ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
© 2025 Watch Tower Bible and Tract Society of Pennsylvania
നവംബർ 3-9
ദൈവവചനത്തിലെ നിധികൾ | ഉത്തമഗീതം 1-2
നിലയ്ക്കാത്ത സ്നേഹത്തിന്റെ ഒരു കഥ
നിലയ്ക്കാത്ത സ്നേഹം സാധ്യമോ?
9 സ്നേഹവും ആർദ്രവികാരങ്ങളും ഒന്നുമില്ലാത്ത കേവലമൊരു കരാറോ ഔപചാരിക ഉടമ്പടിയോ അല്ല വിവാഹക്രമീകരണം. വാസ്തവത്തിൽ സ്നേഹം ക്രിസ്തീയ വിവാഹത്തിന്റെ മുഖമുദ്രയാണ്. എന്നാൽ ചോദ്യമിതാണ്: ഏതുതരം സ്നേഹം? ബൈബിൾതത്ത്വങ്ങളിൽ അധിഷ്ഠിതമായ സ്നേഹമാണോ അത്? (1 യോഹ. 4:8) അതിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള സഹജസ്നേഹം ഉൾപ്പെടുമോ? ആത്മാർഥ സുഹൃത്തുക്കൾക്കിടയിൽ കാണാൻ കഴിയുന്ന ഊഷ്മളവും ആർദ്രവുമായ അടുപ്പം ഇതിൽപ്പെടുമോ? (യോഹ. 11:3) അത് അനുരാഗമാണോ? (സദൃ. 5:15-20) ദമ്പതികൾക്കിടയിൽ വേണ്ട നിഷ്കപടവും നിലയ്ക്കാത്തതുമായ സ്നേഹത്തിൽ ഇവയെല്ലാം ഉൾപ്പെടുന്നു എന്നതാണ് വാസ്തവം! സ്നേഹം പ്രകടിപ്പിക്കുമ്പോഴാണ് ഏറ്റവും നന്നായി അത് അനുഭവവേദ്യമാകുന്നത്. അന്യോന്യമുള്ള സ്നേഹപ്രകടനങ്ങൾക്ക് ഒട്ടും സമയം കിട്ടാത്തവിധം ഭാര്യാഭർത്താക്കന്മാർ നിത്യജീവിതത്തിന്റെ തിരക്കുകളിൽ മുങ്ങിപ്പോകാതെ ശ്രദ്ധിക്കേണ്ടത് വളരെ ഗൗരവം അർഹിക്കുന്ന കാര്യമാണ്! വിവാഹബന്ധത്തിൽ സന്തുഷ്ടിയും സുരക്ഷിതബോധവും ആസ്വദിക്കാനാകണമെങ്കിൽ അത്തരം സ്നേഹപ്രകടനങ്ങൾ കൂടിയേ തീരൂ. ചില സംസ്കാരങ്ങളിൽ വിവാഹങ്ങൾ മാതാപിതാക്കൾ ആലോചിച്ചുറപ്പിക്കുന്ന രീതിയാണ് ഉള്ളത്. വരനും വധുവിനും കല്യാണദിവസംവരെ പരസ്പരം അത്ര പരിചയമൊന്നും കണ്ടെന്നുവരില്ല. അത്തരം സാഹചര്യങ്ങളിൽ, സ്നേഹം വളരുന്നതിനും ദാമ്പത്യം പരിപുഷ്ടിപ്പെടുന്നതിനും, വിവാഹശേഷം സ്നേഹം വാക്കുകളിൽ പ്രകടിപ്പിക്കാൻ ദമ്പതികൾ ബോധപൂർവമുള്ള ശ്രമം നടത്തേണ്ടത് പ്രധാനമാണ്.
10 ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള സ്നേഹപ്രകടനങ്ങൾക്ക് മറ്റൊരു പ്രയോജനം കൂടിയുണ്ട്. “വെള്ളിമണികളോടുകൂടിയ സുവർണ്ണസരപ്പളി ഉണ്ടാക്കിത്തരാം” എന്നു പറഞ്ഞ് ശലോമോൻ രാജാവ് ശൂലേംകാരത്തിപ്പെണ്ണിനെ പ്രലോഭിപ്പിച്ചു. “ചന്ദ്രനെപ്പോലെ സൌന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും” ഉള്ളവൾ എന്നു വിളിച്ചുകൊണ്ട് രാജാവ് അവളെ വാനോളം പുകഴ്ത്തി. (ഉത്ത. 1:9-11; 6:10) പക്ഷേ രാജാവിന്റെ ചക്കരവാക്കുകളിൽ വീഴാതെ തന്റെ പ്രിയനായ ഇടയച്ചെറുക്കനോടുള്ള വിശ്വസ്തത അവൾ മുറുകെപ്പിടിച്ചു. അകന്നുകഴിയേണ്ടിവന്നപ്പോൾ അവളെ ആശ്വസിപ്പിക്കുകയും പിടിച്ചുനിൽക്കാൻ സഹായിക്കുകയും ചെയ്തത് എന്താണ്? അവൾ പറയുന്നത് നോക്കുക. (ഉത്തമഗീതം 1:2, 3 വായിക്കുക.) ഇടയന്റെ “പ്രേമ”പ്രകടനങ്ങളുടെ മധുരസ്മരണകളായിരുന്നു അവളെ സഹായിച്ചത്. അവന്റെ സ്നേഹപ്രകടനങ്ങളും വാക്കുകളും “വീഞ്ഞിലും രസകര”മായും അവന്റെ ‘നാമം സൌരഭ്യമായ, പകർന്ന തൈലംപോലെയും’ അവൾക്ക് അനുഭവപ്പെട്ടു. (സങ്കീ. 23:5; 104:15) അതെ, വാക്കാലും നോക്കാലും പ്രവർത്തനങ്ങളാലും പ്രകടിപ്പിക്കപ്പെട്ട സ്നേഹത്തിന്റെ മധുരസ്മരണകളാണ് നിലയ്ക്കാത്ത സ്നേഹത്തിന്റെ രഹസ്യം. ഭാര്യാഭർത്താക്കന്മാർ കൂടെക്കൂടെ, അന്യോന്യം സ്നേഹപ്രകടനങ്ങൾ നടത്തേണ്ടത് എത്ര പ്രധാനമാണ്!
ആത്മീയരത്നങ്ങൾ
നിലയ്ക്കാത്ത സ്നേഹം സാധ്യമോ?
11 അവിവാഹിതരായ ക്രിസ്ത്യാനികൾക്ക്, വിശേഷിച്ചും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവർക്ക് പ്രയോജനം ചെയ്യുന്ന ചില നല്ല പാഠങ്ങളും ശലോമോന്റെ ഉത്തമഗീതത്തിലുണ്ട്. ശൂലേംകന്യക്ക് ശലോമോനോട് എന്തെങ്കിലും അടുപ്പമോ അനുരാഗമോ തോന്നിയില്ല. യെരുശലേം പുത്രിമാരായ അന്തഃപുരസ്ത്രീകളോട് നിശ്ചയദാർഢ്യത്തോടെ അവൾ പറഞ്ഞു: “പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണർത്തുകയുമരുത്.” (ഉത്ത. 2:7; 3:5) എന്തുകൊണ്ട്? കാരണം കണ്ണിൽക്കാണുന്ന ആരോടും പ്രണയബന്ധം വളർത്തിയെടുക്കുന്നത് അപക്വവും അനുചിതവും ആയതുകൊണ്ടുതന്നെ! അതുകൊണ്ട്, വിവാഹത്തെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുന്ന ഒരു ക്രിസ്ത്യാനി തനിക്ക് യഥാർഥമായും സ്നേഹിക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്തുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുന്നതാണ് ബുദ്ധി.
നവംബർ 10-16
ദൈവവചനത്തിലെ നിധികൾ | ഉത്തമഗീതം 3-5
ആന്തരികസൗന്ദര്യത്തിന്റെ പ്രാധാന്യം
നിലയ്ക്കാത്ത സ്നേഹം സാധ്യമോ?
8 ഈ ഗീതത്തിലെ സ്നേഹപ്രകടനങ്ങളുടെ വർണനകളെല്ലാം ശാരീരിക സൗന്ദര്യത്തിലേക്കുമാത്രം ശ്രദ്ധ ക്ഷണിക്കുന്നവയല്ല. തന്റെ പ്രതിശ്രുതവധുവിന്റെ സംസാരത്തെക്കുറിച്ച് ആട്ടിടയൻ പറയുന്നത് ശ്രദ്ധിക്കുക. (ഉത്തമഗീതം 4:7, 11 വായിക്കുക.) “നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു.” എന്താണ് അതിന്റെ അർഥം? തേൻകട്ടയിൽനിന്ന് അഥവാ തേൻകൂടിൽനിന്ന് നേരിട്ടെടുക്കുന്ന തേനിന് പിഴിഞ്ഞ് മാറ്റിവെച്ച തേനിനെക്കാൾ സുഗന്ധവും മധുരവും ഏറും. “നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ട്” എന്നു പറയുമ്പോൾ അവളുടെ സംസാരം പാലും തേനും പോലെ ഹൃദ്യവും മധുരവും ആണെന്നാണ് അവൻ പറയുന്നത്. “എന്റെ പ്രിയേ, നീ സർവ്വാംഗസുന്ദരി; നിന്നിൽ യാതൊരു ഊനവും ഇല്ല” എന്നു പറയുമ്പോൾ ശാരീരിക സൗന്ദര്യത്തെ മാത്രമല്ല അവൻ ഉദ്ദേശിച്ചതെന്ന് വ്യക്തം.
