ്യന്മാരുടെ മനസ്സിലേക്കുകൊണ്ടുവന്നത്: “അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചു കളയുന്നു.” (സങ്കീ. 69:9, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) അവർ അങ്ങനെ ചിന്തിക്കാനുള്ള കാരണം എന്താണ്? വളരെയേറെ അപകടംപിടിച്ച ഒരു കാര്യമാണ് അവൻ ചെയ്തത്. ഈ പകൽക്കൊള്ളയ്ക്കു പിന്നിൽ പുരോഹിതന്മാരും ശാസ്ത്രിമാരും മറ്റും അടങ്ങുന്ന ആലയ അധികാരികൾ തന്നെയായിരുന്നു. ആ ഉദ്യമം പരാജയപ്പെടുത്തുകവഴി യേശു അവരുടെ ശത്രുത സമ്പാദിച്ചു. ശിഷ്യന്മാർ തിരിച്ചറിഞ്ഞതുപോലെ, ‘ദൈവാലയത്തെക്കുറിച്ചുള്ള’ അഥവാ സത്യാരാധനയെപ്രതിയുള്ള അവന്റെ “തീക്ഷ്ണത”യാണ് അന്നു പ്രകടമായത്. ആകട്ടെ, എന്താണ് തീക്ഷ്ണത?
g95 10/22 31 ¶4
ഹൃദയം തകർന്നു മരിക്കാൻ സാധ്യതയുണ്ടോ?
യേശുക്രിസ്തുവും ഹൃദയം തകർന്നാണു മരിച്ചതെന്നു ചിലർ പറയുന്നു. അവനെക്കുറിച്ച് ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു.” (സങ്കീർത്തനം 69:20) ഈ വാക്കുകൾ അക്ഷരീയമായി മനസ്സിലാക്കേണ്ടവയാണോ? യേശുവിന്റെ മരണത്തിനു തൊട്ടുമുമ്പുള്ള മണിക്കൂറുകൾ ശാരീരികമായി മാത്രമല്ല, മാനസികമായും വേദനാകരമായിരുന്നതുകൊണ്ട് ഒരുപക്ഷേ അങ്ങനെ ആയിരിക്കാം. (മത്തായി 27:46; ലൂക്കൊസ് 22:44; എബ്രായർ 5:7) കൂടുതലായി, മരണശേഷം ഉടനെതന്നെ യേശുവിന്റെ ശരീരത്തിൽ ഒരു കുന്തം കൊണ്ടേൽപ്പിച്ച മുറിവിൽനിന്നു “രക്തവും വെള്ളവും” ഒഴുകിയതെന്തുകൊണ്ടാണെന്ന് തകർന്ന ഹൃദയം എന്ന വസ്തുതക്കു വിശദീകരിക്കാൻ കഴിഞ്ഞേക്കാം. ഹൃദയത്തിനോ ഒരു പ്രധാന രക്തക്കുഴലിനോ ഉണ്ടാകുന്ന ഒരു പൊട്ടലിന് ഹൃദയ അറയിലേക്കോ ഹൃദയത്തെ ശ്ലഥമായി വലയം ചെയ്യുന്ന ദ്രാവകം നിറഞ്ഞ ഒരു സ്തരമായ പെരിക്കാർഡിയത്തിലേക്കോ രക്തം കയറ്റാൻ കഴിയും. ഇതിലേതെങ്കിലും ഒരു സ്ഥലത്ത് ഒന്നു കുത്തിയാൽ അത് “രക്തവും വെള്ളവും” പോലെ തോന്നുന്ന എന്തോ ദ്രാവകം ഒഴുകാനിടയാക്കും.—യോഹന്നാൻ 19:34.
it-2-E 650
വിഷച്ചെടി
സങ്കീർത്തനം 69:21-ലെ മിശിഹയെക്കുറിച്ചുള്ള പ്രവചനത്തിൽ ആഹാരത്തിനു പകരം “വിഷച്ചെടി” കൊടുത്തു എന്നു പറയുന്നു. സ്തംഭത്തിൽ തറയ്ക്കുന്നതിനു മുമ്പ് യേശുവിനു കയ്പുരസമുള്ളൊരു സാധനം കലക്കിയ വീഞ്ഞ് കുടിക്കാൻ കൊടുത്തപ്പോൾ ഈ പ്രവചനം നിവൃത്തിയേറി. യേശുവിന്റെ വേദന കുറയ്ക്കാൻ ഉദ്ദേശിച്ചായിരിക്കാം ഈ വീഞ്ഞ് നൽകിയത്. എങ്കിലും യേശു അതു നിരസിച്ചു. മത്തായിയിൽ കാണുന്ന “കയ്പുരസമുള്ളൊരു സാധനം” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം സങ്കീർത്തനം 69:21-ാം വാക്യവുമായി ചേർച്ചയിലാണ്. മർക്കോസിൽ ഇതിനെ “മീറ” എന്നു പറയുന്നു. അതുകൊണ്ട് സാധ്യതയനുസരിച്ച് ആ “വിഷച്ചെടി” എന്നതും “കയ്പുരസമുള്ളൊരു സാധനം” എന്നു പറയുന്നതും “മീറ” ആയിരിക്കാം. (മത്ത 27:34; മർ 15:23) അല്ലെങ്കിൽ മറ്റൊരു സാധ്യത യേശുവിനു കൊടുത്ത ആ പാനീയത്തിൽ കയ്പുരസമുള്ള സാധനത്തോടൊപ്പം മീറയും ചേർത്തിരുന്നു എന്നായിരിക്കാം.
