ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
© 2024 Watch Tower Bible and Tract Society of Pennsylvania
സെപ്റ്റംബർ 2-8
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 79-81
യഹോവയുടെ മഹനീയനാമത്തോടു സ്നേഹം കാണിക്കുക
മോചനവില—പിതാവിന്റെ ‘തികവുറ്റ സമ്മാനം’
5 യഹോവയുടെ പേരിനെ സ്നേഹിക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാനാകും? നമ്മൾ ജീവിക്കുന്ന വിധത്തിലൂടെ! നമ്മൾ വിശുദ്ധരായിരിക്കാൻ യഹോവ ആവശ്യപ്പെടുന്നു. (1 പത്രോസ് 1:15, 16 വായിക്കുക.) യഹോവയെ മാത്രമേ ആരാധിക്കാവൂ എന്നും മുഴുഹൃദയത്തോടെ യഹോവയെ അനുസരിക്കണമെന്നും ആണ് അതിന്റെ അർഥം. ഉപദ്രവം സഹിക്കേണ്ടിവന്നാൽപ്പോലും യഹോവയുടെ നീതിയുള്ള തത്ത്വങ്ങൾക്കും നിയമങ്ങൾക്കും ചേർച്ചയിൽ ജീവിക്കാൻ കഴിയുന്നതെല്ലാം നമ്മൾ ചെയ്യും. നീതിയുള്ള പ്രവൃത്തികളിലൂടെ നമ്മൾ വെളിച്ചം പ്രകാശിപ്പിക്കുകയും അങ്ങനെ യഹോവയുടെ പേരിനു മഹത്ത്വം കൊടുക്കുകയും ചെയ്യുന്നു. (മത്താ. 5:14-16) വിശുദ്ധജനമായ നമ്മൾ നമ്മുടെ ജീവിതത്തിലൂടെ യഹോവയുടെ നിയമങ്ങളാണു ശരിയെന്നും സാത്താന്റെ ആരോപണങ്ങൾ വ്യാജമാണെന്നും തെളിയിക്കുന്നു. എന്നാൽ നമുക്കു തെറ്റുകൾ പറ്റുമ്പോഴോ? ആത്മാർഥമായി പശ്ചാത്തപിക്കുകയും യഹോവയുടെ പേര് കളങ്കപ്പെടുത്തുന്ന പ്രവൃത്തികൾ ഉപേക്ഷിക്കുകയും ചെയ്യും.—സങ്കീ. 79:9.
റോമർ 10:13—‘കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുക’
ബൈബിളിൽ “യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുക” എന്നു പറയുന്നതിന്റെ അർഥം വെറുതേ ആ പേര് അറിയുന്നതോ ആരാധനയിൽ ആ പേര് ഉപയോഗിക്കുന്നതോ മാത്രമല്ല. (സങ്കീർത്തനം 116:12-14) ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നതും സഹായത്തിനായി ദൈവത്തിലേക്കു നോക്കുന്നതും അതിൽ ഉൾപ്പെടുന്നുണ്ട്.—സങ്കീർത്തനം 20:7; 99:6.
യേശുക്രിസ്തു ദൈവത്തിന്റെ പേര് വളരെ പ്രധാനപ്പെട്ടതായി കണ്ടു. താൻ പഠിപ്പിച്ച മാതൃകാപ്രാർഥനയിലെ ആദ്യത്തെ വാക്കുകൾതന്നെ “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ”എന്നാണ്. (മത്തായി 6:9) ദൈവത്തെക്കുറിച്ച് ശരിക്കും അറിയുകയും ദൈവത്തെ അനുസരിക്കുകയും ആ ദൈവത്തെ സ്നേഹിക്കുകയും ചെയ്താൽ മാത്രമേ നമുക്കു നിത്യജീവൻ നേടാൻ കഴിയുകയുള്ളൂ എന്നും യേശു പറഞ്ഞു.—യോഹന്നാൻ 17:3, 6, 26.
ആത്മീയരത്നങ്ങൾ
it-2-E 111
യോസേഫ്
യോസേഫ് എന്ന പേരിന് പ്രാധാന്യം കിട്ടുന്നു. യാക്കോബിന്റെ പുത്രന്മാരിൽ യോസേഫിന് ഒരു പ്രമുഖസ്ഥാനമുണ്ടായിരുന്നു. അതുകൊണ്ട് ചിലപ്പോഴൊക്കെ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളെയോ (സങ്ക 80:1) വടക്കേ രാജ്യത്തിന്റെ ഭാഗമായ ഗോത്രങ്ങളെയോ പരാമർശിക്കാൻ യോസേഫിന്റെ പേര് ഉപയോഗിച്ചിരിക്കുന്നു. ബൈബിൾപ്രവചനങ്ങളിലും അദ്ദേഹത്തിന്റ പേര് കാണാൻ കഴിയും.—യഹ 47:13; 48:32, 35; 37:15-26; ഓബ 18; സെഖ 10:6; വെളി 7:8.
സെപ്റ്റംബർ 9-15
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 82-84
നിങ്ങൾക്കുള്ള നിയമനങ്ങളെ വിലമതിക്കുക
wp16.6-E 8 ¶2-3
ആകാശത്തിലെ പക്ഷികളിൽനിന്നുള്ള പാഠങ്ങൾ
യരുശലേമിലെ ആളുകൾക്ക് കെട്ടിടങ്ങളുടെ വക്കുകളിൽ കൂടു കൂട്ടിയിരുന്ന മീവൽപ്പക്ഷികളെ അറിയാമായിരുന്നു. ചില മീവൽപ്പക്ഷികൾ ശലോമോന്റെ ആലയത്തിൽപ്പോലും കൂടു കൂട്ടിയിരുന്നു. ഒരുപക്ഷേ ആലയം സുരക്ഷിതമാണെന്നും മറ്റു ശല്യങ്ങളില്ലാതെ കുഞ്ഞുങ്ങളെ വളർത്താനാകുമെന്നും അറിയാവുന്നതുകൊണ്ടായിരിക്കണം അവ അവിടെ കൂടു കൂട്ടിയിരുന്നത്.
84-ാം സങ്കീർത്തനം എഴുതിയത് കോരഹുപുത്രന്മാരിൽ ഒരാളാണ്. ആറു മാസത്തിൽ ഒരു ആഴ്ച അദ്ദേഹം ആലയത്തിൽ ജോലി ചെയ്തിരുന്നു. ആലയത്തിന്റെ പരിസരത്തുള്ള മീവൽപ്പക്ഷികളുടെ കൂടുകൾ അദ്ദേഹം ശ്രദ്ധിച്ചു. ആ പക്ഷികളെപ്പോലെ യഹോവയുടെ ഭവനത്തിൽ സ്ഥിരമായി താമസിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞത്, “സൈന്യങ്ങളുടെ അധിപനായ യഹോവേ, അങ്ങയുടെ മഹനീയമായ വിശുദ്ധകൂടാരം എത്ര മനോഹരം! യഹോവയുടെ തിരുമുറ്റത്ത് എത്താൻ ഞാൻ എത്ര കൊതിക്കുന്നു! അതിനായി കാത്തുകാത്തിരുന്ന് ഞാൻ തളർന്നു. . . . എന്റെ രാജാവും എന്റെ ദൈവവും ആയ സൈന്യങ്ങളുടെ അധിപനായ യഹോവേ, അങ്ങയുടെ മഹനീയയാഗപീഠത്തിനു സമീപം ഒരു പക്ഷിക്കുപോലും കൂടു കൂട്ടാനാകുന്നു; കുഞ്ഞുങ്ങളെ പരിപാലിക്കാൻ മീവൽപ്പക്ഷി അവിടെ കൂട് ഒരുക്കുന്നു.” (സങ്കീർത്തനം 84:1-3) സഭയിൽ ദൈവജനത്തോടൊപ്പം സമയം ചെലവഴിക്കുന്നതിൽ നമുക്കും നമ്മുടെ കുട്ടികൾക്കും ഇതേ ആഗ്രഹവും വിലമതിപ്പും ഉണ്ടോ?—സങ്കീർത്തനം 26:8, 12.
ന്യായമായ പ്രതീക്ഷകൾ വെച്ചുപുലർത്തി സന്തോഷം കണ്ടെത്തൂ
വാർധക്യവും അനാരോഗ്യവും നിമിത്തം ദൈവസേവനത്തിൽ പണ്ടത്തെപ്പോലെയൊന്നും ചെയ്യാനാകുന്നില്ലെന്നു പരിതപിക്കുന്ന ഒരാളാണോ നിങ്ങൾ? ‘ഉള്ള സമയവും ആരോഗ്യവുമെല്ലാം കുട്ടികളുടെ പുറകെ നടന്ന് തീരുകയാണ്, പഠിക്കാനും മീറ്റിങ്ങുകൾക്കു തയ്യാറാകാനും അതിൽ നന്നായി പങ്കുപറ്റാനുമൊന്നും സാധിക്കുന്നില്ല’ എന്നു ചിന്തിക്കുന്ന ഒരു മാതാവോ പിതാവോ ആണോ നിങ്ങൾ? എന്നാൽ നമ്മുടെ പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും അമിതമായി ശ്രദ്ധയൂന്നുന്നത്, നമുക്കു ചെയ്യാനാകുന്ന കാര്യങ്ങളിൽനിന്നു നമ്മുടെ ശ്രദ്ധയകറ്റിയേക്കാം.
ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന ഒരു ലേവ്യന്റെ കാര്യം പരിചിന്തിക്കാം. ഒരിക്കലും സഫലമാകില്ലെന്ന് അറിയാമായിരുന്നിട്ടും യഹോവയുടെ ആലയത്തിൽ സ്ഥിരമായി സേവിക്കണമെന്ന ആഗ്രഹം അവൻ പ്രകടിപ്പിച്ചു. (സങ്കീ. 84:1–3) വർഷത്തിൽ രണ്ടാഴ്ച ആലയത്തിൽ സേവിക്കാനുള്ള പദവി അവന് അപ്പോൾത്തന്നെ ഉണ്ടായിരുന്നു. ഒരു ദിവസമെങ്കിൽ ഒരു ദിവസം യഹോവയുടെ ആലയത്തിൽ സേവിക്കാനാകുന്നത് വലിയൊരു പദവിയാണെന്നു തിരിച്ചറിഞ്ഞത്, തന്റെ സേവനം പരിമിതമായിരുന്നിട്ടുകൂടി അതിൽ സന്തോഷം കണ്ടെത്താൻ അവനെ സഹായിച്ചു. (സങ്കീ. 84:4, 5, 10) അതുപോലെ, നമ്മുടെ പരിമിതികൾ നമ്മുടെ സന്തോഷം കവർന്നെടുക്കാൻ അനുവദിക്കാതെ, നമുക്കു ലഭ്യമായിരിക്കുന്ന അവസരങ്ങൾ തിരിച്ചറിയുകയും അവയെ വിലമതിപ്പോടെ കാണുകയും വേണം.
നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ വിലപ്പെട്ടവരാണ്
12 നിങ്ങൾക്ക് ഇപ്പോൾ എന്തെങ്കിലും രോഗമുണ്ടെങ്കിൽ, നിങ്ങളുടെ കഷ്ടപ്പാടുകൾ യഹോവ കാണുന്നെന്ന് ഉറപ്പുണ്ടായിരിക്കുക. ‘എന്നെ ഒന്നിനും കൊള്ളില്ല’ എന്നു ചിന്തിക്കുന്നതിനു പകരം നമ്മുടെ സാഹചര്യത്തെക്കുറിച്ച് ശരിയായ ഒരു വീക്ഷണം വളർത്തിയെടുക്കാനുള്ള സഹായത്തിനായി പ്രാർഥിക്കുക. യഹോവ ദൈവവചനത്തിൽ നിങ്ങൾക്കായി സൂക്ഷിച്ചിരിക്കുന്ന നല്ല വാക്കുകൾ കണ്ടെത്തുക. യഹോവ തന്റെ ദാസരെ വിലമതിക്കുന്നെന്നു കാണിക്കുന്ന ബൈബിൾഭാഗങ്ങൾക്കു പ്രത്യേകശ്രദ്ധ കൊടുക്കുക. യഹോവയെ വിശ്വസ്തമായി സേവിക്കുന്ന എല്ലാവരോടും യഹോവ നന്മ ചെയ്യുമെന്നു നിങ്ങൾക്കു മനസ്സിലാകും.—സങ്കീ. 84:11.
ആത്മീയരത്നങ്ങൾ
it-1-E 816
പിതാവില്ലാത്ത കുട്ടി
ഇസ്രായേലിൽ പിതാവില്ലാത്ത കുട്ടികളോടു കാണിക്കുന്ന പരിഗണന ആ ദേശത്തിന്റെ ആത്മീയാരോഗ്യത്തിന്റെ ഒരു തെളിവായിരുന്നു. (സങ്ക 82:3; 94:6; യശ 1:17, 23; യിര 7:5-7; 22:3; യഹ 22:7; സെഖ 7:9-11; മല 3:5) പിതാവില്ലാത്ത ഒരു കുട്ടിയെ കഷ്ടപ്പെടുത്തുന്ന ഒരാൾ യഹോവയാൽ ശപിക്കപ്പെട്ടവനാകുമായിരുന്നു. (ആവ 27:19; യശ 10:1, 2) യഹോവ അനാഥർക്കുവേണ്ടി എപ്പോഴും കരുതുന്നു. (സുഭ 23:10, 11; സങ്ക 10:14; 68:5; ആവ 10:17, 18; ഹോശ 14:3; സങ്ക 146:9; യിര 49:11) മാതാപിതാക്കളില്ലാത്തവരോടു സ്നേഹവും പരിഗണനയും കാണിക്കുന്നത് സത്യക്രിസ്ത്യാനികളുടെ ഒരു അടയാളമാണ്.—യാക്ക 1:27.
സെപ്റ്റംബർ 16-22
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 85-87
സഹിച്ചുനിൽക്കാൻ പ്രാർഥന സഹായിക്കും
നിങ്ങൾ യഹോവയുടെ തേജസ്സ് പ്രതിഫലിപ്പിക്കുന്നുണ്ടോ?
10 യഹോവയുടെ തേജസ്സ് പ്രതിഫലിപ്പിക്കാൻ നാം “പ്രാർഥനയിൽ ഉറ്റിരിക്കു”കയും വേണം. (റോമ. 12:12) സ്വീകാര്യമായ വിധത്തിൽ ദൈവത്തെ സേവിക്കാനുള്ള സഹായത്തിനായി നാം പ്രാർഥിക്കേണ്ടതുണ്ട്. പരിശുദ്ധാത്മാവിനും കൂടുതൽ വിശ്വാസത്തിനും പ്രലോഭനം ചെറുക്കാനുള്ള കരുത്തിനും “സത്യവചനത്തെ ശരിയാംവണ്ണം കൈകാര്യം” ചെയ്യാനുള്ള പ്രാപ്തിക്കും വേണ്ടി യഹോവയോടു യാചിക്കാവുന്നതാണ്. (2 തിമൊ. 2:15; മത്താ. 6:13; ലൂക്കോ. 11:13; 17:5) ഒരു കുട്ടി തന്റെ പിതാവിൽ ആശ്രയിക്കുന്നതുപോലെ, നാം നമ്മുടെ സ്വർഗീയ പിതാവായ യഹോവയിൽ ആശ്രയിക്കണം. ദൈവത്തെ കൂടുതൽ നന്നായി സേവിക്കാൻ വേണ്ട സഹായത്തിനായി യാചിച്ചാൽ അവൻ അതു നൽകുമെന്ന കാര്യം ഉറപ്പാണ്. നമ്മുടെ പ്രാർഥനകൾ അവനൊരു ശല്യമാകുമെന്ന് ഒരിക്കലും ചിന്തിക്കരുത്! പകരം പ്രാർഥനയിൽ നമുക്ക് അവനെ സ്തുതിക്കാം, അവനു നന്ദി നൽകാം, അവന്റെ വിശുദ്ധ നാമത്തിനു മഹത്ത്വം കരേറ്റുന്ന വിധത്തിൽ അവനെ സേവിക്കാൻ സഹായം അഭ്യർഥിക്കാം, അവന്റെ മാർഗനിർദേശത്തിനായി യാചിക്കാം—വിശേഷിച്ച് പരിശോധനകൾ ഉണ്ടാകുമ്പോൾ.—സങ്കീ. 86:12; യാക്കോ. 1:5-7.
യഹോവ എങ്ങനെയാണു നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരുന്നത്?
17 സങ്കീർത്തനം 86:6, 7 വായിക്കുക. യഹോവ തന്റെ പ്രാർഥന കേട്ട് അതിന് ഉത്തരം തരുന്നുണ്ടെന്നു സങ്കീർത്തനക്കാരനായ ദാവീദിന് ഉറപ്പായിരുന്നു. നിങ്ങൾക്കും അതേ ഉറപ്പുണ്ടായിരിക്കാനാകും. നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരമായി യഹോവ ജ്ഞാനവും സഹിച്ചുനിൽക്കാനുള്ള ശക്തിയും തരും. കൂടാതെ, നമ്മളെ സഹായിക്കുന്നതിനുവേണ്ടി സഹോദരങ്ങളെയോ ഇപ്പോൾ സത്യാരാധകർ അല്ലാത്ത ആളുകളെപ്പോലുമോ ഉപയോഗിക്കാനും യഹോവയ്ക്കാകും.
18 ഈ ലേഖനത്തിൽ കണ്ട അനുഭവങ്ങളൊക്കെ അതാണു തെളിയിക്കുന്നത്. പ്രാർഥനയ്ക്കു നമ്മൾ പ്രതീക്ഷിക്കുന്ന ഉത്തരം യഹോവ എപ്പോഴും തരില്ലായിരിക്കും. പക്ഷേ, ഉത്തരം തരുമെന്ന് ഉറപ്പാണ്. നമുക്ക് എന്താണോ വേണ്ടത് അതായിരിക്കും യഹോവ തരുന്നത്, അതും ഏറ്റവും ആവശ്യമായ സമയത്തുതന്നെ. അതുകൊണ്ട് വിശ്വാസത്തോടെ തുടർന്നും പ്രാർഥിക്കുക. ഇപ്പോൾത്തന്നെ യഹോവ നിങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതുമെന്നും വരാനിരിക്കുന്ന പുതിയ ലോകത്തിൽ ‘ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്തിപ്പെടുത്തുമെന്നും’ ഉള്ള ഉറപ്പോടെ നിങ്ങൾക്ക് അതു ചെയ്യാനാകും.—സങ്കീ. 145:16.
ആത്മീയരത്നങ്ങൾ
it-1-E 1058 ¶5
ഹൃദയം
“പൂർണഹൃദയത്തോടെ” സേവിക്കുക. ഇതു കാണിക്കുന്നത് ഒരു വ്യക്തിയുടെ ആലങ്കാരികഹൃദയം വിഭജിതമായേക്കാം എന്നാണ്. (സങ്ക 86:11) അങ്ങനെയുള്ള ഒരു വ്യക്തി അർധഹൃദയമുള്ള ഒരാളായിരിക്കാം. മനസ്സില്ലാമനസ്സോടെ ആയിരിക്കാം അയാൾ ദൈവത്തെ സേവിക്കുന്നത്. (സങ്ക 119:113; വെളി 3:16) അല്ലെങ്കിൽ അയാൾ ഇരുമനസ്സുള്ള ഒരാളായിരിക്കാം. അതായത്, രണ്ടു യജമാനന്മാരെ സേവിക്കാൻ ശ്രമിക്കുകയോ ഒരു കാര്യം പറയുമ്പോൾ മറ്റൊന്നു മനസ്സിൽ വെച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്ന ഒരാൾ.—1ദിന 12:33; സങ്ക 12:2, അടിക്കുറിപ്പ്.
സെപ്റ്റംബർ 23-29
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 88-89
യഹോവയുടെ ഭരണമാണ് ഏറ്റവും നല്ലത്
യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുക!