ധാർമിക ശുദ്ധി സംബന്ധിച്ച ദൈവിക വീക്ഷണം
17 ദൃഢമായ വിശ്വസ്തത പാലിച്ച മൂന്നാമത് ഒരാളെ കുറിച്ചു പരിചിന്തിക്കാം. ശൂലേമ്യ കന്യക. സുന്ദരിയായിരുന്ന ആ തരുണിയിൽ ഒരു ഇടയബാലൻ മാത്രമല്ല ഇസ്രായേലിലെ സമ്പന്ന രാജാവായ ശലോമോനും ആകൃഷ്ടനായി. ചാരിത്രശുദ്ധി കാത്തുകൊണ്ട ശൂലേമ്യ കന്യക തനിക്കു ചുറ്റുമുള്ളവരുടെ ആദരവു നേടിയെടുത്തതായി ഉത്തമഗീതത്തിലെ ഹൃദ്യമായ ആ കഥ വെളിപ്പെടുത്തുന്നു. അവളുടെ സ്നേഹം പിടിച്ചുപറ്റാനായില്ലെങ്കിലും അവളെക്കുറിച്ച് ഒരു കഥയെഴുതാൻ ശലോമോൻ നിശ്വസ്തനായി. അവൾ സ്നേഹിച്ചിരുന്ന ഇടയനും നിർമലമായ നടത്തയെപ്രതി അവളെ ആദരിച്ചു. ശൂലേമ്യ കന്യക, “കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം” ആണെന്ന് ഒരു സന്ദർഭത്തിൽ അവൻ അഭിപ്രായപ്പെട്ടു. (ഉത്തമഗീതം 4:12) പുരാതന ഇസ്രായേലിലെ സുന്ദരമായ തോട്ടങ്ങൾ പലതരം പച്ചക്കറികളും സൗരഭ്യമുതിർക്കുന്ന പുഷ്പങ്ങളും തല ഉയർത്തിനിൽക്കുന്ന വൃക്ഷങ്ങളും നിറഞ്ഞവയായിരുന്നു. അത്തരം തോട്ടങ്ങളെ വേലിയോ മതിലോ കെട്ടി തിരിച്ച് പൂട്ടുള്ള കവാടങ്ങൾ പിടിപ്പിച്ചിരുന്നു. (യെശയ്യാവു 5:5) ആ ഇടയനെ സംബന്ധിച്ചിടത്തോളം, ശൂലേമ്യ കന്യകയുടെ ധാർമിക ശുദ്ധിയും സൗന്ദര്യവും അപൂർവ ഭംഗിയുള്ള അത്തരമൊരു തോട്ടത്തിനു സമാനമായിരുന്നു. അവൾ തികഞ്ഞ ചാരിത്രശുദ്ധി ഉള്ളവളായിരുന്നു. തന്റെ ഭാവി വരനു മാത്രമേ അവൾ ആർദ്രസ്നേഹം നൽകുമായിരുന്നുള്ളൂ.
g04 12/22 9 ¶2-5
ഏറ്റവും നല്ല സൗന്ദര്യം
ആന്തരികസൗന്ദര്യത്തിനു മറ്റുള്ളവരെ ആകർഷിക്കാൻ കഴിയുമോ? വിവാഹം കഴിച്ചിട്ട് എകദേശം 10 വർഷമായ ജോർജീന പറയുന്നു: “എന്റെ ഭർത്താവ് വളരെ സത്യസന്ധതയോടും ആത്മാർഥതയോടും കൂടെ മാത്രമാണ് എന്നോട് ഇടപെടുന്നത്. അതുകൊണ്ട് ഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം ഞാൻ അദ്ദേഹത്തോട് കൂടുതൽ അടുത്തിട്ടേ ഉള്ളൂ. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവത്തെ സന്തോഷിപ്പിക്കുക എന്നതാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്ര സ്നേഹവും കരുതലും. തീരുമാനങ്ങൾ എടുക്കുമ്പോൾ അദ്ദേഹം എന്റെയും അഭിപ്രായം ചോദിക്കും. ഞാൻ വിലപ്പെട്ടവവളാണെന്ന് എനിക്ക് അപ്പോൾ തോന്നും. എനിക്ക് അറിയാം, അദ്ദേഹം എന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടെന്ന്.”
1987-ൽ വിവാഹിതനായ ഡാനിയേൽ പറയുന്നു, “എന്റെ ഭാര്യ എനിക്ക് വളരെ സുന്ദരിയാണ്. അവൾക്ക് പുറമേയുള്ള സൗന്ദര്യം മാത്രമല്ല നല്ലൊരു വ്യക്തിത്വവുമുണ്ട്. എനിക്ക് അവളോട് കൂടുതൽ ഇഷ്ടം തോന്നാൻ കാരണം അതാണ്. അവൾ എപ്പോഴും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യും. അവൾക്ക് ഒരുപാട് ക്രിസ്തീയഗുണങ്ങളുണ്ട്. അതുകൊണ്ട് അവളുടെകൂടെയായിരിക്കാൻ എനിക്ക് ഇഷ്ടമാണ്.”
ബാഹ്യസൗന്ദര്യത്തിനു പ്രാധാന്യം കൊടുക്കുന്ന ഈ ലോകത്ത് നമ്മൾ ബാഹ്യസൗന്ദര്യത്തിനും അപ്പുറത്തേക്ക് നോക്കണം. ഒരാൾക്ക് പുറമേയുള്ള സൗന്ദര്യം “പൂർണമായി” നേടിയെടുക്കാൻ ബുദ്ധിമുട്ടാണ്. അതിന് അത്ര പ്രാധാന്യവുമില്ല. എന്നാൽ യഥാർഥ ആന്തരികസൗന്ദര്യം കൂട്ടുന്ന ഗുണങ്ങൾ നമുക്കെല്ലാം വളർത്തിയെടുക്കാൻ കഴിയും. ബൈബിൾ പറയുന്നു: “സൗന്ദര്യം വഞ്ചകവും അഴകു ക്ഷണികവും ആണ്; എന്നാൽ യഹോവയെ ഭയപ്പെടുന്ന സ്ത്രീക്കു പ്രശംസ ലഭിക്കും.” നേരെ മറിച്ച് “വിവേകമില്ലാത്ത സുന്ദരി പന്നിയുടെ മൂക്കിലെ സ്വർണമൂക്കുത്തിപോലെയാണ്.”—സുഭാഷിതങ്ങൾ 11:22; 31:30.
“ശാന്തതയും സൗമ്യതയും ഉള്ള മനസ്സ് എന്ന അനശ്വരമായ അലങ്കാരമണിഞ്ഞ, ആന്തരികമനുഷ്യനാണ് ദൈവമുമ്പാകെ വിലയുള്ളത്” എന്ന് ദൈവവചനം പഠിപ്പിക്കുന്നു. (1 പത്രോസ് 3:4) ശരിയാണ്, ആന്തരികസൗന്ദര്യം ബാഹ്യസൗന്ദര്യത്തെക്കാൾ വളരെ പ്രധാനമാണ്. അത് എല്ലാവർക്കും നേടിയെടുക്കാനാകും.
ആത്മീയരത്നങ്ങൾ
ഉത്തമഗീതത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
2:7; 3:5—‘ചെറുമാനുകളുടെയും പേടമാനുകളുടെയും’ പേരിൽ അരമനസ്ത്രീകളെക്കൊണ്ട് ആണയിടീച്ചത് എന്തിനാണ്? ചെറുമാനുകളുടെയും പേടമാനുകളുടെയും അഴകും ഓമനത്തവും പേരുകേട്ടതാണ്. വാസ്തവത്തിൽ ശൂലേംകന്യക തന്നിലെ പ്രേമത്തെ ഉണർത്തരുതേയെന്ന് അഴകും ഓമനത്തവുമുള്ള സർവതിനെയുംകൊണ്ടു സത്യം ചെയ്യാൻ അരമനസ്ത്രീകളോട് ആവശ്യപ്പെടുകയായിരുന്നു.
നവംബർ 17-23
ദൈവവചനത്തിലെ നിധികൾ | ഉത്തമഗീതം 6-8
ഒരു വാതിലായിരിക്കരുത്, മതിലായിരിക്കുക
it “ഉത്തമഗീതം” ¶11
ഉത്തമഗീതം
ശൂലംകന്യകയുടെ ആങ്ങളമാരിൽ ഒരാൾ പറഞ്ഞു, “ഞങ്ങൾക്ക് ഒരു കുഞ്ഞുപെങ്ങളുണ്ട്. അവളുടെ സ്തനങ്ങൾ വളർന്നിട്ടില്ല. അവൾക്കു വിവാഹാലോചന വരുമ്പോൾ അവളുടെ കാര്യത്തിൽ ഞങ്ങൾ എന്തു ചെയ്യും?” (ഉത്തമഗീതം 8:8) മറ്റൊരു ആങ്ങള മറുപടിയായി ഇങ്ങനെ പറഞ്ഞു, “അവൾ ഒരു മതിലെങ്കിൽ അവൾക്കു മീതെ ഞങ്ങൾ ഒരു വെള്ളിഗോപുരം പണിയും. അവൾ ഒരു വാതിലെങ്കിൽ ദേവദാരുപ്പലകകൊണ്ട് അവളെ അടയ്ക്കും.” (ഉത്തമഗീതം 8:9) ശൂലേംകന്യകയും ഉറച്ചതീരുമാനമെടുത്തിരുന്നു. എല്ലാ പ്രലോഭനങ്ങളെയും അവൾ ചെറുത്തുനിന്നു. താൻ സ്നേഹിച്ചിരുന്ന വ്യക്തിയോട് വിശ്വസ്തയായി തുടർന്നു. തന്റെ തിരഞ്ഞെടുപ്പിൽ അവൾ തൃപ്തയായിരുന്നു. (ഉത്തമഗീതം 8:6, 7, 11, 12) അതുകൊണ്ട് അവൾക്ക് ഇങ്ങനെ പറയാനായി: “ഞാൻ ഒരു മതിലാണ്. എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും. അതിനാൽ അവന്റെ വീക്ഷണത്തിൽ ഞാൻ സമാധാനം കണ്ടെത്തുന്ന ഒരുവളായിരിക്കുന്നു.”—ഉത്തമഗീതം 8:10.