ആത്മീയരത്നങ്ങൾ
വിശ്വസ്ത കൈകൾ ഉയർത്തി പ്രാർഥിക്കുവിൻ
11 എന്തെങ്കിലും കിട്ടാൻ വേണ്ടിയാണു പലരും പ്രാർഥിക്കുന്നത്. എന്നാൽ, യഹോവയാം ദൈവത്തോടുള്ള സ്നേഹം രഹസ്യവും പരസ്യവുമായ പ്രാർഥനകളിൽ അവനു നന്ദിയും സ്തുതിയും കരേറ്റാൻ നമ്മെ പ്രേരിപ്പിക്കണം. പൗലൊസ് ഇങ്ങനെ എഴുതി: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ [“നന്ദിയോടെ,” NW] ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) അതേ, യാചനയും അപേക്ഷയും നടത്തുന്നതിനു പുറമേ ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങളെ പ്രതി നാം യഹോവയോടു കൃതജ്ഞത പ്രകടമാക്കുകയും വേണം. (സദൃശവാക്യങ്ങൾ 10:22) സങ്കീർത്തനക്കാരൻ പാടി: “ദൈവത്തിന്നു സ്തോത്രയാഗം [നന്ദി] അർപ്പിക്ക; അത്യുന്നതന്നു നിന്റെ നേർച്ചകളെ കഴിക്ക.” (സങ്കീർത്തനം 50:14) ദാവീദിന്റെ ഒരു പ്രാർഥനാ ഗീതത്തിൽ ഹൃദയസ്പർശിയായ ഈ വാക്കുകളും ഉൾപ്പെടുന്നു: “ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ [നന്ദിയോടെ] അവനെ മഹത്വപ്പെടുത്തും.” (സങ്കീർത്തനം 69:30) പരസ്യവും രഹസ്യവുമായ പ്രാർഥനകളിൽ നാം അതുതന്നെ ചെയ്യേണ്ടതല്ലേ?
ആഗസ്റ്റ് 5-11
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 70-72
ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ‘വരുംതലമുറയോട് പറയുക’
യുവജനങ്ങളേ—നിങ്ങളുടെ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കുവിൻ!
17 സാത്താന്റെ കെണികളെ ഒഴിവാക്കുന്നതിനു നിങ്ങളുടെ ഭാഗത്ത് നിതാന്ത ജാഗ്രത ആവശ്യമാണ്, ചിലപ്പോഴൊക്കെ ശക്തമായ ധൈര്യവും. എന്തിന്, ചില അവസരങ്ങളിൽ നിങ്ങൾ കേവലം സമപ്രായക്കാരോടു മാത്രമല്ല മുഴു ലോകത്തോടും വിയോജിപ്പിലാണെന്നു കണ്ടെത്തിയേക്കാം. സങ്കീർത്തനക്കാരനായ ദാവീദ് പ്രാർഥിച്ചു: “യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ. ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.” (സങ്കീർത്തനം 71:5, 17) ദാവീദ് ധീരതയ്ക്കു പേരുകേട്ടവനായിരുന്നു. എന്നാൽ അവൻ അത് എപ്പോഴാണു വളർത്തിയെടുത്തത്? ചെറുപ്പകാലത്ത്! ഗൊല്യാത്തുമായുള്ള അവന്റെ വിഖ്യാത ഏറ്റുമുട്ടലിനു മുമ്പു പോലും, ഒരു സിംഹത്തെയും ഒരു കരടിയെയും കൊന്നുകൊണ്ട് തന്റെ പിതാവിന്റെ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നതിൽ അവൻ അസാധാരണമായ ധൈര്യം പ്രകടമാക്കിയിരുന്നു. (1 ശമൂവേൽ 17:34-37) എന്നിരുന്നാലും, ‘ബാല്യം മുതൽ തന്റെ ആശ്രയം’ യഹോവ ആണെന്നു പറഞ്ഞുകൊണ്ട് ദാവീദ് താൻ പ്രകടമാക്കിയ സകല ധീരതയ്ക്കുമുള്ള മഹത്ത്വം യഹോവയ്ക്കു നൽകി. യഹോവയിൽ ആശ്രയിക്കാനുള്ള കഴിവ് താൻ നേരിട്ട ഏതു പരീക്ഷണവും വിജയകരമായി തരണം ചെയ്യാൻ ദാവീദിനെ പ്രാപ്തനാക്കി. നിങ്ങൾ യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ, ‘ലോകത്തെ ജയിക്കാൻ’ വേണ്ട ധൈര്യവും ശക്തിയും അവൻ തരുമെന്ന് നിങ്ങൾക്കും ബോധ്യമാകും.—1 യോഹന്നാൻ 5:4.
പ്രായമായവരോട് നാം എങ്ങനെ പെരുമാറണം?
സങ്കീർത്തനക്കാരൻ ഇപ്രകാരം പ്രാർഥിച്ചു: “വാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.” (സങ്കീർത്തനം 71:9) തങ്ങൾ ഉപയോഗശൂന്യരാണെന്ന് അവർക്കുതന്നെ തോന്നിയാലും ദൈവം തന്റെ വിശ്വസ്തരെ ഉപേക്ഷിക്കുകയില്ല. യഹോവയാൽ ഉപേക്ഷിക്കപ്പെട്ടതായി സങ്കീർത്തനക്കാരനു തോന്നിയില്ല. മറിച്ച്, പ്രായമായപ്പോൾ മുമ്പെന്നത്തെക്കാൾ അധികമായി സ്രഷ്ടാവിൽ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത അവൻ തിരിച്ചറിഞ്ഞു. അത്തരം വിശ്വസ്തത പ്രകടമാക്കുന്നവരെ യഹോവ അനുഗ്രഹിക്കുന്നു, അവരുടെ ജീവിതകാലം മുഴുവൻ സഹായിച്ചുകൊണ്ട് അവൻ അവരെ പിന്തുണയ്ക്കുന്നു. (സങ്കീർത്തനം 18:25) ചില സമയങ്ങളിൽ, അത്തരം പിന്തുണ സഹക്രിസ്ത്യാനികളിലൂടെ ലഭിക്കുന്നു.
ദുർദിവസങ്ങൾ വരുംമുമ്പേ യഹോവയെ സേവിക്കുക
4 മുതിർന്ന ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ പതിറ്റാണ്ടുകളുടെ അനുഭവപരിചയം ആർജിച്ചിട്ടുണ്ടെങ്കിൽ ഈ സുപ്രധാനചോദ്യം നിങ്ങൾ സ്വയം ചോദിക്കണം: ‘ഊർജവും ശക്തിയും കുറെയെങ്കിലും ബാക്കിയുള്ള ഈ നാളുകളിൽ ഞാൻ എന്റെ ജീവിതംകൊണ്ട് എന്തു ചെയ്യും?’ ക്രിസ്തീയജീവിതത്തിൽ അനുഭവസമ്പത്തുള്ള നിങ്ങൾക്കു മുന്നിൽ മറ്റുള്ളവർക്കില്ലാത്ത നിരവധി അവസരങ്ങൾ തുറന്നുകിടപ്പുണ്ട്. യഹോവയിൽനിന്നു പഠിച്ച കാര്യങ്ങൾ ഇളമുറക്കാർക്ക് പകർന്നുകൊടുക്കാൻ നിങ്ങൾക്കാകും. ദൈവസേവനത്തിൽ ആസ്വദിച്ച അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മറ്റുള്ളവരെ കെട്ടുപണിചെയ്യാനും നിങ്ങൾക്കു കഴിയും. അത്തരം അവസരങ്ങൾക്കായി ദാവീദ് രാജാവ് പ്രാർഥിക്കുകയുണ്ടായി. അവൻ ഇങ്ങനെ എഴുതി: “ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; . . . ദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യ പ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.”—സങ്കീ. 71:17, 18.