5 ഭരിക്കാനുള്ള അവകാശം യഹോവയ്ക്കാണെന്നു പറയുന്നതിനു മറ്റൊരു കാരണമുണ്ട്. തന്റെ അധികാരം പൂർണനീതിയോടെയാണു ദൈവം പ്രയോഗിക്കുന്നത്. യഹോവ ഇങ്ങനെ പറയുന്നു: ‘യഹോവ എന്ന ഞാൻ ഭൂമിയിൽ അചഞ്ചലമായ സ്നേഹവും നീതിയും ന്യായവും കാണിക്കുന്ന ദൈവമാണ്. ഈ കാര്യങ്ങളിലാണു ഞാൻ പ്രസാദിക്കുന്നത്.’ (യിരെ. 9:24) അപൂർണരായ മനുഷ്യർ എഴുതിത്തയ്യാറാക്കിയ ഏതെങ്കിലും നിയമസംഹിതയുടെ അടിസ്ഥാനത്തിലല്ല ദൈവം നീതിയും ന്യായവും തീരുമാനിക്കുന്നത്. പകരം, യഹോവതന്നെയാണു നീതിയുടെ നിലവാരങ്ങൾ വെക്കുന്നത്. തന്റെ കുറ്റമറ്റ നീതിബോധത്തിന്റെ അടിസ്ഥാനത്തിൽ യഹോവ മനുഷ്യർക്കു നിയമങ്ങൾ കൊടുക്കുകയും ചെയ്തു. “നീതിയും ന്യായവും (ദൈവത്തിന്റെ) സിംഹാസനത്തിന്റെ അടിസ്ഥാനം” ആയതുകൊണ്ട് യഹോവയുടെ എല്ലാ നിയമങ്ങളും തത്ത്വങ്ങളും തീരുമാനങ്ങളും നീതിയുള്ളതാണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. (സങ്കീ. 89:14; 119:128) എന്നാൽ സാത്താന്റെ കാര്യമൊന്നു ചിന്തിക്കുക. യഹോവയുടെ ഭരണം കൊള്ളില്ലെന്ന് അവൻ വാദിച്ചു. പക്ഷേ ഈ ലോകത്തിൽ ഇതുവരെ നീതി കൊണ്ടുവരാൻ അവനു കഴിഞ്ഞിട്ടുണ്ടോ?
യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുക!
10 യഹോവ അടിച്ചമർത്തി ഭരിക്കുന്ന ഒരാളല്ല. ദൈവത്തിന്റെ ഭരണത്തിനു കീഴ്പെടുന്നവർക്കു സ്വാതന്ത്ര്യമാണു തോന്നുന്നത്, അവർ സന്തോഷമുള്ളവരുമാണ്. (2 കൊരി. 3:17) ദാവീദ് അതെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “തിരുസന്നിധി മഹത്ത്വവും തേജസ്സും കൊണ്ട് ശോഭിക്കുന്നു; ദൈവത്തിന്റെ വാസസ്ഥലത്ത് ബലവും ആനന്ദവും ഉണ്ട്.” (1 ദിന. 16:7, 27) അതുപോലെ, സങ്കീർത്തനക്കാരനായ ഏഥാൻ ഇങ്ങനെ എഴുതി: “ആഹ്ലാദാരവങ്ങളോടെ അങ്ങയെ സ്തുതിക്കുന്നവർ സന്തുഷ്ടർ. യഹോവേ, അവർ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തിൽ നടക്കുന്നു. ദിവസം മുഴുവൻ അവർ അങ്ങയുടെ നാമത്തിൽ ആനന്ദിക്കുന്നു; അങ്ങയുടെ നീതിയാൽ അവർക്ക് ഉന്നമനമുണ്ടായിരിക്കുന്നു.”—സങ്കീ. 89:15, 16.
11 യഹോവയുടെ ഭരണമാണ് ഏറ്റവും നല്ലതെന്ന നമ്മുടെ ബോധ്യം ശക്തമാക്കാൻ ഒരു വഴിയുണ്ട്: യഹോവയുടെ നന്മയെക്കുറിച്ച് കൂടെക്കൂടെ ചിന്തിക്കുക. എങ്കിൽ, “തിരുമുറ്റത്തെ ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമം!” എന്നു പറഞ്ഞ സങ്കീർത്തനക്കാരനെപ്പോലെ നമുക്കും തോന്നും. (സങ്കീ. 84:10) അതിൽ ഒട്ടും അതിശയോക്തിയില്ല. കാരണം നമ്മളെ രൂപകല്പന ചെയ്തതും സൃഷ്ടിച്ചതും യഹോവയായതുകൊണ്ട് നമുക്കു സന്തോഷം തരുന്നത് എന്താണെന്ന് യഹോവയ്ക്ക് അറിയാം. യഹോവ അത്തരം ആവശ്യങ്ങൾ സമൃദ്ധമായി നിറവേറ്റുകയും ചെയ്യുന്നു. യഹോവ ആവശ്യപ്പെടുന്ന ചില കാര്യങ്ങൾ ചെയ്യാൻ നമ്മുടെ ഭാഗത്ത് ത്യാഗങ്ങൾ വേണ്ടിവന്നേക്കാം എന്നതു ശരിയാണ്. എന്നാൽ യഹോവ എന്ത് ആവശ്യപ്പെട്ടാലും അതു നമ്മുടെ പ്രയോജനത്തിനുവേണ്ടിയാണെന്ന് ഓർക്കുക. ആത്യന്തികമായി അതു നമുക്കു സന്തോഷം തരും.—യശയ്യ 48:17 വായിക്കുക.
ദൈവരാജ്യത്തിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരിക്കുക
14 ദാവീദിക ഉടമ്പടിയിലൂടെ പുരാതന ഇസ്രായേലിലെ ദാവീദ് രാജാവിന് യഹോവ കൊടുത്ത വാഗ്ദാനം പരിചിന്തിക്കുക. (2 ശമൂവേൽ 7:12, 16 വായിക്കുക.) ദാവീദ് യെരുശലേമിൽ ഭരിച്ചുകൊണ്ടിരുന്നപ്പോഴാണ് അവന്റെ വംശപരമ്പരയിൽ മിശിഹാ വരുമെന്ന ഈ ഉടമ്പടി യഹോവ ചെയ്തത്. (ലൂക്കോ. 1:30-33) അങ്ങനെ, സന്തതി വരുന്ന വംശാവലി യഹോവ കുറച്ചുകൂടെ വ്യക്തമാക്കി. മിശിഹൈകരാജ്യത്തിന്റെ സിംഹാസനത്തിന് “അവകാശമുള്ളവൻ” ദാവീദിന്റെ വംശത്തിൽ വരുമെന്ന് അത് സ്ഥിരീകരിച്ചു. (യെഹെ. 21:25-27) യേശുവിലൂടെ ദാവീദിന്റെ രാജത്വം “എന്നേക്കും സ്ഥിരമായിരിക്കും.” ദാവീദിന്റെ സന്തതി “ശാശ്വതമായും അവന്റെ സിംഹാസനം . . . സൂര്യനെപ്പോലെയും ഇരിക്കും.” (സങ്കീ. 89:34-37) അതെ, മിശിഹായുടെ ഭരണം ഒരിക്കലും ഒരു ദുർഭരണമായി അധഃപതിക്കുകയില്ല. അതിന്റെ ഭരണനേട്ടങ്ങൾ നിത്യം നിലനിൽക്കും!
ആത്മീയരത്നങ്ങൾ
“നീ മാത്രമാകുന്നു വിശ്വസ്തൻ”
4 എബ്രായ തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നപ്രകാരം “വിശ്വസ്തത” എന്ന പദം, ഒരു സംഗതിയോട് അല്ലെങ്കിൽ വ്യക്തിയോട് സ്നേഹപൂർവം പറ്റിനിൽക്കുന്നതും ആ സംഗതിയോട് അല്ലെങ്കിൽ വ്യക്തിയോട് ബന്ധപ്പെട്ട ഉദ്ദേശ്യം സാധിക്കുന്നതുവരെ വിട്ടുപോകാത്തതുമായ ദയയെ അർഥമാക്കുന്നു. വിശ്വസ്തനായ ഒരു വ്യക്തി സ്നേഹസമ്പന്നനുമായിരിക്കും. രസാവഹമായി, സങ്കീർത്തനക്കാരൻ ചന്ദ്രനെ “ആകാശത്തിലെ വിശ്വസ്തസാക്ഷി” എന്ന് വിളിക്കുകയുണ്ടായി. (സങ്കീർത്തനം 89:37) ചന്ദ്രൻ രാത്രിയിൽ ക്രമമായി പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണ് അവൻ അതിനെ അപ്രകാരം വിശേഷിപ്പിച്ചത്. ഈ അർഥത്തിൽ ചന്ദ്രൻ ആശ്രയയോഗ്യത പ്രകടമാക്കുന്നു. എന്നാൽ ഒരു വ്യക്തി വിശ്വസ്തത കാണിക്കുന്ന അതേ അർഥത്തിൽ ചന്ദ്രൻ വിശ്വസ്തത കാണിക്കുന്നതായി പറയാൻ സാധിക്കില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഒരു വ്യക്തി പ്രകടമാക്കുന്ന വിശ്വസ്തത സ്നേഹത്തിന്റെ ഒരു തെളിവാണ്—അതു നിർജീവ വസ്തുക്കൾക്കു പ്രകടമാക്കാൻ കഴിയാത്ത ഒന്നാണ്.
5 തിരുവെഴുത്തിൽ ദ്യോതിപ്പിക്കുന്നപ്രകാരം, വിശ്വസ്തത ഊഷ്മളമാണ്. അതിന്റെ പ്രകടനംതന്നെ ഈ ഗുണം പ്രകടമാക്കുന്ന വ്യക്തിക്കും അതിന്റെ പ്രയോജനം അനുഭവിക്കുന്ന വ്യക്തിക്കും ഇടയിൽ ഒരു ബന്ധം സ്ഥിതിചെയ്യുന്നു എന്നു സൂചിപ്പിക്കുന്നു. അത്തരം വിശ്വസ്തത അസ്ഥിരമല്ല. കാറ്റത്ത് ഗതിമാറിപ്പോകുന്ന തിരമാലകൾപോലെയല്ല അത്. മറിച്ച്, ഏറ്റവും പ്രയാസകരമായ പ്രതിബന്ധങ്ങളെ പോലും തരണം ചെയ്യാനുള്ള സ്ഥിരതയും കരുത്തും അതിനുണ്ട്.