വിവാഹത്തിന് മുമ്പേയുളള ലൈംഗികത സംബന്ധിച്ചെന്ത്?
എന്നിരുന്നാലും നിർമ്മലത പാലിക്കുന്നത് യുവജനങ്ങളെ സംബന്ധിച്ചിടത്തോളം മോശമായ പരിണതഫലങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നതിലും അധികം ചെയ്യുന്നു. തന്റെ പ്രിയനോട് കലശലായ പ്രേമം ഉണ്ടായിട്ടും നിർമ്മലയായി തുടർന്ന ഒരു ചെറുപ്പക്കാരിയെപ്പററി ബൈബിൾ പറയുന്നു. അതുകൊണ്ട് അഭിമാനപൂർവ്വം അവൾക്കിങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ ഒരു മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾ പോലെയുമാകുന്നു.” അധാർമ്മിക സമ്മർദ്ദമുണ്ടാകുമ്പോൾ എളുപ്പം ‘തുറന്നു പോകുന്ന’ ഒരു ‘വാതിലാ’യിരുന്നില്ല അവൾ. ധാർമ്മികമായി, പിടിച്ചു കയറാൻ കഴിയാത്ത ഗോപുരങ്ങൾ സഹിതം കീഴടക്കാനാവാത്ത ഒരു കോട്ടയുടെ മതിൽപോലെ അവൾ നിന്നു! “നിഷ്ക്കളങ്ക” എന്ന് വിളിക്കപ്പെടാനുളള അർഹത അവൾക്കുണ്ടായിരുന്നു. അവളുടെ ഭാവി ഭർത്താവിനെ സംബന്ധിച്ച് “ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം കണ്ടെത്തുന്നവളെപ്പോലെയായിരിക്കുന്നു” എന്ന് അവൾക്ക് പറയാൻ കഴിഞ്ഞു. അവളുടെ സ്വന്തം മനസ്സിന്റെ സമാധാനം അവർക്കിരുവർക്കുമിടയിലെ സംതൃപ്തിക്ക് സംഭാവന ചെയ്തു.—ശലോമോന്റെ ഗീതം 6:9, 10; 8:9, 10.
yp2 33
ശൂലേംകന്യക—അനുകരിക്കാൻ പറ്റുന്ന മാതൃക
പ്രേമത്തിന്റെ കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് ശൂലേംകന്യകയ്ക്ക് അറിയാമായിരുന്നു. അവൾ കൂട്ടുകാരോട് പറഞ്ഞു, “ഞാൻ നിങ്ങളെക്കൊണ്ട് ആണയിടുവിക്കുന്നു: പ്രേമിക്കാൻ താത്പര്യം തോന്നാത്തിടത്തോളം എന്നിൽ പ്രേമം ഉണർത്തരുതേ, അത് ഇളക്കിവിടരുതേ.” വികാരങ്ങൾക്ക് തന്റെ തീരുമാനത്തെ കീഴടക്കാനാകുമെന്ന് അവൾക്ക് അറിയാമായിരുന്നു. ഉദാഹരണത്തിന്, തനിക്കു ചേർച്ചയില്ലാത്ത ഒരാളുമായുള്ള ബന്ധത്തിന് മറ്റുള്ളവർ തന്നെ പ്രലോഭിപ്പിച്ചേക്കാമെന്ന് അവൾ മനസ്സിലാക്കി. ഇനി, അവളുടെതന്നെ വികാരങ്ങൾ ശരിയായി ചിന്തിക്കുന്നതിൽനിന്ന് അവളെ തടഞ്ഞേക്കാമായിരുന്നു. അതുകൊണ്ട് ശൂലേംകന്യക ഒരു ‘മതിൽപോലെ’ ശക്തമായി ഉറച്ചുനിന്നു.—ഉത്തമഗീതം 8:4, 10.
പ്രേമത്തെക്കുറിച്ച് ശൂലേംകന്യകയുടേതുപോലെ പക്വതയുള്ള ഒരു കാഴ്ചപ്പാടാണോ നിങ്ങൾക്കുള്ളത്? ഹൃദയത്തിൽ തോന്നുന്നതിനു ചേർച്ചയിൽ മാത്രം പ്രവർത്തിക്കുന്നതിനു പകരം നിങ്ങൾക്ക് ജ്ഞാനത്തോടെ പ്രവർത്തിക്കാനാകുമോ? (സുഭാഷിതങ്ങൾ 2:10, 11) ചിലപ്പോൾ നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിലും ഒരാളുമായുള്ള ബന്ധത്തിന് മറ്റുള്ളവർ നിങ്ങളെ പ്രലോഭിപ്പിച്ചേക്കാം. അല്ലെങ്കിൽ നിങ്ങൾക്കുതന്നെ അങ്ങനെയൊരു വികാരം തോന്നിയേക്കാം. ഉദാഹരണത്തിന്, ഒരു ആണും പെണ്ണും കൈചേർത്ത് പിടിച്ചിരിക്കുന്നതു കാണുമ്പോൾ ‘എനിക്കും ഇതുപോലെ വേണം’ എന്നു നിങ്ങൾക്കു തോന്നാറുണ്ടോ? സാക്ഷിയല്ലാത്ത ഒരാളുമായുള്ള ബന്ധത്തിന് നിങ്ങൾ സമ്മതിക്കുമോ? പ്രേമത്തിന്റെ കാര്യത്തിൽ ശൂലേംകന്യക ജ്ഞാനവും പക്വതയും കാണിച്ചു. നിങ്ങൾക്കും അതിനു കഴിയും!
ആത്മീയരത്നങ്ങൾ
നിലയ്ക്കാത്ത സ്നേഹം സാധ്യമോ?
3 ഉത്തമഗീതം 8:6 വായിക്കുക. സ്നേഹത്തെ വർണിക്കാനായി ഉപയോഗിച്ചിരിക്കുന്ന “ദിവ്യജ്വാല” അഥവാ “യാഹിന്റെ ജ്വാല” (NW) എന്നത് അർഥസമ്പുഷ്ടമായ ഒരു പദപ്രയോഗമാണ്. യഥാർഥസ്നേഹത്തിന്റെ പ്രഭവകേന്ദ്രം യഹോവയായതുകൊണ്ട് അത്തരം സ്നേഹത്തെ “യാഹിന്റെ ജ്വാല” എന്നു വിളിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. സ്നേഹിക്കാനുള്ള പ്രാപ്തിയോടെ തന്റെ സ്വരൂപത്തിലാണ് അവൻ മനുഷ്യനെ സൃഷ്ടിച്ചത്. (ഉല്പ. 1:26, 27) ആദ്യമനുഷ്യനായ ആദാമിന് ആദ്യസ്ത്രീയായ ഹവ്വായെ യഹോവ സമ്മാനിച്ചപ്പോൾ ആദാമിന്റെ അധരങ്ങളിൽ ആദ്യത്തെ അനുരാഗകവിത വിരിഞ്ഞു. ഹവ്വായ്ക്കും ആദാമിനോട് അഗാധമായ അടുപ്പം തോന്നി എന്നതിന് സംശയമില്ല. കാരണം, ‘അവളെ എടുത്തത്’ അവനിൽനിന്നായിരുന്നു. (ഉല്പ. 2:21-23) സ്നേഹിക്കാനുള്ള പ്രാപ്തി യഹോവ മനുഷ്യർക്ക് നൽകിയിരിക്കുന്നതുകൊണ്ട് ഒരു പുരുഷനും സ്ത്രീക്കും അചഞ്ചലവും അറ്റുപോകാത്തതും ആയ നിത്യസ്നേഹത്തിൽ തുടരുക സാധ്യമാണ്.
നവംബർ 24-30
ദൈവവചനത്തിലെ നിധികൾ | യശയ്യ 1-2
‘പാപഭാരം പേറുന്നവർക്ക്’ പ്രത്യാശ
ഒരു പിതാവും മത്സരികളായ പുത്രന്മാരും
8 യെശയ്യാവ് ശക്തമായ ഈ വാക്കുകളോടെ യഹൂദാ ജനതയ്ക്കുള്ള തന്റെ സന്ദേശം പ്രഖ്യാപിക്കുന്നതിൽ തുടരുന്നു: “അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു.” (യെശയ്യാവു 1:4) ദുഷ്ചെയ്തികൾ പെരുകി അതിഭാരമുള്ള ഒരു ചുമടുപോലെ ആയിത്തീർന്നേക്കാം. അബ്രാഹാമിന്റെ നാളിൽ, സൊദോമിന്റെയും ഗൊമോറയുടെയും പാപങ്ങളെ ‘അതികഠിനം’ [അഥവാ, അതിഭാരമുള്ളത്] എന്ന് യഹോവ വിളിച്ചു. (ഉല്പത്തി 18:20) യഹൂദാ ജനതയുടെ അവസ്ഥയും സമാനമാണ്. അവർ ‘അകൃത്യഭാരം’ ചുമക്കുന്ന ഒരു ജനതയാണെന്ന് യെശയ്യാവ് പറയുന്നു. മാത്രമല്ല, “ദുഷ്പ്രവൃത്തിക്കാരുടെ സന്തതി” എന്നും “വഷളായി നടക്കുന്ന മക്കൾ” എന്നും അവൻ അവരെ വിളിക്കുന്നു. അതേ, യഹൂദ്യർ കുറ്റവാസനയുള്ള കുട്ടികളെ പോലെ പെരുമാറുന്നു. അവർ “പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു,” അഥവാ ഓശാന ബൈബിൾ പറയുന്നതുപോലെ, തങ്ങളുടെ പിതാവിൽനിന്ന് “തീർത്തും അകന്നുപോയിരിക്കുന്നു.”