5 വർഷങ്ങൾകൊണ്ട് നിങ്ങൾ ആർജിച്ച ജ്ഞാനം നിങ്ങൾക്ക് എങ്ങനെ ഉപയോഗപ്പെടുത്താനാകും? കെട്ടുപണി ചെയ്യുന്ന സഹവാസത്തിനായി യുവക്രിസ്ത്യാനികളെ നിങ്ങൾക്ക് വീട്ടിലേക്ക് വിളിക്കാനാകുമോ? ക്രിസ്തീയശുശ്രൂഷയിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ നിങ്ങൾക്ക് അവരെ ക്ഷണിക്കാനാകുമോ? അങ്ങനെ, യഹോവയുടെ സേവനത്തിൽ നിങ്ങൾ ആസ്വദിക്കുന്ന സന്തോഷം രുചിച്ചറിയാൻ നിങ്ങൾക്ക് അവരെ സഹായിക്കാനാകുമോ? പുരാതനനാളിലെ എലീഹൂ ഇങ്ങനെ പറഞ്ഞു: “പ്രായം സംസാരിക്കയും വയോധിക്യം ജ്ഞാനം ഉപദേശിക്കയും ചെയ്യട്ടെ.” (ഇയ്യോ. 32:7) അനുഭവപരിചയമുള്ള ക്രിസ്തീയസ്ത്രീകളോട് വാക്കാലും മാതൃകയാലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ അപ്പൊസ്തലനായ പൗലോസ് ആവശ്യപ്പെട്ടു. ‘പ്രായംചെന്ന സ്ത്രീകൾ നന്മ ഉപദേശിക്കുന്നവർ ആയിരിക്കട്ടെ’ എന്ന് അവൻ എഴുതി.—തീത്തൊ. 2:3.
ആത്മീയരത്നങ്ങൾ
it-1-E 768
യൂഫ്രട്ടീസ്
ഇസ്രായേലിനു നിയമിച്ചുകൊടുത്ത പ്രദേശത്തിന്റെ അതിര്. അബ്രാഹാമിന്റെ സന്തതിക്ക് “ഈജിപ്തിലെ നദി മുതൽ മഹാനദിയായ യൂഫ്രട്ടീസ് വരെയുള്ള” ദേശം അവകാശമായി കൊടുക്കുമെന്ന് ദൈവം അബ്രാഹാമുമായി ഒരു ഉടമ്പടി ചെയ്തു. ഇസ്രായേൽ ജനത്തോട് ദൈവം ഈ വാഗ്ദാനം വീണ്ടും ആവർത്തിച്ചിരുന്നു. (പുറ 23:31; ആവ 1:7, 8; 11:24; യോശ 1:4) ദാവീദിന്റെ ഭരണത്തിനു മുമ്പ് രൂബേന്റെ വംശജരിൽ ചിലർ അവരുടെ താമസം “യൂഫ്രട്ടീസ് നദിയുടെ അടുത്ത് വിജനഭൂമിവരെയുള്ള” പ്രദേശത്തേക്കു വ്യാപിപ്പിച്ചു എന്ന് 1 ദിനവൃത്താന്തം 5:9-ൽ പറയുന്നു. രൂബേന്യർ “ഗിലെയാദിനു കിഴക്കുള്ള പ്രദേശം മുഴുവൻ സ്വന്തമാക്കി” എന്നും കാണാം. (1ദിന 5:10) എന്നാൽ യൂഫ്രട്ടീസ് ഗിലെയാദിൽനിന്ന് ഏകദേശം 800 കിലോമീറ്റർ അകലെയായിരുന്നതുകൊണ്ട് രൂബേന്യർ അവിടംവരെ സ്വന്തമാക്കിക്കാണാൻ സാധ്യതയില്ല. പകരം അവർ ഗിലെയാദിന്റെ കിഴക്ക് സിറിയൻ മരുഭൂമിയുടെ തുടക്കംവരെ സ്വന്തമാക്കിക്കാണാനേ സാധ്യതയുള്ളൂ. ആ സിറിയൻ മരുഭൂമിയുടെ മറ്റേ അറ്റത്താണ് യൂഫ്രട്ടീസ് നദി. അതുകൊണ്ട് “യൂഫ്രട്ടീസ് വരെയുള്ള” ദേശം നൽകുമെന്ന ദൈവത്തിന്റെ വാഗ്ദാനം ആദ്യം നിറവേറിയത് ദാവീദിന്റെയും ശലോമോന്റെയും ഭരണകാലത്തായിരിക്കാം. കാരണം ദാവീദ് കീഴടക്കിയ സോബ എന്ന അരാമ്യ രാജ്യം യൂഫ്രട്ടീസ് നദീതീരത്തോളം നീണ്ടുകിടന്നതായിരുന്നു. (2 ശമു 8:3; 1 രാജ 4:21; 1 ദിന 18:3-8; 2 ദിന 9:26) യൂഫ്രട്ടീസ് ഒരു പ്രധാന സ്ഥലമായിരുന്നതുകൊണ്ട് “നദി” എന്നാണ് അതിനെ പലപ്പോഴും വിളിച്ചിരുന്നത്.—യോശ 24:2, 15; സങ്ക 72:8.
ആഗസ്റ്റ് 12-18
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 73-74
ദൈവത്തെ സേവിക്കാത്തവരോട് അസൂയ തോന്നുന്നെങ്കിലോ?
