ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
© 2025 Watch Tower Bible and Tract Society of Pennsylvania
മേയ് 5-11
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 12
കഠിനാധ്വാനത്തിനു പ്രതിഫലമുണ്ട്
വജ്രത്തെക്കാൾ വിലയേറിയ ഒരു ദൈവികഗുണം
അടിസ്ഥാനാവശ്യങ്ങൾക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടായിത്തീർന്നേക്കാവുന്ന സാഹചര്യങ്ങൾ ചില ദൈവദാസർക്ക് ഉണ്ടായേക്കാം. എളുപ്പവും എന്നാൽ സത്യസന്ധമല്ലാത്തതും ആയ ഒരു വഴി തിരഞ്ഞെടുക്കുന്നതിനു പകരം അവർ ഉത്സാഹികളും കഠിനാധ്വാനികളും ആയിരിക്കാൻ ശ്രമിക്കുന്നു. വസ്തുവകകളെക്കാളും തങ്ങൾ വില കല്പിക്കുന്നത് സത്യസന്ധത ഉൾപ്പെടെയുള്ള ദൈവികഗുണങ്ങൾക്കാണെന്ന് അവർ തെളിയിക്കുന്നു.—സദൃ. 12:24; എഫെ. 4:28.
അധ്വാനത്തിൽ ആസ്വാദനം കണ്ടെത്തുക
അവസാനത്തെ ചോദ്യത്തെക്കുറിച്ച് ചിന്തിക്കുന്നതു ശരിക്കും നല്ലതാണ്. കാരണം നമ്മുടെ ജോലികൊണ്ട് ആർക്കൊക്കെ പ്രയോജനം കിട്ടുമെന്നു മനസ്സിലാകുമ്പോൾ നമുക്കു ജോലിയിൽനിന്ന് കൂടുതൽ സംതൃപ്തി കിട്ടും. യേശു പറഞ്ഞു: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.” (പ്രവൃത്തികൾ 20:35) നമ്മൾ ചെയ്യുന്ന സേവനം ഉപഭോക്താക്കൾക്കും തൊഴിലുടമയ്ക്കും പ്രയോജനം ചെയ്യുന്നതു കൂടാതെ മറ്റു പലർക്കും പ്രയോജനം ചെയ്യുന്നുണ്ട്. അതിൽ നമ്മുടെ കുടുംബവും സഹായം ആവശ്യമുള്ള മറ്റുള്ളവരും ഉൾപ്പെടും.
നമ്മുടെ കുടുംബം. കുടുംബാംഗങ്ങൾക്കുവേണ്ടി കരുതാൻ കുടുംബനാഥൻ കഠിനാധ്വാനം ചെയ്യുമ്പോൾ കുറഞ്ഞതു രണ്ടു രീതിയിൽ അത് അവർക്കു പ്രയോജനം ചെയ്യും. ഒന്ന്, കുടുംബാംഗങ്ങൾക്കുവേണ്ട ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവപോലുള്ള അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കാൻ അദ്ദേഹത്തിനാകും. ‘തനിക്കുള്ളവർക്കുവേണ്ടി കരുതാൻ’ ദൈവം കൊടുത്തിരിക്കുന്ന ഉത്തരവാദിത്വം നിറവേറ്റാൻ അങ്ങനെ അദ്ദേഹത്തിനു കഴിയുന്നു. (1 തിമൊഥെയൊസ് 5:8) രണ്ട്, കുടുംബത്തെ പോറ്റുന്നയാളുടെ അധ്വാനം മറ്റു കുടുംബാംഗങ്ങളെ കഠിനാധ്വാനത്തിന്റെ പ്രാധാന്യം പഠിപ്പിക്കും. മുമ്പത്തെ ലേഖനത്തിൽ കണ്ട ഷെയിൻ ഇങ്ങനെ പറയുന്നു: “ആത്മാർഥതയോടെ ജോലി ചെയ്യുന്ന കാര്യത്തിൽ എന്റെ അച്ഛൻ ഒരു നല്ല മാതൃകയാണ്. അദ്ദേഹം സത്യസന്ധനായിരുന്നു; ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്തു. മിക്ക സമയങ്ങളിലും ആശാരിപ്പണിയായിരുന്നു. സ്വന്തം കൈകൊണ്ട് അധ്വാനിക്കുന്നതിന്റെയും മറ്റുള്ളവർക്കു പ്രയോജനം ചെയ്യുന്ന സാധനങ്ങൾ ഉണ്ടാക്കുന്നതിന്റെയും മൂല്യം അച്ഛന്റെ മാതൃകയിൽനിന്ന് ഞാൻ പഠിച്ചു.”
സഹായം ആവശ്യമുള്ള മറ്റുള്ളവർ. “അധ്വാനിച്ച് . . . ജീവിക്കട്ടെ. അപ്പോൾ ദരിദ്രർക്കു കൊടുക്കാൻ അയാളുടെ കൈയിൽ എന്തെങ്കിലും ഉണ്ടാകും” എന്ന് അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികളോടു പറഞ്ഞു. (എഫെസ്യർ 4:28) നമ്മൾ നമുക്കുവേണ്ടിയും കുടുംബത്തിനുവേണ്ടിയും അധ്വാനിക്കുമ്പോൾ പാവപ്പെട്ടവരെ സഹായിക്കാനും നമ്മുടെ കൈയിൽ എന്തെങ്കിലും ഉണ്ടായേക്കാം. (സുഭാഷിതങ്ങൾ 3:27) അങ്ങനെ, കൊടുക്കുന്നതിലുള്ള വലിയ സന്തോഷം അനുഭവിക്കാൻ നമുക്കു കഴിയും.
ആത്മീയരത്നങ്ങൾ
എനിക്ക് എത്രത്തോളം മനക്കട്ടിയുണ്ട്?
● പ്രശ്നം ശരിക്കും ഒരു പ്രശ്നമാണോ? പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, അത് വലിയ പ്രശ്നമാണോ ചെറിയ പ്രശ്നമാണോ എന്ന് മനസ്സിലാക്കുക. ബൈബിൾ പറയുന്നു: “വിഡ്ഢി പെട്ടെന്നു കോപം പ്രകടിപ്പിക്കുന്നു; എന്നാൽ വിവേകമുള്ളവൻ പരിഹാസം വകവെക്കുന്നില്ല.” (സുഭാഷിതങ്ങൾ 12:16) എല്ലാ പ്രശ്നങ്ങളും നിങ്ങളെ കാർന്നുതിന്നാൻ ഇടയാക്കേണ്ട ആവശ്യമില്ല.
“സ്കൂളിൽ നടക്കുന്ന നിസ്സാരകാര്യങ്ങളെ കുട്ടികൾ വലിയ സംഭവമാക്കുന്നു. മറ്റു കുട്ടികൾ അതെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ അതും ഇതും ഒക്കെ പറയും. അതു കേൾക്കുമ്പോൾ പ്രശ്നങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവർ കൂടുതൽ അസ്വസ്ഥരായി, ചെറിയ പ്രശ്നത്തെ വലിയൊരു പ്രശ്നമായി കാണും.”—ജൊവാൻ.
മേയ് 12-18
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 13
“ദുഷ്ടന്റെ വിളക്ക്” കണ്ട് വഞ്ചിക്കപ്പെടരുത്
it-2 196 ¶2-3
ദീപം, വിളക്ക്
മറ്റ് ആലങ്കാരികമായ ഉപയോഗങ്ങൾ. വിളക്ക് എന്നത് ഒരാളെ വഴിനയിക്കുന്ന കാര്യങ്ങളെ കുറിക്കുന്നു. നീതിമാനെയും ദുഷ്ടനെയും താരതമ്യപ്പെടുത്തിക്കൊണ്ട് സുഭാഷിതങ്ങൾ ഇങ്ങനെ പറയുന്നു: “നീതിമാന്റെ വെളിച്ചം ഉജ്ജ്വലമായി പ്രകാശിക്കുന്നു; എന്നാൽ ദുഷ്ടന്റെ വിളക്കു കെട്ടുപോകും.” (സുഭ 13:9) നീതിമാന്റെ വെളിച്ചം കൂടുതൽക്കൂടുതൽ പ്രകാശമുള്ളതായിത്തീരും. എന്നാൽ ദുഷ്ടൻ ശോഭിക്കുന്നതായും സമൃദ്ധി നേടുന്നതായും തോന്നിയാലും അവർ ഒടുവിൽ ഇരുട്ടിലെത്താൻ ദൈവം ഇടയാക്കും. അവിടെ അവർ ഉറപ്പായും ഇടറിവീഴും.
“ദുഷ്ടന്റെ വിളക്കു കെട്ടുപോകും” എന്നതിന്റെ അർഥം അവർക്കു ഭാവിയിലേക്കായി ഒരു പ്രതീക്ഷയ്ക്കും വകയില്ലെന്നാണ്. സുഭാഷിതങ്ങളിൽ മറ്റൊരിടത്ത് പറയുന്നു: “ദുഷ്ടന്റെ ഭാവി ഇരുളടഞ്ഞതാണ്; ദ്രോഹികളുടെ വിളക്കു കെട്ടുപോകും.”—സുഭ 24:20.
സ്വാതന്ത്ര്യമേകുന്ന ദൈവത്തെ സേവിക്കുക
3 ദൈവത്തിന്റെ പരമാധികാരം തള്ളിക്കളയാൻ രണ്ട് പൂർണ മനുഷ്യരെയും അനവധി ആത്മജീവികളെയും പ്രേരിപ്പിക്കാൻ സാത്താന് കഴിഞ്ഞെങ്കിൽ നമ്മെ വഴിതെറ്റിക്കാനും അവനാകും. അവന്റെ തന്ത്രങ്ങൾക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. ദൈവം വെച്ചിരിക്കുന്ന നിലവാരങ്ങൾ ഒരു ഭാരമാണെന്നും അവ ജീവിതത്തിന്റെ രസംകെടുത്തുമെന്നും തോന്നിപ്പിച്ചുകൊണ്ട് അവൻ ഇന്ന് നമ്മെയും വഴിതെറ്റിക്കാൻ ശ്രമിക്കുന്നു. (1 യോഹ. 5:3) ഇത്തരം ആശയങ്ങൾ കൂടെക്കൂടെ കേൾക്കാൻ ഇടയായാൽ അത് നമ്മെ വഴിതെറ്റിച്ചേക്കും. “ചീത്ത കൂട്ടുകെട്ട് എന്നെ വല്ലാതെ സ്വാധീനിച്ചു; കൂട്ടുകാരിൽനിന്ന് വ്യത്യസ്തയായിരിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു,” മുമ്പ് ലൈംഗിക അധാർമികതയിൽ ഏർപ്പെട്ട 24 വയസ്സുള്ള ഒരു സഹോദരിയുടെ വാക്കുകളാണിത്. നിങ്ങൾക്കും ഇതുപോലെ സമപ്രായക്കാരിൽനിന്നുള്ള സമ്മർദം അനുഭവപ്പെട്ടിട്ടുണ്ടാകാം.
“സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു”
യഥാർഥ പരിജ്ഞാനത്തോടുകൂടി പ്രവർത്തിക്കുന്ന വിവേകവും നേരും ഉള്ള ഒരു വ്യക്തി അനുഗ്രഹിക്കപ്പെടും. ശലോമോൻ നമുക്ക് ഈ ഉറപ്പു നൽകുന്നു: “നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.” (സദൃശവാക്യങ്ങൾ 13:25) നമ്മുടെ ജീവിതത്തിലെ ഏതൊരു മണ്ഡലത്തിലും, കുടുംബ കാര്യങ്ങളിലായാലും മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തിന്റെ കാര്യത്തിലായാലും ശുശ്രൂഷയിലായാലും നമുക്കു ശിക്ഷണം ലഭിക്കുമ്പോഴായാലും എന്താണു നമുക്കു പ്രയോജനകരമെന്നു യഹോവയ്ക്ക് അറിയാം. അവന്റെ വചനത്തിലെ ബുദ്ധിയുപദേശം ജ്ഞാനപൂർവം ബാധകമാക്കിയാൽ നമ്മുടേത് അത്യുത്തമ ജീവിതരീതി ആയിരിക്കുമെന്നതിൽ സംശയമില്ല.
ആത്മീയരത്നങ്ങൾ
കുത്തഴിഞ്ഞ ഈ ലോകത്തിൽ കുട്ടികളെ വളർത്തുമ്പോൾ
തങ്ങളുടെ മക്കൾ വളവില്ലാത്ത ആ അസ്ത്രങ്ങളെപ്പോലെ, വക്രതയില്ലാത്തവരും നേർവഴിക്കു നടക്കുന്നവരുമായിരിക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നു. അതുകൊണ്ട് ജ്ഞാനികളായ അച്ഛനമ്മമാർ മക്കളുടെ ഗുരുതരമായ തെറ്റുകൾക്കുനേരെ കണ്ണടയ്ക്കുകയില്ല. പകരം അവ തിരുത്താൻ സ്നേഹപൂർവം അവർ കുട്ടികളെ സഹായിക്കും. “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കു”ന്നതിനാൽ പലപ്പോഴും മാതാപിതാക്കൾക്ക് അത് ചെയ്യേണ്ടിവന്നേക്കാം. (സദൃശവാക്യങ്ങൾ 22:15) മക്കൾക്ക് ശിക്ഷണം നൽകാൻ ബൈബിൾ മാതാപിതാക്കളെ ഉദ്ബോധിപ്പിക്കുന്നതും അതുകൊണ്ടാണ്. (എഫെസ്യർ 6:4) ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും രൂപപ്പെടുത്തുന്നതിൽ ശിക്ഷണത്തിന്റെ പങ്ക് നിസ്സാരമല്ല.
“വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു” എന്ന് സദൃശവാക്യങ്ങൾ 13:24 പറയുന്നത് എത്ര സത്യം! ‘വടി ഉപയോഗിക്കുക’ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ഏതു തരത്തിലുള്ള തിരുത്തലിനെയും അർഥമാക്കുന്നു. കുട്ടിക്കാലത്തെ ചില തെറ്റുകൾ ആഴത്തിൽ വേരുറച്ചുപോയാൽ മുതിർന്നുകഴിയുമ്പോൾ അത് വലിയ അപകടങ്ങൾക്കിടയാക്കും. സ്നേഹപൂർവകമായ ശിക്ഷണത്തിലൂടെ അവ മുളയിലേ നുള്ളിക്കളയാൻ മാതാപിതാക്കൾക്കാകും. അത്തരം ശിക്ഷണം നൽകാതിരിക്കുന്നവർ മക്കളെ സ്നേഹിക്കുകയല്ല, ദ്രോഹിക്കുകയാണു ചെയ്യുന്നത്.
നിയമങ്ങൾക്കു പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാനും സ്നേഹമുള്ള അച്ഛനമ്മമാർ മക്കളെ സഹായിക്കും. അതേ, കേവലം ആജ്ഞകൾ നൽകുന്നതും ശിക്ഷകൾ നടപ്പാക്കുന്നതുമല്ല ശിക്ഷണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. നൽകുന്ന നിർദേശങ്ങൾ ബുദ്ധിപൂർവം മനസ്സിലാക്കാൻ കുട്ടിയെ സഹായിക്കുക എന്നതാണ് ഏറ്റവും പ്രധാനം. “ന്യായപ്രമാണത്തെ പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ” എന്ന് ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 28:7.
മേയ് 19-25
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 14
ഒരു ദുരന്തം ഉണ്ടാകുമ്പോൾ ചിന്തിച്ച് കാര്യങ്ങൾ ചെയ്യുക
ദൈവം തന്ന ജീവൻ എന്ന സമ്മാനത്തെ വിലയേറിയതായി കാണുക
10 ചിലപ്പോൾ ജീവൻ കവർന്നെടുത്തേക്കാവുന്ന അപകടകരമായ ചില സാഹചര്യങ്ങൾ തടയാൻ നമുക്കു കഴിയില്ല. ഉദാഹരണത്തിന് പ്രകൃതിവിപത്തുകളോ പകർച്ചവ്യാധികളോ പ്രക്ഷോഭങ്ങളോ പോരാട്ടങ്ങളോ ഉണ്ടാകുമ്പോൾ. അത്തരം സമയങ്ങളിൽ അപകടസാധ്യത കുറയ്ക്കാനും ആ ദുരന്തത്തെ അതിജീവിക്കാനും വേണ്ടി അധികാരികൾ നൽകുന്ന നിർദേശങ്ങൾ നമുക്ക് അനുസരിക്കാൻ കഴിയും. അവർ ചിലപ്പോൾ നമ്മളോട് ഒരു നിശ്ചിതസമയത്തിനു ശേഷം പുറത്ത് ഇറങ്ങരുതെന്നോ ഒരു പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നോ ഒക്കെ ആവശ്യപ്പെട്ടേക്കാം. (റോമ. 13:1, 5-7) ചില അപകടങ്ങൾ മുൻകൂട്ടിക്കാണാൻ കഴിയുന്നവയാണ്. അപ്പോൾ അധികാരികൾ നൽകുന്ന നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് നമുക്ക് ഒരുങ്ങിയിരിക്കാൻ കഴിയും. ഉദാഹരണത്തിന്, ആവശ്യത്തിനു വെള്ളവും പെട്ടെന്നു ചീത്തയായി പോകാത്ത ഭക്ഷണസാധനങ്ങളും പ്രഥമശുശ്രൂഷയ്ക്കു വേണ്ട വസ്തുക്കളും നേരത്തേതന്നെ കരുതിവെക്കാനാകും.
11 നമ്മൾ താമസിക്കുന്നിടത്ത് ഒരു രോഗം പടർന്നുപിടിക്കുകയാണെങ്കിൽ എന്തു ചെയ്യണം? ആ സമയത്ത് ഗവൺമെന്റ് അധികാരികൾ ചില നിർദേശങ്ങൾ തന്നേക്കാം. ഉദാഹരണത്തിന് ഇടയ്ക്കിടെ കൈ കഴുകാനോ സാമൂഹിക അകലം പാലിക്കാനോ മാസ്ക് ധരിക്കാനോ ക്വാറന്റൈനിലിരിക്കാനോ ഒക്കെയുള്ള നിർദേശങ്ങൾ. അവർ പറയുന്ന കാര്യങ്ങൾ അനുസരിക്കുമ്പോൾ, ദൈവത്തിന്റെ സമ്മാനമായ ജീവനോടു നമുക്ക് എത്രത്തോളം വിലമതിപ്പുണ്ടെന്നു തെളിയിക്കുകയാണ്.
12 ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് പല വ്യാജവാർത്തകളും കൂട്ടുകാരിലൂടെയും അയൽക്കാരിലൂടെയും മാധ്യമങ്ങളിലൂടെയും പ്രചരിച്ചേക്കാം. “കേൾക്കുന്നതെല്ലാം” വിശ്വസിക്കുന്നതിനു പകരം ഗവൺമെന്റ് അധികാരികളിൽനിന്നോ ഡോക്ടർമാരിൽനിന്നോ കിട്ടുന്ന കൃത്യമായ വിവരങ്ങൾ മാത്രം വിശ്വസിക്കുക. (സുഭാഷിതങ്ങൾ 14:15 വായിക്കുക.) ഇതുപോലുള്ള സാഹചര്യങ്ങളിൽ ഏറ്റവും ശരിയായ വിവരങ്ങൾ ശേഖരിക്കാൻ ഭരണസംഘവും ബ്രാഞ്ചോഫീസും ശ്രമിക്കുന്നു. അതിനു ശേഷമേ മീറ്റിങ്ങുകളെക്കുറിച്ചും സന്തോഷവാർത്ത പ്രസംഗിക്കുന്നതിനെക്കുറിച്ചും ഉള്ള നിർദേശങ്ങൾ അവർ നൽകുകയുള്ളൂ. (എബ്രാ. 13:17) അത്തരം നിർദേശങ്ങൾ അനുസരിക്കുമ്പോൾ നമുക്കും മറ്റുള്ളവർക്കും സുരക്ഷിതരായിരിക്കാനാകും. മാത്രമല്ല, സമൂഹത്തിൽ യഹോവയുടെ സാക്ഷികളെക്കുറിച്ച് നല്ലൊരു പേരുണ്ടായിരിക്കാനും ഇടയാകും.—1 പത്രോ. 2:12.