“നമുക്കു രമ്യതപ്പെടാം”
15 ഊഷ്മളതയും അനുകമ്പയും സ്ഫുരിക്കുന്ന സ്വരത്തിൽ യഹോവ പിൻവരുന്നപ്രകാരം പറയുന്നു: “വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം [“രമ്യതപ്പെടാം,” “പി.ഒ.സി. ബൈ.”] എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.” (യെശയ്യാവു 1:18) ഈ മനോഹരമായ വാക്യത്തിന്റെ ആരംഭത്തിൽ നൽകിയിരിക്കുന്ന ക്ഷണം മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. ഉദാഹരണത്തിന്, “നമുക്കു വാദിച്ചുതീർക്കാം” എന്നു ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ പറയുന്നു. യോജിപ്പിലെത്താൻ ഇരുകക്ഷികളും വിട്ടുവീഴ്ച ചെയ്യണം എന്ന ധ്വനിയാണ് അതിനുള്ളത്. എന്നാൽ, യഥാർഥത്തിൽ അതിന്റെ അർഥം അതല്ല! യഹോവ യാതൊരു തെറ്റും ചെയ്തിട്ടില്ല, മത്സരികളും കപടഭക്തരുമായ തന്റെ ജനത്തോട് ഇടപെട്ടപ്പോൾ പോലും. (ആവർത്തനപുസ്തകം 32:4, 5) തുല്യരായ രണ്ടു പേർ തമ്മിൽ ചർച്ചകൾ നടത്തി വിട്ടുവീഴ്ച ചെയ്യുന്ന കാര്യത്തെ കുറിച്ചല്ല ഈ വാക്യം പറയുന്നത്. മറിച്ച്, നീതി സ്ഥാപിക്കാനുള്ള ഒരു വേദിയെ കുറിച്ചാണ്. ഒരു കോടതിവിചാരണയ്ക്കായി യഹോവ ഇസ്രായേലിനെ വെല്ലുവിളിക്കുന്നതു പോലെയാണ് ഇത്.
16 യഹോവയുടെ മുമ്പാകെ കോടതിവിചാരണയ്ക്കായി ചെല്ലുക എന്നത് ഭയപ്പെടുത്തുന്ന ഒരു സംഗതിയായി തോന്നിയേക്കാം. എന്നാൽ ഏറ്റവും കരുണയും അനുകമ്പയും ഉള്ള ന്യായാധിപനാണ് യഹോവ. അവനെപ്പോലെ ക്ഷമ പ്രകടിപ്പിക്കുന്നവരായി മറ്റാരുമില്ല. (സങ്കീർത്തനം 86:5) ഇസ്രായേലിന്റെ ‘കടുഞ്ചുവപ്പ്’ ആയ പാപങ്ങൾ കഴുകിക്കളഞ്ഞ് അവരെ “ഹിമംപോലെ” വെളുപ്പിക്കാൻ അവനു മാത്രമേ സാധിക്കൂ. മനുഷ്യരുടെ ശ്രമങ്ങൾക്കോ മതപരമായ ചടങ്ങുകൾക്കോ യാഗങ്ങൾക്കോ പ്രാർഥനകൾക്കോ ഒന്നും പാപക്കറ നീക്കം ചെയ്യാനാവില്ല. യഹോവയിൽ നിന്നുള്ള ക്ഷമയ്ക്കു മാത്രമേ പാപം കഴുകിക്കളയാനാകൂ. ആ ക്ഷമ ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും അവൻ വെക്കുന്നു. അവയിൽ ഹൃദയംഗമവും ആത്മാർഥവുമായ അനുതാപം ഉൾപ്പെട്ടിരിക്കുന്നു.
17 ഈ സത്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് അവൻ അതു കാവ്യാത്മക ശൈലിയിൽ വീണ്ടും ആവർത്തിക്കുന്നു. അതായത്, “രക്താംബരം” പോലുള്ള പാപങ്ങൾ പോലും പുതിയ, നിറംകൊടുക്കാത്ത, തൂവെള്ളയായ പഞ്ഞിപോലെ ആയിത്തീരുമെന്ന് അവൻ പറയുന്നു. നാം യഥാർഥ അനുതാപം പ്രകടമാക്കുന്നെങ്കിൽ, ഗുരുതരമായ പാപങ്ങൾ പോലും ക്ഷമിക്കുന്നവനാണ് യഹോവയെന്ന് നാം അറിയാൻ അവൻ ആഗ്രഹിക്കുന്നു. തങ്ങളുടെ കാര്യത്തിൽ അതു സത്യമായിരിക്കുമോ എന്നു സംശയമുള്ളവർ മനശ്ശെയുടെ ദൃഷ്ടാന്തം പരിചിന്തിക്കുന്നതു നല്ലതാണ്. അവൻ വർഷങ്ങളോളം കൊടിയ പാപങ്ങൾ ചെയ്തു. എന്നിട്ടും, അനുതപിച്ചപ്പോൾ അവനു ക്ഷമ ലഭിച്ചു. (2 ദിനവൃത്താന്തം 33:9-16) താനുമായി ‘രമ്യതപ്പെടാൻ’ സമയം വൈകിപ്പോയിട്ടില്ല എന്നു നാമെല്ലാം, ഗുരുതരമായ പാപങ്ങൾ ചെയ്തിട്ടുള്ളവർ പോലും, തിരിച്ചറിയാൻ യഹോവ ആഗ്രഹിക്കുന്നു.
ആത്മീയരത്നങ്ങൾ
യഹോവയുടെ ആലയം ഉന്നതമാക്കപ്പെടുന്നു
9 തീർച്ചയായും, ഇന്ന് ദൈവജനം ഒരു അക്ഷരീയ പർവതത്തിൽ കല്ലുകൊണ്ടു പണിതീർത്ത ആലയത്തിൽ കൂടിവരുന്നില്ല. യെരൂശലേമിൽ ഉണ്ടായിരുന്ന യഹോവയുടെ ആലയം പൊ.യു. 70-ൽ റോമൻ സൈന്യങ്ങൾ നശിപ്പിച്ചു. മാത്രമല്ല, യെരൂശലേമിലെ ആലയവും അതിനു മുമ്പുണ്ടായിരുന്ന സമാഗമന കൂടാരവും മറ്റു ചിലതിനെ മുൻനിഴലാക്കുന്നുവെന്ന് പൗലൊസ് അപ്പൊസ്തലൻ വ്യക്തമാക്കി. വലിയ ഒരു ആത്മീയ യാഥാർഥ്യത്തെ, ‘മനുഷ്യനല്ല മറിച്ച് കർത്താവു സ്ഥാപിച്ച സത്യകൂടാരത്തെ,’ അവ പ്രതിനിധാനം ചെയ്തു. (എബ്രായർ 8:2) യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ, ആരാധനയിൽ യഹോവയെ സമീപിക്കുന്നതിനുള്ള ക്രമീകരണമാണ് ഈ ആത്മീയ കൂടാരം. (എബ്രായർ 9:2-10, 23) അതിനു ചേർച്ചയിൽ, യെശയ്യാവു 2:2-ൽ പറഞ്ഞിരിക്കുന്ന “യഹോവയുടെ ആലയമുള്ള പർവ്വതം” നമ്മുടെ നാളിലെ യഹോവയുടെ ഉന്നതമായ നിർമലാരാധനയെ പ്രതിനിധാനം ചെയ്യുന്നു. നിർമലാരാധനയിലേക്കു വരുന്നവരെല്ലാം അക്ഷരീയമായ ഏതെങ്കിലുമൊരു സ്ഥലത്തു കൂടിവരുന്നില്ല; ആരാധനയിൽ ഏകീകൃതരാണെന്ന അർഥത്തിലാണ് അവർ കൂടിവരുന്നത്.
ഡിസംബർ 1-7
ദൈവവചനത്തിലെ നിധികൾ | യശയ്യ 3-5
യഹോവയ്ക്കു നമ്മളിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കാനുള്ള അവകാശമുണ്ട്
അവിശ്വസ്ത മുന്തിരിത്തോപ്പിന് അയ്യോ കഷ്ടം!
3 ശ്രോതാക്കളുടെ മുന്നിൽ യെശയ്യാവ് ഈ ഉപമ ഒരു പാട്ടുരൂപത്തിൽ തന്നെയാണോ അവതരിപ്പിക്കുന്നതെന്നു നമുക്ക് അറിയില്ല. എന്നാൽ, അത് അവരുടെ ശ്രദ്ധ ആകർഷിക്കുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അവന്റെ ശ്രോതാക്കളിൽ മിക്കവർക്കും മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാം. അതുകൊണ്ട്, യെശയ്യാവിന്റെ ഉപമ ശ്രോതാക്കൾക്ക് എളുപ്പം മനസ്സിലാകുന്നതാണ്. ഇക്കാലത്ത് മുന്തിരികൃഷി ചെയ്യുന്നവരെപ്പോലെ, ഈ കർഷകൻ നടുന്നത് മുന്തിരിയുടെ വിത്തുകളല്ല, മറിച്ച് “നല്ലവക മുന്തിരിവള്ളി” ആണ്—മുന്തിരിച്ചെടിയിൽനിന്നു മുറിച്ചെടുത്ത ഒരു വള്ളിയോ ശാഖയോ ആകാം അത്. അതു നടുന്നതാകട്ടെ, മുന്തിരിച്ചെടി തഴച്ചുവളരുന്ന, ‘ഫലവത്തായോരു കുന്നിന്മേലും.’