‘യഹോവ നിരുത്സാഹിതരെ രക്ഷിക്കുന്നു’
14 സങ്കീർത്തനം 73 എഴുതിയത് ഒരു ലേവ്യനായിരുന്നു, യഹോവയുടെ വിശുദ്ധമന്ദിരത്തിൽ സേവിക്കാനുള്ള മഹത്തായ പദവി ഉണ്ടായിരുന്ന ഒരാൾ. എങ്കിലും ഒരു ഘട്ടത്തിൽ അദ്ദേഹത്തിനും നിരുത്സാഹം തോന്നി. എന്തായിരുന്നു കാരണം? ദുഷ്ടന്മാരോടും ഗർവികളോടും അദ്ദേഹത്തിന് അസൂയ തോന്നി. അവർ ചെയ്തതുപോലെയുള്ള ദുഷ്പ്രവൃത്തികൾ ചെയ്യാൻ അദ്ദേഹത്തിന് ആഗ്രഹം തോന്നിയിട്ടല്ല, പകരം അവരുടെ സമൃദ്ധി കണ്ടിട്ടാണ് അസൂയ തോന്നിയത്. (സങ്കീ. 73:2-9, 11-14) പുറമേനിന്ന് നോക്കിയാൽ, അവർക്ക് ഒന്നിനും ഒരു കുറവും ഇല്ലാത്തതുപോലെ തോന്നി, ആകുലതകളില്ലാത്ത സുഖലോലുപമായ ഒരു ജീവിതം. ഇത് ശരിക്കും ആ സങ്കീർത്തനക്കാരനെ നിരുത്സാഹിതനാക്കി. അദ്ദേഹം ഇങ്ങനെപോലും പറഞ്ഞു: “ഞാൻ ഹൃദയം ശുദ്ധമായി സൂക്ഷിച്ചതും നിഷ്കളങ്കതയിൽ കൈ കഴുകി വെടിപ്പാക്കിയതും വെറുതേയായല്ലോ.” ദൈവസേവനം നിറുത്തുന്നതിലേക്ക് ആ ചിന്ത ആ ലേവ്യനെ നയിച്ചേനെ.
‘യഹോവ നിരുത്സാഹിതരെ രക്ഷിക്കുന്നു’
15 സങ്കീർത്തനം 73:16-19, 22-25 വായിക്കുക. ആ ലേവ്യൻ “ദൈവത്തിന്റെ മഹത്ത്വമാർന്ന വിശുദ്ധമന്ദിരത്തിൽ” ചെന്നു. അവിടെ യഹോവയെ ആരാധിക്കുന്ന മറ്റുള്ളവരോടൊപ്പം ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് ഒന്നു ശാന്തമായി. അദ്ദേഹത്തിന് ശരിയാംവണ്ണം ചിന്തിക്കാനും തന്റെ സാഹചര്യത്തെക്കുറിച്ച് പ്രാർഥിക്കാനും കഴിഞ്ഞു. തന്റെ ചിന്തകൾ എത്ര വിഡ്ഢിത്തമാണെന്നും യഹോവയിൽനിന്ന് അകറ്റിക്കളയുന്ന ഒരു വഴിയിലൂടെയാണ് താൻ സഞ്ചരിച്ചുതുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ദുഷ്ടന്മാർ ‘വഴുവഴുപ്പുള്ളിടത്താണ്’ നിൽക്കുന്നതെന്നും അവരെ കാത്തിരിക്കുന്നത് “ദാരുണമായ അന്ത്യം” ആണെന്നും സങ്കീർത്തനക്കാരൻ മനസ്സിലാക്കി. അസൂയയിൽനിന്നും നിരുത്സാഹത്തിൽനിന്നും പുറത്തുകടക്കാൻ ലേവ്യൻ യഹോവയുടെ കണ്ണിലൂടെ കാര്യങ്ങൾ നോക്കിക്കാണണമായിരുന്നു. അങ്ങനെ ചെയ്തപ്പോൾ അദ്ദേഹത്തിന് മനസ്സമാധാനവും സന്തോഷവും തിരിച്ചുകിട്ടി. അദ്ദേഹം പറഞ്ഞു: ‘ഭൂമിയിൽ യഹോവയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.’
16 നമുക്കുള്ള പാഠങ്ങൾ. ദുഷ്ടരായ ആളുകൾ സമൃദ്ധിയിലാണെന്ന് നമുക്കു തോന്നിയാലും ഒരിക്കലും അവരോട് അസൂയ തോന്നരുത്. അവരുടെ സന്തോഷം പുറമേയുള്ളതു മാത്രമാണ്, അത് താത്കാലികവുമാണ്. അവർക്ക് നിലനിൽക്കുന്ന ഒരു ഭാവിയില്ല. (സഭാ. 8:12, 13) നമുക്ക് അവരോട് അസൂയ തോന്നിയാൽ നമ്മൾ നിരുത്സാഹിതരാകും; നമ്മുടെ ആത്മീയതയും നശിക്കും. അതുകൊണ്ട് ദുഷ്ടരായ ആളുകളുടെ വിജയം കണ്ട് നിങ്ങൾക്ക് അസൂയ തോന്നുന്നെങ്കിൽ ലേവ്യൻ ചെയ്തതുപോലെ ചെയ്യുക. ദൈവം സ്നേഹത്തോടെ നൽകുന്ന ഉപദേശം അനുസരിക്കുക. യഹോവയുടെ ഇഷ്ടം ചെയ്യുന്നവരോടൊപ്പം സഹവസിക്കുക. മറ്റ് എന്തിനെക്കാളും നമ്മൾ യഹോവയെ സ്നേഹിക്കുന്നെങ്കിൽ നമ്മൾ യഥാർഥസന്തോഷം ആസ്വദിക്കും. ‘യഥാർഥജീവനിലേക്കുള്ള’ വഴിയിലൂടെതന്നെ മുന്നോട്ടുപോകാനും നമുക്കു കഴിയും.—1 തിമൊ. 6:19.