സാദോക്കിനെപ്പോലെ ധൈര്യം ഉള്ളവരായിരിക്കുക
11 സഹോദരങ്ങൾ അപകടത്തിലായിരിക്കുമ്പോൾ അവർക്കു സഹായം ആവശ്യമായിവന്നാൽ നമുക്ക് എങ്ങനെ സാദോക്കിനെപ്പോലെ ധൈര്യം കാണിക്കാം? (1) നിർദേശങ്ങൾ അനുസരിക്കുക. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ അനുസരണം കാണിച്ചുകൊണ്ട് നമ്മൾ ഒരുമിച്ച് നിൽക്കേണ്ടതു പ്രധാനമാണ്. ആ സമയത്ത് നമ്മുടെ ബ്രാഞ്ചോഫീസ് നൽകുന്ന നിർദേശങ്ങൾ അനുസരിക്കുക. (എബ്രാ. 13:17) അതുപോലെ ഒരു ദുരന്തത്തെ നേരിടാൻ പ്രാദേശിക സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളും ദുരന്തത്തിന്റെ സമയത്ത് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സംഘടന നൽകിയിരിക്കുന്ന നിർദേശങ്ങളും മൂപ്പന്മാർ ഇടയ്ക്കിടെ പരിശോധിക്കണം. (1 കൊരി. 14:33, 40) (2) ധൈര്യത്തോടൊപ്പം ജാഗ്രതയും വേണം. (സുഭാ. 22:3) കഴിയുന്നത്ര സുരക്ഷിതരായിരിക്കാൻ ശ്രമിക്കുക. എടുത്തുചാടാതെ, എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് നന്നായി ചിന്തിക്കുക. (3) യഹോവയിൽ ആശ്രയിക്കുക. നിങ്ങളുടെയും സഹോദരങ്ങളുടെയും സുരക്ഷയെക്കുറിച്ച് യഹോവയ്ക്കു വളരെയധികം ചിന്തയുണ്ടെന്ന് ഓർക്കുക. അതുകൊണ്ട് സഹോദരങ്ങളെ പിന്തുണയ്ക്കാനും അതു സുരക്ഷിതമായി ചെയ്യാനും യഹോവ നിങ്ങളെ സഹായിക്കും.
ആത്മീയരത്നങ്ങൾ
w05 7/15 19 6-7
‘സൂക്ഷ്മബുദ്ധിയുള്ളവൻ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു’
“ചിന്താപ്രാപ്തി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപ്രയോഗത്തിനു രണ്ട് അർഥങ്ങളുണ്ട്. ക്രിയാത്മകമായ അർഥത്തിൽ ഉപയോഗിക്കുമ്പോൾ, വിവേകം അല്ലെങ്കിൽ വകതിരിവ് എന്നാണ് അതിന്റെ അർഥം. (സദൃശവാക്യങ്ങൾ 1:4; 2:11; 3:21) ദുരുപായം അല്ലെങ്കിൽ ദ്രോഹകരമായ ചിന്ത എന്ന നിഷേധാത്മക അർഥവും അതിനുണ്ട്.—സങ്കീർത്തനം 37:7; സദൃശവാക്യങ്ങൾ 12:2; 24:8.
“ചിന്താപ്രാപ്തിയുള്ളവൻ” എന്ന പ്രയോഗം ദ്രോഹബുദ്ധിയായ ഒരു വ്യക്തിയെയാണു പരാമർശിക്കുന്നതെങ്കിൽ അത്തരം ഒരു വ്യക്തി വെറുക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. എന്നാൽ വിവേകമുള്ള ഒരു വ്യക്തിയും (അവിവേകികളാൽ) വെറുക്കപ്പെട്ടേക്കാം എന്നതു സത്യമല്ലേ? ഉദാഹരണത്തിന്, സുബോധം പ്രകടമാക്കിക്കൊണ്ട് “ലോകക്കാർ” അഥവാ ലോകത്തിന്റെ ഭാഗം അല്ലായിരിക്കാൻ തീരുമാനിക്കുന്നവരെ ലോകം വെറുക്കുന്നു. (യോഹന്നാൻ 15:19) തങ്ങളുടെ ചിന്താപ്രാപ്തികൾ ഉപയോഗിച്ചുകൊണ്ട് സമപ്രായക്കാരിൽനിന്നുള്ള അനുചിത സമ്മർദത്തെ ചെറുത്തുനിൽക്കുകയും മോശമായ പെരുമാറ്റം ഒഴിവാക്കുകയും ചെയ്യുന്ന ചെറുപ്പക്കാരായ ക്രിസ്ത്യാനികൾ പരിഹസിക്കപ്പെടുന്നു. പിശാചായ സാത്താന്റെ അധീനതയിൽ കിടക്കുന്ന ഈ ലോകം സത്യാരാധകരെ വെറുക്കുന്നു എന്നതാണു യാഥാർഥ്യം.—1 യോഹന്നാൻ 5:19.
മേയ് 26–ജൂൺ 1
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 15
ഹൃദയത്തിൽ സന്തോഷമുള്ളവരായിരിക്കാൻ മറ്റുള്ളവരെ സഹായിക്കുക
നാം എന്നും ദൈവത്തോടു വിശ്വസ്തരായിരിക്കും!
16 ഇയ്യോബ് അതിഥിപ്രിയനായിരുന്നു. (ഇയ്യോ. 31:31, 32) ധനികരല്ലെങ്കിൽപ്പോലും നമുക്കും ‘അതിഥിസത്കാരം ആചരിക്കാനാകും.’ (റോമ. 12:13) അതിന് വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കേണ്ടതില്ല. കാരണം ബൈബിൾ ഇപ്രകാരം പറയുന്നു: “ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ സ്നേഹമുള്ളെടത്തെ ശാകഭോജനം (“സസ്യഭോജനം,” ഓശാന) നല്ലത്.” (സദൃ. 15:17) സ്നേഹനിധികളായ സഹാരാധകരോടൊപ്പം കഴിക്കുന്ന ലഘുവായ ഒരു ഭക്ഷണംപോലും വളരെ ആസ്വാദ്യമായിരിക്കും. ദൈവത്തോടു വിശ്വസ്തത പാലിക്കുന്നവരോടൊപ്പം ചെലവഴിക്കുന്ന ആ സമയം തീർച്ചയായും പ്രോത്സാഹനമേകും.
പരസ്പരം പ്രോത്സാഹിപ്പിക്കുക, വിശേഷിച്ചും ഇക്കാലത്ത്
16 അധികമൊന്നും സംസാരിക്കാത്ത പ്രകൃതമായിരിക്കാം നിങ്ങളുടേത്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ കഴിവില്ലെന്നു തോന്നുന്നുമുണ്ടാകാം. യഥാർഥത്തിൽ പ്രോത്സാഹനം കൊടുക്കാൻ അധികമൊന്നും ചെയ്യേണ്ടതില്ല. അഭിവാദനം ചെയ്യുമ്പോൾ ഹൃദ്യമായി പുഞ്ചിരിക്കുന്നതുപോലും ഒരു പ്രോത്സാഹനമാണ്. തിരിച്ച്, ആ വ്യക്തിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നില്ലെങ്കിൽ അയാൾക്ക് എന്തോ വിഷമമുണ്ടെന്നായിരിക്കാം അതിന് അർഥം. ആ സാഹചര്യത്തിൽ അവർ പറയുന്നതു നമ്മൾ കേട്ടിരിക്കുന്നതുപോലും ഒരു ആശ്വാസമായിരിക്കും.—യാക്കോ. 1:19.
17 ഒരു യുവസഹോദരനായ ഹെൻറിയുടെ അനുഭവം നോക്കാം. ഒരു മൂപ്പനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഉൾപ്പെടെ കുടുംബാംഗങ്ങളിൽ മിക്കവരും സത്യം വിട്ടുപോയി. അത് അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചു. ആ സമയത്ത് ഒരു സർക്കിട്ട് മേൽവിചാരകനിൽനിന്ന് ഹെൻറിക്കു പ്രോത്സാഹനം കിട്ടി. അദ്ദേഹം ഹെൻറിയെയുംകൂട്ടി പുറത്ത് പോയി. അവർ കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ ഹെൻറിക്കു പറയാനുള്ളതെല്ലാം സർക്കിട്ട് മേൽവിചാരകൻ ശ്രദ്ധയോടെ കേട്ടു. കുടുംബാംഗങ്ങൾ സത്യത്തിലേക്കു തിരികെ വരുന്നതിനു തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന ഒരേ ഒരു കാര്യം താൻ വിശ്വസ്തനായി നിൽക്കുക എന്നതാണെന്നു ഹെൻറിക്കു മനസ്സിലായി. സങ്കീർത്തനം 46, സെഫന്യ 3:17, മർക്കോസ് 10:29, 30 എന്നീ തിരുവെഴുത്തുഭാഗങ്ങൾ അദ്ദേഹത്തെ വളരെയധികം ആശ്വസിപ്പിച്ചു.
18 വിഷമിച്ചിരിക്കുന്ന ഒരു സഹോദരനോ സഹോദരിക്കോ പ്രോത്സാഹനം കൊടുക്കാൻ നമുക്കു കഴിയുമെന്നാണു മാർത്തയുടെയും ഹെൻറിയുടെയും അനുഭവങ്ങൾ കാണിക്കുന്നത്. ശലോമോൻ രാജാവ് എഴുതി: “തക്കസമയത്ത് പറയുന്ന വാക്ക് എത്ര നല്ലത്! സന്തോഷത്തോടെയുള്ള നോട്ടം ഹൃദയത്തിന് ആഹ്ലാദം; നല്ല വാർത്ത അസ്ഥികൾക്ക് ഉണർവ്.” (സുഭാ. 15:23, 30, അടിക്കുറിപ്പ്) കൂടാതെ, മനസ്സിടിഞ്ഞുപോയവരെ വീക്ഷാഗോപുരത്തിലെയോ നമ്മുടെ വെബ്സൈറ്റിലെയോ ലേഖനങ്ങൾ വായിച്ചുകേൾപ്പിക്കുന്നത് അവർക്കു നവോന്മേഷം പകരും. ഒരുമിച്ച് രാജ്യഗീതങ്ങൾ പാടുന്നതും പ്രോത്സാഹനം നൽകുമെന്നു പൗലോസ് പറഞ്ഞു. അദ്ദേഹം എഴുതി: “സങ്കീർത്തനങ്ങളാലും സ്തുതികളാലും നന്ദിയോടെ ആലപിക്കുന്ന ആത്മീയഗീതങ്ങളാലും അന്യോന്യം പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ ഹൃദയങ്ങളിൽ യഹോവയ്ക്കു പാടുക.”—കൊലോ. 3:16; പ്രവൃ. 16:25.
ആത്മീയരത്നങ്ങൾ
ഒരു ക്രിസ്ത്യാനി വൈദ്യചികിത്സ സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ?
2. ഇക്കാര്യത്തെക്കുറിച്ച് രണ്ടോ മൂന്നോ ഡോക്ടർമാരുടെ അഭിപ്രായം കൂടെ ചോദിക്കണോ? “അനേകം ഉപദേശകരുണ്ടെങ്കിൽ” അതു ഗുണം ചെയ്യും. പ്രത്യേകിച്ച്, നിങ്ങളുടെ അവസ്ഥ അൽപ്പം ഗുരുതരമാണെങ്കിൽ.—സുഭാഷിതങ്ങൾ 15:22.
