ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
© 2024 Watch Tower Bible and Tract Society of Pennsylvania
നവംബർ 4-10
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 105
‘ദൈവം തന്റെ ഉടമ്പടി എക്കാലവും ഓർക്കുന്നു’
പുതിയ ലോകത്തെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനത്തിൽ വിശ്വാസം ശക്തമാക്കാം
11 ഒരിക്കലും നടക്കില്ലെന്നു തോന്നുമായിരുന്ന ചില വാഗ്ദാനങ്ങൾ ദൈവം തന്റെ ജനത്തിനു നൽകിയിട്ടുണ്ട്. വയസ്സുചെന്ന അബ്രാഹാമിനും സാറയ്ക്കും ഒരു മകൻ ജനിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തു. (ഉൽപ. 17:15-17) അബ്രാഹാമിന്റെ പിൻതലമുറക്കാർക്കു കനാൻ ദേശം കൊടുക്കുമെന്നും യഹോവ അദ്ദേഹത്തോടു പറഞ്ഞു. അബ്രാഹാമിന്റെ പിൻതലമുറക്കാരായ ഇസ്രായേല്യർ കുറെ വർഷങ്ങൾ ഈജിപ്തിൽ അടിമകളായിരുന്നു. അതുകൊണ്ടുതന്നെ യഹോവയുടെ ആ വാഗ്ദാനം ഒരിക്കലും നിറവേറില്ലെന്നു തോന്നാമായിരുന്നു. പക്ഷേ യഹോവ പറഞ്ഞതാണു സംഭവിച്ചത്. വർഷങ്ങൾക്കുശേഷം വയസ്സുചെന്ന എലിസബത്ത് ഒരു കുഞ്ഞിനു ജന്മം നൽകുമെന്ന് യഹോവ അറിയിച്ചു. അതുപോലെ കന്യകയായ മറിയയോട് അവൾ തന്റെ മകനു ജന്മം നൽകുമെന്നു യഹോവ പറഞ്ഞു. യേശു ജനിച്ചപ്പോൾ ആ വാഗ്ദാനം നിറവേറി. അതിലൂടെ ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഏദെൻ തോട്ടത്തിൽവെച്ച് യഹോവ നൽകിയ വാഗ്ദാനവും നിറവേറുകയായിരുന്നു!—ഉൽപ. 3:15.
12 യഹോവ നൽകിയ എല്ലാ വാഗ്ദാനങ്ങളെക്കുറിച്ചും അവ നിറവേറിയതിനെക്കുറിച്ചും ചിന്തിക്കുന്നത് യഹോവ എത്ര ശക്തനാണെന്നു തിരിച്ചറിയാൻ നമ്മളെ സഹായിക്കും. (യോശുവ 23:14; യശയ്യ 55:10, 11 വായിക്കുക.) അങ്ങനെ ചിന്തിക്കുന്നതു ഭാവിയെക്കുറിച്ച് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങളിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കും. അപ്പോൾ പുതിയ ലോകം വെറുമൊരു സ്വപ്നമോ സങ്കൽപ്പമോ അല്ലെന്നു മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കാനും നമുക്കാകും. പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും വാഗ്ദാനത്തെക്കുറിച്ച് യഹോവ പറഞ്ഞത് ഇതാണ്: “ഈ വാക്കുകൾ സത്യമാണ്, ഇവ വിശ്വസിക്കാം.”—വെളി. 21:1, 5.
it-2-E 1201 ¶2
വാക്ക്
യഹോവയുടെ വാക്കുകൾ വിശ്വസിക്കാനാകും. തന്റെ വാഗ്ദാനങ്ങൾ യഹോവ എപ്പോഴും പാലിക്കുന്നു. (ആവ 9:5; സങ്ക 105:42-45) യഹോവയ്ക്കു തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിനുവേണ്ടി ഏത് സൃഷ്ടിയെ വേണമെങ്കിലും ഉപയോഗിക്കാനാകും. (സങ്ക 103:20; 148:8) തന്റെ വചനം അല്ലെങ്കിൽ വാക്കുകൾ “എന്നും നിലനിൽക്കുന്നു” എന്നും താൻ ഉദ്ദേശിച്ച കാര്യം നടപ്പാക്കാതെ അത് മടങ്ങിവരില്ല എന്നും യഹോവ ഉറപ്പു തരുന്നു.—യശ 40:8; 55:10, 11; 1പത്ര 1:25.
ആത്മീയരത്നങ്ങൾ
w86-E 11/1 19 ¶15
ചെറുപ്പക്കാരേ, സന്തോഷവും ഐക്യവും ഉള്ള കുടുംബത്തിൽ നിങ്ങൾക്കുള്ള പങ്ക്
15 “അവർ യോസേഫിന്റെ കാലുകളെ വിലങ്ങുകൊണ്ട് ബന്ധിച്ചു, കഴുത്തിൽ ചങ്ങല അണിയിച്ചു. ദൈവം പറഞ്ഞതു സംഭവിക്കുന്നതുവരെ യോസേഫ് അങ്ങനെ കഴിഞ്ഞു; യഹോവയുടെ വചനമാണു യോസേഫിനെ ശുദ്ധീകരിച്ചത്.” (സങ്കീർത്തനങ്ങൾ 105:17-19) യഹോവയുടെ വാഗ്ദാനം നിവൃത്തിയേറുന്നതുവരെ, 13 വർഷം യോസേഫിന് ഒരു അടിമയായും തടവുകാരനായും കഴിയേണ്ടിവന്നു. എങ്കിലും ‘യഹോവയുടെ വചനത്തിൽ’ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് ആ അനുഭവങ്ങളെല്ലാം യോസേഫിനെ ശുദ്ധീകരിച്ചു. ക്ഷമ, താഴ്മ, യഹോവയുമായുള്ള ശക്തമായ ബന്ധം, ബുദ്ധിമുട്ടുള്ള നിയമനങ്ങൾ ചെയ്യാനുള്ള മനസ്സൊരുക്കം എന്നിവപോലുള്ള നല്ല ഗുണങ്ങൾ വളർത്തിയെടുക്കാൻ യോസേഫിന് ആ സമയംകൊണ്ട് കഴിഞ്ഞു. പരിശോധനകളിലൂടെ കടന്നുപോയപ്പോൾ യോസേഫ് തീയിൽ ഇട്ട് ശുദ്ധീകരിച്ചെടുത്ത തനിത്തങ്കംപോലെയായി. അദ്ദേഹം യഹോവയ്ക്കു കൂടുതൽ വിലപ്പെട്ടവനായിത്തീർന്നു. യഹോവ അദ്ദേഹത്തെ ശ്രദ്ധേയമായ വിധങ്ങളിൽ പിന്നീട് ഉപയോഗിച്ചു.—ഉൽപത്തി 41:14, 38-41, 46; 42:6, 9.
നവംബർ 11-17
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 106
“തങ്ങളുടെ രക്ഷകനായ ദൈവത്തെ അവർ വിസ്മരിച്ചു”
“ആരാണ് യഹോവയുടെ പക്ഷത്തുള്ളത്?”
13 ഇരുണ്ട മേഘവും മിന്നലും ദൈവശക്തിയുടെ പ്രകടനമായ മറ്റ് അടയാളങ്ങളും കണ്ട് ഇസ്രായേല്യർ ഭയചകിതരായി. അതുകൊണ്ട് അവരുടെ അഭ്യർഥന മാനിച്ച് അവർക്കുവേണ്ടി യഹോവയോടു സംസാരിക്കാൻ മോശ സീനായ് പർവതത്തിലേക്കു കയറിപ്പോയി. (പുറ. 20:18-21) മോശ പർവതത്തിൽനിന്ന് തിരിച്ചുവരാൻ വൈകുന്നതായി ഇസ്രായേല്യർക്കു തോന്നി. അവർ ആകെ ആശങ്കാകുലരായി. ‘ആശ്രയയോഗ്യനായ ഞങ്ങളുടെ നേതാവില്ലാതെ ഞങ്ങൾ ഇനി എന്തു ചെയ്യും’ എന്ന് അവർ ചിന്തിച്ചുകാണുമോ? അവരുടെ നേതാവിൽ അവർ വെച്ച ആ ആശ്രയം അൽപ്പം അതിരുകവിഞ്ഞുപോയി എന്നു വ്യക്തമല്ലേ? അവർ അഹരോനോടു പറഞ്ഞു: “ഞങ്ങളെ നയിക്കാൻ ഒരു ദൈവത്തെ ഉണ്ടാക്കിത്തരുക. ഈജിപ്ത് ദേശത്തുനിന്ന് ഞങ്ങളെ നയിച്ചുകൊണ്ടുവന്ന ആ മോശയ്ക്ക് എന്തു പറ്റിയെന്ന് ആർക്ക് അറിയാം.”—പുറ. 32:1, 2.