മോശയുടെ വിശ്വാസം അനുകരിക്കുക
5 “പാപത്തിന്റെ ക്ഷണികസുഖത്തെ” നിരസിക്കാൻ നമ്മെ എന്തു സഹായിക്കും? പാപത്തിന്റെ സുഖാനുഭൂതി താത്ക്ഷണികമാണെന്ന് ഒരിക്കലും മറക്കരുത്. “ലോകവും അതിന്റെ മോഹവും നീങ്ങിപ്പോകുന്നു” എന്ന വസ്തുത വിശ്വാസത്തിന്റെ ദീർഘദൃഷ്ടിയാൽ നോക്കിക്കാണുക. (1 യോഹ. 2:15-17) അനുതാപമില്ലാത്ത പാപികളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചുനോക്കുക. ‘നിശ്ചയമായും അവർ വഴുവഴുപ്പിൽ നിൽക്കുകയാണ്.’ ഒടുവിൽ “അവർ മെരുൾചകളാൽ (“കൊടുംഭീതികളാൽ,” ഓശാന) അശേഷം മുടിഞ്ഞു”പോകുന്നു. (സങ്കീ. 73:18, 19) അതുകൊണ്ട്, പാപപൂർണമായ നടത്തയിൽ ഏർപ്പെടാനുള്ള പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘എന്റെ ഭാവി എങ്ങനെയായിക്കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്?’
മാനം പ്രാപിക്കുന്നതിൽനിന്ന് യാതൊന്നും നിങ്ങളെ തടയാതിരിക്കട്ടെ
3 തന്റെ വലങ്കൈ പിടിച്ച് യഥാർഥമഹത്ത്വത്തിലേക്കു യഹോവ നടത്തുമെന്ന വിശ്വാസം സങ്കീർത്തനക്കാരൻ പ്രകടിപ്പിച്ചു. (സങ്കീർത്തനം 73:23, 24 വായിക്കുക.) എങ്ങനെയാണ് യഹോവ ഇതു ചെയ്യുന്നത്? തന്റെ താഴ്മയുള്ള ദാസരെ വ്യത്യസ്തവിധങ്ങളിൽ ആദരിച്ചുകൊണ്ടാണ് യഹോവ അവരെ മഹത്ത്വത്തിലേക്കു കൈപിടിച്ചുനടത്തുന്നത്. തന്റെ ഹിതം മനസ്സിലാക്കാൻ സഹായിച്ചുകൊണ്ട് അവൻ അവരെ അനുഗ്രഹിക്കുന്നു. (1 കൊരി. 2:7) തന്റെ വാക്കു കേട്ട് അനുസരിക്കുന്നവർക്ക് താനുമായി ഒരു അടുത്ത വ്യക്തിബന്ധം ആസ്വദിക്കാനുള്ള പദവി അവൻ നൽകുന്നു.—യാക്കോ. 4:8.
4 കൂടാതെ, ക്രിസ്തീയശുശ്രൂഷ എന്ന മഹത്തായ നിക്ഷേപം യഹോവ തന്റെ ദാസരെ ഭരമേൽപ്പിക്കുന്നു. (2 കൊരി. 4:1, 7) ഈ ശുശ്രൂഷ മഹത്ത്വത്തിലേക്കു നയിക്കുന്നു. തങ്ങളുടെ സേവനപദവി യഹോവയുടെ സ്തുതിക്കായും മറ്റുള്ളവരുടെ പ്രയോജനത്തിനായും ഉപയോഗിക്കുന്നവരോടുള്ള അവന്റെ വാഗ്ദാനം ഇതാണ്: “എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും.” (1 ശമൂ. 2:30) അങ്ങനെയുള്ളവർ യഹോവയുടെ മുമ്പാകെ ഒരു നല്ല പേരിനാൽ മാനിക്കപ്പെടുന്നു, മറ്റു ദൈവദാസരുടെ ഇടയിലും അവർക്ക് സത്കീർത്തി ലഭിച്ചേക്കാം.—സദൃ. 11:16; 22:1.
5 “യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു” നടക്കുന്നവരുടെ ഭാവി എന്തായിരിക്കും? അവർക്ക് ഈ വാഗ്ദാനം നൽകപ്പെട്ടിരിക്കുന്നു: “ഭൂമിയെ അവകാശമാക്കുവാൻ അവൻ (യഹോവ) നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും.” (സങ്കീ. 37:34) നിത്യജീവനെന്ന അതുല്യബഹുമതി ആസ്വദിക്കാനായി അവർ കാത്തിരിക്കുന്നു.—സങ്കീ. 37:29.
ആത്മീയരത്നങ്ങൾ
it-2-E 240
ലിവ്യാഥാൻ
74-ാം സങ്കീർത്തനം ദൈവം തന്റെ ജനത്തെ രക്ഷിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. 13, 14 വാക്യങ്ങൾ ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിക്കുന്നതിനെക്കുറിച്ച് ആലങ്കാരിക ഭാഷയിൽ പറയുകയാണ്. അവിടെ ലിവ്യാഥാന്റെ ഒപ്പം ഉപയോഗിച്ചിരിക്കുന്ന സമാനമായ മറ്റൊരു പദമാണ് ‘കടലിലെ ഭീമാകാരജന്തുക്കൾ.’ സാധ്യതയനുസരിച്ച് “ലിവ്യാഥാന്റെ തലകൾ ചതച്ചു” എന്നു പറയുമ്പോൾ അത് അർഥമാക്കുന്നത് ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് മോചിപ്പിച്ച സമയത്ത് ഫറവോനെയും സൈന്യത്തെയും പരാജയപ്പെടുത്തിയതാണ്. മറ്റു പരിഭാഷകളിൽ “ലിവ്യാഥാന്റെ തലകൾ” എന്നതിനു പകരം “ഫറവോന്റെ ശക്തർ” എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. (യഹ 29:3-5; 32:2) യശയ്യ 27:1-ലെ ലിവ്യാഥാൻ എന്ന പദം ‘പാമ്പിന്റെ’ അല്ലെങ്കിൽ ‘ഭീകര സർപ്പത്തിന്റെ’ അധീനതയിലുള്ള ഒരു സാമ്രാജ്യത്തെ അഥവാ അന്താരാഷ്ട്ര സംഘടനയെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നതായി കാണാം. (വെളി 12:9) യശയ്യയിലെ ഈ പ്രവചനം ഇസ്രായേലിന്റെ പുനഃസ്ഥിതീകരണത്തെക്കുറിച്ചുള്ളതാണ്. അതുകൊണ്ട് യഹോവ ലിവ്യാഥാനു നേരെ തിരിയും എന്നു പറയുമ്പോൾ ബാബിലോണിന് എതിരെ തിരിയുന്നതും അതിൽ ഉൾപ്പെടും. എന്നാൽ 12, 13 വാക്യങ്ങളിൽ അസീറിയയെയും ഈജിപ്തിനെയും കുറിച്ചും പറയുന്നുണ്ട്. അതുകൊണ്ട് ലിവ്യാഥാൻ എന്നതു സാധ്യതയനുസരിച്ച് യഹോവയെയും യഹോവയുടെ ആരാധകരെയും എതിർക്കുന്ന അന്താരാഷ്ട്ര സംഘടനയെയോ സാമ്രാജ്യത്തെയോ ആണ് അർഥമാക്കുന്നത്.