സെപ്റ്റംബർ 30–ഒക്ടോബർ 6
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 90-91
യഹോവയിൽ ആശ്രയിക്കുക, ദീർഘായുസ്സു നേടുക
ആയുസ്സ് കൂട്ടാനുള്ള അന്വേഷണം
വയസ്സാകുന്നതു തടയാൻ ഇന്നു ധാരാളം ചികിത്സകളുണ്ടെങ്കിലും അവയൊന്നും മനുഷ്യന്റെ ആയുസ്സ് അതിന്റെ പരിധിക്കപ്പുറം വർധിപ്പിക്കുന്നില്ലെന്നാണു ചില ശാസ്ത്രജ്ഞർ പറയുന്നത്. 19-ാം നൂറ്റാണ്ടുമുതൽ മനുഷ്യന്റെ ആയുർദൈർഘ്യം വർധിച്ചിട്ടുണ്ട് എന്നതു സത്യമാണ്. എന്നാൽ അതിനു കാരണം സാംക്രമികരോഗങ്ങൾ തടയുന്നതിന് എടുത്തിരിക്കുന്ന വിജയകരമായ നടപടികളും ആന്റിബയോട്ടിക്കുകളുടെയും വാക്സിനുകളുടെയും ഉപയോഗവും നല്ല ശുചിത്വവും ഒക്കെയാണ്. ചില ജനിതകവിദഗ്ധർ വിശ്വസിക്കുന്നതു മനുഷ്യായുസ്സ് അതിന്റെ പരിധിയിൽ എത്തിനിൽക്കുകയാണ് എന്നാണ്.
ഏതാണ്ട് 3,500 വർഷങ്ങൾക്കുമുമ്പ് ബൈബിളെഴുത്തുകാരനായ മോശ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ ആയുസ്സ് 70 വർഷം; അസാധാരണകരുത്തുണ്ടെങ്കിൽ 80 വർഷവും. പക്ഷേ, അക്കാലമത്രയും കഷ്ടതകളും സങ്കടങ്ങളും നിറഞ്ഞതാണ്; അവ പെട്ടെന്നു കടന്നുപോകുന്നു, ഞങ്ങൾ ദൂരേക്കു പറന്നകലുന്നു.” (സങ്കീർത്തനം 90:10) ആയുർദൈർഘ്യം കൂട്ടാൻ മനുഷ്യൻ ഒരുപാട് ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യന്റെ ആയുസ്സ് മോശ പറഞ്ഞതുപോലെതന്നെ തുടരുന്നു.
മറുവശത്ത് കടൽചേനപോലുള്ള ചില ജീവികൾ 200 വർഷത്തിലേറെ കാലം ജീവിച്ചിരിക്കുന്നു. ആയിരക്കണക്കിനു വർഷമാണു ഭീമൻ സെക്കോയപോലുള്ള മരങ്ങളുടെ ആയുസ്സ്. ഇവയോടു നമ്മുടെ ആയുസ്സിനെ താരതമ്യം ചെയ്തുനോക്കുക; അത് വെറും 70-ഓ 80-ഓ വർഷം മാത്രം. ജീവിതം എന്നു പറഞ്ഞാൽ ഇത്രയേ ഉള്ളോ എന്നു നമ്മൾ അതിശയത്തോടെ ചിന്തിച്ചേക്കാം.
wp19.1 5, ചതുരം
ദൈവത്തിന്റെ പേര് എന്താണ്?
പലരും ചിന്തിച്ചിട്ടുള്ള ഒരു ചോദ്യമാണ് ഇത്. ചിലപ്പോൾ നിങ്ങളും ചിന്തിച്ചിട്ടുണ്ടാകും. ആ ചോദ്യം ഈ വിധത്തിലും ചോദിക്കാം: ഈ പ്രപഞ്ചവും അതിലുള്ള എല്ലാ കാര്യങ്ങളും ഉണ്ടായതിനു പിന്നിൽ ഒരു കാരണമോ സ്രഷ്ടാവോ ഉണ്ടെങ്കിൽ ദൈവം എങ്ങനെ ഉണ്ടായി?
പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ട് എന്നതിനോടു ശാസ്ത്രജ്ഞർ പൊതുവേ യോജിക്കുന്നു. ഇതിനു ചേർച്ചയിൽ ബൈബിളിലെ ആദ്യവാക്യം ഇങ്ങനെ പറയുന്നു: “ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”—ഉൽപത്തി 1:1.
ഈ പ്രപഞ്ചം തനിയെ ഉണ്ടായതല്ല. ഒന്നുമില്ലായ്മയിൽനിന്ന് വന്നതുമല്ല. ഒന്നുമില്ലായ്മയിൽനിന്ന് ഒന്നും ഉണ്ടാകുന്നില്ല. പ്രപഞ്ചത്തിന്റെ തുടക്കത്തിനു മുമ്പ് ഒന്നുമില്ലായിരുന്നെങ്കിൽ ഇന്നു പ്രപഞ്ചം ഉണ്ടാകുമായിരുന്നില്ല. നമുക്കു മുഴുവനായി ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെങ്കിലും, പ്രപഞ്ചത്തിന്റെ ഭാഗമല്ലാത്ത ബുദ്ധിശക്തിയുള്ള ഒരു ആദ്യകാരണം എല്ലാ കാലവും ഉണ്ടായിരുന്നേ പറ്റൂ. പരിധിയില്ലാത്ത ശക്തിയുടെയും ജ്ഞാനത്തിന്റെയും ഉടമയായ ഒരു ആത്മവ്യക്തിയാണ് ആ ആദ്യകാരണം. അതു ദൈവമായ യഹോവയാണ്.—യോഹന്നാൻ 4:24.
ബൈബിൾ ദൈവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “പർവതങ്ങൾ ഉണ്ടായതിനു മുമ്പേ, അങ്ങ് ഭൂമിക്കും ഫലപുഷ്ടിയുള്ള ദേശത്തിനും ജന്മം നൽകിയതിനു മുമ്പേ, നിത്യതമുതൽ നിത്യതവരെ അങ്ങ് ദൈവം.” (സങ്കീർത്തനം 90:2) ദൈവം എല്ലായ്പോഴും ഉണ്ടായിരുന്നു. “ആരംഭത്തിൽ” ദൈവം പ്രപഞ്ചം ഉണ്ടാക്കി.—വെളിപാട് 4:11.
യഹോവയുടെ സ്നേഹം അറിയൂ, ഭയത്തെ കീഴടക്കൂ!
16 നമ്മളെല്ലാം നമ്മുടെ ജീവനെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നു സാത്താന് അറിയാം. ജീവൻ രക്ഷിക്കാൻവേണ്ടി നമ്മൾ എന്തും ഉപേക്ഷിക്കാൻ തയ്യാറാകും, യഹോവയോടുള്ള നമ്മുടെ സ്നേഹബന്ധംപോലും നമ്മൾ വിട്ടുകളയും എന്നാണ് അവന്റെ വാദം. (ഇയ്യോ. 2:4, 5) പക്ഷേ സാത്താന്റെ ആ ചിന്ത എത്ര തെറ്റാണ്, അല്ലേ? എന്നാലും സാത്താനു ‘മരണം വരുത്താൻ കഴിവുള്ളതുകൊണ്ട്’ മരിക്കാനുള്ള നമ്മുടെ ഈ പേടിയെ മുതലെടുക്കാൻ അവൻ നോക്കും. കാരണം അതിലൂടെ യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കാനാകുമെന്ന് അവന് അറിയാം. (എബ്രാ. 2:14, 15) അതിനുവേണ്ടി അവൻ പല രീതികൾ ഉപയോഗിച്ചേക്കാം. ചിലപ്പോൾ, ‘വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ കൊന്നുകളയും’ എന്നുള്ള ഭീഷണി നമുക്കു നേരിടേണ്ടിവന്നേക്കാം. അല്ലെങ്കിൽ ഗുരുതരമായ ഒരു രോഗം വരുമ്പോൾ ദൈവകല്പന ലംഘിച്ചുകൊണ്ട് രക്തം സ്വീകരിക്കാൻ ഡോക്ടർമാരോ വിശ്വാസത്തിലില്ലാത്ത കുടുംബാംഗങ്ങളോ നമ്മളെ നിർബന്ധിച്ചേക്കാം. അതല്ലെങ്കിൽ ബൈബിൾതത്ത്വങ്ങൾക്കു വിരുദ്ധമായ ഏതെങ്കിലും ചികിത്സ സ്വീകരിക്കാനുള്ള സമ്മർദം നമുക്കു നേരിട്ടേക്കാം.
17 മരിക്കാൻ നമ്മളാരും ആഗ്രഹിക്കുന്നില്ല. എന്നാൽ നമുക്ക് ഒരു കാര്യം അറിയാം. നമ്മൾ മരിച്ചുപോയാലും യഹോവ നമ്മളെ തുടർന്നും സ്നേഹിക്കും. (റോമർ 8:37-39 വായിക്കുക.) തന്റെ സ്നേഹിതർ മരിക്കുമ്പോൾ യഹോവ അവരെ ഓർമയിൽ സൂക്ഷിക്കുന്നുണ്ട്, അവർ അപ്പോഴും ജീവനോടെയുണ്ടായിരുന്നാൽ എന്നപോലെ. (ലൂക്കോ. 20:37, 38) അവരെ തിരികെ ജീവനിലേക്കു കൊണ്ടുവരാൻവേണ്ടി യഹോവ കാത്തിരിക്കുകയാണ്. (ഇയ്യോ. 14:15) നമുക്കെല്ലാം ‘നിത്യജീവൻ കിട്ടാൻവേണ്ടി’ സ്വന്തം മകനെത്തന്നെയാണ് യഹോവ ഒരു വിലയായി കൊടുത്തിരിക്കുന്നത്. (യോഹ. 3:16) യഹോവ നമ്മളെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നും നമുക്കെല്ലാംവേണ്ടി കരുതുന്നുണ്ടെന്നും നമുക്ക് അറിയാം. അതുകൊണ്ട് ഒരു അസുഖം വരുമ്പോഴോ വിശ്വാസത്തിന്റെ പേരിൽ ആരെങ്കിലും നമ്മളെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുമ്പോഴോ യഹോവയെ ഉപേക്ഷിക്കുന്നതിനു പകരം ആശ്വാസത്തിനും ജ്ഞാനത്തിനും ശക്തിക്കും ആയി നമുക്ക് യഹോവയിലേക്കു തിരിയാം. അതാണു വാലറിയും ഭർത്താവും ചെയ്തത്.—സങ്കീ. 41:3.