ആത്മീയരത്നങ്ങൾ
സങ്കീർത്തനങ്ങളുടെ മൂന്നും നാലും പുസ്തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ
106:36, 37. ഈ വാക്യങ്ങൾ വിഗ്രഹാരാധനയെ, ഭൂതങ്ങൾക്കു ബലികഴിക്കുന്നതുമായി ബന്ധപ്പെടുത്തുന്നു. വിഗ്രഹങ്ങൾ ഉപയോഗിക്കുന്ന ഒരു വ്യക്തി ഭൂതങ്ങളുടെ സ്വാധീനത്തിലായേക്കാം എന്ന് ഇതു സൂചിപ്പിക്കുന്നു. ബൈബിൾ നമ്മെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: “വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ.”—1 യോഹന്നാൻ 5:21.
നവംബർ 18-24
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 107-108
“യഹോവയോടു നന്ദി പറയുവിൻ; ദൈവം നല്ലവനല്ലോ”
സഭ യഹോവയെ സ്തുതിക്കട്ടെ
2 സഭ കേവലമൊരു സാമൂഹികക്കൂട്ടമല്ല. സമാന പശ്ചാത്തലങ്ങളിലുള്ളവരോ ചില പ്രത്യേക വിനോദങ്ങളിലോ കളികളിലോ താത്പര്യമുള്ളവരോ കൂടിവരുന്ന ഒരു ക്ലബ്ബോ സമാജമോ അല്ല അത്. മറിച്ച് മുഖ്യമായും യഹോവയാം ദൈവത്തിന്റെ സ്തുതിക്കായി ഏർപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു ക്രമീകരണമാണത്. പണ്ടുമുതലേ അത് അങ്ങനെ ആയിരുന്നിട്ടുണ്ട്. ഈ വസ്തുതയ്ക്കു സങ്കീർത്തനപ്പുസ്തകം അടിവരയിടുന്നു. “ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും” എന്ന് സങ്കീർത്തനം 35:18 പറയുന്നു. സമാനമായി സങ്കീർത്തനം 107:31, 32 ഈ ആഹ്വാനം നൽകുന്നു: “അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും . . . ചെയ്യട്ടെ.”
യഹോവയോട് നന്ദി പറഞ്ഞുകൊണ്ട് അനുഗ്രഹങ്ങൾ രുചിച്ചറിയുക
4 നന്ദിനിറഞ്ഞ ഒരു ഹൃദയനില വളർത്തിയെടുക്കാനും നിലനിറുത്താനും നമുക്കു കഴിയണമെങ്കിൽ, യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങളും അവൻ നമ്മോട് വിശ്വസ്തസ്നേഹം കാണിച്ചിരിക്കുന്ന വിധങ്ങളും നാം തിരിച്ചറിയുകയും വിലമതിപ്പോടെ ധ്യാനിക്കുകയും വേണം. സങ്കീർത്തനക്കാരൻ അങ്ങനെ ചെയ്തപ്പോൾ, യഹോവ ചെയ്ത അനവധിയായ അത്ഭുതകാര്യങ്ങളെപ്രതി അവന്റെ ഹൃദയത്തിൽ നന്ദിയും ഭക്ത്യാദരവും നിറഞ്ഞു.—സങ്കീർത്തനം 40:5; 107:43 വായിക്കുക.
ആത്മീയരത്നങ്ങൾ
it-2-E 420 ¶4
മോവാബ്
ദാവീദ് രാജാവായി ഭരിച്ചിരുന്ന കാലത്ത് ഇസ്രായേലും മോവാബും തമ്മിൽ ഒരു യുദ്ധമുണ്ടായി. ദാവീദിന്റെ സൈന്യം മോവാബ്യരെ തോൽപ്പിച്ചു. അവരുടെ സൈന്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗം കൊല്ലപ്പെട്ടു. (2ശമു 8:2, 11, 12; 1ദിന 18:2, 11) യഹോയാദയുടെ മകനായ ബനയ ‘മോവാബുകാരനായ അരിയേലിന്റെ രണ്ട് ആൺമക്കളെ വെട്ടിവീഴ്ത്തി.’ (2ശമു 23:20; 1ദിന 11:22) ഈ വൻവിജയം 400 വർഷം മുമ്പ് ബിലെയാം നടത്തിയ പ്രവചനത്തിന്റെ നിവൃത്തിയായിരുന്നു. (സംഖ 24:17) സങ്കീർത്തനക്കാരൻ മോവാബിനെ ദൈവത്തിനു “കൈ കഴുകാനുള്ള പാത്രം” എന്ന് ഉപമിച്ചത് ഈ വിജയത്തെക്കുറിച്ച് പരാമർശിക്കാനായിരിക്കാം.—സങ്ക 60:8; 108:9.
നവംബർ 25–ഡിസംബർ 1
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 109-112
രാജാവായ യേശുവിനെ പിന്തുണയ്ക്കുക!
സങ്കീർത്തനങ്ങളുടെ അഞ്ചാം പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
110:1, 2—ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കവേ “[ദാവീദിന്റെ] കർത്താ”വായ യേശുക്രിസ്തു എന്തു ചെയ്തു? പുനരുത്ഥാനശേഷം സ്വർഗാരോഹണംചെയ്ത യേശു രാജാവെന്ന നിലയിൽ ഭരണം തുടങ്ങുന്നതിനായി 1914 വരെ ദൈവത്തിന്റെ വലത്തുഭാഗത്തു കാത്തിരുന്നു. ആ സമയത്ത്, തന്റെ അഭിഷിക്ത അനുഗാമികളെ പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ നയിക്കുകയും തന്റെ രാജ്യത്തിൽ സഹഭരണാധികാരികൾ ആയിരിക്കാൻ വേണ്ടി അവരെ ഒരുക്കുകയും ചെയ്തുകൊണ്ട് യേശു അവരുടെമേൽ ഭരണം നടത്തി.—മത്തായി 24:14; 28:18-20; ലൂക്കൊസ് 22:28-30.
ദൈവത്തിനെതിരെ പോരാടുന്നവർ വിജയിക്കുകയില്ല!
3 ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ യഹോവയുടെ ജനം ആക്രമിക്കപ്പെട്ടിട്ടുണ്ട്. ദൈവരാജ്യ സുവാർത്തയുടെ ഘോഷണം തടയാൻ, അതിനെ നിശ്ശബ്ദമാക്കാൻ, പല ദേശങ്ങളിലും ദുരുദ്ദേശ്യമുള്ള വ്യക്തികൾ ശ്രമിച്ചിട്ടുണ്ട്. “അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുന്ന” നമ്മുടെ മുഖ്യ പ്രതിയോഗിയായ പിശാച് അവരെ അതിനായി പ്രേരിപ്പിച്ചിട്ടുണ്ട്. (1 പത്രൊസ് 5:8) 1914-ൽ “ജനതകളുടെ നിയമിത കാലം” അവസാനിച്ച ശേഷം ഭൂമിയുടെ പുതിയ രാജാവായി യഹോവ തന്റെ പുത്രനെ അവരോധിച്ചു. “നിന്റെ ശത്രുക്കളുടെ മധ്യേ കീഴടക്കിക്കൊണ്ടു പുറപ്പെടുക” എന്ന കൽപ്പനയും അവനു നൽകി. (ലൂക്കൊസ് 21:24; സങ്കീർത്തനം 110:2; NW) ക്രിസ്തുയേശു തന്റെ രാജ്യാധികാരം ഉപയോഗിച്ച് മഹാസർപ്പമായ സാത്താനെ സ്വർഗത്തിൽനിന്നു പുറത്താക്കുകയും അവന്റെ പ്രവർത്തനം ഭൂമിയിൽ മാത്രമായി ഒതുക്കുകയും ചെയ്തു. തനിക്ക് അൽപ്പ സമയമേ ശേഷിക്കുന്നുള്ളൂ എന്ന് അറിഞ്ഞുകൊണ്ട് സാത്താൻ അഭിഷിക്ത ക്രിസ്ത്യാനികൾക്കും അവരുടെ സഹകാരികൾക്കും എതിരെ തന്റെ കോപം അഴിച്ചുവിടുന്നു. (വെളിപ്പാടു 12:9, 17) ദൈവത്തിനെതിരെ പോരാടുന്ന ഇവരുടെ ആവർത്തിച്ചുള്ള ആക്രമണങ്ങളുടെ ഫലം എന്തായിരുന്നു?
പുരോഗമനോന്മുഖരായിരിക്കുക—അഭിവൃദ്ധി കൈവരിക്കുക
നിങ്ങളുടെ വരം ഉപയോഗിക്കാനുള്ള ഉദ്ബോധനം മുൻകൈയെടുത്തു പ്രവർത്തിക്കുന്നതിനെ സൂചിപ്പിക്കുന്നു. വയൽശുശ്രൂഷയിൽ മറ്റുള്ളവരോടൊപ്പം പ്രവർത്തിക്കുന്നതിനു നിങ്ങൾ മുൻകൈ എടുക്കുന്നുവോ? നിങ്ങളുടെ സഭയിലെ പുതിയവരോ ചെറുപ്പക്കാരോ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരോ ആയവരെ സഹായിക്കാനുള്ള അവസരങ്ങൾ നിങ്ങൾ തേടുന്നുവോ? രാജ്യഹാൾ വൃത്തിയാക്കാനോ കൺവെൻഷനുകളിലും സമ്മേളനങ്ങളിലും പല വിധങ്ങളിൽ സഹായിക്കാനോ നിങ്ങൾ സ്വമേധയാ തയ്യാറാകുന്നുവോ? നിങ്ങൾക്കു ക്രമമായ ഇടവേളകളിൽ സഹായ പയനിയറിങ് ചെയ്യാൻ കഴിയുമോ? ഒരു സാധാരണ പയനിയറായി സേവിക്കാനോ ആവശ്യം കൂടുതലുള്ള ഒരു സഭയിൽ സഹായിക്കാനോ നിങ്ങൾക്കു സാധിക്കുമോ? നിങ്ങൾ ഒരു സഹോദരൻ ആണെങ്കിൽ, ശുശ്രൂഷാദാസന്മാർക്കും മൂപ്പന്മാർക്കും ഉള്ള തിരുവെഴുത്തു യോഗ്യതകളിൽ എത്തിച്ചേരാൻ നിങ്ങൾ ശ്രമിക്കുന്നുവോ? സഹായിക്കാനും ഉത്തരവാദിത്വം സ്വീകരിക്കാനും നിങ്ങൾ സ്വമേധയാ തയ്യാറാകുന്നത് അഭിവൃദ്ധിയുടെ ലക്ഷണമാണ്.—സങ്കീ. 110:3.