4 മുന്തിരിത്തോട്ടത്തിൽനിന്ന് നല്ല ഫലം കിട്ടണമെങ്കിൽ, കഠിനാധ്വാനം ആവശ്യമാണ്. തോട്ടമുടമ ‘മണ്ണു കിളച്ച്, കല്ലു നീക്കി’ക്കളഞ്ഞെന്ന് യെശയ്യാവ് വിവരിക്കുന്നു. അതു ക്ഷീണിപ്പിക്കുന്ന, ആയാസകരമായ ഒരു ജോലിതന്നെ! സാധ്യതയനുസരിച്ച് ഇങ്ങനെ ഇളക്കിയെടുത്ത വലിയ കല്ലുകളാണ് ‘ഗോപുരം പണിയാൻ’ അയാൾ ഉപയോഗിക്കുന്നത്. പുരാതന കാലങ്ങളിൽ, കള്ളന്മാരിൽ നിന്നും മൃഗങ്ങളിൽ നിന്നുമൊക്കെ വിളകൾ സംരക്ഷിക്കാൻ കാവൽക്കാർ ഇത്തരം ഗോപുരങ്ങളിൽനിന്നാണ് കാവൽ കാത്തിരുന്നത്. മാത്രമല്ല, കുന്നിൻചെരുവിൽ കൽത്തിട്ടകൾ പണിത് മുന്തിരികൃഷിക്കായി തട്ടുനിലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. (യെശയ്യാവു 5:5) മേൽമണ്ണ് ഒലിച്ചുപോകാതിരിക്കാനാണ് സാധാരണഗതിയിൽ ഇങ്ങനെ ചെയ്തിരുന്നത്.
5 മുന്തിരിത്തോട്ടത്തിന്റെ സംരക്ഷണത്തിനായി ഇത്രയധികം കഠിനാധ്വാനം ചെയ്ത ഉടമ അതിൽനിന്നു നല്ല ഫലം പ്രതീക്ഷിക്കുന്നത് തികച്ചും സ്വാഭാവികമാണ്. ആ പ്രതീക്ഷയിൽ, അയാൾ തോട്ടത്തിൽ ഒരു ചക്ക് സ്ഥാപിക്കുന്നു. എന്നാൽ അയാളുടെ പ്രതീക്ഷപോലെ വിളവു കിട്ടുന്നുണ്ടോ? ഇല്ല. ആ തോട്ടത്തിൽ കായ്ക്കുന്നത് നല്ല മുന്തിരിയല്ല, കാട്ടുമുന്തിരിയാണ്.
അവിശ്വസ്ത മുന്തിരിത്തോപ്പിന് അയ്യോ കഷ്ടം!
8 മുന്തിരിത്തോട്ടത്തിന്റെ ഉടമയായ യഹോവയെ ‘എന്റെ പ്രിയതമൻ’ എന്നാണ് യെശയ്യാവ് വിളിക്കുന്നത്. (യെശയ്യാവു 5:1) ദൈവവുമായി വളരെ അടുത്ത ഒരു ബന്ധം ഉള്ളതുകൊണ്ടു മാത്രമാണ് യെശയ്യാവിന് അവനെ കുറിച്ച് അങ്ങനെ പറയാൻ കഴിയുന്നത്. (ഇയ്യോബ് 29:4; സങ്കീർത്തനം 25:14 എന്നിവ താരതമ്യം ചെയ്യുക.) എങ്കിലും, ദൈവം തന്റെ മുന്തിരിത്തോട്ടത്തോട്—താൻ ‘നട്ട’ ജനതയോട്—കാണിക്കുന്ന സ്നേഹത്തോടുള്ള താരതമ്യത്തിൽ യെശയ്യാ പ്രവാചകന് ദൈവത്തോടുള്ള സ്നേഹം തുച്ഛമായിരിക്കും.—പുറപ്പാടു 15:17; സങ്കീർത്തനം 80:8, 9 എന്നിവ താരതമ്യം ചെയ്യുക.
9 യഹോവ തന്റെ ജനതയെ കനാൻ ദേശത്തു ‘നടുക’യും അവർക്കു നിയമങ്ങളും വ്യവസ്ഥകളും നൽകുകയും ചെയ്തു. മറ്റു ജനതകളാൽ ദുഷിപ്പിക്കപ്പെടാതിരിക്കാൻ അവർക്കു സംരക്ഷണമേകുന്ന ഒരു മതിൽപോലെ അവ വർത്തിച്ചു. (പുറപ്പാടു 19:5, 6; സങ്കീർത്തനം 147:19, 20; എഫെസ്യർ 2:14) മാത്രമല്ല, അവരെ ഉപദേശിക്കാൻ യഹോവ അവർക്കു ന്യായാധിപന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും നൽകി. (2 രാജാക്കന്മാർ 17:13; മലാഖി 2:7; പ്രവൃത്തികൾ 13:20) ഇസ്രായേലിനു യുദ്ധഭീഷണി നേരിട്ടപ്പോൾ തന്റെ ജനത്തിന്റെ രക്ഷയ്ക്കായി യഹോവ അവരെ എഴുന്നേൽപ്പിച്ചു. (എബ്രായർ 11:32, 33) അതിനാൽ, “ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്വാനുള്ളു?” എന്ന് യഹോവ ചോദിച്ചതിൽ അതിശയിക്കാനില്ല.
“ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ”!
യെശയ്യാവ് ‘ഇസ്രായേൽ ഗൃഹത്തെ’ കാലക്രമത്തിൽ “കാട്ടുമുന്തിരിങ്ങ” ഉത്പാദിപ്പിച്ച ഒരു മുന്തിരിത്തോട്ടത്തോട് ഉപമിക്കുകയുണ്ടായി. (യെശയ്യാവു 5:2, 7) കൃഷിചെയ്ത് ഉണ്ടാക്കുന്ന മുന്തിരിങ്ങയെക്കാൾ വളരെ ചെറുതാണ് കാട്ടുമുന്തിരിങ്ങ. എന്നു മാത്രമല്ല, അതിന്റെ കുരുവിനു വലുപ്പം കൂടുതലായതിനാൽ മാംസളഭാഗം കുറവാണ്. തിന്നാനോ വീഞ്ഞുണ്ടാക്കാനോ കാട്ടുമുന്തിരിങ്ങ നന്നല്ല. ന്യായം പ്രവർത്തിക്കുന്നതിനു പകരം നീതികേടു പ്രവർത്തിച്ച വിശ്വാസത്യാഗിനിയായ ആ ദേശത്തിനു പറ്റിയ ഒരു വർണനതന്നെയായിരുന്നു അത്. മുന്തിരി നട്ടുപിടിപ്പിച്ച കൃഷിക്കാരന്റെ കുറ്റംകൊണ്ടായിരുന്നില്ല അത് കാട്ടുമുന്തിരിങ്ങ ഉത്പാദിപ്പിച്ചത്. ദേശം നല്ല ഫലം ഉത്പാദിപ്പിക്കേണ്ടതിന് ആവുന്നതെല്ലാം യഹോവ ചെയ്തിരുന്നു. “ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്വാനുള്ളു?” അവൻ ചോദിച്ചു.—യെശയ്യാവു 5:4.
“ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ”!
നല്ല ഫലം ഉത്പാദിപ്പിക്കാത്ത ഒരു മുന്തിരി ആയിത്തീർന്നതിനാൽ ഇസ്രായേലിന്റെ സംരക്ഷണാർഥം താൻ അതിനു ചുറ്റും പണിതിരുന്ന മതിൽ തകർത്തുകളയുമെന്ന് യഹോവ ജനത്തിനു മുന്നറിയിപ്പു നൽകി. അവൻ തന്റെ ആലങ്കാരിക മുന്തിരിയുടെ വള്ളിത്തല അഥവാ ശാഖ മുറിക്കുകയോ കള നശിപ്പിക്കുകയോ ചെയ്യാതായി. നല്ല വിളവിന് അത്യാവശ്യമായിരുന്ന വസന്തകാല മഴ പെയ്യാതായി; മുള്ളും കളയും തോട്ടത്തിൽ തഴച്ചുവളർന്നു.—യെശയ്യാവു 5:5, 6.
ആത്മീയരത്നങ്ങൾ
അവിശ്വസ്ത മുന്തിരിത്തോപ്പിന് അയ്യോ കഷ്ടം!
18 പുരാതന ഇസ്രായേലിലെ നിലമെല്ലാം ആത്യന്തികമായി യഹോവയുടേത് ആയിരുന്നു. ഓരോ കുടുംബത്തിനും ദേശത്തിന്റെ ഒരു ഭാഗം ദൈവത്തിൽനിന്ന് അവകാശമായി ലഭിച്ചിരുന്നു. അവർക്ക് അത് പാട്ടത്തിനു കൊടുക്കാമായിരുന്നെങ്കിലും, ‘നിത്യാവകാശമായി വില്ക്കാൻ’ പാടില്ലായിരുന്നു. (ലേവ്യപുസ്തകം 25:23, ഓശാന ബൈ.) സ്ഥാവരവസ്തുവിന്മേലുള്ള കുത്തകനയങ്ങൾ പോലുള്ള മോശമായ സംഗതികളും നിയമം മൂലം വിലക്കിയിരുന്നു. അതിദാരിദ്ര്യത്തിൽ ആണ്ടുപോകുന്നതിൽനിന്ന് ഈ ക്രമീകരണം കുടുംബങ്ങളെ രക്ഷിച്ചു. എന്നാൽ യഹൂദയിലെ ചില ആളുകൾ അത്യാഗ്രഹം നിമിത്തം സ്വത്തുക്കൾ സംബന്ധിച്ച ദൈവ നിയമങ്ങൾ ലംഘിക്കുകയായിരുന്നു. മീഖാ ഇപ്രകാരം എഴുതി: “അവർ വയലുകളെ മോഹിച്ചു പിടിച്ചുപറിക്കുന്നു; അവർ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവർ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു.” (മീഖാ 2:2) എന്നാൽ സദൃശവാക്യങ്ങൾ 20:21 ഈ മുന്നറിയിപ്പു നൽകുന്നു: “ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.”