ജൂൺ 2-8
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 16
നല്ല തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന മൂന്നു ചോദ്യങ്ങൾ
യുവപ്രായത്തിൽ ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്തുക
11 യഹോവയെ സേവിക്കുന്നതിൽനിന്നാണ് ഏറ്റവും വലിയ സന്തോഷം ഉളവാകുന്നത്. (സദൃ. 16:20) യിരെമ്യാവിന്റെ സെക്രട്ടറിയായിരുന്ന ബാരൂക്ക് അത് വിസ്മരിച്ചതായി തോന്നുന്നു. ഒരു ഘട്ടത്തിൽ അവൻ യഹോവയുടെ സേവനത്തിൽ സന്തോഷം ആസ്വദിക്കാതായി. യഹോവ അവനോട് ഇങ്ങനെ പറഞ്ഞു: “നീ നിനക്കായിട്ടു വലിയകാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുതു; ഞാൻ സർവ്വജഡത്തിന്നും അനർത്ഥം വരുത്തും . . . എങ്കിലും നീ പോകുന്ന എല്ലാ ഇടത്തും ഞാൻ നിന്റെ ജീവനെ നിനക്കു കൊള്ളപോലെ തരും.” (യിരെ. 45:3, 5) നിങ്ങൾക്ക് എന്തു തോന്നുന്നു? തനിക്കായിത്തന്നെ വലിയ കാര്യങ്ങൾ തേടുന്നതായിരുന്നോ, അതോ ദൈവത്തിന്റെ വിശ്വസ്തദാസനെന്ന നിലയിൽ യെരുശലേമിന്റെ നാശത്തെ അതിജീവിക്കുന്നതായിരുന്നോ ബാരൂക്കിനെ സന്തുഷ്ടനാക്കുമായിരുന്നത്?—യാക്കോ. 1:12.
12 മറ്റുള്ളവരെ സേവിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ ഒരു സഹോദരനാണ് റാമീറോ. അദ്ദേഹം പറയുന്നു: “ആൻഡിസ് പർവതനിരകളിലുള്ള ഒരു ഗ്രാമത്തിൽ ഒരു നിർധനകുടുംബത്തിലാണ് ഞാൻ ജനിച്ചത്. യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടാനുള്ള പണം ജ്യേഷ്ഠൻ നൽകാമെന്ന് ഏറ്റപ്പോൾ എനിക്ക് അതൊരു സുവർണാവസരമായിരുന്നു. പക്ഷേ, ആയിടെ യഹോവയുടെ സാക്ഷിയായി സ്നാനമേറ്റ എനിക്കു മുമ്പിൽ അവസരത്തിന്റെ മറ്റൊരു വാതിലും തുറന്നുകിടന്നു. ഒരു ചെറിയ പട്ടണത്തിൽ പ്രസംഗവേലയ്ക്കായി കൂടെപ്പോരാൻ താത്പര്യമുണ്ടോ എന്ന് ഒരു പയനിയർ എന്നോടു ചോദിച്ചു. ഞാൻ ആ ക്ഷണം സ്വീകരിച്ചു. അവിടെച്ചെന്ന് മുടിവെട്ട് പഠിച്ച്, ഉപജീവനമാർഗം എന്നനിലയിൽ ഞാൻ ഒരു ബാർബർഷോപ്പ് തുടങ്ങി. ഞങ്ങൾ ബൈബിൾ പഠിപ്പിക്കാമെന്നു പറഞ്ഞപ്പോൾ പലരും വിലമതിപ്പോടെ പ്രതികരിച്ചു. ഒരു തദ്ദേശഭാഷയിൽ പുതുതായി രൂപംകൊണ്ട ഒരു സഭയിലേക്ക് പിന്നീട് ഞാൻ മാറി. ഇപ്പോൾ പത്തു വർഷമായി ഞാൻ ഒരു മുഴുസമയശുശ്രൂഷകനാണ്. ആളുകളെ അവരുടെ സ്വന്തം ഭാഷയിൽ സുവാർത്ത പഠിക്കാൻ സഹായിക്കുമ്പോൾ ലഭിക്കുന്ന ആ സന്തോഷം ഒന്നു വേറെതന്നെയാണ്. അതു നൽകാൻ മറ്റൊരു ജോലിക്കും കഴിയില്ല.”
നിങ്ങൾ രൂപാന്തരപ്പെട്ടിട്ടുണ്ടോ?
വളർന്നുവന്ന വിധവും ചുറ്റുപാടുകളും നമ്മെയെല്ലാം ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. വസ്ത്രധാരണം, ഭക്ഷണം, പെരുമാറ്റരീതി എന്നിവയിലൊക്കെ നമുക്ക് നമ്മുടേതായ ഇഷ്ടാനിഷ്ടങ്ങളുണ്ട്. എന്തുകൊണ്ടാണ് അത്? നമുക്കു ചുറ്റുമുള്ള ആളുകളുടെയും ജീവിതസാഹചര്യങ്ങളുടെയും സ്വാധീനമാണ് ഭാഗികമായെങ്കിലും അതിനു കാരണം.
2 എന്നാൽ ഭക്ഷണം, വസ്ത്രധാരണരീതി തുടങ്ങിയവയെക്കാൾ പ്രാധാന്യമർഹിക്കുന്ന ചില സംഗതികളുണ്ട്. ഉദാഹരണത്തിന്, ചില കാര്യങ്ങളെ ശരിയും സ്വീകാര്യവും മറ്റു ചിലവയെ തെറ്റും അസ്വീകാര്യവും ആയി കാണാൻ വളർന്നുവരവെ നാം ശീലിക്കുന്നു. ഇവയിൽ പലതും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളായതിനാൽ ഓരോരുത്തരിലും അത് വ്യത്യാസപ്പെട്ടിരിക്കും. കൂടാതെ, നമ്മുടെ തിരഞ്ഞെടുപ്പുകൾ നമ്മുടെ മനസ്സാക്ഷിയുടെ പ്രതിഫലനവും ആയിരുന്നേക്കാം. “ന്യായപ്രമാണമില്ലാത്ത വിജാതീയർ ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങൾ സഹജമായി” ചെയ്യാറുണ്ടെന്ന് ബൈബിളും പറയുന്നു. (റോമ. 2:14) അതിന്റെയർഥം നിയതമായ ദൈവനിയമങ്ങൾ ഇല്ലാത്തിടത്തോളം കുടുംബത്തിലെ കീഴ്വഴക്കങ്ങളും നാട്ടുനടപ്പും അനുസരിച്ചങ്ങുപോയാൽമതി എന്നാണോ?
3 ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അത് അങ്ങനെയല്ലാത്തതിന് കുറഞ്ഞപക്ഷം രണ്ട് മുഖ്യകാരണങ്ങളുണ്ട്. ഒന്നാമത്, ബൈബിൾ പിൻവരുന്ന പ്രകാരം നമ്മെ ഓർമിപ്പിക്കുന്നു: “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികൾ അത്രേ.” (സദൃ. 16:25) നമ്മൾ അപൂർണരായതുകൊണ്ട്, എല്ലായ്പോഴും ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തിക്കൊണ്ട് സ്വന്തം കാലടികളെ പിഴവുകൂടാതെ നയിക്കാനുള്ള പ്രാപ്തി നമുക്കില്ല. (സദൃ. 28:26; യിരെ. 10:23) രണ്ടാമത്, ലോകത്തിന്റെ പ്രവണതകളും ശരിതെറ്റുകളും നിശ്ചയിച്ചുകൊണ്ട് അണിയറയിൽ ചരടുപിടിക്കുന്നത് “ഈ ലോകത്തിന്റെ ദൈവം” ആയ സാത്താനാണെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു. (2 കൊരി. 4:4; 1 യോഹ. 5:19) അതുകൊണ്ട് യഹോവയുടെ അനുഗ്രഹവും അംഗീകാരവും നാം കാംക്ഷിക്കുന്നെങ്കിൽ റോമർ 12:2-ലെ (വായിക്കുക) ബുദ്ധിയുപദേശത്തിന് നാം ചെവികൊടുക്കണം.
ആത്മീയരത്നങ്ങൾ
it-1 629
ശിക്ഷണം
ശ്രദ്ധിക്കുന്നതിന്റെയും അവഗണിക്കുന്നതിന്റെയും ഫലങ്ങൾ. ദുഷ്ടന്മാർ അല്ലെങ്കിൽ വിഡ്ഢികൾ യഹോവയുടെ ശിക്ഷണം പൂർണമായി നിരസിക്കുന്നു. (സങ്ക 50:16, 17; സുഭ 1:7) അതിലൂടെ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ, അവർക്ക് പിന്നെയും തിരുത്തലോ കടുത്ത ശിക്ഷയോ കിട്ടുന്നതുപോലെയാണ്. ശിക്ഷണം നിരസിക്കുന്നത് ദാരിദ്ര്യമോ മാനക്കേടോ രോഗമോ അകാലമരണംപോലുമോ വരുത്തിയേക്കാം. ഇസ്രായേൽ ജനതയുടെ ചരിത്രം അതാണ് കാണിക്കുന്നത്. പ്രവാചകന്മാരിലൂടെ യഹോവ കൊടുത്ത തിരുത്തൽ അവർ നിരസിച്ചപ്പോൾ അവർക്ക് യഹോവയുടെ സംരക്ഷണവും അനുഗ്രഹവും നഷ്ടമായി. ഒടുവിൽ, മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ മറ്റു ജനതകൾ അവരെ കീഴടക്കുകയും ബന്ദികളായി കൊണ്ടുപോകുകയും ചെയ്തു.—യിര 2:30; 5:3; 7:28; 17:23; 32:33; ഹോശ 7:12-16; 10:10; സെഫ 3:2.
ജൂൺ 9-15
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 17
വിവാഹജീവിതം സമാധാനം നിറഞ്ഞതാകട്ടെ!
നീരസം എങ്ങനെ ഒഴിവാക്കാം?