ആത്മീയരത്നങ്ങൾ
ദൈവരാജ്യത്തിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരിക്കുക
15 സ്ത്രീയുടെ സന്തതി രാജാവായി ഭരിക്കുമെന്ന് അബ്രാഹാമ്യ ഉടമ്പടിയും ദാവീദിക ഉടമ്പടിയും വ്യക്തമാക്കി. എന്നാൽ സകല ജനതകൾക്കും അനുഗ്രഹങ്ങൾ ചൊരിയുന്നതിന് സന്തതി രാജാവായിരുന്നാൽ മാത്രം മതിയാകുമായിരുന്നില്ല, ഒരു പുരോഹിതനായും സേവിക്കണമായിരുന്നു. ഒരു പുരോഹിതൻ അർപ്പിക്കുന്ന യാഗത്തിനു മാത്രമേ അവരെ അവരുടെ പാപാവസ്ഥയിൽനിന്ന് മോചിപ്പിക്കാനും യഹോവയുടെ സാർവത്രികകുടുംബത്തിന്റെ ഭാഗമാക്കാനും കഴിയുമായിരുന്നുള്ളൂ. ഇതിനുവേണ്ടി ജ്ഞാനിയായ സ്രഷ്ടാവ് മറ്റൊരു നിയമപരമായ ക്രമീകരണം ചെയ്തു. അതാണ് മൽക്കീസേദെക്കിനെപ്പോലെയുള്ള ഒരു പുരോഹിതനുവേണ്ടിയുള്ള ഉടമ്പടി.
16 താൻ യേശുവുമായി നേരിട്ട് ഒരു ഉടമ്പടിയിൽ ഏർപ്പെടുമെന്ന് യഹോവ ദാവീദ് രാജാവിലൂടെ വെളിപ്പെടുത്തി. ആ ഉടമ്പടി രണ്ട് ലക്ഷ്യങ്ങൾ സാധിക്കുമായിരുന്നു. ഒന്ന്, യേശു ശത്രുക്കളെയെല്ലാം കീഴ്പെടുത്തുന്നതുവരെ ദൈവത്തിന്റെ ‘വലത്തുഭാഗത്തിരിക്കും.’ രണ്ട്, അവൻ “മല്ക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിത”നായിരിക്കും. (സങ്കീർത്തനം 110:1, 2, 4 വായിക്കുക.) “മല്ക്കീസേദെക്കിന്റെ വിധത്തിൽ” എന്ന് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? അബ്രാഹാമിന്റെ സന്തതികൾ വാഗ്ദത്തദേശം അവകാശമാക്കുന്നതിന് വളരെ മുമ്പ് ശാലേമിലെ രാജാവായിരുന്നു മൽക്കീസേദെക്ക്. ഒരേസമയം “രാജാവും അത്യുന്നത ദൈവത്തിന്റെ പുരോഹിതനു”മായിട്ടാണ് അവൻ സേവിച്ചിരുന്നത്. (എബ്രാ. 7:1-3) യഹോവ നേരിട്ടായിരുന്നു അവനെ അങ്ങനെ നിയമിച്ചത്. ഒരേസമയം രാജാവും പുരോഹിതനും ആയി എബ്രായതിരുവെഴുത്തുകളിൽ പരാമർശിച്ചിരിക്കുന്ന ഒരേ ഒരാൾ അവനാണ്. തന്നെയുമല്ല, അവന്റെ മുൻഗാമിയെയൊ പിൻഗാമിയെയൊ കുറിച്ച് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ “എന്നേക്കും ഒരു പുരോഹിതൻ” എന്ന് അവനെ വിളിക്കാൻ കഴിയുമായിരുന്നു.
17 യഹോവ യേശുവുമായി ചെയ്ത ഈ ഉടമ്പടിപ്രകാരം ഒരു പുരോഹിതനായി സേവിക്കാൻ ദൈവം അവനെ നേരിട്ട് നിയമിച്ചു. അവൻ ‘മൽക്കീസേദെക്കിന്റെ മാതൃകപ്രകാരം എന്നേക്കും ഒരു പുരോഹിതനായി’ തുടരും. (എബ്രാ. 5:4-6) ഭൂമിയെയും മനുഷ്യവർഗത്തെയും കുറിച്ചുള്ള തന്റെ ആദിമോദ്ദേശ്യം നിറവേറ്റാനായി മിശിഹൈകരാജ്യം ഉപയോഗിക്കാൻ യഹോവ തന്നെത്തന്നെ നിയമപരമായി ബാധ്യസ്ഥനാക്കിയിരിക്കുന്നു അഥവാ കടപ്പാടിൻകീഴിലാക്കിയിരിക്കുന്നു എന്ന് ഇതു വ്യക്തമാക്കുന്നു.
ഡിസംബർ 2-8
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 113-118
യഹോവയ്ക്കു നമ്മൾ എന്തു പകരം കൊടുക്കും?
സ്നേഹത്താൽ കെട്ടുപണി ചെയ്യപ്പെടുക
13 നാം ഒന്നാമതായി യഹോവയെ സ്നേഹിക്കണമെന്ന് യേശുവിന്റെ വാക്കുകളിൽനിന്നു വ്യക്തമാണ്. എന്നാൽ യഹോവയോടുള്ള പൂർണമായ സ്നേഹം ജന്മനാ ഉണ്ടാകുന്നതല്ല, മറിച്ച് നാം വളർത്തിയെടുക്കേണ്ട ഒന്നാണ് അത്. അവനെ കുറിച്ച് നാം ആദ്യമായി കേട്ട കാര്യങ്ങൾ നമ്മെ അവനിലേക്ക് ആകർഷിച്ചു. മനുഷ്യവർഗത്തിനുവേണ്ടി അവൻ ഭൂമിയെ ഒരുക്കിയത് എങ്ങനെയെന്നു നാം അൽപ്പാൽപ്പമായി പഠിച്ചു. (ഉല്പത്തി 2:5-23) അവൻ മനുഷ്യവർഗവുമായി ഇടപെട്ടത് എങ്ങനെയെന്നു നാം മനസ്സിലാക്കി. മനുഷ്യ കുടുംബത്തിന്മേൽ പാപം ആദ്യമായി കടന്നാക്രമണം നടത്തിയപ്പോൾ അവരെ ഉപേക്ഷിക്കുന്നതിനു പകരം വീണ്ടെടുക്കാനുള്ള പടികളാണ് അവൻ സ്വീകരിച്ചത്. (ഉല്പത്തി 3:1-5, 15) വിശ്വസ്തരായിരുന്നവരോട് അവൻ ദയാപൂർവം ഇടപെട്ടു. നമ്മുടെ പാപമോചനത്തിനായി അവൻ ഒടുവിൽ തന്റെ ഏകജാതപുത്രനെ നൽകി. (യോഹന്നാൻ 3:16, 36) ഈ വർധിച്ച പരിജ്ഞാനം യഹോവയോടുള്ള നമ്മുടെ വിലമതിപ്പു വളരാൻ ഇടയാക്കി. (യെശയ്യാവു 25:1) യഹോവയുടെ സ്നേഹപൂർവകമായ പരിപാലനം നിമിത്തം താൻ അവനെ സ്നേഹിച്ചെന്ന് ദാവീദ് രാജാവ് പറഞ്ഞു. (സങ്കീർത്തനം 116:1-9) ഇന്ന് യഹോവ നമുക്കു വേണ്ടി കരുതുകയും നമ്മെ വഴിനയിക്കുകയും ബലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവനെക്കുറിച്ചു നാം കൂടുതലായി പഠിക്കുന്തോറും അവനോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആഴം വർധിക്കുന്നു.—സങ്കീർത്തനം 31:23; സെഫന്യാവു 3:17; റോമർ 8:28.