ആത്മീയരത്നങ്ങൾ
നിങ്ങൾക്ക് ഒരു കാവൽ മാലാഖയുണ്ടോ?
ഓരോ വ്യക്തിയെയും സംരക്ഷിക്കാൻ കാവൽ മാലാഖമാരുണ്ടെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല. യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു എന്നത് സത്യമാണ്: “ഈ ചെറിയവരിൽ ഒരാളെപ്പോലും (ക്രിസ്തുവിന്റെ ശിഷ്യന്മാരെ) നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക; കാരണം സ്വർഗത്തിൽ അവരുടെ ദൂതന്മാർ എപ്പോഴും സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം കാണുന്നവരാണെന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 18:10) ഇവിടെ ഓരോ വ്യക്തികൾക്കും ഒരു കാവൽ മാലാഖ ഉണ്ടെന്ന ആശയത്തെക്കുറിച്ചല്ല യേശു പറഞ്ഞത്. മറിച്ച് തന്റെ ഓരോ ശിഷ്യന്മാരിലും ദൂതന്മാർ അഗാധമായ താത്പര്യം കാണിക്കുന്നെന്നു സൂചിപ്പിക്കുകയായിരുന്നു. അതുകൊണ്ട് ദൂതന്മാർ തങ്ങളെ സംരക്ഷിച്ചുകൊള്ളുമെന്നു വിചാരിച്ച് സത്യാരാധകർ വിവേകമില്ലാതെ അനാവശ്യമോ അപകടം പിടിച്ചതോ ആയ കാര്യങ്ങൾ ചെയ്യാറില്ല.
അതിന്റെ അർഥം ദൂതന്മാർ മനുഷ്യരെ സഹായിക്കുന്നില്ലെന്നാണോ? അല്ല. (സങ്കീർത്തനം 91:11) ദൂതന്മാരിലൂടെ സംരക്ഷണവും വഴിനടത്തിപ്പും ദൈവം തരുന്നുവെന്നു ചിലർ ഉറച്ചു വിശ്വസിക്കുന്നു. മുഖ്യലേഖനത്തിൽ പറഞ്ഞിരിക്കുന്ന കെന്നറ്റും അങ്ങനെതന്നെ വിശ്വസിക്കുന്നു. അത് ഒരുപക്ഷേ ശരിയായിരിക്കാം. യഹോവയുടെ സാക്ഷികൾ അവരുടെ സുവിശേഷ പ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ദൂതന്മാരുടെ ഇടപെടൽ ഉണ്ടായെന്നുള്ളതിന്റെ തെളിവുകൾ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ ദൂതന്മാരെ നമുക്ക് കാണാൻ കഴിയില്ല. അതുകൊണ്ടുതന്നെ പല കാര്യങ്ങളിലും ആളുകളെ സഹായിക്കുന്നതിനുവേണ്ടി ദൈവം അവരെ എത്രത്തോളം ഉപയോഗിക്കുമെന്ന് നമുക്ക് പറയാനും കഴിയില്ല. എങ്കിലും, നമുക്ക് ലഭിക്കുന്ന ഏതൊരു സഹായത്തിനും സർവശക്തനായ ദൈവത്തോടു നന്ദി പറയുന്നത് അധികമാകില്ല.—കൊലോസ്യർ 3:15; യാക്കോബ് 1:17, 18.
ഒക്ടോബർ 7-13
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 92-95
യഹോവയെ സേവിക്കുന്നതാണ് ഏറ്റവും നല്ല ജീവിതം
ചെറുപ്പക്കാരേ, നിങ്ങളുടെ ജീവിതം ആത്മീയലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചാണോ?
5 യഹോവ നമ്മളോടു കാണിക്കുന്ന സ്നേഹത്തിനും നമുക്കുവേണ്ടി ചെയ്തുതന്നിരിക്കുന്ന കാര്യങ്ങൾക്കും നന്ദി കാണിക്കാൻ കഴിയും എന്നതാണ് ആത്മീയലക്ഷ്യങ്ങൾ വെക്കുന്നതിന്റെ പ്രധാനകാരണം. സങ്കീർത്തനക്കാരൻ എഴുതി: “യഹോവയോടു നന്ദി പറയുന്നതു . . . എത്ര നല്ലത്! യഹോവേ, അങ്ങയുടെ ചെയ്തികളാൽ അങ്ങ് എന്നെ സന്തോഷിപ്പിച്ചിരിക്കുന്നല്ലോ; അങ്ങയുടെ കൈകളുടെ പ്രവൃത്തികൾ നിമിത്തം ഞാൻ സന്തോഷിച്ചാർക്കുന്നു.” (സങ്കീ. 92:1, 4) ചെറുപ്പക്കാരേ, യഹോവയ്ക്കു നന്ദി നൽകാൻ നിങ്ങൾക്ക് എത്രയെത്ര കാര്യങ്ങളാണുള്ളത്! നിങ്ങളുടെ ജീവൻ, നിങ്ങൾക്കു കിട്ടിയ വിലയേറിയ സത്യം, ബൈബിൾ, സഭ, അത്ഭുതകരമായ ഭാവിപ്രത്യാശ എന്നിവയെക്കുറിച്ചൊക്കെ ഓർത്തുനോക്കൂ! ആത്മീയകാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുമ്പോൾ ഈ അനുഗ്രഹങ്ങളെല്ലാം തന്നതിനു നമുക്കു ദൈവത്തോടു നന്ദി കാണിക്കാൻ കഴിയും, ദൈവത്തോടു കൂടുതൽ അടുക്കാനും സാധിക്കും.
ആരാണു നിങ്ങളുടെ ചിന്തകൾ രൂപപ്പെടുത്തുന്നത്?
8 സ്നേഹമുള്ള ഒരു പിതാവിനെപ്പോലെ, തന്റെ മക്കൾ ഏറ്റവും സംതൃപ്തികരമായ ജീവിതം ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (യശ. 48:17, 18) അതുകൊണ്ട് ധാർമികനിലവാരങ്ങളുടെ കാര്യത്തിലും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലും യഹോവ ചില അടിസ്ഥാനതത്ത്വങ്ങൾ തന്നിട്ടുണ്ട്. ഇക്കാര്യങ്ങളിൽ താൻ ചിന്തിക്കുന്നതുപോലെ ചിന്തിക്കാനും തന്റെ മൂല്യങ്ങൾ പകർത്താനും യഹോവ നമ്മളെ ക്ഷണിക്കുന്നു. ഇത് ഒരിക്കലും നമ്മുടെ സ്വാതന്ത്ര്യത്തിനു തടയിടുന്നതല്ല, പകരം നമ്മുടെ ചിന്താശേഷി മെച്ചപ്പെടുത്തുകയും വിശാലമായി ചിന്തിക്കാൻ നമ്മളെ സഹായിക്കുകയും ചെയ്യുന്നു. നമ്മുടെ ചിന്തകൾ ദൈവികമായ ഒരു തലത്തിലേക്ക് ഉയരുകയും ചെയ്യും. (സങ്കീ. 92:5; സുഭാ. 2:1-5; യശ. 55:9) സ്വന്തമായ വ്യക്തിത്വം രൂപപ്പെടുത്തുന്നതോടൊപ്പം സന്തോഷത്തിലേക്കു നയിക്കുന്ന തീരുമാനങ്ങളെടുക്കാനും അതു സഹായിക്കും. (സങ്കീ. 1:2, 3) അതെ, യഹോവയെപ്പോലെ ചിന്തിക്കുന്നതാണു നമുക്കു നല്ലത്, പ്രയോജനകരവും!
നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ വിലപ്പെട്ടവരാണ്
18 പ്രായമായാലും യഹോവയ്ക്കുവേണ്ടി നമുക്കു പലതും ചെയ്യാനുണ്ടെന്ന് ഉറപ്പുണ്ടായിരിക്കാം. (സങ്കീ. 92:12-15) നമുക്കു വലിയ കഴിവൊന്നുമില്ലായിരിക്കും, അധികമൊന്നും ചെയ്യാനും കഴിയുന്നില്ലായിരിക്കും. എന്നാൽ ദൈവസേവനത്തിൽ നമ്മൾ ചെയ്യുന്ന ചെറിയ കാര്യംപോലും യഹോവ വിലയുള്ളതായി കാണുന്നെന്നു യേശു പഠിപ്പിച്ചു. (ലൂക്കോ. 21:2-4) അതുകൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങളല്ല, ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇപ്പോഴും യഹോവയെക്കുറിച്ച് സംസാരിക്കാനും സഹോദരങ്ങൾക്കുവേണ്ടി പ്രാർഥിക്കാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും ഒക്കെ കഴിയും. നിങ്ങൾ എത്രമാത്രം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല യഹോവ നിങ്ങളെ തന്റെ സഹപ്രവർത്തകരായി കാണുന്നത്, പകരം നിങ്ങൾ മനസ്സോടെ യഹോവയെ അനുസരിക്കുന്നതുകൊണ്ടാണ്.—1 കൊരി. 3:5-9.
ആത്മീയരത്നങ്ങൾ
‘ഹാ, ദൈവത്തിന്റെ ജ്ഞാനത്തിന്റെ ആഴമേ!’