19 ഈ അത്യാഗ്രഹികളുടെ സമ്പത്ത് ഇല്ലാതാക്കുമെന്ന് യഹോവ ഉറപ്പിച്ചു പറയുന്നു. അവർ തട്ടിയെടുക്കുന്ന വീടുകൾ “ആൾ പാർപ്പില്ലാതെ” ആയിത്തീരും. അവർ അത്യാഗ്രഹത്തോടെ മോഹിക്കുന്ന നിലങ്ങളിൽ വളരെ തുച്ഛമായേ വിളവ് ഉണ്ടാകുകയുള്ളൂ. കൃത്യമായി എപ്പോൾ, എങ്ങനെ ഈ ശാപം നിവൃത്തിയേറും എന്നു പ്രസ്താവിക്കുന്നില്ല. ഒരുപക്ഷേ ഇത്, ഭാഗികമായെങ്കിലും, ഭാവിയിൽ ബാബിലോണിയൻ പ്രവാസത്തിൽ ആയിരിക്കുമ്പോൾ അനുഭവിക്കേണ്ടിവരുന്ന അവസ്ഥകളെ ആയിരിക്കാം ചിത്രീകരിക്കുന്നത്.—യെശയ്യാവു 27:10.
ഡിസംബർ 8-14
ദൈവവചനത്തിലെ നിധികൾ | യശയ്യ 6-8
“ഇതാ ഞാൻ, എന്നെ അയച്ചാലും!”
യഹോവയാം ദൈവം തന്റെ വിശുദ്ധ മന്ദിരത്തിൽ ഉണ്ട്
13 യെശയ്യാവിനോടൊപ്പം നമുക്കും ശ്രദ്ധിക്കാം. “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” (യെശയ്യാവു 6:8) യഹോവ ഈ ചോദ്യം ഉന്നയിക്കുന്നത് യെശയ്യാവിന്റെ പ്രതികരണം പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണ്. കാരണം, ദർശനത്തിൽ വേറൊരു മാനുഷ പ്രവാചകനും ഉള്ളതായി കാണുന്നില്ല. നിസ്സംശയമായും യഹോവയുടെ സന്ദേശവാഹകൻ ആയിരിക്കാൻ യെശയ്യാവിനു ലഭിക്കുന്ന ഒരു ക്ഷണമാണത്. എന്നാൽ ‘ആർ നമുക്കു വേണ്ടി പോകും?’ എന്ന് യഹോവ ചോദിക്കുന്നത് എന്തുകൊണ്ടാണ്? “എനിക്ക്” എന്ന ഏകവചന ഉത്തമപുരുഷ സർവനാമം ഉപയോഗിക്കുന്നതിനു പകരം “നമുക്ക്” എന്ന ബഹുവചന സർവനാമം ഉപയോഗിച്ചുകൊണ്ട് യഹോവ തന്നോടൊപ്പം ചുരുങ്ങിയത് ഒരാളെ കൂടി ഉൾപ്പെടുത്തുന്നു. ആരാണത്? പിൽക്കാലത്ത് യേശുക്രിസ്തു എന്ന പേരിൽ മനുഷ്യനായി പിറന്ന അവന്റെ ഏകജാത പുത്രൻ തന്നെയല്ലേ അത്? തീർച്ചയായും, ‘നാം നമ്മുടെ സ്വരൂപത്തിൽ മനുഷ്യനെ ഉണ്ടാക്കുക’ എന്നു ദൈവം പറഞ്ഞതും അതേ പുത്രനോടുതന്നെയാണ്. (ഉല്പത്തി 1:26; സദൃശവാക്യങ്ങൾ 8:30, 31) അതേ, സ്വർഗീയ സദസ്സിൽ യഹോവയോടൊപ്പം ഉള്ളത് അവന്റെ ഏകജാത പുത്രനാണ്.—യോഹന്നാൻ 1:14.
14 ‘ആർ നമുക്കു വേണ്ടി പോകും?’ എന്ന ചോദ്യത്തിനു മറുപടി പറയാൻ യെശയ്യാവ് വിമുഖത കാണിക്കുന്നില്ല! അറിയിക്കേണ്ട സന്ദേശം എന്തുതന്നെ ആയിരുന്നാലും, അവൻ സത്വരം ഇങ്ങനെ പ്രതിവചിക്കുന്നു: “അടിയൻ ഇതാ അടിയനെ അയക്കേണമേ.” പ്രസ്തുത നിയമനം സ്വീകരിച്ചാൽ തനിക്ക് എന്തു പ്രയോജനം കിട്ടുമെന്ന് അവൻ ചോദിക്കുന്നില്ല. യെശയ്യാവിന്റെ മനസ്സൊരുക്കം ഇന്ന് ‘രാജ്യത്തിന്റെ സുവിശേഷം ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കാൻ’ നിയമനമുള്ള എല്ലാ ദൈവദാസർക്കും നല്ലൊരു മാതൃകയാണ്. (മത്തായി 24:14) അനുകൂല പ്രതികരണം കുറവായിരുന്നിട്ടും അവർ യെശയ്യാവിനെ പോലെ, തങ്ങളുടെ നിയമനത്തോടു വിശ്വസ്തമായി പറ്റിനിൽക്കുകയും ‘സകലജാതികൾക്കും സാക്ഷ്യം’ നൽകുകയും ചെയ്യുന്നു. തങ്ങൾക്ക് ഈ നിയമനം ലഭിച്ചിരിക്കുന്നത് അഖിലാണ്ഡ പരമാധികാരിയിൽനിന്ന് ആണെന്ന ബോധ്യത്തോടെ യെശയ്യാവിനെ പോലെ അവർ തങ്ങളുടെ സേവനത്തിൽ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്നു.
യഹോവയാം ദൈവം തന്റെ വിശുദ്ധ മന്ദിരത്തിൽ ഉണ്ട്
15 യെശയ്യാവ് എന്തു പറയണമെന്നും ആളുകൾ എങ്ങനെ പ്രതികരിക്കുമെന്നും യഹോവ പറയുന്നു: “അപ്പോൾ അവൻ അരുളിച്ചെയ്തതു: നീ ചെന്നു, ഈ ജനത്തോടു പറയേണ്ടതു: നിങ്ങൾ കേട്ടുകൊണ്ടിട്ടും [“നിങ്ങൾ വീണ്ടും വീണ്ടും കേൾക്കും,” “പി.ഒ.സി. ബൈ.”] തിരിച്ചറികയില്ല; നിങ്ങൾ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല. ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.” (യെശയ്യാവു 6:9, 10) യഹൂദർ യഹോവയ്ക്ക് എതിരെ തിരിയത്തക്കവണ്ണം യാതൊരു മയവുമില്ലാതെ വിവേകശൂന്യമായി യെശയ്യാവ് സംസാരിക്കണം എന്നാണോ ഇതിന്റെ അർഥം? തീർച്ചയായും അല്ല! യെശയ്യാവിന്റെ സ്വന്തം ആളുകളാണ് അവർ. അവന് അവരോട് ഒരു പ്രത്യേക മമതയുണ്ട്. എന്നാൽ, യെശയ്യാവ് തന്റെ ദൗത്യം എത്ര വിശ്വസ്തമായി നിർവഹിച്ചാലും ആ സന്ദേശത്തോടുള്ള ആളുകളുടെ പ്രതികരണം എന്തായിരിക്കുമെന്നാണ് യഹോവയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
16 ഇവിടെ തെറ്റുകാർ യഹൂദരാണ്. യെശയ്യാവ് അവരോടു “വീണ്ടും വീണ്ടും” സംസാരിക്കുമെങ്കിലും അവർ ആ സന്ദേശം സ്വീകരിക്കുകയോ ഗ്രാഹ്യം നേടുകയോ ഇല്ല. പൂർണമായി അന്ധതയോ ബധിരതയോ ബാധിച്ചതുപോലെ, മിക്കവരും ശാഠ്യക്കാരും പ്രതികരിക്കാത്തവരും ആയിരിക്കും. കൂടെക്കൂടെ അവരുടെ അടുക്കലേക്കു പോകുന്നതിനാൽ, തങ്ങൾ ഗ്രഹിക്കാൻ ആഗ്രഹിക്കുന്നില്ല എന്നു പ്രകടമാക്കാൻ “ഈ ജന”ത്തിന് യെശയ്യാവ് ഒരു അവസരം കൊടുക്കുകയായിരിക്കും ചെയ്യുന്നത്. തങ്ങൾക്കായുള്ള യെശയ്യാവിന്റെ സന്ദേശത്തിനു നേരെ, ഫലത്തിൽ ദൈവത്തിന്റെതന്നെ സന്ദേശത്തിനു നേരെ, തങ്ങളുടെ മനസ്സും ഹൃദയവും അടച്ചുകളഞ്ഞിരിക്കുകയാണ് എന്ന് അവർ തെളിയിക്കും. ഇന്നത്തെ ആളുകളെ സംബന്ധിച്ച് ഇത് എത്ര സത്യം! ആസന്നമായ ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുമ്പോൾ അതു ശ്രദ്ധിക്കാൻ പലരും ഇന്നു കൂട്ടാക്കുന്നില്ല.