കൃതജ്ഞതയോടെ സ്വീകരിക്കുക, നിറഞ്ഞ മനസ്സോടെ കൊടുക്കുക
“യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?” സങ്കീർത്തനക്കാരൻ അത്ഭുതപ്പെട്ടു. (സങ്കീ. 116:12) അവന് എന്ത് ഉപകാരമാണു ലഭിച്ചത്? ‘കഷ്ടപ്പാടിന്റെയും സങ്കടത്തിന്റെയും’ കാലത്ത് അവനെ പരിപാലിച്ചത് യഹോവയാണ്. മാത്രമല്ല, അവന്റെ ‘പ്രാണനെ മരണത്തിൽനിന്നു രക്ഷിച്ചതും’ യഹോവതന്നെയാണ്. ഇതിനെല്ലാം യഹോവയ്ക്കു ‘പകരം കൊടുക്കാൻ’ എന്തു ചെയ്യാനാകും എന്ന് അവനിപ്പോൾ ആലോചിക്കുന്നു. അവൻ പറഞ്ഞു: “ഞാൻ എന്റെ നേർച്ചകളെ അവന്റെ [യഹോവയുടെ] സകലജനവും കാൺകെ കഴിക്കും.” (സങ്കീ. 116:3, 4, 8, 10-14) യഹോവയ്ക്കു കൊടുത്ത വാഗ്ദാനങ്ങളൊക്കെയും പാലിക്കാനും അവനോടുള്ള കടപ്പാടുകൾ നിറവേറ്റാനും ദാവീദ് ദൃഢചിത്തനായിരുന്നു.
നിങ്ങൾക്കും അതുതന്നെ ചെയ്യാനാകും. എന്നാൽ എങ്ങനെ? ദൈവത്തിന്റെ നിയമങ്ങളോടും തത്ത്വങ്ങളോടും ചേർച്ചയിൽ എപ്പോഴും പ്രവർത്തിച്ചുകൊണ്ട്. അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മുഖ്യസംഗതി യഹോവയുടെ ആരാധന ആയിരിക്കട്ടെ! അവന്റെ ആത്മാവിന്റെ വഴിനടത്തിപ്പിനായി എല്ലായ്പോഴും ചെവിയോർക്കുക! (സഭാ. 12:13; ഗലാ. 5:16-18) എന്നാൽ യഹോവ നിങ്ങൾക്കു ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങൾക്കുമൊത്തവണ്ണം പകരം നൽകാൻ നിങ്ങൾക്കാവില്ലെന്നതാണു വസ്തുത. എന്നിരുന്നാലും മുഴുഹൃദയത്തോടെ നിങ്ങൾ അവനെ സേവിക്കുമ്പോൾ അതു തീർച്ചയായും അവന്റെ ‘ഹൃദയത്തെ സന്തോഷിപ്പിക്കും’ (സദൃ. 27:11) ഈ വിധം യഹോവയെ സന്തോഷിപ്പിക്കാനാകുന്നത് എത്ര വലിയൊരു പദവിയാണ്.
ലേവ്യ പുസ്തകത്തിൽനിന്ന് നമുക്കു പഠിക്കാൻ കഴിയുന്ന പാഠങ്ങൾ
9 രണ്ടാമത്തെ പാഠം: യഹോവയോടു തോന്നുന്ന നന്ദിയാണ് യഹോവയെ സേവിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്. പുരാതന ഇസ്രായേലിൽ അർപ്പിച്ചിരുന്ന സഹഭോജനബലിയെക്കുറിച്ച് നമുക്ക് ഒന്നു ചിന്തിക്കാം. ഒരു ഇസ്രായേല്യനു ദൈവത്തോടുള്ള “നന്ദിസൂചകമായി” സഹഭോജനബലി അർപ്പിക്കാമായിരുന്നെന്നു ലേവ്യ പുസ്തകം പറയുന്നു. (ലേവ്യ 7:11-13, 16-18) ഒരു വ്യക്തി നിർബന്ധപൂർവം അർപ്പിക്കുന്ന ഒന്നായിരുന്നില്ല സഹഭോജനബലി. മറിച്ച്, അങ്ങനെ ചെയ്യണമെന്നുള്ള ആഗ്രഹമാണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് ഇതു സ്വമനസ്സാലെ അർപ്പിക്കുന്ന യാഗമായിരുന്നു. യഹോവയോടുള്ള സ്നേഹംകൊണ്ടാണ് ഒരാൾ ഇത് അർപ്പിച്ചിരുന്നത്. യാഗം അർപ്പിച്ച വ്യക്തിയും കുടുംബാംഗങ്ങളും മഹാപുരോഹിതനും ബലിയായി അർപ്പിച്ചിരുന്ന മൃഗത്തിന്റെ മാംസം കഴിക്കുമായിരുന്നു. എന്നാൽ മൃഗത്തിന്റെ ചില ഭാഗങ്ങൾ യഹോവയ്ക്കു മാത്രം അവകാശപ്പെട്ടതായിരുന്നു. ഏതായിരുന്നു അവ?
10 മൂന്നാമത്തെ പാഠം: നമുക്കുള്ള ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നതു സ്നേഹമാണ്. ഒരു മൃഗത്തിന്റെ ഏറ്റവും വിശേഷപ്പെട്ട ഭാഗമായി യഹോവ കണ്ടത് മൃഗത്തിന്റെ കൊഴുപ്പാണ്. അതുപോലെ, വൃക്കകൾപോലെയുള്ള പ്രധാനപ്പെട്ട അവയവങ്ങളും പ്രത്യേകതയുള്ളതാണെന്നു ദൈവം പറഞ്ഞു. (ലേവ്യ 3:6, 12, 14-16 വായിക്കുക.) അതുകൊണ്ട് ഒരു ഇസ്രായേല്യൻ സ്വമനസ്സാലെ മൃഗത്തിന്റെ ആ ഭാഗങ്ങളും കൊഴുപ്പും അർപ്പിച്ചപ്പോൾ യഹോവ അതിൽ സന്തോഷിച്ചിരുന്നു. ഈ യാഗം അർപ്പിച്ചതിലൂടെ ദൈവത്തിന് ഏറ്റവും നല്ലതു കൊടുക്കാനുള്ള തന്റെ അതിയായ ആഗ്രഹം ഒരു ഇസ്രായേല്യൻ പ്രകടമാക്കി. സമാനമായി, യഹോവയോടുള്ള സ്നേഹത്താൽ പ്രേരിതനായി മുഴുഹൃദയത്തോടെ യഹോവയെ സേവിച്ചുകൊണ്ട് യേശു തനിക്കുള്ള ഏറ്റവും നല്ലതു കൊടുത്തു. (യോഹ. 14:31) യഹോവയുടെ ഇഷ്ടം ചെയ്യാൻ യേശുവിനു സന്തോഷമായിരുന്നു. ദൈവത്തിന്റെ നിയമത്തോടു യേശുവിന് ആഴമായ സ്നേഹമുണ്ടായിരുന്നു. (സങ്കീ. 40:8) സ്വമനസ്സാലെ യേശു തന്നെ സേവിക്കുന്നതു കണ്ടപ്പോൾ യഹോവയ്ക്ക് എത്ര സന്തോഷം തോന്നിക്കാണും!
11 നമ്മൾ യഹോവയ്ക്കുവേണ്ടി ചെയ്യുന്ന സേവനങ്ങൾ ആ സഹഭോജനബലികൾപോലെയാണ്. കാരണം, നമ്മൾ അതു ചെയ്യുന്നതു സ്വമനസ്സാലെയാണ്. യഹോവയെ എത്രത്തോളം സ്നേഹിക്കുന്നെന്നു നമ്മൾ അതിലൂടെ കാണിക്കുകയാണ്. മുഴുഹൃദയത്തോടെ യഹോവയെ സ്നേഹിക്കുന്നതുകൊണ്ട് നമുക്കുള്ള ഏറ്റവും നല്ലതാണ് യഹോവയ്ക്കു നൽകുന്നത്. തന്നോടും തന്റെ നിലവാരങ്ങളോടും ഉള്ള സ്നേഹംകൊണ്ട് തന്നെ ആരാധിക്കുന്ന ലക്ഷക്കണക്കിനു വരുന്ന ആളുകളെ കാണുമ്പോൾ യഹോവ എത്രയധികം സന്തോഷിക്കും! നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മാത്രമല്ല യഹോവ കാണുന്നത്. അങ്ങനെ ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്ന കാരണങ്ങളും യഹോവ ശ്രദ്ധിക്കും. ഈ അറിവ് നമ്മളെ ആശ്വസിപ്പിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ പ്രായം ചെന്ന ഒരാളാണെന്നു കരുതുക. നിങ്ങൾ ആഗ്രഹിക്കുന്നത്രയൊന്നും ചെയ്യാനാകുന്നില്ല. ഓർക്കുക: യഹോവയ്ക്കു നിങ്ങളുടെ ഈ സാഹചര്യം നന്നായി മനസ്സിലാക്കാൻ കഴിയും. യഹോവയ്ക്കുവേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ലെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. പക്ഷേ നിങ്ങളെക്കൊണ്ടാകുന്നത് എന്താണോ, അതു ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന സ്നേഹമാണ് യഹോവ ശ്രദ്ധിക്കുന്നത്. നിങ്ങൾ കഴിവിന്റെ പരമാവധി യഹോവയ്ക്കു കൊടുക്കുമ്പോൾ യഹോവ അതു സന്തോഷത്തോടെ സ്വീകരിക്കുന്നു.