18 അപ്പൊസ്തലനായ പൗലൊസ് യഹോവയുടെ ജ്ഞാനത്തിന്റെ അതുല്യതയെ വെളിപ്പെടുത്തിയത് എങ്ങനെയെന്നു കാണുക: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.” (റോമർ 11:33) വാക്യത്തിന്റെ തുടക്കത്തിലെ ഹാ, എന്ന ഉദ്ഘോഷം ശക്തമായ വികാരത്തെ—ആഴമായ ഭയാദരവിനെ—സൂചിപ്പിക്കുന്നു. “ആഴം” എന്നതിന് പൗലൊസ് തിരഞ്ഞെടുത്ത ഗ്രീക്കുപദം “അഗാധം” എന്നതിന്റെ മൂലപദവുമായി അടുത്തു ബന്ധമുള്ളതാണ്. അതുകൊണ്ട് അവന്റെ വാക്കുകൾ ഉജ്ജ്വലമായ ഒരു മനോചിത്രം ഉളവാക്കുന്നു. യഹോവയുടെ ജ്ഞാനത്തെ കുറിച്ചു വിചിന്തനം ചെയ്യുന്നത്, അതിരില്ലാത്ത, അടിത്തട്ടില്ലാത്ത ഒരു ഗർത്തത്തിലേക്ക്, നമുക്ക് ഒരിക്കലും ഗ്രഹിക്കാൻ കഴിയാത്തത്ര ആഴവും പരപ്പുമുള്ള ഒരു മേഖലയിലേക്ക്, എത്തിനോക്കുന്നതു പോലെയാണ്. അതിനെ കൃത്യമായി വിവരിക്കാനോ വർണിക്കാനോ കഴിയില്ലെന്നു മാത്രമല്ല, അതിന്റെ വിപുലത മനസ്സിലാക്കാൻ പോലും നമുക്ക് ഒരിക്കലും സാധിക്കുകയില്ല. (സങ്കീർത്തനം 92:5) ഈ ആശയം നമ്മിൽ താഴ്മ ഉളവാക്കുന്നില്ലേ?
ഒക്ടോബർ 14-20
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 96-99
“സന്തോഷവാർത്ത പ്രസിദ്ധമാക്കുവിൻ!”
w11-E 3/1 6 ¶1-2
എന്താണ് സന്തോഷവാർത്ത?
ക്രിസ്ത്യാനികൾ “ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത” പ്രസംഗിക്കേണ്ടതുണ്ട്. അതായത്, ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരോടു പറയുകയും ഭാവിയിൽ ഭൂമിയെ നീതിയോടെ ഭരിക്കുന്ന ഒരു ഗവൺമെന്റാണ് അതെന്നു വിശദീകരിക്കുകയും ചെയ്യണം. എന്നാൽ “സന്തോഷവാർത്ത” എന്ന പ്രയോഗം ബൈബിളിൽ പല വിധങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, “ദിവ്യരക്ഷയുടെ സന്തോഷവാർത്ത” എന്നും (സങ്ക 96:2) “ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത” എന്നും (റോമ 15:16) “യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത” എന്നും ഉപയോഗിച്ചിരിക്കുന്നതു കാണാം.—മർ 1:1.
ചുരുക്കിപ്പറഞ്ഞാൽ യേശു പറഞ്ഞിട്ടുള്ളതും ശിഷ്യന്മാർ എഴുതിയിട്ടുള്ളതും ആയ എല്ലാ സത്യങ്ങളും സന്തോഷവാർത്തയിൽ ഉൾപ്പെടും. യേശു സ്വർഗാരോഹണം ചെയ്യുന്നതിനു മുമ്പ് തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “അതുകൊണ്ട് നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനപ്പെടുത്തുകയും ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം.” (മത്ത 28:19, 20) അതുകൊണ്ട് സത്യക്രിസ്ത്യാനികൾ മറ്റുള്ളവരോടു ദൈവരാജ്യത്തെക്കുറിച്ച് പറയുക മാത്രമല്ല, അവരെ ശിഷ്യരാക്കുകയും വേണം.
w12-E 9/1 16 ¶1
ന്യായവിധി ദിവസത്തിൽ എന്താണു സംഭവിക്കുക?
ന്യായവിധി ദിവസത്തെക്കുറിച്ച് പല ആളുകളും സങ്കൽപ്പിച്ചുവെച്ചിരിക്കുന്നത് എന്താണെന്നാണ് വലതുവശത്തെ ചിത്രം കാണിക്കുന്നത്. അവരുടെ വിശ്വാസം അനുസരിച്ച് മരിച്ചവരുടെ ആത്മാക്കളെയെല്ലാം ന്യായവിധി ദിവസത്തിൽ ദൈവത്തിന്റെ സിംഹാസനത്തിനു മുമ്പാകെ കൂട്ടിവരുത്തും. മരിക്കുന്നതിനു മുമ്പുവരെ അവർ ചെയ്ത എല്ലാ പ്രവൃത്തികളുടെയും അടിസ്ഥാനത്തിൽ ദൈവം അവരെ ന്യായംവിധിക്കും. ചിലർക്ക് സ്വർഗത്തിൽ ജീവിക്കാനുള്ള അവസരം കിട്ടും. മറ്റു ചിലർക്ക് നരകത്തിലെ ശിക്ഷാവിധിയായിരിക്കും ലഭിക്കുന്നത്. എന്നാൽ ഇങ്ങനെയൊരു ആശയമേ അല്ല ബൈബിൾ പഠിപ്പിക്കുന്നത്. ബൈബിളിൽ പറയുന്നതനുസരിച്ച് മനുഷ്യരെ അനീതിയിൽനിന്നു രക്ഷിക്കുക എന്നതാണ് ന്യായവിധി ദിവസത്തിന്റെ ഉദ്ദേശ്യം. (സങ്കീർത്തനം 96:13) നീതി നടപ്പാക്കുന്ന ന്യായാധിപനായി ദൈവം നിയമിച്ചിരിക്കുന്നത് യേശുവിനെയാണ്.—യശയ്യ 11:1-5; പ്രവൃത്തികൾ 17:31 വായിക്കുക.
സമാധാനം—ആയിരം വർഷവും അതിനു ശേഷവും!
18 സാത്താന്റെ വാക്കു കേട്ട് മനുഷ്യർ യഹോവയുടെ പരമാധികാരത്തോടു മത്സരിച്ചതോടെ ആ സമാധാനബന്ധം തകർന്നു. എന്നാൽ ആ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാൻ 1914 മുതൽ മിശിഹൈക രാജ്യം ക്രമാനുഗതമായി നടപടികൾ സ്വീകരിച്ചുവരുകയാണ്. (എഫെ. 1:9, 10) ഇന്ന് “കാണാത്ത” പല വിശിഷ്ടകാര്യങ്ങളും ക്രിസ്തുവിന്റെ ആയിരംവർഷ വാഴ്ചയിൽ യാഥാർഥ്യമാകും. അതിനു ശേഷം “അവസാനത്തിങ്കൽ,” അതായത് ആ വാഴ്ചയുടെ ഒടുവിൽ എന്തു സംഭവിക്കും? “സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും” യേശുവിന് നൽകപ്പെട്ടിട്ടുണ്ടെങ്കിലും അവൻ അധികാരമോഹിയല്ല, യഹോവയുടെ സ്ഥാനം അവൻ ആഗ്രഹിക്കുന്നില്ല. താഴ്മയോടെ അവൻ “രാജ്യം തന്റെ ദൈവവും പിതാവുമായവനെ ഏൽപ്പിക്കും.” അതെ, അവൻ എല്ലായ്പ്പോഴും തന്റെ വിശിഷ്ടമായ സ്ഥാനവും അധികാരവും “ദൈവത്തിന്റെ മഹത്ത്വത്തിനായി” ഉപയോഗിക്കുന്നു.—മത്താ. 28:18; ഫിലി. 2:9-11.
19 അപ്പോഴേക്കും ഭൂമിയിൽ രാജ്യത്തിന്റെ പ്രജകൾ പൂർണരായിത്തീർന്നിരിക്കും. യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട് താഴ്മയോടെ യഹോവയുടെ പരമാധികാരത്തെ അവർ മനസ്സാ അംഗീകരിക്കും. അതിനുള്ള തങ്ങളുടെ മനസ്സൊരുക്കം തെളിയിക്കാൻ അന്തിമപരീക്ഷണം അവർക്ക് അവസരമേകും. (വെളി. 20:7-10) മത്സരികളായ എല്ലാ മനുഷ്യരെയും ആത്മജീവികളെയും അതിനു ശേഷം എന്നെന്നേക്കുമായി നശിപ്പിക്കും. എത്രമാത്രം സന്തോഷവും ആവേശവും അലയടിക്കുന്ന സമയമായിരിക്കും അത്! ‘എല്ലാവർക്കും എല്ലാമായിത്തീരുന്ന’ യഹോവയെ ആ സാർവത്രികകുടുംബം സന്തോഷത്തോടെ സ്തുതിക്കും.—സങ്കീർത്തനം 99:1-3 വായിക്കുക.
ആത്മീയരത്നങ്ങൾ
it-2-E 994
പാട്ട്
“പുതിയ പാട്ട്” എന്ന പദപ്രയോഗം സങ്കീർത്തനങ്ങളിലും ബൈബിളിന്റെ മറ്റു ഭാഗങ്ങളിലും കാണാം. (സങ്ക 33:3; 40:3; 96:1; 98:1; 144:9; 149:1; യശ 42:10; വെളി 5:9; 14:3) മിക്കപ്പോഴും ഇത്തരം പുതിയ പാട്ടുകൾ പാടുന്നതായി ബൈബിളിൽ കാണുന്നത്, യഹോവ തന്റെ അഖിലാണ്ഡപരമാധികാരം പുതിയ ഒരു വിധത്തിൽ പ്രയോഗിക്കുന്ന സന്ദർഭങ്ങളിലാണ്. ആ സന്ദർഭത്തിൽ യഹോവയുടെ പരമാധികാരവുമായി ബന്ധപ്പെട്ട, പുതിയ എന്തു സംഭവവികാസമാണ് ഉണ്ടായതെന്നും അതു സ്വർഗത്തെയും ഭൂമിയെയും എങ്ങനെ ബാധിക്കുമെന്നും ഉള്ളതാണ് പൊതുവെ ഇത്തരം പാട്ടുകളുടെ ഉള്ളടക്കം.—സങ്ക 96:11-13; 98:9; യശ 42:10, 13.
ഒക്ടോബർ 21-27
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 100-102
യഹോവയുടെ അചഞ്ചലസ്നേഹത്തോട് നന്ദിയുള്ളവരായിരിക്കുക
സ്നാനമേൽക്കാനായി എങ്ങനെ ഒരുങ്ങാം?