യഹോവയാം ദൈവം തന്റെ വിശുദ്ധ മന്ദിരത്തിൽ ഉണ്ട്
23 യെശയ്യാവിന്റെ പ്രവചനം ഉദ്ധരിച്ച യേശു, പ്രസ്തുത പ്രവചനം തന്റെ നാളിൽ നിവൃത്തിയേറുന്നതായി പ്രകടമാക്കി. യെശയ്യാവിന്റെ നാളിലെ യഹൂദന്മാരുടെ അതേ മനോഭാവമാണ് ഒന്നാം നൂറ്റാണ്ടിലെ ആളുകൾക്കും ഉണ്ടായിരുന്നത്. യേശുവിന്റെ സന്ദേശത്തിനു നേരെ കണ്ണും കാതും കൊട്ടിയടച്ച അവരും നശിച്ചുപോയി. (മത്തായി 23:35-38; 24:1, 2) പൊ.യു. 70-ൽ സൈന്യാധിപനായ ടൈറ്റസിന്റെ കീഴിൽ റോമൻ സൈന്യങ്ങളെത്തി യെരൂശലേമിനെ ആക്രമിച്ച് ആ നഗരത്തെയും അതിലെ ആലയത്തെയും നശിപ്പിച്ചപ്പോൾ യെശയ്യാവിന്റെ പ്രവചനം പൂർണമായി നിവൃത്തിയേറി. എന്നിരുന്നാലും, ചിലർ യേശു പറഞ്ഞതു ശ്രദ്ധിക്കുകയും അവന്റെ ശിഷ്യന്മാർ ആയിത്തീരുകയും ചെയ്തിരുന്നു. യേശു അവരെ “സന്തുഷ്ടർ” എന്നു വിളിച്ചു. (മത്തായി 13:16-23, 51, NW) ‘സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ മലകളിലേക്ക് ഓടിപ്പോകാൻ’ അവൻ അവരോടു പറഞ്ഞിരുന്നു. (ലൂക്കൊസ് 21:20-22) അങ്ങനെ വിശ്വാസം പ്രകടമാക്കിയതും ‘ദൈവത്തിന്റെ യിസ്രായേൽ’ എന്ന പേരിൽ ഒരു ആത്മീയ ജനത ആയിത്തീർന്നതുമായ “വിശുദ്ധസന്തതി” രക്ഷിക്കപ്പെട്ടു.—ഗലാത്യർ 6:16.
ആത്മീയരത്നങ്ങൾ
യെശയ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ—ഭാഗം 1
7:3, 4—ദുഷ്ടരാജാവായ ആഹാസിന് യഹോവ രക്ഷ നൽകിയത് എന്തുകൊണ്ടാണ്? സിറിയയിലെയും ഇസ്രായേലിലെയും രാജാക്കന്മാർ യെഹൂദാ രാജാവായ ആഹാസിനെ സിംഹാസനത്തിൽനിന്ന് ഇറക്കി ആ സ്ഥാനത്ത് ദാവീദിന്റെ പിൻഗാമി അല്ലാതിരുന്ന താബെയേലിന്റെ മകനെ ഒരു സാമന്തരാജാവായി വാഴിക്കാൻ പദ്ധതിയിട്ടു. ആ പൈശാചിക പദ്ധതി ദാവീദിക രാജ്യ ഉടമ്പടിയുടെ പ്രവർത്തനത്തിനു തടയിടുമായിരുന്നു. വാഗ്ദത്ത “സമാധാനപ്രഭു” വരേണ്ടിയിരുന്ന വംശാവലി നിലനിറുത്തുന്നതിനാണ് യഹോവ ആഹാസിന് രക്ഷ നൽകിയത്.—യെശയ്യാവു 9:6.
ഡിസംബർ 15-21
ദൈവവചനത്തിലെ നിധികൾ | യശയ്യ 9-10
‘വലിയൊരു വെളിച്ചത്തെക്കുറിച്ച്’ പ്രവചിച്ചു
ഒരു സമാധാനപ്രഭുവിനെ കുറിച്ചുള്ള വാഗ്ദാനം
16 “പിന്നത്തേതിൽ” എന്നു യെശയ്യാവ് മുൻകൂട്ടി പറഞ്ഞ കാലം ക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷക്കാലത്തെ കുറിക്കുന്നു. ഭൗമിക ജീവിതത്തിൽ ഏറിയ സമയവും യേശു ഗലീലാ പ്രദേശത്താണു ചെലവഴിച്ചത്. അവൻ ശുശ്രൂഷ തുടങ്ങിയതും ‘സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്നു ഘോഷിക്കാൻ തുടങ്ങിയതും അവിടെവെച്ചുതന്നെ ആയിരുന്നു. (മത്തായി 4:17) യേശു പ്രസിദ്ധമായ ഗിരിപ്രഭാഷണം നടത്തിയതും അപ്പൊസ്തലന്മാരെ തിരഞ്ഞെടുത്തതും ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചതും പുനരുത്ഥാനശേഷം ഏകദേശം 500 അനുഗാമികൾക്കു പ്രത്യക്ഷനായതുമൊക്കെ ഗലീലയിൽവെച്ചാണ്. (മത്തായി 5:1–7:27; 28:16-20; മർക്കൊസ് 3:13, 14; യോഹന്നാൻ 2:8-11; 1 കൊരിന്ത്യർ 15:6) ഈ വിധത്തിൽ ‘സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും’ മഹത്ത്വം കൈവരുത്തിക്കൊണ്ട് യേശു യെശയ്യാവിന്റെ പ്രവചനം നിവർത്തിച്ചു. തീർച്ചയായും, യേശു തന്റെ ശുശ്രൂഷ ഗലീലയിൽ മാത്രമായി ഒതുക്കിനിറുത്തിയില്ല. ദേശത്തുടനീളം സുവാർത്ത പ്രസംഗിച്ചുകൊണ്ട് അവൻ, യഹൂദ ഉൾപ്പെടെ ഇസ്രായേൽ ജനതയ്ക്കു മുഴുവൻ ‘മഹത്വം വരുത്തി.’
17 ഗലീലയിലെ “വലിയൊരു വെളിച്ച”ത്തെ കുറിച്ചുള്ള മത്തായിയുടെ പരാമർശത്തിന്റെ കാര്യമോ? അതും യെശയ്യാവിന്റെ പ്രവചനത്തിൽ നിന്നുള്ള ഒരു ഉദ്ധരണി ആയിരുന്നു. യെശയ്യാവ് ഇങ്ങനെ എഴുതി: “ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.” (യെശയ്യാവു 9:2) പൊ.യു. ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും പുറജാതീയ വ്യാജോപദേശങ്ങൾ സത്യത്തിന്റെ വെളിച്ചത്തെ മറച്ചുകളഞ്ഞു. യഹൂദാ മതനേതാക്കന്മാർ “ദൈവവചനത്തെ ദുർബ്ബലമാക്കിയ” മതപാരമ്പര്യത്തോടു പറ്റിനിന്നപ്പോൾ പ്രസ്തുത പ്രശ്നം ഒന്നുകൂടി വഷളായി. (മത്തായി 15:6) “കുരുടന്മാരായ വഴികാട്ടി”കളെ പിൻതുടർന്ന എളിയവരായ ആളുകൾ ആശയക്കുഴപ്പത്തിലായി, അവർ മതനേതാക്കന്മാരുടെ ചൂഷണത്തിന് ഇരകളുമായി. (മത്തായി 23:2-4, 16) മിശിഹാ ആയ യേശു വന്നപ്പോൾ ആ എളിയവരിൽ പലരുടെയും ഗ്രാഹ്യക്കണ്ണുകൾ അത്ഭുതകരമായ വിധത്തിൽ തുറക്കപ്പെട്ടു. (യോഹന്നാൻ 1:9, 12) ഭൂമിയിൽ ആയിരുന്നപ്പോഴുള്ള യേശുവിന്റെ വേലയെയും അവന്റെ യാഗത്തിന്റെ ഫലമായുള്ള അനുഗ്രഹങ്ങളെയും യെശയ്യാവിന്റെ പ്രവചനത്തിൽ ഉചിതമായും “വലിയൊരു വെളിച്ച”മായി പ്രതിപാദിച്ചിരിക്കുന്നു.—യോഹന്നാൻ 8:12.
ഒരു സമാധാനപ്രഭുവിനെ കുറിച്ചുള്ള വാഗ്ദാനം
18 ആ വെളിച്ചത്തോടു പ്രതികരിച്ചവർക്കു വാസ്തവത്തിൽ സന്തോഷിക്കുന്നതിനു നിരവധി കാരണങ്ങൾ ഉണ്ടായിരുന്നു. യെശയ്യാവ് തുടർന്നു പറഞ്ഞു: “നീ വർദ്ധിപ്പിച്ചിട്ടില്ലാത്ത ജാതിയെ വർദ്ധിപ്പിക്കുന്നു; അവർ നിന്റെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതുപോലെയും ആകുന്നു.” (യെശയ്യാവു 9:3) യേശുവിന്റെയും അവന്റെ അനുഗാമികളുടെയും പ്രസംഗപ്രവർത്തനത്തിന്റെ ഫലമായി, ആത്മാർഥ ഹൃദയരായ ആളുകൾ സ്വപ്രേരിതരായി യഹോവയെ ആത്മാവിലും സത്യത്തിലും ആരാധിക്കാനുള്ള ആഗ്രഹം പ്രകടമാക്കി. (യോഹന്നാൻ 4:24) നാലു വർഷത്തിൽ കുറഞ്ഞ സമയംകൊണ്ട് നിരവധി പേർ ക്രിസ്ത്യാനിത്വം സ്വീകരിച്ചു. പൊ.യു. 33-ലെ പെന്തക്കോസ്തു നാളിൽ മൂവായിരം പേർ സ്നാപനമേറ്റു. അതിനെ തുടർന്ന് താമസിയാതെ, വിശ്വാസികൾ ആയിത്തീർന്ന “പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.” (പ്രവൃത്തികൾ 2:41; 4:4) ആദിമ ക്രിസ്ത്യാനികൾ തീക്ഷ്ണതയോടെ വെളിച്ചം പ്രതിഫലിപ്പിച്ചപ്പോൾ “യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏററവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തീർന്നു.”—പ്രവൃത്തികൾ 6:7.