ആത്മീയരത്നങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“തന്റെ ഭക്തന്മാരുടെ മരണം യഹോവെക്കു വിലയേറിയതാകുന്നു” എന്ന് നിശ്വസ്തതയിൽ സങ്കീർത്തനക്കാരൻ എഴുതി. (സങ്കീ. 116:15) തന്റെ ഓരോ സത്യാരാധകന്റെയും ജീവൻ യഹോവയ്ക്കു വിലപ്പെട്ടതാണ്. എന്നാൽ ഒരൊറ്റ വ്യക്തിയുടെ മരണത്തെയല്ല 116-ാം സങ്കീർത്തനത്തിലെ ഈ വാക്കുകൾ പരാമർശിക്കുന്നത്.
ഒരു ക്രിസ്ത്യാനി യഹോവയോടു വിശ്വസ്തനായാണ് മരിച്ചതെങ്കിൽപ്പോലും, ചരമപ്രസംഗത്തിൽ സങ്കീർത്തനം 116:15-ലെ വാക്കുകൾ അദ്ദേഹത്തിനു ബാധകമാക്കുന്നത് ഉചിതമായിരിക്കില്ല. കാരണം, സങ്കീർത്തനക്കാരന്റെ ഈ വാക്കുകൾക്ക് വിശാലമായ ഒരു അർഥമാണുള്ളത്. തന്റെ വിശ്വസ്ത ദാസർ ഒന്നടങ്കം മരണപ്പെടാൻ യഹോവ അനുവദിക്കില്ല എന്ന അർഥത്തിലാണ് അവരുടെ മരണം അവന് വിലപ്പെട്ടതാണെന്ന് പറയുന്നത്.—സങ്കീർത്തനം 72:14; 116:8 കാണുക.
ഡിസംബർ 9-15
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 119:1-56
“ഒരു യുവാവിന് എങ്ങനെ തന്റെ വഴികൾ കറ പുരളാതെ സൂക്ഷിക്കാം?”
w87-E 11/1 18 ¶10
നിങ്ങൾ എല്ലാ വിധങ്ങളിലും സ്വയം ശുദ്ധിയുള്ളവരായി സൂക്ഷിക്കുന്നുവോ?
10 ലൈംഗിക അധാർമികതയിലൂടെ “സ്വന്തശരീരത്തിന് എതിരെ പാപം” ചെയ്യുന്നതു കാരണം ഓരോ വർഷവും ആയിരക്കണക്കിന് സഹോദരങ്ങൾ ശാസിക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്നു. (1 കൊരിന്ത്യർ 6:18; എഫെസ്യർ 5:5) പലപ്പോഴും അതിന്റെ കാരണം ‘ദൈവവചനമനുസരിച്ച് സ്വയം സൂക്ഷിക്കാത്തതാണ്.’ (സങ്കീർത്തനം 119:9) ഉദാഹരണത്തിന്, പല സഹോദരങ്ങളും അവധിക്കാലത്ത് തങ്ങളുടെ ധാർമികനിലവാരങ്ങൾ കാത്തുസൂക്ഷിക്കുന്നില്ല. അവർ ആ സമയങ്ങളിൽ ക്രിസ്തീയസഹവാസം അവഗണിച്ച് ലോകക്കാരായ ആളുകളുമായി ചങ്ങാത്തം കൂടുന്നു. ചിലർ ദൈവത്തിന് ഇഷ്ടമില്ലാത്ത പ്രവർത്തനങ്ങളിൽ അവരോടൊപ്പം ചേരുകപോലും ചെയ്യുന്നു. അതുപോലെ മറ്റു ചിലർ തങ്ങളുടെ സഹജോലിക്കാരുമായി പരിധിവിട്ട സൗഹൃദബന്ധത്തിലേക്ക് വരുന്നു. വിവാഹിതനായ ഒരു മൂപ്പന് സംഭവിച്ചത് അതാണ്. അദ്ദേഹം കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകയുമായി സൗഹൃദത്തിലായി, കുടുംബത്തെ ഉപേക്ഷിച്ച് ആ സ്ത്രീയുടെകൂടെ താമസിക്കാനും തുടങ്ങി! അങ്ങനെ അദ്ദേഹം സഭയിൽനിന്ന് പുറത്തായി. “ചീത്ത കൂട്ടുകെട്ടു നല്ല ശീലങ്ങളെ നശിപ്പിക്കുന്നു” എന്ന ബൈബിളിലെ വാക്കുകൾ എത്ര സത്യമാണ്!—1 കൊരിന്ത്യർ 15:33.
‘നിന്റെ ഓർമിപ്പിക്കലുകൾ എന്റെ പ്രമോദമാകുന്നു’
പ്രശ്നപൂരിതമായ ഈ ലോകത്തിലെ സമ്മർദങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന മാർഗനിർദേശങ്ങൾ യഹോവ കൂടെക്കൂടെ തന്റെ ജനത്തിനു നൽകാറുണ്ട്. വ്യക്തിപരമായ ബൈബിൾ വായനയിലൂടെയോ ക്രിസ്തീയ യോഗങ്ങളിൽ അവതരിപ്പിക്കുന്ന വിവരങ്ങളിലൂടെയോ അഭിപ്രായങ്ങളിലൂടെയോ ആയിരിക്കാം ചിലപ്പോൾ ഇത്തരം ഓർമിപ്പിക്കലുകൾ ലഭിക്കുന്നത്. ഇങ്ങനെ നാം വായിക്കുകയോ കേൾക്കുകയോ ചെയ്യുന്ന വിവരങ്ങളിൽ അധികവും നമുക്ക് അറിയാവുന്നവ തന്നെയായിരിക്കും. എന്നിരുന്നാലും നാം കാര്യങ്ങൾ മറന്നുപോകാൻ സാധ്യതയുള്ളതിനാൽ യഹോവയുടെ ഉദ്ദേശ്യങ്ങളോടും നിയമങ്ങളോടും നിർദേശങ്ങളോടുമുള്ള ബന്ധത്തിൽ നാം നമ്മുടെ ഓർമ പുതുക്കിക്കൊണ്ടേയിരിക്കണം. ദൈവത്തിന്റെ ഓർമിപ്പിക്കലുകളെ നാം വിലമതിക്കണം. അവ, ദൈവേഷ്ടത്തിനു ചേർച്ചയിലുള്ള ഒരു ജീവിതഗതി തിരഞ്ഞെടുക്കുന്നതിന് നമ്മെ പ്രചോദിപ്പിച്ച ഘടകങ്ങൾ മനസ്സിൽ അടുപ്പിച്ചുനിറുത്താൻ സഹായിച്ചുകൊണ്ട് നമുക്കു പ്രോത്സാഹനമേകും. അതുകൊണ്ടാണ് സങ്കീർത്തനക്കാരൻ യഹോവയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച് ഇപ്രകാരം പാടിയത്: “നിന്റെ സാക്ഷ്യങ്ങൾ [“ഓർമിപ്പിക്കലുകൾ,” NW] എന്റെ പ്രമോദവും . . . ആകുന്നു.”—സങ്കീർത്തനം 119:24.
വ്യർഥകാര്യങ്ങളിൽനിന്ന് ദൃഷ്ടി തിരിക്കുക!
2 നാം കാണുന്ന കാര്യങ്ങൾ നമുക്ക് ദോഷം വരുത്തിയെന്നും വരാം. അവയ്ക്ക് നമ്മുടെ മനസ്സിനെ ശക്തമായി സ്വാധീനിക്കാനാകും. നമ്മുടെ ആശകളെയും ഹൃദയാഭിലാഷങ്ങളെയും ഉണർത്താനും അവ ശക്തമാക്കാനും ഉള്ള പ്രാപ്തി അവയ്ക്കുണ്ട്. പിശാചായ സാത്താൻ ഭരിക്കുന്ന വഴിപിഴച്ചതും സ്വാർഥമോഹങ്ങൾക്ക് മുൻതൂക്കംകൊടുക്കുന്നതുമായ ഒരു ലോകത്തിൽ ജീവിക്കുന്നതിനാൽ നമ്മെ എളുപ്പം വഴിതെറ്റിച്ചേക്കാവുന്ന ദൃശ്യങ്ങളും പരസ്യങ്ങളും വാർത്തകളും എങ്ങും കാണാം. നാം ഒന്നേ നോക്കുന്നുള്ളുവെങ്കിലും അവയ്ക്കു നമ്മെ വഴിതെറ്റിക്കാനാകും. (1 യോഹ. 5:19) സങ്കീർത്തനക്കാരൻ പിൻവരുന്ന പ്രകാരം ദൈവത്തോട് അപേക്ഷിച്ചതിൽ അതിശയിക്കാനില്ല: “വ്യർത്ഥതകളിൽനിന്ന് എന്റെ ദൃഷ്ടി തിരിക്കണമേ! അങ്ങയുടെ മാർഗ്ഗത്തിൽ ചരിക്കാൻ എന്നെ ഉജ്ജീവിപ്പിക്കണമേ!”—സങ്കീ. 119:37, പി.ഒ.സി.