സത്യസന്ധമായി നിങ്ങളെത്തന്നെ വിലയിരുത്തുക. ചിലർ ‘കോപപ്രകൃതമുള്ളവരും’ ‘ക്രോധമുള്ളവരും’ ആണെന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 29:22) നിങ്ങൾ അത്തരത്തിലുള്ള ഒരാളാണോ? നിങ്ങളോടുതന്നെ ചോദിക്കുക: ‘മറ്റുള്ളവരോടു വിദ്വേഷം കാണിക്കാൻ ചായ്വുള്ളവനാണോ ഞാൻ? പെട്ടെന്നു ദേഷ്യം വരുന്ന ഒരാളാണോ? ചെറിയ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് വലിയ പ്രശ്നമാക്കുന്ന പ്രവണത എനിക്കുണ്ടോ?’ ബൈബിൾ പറയുന്നു: “കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുന്നവൻ സ്നേഹിതനെ പിണക്കി അകറ്റുന്നു.” (സദൃശവാക്യങ്ങൾ 17:9, പി.ഒ.സി.; സഭാപ്രസംഗി 7:9) വിവാഹജീവിതത്തിലും അങ്ങനെ സംഭവിച്ചേക്കാം. അതുകൊണ്ട് നീരസപ്പെടാനുള്ള ഒരു പ്രവണതയുണ്ടെങ്കിൽ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക, ‘ഇണയോട് കുറച്ചുകൂടെ ക്ഷമയോടെ ഇടപെടാൻ എനിക്കു കഴിയുമോ?’—ബൈബിൾതത്ത്വം: 1 പത്രോസ് 4:8.
പ്രശ്നങ്ങൾ പരിഹരിക്കാൻ
1. പ്രശ്നത്തെക്കുറിച്ചു സംസാരിക്കാൻ ഒരു സമയം നിശ്ചയിക്കുക. “എല്ലാറ്റിന്നും ഒരു സമയമുണ്ട് . . . മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം.” (സഭാപ്രസംഗി 3:1, 7) തുടക്കത്തിൽ പരാമർശിച്ചതുപോലുള്ള ചില സാഹചര്യങ്ങൾ നിങ്ങളെ ശരിക്കും ദേഷ്യംപിടിപ്പിച്ചേക്കാം. അങ്ങനെ സംഭവിക്കുന്നപക്ഷം, ആത്മസംയമനം പാലിച്ചുകൊണ്ട് അൽപ്പനേരത്തേക്കു മിണ്ടാതിരിക്കുക. പൊട്ടിത്തെറി ഒഴിവാക്കാൻ അതു സഹായിക്കും. “കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പെ തർക്കം നിർത്തിക്കളക” എന്ന ബൈബിൾതത്ത്വത്തിനു ചെവികൊടുക്കുന്നപക്ഷം നിങ്ങളുടെ ബന്ധം വഷളാകാതെ സൂക്ഷിക്കാനാകും.—സദൃശവാക്യങ്ങൾ 17:14.
എന്നാൽ “സംസാരിപ്പാൻ ഒരു കാലം” ഉണ്ടെന്നും ഓർക്കുക. ശ്രദ്ധിക്കാത്തപക്ഷം പ്രശ്നങ്ങൾ കളയെന്നപോലെ തഴച്ചുവളരും. അതുകൊണ്ട് തനിയെ പരിഹരിക്കപ്പെട്ടുകൊള്ളുമെന്നു വിചാരിച്ച് അവ അവഗണിച്ചുകളയരുത്. നിങ്ങളിലൊരാൾ സംസാരം തത്കാലത്തേക്കു നിറുത്തിവെക്കുന്നെങ്കിൽ പ്രശ്നം എത്രയും പെട്ടെന്നു ചർച്ചചെയ്യാൻ ഒരു സമയം നിശ്ചയിച്ചുകൊണ്ട് ഇണയോട് ആദരവു കാട്ടുക. “സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്” എന്ന ദിവ്യബുദ്ധിയുപദേശത്തിന്റെ തത്ത്വം പിൻപറ്റാൻ നിങ്ങളിരുവരെയും അതു സഹായിക്കും. (എഫെസ്യർ 4:26) നിശ്ചയിച്ചപ്രകാരം പ്രശ്നം ചർച്ചചെയ്യാൻ മറക്കുകയുമരുത്.
ആത്മീയരത്നങ്ങൾ
it-1 790 ¶2
കണ്ണ്
ഒരാളുടെ കണ്ണിലെ ഭാവം അയാളുടെ ഉള്ളിലുള്ള വികാരങ്ങളാണ് വെളിവാക്കുന്നത്. (ആവ 19:13, അടിക്കുറിപ്പ്; സങ്ക 35:19; സുഭ 6:13; 16:30) വിഡ്ഢിയുടെ കണ്ണ് പ്രത്യേകിച്ച് ഒന്നിലും ശ്രദ്ധിക്കാതെ അലഞ്ഞുതിരിയുന്നു. അതിന്റെ അർഥം, അവരുടെ ചിന്തകൾ പല വഴികളിലായി ചിതറിക്കിടക്കുകയാണെന്നും അവർ ശ്രദ്ധിക്കേണ്ട കാര്യത്തിൽ ശ്രദ്ധിക്കുന്നില്ലെന്നും ആണ്.
ജൂൺ 16-22
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 18
ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക
യഥാർഥജ്ഞാനം വിളിച്ചുപറയുന്നു
17 സംസാരിക്കുന്നതിനു മുമ്പ് ചിന്തിക്കുക. ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ വാക്കുകൾ വലിയ കുഴപ്പങ്ങൾ ഉണ്ടാക്കിയേക്കാം. ബൈബിൾ പറയുന്നു: “ചിന്തിക്കാതെ സംസാരിക്കുന്നതു വാളുകൊണ്ട് കുത്തുന്നതുപോലെയാണ്; എന്നാൽ ബുദ്ധിയുള്ളവരുടെ നാവ് മുറിവ് ഉണക്കുന്നു.” (സുഭാ. 12:18) നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ നമ്മൾ പരദൂഷണം ഒഴിവാക്കണം, അതായത് മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞുനടക്കരുത്. (സുഭാ. 20:19) നമ്മുടെ വാക്കുകൾ മറ്റുള്ളവരെ മുറിപ്പെടുത്തുന്നതിനു പകരം, അവരെ ആശ്വസിപ്പിക്കണമെങ്കിൽ ദൈവവചനം നമ്മുടെ ഹൃദയത്തിൽ നിറയണം. (ലൂക്കോ. 6:45) അതിനുവേണ്ടി നമ്മൾ പതിവായി ബൈബിൾ വായിക്കുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും വേണം. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ വാക്കുകൾ മറ്റുള്ളവർക്കു പ്രോത്സാഹനമേകുന്ന ‘ജ്ഞാനത്തിന്റെ ഒരു ഉറവയായിത്തീരും.’—സുഭാ. 18:4.
mrt ലേഖനം 19 ചതുരം
ആരോഗ്യം പെട്ടെന്നു മോശമായാൽ എന്തു ചെയ്യാം?
നന്നായി ശ്രദ്ധിച്ചുകേൾക്കുക. നിങ്ങളുടെ സുഹൃത്തിനെ സഹായിക്കാൻ കഴിയുന്ന ഒരു നല്ല വിധം അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചുകേൾക്കുന്നതാണ്. അദ്ദേഹം പറയുന്ന ഓരോ കാര്യത്തിനും നിങ്ങൾ മറുപടി പറയണമെന്നില്ല. പലപ്പോഴും അദ്ദേഹം പറയുന്നത് ഒന്ന് കേട്ടിരുന്നാൽ മതിയാകും. ആ സമയത്ത് അദ്ദേഹം ചിന്തിക്കുന്ന രീതി ശരിയല്ല എന്നു പറഞ്ഞ് കുറ്റപ്പെടുത്താതെ, അദ്ദേഹം പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. നിങ്ങളുടെ സുഹൃത്തിന്റെ അവസ്ഥ പൂർണമായി നിങ്ങൾക്ക് അറിയാം എന്നു ചിന്തിക്കരുത്, പ്രത്യേകിച്ചും അദ്ദേഹം പുറമേ ആരോഗ്യവാനായി കാണപ്പെടുന്നെങ്കിൽ.—സുഭാഷിതങ്ങൾ 11:2.
ആശ്വാസവാക്കുകൾ പറയുക. ചിലപ്പോൾ നിങ്ങൾക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരിക്കാം. എങ്കിലും അവരുടെ വിഷമങ്ങൾ നിങ്ങൾക്കു മനസ്സിലാകുന്നുണ്ട് എന്ന് അവരെ ബോധ്യപ്പെടുത്തുന്ന ഏതാനും വാക്കുകൾ എങ്കിലും അവരോടു പറയുന്നത് ഒന്നും മിണ്ടാതിരിക്കുന്നതിനെക്കാൾ നല്ലതാണ്. അവരുടെ ഹൃദയത്തിൽ തൊടുന്ന രീതിയിൽ ഇങ്ങനെ എന്തെങ്കിലും പറയാൻ നിങ്ങൾക്കാകുമോ? “ഈ സാഹചര്യത്തിൽ എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല, പക്ഷേ എന്തു വന്നാലും ഞാൻ കൂടെയുണ്ട്.” അതേസമയം, “അസുഖം വന്നാൽ ഇങ്ങനെയൊക്കെത്തന്നെ അല്ലേ”, “നിനക്ക് അത്ര വലിയ പ്രശ്നമൊന്നുമില്ലല്ലോ” എന്നതുപോലുള്ള അഭിപ്രായങ്ങൾ ഒഴിവാക്കുക.
നിങ്ങളുടെ സുഹൃത്തിനോടുള്ള താത്പര്യം കാണിക്കാൻ കഴിയുന്ന മറ്റൊരു വിധം അദ്ദേഹത്തിനു വന്ന രോഗത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കുന്നതാണ്. അപ്പോൾ അദ്ദേഹത്തിനു പ്രയോജനം ചെയ്യുന്ന എന്തെങ്കിലും പറയാൻ നിങ്ങൾക്കു കഴിയും. അതുപോലെ നിങ്ങളുടെ സുഹൃത്തിന്റെ അവസ്ഥ മനസ്സിലാക്കാനുള്ള നിങ്ങളുടെ ശ്രമത്തെ അദ്ദേഹം വിലമതിക്കുകയും ചെയ്യും. (സുഭാഷിതങ്ങൾ 18:13) എങ്കിലും അവർ ആവശ്യപ്പെടുന്നില്ലെങ്കിൽ ഉപദേശം കൊടുക്കാൻ തിടുക്കം കൂട്ടരുത്.
ചില സഹായങ്ങൾ ചെയ്തുകൊടുക്കുക. നിങ്ങളുടെ സുഹൃത്തിന് എന്തു സഹായമാണ് ആവശ്യമെന്ന് അദ്ദേഹത്തോടുതന്നെ ചോദിച്ചുമനസ്സിലാക്കുക. അദ്ദേഹത്തിന്റെ ആവശ്യങ്ങളൊക്കെ നിങ്ങൾക്ക് അറിയാം എന്നു ചിന്തിക്കരുത്. ചിലപ്പോൾ മറ്റുള്ളവർക്ക് ഒരു ഭാരമായാലോ എന്നു കരുതി നിങ്ങളുടെ ആ സുഹൃത്ത് തന്റെ ആവശ്യങ്ങൾ തുറന്ന് പറയാതിരുന്നേക്കാം. അങ്ങനെയാണെങ്കിൽ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അവരോടു പറയാനാകുമോ? അവർക്കുവേണ്ടി സാധനങ്ങൾ വാങ്ങാമെന്നോ വീടു വൃത്തിയാക്കാൻ സഹായിക്കാമെന്നോ ഒക്കെ?—ഗലാത്യർ 6:2.