ആഗസ്റ്റ് 19-25
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 75-77
വീമ്പിളക്കരുത്—എന്തുകൊണ്ട്?
യഹോവയെ സേവിക്കുന്നവരും സേവിക്കാത്തവരും തമ്മിലുള്ള വ്യത്യാസം
4 ആളുകൾ സ്വസ്നേഹികളും പണക്കൊതിയന്മാരും ആയിരിക്കുമെന്നു പറഞ്ഞതിനു ശേഷം പലരും പൊങ്ങച്ചക്കാരും ധാർഷ്ട്യമുള്ളവരും അഹങ്കാരത്താൽ ചീർത്തവരും ആയിരിക്കുമെന്നും പൗലോസ് എഴുതി. കഴിവുകളോ സൗന്ദര്യമോ സമ്പത്തോ സ്ഥാനമാനങ്ങളോ കാരണം ഒരു വ്യക്തിക്കു തോന്നിയേക്കാവുന്ന ഉന്നതഭാവത്തെയാണ് ഈ മോശം ഗുണങ്ങൾ ചിത്രീകരിക്കുന്നത്. ഇത്തരം ഗുണങ്ങളുള്ള ആളുകൾ മറ്റുള്ളവരുടെ അംഗീകാരത്തിനും ആദരവിനും വേണ്ടി ദാഹിക്കുന്നു. അഹങ്കാരംകൊണ്ട് മൂടിനിൽക്കുന്ന ഒരു വ്യക്തി എങ്ങനെയായിരിക്കുമെന്ന് ഒരു പണ്ഡിതൻ പറയുന്നു: “അയാളുടെ ഹൃദയത്തിൽ തന്നെത്തന്നെ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ചെറിയ അൾത്താരയുണ്ട്, അവിടെ അയാൾ അയാൾക്കു മുമ്പിൽത്തന്നെ കുമ്പിടുന്നു!” അഹങ്കാരം അത്ര അരോചകമായതുകൊണ്ട് ആ ഗുണമുള്ളവർക്കുപോലും മറ്റുള്ളവർ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നതു കാണുമ്പോൾ രസിക്കില്ല.
5 അഹങ്കാരം യഹോവ അങ്ങേയറ്റം വെറുക്കുന്നു. “അഹങ്കാരം നിറഞ്ഞ കണ്ണുകൾ” യഹോവയ്ക്കു വെറുപ്പാണെന്നു ബൈബിൾ പറയുന്നു. (സുഭാ. 6:16, 17) ദൈവത്തെ സമീപിക്കുന്നതിൽനിന്ന് അത് ഒരുവനെ തടയുന്നു. (സങ്കീ. 10:4) അഹങ്കാരം സാത്താന്റെ ഒരു സ്വഭാവവിശേഷതയാണ്. (1 തിമൊ. 3:6) യഹോവയുടെ ചില വിശ്വസ്തരായ ദാസന്മാരെപ്പോലും അഹങ്കാരം ബാധിച്ചിട്ടുണ്ട് എന്നതു സങ്കടകരമാണ്. യഹൂദയുടെ രാജാവായിരുന്ന ഉസ്സീയ വർഷങ്ങളോളം വിശ്വസ്തനായിരുന്നു. പക്ഷേ, പിന്നീട് എന്തു സംഭവിച്ചെന്നു ബൈബിൾ പറയുന്നു: “ശക്തനായിത്തീർന്നപ്പോൾ സ്വന്തം നാശത്തിനായി ഉസ്സീയയുടെ ഹൃദയം അഹങ്കരിച്ചു. യാഗപീഠത്തിൽ സുഗന്ധക്കൂട്ട് അർപ്പിക്കാനായി യഹോവയുടെ ആലയത്തിനുള്ളിലേക്കു കയറിച്ചെന്നുകൊണ്ട് ഉസ്സീയ തന്റെ ദൈവമായ യഹോവയോട് അവിശ്വസ്തത കാണിച്ചു.” കുറച്ച് കാലത്തേക്കാണെങ്കിൽക്കൂടി, ഹിസ്കിയ രാജാവിനെയും അഹങ്കാരം പിടികൂടി.—2 ദിന. 26:16; 32:25, 26.
സങ്കീർത്തനങ്ങളുടെ മൂന്നും നാലും പുസ്തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ
75:4, 5, 10—‘കൊമ്പ്’ എന്ന പദപ്രയോഗം എന്തിനെ അർഥമാക്കുന്നു? ഒരു മൃഗത്തിന് അതിന്റെ കൊമ്പുകൾ കരുത്തുറ്റ ആയുധമാണ്. അതുകൊണ്ട് ‘കൊമ്പ്’ എന്ന പ്രയോഗം ആലങ്കാരികമായി ശക്തിയെ അഥവാ കരുത്തിനെ അർഥമാക്കുന്നു. യഹോവ തന്റെ ജനത്തിന്റെ കൊമ്പുകൾ ഉയർത്തിക്കൊണ്ട് അവരെ ഉന്നതരാക്കുന്നു. എന്നാൽ അവൻ “ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും . . . മുറിച്ചുകളയു”ന്നു. “കൊമ്പു മേലോട്ടു ഉയർത്തരുത്” എന്നു നമുക്കു മുന്നറിയിപ്പു നൽകിയിരിക്കുന്നു. നാം അഹങ്കാരമോ ഗർവോ ഉള്ളവരായിരിക്കരുത് എന്നാണ് അതിന്റെ അർഥം. ഉയർത്തുന്നത് യഹോവയായതിനാൽ സഭയിൽ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നതിനുള്ള നിയമനങ്ങൾ യഹോവയിൽനിന്നു വരുന്നതായി കണക്കാക്കണം.—സങ്കീർത്തനം 75:7.