ആത്മീയരത്നങ്ങൾ
യഹോവയുടെ വചനത്തിൽ ആശ്രയിക്കുക
2 ദൈവത്തിന്റെ മൊഴികളുടെ മൂല്യമാണ് 119-ാം സങ്കീർത്തനത്തിൽ അടങ്ങിയിരിക്കുന്ന ഒരു മുഖ്യാശയം. ഓർത്തിരിക്കാനുള്ള സൗകര്യത്തിനു വേണ്ടിയാകാം ആ രചയിതാവ് അത് അക്ഷരമാലാക്രമത്തിൽ രചിച്ചത്. അതിലെ 176 വാക്യങ്ങൾ എബ്രായ അക്ഷരമാലയുടെ അടിസ്ഥാനത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. മൂല എബ്രായയിൽ, ആ സങ്കീർത്തനത്തിന്റെ 22 ഖണ്ഡങ്ങളിൽ ഓരോന്നിനും ഒരേ അക്ഷരത്തിൽ തുടങ്ങുന്ന 8 വരികളുണ്ട്. ദൈവത്തിന്റെ വചനം, ന്യായപ്രമാണം (നിയമം), സാക്ഷ്യങ്ങൾ (അഥവാ ഓർമിപ്പിക്കലുകൾ), വഴികൾ, പ്രമാണങ്ങൾ (അഥവാ ആജ്ഞകൾ), ചട്ടങ്ങൾ, കൽപ്പനകൾ, ന്യായവിധികൾ എന്നിവയെക്കുറിച്ചൊക്കെ ഈ സങ്കീർത്തനം പ്രതിപാദിക്കുന്നു. ഈ ലേഖനത്തിലും അടുത്തതിലും 119-ാം സങ്കീർത്തനത്തെക്കുറിച്ച് നാം ചർച്ച ചെയ്യുന്നതായിരിക്കും. കഴിഞ്ഞ കാലത്തെയും ഇക്കാലത്തെയും യഹോവയുടെ ദാസന്മാരുടെ അനുഭവങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത് ഈ ദിവ്യനിശ്വസ്ത കീർത്തനം സംബന്ധിച്ച നമ്മുടെ ഗ്രാഹ്യവും ദൈവത്തിന്റെ ലിഖിത വചനമായ ബൈബിളിനോടുള്ള നമ്മുടെ കൃതജ്ഞതയും വർധിപ്പിക്കേണ്ടതാണ്.
ഡിസംബർ 16-22
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 119:57-120
കഷ്ടതയിൽ എങ്ങനെ സഹിച്ചുനിൽക്കാം?
“നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം”
2 ദൈവത്തിന്റെ ന്യായപ്രമാണം സങ്കീർത്തനക്കാരന് ആശ്വാസം നൽകിയത് എങ്ങനെയാണ്? യഹോവയ്ക്ക് അവനിൽ താത്പര്യമുണ്ട് എന്ന ഉറപ്പാണ് പിടിച്ചുനിൽക്കാൻ അവനു കരുത്തേകിയത്. ദൈവം സ്നേഹപൂർവം നൽകിയ ആ ന്യായപ്രമാണം അനുസരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് അവന് അറിയാമായിരുന്നു. ആ അറിവ് എതിരാളികൾ കൊണ്ടുവന്ന കഷ്ടപ്പാടുകൾക്കു മധ്യേയും സന്തോഷമുള്ളവനായിരിക്കാൻ അവനെ സഹായിച്ചു. യഹോവ അവനോടു ദയാപൂർവമാണ് ഇടപെട്ടതെന്ന് അവൻ തിരിച്ചറിഞ്ഞു. കൂടാതെ, ദൈവത്തിന്റെ ന്യായപ്രമാണത്തിലെ മാർഗനിർദേശങ്ങൾ പിൻപറ്റിയത് അവനെ ശത്രുക്കളെക്കാൾ ജ്ഞാനിയാക്കി; അത് അവന്റെ ജീവൻ സംരക്ഷിക്കുകപോലും ചെയ്തു. ന്യായപ്രമാണം അനുസരിച്ചത് അവനു സമാധാനവും ഒരു ശുദ്ധ മനസ്സാക്ഷിയും നൽകിക്കൊടുത്തു.—സങ്കീർത്തനം 119:1, 9, 65, 93, 98, 165.
നിങ്ങൾ യഹോവയുടെ ഓർമിപ്പിക്കലുകളെ അത്യന്തം പ്രിയപ്പെടുന്നുവോ?
3 സങ്കീർത്തനക്കാരൻ ദൈവത്തിന്റെ ഓർമിപ്പിക്കലുകളെ വളരെയേറെ വിലമതിച്ചിരുന്നു. അവൻ ഇങ്ങനെ പാടി: “നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു; ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും.” (സങ്കീർത്തനം 119:60, 61) പീഡനങ്ങളുടെ മധ്യേ സഹിച്ചുനിൽക്കാൻ യഹോവയുടെ ഓർമിപ്പിക്കലുകൾ നമ്മെ സഹായിക്കുന്നു. എന്തെന്നാൽ, നമ്മെ വരിഞ്ഞുമുറുക്കാനായി ദുഷ്ടന്മാർ ഉപയോഗിക്കുന്ന പ്രതിബന്ധങ്ങളാകുന്ന പാശങ്ങളെ പൊട്ടിച്ചെറിയാൻ സ്വർഗീയ പിതാവിനു കഴിയുമെന്ന് നമുക്ക് ഉറപ്പുണ്ട്. നമുക്ക് രാജ്യപ്രസംഗ വേല നിർവഹിക്കാൻ കഴിയേണ്ടതിന് തക്കസമയത്ത് അവൻ അത്തരം പ്രതിബന്ധങ്ങളിൽനിന്നു നമ്മെ വിടുവിക്കുന്നു.—മർക്കൊസ് 13:10.
സങ്കീർത്തനങ്ങളുടെ അഞ്ചാം പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
119:71—കഷ്ടം സഹിക്കുന്നത് ഗുണകരമായിരിക്കുന്നത് ഏതു വിധത്തിലാണ്? യഹോവയിൽ കൂടുതലായി ആശ്രയിക്കാനും കൂടുതൽ ആത്മാർഥമായി അവനോടു പ്രാർഥിക്കാനും ക്ലേശങ്ങൾക്ക് നമ്മെ പഠിപ്പിക്കാനാകും. മാത്രമല്ല, ബൈബിൾ പഠിക്കുന്നതിലും അതിൽ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിലും കൂടുതൽ ശുഷ്കാന്തി ഉള്ളവരായിരിക്കാനും അവ നമ്മെ പഠിപ്പിക്കും. കൂടാതെ, ക്ലേശങ്ങളോടു നാം പ്രതികരിക്കുന്ന വിധം, തിരുത്താനാകുന്ന നമ്മുടെ അപൂർണതകളെ വെളിച്ചത്തു കൊണ്ടുവന്നേക്കാം. നമ്മെ സ്ഫുടംചെയ്യാൻ നാം കഷ്ടങ്ങളെ അനുവദിക്കുന്നെങ്കിൽ ക്ലേശം അനുഭവിക്കുമ്പോൾ നാം നീരസമുള്ളവരായിത്തീരില്ല.
“കരയുന്നവരുടെകൂടെ കരയുക”
3 നമുക്കു ലഭിക്കുന്ന ആശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടം കരുണാമയനായ നമ്മുടെ സ്വർഗീയപിതാവാണ്. (2 കൊരിന്ത്യർ 1:3, 4 വായിക്കുക.) സഹാനുഭൂതി കാണിക്കുന്ന കാര്യത്തിൽ യഹോവയെക്കാൾ മികച്ചൊരു മാതൃക വേറെയില്ല. തന്റെ ജനത്തോട്, “ഞാനല്ലേ നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ” എന്നു ചോദിച്ചപ്പോൾ യഹോവ അക്കാര്യത്തിന് ഉറപ്പുകൊടുക്കുകയായിരുന്നു.—യശ. 51:12; സങ്കീ. 119:50, 52, 76.
5 യഹോവ നമ്മുടെ തുണയ്ക്കെത്തുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. അതുകൊണ്ട്, നമ്മുടെ ഹൃദയത്തിലെ ദുഃഖഭാരം മുഴുവൻ പ്രാർഥനയിലൂടെ ദൈവത്തെ അറിയിക്കാൻ ഒരു മടിയും വിചാരിക്കരുത്. യഹോവ നമ്മുടെ വേദന മനസ്സിലാക്കുന്നുണ്ടെന്നും വേണ്ട സമയത്ത് നമ്മളെ സാന്ത്വനിപ്പിക്കുമെന്നും അറിയുന്നതുതന്നെ എന്തൊരു ആശ്വാസമാണ്! എന്നാൽ യഹോവ എങ്ങനെയാണ് അതു ചെയ്യുന്നത്?