ക്ഷമയുള്ളവരായിരിക്കുക. രോഗത്തിന്റെ ബുദ്ധിമുട്ടു കാരണം ചിലപ്പോൾ നിങ്ങളുമായി പ്ലാൻ ചെയ്ത ചില കാര്യങ്ങൾ നിങ്ങളുടെ സുഹൃത്ത് മാറ്റിവെച്ചേക്കാം. അദ്ദേഹത്തിന് സംസാരിക്കാൻപോലും തോന്നുന്നില്ലായിരിക്കാം. പക്ഷേ ക്ഷമയോടെ അദ്ദേഹത്തിന്റെ സാഹചര്യം മനസ്സിലാക്കാൻ ശ്രമിക്കുക. തുടർന്നും അദ്ദേഹത്തെ സഹായിക്കാൻ തയ്യാറായിരിക്കുക.—സുഭാഷിതങ്ങൾ 18:24.
wp23.1 14 ¶3–15 ¶1
മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ എങ്ങനെ സഹായിക്കാം?
“ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കുക.”—1 തെസ്സലോനിക്യർ 5:14.
ചിലപ്പോൾ സുഹൃത്ത് കടുത്ത ഉത്കണ്ഠയിലായിരിക്കും. അല്ലെങ്കിൽ, തന്നെ ഒന്നിനും കൊള്ളില്ലെന്നു ചിന്തിക്കുന്നുണ്ടാകും. ആ സമയത്ത് കൃത്യമായി എന്താണ് പറയേണ്ടതെന്ന് അറിയില്ലെങ്കിലും അവരെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പു കൊടുത്തുകൊണ്ട് ആശ്വസിപ്പിക്കാൻ കഴിയും.
“യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു.”—സുഭാഷിതങ്ങൾ 17:17.
വേണ്ട സഹായം ചെയ്തുകൊടുക്കുക. നമ്മൾ വിചാരിക്കുന്നതായിരിക്കില്ല അവരുടെ ആവശ്യങ്ങൾ. അതുകൊണ്ട് അവരോടുതന്നെ ചോദിക്കുക. എന്നാൽ, എന്താണ് വേണ്ടതെന്ന് അവർക്കു പറയാനാകുന്നില്ലെങ്കിലോ? അപ്പോൾ ഒരുമിച്ച് നടക്കാൻ പോകാമെന്നോ മറ്റോ അവരോട് പറയാം. അല്ലെങ്കിൽ സാധനങ്ങൾ വാങ്ങാനോ വീടു വൃത്തിയാക്കാനോ സഹായിക്കാം.—ഗലാത്യർ 6:2.
“ക്ഷമ കാണിക്കുക.”—1 തെസ്സലോനിക്യർ 5:14.
എപ്പോഴും നിങ്ങളുടെ സുഹൃത്ത് സംസാരിക്കാൻ മനസ്സു കാണിക്കണമെന്നില്ല. എങ്കിലും, സംസാരിക്കാൻ തോന്നുന്നത് എപ്പോഴാണെങ്കിലും കേൾക്കാൻ തയ്യാറാണെന്ന് ഉറപ്പുകൊടുക്കുക. അസുഖം കാരണം അവർ നിങ്ങളെ വിഷമിപ്പിക്കുന്ന എന്തെങ്കിലും പറയാനോ ചെയ്യാനോ സാധ്യതയുണ്ടെന്ന് ഓർക്കുക. ചിലപ്പോൾ ഒന്നിച്ച് ചെയ്യാൻ പ്ലാൻ ചെയ്ത കാര്യങ്ങൾ അവർ വേണ്ടെന്നുവെച്ചേക്കാം, അല്ലെങ്കിൽ പെട്ടെന്ന് ദേഷ്യപ്പെട്ടേക്കാം. അതുകൊണ്ട് ക്ഷമയോടെ മനസ്സിലാക്കി പ്രവർത്തിക്കുക.—സുഭാഷിതങ്ങൾ 18:24.
ആത്മീയരത്നങ്ങൾ
it-2 271-272
നറുക്ക്
തീരുമാനങ്ങൾ എടുക്കാൻവേണ്ടി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ഒരു രീതിയായിരുന്നു നറുക്കിടുന്നത്. അതിനായി, മിനുസമുള്ള ചെറിയ കല്ലുകളോ തടിയുടെയോ കല്ലിന്റെയോ പരന്ന കഷണങ്ങളോ, ഒരു തുണിയിലേക്കോ കുഴിവുള്ള പാത്രത്തിലേക്കോ ഇട്ട് കുലുക്കും. അതിൽനിന്ന് വീഴുന്നതോ അല്ലെങ്കിൽ എടുക്കുന്നതോ ആയ നറുക്കിൽ ആരുടെ പേരാണോ അയാളെ ആയിരിക്കും തിരഞ്ഞെടുക്കുന്നത്. ഒരു തീരുമാനത്തിനായി നറുക്കിടുക എന്നാൽ, ആ കാര്യത്തിൽ യഹോവയുടെ ഇഷ്ടം മനസ്സിലാക്കാനായി പ്രാർഥിക്കുന്നു എന്നായിരുന്നു അർഥം. (യോശ 15:1, അടിക്കുറിപ്പ്; സങ്ക 16:5; 125:3; യശ 57:6; യിര 13:25) പുരാതന ഇസ്രായേലിൽ, തർക്കങ്ങൾ പരിഹരിക്കാനായിരുന്നു പ്രാധാനമായും നറുക്കിട്ടിരുന്നത്.—സുഭ 18:18; 16:33.
ജൂൺ 23-29
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 19
സഹോദരങ്ങൾക്ക് നല്ലൊരു സുഹൃത്തായിരിക്കുക
നമുക്കു പരസ്പരമുള്ള സ്നേഹം എങ്ങനെ ശക്തമാക്കി നിറുത്താം?
16 സഹോദരങ്ങളുടെ മോശം ഗുണങ്ങളിലല്ല നല്ല ഗുണങ്ങളിൽ ശ്രദ്ധിക്കുക. ഇങ്ങനെയൊന്നു ചിന്തിക്കുക: സഹോദരങ്ങളോടൊപ്പം നിങ്ങൾ ഒരു കൂടിവരവിനു വന്നിരിക്കുകയാണ്. സന്തോഷകരമായ ആ കൂടിവരവിനു ശേഷം എല്ലാവരുംകൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാൻ തീരുമാനിക്കുന്നു. ആദ്യം എടുക്കുന്ന ഫോട്ടോ ശരിയായില്ലെങ്കിലോ എന്ന് ഓർത്ത് നിങ്ങൾ രണ്ടെണ്ണംകൂടെ എടുക്കുന്നു. അങ്ങനെ നിങ്ങളുടെ കൈയിൽ ഇപ്പോൾ മൂന്നു ഫോട്ടോയുണ്ട്. എന്നാൽ ഒരു ഫോട്ടോയിൽ ഒരാളുടെ മുഖത്ത് ഒട്ടും ചിരിയില്ല. ആ ഫോട്ടോ നിങ്ങൾ ഫോണിൽനിന്ന് കളയും, ശരിയല്ലേ? കാരണം ആ സഹോദരൻ ഉൾപ്പെടെ എല്ലാവരും നന്നായി ചിരിക്കുന്ന വേറെ രണ്ടു ഫോട്ടോ കൈയിലുണ്ട്.
17 നമ്മൾ സൂക്ഷിച്ചുവെക്കുന്ന ആ ഫോട്ടോകളെ നമ്മൾ ഓർമയിൽ സൂക്ഷിക്കുന്ന കാര്യങ്ങളോടു താരതമ്യം ചെയ്യാം. സഹോദരങ്ങളുടെകൂടെ ആയിരുന്നപ്പോഴത്തെ നല്ല ഓർമകളായിരിക്കും പൊതുവേ നമ്മൾ മനസ്സിൽ സൂക്ഷിക്കുന്നത്. എന്നാൽ ഏതെങ്കിലും ഒരു സമയത്ത് ഒരു സഹോദരനോ സഹോദരിയോ നമ്മളെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്തെന്നിരിക്കട്ടെ. നമുക്ക് അപ്പോൾ എന്തു ചെയ്യാനാകും? നമ്മൾ എടുത്ത ഫോട്ടോകളിൽ ഒന്ന് ഫോണിൽനിന്ന് കളഞ്ഞതുപോലെ അതും മനസ്സിൽനിന്ന് മായ്ച്ചുകളയുക. (സുഭാ. 19:11; എഫെ. 4:32) ആ സഹോദരന്റെ അല്ലെങ്കിൽ സഹോദരിയുടെ കൂടെ ആയിരുന്നപ്പോഴത്തെ ഒരുപാടു നല്ല ഓർമകളുള്ളതുകൊണ്ട് ആ ഒരു ചെറിയ തെറ്റു നമുക്കു മറന്നുകളയാനാകും. കാരണം, നല്ല ഓർമകൾ മനസ്സിൽ സൂക്ഷിക്കാനാണല്ലോ നമ്മളെല്ലാം ആഗ്രഹിക്കുന്നത്.
സ്നേഹം കാണിക്കുന്നതിൽ വളർന്നുകൊണ്ടിരിക്കുക
10 സഹോദരങ്ങളെ സഹായിക്കാനുള്ള അവസരങ്ങൾ കണ്ടെത്താൻ നമ്മളും ശ്രമിക്കുന്നു. (എബ്രാ. 13:16) കഴിഞ്ഞ ലേഖനത്തിൽ കണ്ട അന്നയുടെ അനുഭവം നോക്കാം. കൊടുങ്കാറ്റിനെ തുടർന്ന് സഹോദരിയും ഭർത്താവും ഒരു സഹോദരകുടുംബത്തെ ചെന്ന് കണ്ടു. അപ്പോഴാണ് അറിയുന്നതു കൊടുങ്കാറ്റിൽ അവരുടെ വീടിന്റെ മേൽക്കൂര തകർന്നുപോയെന്ന്. കൂടാതെ അവരുടെ വസ്ത്രങ്ങളെല്ലാം ചെളിപിടിച്ച് പോയിരുന്നു. അന്ന പറയുന്നു: “ഞങ്ങൾ ആ വസ്ത്രങ്ങളെല്ലാം കൊണ്ടുവന്ന് അലക്കി തേച്ച് തിരികെ കൊടുത്തു. ഞങ്ങൾക്ക് അതൊരു ചെറിയ കാര്യമായിരുന്നു. പക്ഷേ അങ്ങനെ ചെയ്തതുകൊണ്ട് ഞങ്ങൾക്കിടയിലെ സ്നേഹം വളരെ ശക്തമായി. അത് ഇന്നുവരെ തുടരുകയും ചെയ്യുന്നു.” സഹോദരങ്ങളോടുണ്ടായിരുന്ന സ്നേഹമാണ് അവർക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാൻ അന്നയെയും ഭർത്താവിനെയും പ്രേരിപ്പിച്ചത്.—1 യോഹ. 3:17, 18.