ആത്മീയരത്നങ്ങൾ
സങ്കീർത്തനങ്ങളുടെ മൂന്നും നാലും പുസ്തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ
76:10—“മനുഷ്യന്റെ ക്രോധ”ത്തിന് യഹോവയെ സ്തുതിക്കാൻ കഴിയുന്നത് എങ്ങനെ? നാം യഹോവയുടെ ദാസന്മാരാണ് എന്നതിന്റെ പേരിൽ നമുക്കെതിരെ ക്രോധം പ്രകടിപ്പിക്കാൻ യഹോവ ആളുകളെ അനുവദിക്കുമ്പോൾ അതിന് ഒരു നല്ല ഫലം ഉളവാക്കാൻ കഴിയും. നാം അനുഭവിച്ചേക്കാവുന്ന ഏതൊരു ബുദ്ധിമുട്ടുകൾക്കും ഏതെങ്കിലും വിധത്തിൽ നമ്മെ പരിശീലിപ്പിക്കാൻ കഴിയും. ആ പരിശീലനം ലഭിക്കുന്ന അളവോളം മാത്രമേ യഹോവ കഷ്ടത അനുവദിക്കുകയുള്ളൂ. (1 പത്രൊസ് 5:10) മനുഷ്യരുടെ ‘ക്രോധശിഷ്ടത്തെ ദൈവം തന്റെ അരെക്കു കെട്ടുന്നു.’ മരണം സംഭവിക്കുന്ന ഘട്ടത്തോളം നമുക്ക് കഷ്ടത സഹിക്കേണ്ടിവരുന്നെങ്കിലോ? അതിനും യഹോവയ്ക്കു സ്തുതി കരേറ്റാനാകും. കാരണം നാം വിശ്വസ്തമായി സഹിച്ചുനിൽക്കുന്നതു കാണുന്നവരും ദൈവത്തെ മഹത്ത്വപ്പെടുത്താൻ തുടങ്ങിയേക്കാം.
ആഗസ്റ്റ് 26–സെപ്റ്റംബർ 1
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 78
ഇസ്രായേല്യരുടെ അവിശ്വസ്തത—ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തം
“പൂർവ്വകാലം ഓർത്തുകൊൾവിൻ” എന്തുകൊണ്ട്?
ദുഃഖകരമെന്നു പറയട്ടെ, ഇസ്രായേല്യർ മിക്കപ്പോഴും മറവിയെന്ന അപരാധത്തിനു വശംവദരായി. ഫലമെന്തായിരുന്നു? “അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു. . . . അവന്റെ കയ്യും അവൻ ശത്രുവിൻ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവർ ഓർത്തില്ല.” (സങ്കീർത്തനം 78:41, 42) ഒടുവിൽ, യഹോവയുടെ കൽപ്പനകൾ അവർ മറന്നുകളഞ്ഞത് അവൻ അവരെ തള്ളിക്കളയുന്നതിൽ കലാശിച്ചു.—മത്തായി 21:42, 43.
സങ്കീർത്തനക്കാരൻ ഒരു നല്ല മാതൃക വെക്കുകയുണ്ടായി. അവൻ എഴുതി: “ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും; ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.” (സങ്കീർത്തനം 77:11, 12) പൂർവകാല വിശ്വസ്ത സേവനത്തെയും യഹോവയുടെ സ്നേഹനിർഭരമായ പ്രവൃത്തികളെയും കുറിച്ചുള്ള ധ്യാനനിർഭരമായ ഓർമിക്കൽ നമുക്ക് ആവശ്യമായ പ്രചോദനവും പ്രോത്സാഹനവും വിലമതിപ്പും പ്രദാനം ചെയ്യും. കൂടാതെ, “പൂർവ്വദിവസങ്ങളെ ഓർക്കു”ന്നതു ക്ഷീണമകറ്റാൻ ഉപകരിക്കുമെന്നു മാത്രമല്ല വിശ്വസ്തതയോടെ സഹിച്ചു നിൽക്കാനും നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യാനും നമ്മെ പ്രേരിപ്പിക്കും.
പിറുപിറുപ്പ് ഒഴിവാക്കുക
16 നമ്മിലും നമ്മുടെ പ്രശ്നങ്ങളിലും മനസ്സു കേന്ദ്രീകരിക്കാനും യഹോവയുടെ സാക്ഷികളെന്ന നിലയിൽ നമുക്കുള്ള അനുഗ്രഹങ്ങൾ വിസ്മരിച്ചുകളയാനും പിറുപിറുപ്പ് ഇടയാക്കുന്നു. പരാതിപ്പെടാനുള്ള പ്രവണത ചെറുത്തുനിൽക്കാൻ നാം അത്തരം അനുഗ്രഹങ്ങൾ എപ്പോഴും നമ്മുടെ കൺമുമ്പിൽ നിറുത്തണം. ഉദാഹരണത്തിന് നമുക്കോരോരുത്തർക്കും യഹോവയുടെ നാമം വഹിക്കുന്നതിനുള്ള മഹത്തായ പദവിയുണ്ട്. (യെശയ്യാവു 43:10) അവനുമായി ഉറ്റബന്ധം വളർത്തിയെടുക്കാനും “പ്രാർത്ഥന കേൾക്കുന്ന”വനെന്ന നിലയിൽ ഏതുനേരത്തും അവനോടു സംസാരിക്കാനും നമുക്കു കഴിയും. (സങ്കീർത്തനം 65:2; യാക്കോബ് 4:8) നാം അഖിലാണ്ഡ പരമാധികാരം സംബന്ധിച്ച വിവാദവിഷയം മനസ്സിലാക്കുകയും ദൈവത്തോടു വിശ്വസ്തരായി ജീവിക്കുകയെന്നതു നമ്മുടെ പദവിയാണെന്നു തിരിച്ചറിയുകയും ചെയ്യുന്നു. അതു നമ്മുടെ ജീവിതത്തിന് യഥാർഥ അർഥം പകരുന്നു. (സദൃശവാക്യങ്ങൾ 27:11) രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിൽ ക്രമമായ പങ്കുണ്ടായിരിക്കാനും നമുക്ക് അവസരമുണ്ട്. (മത്തായി 24:14) യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസം ശുദ്ധമായ മനസ്സാക്ഷിയുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്നു. (യോഹന്നാൻ 3:16) വിവിധ ക്ലേശങ്ങൾക്കുമധ്യേയും നാം ആസ്വദിക്കുന്ന അനുഗ്രഹങ്ങളാണ് ഇവയെല്ലാം.
w11-E 7/1 10 ¶3-4
യഹോവയ്ക്കു വികാരങ്ങളുണ്ടോ?