ആത്മീയരത്നങ്ങൾ
സങ്കീർത്തനങ്ങളുടെ അഞ്ചാം പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
119:96—“സകലസമ്പൂർത്തിക്കും . . . അവസാനം” എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? മനുഷ്യ കാഴ്ചപ്പാടിൽനിന്നുള്ള സമ്പൂർത്തി അഥവാ പൂർണതയെക്കുറിച്ചാണ് സങ്കീർത്തനക്കാരൻ ഇവിടെ പറയുന്നത്. പൂർണതയെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണ പരിമിതമാണ് എന്ന സംഗതിയായിരിക്കാം സാധ്യതയനുസരിച്ച് അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ഇതിനു വിപരീതമായി, ദൈവത്തിന്റെ കൽപ്പനയ്ക്ക് അത്തരത്തിലുള്ള യാതൊരു പരിമിതിയുമില്ല. അതിന്റെ വഴിനടത്തിപ്പ് ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്നു. പി.ഒ.സി. ബൈബിൾ ഈ വാക്യം ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “എല്ലാ പൂർണ്ണതയ്ക്കും അതിർത്തി ഞാൻ കണ്ടിട്ടുണ്ട്; എന്നാൽ, അങ്ങയുടെ കല്പനകൾ നിസ്സീമമാണ്.”
ഡിസംബർ 23-29
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 119:121-176
അനാവശ്യവേദനകൾ വരുത്തിവെക്കുന്നത് എങ്ങനെ ഒഴിവാക്കാം?
ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും മനസ്സാക്ഷിയെ പരിശീലിപ്പിക്കട്ടെ!
5 ദൈവത്തിന്റെ നിയമങ്ങളിൽനിന്ന് പ്രയോജനം കിട്ടണമെങ്കിൽ നമ്മൾ അതു വെറുതേ വായിക്കുകയോ അതിന്റെ അർഥം മനസ്സിലാക്കുകയോ ചെയ്താൽ മാത്രം പോരാ. നമ്മൾ ആ നിയമങ്ങളെ സ്നേഹിക്കുകയും ആദരിക്കുകയും വേണം. ദൈവവചനം പറയുന്നു: “മോശമായതു വെറുത്ത് നല്ലതിനെ സ്നേഹിക്കുക.” (ആമോ. 5:15) പക്ഷേ നമുക്ക് അത് എങ്ങനെ ചെയ്യാം? കാര്യങ്ങളെ യഹോവ കാണുന്നതുപോലെ കാണാൻ പഠിക്കുന്നതാണ് ഒരു വിധം. ഒരു ഉദാഹരണം നോക്കാം. അടുത്ത കാലത്തായി നിങ്ങളുടെ ഉറക്കം ശരിയാകുന്നില്ല. നിങ്ങൾ ഒരു ഡോക്ടറെ കാണുന്നു. നിങ്ങൾ പാലിക്കേണ്ട ഭക്ഷണക്രമവും ചെയ്യേണ്ട വ്യായാമങ്ങളും ഒഴിവാക്കേണ്ട ചില ശീലങ്ങളും അദ്ദേഹം പറഞ്ഞുതരുന്നു. പരീക്ഷിച്ചുനോക്കിയപ്പോൾ ആ നിർദേശങ്ങൾ നിങ്ങൾക്കു നല്ല ഫലം ചെയ്തു. നിങ്ങളുടെ ജീവിതം കുറച്ചുകൂടെ സുഖകരമാക്കിയതിന് ആ ഡോക്ടറോട് വളരെയധികം നന്ദി തോന്നുകയില്ലേ?
6 സമാനമായി, പാപത്തിന്റെ കയ്പേറിയ ഫലങ്ങൾ അനുഭവിക്കുന്നതിൽനിന്ന് നമ്മളെ സംരക്ഷിക്കുന്ന നിയമങ്ങൾ യഹോവ തന്നിട്ടുണ്ട്. അങ്ങനെ ജീവിതം മെച്ചപ്പെടുത്താൻ നമുക്കു കഴിയുന്നു. ഉദാഹരണത്തിന്, നുണ പറയരുത്, ചതിക്കരുത്, മോഷ്ടിക്കരുത്, ലൈംഗിക അധാർമികതയിലും അക്രമത്തിലും ഭൂതവിദ്യയിലും ഏർപ്പെടരുത് എന്നിങ്ങനെയുള്ള ബൈബിൾനിയമങ്ങൾ അനുസരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കുക. (സുഭാഷിതങ്ങൾ 6:16-19 വായിക്കുക; വെളി. 21:8) യഹോവയുടെ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ നല്ല ഫലങ്ങൾ അനുഭവിച്ചറിയുമ്പോൾ യഹോവയോടും ദൈവനിയമങ്ങളോടും ഉള്ള നമ്മുടെ സ്നേഹവും വിലമതിപ്പും സ്വാഭാവികമായും വർധിച്ചുവരും.
w93-E 4/15 17 ¶12
യുവജനങ്ങളേ, നിങ്ങൾ എന്തിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്?
12 മോശമായതിനെ അറയ്ക്കാനും വെറുക്കാനും നിങ്ങൾ പഠിക്കണം. (സങ്കീർത്തനം 97:10) പ്രത്യക്ഷത്തിൽ രസകരമായി തോന്നുന്ന ഒരു കാര്യം നിങ്ങൾക്ക് എങ്ങനെയാണ് വെറുക്കാൻ കഴിയുക? അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിച്ചുകൊണ്ട്! “വഴിതെറ്റിക്കപ്പെടരുത്: ദൈവത്തെ പറ്റിക്കാനാകില്ല. ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും. ജഡത്തിനു ചേർച്ചയിൽ വിതയ്ക്കുന്നവൻ ജഡത്തിൽനിന്ന് നാശം കൊയ്യും.” (ഗലാത്യർ 6:7, 8) തെറ്റായ ഒരു കാര്യം ചെയ്യാൻ തോന്നുമ്പോൾ ആദ്യംതന്നെ ദൈവമായ യഹോവയെ അത് എത്രമാത്രം വിഷമിപ്പിക്കുമെന്ന് ചിന്തിക്കുക. (സങ്കീർത്തനം 78:41 താരതമ്യം ചെയ്യുക.) അനാവശ്യ ഗർഭധാരണം, എയ്ഡ്സ് പോലുള്ള രോഗം പിടിപെടാനുള്ള സാധ്യത എന്നിവയെക്കുറിച്ചെല്ലാം ഓർക്കാം. നിങ്ങൾക്ക് അനുഭവിക്കേണ്ടിവരുന്ന വൈകാരികവേദനയും ആത്മാഭിമാനനഷ്ടവും എത്രമാത്രമായിരിക്കും. അതുമാത്രമല്ല ദാമ്പത്യപ്രശ്നംപോലുള്ള ദീർഘകാല ഭവിഷ്യത്തുകളും അതിനുണ്ട്. സഭയിലെ നിയമനങ്ങൾ നഷ്ടപ്പെടുകയോ പുറത്താക്കപ്പെടുകയോ പോലും ചെയ്തേക്കും. (1 കൊരിന്ത്യർ 5:9-13) ഇത്തരം ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിക്കുന്നത് മോശമായതിനെ വെറുക്കാൻ സഹായിച്ചേക്കും. ഇത്രയും വലിയ വില കൊടുക്കാൻമാത്രം മൂല്യമുള്ളതാണോ ഇത്തരം താത്കാലിക സുഖങ്ങൾ?
ആത്മീയരത്നങ്ങൾ
ദൈവത്തിന്റെ ‘വചനത്തിലുള്ളതു സത്യമാണെന്ന്’ ഉറച്ചുവിശ്വസിക്കുക
2 യഹോവ ‘സത്യത്തിന്റെ ദൈവമാണെന്നും’ എപ്പോഴും നമ്മുടെ നന്മയാണ് ആഗ്രഹിക്കുന്നതെന്നും ദൈവദാസരായ നമുക്ക് അറിയാം. (സങ്കീ. 31:5; യശ. 48:17) ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കാനാകുമെന്നു നമുക്കു ബോധ്യമുണ്ട്. കാരണം, ‘സത്യം—അതാണു ദൈവവചനത്തിന്റെ സാരാംശം.’ (സങ്കീർത്തനം 119:160 വായിക്കുക.) ഒരു ബൈബിൾപണ്ഡിതൻ പറഞ്ഞതിനോടു നമ്മളും യോജിക്കും. അദ്ദേഹം എഴുതി: “ദൈവം പറഞ്ഞിട്ടുള്ളതൊന്നും നുണയല്ല. അവ ഒരിക്കലും നടക്കാതിരിക്കില്ല. ദൈവജനത്തിനു ദൈവത്തെ വിശ്വാസമായതുകൊണ്ട് ദൈവം പറയുന്ന കാര്യങ്ങളിലും വിശ്വസിക്കാനാകുന്നു.”
ഡിസംബർ 30–ജനുവരി 5
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 120-126
അവർ കണ്ണീരോടെ വിത്തു വിതച്ചു, ആർപ്പുവിളികളോടെ കൊയ്തു
ദൈവത്തിനു മഹത്ത്വം കൊടുക്കുന്നവർ അനുഗൃഹീതർ
10 ശിഷ്യത്വത്തിന്റെ നുകം ഏറ്റുകൊള്ളുമ്പോൾ നാം സാത്താനെതിരെ പോരാടുകയാണ്. “പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും” എന്ന് യാക്കോബ് 4:7 നമുക്ക് ഉറപ്പുനൽകുന്നു. അത് അത്ര എളുപ്പം ചെയ്യാൻ കഴിയുന്ന ഒന്നാണെന്നല്ല ഇതിനർഥം. ദൈവത്തെ സേവിക്കുന്നതിൽ ഗണ്യമായ ശ്രമം ഉൾപ്പെട്ടിരിക്കുന്നു. (ലൂക്കൊസ് 13:24) എങ്കിലും, “കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും” എന്നാണ് സങ്കീർത്തനം 126:5-ൽ ബൈബിൾ നൽകുന്ന വാഗ്ദാനം. അതേ, നാം ചെയ്യുന്നതിനെ വിലമതിക്കാത്ത ഒരു ദൈവത്തെയല്ല നാം ആരാധിക്കുന്നത്. “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്ന”വനാണ് അവൻ. തനിക്കു മഹത്ത്വം കരേറ്റുന്നവരെ അവൻ അനുഗ്രഹിക്കുന്നു.—എബ്രായർ 11:6.