11 സഹോദരങ്ങളോടു സ്നേഹവും ദയയും ഒക്കെ കാണിക്കുമ്പോൾ നമ്മൾ യഹോവയെ അനുകരിക്കാൻ ശ്രമിക്കുകയാണെന്ന് അവർക്കു മനസ്സിലാകും. നമ്മൾ ചിന്തിക്കുന്നതിനെക്കാൾ അപ്പുറം നമ്മുടെ ആ പ്രവൃത്തികളെ അവർ വിലമതിക്കുകയും ചെയ്തേക്കാം. നേരത്തേ കണ്ട കെൻ സഹോദരി ചെറുപ്പത്തിൽ തന്നെ സഹായിച്ചവരെ വളരെ സ്നേഹത്തോടെയാണ് ഓർക്കുന്നത്. സഹോദരി പറയുന്നു: “എന്നെ സേവനത്തിനു കൊണ്ടുപോയിരുന്ന സഹോദരിമാരോടെല്ലാം എനിക്ക് ഒരുപാടു നന്ദിയുണ്ട്. അവർ വീട്ടിൽ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോകും. ഇടയ്ക്ക് എന്തെങ്കിലും കഴിക്കാൻ വാങ്ങിച്ചുതരും. പിന്നെ തിരിച്ച് വീട്ടിൽ കൊണ്ടുവിടുകയും ചെയ്യുമായിരുന്നു. പക്ഷേ, ഇപ്പോഴാണു മനസ്സിലാകുന്നത് അവർ അതിനുവേണ്ടി എത്രമാത്രം ശ്രമം ചെയ്തിരുന്നുവെന്ന്. അവർ അതെല്ലാം സന്തോഷത്തോടെയാണു ചെയ്തത്.” പക്ഷേ, നമ്മൾ ചെയ്യുന്ന കാര്യങ്ങൾക്കു തിരിച്ച് നന്ദി കാണിക്കാൻ മറ്റുള്ളവർക്ക് എപ്പോഴും അവസരം കിട്ടണമെന്നില്ല. തന്നെ സഹായിച്ചവരെക്കുറിച്ച് കെൻ സഹോദരി തുടരുന്നു: “എന്നെ സഹായിച്ചവർക്കെല്ലാം വേണ്ടി തിരിച്ച് എന്തെങ്കിലും ചെയ്യണമെന്ന് എനിക്കുണ്ട്. പക്ഷേ അവരൊക്കെ ഇന്ന് എവിടെയാണെന്ന് എനിക്കറിയില്ല. എന്നാൽ യഹോവയ്ക്ക് അത് അറിയാം. അതുകൊണ്ട് എനിക്കുവേണ്ടി യഹോവ അവർക്കു പ്രതിഫലം നൽകട്ടെ എന്നാണ് എന്റെ പ്രാർഥന.” സഹോദരി പറഞ്ഞതു ശരിയാണ്. നമ്മൾ മറ്റുള്ളവർക്കുവേണ്ടി ചെയ്യുന്ന ഏറ്റവും ചെറിയ കാര്യംപോലും യഹോവ ശ്രദ്ധിക്കുന്നുണ്ട്. അതിനുവേണ്ടി നമ്മൾ ചെയ്യുന്ന ത്യാഗത്തെ വളരെ വിലപ്പെട്ട ഒന്നായിട്ട്, തനിക്കു തരുന്ന ഒരു കടമായിട്ട്, ആണ് യഹോവ കാണുന്നത്. അതുകൊണ്ട് നമ്മൾ ചെയ്യുന്നതിന് യഹോവ പ്രതിഫലം തരുമെന്ന് ഉറപ്പാണ്.—സുഭാഷിതങ്ങൾ 19:17 വായിക്കുക.
തമ്മിൽത്തമ്മിൽ അചഞ്ചലസ്നേഹം കാണിക്കുക
6 വർഷങ്ങളായി ഒരേ കമ്പനിയിൽത്തന്നെ ജോലി ചെയ്യുന്ന ഒരാളെക്കുറിച്ച് അയാൾ വിശ്വസ്തനായ, ആശ്രയയോഗ്യനായ ഒരു ജോലിക്കാരനാണെന്നു പറയാനാകും. എന്നാൽ ഇത്രയും കാലം അയാൾ അവിടെ ആത്മാർഥമായി ജോലി ചെയ്തതു മുതലാളിമാരോടുള്ള സ്നേഹംകൊണ്ടാണെന്നൊന്നും പറയാനാകില്ല. ഒരുപക്ഷേ അയാൾ ഇതുവരെ അവിടത്തെ മുതലാളിമാരെ കണ്ടിട്ടുപോലുമുണ്ടാകില്ല. ആ കമ്പനിയുടെ എല്ലാ നയങ്ങളോടും അയാൾക്കു യോജിപ്പ് ഉണ്ടാകണമെന്നുമില്ല. അയാൾക്കു ജീവിക്കാൻ പണം വേണം. അതുകൊണ്ട് അവിടെ ജോലി ചെയ്യുന്നു. അതിലും നല്ല ഒരു ജോലി കിട്ടാത്തിടത്തോളം വിരമിക്കുന്നതുവരെ വിശ്വസ്തനായി അയാൾ അവിടെ തുടരുകയും ചെയ്യും.
7 ആരോടെങ്കിലും അല്ലെങ്കിൽ എന്തിനോടെങ്കിലും വിശ്വസ്തത കാണിക്കുക എന്നതു നല്ലൊരു കാര്യമാണ്. എന്നാൽ അചഞ്ചലസ്നേഹം കാണിക്കുന്നതിൽ ഒരാളുടെ ഹൃദയവുംകൂടെ ഉൾപ്പെടുന്നുണ്ട്. അതു നന്നായി മനസ്സിലാക്കാൻ ചില ബൈബിൾവിവരണങ്ങൾ നമ്മളെ സഹായിക്കും. ഉദാഹരണത്തിന് ദാവീദ് രാജാവിന്റെ കാര്യം നോക്കാം. യോനാഥാന്റെ അപ്പൻ തന്നെ കൊല്ലാൻ നോക്കിയപ്പോഴും യോനാഥാനോട് അചഞ്ചലസ്നേഹം കാണിക്കാൻ ഹൃദയം ദാവീദിനെ പ്രേരിപ്പിച്ചു. ഇനി, യോനാഥാൻ മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ മകനായ മെഫിബോശെത്തിനു നന്മ ചെയ്തുകൊണ്ടും ദാവീദ് യോനാഥാനോട് അചഞ്ചലസ്നേഹം കാണിച്ചു. എന്തുകൊണ്ടാണ് ദാവീദ് അങ്ങനെ ചെയ്തത്? ഉള്ളിന്റെയുള്ളിൽ യോനാഥാനോടു തോന്നിയ അടുപ്പമാണ് ദാവീദിനെ അതിനു പ്രേരിപ്പിച്ചത്.—1 ശമു. 20:9, 14, 15; 2 ശമു. 4:4; 8:15; 9:1, 6, 7.
ആത്മീയരത്നങ്ങൾ
it-1 515
ഉപദേശം, ഉപദേശകൻ
ഒരാൾക്ക് ഉപദേശം കൊടുക്കുമ്പോൾ, ആ കാര്യത്തിൽ യഹോവയുടെ ചിന്ത എന്താണെന്നു നമ്മൾ മനസ്സിലാക്കേണ്ടതു പ്രധാനമാണ്. കാരണം യഹോവയോളം ജ്ഞാനമുള്ള മറ്റാരുമില്ല. (യശ 40:13; റോമ 11:34) യേശു “അതുല്യനായ ഉപദേശകൻ” ആണ്. കാരണം യേശു പിതാവിന്റെ മാർഗനിർദേശങ്ങളാണ് പിൻപറ്റിയത്. അതുപോലെ യേശുവിനു ദൈവാത്മാവിന്റെ വഴിനടത്തിപ്പുമുണ്ട്. (യശ 9:6; 11:2; യോഹ 5:19, 30) അതുപോലെ നമ്മളും, ഒരാൾക്ക് ഉപദേശം കൊടുക്കേണ്ടിവരുമ്പോൾ യഹോവയുടെ മാർഗനിർദേശം എപ്പോഴും മനസ്സിലാക്കാൻ ശ്രമിച്ചാൽ അതു പ്രയോജനം ചെയ്യും. എന്നാൽ യഹോവയുടെ ഇഷ്ടത്തിന് എതിരായ ഒരു ഉപദേശമാണ് നമ്മൾ കൊടുക്കുന്നതെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല.—സുഭ 19:21; 21:30.
ജൂൺ 30–ജൂലൈ 6
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 20
വിജയകരമായ ഒരു ഡേറ്റിങ്ങിന്. . .
ഡേറ്റിങ്ങ് നിങ്ങളെ ശരിയായ തീരുമാനത്തിലേക്ക് നയിക്കട്ടെ
3 ഡേറ്റിങ്ങ് വളരെ സന്തോഷം തരുന്ന സമയമാണ്. എന്നാൽ അത് വിവാഹത്തിലേക്കു നയിച്ചേക്കാവുന്നതുകൊണ്ട് അവർ അതിനെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. വിവാഹദിവസം അവർ യഹോവയുടെ മുമ്പാകെ എടുക്കുന്ന പ്രതിജ്ഞയിൽ, ജീവിച്ചിരിക്കുന്നിടത്തോളം കാലം പരസ്പരം സ്നേഹിക്കുമെന്നും ബഹുമാനിക്കുമെന്നും വാക്കു കൊടുക്കുന്നുണ്ട്. (സുഭാഷിതങ്ങൾ 20:25 വായിക്കുക.) ഏതൊരു പ്രതിജ്ഞ എടുക്കുന്നതിനു മുമ്പും നമ്മൾ കാര്യങ്ങൾ നന്നായി വിലയിരുത്തണം. വിവാഹപ്രതിജ്ഞയുടെ കാര്യത്തിലും അതു സത്യമാണ്. വിവാഹത്തിനു മുമ്പ് പരസ്പരം അടുത്തറിയാനും ശരിയായ തീരുമാനമെടുക്കാനും ഡേറ്റിങ്ങ് അവസരം നൽകുന്നു. ചിലപ്പോൾ വിവാഹം കഴിക്കാനായിരിക്കും തീരുമാനിക്കുന്നത് അല്ലെങ്കിൽ ഡേറ്റിങ്ങ് അവസാനിപ്പിക്കാനായിരിക്കും. വിവാഹം കഴിക്കേണ്ടാ എന്നാണ് തീരുമാനമെങ്കിൽ അതിന്റെ അർഥം, അവരുടെ ഡേറ്റിങ്ങ് ഒരു പരാജയമായിരുന്നു എന്നല്ല, പകരം ഡേറ്റിങ്ങിന്റെ ഉദ്ദേശ്യം നടന്നു എന്നാണ്. അതായത് അവർക്ക് ഒരു നല്ല തീരുമാനം എടുക്കാനായി.