സങ്കീർത്തനക്കാരൻ പറയുന്നു: “വിജനഭൂമിയിൽവെച്ച് എത്ര കൂടെക്കൂടെ അവർ മത്സരിച്ചു!” (40-ാം വാക്യം) അടുത്ത വാക്യം പറയുന്നു: “അവർ വീണ്ടുംവീണ്ടും ദൈവത്തെ പരീക്ഷിച്ചു.” (41-ാം വാക്യം) ഇസ്രായേല്യർ അനുസരണക്കേട് ഒരു ശീലമാക്കിയെന്നാണ് എഴുത്തുകാരൻ പറയുന്നത്. ഈജിപ്തിൽനിന്ന് അവരെ മോചിപ്പിച്ച് അധികംവൈകാതെ വിജനഭൂമിയിൽവെച്ചുതന്നെ അവരുടെ ഈ പ്രവൃത്തി തുടങ്ങി. തങ്ങൾക്കുവേണ്ടി കരുതാനുള്ള ശക്തി ദൈവത്തിനുണ്ടോ, ദൈവം അങ്ങനെ ചെയ്യുമോ എന്നതിനെക്കുറിച്ചെല്ലാം അവർ ചോദ്യം ചെയ്തുതുടങ്ങി. (സംഖ്യ 14:1-4) ബൈബിൾപരിഭാഷകർക്കുവേണ്ടിയുള്ള ഒരു പുസ്തകം പറയുന്നത്, “കൂടെക്കൂടെ അവർ മത്സരിച്ചു” എന്നതിനെ “‘ദൈവത്തിന് എതിരെ തങ്ങളുടെ ഹൃദയം കഠിനമാക്കി’ അല്ലെങ്കിൽ ‘അവർ ദൈവത്തോട് “ഇല്ല” എന്നു പറഞ്ഞു’ എന്നൊക്കെ ആലങ്കാരികമായി പരിഭാഷപ്പെടുത്താനാകും” എന്നാണ്. എന്നാൽ മാനസാന്തരപ്പെട്ടപ്പോഴെല്ലാം ദൈവം ദയ തോന്നി അവരോടു ക്ഷമിച്ചു. എങ്കിലും അവർ വീണ്ടും പഴയതുപോലെതന്നെ മത്സരിച്ചുകൊണ്ട് അതേ പടി തുടർന്നു.—സങ്കീർത്തനം 78:10-19, 38.
എപ്പോഴും മനസ്സു മാറിക്കൊണ്ടിരിക്കുന്ന ഈ ആളുകളുടെ അനുസരണക്കേടു കണ്ടപ്പോൾ യഹോവയ്ക്ക് എന്തു തോന്നി? അവർ “ദൈവത്തെ മുറിപ്പെടുത്തി” എന്ന് 40-ാം വാക്യം പറയുന്നു. മറ്റൊരു പരിഭാഷ പറയുന്നത് “അവർ ദൈവത്തെ ദുഃഖിപ്പിച്ചു” എന്നാണ്. ഒരു ബൈബിൾ പരാമർശഗ്രന്ഥം ഇങ്ങനെ പറയുന്നു: “ഇതിന്റെ അർഥം എബ്രായരുടെ പ്രവൃത്തികൾ അനുസരണംകെട്ട, വഴക്കാളിയായ ഒരു കുട്ടിയുടെ പ്രവൃത്തിപോലെ ദുഃഖിപ്പിക്കുന്നതായിരുന്നു എന്നാണ്.” അച്ചടക്കമില്ലാത്ത ഒരു കുട്ടിയുടെ പ്രവൃത്തി മാതാപിതാക്കളുടെ ഹൃദയത്തെ വേദനിപ്പിക്കുന്നതുപോലെ മത്സരികളായ ഇസ്രായേല്യരുടെ പ്രവൃത്തികൾ “ഇസ്രായേലിന്റെ പരിശുദ്ധനെ ദുഃഖിപ്പിച്ചു.”—41-ാം വാക്യം.
ആത്മീയരത്നങ്ങൾ
സങ്കീർത്തനങ്ങളുടെ മൂന്നും നാലും പുസ്തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ
78:24, 25—മന്നയെ “സ്വർഗ്ഗീയധാന്യം” എന്നും “ശക്തിമാന്മാരുടെ അപ്പം” എന്നും വിളിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? ഇവിടെ പറഞ്ഞിരിക്കുന്ന ‘ശക്തിമാന്മാർ’ സ്വർഗത്തിലെ ദൂതന്മാരാണ്. എന്നിരുന്നാലും, ഈ രണ്ടു പ്രയോഗങ്ങളും മന്ന ദൂതന്മാരുടെ ഭക്ഷണമായിരുന്നെന്നു സൂചിപ്പിക്കുന്നില്ല. സ്വർഗീയ ഉറവിൽനിന്ന് ഉള്ളതായിരുന്നു എന്ന അർഥത്തിലാണ് അതിനെ “സ്വർഗ്ഗീയധാന്യം” എന്നു വിളിച്ചിരിക്കുന്നത്. (സങ്കീർത്തനം 105:40, NW) ദൂതന്മാർ അഥവാ ‘ശക്തിമാന്മാർ’ സ്വർഗത്തിൽ വസിക്കുന്നതുകൊണ്ട് അതു പ്രദാനംചെയ്തത് സ്വർഗത്തിൽ വസിക്കുന്ന ദൈവമാണ് എന്നായിരിക്കാം “ശക്തിമാന്മാരുടെ അപ്പം” എന്ന പ്രയോഗം അർഥമാക്കുന്നത്. (സങ്കീർത്തനം 11:4) മാത്രവുമല്ല, ഇസ്രായേല്യർക്ക് മന്ന പ്രദാനംചെയ്യാൻ യഹോവ ദൂതന്മാരെ ഉപയോഗിക്കുകയും ചെയ്തിരിക്കാം.