നിങ്ങളുടെ വിശ്വാസം എത്ര ശക്തമാണ്?
17 പ്രിയപ്പെട്ട ആരുടെയെങ്കിലും മരണത്തിന്റെ വേദന അനുഭവിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ പുനരുത്ഥാനപ്രത്യാശയിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാക്കാൻ ശ്രമിക്കുക. പുനരുത്ഥാനത്തെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ വായിച്ചുകൊണ്ട് നിങ്ങൾക്ക് അതു ചെയ്യാനാകും. ഇനി, കുടുംബാംഗങ്ങളിൽ ആരെങ്കിലും പുറത്താക്കപ്പെട്ടതിന്റെ വേദന അനുഭവിക്കുന്ന ആളാണോ നിങ്ങൾ? യഹോവ ശിക്ഷണം നൽകുന്നത് ഏറ്റവും നല്ല രീതിയിലാണെന്ന ബോധ്യം ശക്തമാക്കാൻ അതെക്കുറിച്ച് പഠിക്കുക. നിങ്ങൾക്കു നേരിടുന്ന പ്രശ്നം എന്തുതന്നെയായാലും വിശ്വാസം ശക്തമാക്കാനുള്ള ഒരു അവസരമായി അതിനെ കാണുക. ഉള്ളിലുള്ളതെല്ലാം യഹോവയോടു പറയുക. നിങ്ങളെത്തന്നെ ഒറ്റപ്പെടുത്താതെ സഹോദരങ്ങളുമായി നല്ല അടുപ്പം നിലനിറുത്തുക. (സുഭാ. 18:1) മുമ്പ് ചെയ്തിരുന്നതുപോലെതന്നെ പതിവായി മീറ്റിങ്ങുകൾക്കും പ്രസംഗപ്രവർത്തനത്തിനും പോകുക. ദിവസവും ബൈബിൾ വായിക്കുക. ഇടയ്ക്കു സങ്കടമൊക്കെ തോന്നിയാലും പിടിച്ചുനിൽക്കാൻ സഹായിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കൊന്നും മുടക്കം വരുത്തരുത്. (സങ്കീ. 126:5, 6) ഭാവിയിൽ യഹോവ നമുക്കു തരുമെന്നു പറഞ്ഞിരിക്കുന്ന വലിയ അനുഗ്രഹങ്ങളെക്കുറിച്ചൊക്കെ എപ്പോഴും ചിന്തിക്കുക. യഹോവ നിങ്ങളെ ഇപ്പോൾ സഹായിക്കുന്നതു കാണുമ്പോൾ നിങ്ങളുടെ വിശ്വാസം കൂടുതൽ ശക്തമാകും.
കൊയ്ത്തു വേലയിൽ സ്ഥിരോത്സാഹം പ്രകടമാക്കുവിൻ!
13 സങ്കീർത്തനം 126:5, 6-ലെ വാക്കുകൾ ദൈവത്തിന്റെ കൊയ്ത്തു വേലക്കാർക്ക്, വിശേഷിച്ചും പീഡനം അനുഭവിക്കുന്നവർക്ക് വളരെ ആശ്വാസം നൽകുന്നു: “കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും. വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കററ ചുമന്നും ആർത്തുംകൊണ്ടു വരുന്നു [“വിത്തു ചുമന്നുകൊണ്ട് വിലാപത്തോടെ വിതയ്ക്കാൻ പോകുന്നവൻ കറ്റ ചുമന്നുകൊണ്ട് ആഹ്ളാദത്തോടെ വീട്ടിലേക്കു മടങ്ങും,” പി.ഒ.സി. ബൈ.].” പുരാതന ബാബിലോണിയൻ അടിമത്തത്തിൽനിന്നു മടങ്ങിവന്ന ശേഷിപ്പിനോടുള്ള യഹോവയുടെ കരുതലിനെയും അവരുടെമേലുള്ള അവന്റെ അനുഗ്രഹത്തെയും വ്യക്തമാക്കുന്നതാണ് വിതയ്ക്കുന്നതിനെയും കൊയ്യുന്നതിനെയും കുറിച്ചുള്ള സങ്കീർത്തനക്കാരന്റെ വാക്കുകൾ. സ്വതന്ത്രരാക്കപ്പെട്ടതിൽ അവർ വളരെ സന്തുഷ്ടരായിരുന്നു. എന്നാൽ 70 വർഷത്തെ പ്രവാസകാലത്ത് വേല ചെയ്യാതെ തരിശ്ശായി കിടന്നിരുന്ന നിലത്ത് വിത്ത് വിതച്ചപ്പോൾ അവർ കരഞ്ഞിട്ടുണ്ടാകണം. എന്നിരുന്നാലും കൃഷിയും മറ്റു നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയവർക്ക് തങ്ങളുടെ അധ്വാനത്തിന്റെ ഫലവും സംതൃപ്തിയും ആസ്വദിക്കാൻ കഴിഞ്ഞു.
14 പരിശോധനകളെ നേരിടുമ്പോഴും നമുക്കോ സഹവിശ്വാസികൾക്കോ “നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി” വരുമ്പോഴും നാം കരഞ്ഞേക്കാം. (1 പത്രൊസ് 3:14) ശുശ്രൂഷയിലെ നമ്മുടെ ശ്രമങ്ങൾക്കു തെളിവായി ചൂണ്ടിക്കാണിക്കാൻ ഒന്നുമില്ലാത്തതിനാൽ കൊയ്ത്തു വേലയിൽ ആദ്യമൊക്കെ നമുക്കു ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. എന്നാൽ നടുന്നതിലും നനയ്ക്കുന്നതിലും നാം തുടരുന്നെങ്കിൽ ദൈവം അവ വളരുമാറാക്കും, പലപ്പോഴും നമ്മുടെ പ്രതീക്ഷകളെയെല്ലാം കവച്ചുവെക്കുന്ന വിധത്തിൽ തന്നെ. (1 കൊരിന്ത്യർ 3:6) ബൈബിളുകളും തിരുവെഴുത്തു പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്തിരിക്കുന്നതിലൂടെ ലഭിച്ചിട്ടുള്ള ഫലങ്ങൾ ഇതിനു തെളിവാണ്.
ആത്മീയരത്നങ്ങൾ
സംരക്ഷിക്കുന്നതിനുള്ള ശക്തി—‘ദൈവം നമ്മുടെ സങ്കേതം ആകുന്നു’
15 ആദ്യം ശാരീരിക സംരക്ഷണത്തിന്റെ കാര്യം പരിചിന്തിക്കാം. യഹോവയുടെ ആരാധകരായ നമുക്ക് ഒരു കൂട്ടമെന്ന നിലയിൽ അത്തരം സംരക്ഷണം പ്രതീക്ഷിക്കാനാകും. അല്ലായിരുന്നെങ്കിൽ നാം അനായാസം സാത്താന്റെ ഇരകളാകുമായിരുന്നു. ഇതേക്കുറിച്ചു ചിന്തിക്കുക: സത്യാരാധന ഇല്ലാതാക്കുക എന്നതാണ് “ഈ ലോകത്തിന്റെ പ്രഭു” ആയ സാത്താന്റെ ഏറ്റവും വലിയ ആഗ്രഹം. (യോഹന്നാൻ 12:31; വെളിപ്പാടു 12:17) ലോകത്തിലെ ഏറ്റവും ശക്തമായ ഗവണ്മെന്റുകളിൽ ചിലത് നമ്മുടെ പ്രസംഗവേല നിരോധിക്കുകയും നമ്മെ പൂർണമായി തുടച്ചുനീക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും, യഹോവയുടെ ജനം ഉറച്ചുനിൽക്കുകയും അവിരാമം പ്രസംഗിക്കുന്നതിൽ തുടരുകയും ചെയ്തിരിക്കുന്നു! താരതമ്യേന ചെറുതും സംരക്ഷണമില്ലാത്തതായി കാണപ്പെടുന്നതുമായ ക്രിസ്ത്യാനികളുടെ ഈ കൂട്ടത്തിന്റെ പ്രവർത്തനത്തെ നിറുത്തലാക്കാൻ പ്രബല രാഷ്ട്രങ്ങൾക്കു കഴിഞ്ഞിട്ടില്ലാത്തത് എന്തുകൊണ്ട്? യഹോവ തന്റെ ശക്തമായ ചിറകുകളാൽ നമ്മെ സംരക്ഷിച്ചിരിക്കുന്നതുകൊണ്ടുതന്നെ!—സങ്കീർത്തനം 17:7-9.