18 നമുക്ക് ഉണ്ടായിരിക്കാവുന്നതിൽവെച്ച് ഏറ്റവും വിലപ്പെട്ട ഒന്നാണ് യഹോവയുമായുള്ള സ്നേഹബന്ധം. (സുഭാഷിതങ്ങൾ 3:3-6 വായിക്കുക.) അതു ശക്തമാണെങ്കിൽ ജീവിതത്തിലെ ഏതു പ്രശ്നത്തെയും വിജയകരമായി നേരിടാനാകും. തന്റെ ദാസന്മാരോടുള്ള യഹോവയുടെ അചഞ്ചലസ്നേഹത്തെക്കുറിച്ച് ബൈബിളിൽ പലയിടത്തും പറഞ്ഞിട്ടുണ്ട്. അതിന്റെ അർഥം യഹോവ തന്റെ ദാസന്മാരെ ഒരിക്കലും ഉപേക്ഷിക്കുകയോ സ്നേഹിക്കുന്നതു നിറുത്തിക്കളയുകയോ ചെയ്യില്ല എന്നാണ്. (സങ്കീ. 100:5) ദൈവത്തിന്റെ ഛായയിലാണു നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. (ഉൽപ. 1:26) അതുകൊണ്ട് നിങ്ങൾക്കും ഈ ഗുണം അനുകരിക്കാനാകും. അത് എങ്ങനെ ചെയ്യാം?
19 ആദ്യംതന്നെ നന്ദിയുള്ളവരായിരിക്കാൻ പഠിക്കുക. (1 തെസ്സ. 5:18) ദിവസവും നിങ്ങളോടുതന്നെ ചോദിക്കുക: ‘യഹോവ എന്നോട് എങ്ങനെയാണു സ്നേഹം കാണിച്ചിരിക്കുന്നത്?’ എന്നിട്ട് യഹോവ ചെയ്തുതന്നിരിക്കുന്ന ഓരോ കാര്യവും എടുത്തുപറഞ്ഞ് പ്രാർഥനയിൽ നന്ദി പറയുക. അപ്പോസ്തലനായ പൗലോസിനെപ്പോലെ യഹോവ സ്നേഹത്തോടെ ചെയ്തിരിക്കുന്ന ഓരോ കാര്യത്തെയും നമുക്കുവേണ്ടി തന്നിരിക്കുന്ന വ്യക്തിപരമായ സമ്മാനമായി കാണുക. (ഗലാത്യർ 2:20 വായിക്കുക.) നിങ്ങളോടുതന്നെ ഇങ്ങനെയും ചോദിക്കുക: ‘തിരിച്ച് യഹോവയോടുള്ള എന്റെ സ്നേഹം കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ?’ യഹോവയോടുള്ള സ്നേഹം പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനും പ്രശ്നങ്ങളെ വിജയകരമായി നേരിടാനും നിങ്ങളെ സഹായിക്കും. കൂടാതെ ആത്മീയപ്രവർത്തനങ്ങൾ മുടക്കം കൂടാതെ ചെയ്യാനും എപ്പോഴും ദൈവത്തെ സ്നേഹിക്കുന്നെന്നു തെളിയിക്കാനും അതു നിങ്ങളെ പ്രേരിപ്പിക്കും.
“സുബോധമുള്ളവരായിരിക്കുക; ജാഗ്രതയോടിരിക്കുക!”
10 നമ്മൾ ഒഴിവാക്കേണ്ട ചില അപകടങ്ങളാണു ശൃംഗാരം, അമിതമായ തീറ്റിയും കുടിയും, മുറിപ്പെടുത്തുന്ന സംസാരം, അക്രമം നിറഞ്ഞ വിനോദപരിപാടികൾ, അശ്ലീലം തുടങ്ങിയ കാര്യങ്ങൾ. (സങ്കീ. 101:3) ശത്രുവായ പിശാച് യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ തകർക്കാനുള്ള അവസരങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. (1 പത്രോ. 5:8) അതുകൊണ്ട് സൂക്ഷിച്ചില്ലെങ്കിൽ അവൻ നമ്മുടെ മനസ്സിലും ഹൃദയത്തിലും മത്സരം, സത്യസന്ധതയില്ലായ്മ, അത്യാഗ്രഹം, ശത്രുത, ധാർഷ്ഠ്യം, പക എന്നിവപോലുള്ള കാര്യങ്ങളുടെ വിത്തുകൾ പാകും. (ഗലാ. 5:19-21) അതിന്റെ അപകടം ആദ്യമൊന്നും നമ്മൾ തിരിച്ചറിയില്ലായിരിക്കും. എന്നാൽ അത്തരം തെറ്റായ കാര്യങ്ങൾ മനസ്സിൽനിന്ന് കളയാൻ പെട്ടെന്നു ശ്രമിച്ചില്ലെങ്കിൽ അവ അവിടെയിരുന്ന് ഒരു വിഷച്ചെടിപോലെ വളരും. അതു നമുക്ക് അപകടം ചെയ്യും.—യാക്കോ. 1:14, 15.
യഹോവ നൽകുന്ന വ്യക്തമായ മുന്നറിയിപ്പുകൾ നിങ്ങൾ ശ്രദ്ധിക്കുമോ?
7 വ്യാജോപദേഷ്ടാക്കളിൽനിന്ന് അകന്നുനിൽക്കുന്നതിൽ എന്തെല്ലാം ഉൾപ്പെടുന്നു? നാം അവരെ വീട്ടിലേക്കു സ്വാഗതംചെയ്യുകയോ അവരെ അഭിവാദ്യംചെയ്യുകയോ ഇല്ല. അവരുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുകയോ അവർ ഉൾപ്പെടുന്ന ടിവി പരിപാടികൾ വീക്ഷിക്കുകയോ അവരുടെ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ ഇന്റർനെറ്റിൽ (ബ്ലോഗിലും മറ്റും) അവർ എഴുതുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം എഴുതുകയോ ഇല്ല. എന്തുകൊണ്ടാണ് നാം ഇത്ര കടുത്ത ഒരു നിലപാടെടുക്കുന്നത്? സ്നേഹംനിമിത്തം. “സത്യത്തിന്റെ ദൈവമായ” യഹോവയെ സ്നേഹിക്കുന്ന നമുക്ക് അവന്റെ സത്യവചനത്തെ വളച്ചൊടിക്കുന്ന ഉപദേശങ്ങളോട് തെല്ലും താത്പര്യമില്ല. (സങ്കീ. 31:5, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം; യോഹ. 17:17) യഹോവയുടെ നാമം, അതിന്റെ അർഥം, ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം, മരിച്ചവരുടെ അവസ്ഥ, പുനരുത്ഥാന പ്രത്യാശ എന്നിവ ഉൾപ്പെടെയുള്ള വിശിഷ്ട സത്യങ്ങൾ നമ്മെ പഠിപ്പിക്കാൻ ദൈവം ഉപയോഗിച്ച അവന്റെ സംഘടനയെയും നാം സ്നേഹിക്കുന്നു. ഇവയും മറ്റു സത്യങ്ങളും ആദ്യമായി കേട്ടപ്പോൾ നിങ്ങൾക്കുണ്ടായ സന്തോഷം ഓർക്കാനാകുന്നുണ്ടോ? ഈ സത്യങ്ങൾ നിങ്ങളെ പഠിപ്പിച്ച സംഘടനയെ ആരെങ്കിലും ദുഷിക്കുന്നതു കേട്ട് നിങ്ങൾ സത്യം വിട്ടുപോകുമോ, സംഘടനയ്ക്കെതിരെ തിരിയുമോ?—യോഹ. 6:66-69.
8 വ്യാജോപദേഷ്ടാക്കൾ എന്തുതന്നെ പറഞ്ഞാലും നാം അവരുടെ പിന്നാലെ പോകില്ല! അത്തരം പൊട്ടക്കിണറ്റിനരികിലേക്കു പോകുന്നവർ വഞ്ചിക്കപ്പെടുകയേയുള്ളൂ. അവരെ കാത്തിരിക്കുന്നത് നിരാശയാണ്. കാലങ്ങളായി ദൈവത്തിന്റെ നിശ്വസ്ത വചനത്തിൽനിന്നു സത്യത്തിന്റെ നവോന്മേഷം പകരുന്ന തെളിനീർ നൽകി നമ്മുടെ ദാഹമകറ്റുന്ന സംഘടനയോടും യഹോവയോടും നമുക്കു വിശ്വസ്തരായിരിക്കാം!—യെശ. 55:1-3; മത്താ. 24:45-47.
ആത്മീയരത്നങ്ങൾ
it-2-E 596
ഞാറപ്പക്ഷി
ധാരാളം ഭക്ഷണം അകത്താക്കിയശേഷം ഞാറപ്പക്ഷി ശാന്തമായ ഒരു സ്ഥലത്ത് പോയി തല തോളിലാഴ്ത്തി മണിക്കൂറുകളോളം ദുഃഖഭാവത്തിൽ ഇരിക്കും. സങ്കീർത്തനക്കാരൻ വിജനഭൂമിയിലെ ഒരു ഞാറപ്പക്ഷിയോടു തന്നെ താരതമ്യം ചെയ്തപ്പോൾ തന്റെ ദുഃഖത്തിന്റെ ആഴം എത്രയാണെന്നു പറയുകയായിരുന്നു.—സങ്ക 102:6.