4 ഏകാകികൾക്ക് ഡേറ്റിങ്ങിനെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ടാണ്? അങ്ങനെയാകുമ്പോൾ, അവർ വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യമില്ലാതെ ഡേറ്റിങ്ങിൽ ഏർപ്പെടില്ല. എന്നാൽ ഇക്കാര്യത്തിൽ ഏകാകികൾക്കു മാത്രമല്ല ശരിയായ കാഴ്ചപ്പാട് ഉണ്ടായിരിക്കേണ്ടത്, എല്ലാവർക്കും വേണം. ഉദാഹരണത്തിന്, ഡേറ്റിങ്ങിൽ ഏർപ്പെടുന്ന രണ്ടു പേർ തമ്മിൽ എന്തായാലും വിവാഹം കഴിക്കണം എന്ന ചിന്ത ചിലർക്കുണ്ട്. ഈ മനോഭാവം ഏകാകികളായ ക്രിസ്ത്യാനികളെ എങ്ങനെയാണ് ബാധിക്കുന്നത്? ഐക്യനാടുകളിൽനിന്നുള്ള ഏകാകിയായ മെലിസ സഹോദരി പറയുന്നു: “ഒരു സഹോദരനും സഹോദരിയും ഡേറ്റിങ്ങ് ചെയ്യുമ്പോൾ വിവാഹിതരാകാൻ സഹോദരങ്ങളിൽനിന്നുതന്നെ അവർക്കു വലിയ സമ്മർദമുണ്ടാകാറുണ്ട്. അതുകൊണ്ട് പരസ്പരം യോജിക്കില്ലെന്നു തോന്നിയാൽപ്പോലും, വിവാഹം കഴിക്കാം എന്നു ചിലർ തീരുമാനിക്കുന്നു. മറ്റു ചിലർ ഡേറ്റിങ്ങേ വേണ്ട എന്നു വെക്കുന്നു.”
നിങ്ങൾക്ക് യോജിച്ച വിവാഹ ഇണയെ എങ്ങനെ കണ്ടെത്താം?
8 വിവേകത്തോടെ നിങ്ങൾക്ക് എങ്ങനെ മറ്റേ വ്യക്തിയെ നിരീക്ഷിക്കാം? മീറ്റിങ്ങുകളിൽവെച്ചോ മറ്റു കൂടിവരവുകളുടെ സമയത്തോ നിങ്ങൾക്ക് അവരുടെ ആത്മീയതയും വ്യക്തിത്വവും പെരുമാറ്റവും ഒക്കെ നിരീക്ഷിക്കാൻ കഴിഞ്ഞേക്കും. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആരൊക്കെയാണ്? എന്തിനെക്കുറിച്ചൊക്കെയാണ് അദ്ദേഹം സംസാരിക്കുന്നത്? (ലൂക്കോ. 6:45) അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങളോടു യോജിക്കുന്നതാണോ? ആ വ്യക്തിയെ നന്നായി അറിയാവുന്ന മൂപ്പന്മാരോടോ പക്വതയുള്ള ക്രിസ്ത്യാനികളോടോ നിങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് ചോദിക്കാനാകും. (സുഭാ. 20:18) ഉദാഹരണത്തിന്, മറ്റുള്ളവരുടെ ഇടയിൽ അദ്ദേഹത്തിന് എങ്ങനെയുള്ളൊരു പേരാണുള്ളത്, അദ്ദേഹത്തിന്റെ സ്വഭാവം എങ്ങനെയാണ് എന്നൊക്കെ. (രൂത്ത് 2:11) ഇങ്ങനെ നിരീക്ഷിക്കുമ്പോൾ അത് മറ്റേ വ്യക്തിക്ക് അസ്വസ്ഥത തോന്നാൻ ഇടയാകുന്ന വിധത്തിൽ ആകരുത്. ആ വ്യക്തിയുടെ വികാരങ്ങളും സ്വകാര്യതയും മാനിക്കുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പുവരുത്തണം.
ഡേറ്റിങ്ങ് നിങ്ങളെ ശരിയായ തീരുമാനത്തിലേക്ക് നയിക്കട്ടെ
7 ഉള്ളിന്റെ ഉള്ളിൽ മറ്റേ വ്യക്തി എങ്ങനെയുള്ള ആളാണെന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാം? സത്യസന്ധമായി തുറന്ന് സംസാരിക്കുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും നന്നായി ശ്രദ്ധിക്കുന്നതും ആണ് അതിനുള്ള ഏറ്റവും നല്ലൊരു വഴി. (സുഭാ. 20:5; യാക്കോ. 1:19) ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും പൊതുസ്ഥലങ്ങളിൽ ഒരുമിച്ച് നടക്കാൻ പോകുന്നതും ഒരുമിച്ച് പ്രസംഗപ്രവർത്തനം ചെയ്യുന്നതും ഒക്കെ തുറന്ന് സംസാരിക്കാനുള്ള അവസരങ്ങൾ നിങ്ങൾക്ക് തരും. കൂട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും കൂടെ ആയിരിക്കുമ്പോഴും നിങ്ങൾക്ക് പരസ്പരം അടുത്തറിയാനാകും. വ്യത്യസ്ത സാഹചര്യങ്ങളിൽ ആ വ്യക്തി എങ്ങനെയാണ് ഇടപെടുന്നത്, വ്യത്യസ്ത തരക്കാരായ ആളുകളോട് എങ്ങനെയാണ് പെരുമാറുന്നത്, എന്നൊക്കെ മനസ്സിലാക്കാൻ സഹായിക്കുന്ന പലപല കാര്യങ്ങൾ പ്ലാൻ ചെയ്യുക. നെതർലൻഡ്സിൽനിന്നുള്ള എഷ്വിൻ എന്താണ് ചെയ്യാൻ ശ്രമിച്ചതെന്നു നോക്കുക. അലീഷ്യയുമായുള്ള ഡേറ്റിങ്ങിനെക്കുറിച്ച് അദ്ദേഹം പറയുന്നു: “പരസ്പരം മനസ്സിലാക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ഒരുമിച്ച് ചെയ്യാൻ ഞങ്ങൾ ശ്രമിച്ചു. അത് മിക്കതും ചെറിയചെറിയ കാര്യങ്ങൾ ആയിരുന്നു. ഭക്ഷണം ഉണ്ടാക്കുന്നതും മറ്റു ജോലികളും ഒക്കെ ഞങ്ങൾ ഒരുമിച്ച് ചെയ്തു. അപ്പോൾ മറ്റേയാളിന്റെ കഴിവുകളും പോരായ്മകളും ഒക്കെ മനസ്സിലാക്കാനായി.”
8 ഒന്നിച്ച് ആത്മീയവിഷയങ്ങളെ കുറിച്ച് പഠിച്ചുകൊണ്ടും നിങ്ങൾക്ക് പരസ്പരം അടുത്തറിയാനാകും. വിവാഹം കഴിക്കുകയാണെങ്കിൽ നിങ്ങൾ എന്തായാലും കുടുംബാരാധനയ്ക്ക് സമയം കണ്ടെത്തണം. (സഭാ. 4:12) കാരണം വിവാഹത്തിൽ യഹോവയ്ക്കാണല്ലോ മുഖ്യസ്ഥാനം. അതുകൊണ്ട് ഡേറ്റിങ്ങിന് ഇടയിൽത്തന്നെ എന്തുകൊണ്ട് അതിനായി സമയം മാറ്റിവെച്ചുകൂടാ? ശരിയാണ്, ഡേറ്റിങ്ങിൽ ഏർപ്പെടുന്നവർ ഒരു കുടുംബമായിട്ടില്ല. മാത്രമല്ല, സഹോദരൻ സഹോദരിയുടെ തലയും അല്ല. എങ്കിലും ഒരുമിച്ച് പഠിക്കുന്നതിലൂടെ രണ്ടു പേരുടെയും ആത്മീയതയെക്കുറിച്ച് അവർക്ക് പരസ്പരം മനസിലാക്കാനാകും. ഐക്യനാടുകളിൽനിന്നുള്ള മാക്സും ലിസയും ഇതിന്റെ മറ്റൊരു പ്രയോജനം കണ്ടെത്തി. മാക്സ് പറയുന്നു: “ഡേറ്റിങ്ങിന്റെ തുടക്കത്തിൽതന്നെ ഡേറ്റിങ്ങ്, വിവാഹം, കുടുംബജീവിതം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽനിന്ന് ഞങ്ങൾ പഠിക്കാൻ തുടങ്ങി. വെറുതെ സംസാരിക്കുമ്പോൾ കടന്നുവരാത്ത പല പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള അവസരങ്ങൾ ഞങ്ങൾക്ക് അതിലൂടെ കിട്ടി.”
ആത്മീയരത്നങ്ങൾ
it-2 196 ¶7
ദീപം, വിളക്ക്
“മനുഷ്യന്റെ ശ്വാസം,” അതായത് ഒരാളുടെ വായിൽനിന്ന് വരുന്ന വാക്കുകൾ അയാളുടെ വ്യക്തിത്വം എങ്ങനെയുള്ളതാണെന്നു വെളിപ്പെടുത്തും. അതുകൊണ്ടുതന്നെ അത് അയാൾ എങ്ങനെയുള്ള ഒരാളാണെന്ന് തുറന്നുകാണിക്കുന്ന വിളക്ക് അഥവാ വെളിച്ചംപോലെയാണ്. അയാളുടെ വായിൽനിന്ന് വരുന്നത് നല്ലതാണെങ്കിലും മോശമാണെങ്കിലും ഇതു സത്യമാണ്.—പ്രവൃ 9:1, സത്യവേദപുസ്തകം താരതമ്യം ചെയ്യുക.