ഒക്ടോബർ 28–നവംബർ 3
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 103-104
“നാം പൊടിയെന്നു ദൈവം ഓർക്കുന്നു”
യഹോവയെ അനുകരിക്കുക, വഴക്കം കാണിക്കുക
5 വഴക്കം കാണിക്കാൻ യഹോവയെ പ്രേരിപ്പിക്കുന്ന രണ്ടു ഗുണങ്ങളാണു താഴ്മയും അനുകമ്പയും. ഉദാഹരണത്തിന് സോദോമിലെ ദുഷ്ടമനുഷ്യരെ നശിപ്പിക്കാൻപോകുന്ന സമയത്ത് യഹോവ താഴ്മ കാണിച്ചത് എങ്ങനെയാണെന്നു നോക്കുക. തന്റെ ദൂതന്മാരെ അയച്ച് യഹോവ നീതിമാനായ ലോത്തിനോടു മലനാട്ടിലേക്ക് ഓടിപ്പോകാൻ പറഞ്ഞു. പക്ഷേ അങ്ങോട്ടുപോകാൻ ഭയം തോന്നിയതുകൊണ്ട് അടുത്തുള്ള ചെറിയ പട്ടണമായ സോവറിലേക്കു പോകാൻ തന്നെയും കുടുംബത്തെയും അനുവദിക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. യഹോവയ്ക്കു വേണമെങ്കിൽ ലോത്തിനോട്, ‘ഞാൻ പറയുന്നതങ്ങ് അനുസരിച്ചാൽ മതി’ എന്നു പറയാമായിരുന്നു. കാരണം ആ പട്ടണവും നശിപ്പിക്കാൻ യഹോവ തീരുമാനിച്ചിരുന്നതാണ്. എന്നിട്ടും അവിടേക്കു പോകാൻ യഹോവ ലോത്തിനെ അനുവദിച്ചു. ആ പട്ടണം നശിപ്പിച്ചുമില്ല. (ഉൽപ. 19:18-22) ഇനി, വർഷങ്ങൾക്കുശേഷം നിനെവെയിലെ ആളുകളോട് യഹോവ അനുകമ്പ കാണിച്ചു. ആ നഗരത്തെയും അതിലെ ദുഷ്ടമനുഷ്യരെയും പെട്ടെന്നുതന്നെ നശിപ്പിക്കുമെന്ന് അറിയിക്കാൻ യഹോവ യോന പ്രവാചകനെ അങ്ങോട്ട് അയച്ചു. പക്ഷേ നിനെവെക്കാർ മാനസാന്തരപ്പെട്ടതുകൊണ്ട് യഹോവയ്ക്ക് അവരോട് അനുകമ്പ തോന്നുകയും ആ നഗരം നശിപ്പിക്കേണ്ടാ എന്നു തീരുമാനിക്കുകയും ചെയ്തു.—യോന 3:1, 10; 4:10, 11.
ശിംശോനെപ്പോലെ യഹോവയിൽ ആശ്രയിക്കുക
16 ശിംശോനു തന്റെ തെറ്റിന്റെ മോശം ഫലങ്ങൾ അനുഭവിക്കേണ്ടിവന്നെങ്കിലും അദ്ദേഹം യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞില്ലെന്നു നമ്മൾ കണ്ടു. അതുപോലെ നമുക്കും ഒരു തെറ്റു പറ്റിയിട്ടു തിരുത്തൽ കിട്ടുകയോ സേവനപദവി നഷ്ടപ്പെടുകയോ ഒക്കെ ചെയ്താൽ നമ്മളും യഹോവയെ സേവിക്കുന്നതു നിറുത്തിക്കളയരുത്. കാരണം യഹോവ ഒരിക്കലും നമ്മളെ ഉപേക്ഷിച്ചുകളയില്ല. (സങ്കീ. 103:8-10) ശിംശോന്റെ കാര്യത്തിൽ ചെയ്തതുപോലെ തെറ്റുകളൊക്കെ പറ്റിയാലും തന്റെ ഇഷ്ടം ചെയ്യാൻവേണ്ടി യഹോവയ്ക്കു തുടർന്നും നമ്മളെ ഉപയോഗിക്കാനാകും.
17 മൈക്കിൾ എന്ന ചെറുപ്പക്കാരന്റെ അനുഭവം നോക്കുക. ഒരു ശുശ്രൂഷാദാസനും സാധാരണ മുൻനിരസേവകനും ആയി അദ്ദേഹം സഭാകാര്യങ്ങളിൽ തിരക്കോടെ പ്രവർത്തിക്കുകയായിരുന്നു. എന്നാൽ അദ്ദേഹം ഒരു തെറ്റു ചെയ്തു. അങ്ങനെ അദ്ദേഹത്തിനു തന്റെ സേവനപദവികളെല്ലാം നഷ്ടമായി. അദ്ദേഹം പറയുന്നു: “അതുവരെ ദൈവസേവനത്തോടു ബന്ധപ്പെട്ട എന്റെ കാര്യങ്ങളെല്ലാം ഭംഗിയായി പോകുകയായിരുന്നു. പെട്ടെന്നാണ് എല്ലാം നഷ്ടമായത്. യഹോവയ്ക്കുവേണ്ടി ഇനി ഒന്നും ചെയ്യാനാകില്ലെന്ന് എനിക്കു തോന്നി. എന്നാൽ, യഹോവ എന്നെ ഉപേക്ഷിച്ചുകളയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ അപ്പോഴും, യഹോവയുമായി ആ പഴയ ബന്ധത്തിലേക്കു വരാനാകുമോ, മുമ്പത്തെപ്പോലെ സഭയിൽ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ പറ്റുമോ എന്നൊക്കെ ഞാൻ ചിന്തിച്ചു.”
18 എന്തായാലും മൈക്കിൾ യഹോവയുടെ ഇഷ്ടം ചെയ്യുന്നതു നിറുത്തിക്കളഞ്ഞില്ല. അദ്ദേഹം ഇങ്ങനെയും പറയുന്നു: “യഹോവയുമായി പഴയ ബന്ധത്തിലേക്കു വരാൻ ഞാൻ ശ്രമം തുടങ്ങി. അതിനുവേണ്ടി പതിവായി ഉള്ളുതുറന്ന് പ്രാർഥിക്കുകയും ദൈവവചനം പഠിക്കുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്തു.” അങ്ങനെ കുറച്ച് കാലംകൊണ്ട് മൈക്കിളിനു തന്റെ നിയമനങ്ങൾ തിരിച്ചുകിട്ടി. ഇപ്പോൾ അദ്ദേഹം ഒരു മൂപ്പനും സാധാരണ മുൻനിരസേവകനും ആണ്. അദ്ദേഹം പറയുന്നു: “ആ സമയത്ത് സഭയിൽനിന്ന്, പ്രത്യേകിച്ച് മൂപ്പന്മാരിൽനിന്ന്, എനിക്കു നല്ല പിന്തുണയും പ്രോത്സാഹനവും കിട്ടി. യഹോവ എന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നു തിരിച്ചറിയാൻ അത് സഹായിച്ചു. എനിക്ക് ഇപ്പോൾ വീണ്ടും ശുദ്ധമനസ്സാക്ഷിയോടെ സഭയിൽ സേവിക്കാൻ കഴിയുന്നു. ഈ അനുഭവം എന്നെ ഒരു കാര്യം പഠിപ്പിച്ചു. ആത്മാർഥമായി പശ്ചാത്തപിക്കുന്നവരോട് യഹോവ തീർച്ചയായും ക്ഷമിക്കും.” നമുക്കു തെറ്റു പറ്റിയാലും അതു തിരുത്തുകയും തുടർന്നും യഹോവയിൽ ആശ്രയിക്കുകയും ചെയ്താൽ യഹോവ നമ്മളെ വീണ്ടും ഉപയോഗിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്.—സങ്കീ. 86:5; സുഭാ. 28:13.
നിങ്ങൾക്ക് ആത്മീയലക്ഷ്യങ്ങളിൽ എത്തിച്ചേരാനാകും!
2 ഒരു ലക്ഷ്യം വെച്ചിട്ട് ഇതുവരെ അതിൽ എത്തിച്ചേരാനായില്ലെങ്കിലും നിരാശപ്പെടരുത്. ഒരു ചെറിയ ലക്ഷ്യത്തിൽ എത്തിച്ചേരാൻപോലും മിക്കപ്പോഴും ഒരുപാടു സമയവും കഠിനശ്രമവും ആവശ്യമാണ്. എന്നിട്ടും ലക്ഷ്യത്തിൽ എത്തിച്ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നതിൽനിന്നും ഒരു കാര്യം മനസ്സിലാക്കാം: യഹോവയുമായുള്ള ബന്ധത്തെ നിങ്ങൾ വിലയേറിയതായി കാണുന്നു, യഹോവയ്ക്ക് ഏറ്റവും നല്ലതു കൊടുക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ശ്രമങ്ങളെ യഹോവ വിലപ്പെട്ടതായി കാണുന്നുണ്ട്. എന്നാൽ നിങ്ങൾ കഴിവിന് അപ്പുറം ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നില്ല. (സങ്കീ. 103:14; മീഖ 6:8) അതുകൊണ്ട് സ്വന്തം സാഹചര്യങ്ങളെക്കുറിച്ച് ചിന്തിച്ച് അതിനു ചേരുന്ന ലക്ഷ്യങ്ങൾ വെക്കുക. അതിൽ എത്തിച്ചേരാൻ എന്തു ചെയ്യാനാകും? ചില കാര്യങ്ങൾ നോക്കാം.
ആത്മീയരത്നങ്ങൾ
സൃഷ്ടിക്കുന്നതിനുള്ള ശക്തി—‘ആകാശത്തിന്റെയും ഭൂമിയുടെയും നിർമാതാവ്’
18 യഹോവ തന്റെ സൃഷ്ടിപ്പിൻശക്തി ഉപയോഗിക്കുന്നതിൽനിന്നു നാം എന്തു പഠിക്കുന്നു? സൃഷ്ടിയുടെ വൈവിധ്യം നമ്മിൽ ഭയാദരവുണർത്തുന്നു. ഒരു സങ്കീർത്തനക്കാരൻ ഇങ്ങനെ ഉദ്ഘോഷിച്ചു: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! . . . ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.” (സങ്കീർത്തനം 104:24) എത്ര സത്യം! ജീവശാസ്ത്രജ്ഞന്മാർ പത്തു ലക്ഷത്തിൽപ്പരം ജീവിവർഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്; എന്നാൽ അവയുടെ എണ്ണം ഒരു കോടിയാണ്, മൂന്നു കോടിയാണ്, അതിൽ കൂടുതലാണ് എന്നിങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചിലപ്പോൾ തന്റെ സർഗശക്തി നഷ്ടപ്പെടുന്നതായി ഒരു മനുഷ്യകലാകാരൻ കണ്ടെത്തിയേക്കാം. അതിൽനിന്നു വ്യത്യസ്തമായി, യഹോവയുടെ സർഗശക്തി—പുതിയതും വൈവിധ്യമാർന്നതുമായ സൃഷ്ടികൾ നടത്താനുള്ള അവന്റെ ശക്തി—ഒരിക്കലും നിലച്ചുപോകുന്നില്ല.