19 സമൃദ്ധമായ വിളവെടുപ്പിനു ശേഷം ആനന്ദിക്കുന്ന കർഷകരെ പോലെ, അല്ലെങ്കിൽ വലിയൊരു യുദ്ധജയത്തിനുശേഷം പങ്കുവെച്ചു കിട്ടുന്ന വിലപിടിച്ച കൊള്ളയിൽ ആനന്ദിക്കുന്ന സൈനികരെ പോലെ വിശ്വാസികളുടെ എണ്ണത്തിൽ ഉണ്ടായ വർധനവിൽ യേശുവിന്റെ അനുഗാമികൾ സന്തോഷിച്ചു. (പ്രവൃത്തികൾ 2:46, 47) ക്രമേണ, ഈ പ്രകാശം ജനതകളുടെ ഇടയിലേക്കും വ്യാപിക്കാൻ യഹോവ ഇടയാക്കി. (പ്രവൃത്തികൾ 14:27) യഹോവയെ സമീപിക്കുന്നതിനുള്ള മാർഗം തുറന്നുകിട്ടിയതിൽ എല്ലാ വംശങ്ങളിലും പെട്ട ആളുകൾ സന്തോഷിച്ചു.—പ്രവൃത്തികൾ 13:48.
ഒരു സമാധാനപ്രഭുവിനെ കുറിച്ചുള്ള വാഗ്ദാനം
20 മിശിഹായുടെ പ്രവർത്തനത്തിന്റെ ഫലങ്ങൾ ശാശ്വതമാണ്, യെശയ്യാവിന്റെ തുടർന്നുള്ള വാക്കുകളിൽ നാം അതു കാണുന്നു: “അവൻ ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും മിദ്യാന്റെ നാളിലെപ്പോലെ നീ ഒടിച്ചുകളഞ്ഞിരിക്കുന്നു.” (യെശയ്യാവു 9:4) യെശയ്യാവിന്റെ നാളിനും നൂറ്റാണ്ടുകൾക്കു മുമ്പ്, ഇസ്രായേല്യരെ പാപത്തിലേക്കു വശീകരിക്കാനായി മിദ്യാന്യർ മോവാബ്യരുമായി ഗൂഢാലോചന നടത്തി. (സംഖ്യാപുസ്തകം 25:1-9, 14-18; 31:15, 16) പിന്നീട്, ഏഴു വർഷക്കാലം ഇസ്രായേല്യ ഗ്രാമങ്ങളും കൃഷിയിടങ്ങളും ആക്രമിക്കുകയും കൊള്ളയിടുകയും ചെയ്തുകൊണ്ട് മിദ്യാന്യർ ഇസ്രായേല്യരെ ഭയപ്പെടുത്തി. (ന്യായാധിപന്മാർ 6:1-6) എന്നുവരികിലും, യഹോവ തന്റെ ദാസനായ ഗിദെയോനെ ഉപയോഗിച്ച് മിദ്യാന്യ സൈന്യങ്ങളെ തുരത്തി. “മിദ്യാന്റെ” ആ ‘നാളിനു’ശേഷം, മിദ്യാന്യർ യഹോവയുടെ ജനത്തെ ദ്രോഹിച്ചതായി യാതൊരു തെളിവുമില്ല. (ന്യായാധിപന്മാർ 6:7-16; 8:28) സമീപ ഭാവിയിൽ വലിയ ഗിദെയോനായ യേശുക്രിസ്തു യഹോവയുടെ ജനത്തിന്റെ ആധുനികകാല ശത്രുക്കളെ പാടേ ഇല്ലാതാക്കും. (വെളിപ്പാടു 17:14; 19:11-21) അന്ന്, “മിദ്യാന്റെ നാളിലെപ്പോലെ” സമ്പൂർണവും ശാശ്വതവുമായ വിജയം ഉണ്ടാകും. മനുഷ്യശക്തിയാൽ അല്ല, യഹോവയുടെ ശക്തിയാൽത്തന്നെ. (ന്യായാധിപന്മാർ 7:2-22) ദൈവജനത്തിനു പിന്നീടൊരിക്കലും യാതനയുടെ നുകം പേറേണ്ടി വരില്ല!
21 ദൈവം തന്റെ ശക്തി പ്രകടിപ്പിക്കുന്നു എന്നതിന് അവൻ യുദ്ധത്തെ വാഴ്ത്തുന്നു എന്നർഥമില്ല. പുനരുത്ഥാനം പ്രാപിച്ച യേശു സമാധാനപ്രഭു ആണ്. അവൻ ശത്രുക്കളെ നശിപ്പിച്ചുകൊണ്ട് ശാശ്വത സമാധാനം സ്ഥാപിക്കും. യുദ്ധ സാമഗ്രികൾ പൂർണമായി അഗ്നിക്കിരയാകുന്നതിനെ കുറിച്ച് യെശയ്യാവ് തുടർന്നു പറയുന്നു: “ഒച്ചയോടെ ചവിട്ടി നടക്കുന്ന യോദ്ധാവിന്റെ ചെരിപ്പൊക്കെയും രക്തംപിരണ്ട വസ്ത്രവും വിറകുപോലെ തീക്കു ഇരയായിത്തീരും.” (യെശയ്യാവു 9:5) മേലാൽ ആർക്കും ബൂട്ടിട്ട സൈനികരുടെ പേടിപ്പെടുത്തുന്ന കാലൊച്ച കേൾക്കേണ്ടിവരികയോ രക്തംപുരണ്ട സൈനിക യൂണിഫോമുകൾ കാണേണ്ടിവരികയോ ഇല്ല. മേലാൽ യുദ്ധം ഉണ്ടായിരിക്കുകയില്ല!—സങ്കീർത്തനം 46:9.
ആത്മീയരത്നങ്ങൾ
ഒരു സമാധാനപ്രഭുവിനെ കുറിച്ചുള്ള വാഗ്ദാനം
23 ഉപദേഷ്ടാവ് എന്നതിന്റെ അർഥം ഉപദേശം അല്ലെങ്കിൽ മാർഗനിർദേശം നൽകുന്നവൻ എന്നാണ്. ഭൂമിയിൽ ആയിരുന്നപ്പോൾ യേശുക്രിസ്തു അത്ഭുതകരമായ ഉപദേശം നൽകി. “പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു” എന്നു ബൈബിളിൽ നാം വായിക്കുന്നു. (മത്തായി 7:28) ജ്ഞാനവും സമാനുഭാവവും ഉള്ള ഒരു ഉപദേഷ്ടാവാണ് അവൻ. മനുഷ്യരുടെ പ്രകൃതം മനസ്സിലാക്കാനുള്ള അസാധാരണമായ കഴിവ് അവനുണ്ട്. അവന്റെ ഉപദേശം ശാസനയിലും ശിക്ഷയിലും മാത്രം ഒതുങ്ങുന്നില്ല. മിക്കപ്പോഴും പ്രബോധനത്തിലൂടെയും സ്നേഹപുരസ്സരമായ ബുദ്ധിയുപദേശത്തിലൂടെയും ആണ് അവൻ അതു നൽകുന്നത്. യേശുവിന്റെ ഉപദേശം വിസ്മയാവഹമാണ്. കാരണം, അത് എല്ലായ്പോഴും ജ്ഞാനമേറിയതും പൂർണവും അന്യൂനവുമാണ്. അതു പിൻപറ്റുന്നവർക്കു നിത്യജീവൻ ലഭിക്കുന്നു.—യോഹന്നാൻ 6:68.
24 അതീവ ബുദ്ധിശക്തിയുള്ള ഒരാളുടെ ഉപദേശം മാത്രമായി യേശുവിന്റെ ഉപദേശത്തെ കാണേണ്ടതില്ല. പകരം, അവൻ ഇങ്ങനെ പറയുന്നു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.” (യോഹന്നാൻ 7:16) ശലോമോന്റെ കാര്യത്തിലെന്നപോലെ, യേശുവിന്റെ ജ്ഞാനത്തിന്റെ ഉറവിടവും യഹോവയാം ദൈവമാണ്. (1 രാജാക്കന്മാർ 3:7-14; മത്തായി 12:42) തങ്ങളുടെ പഠിപ്പിക്കലുകൾ ദൈവവചനത്തിൽ അധിഷ്ഠിതമാണെന്ന് ഉറപ്പുവരുത്താൻ, ക്രിസ്തീയ സഭയിൽ പ്രബോധകരായും ഉപദേശകരായും സേവിക്കുന്നവരെ യേശുവിന്റെ മാതൃക പ്രേരിപ്പിക്കേണ്ടതാണ്.—സദൃശവാക്യങ്ങൾ 21:30.
ഡിസംബർ 22-28
ദൈവവചനത്തിലെ നിധികൾ | യശയ്യ 11-13
മിശിഹയെക്കുറിച്ചുള്ള ബൈബിൾപ്രവചനങ്ങൾ
മിശിഹൈക ഭരണത്തിൻ കീഴിൽ രക്ഷയും ആനന്ദവും
4 യെശയ്യാവിന്റെ നാളിനും നൂറ്റാണ്ടുകൾക്കു മുമ്പ്, മിശിഹായുടെ—യഹോവ ഇസ്രായേലിലേക്ക് അയയ്ക്കാനിരുന്ന യഥാർഥ നായകന്റെ—വരവിനെ കുറിച്ച് മറ്റ് എബ്രായ എഴുത്തുകാർ ചൂണ്ടിക്കാട്ടിയിരുന്നു. (ഉല്പത്തി 49:10; ആവർത്തനപുസ്തകം 18:18; സങ്കീർത്തനം 118:22, 26) ഇപ്പോൾ യെശയ്യാവ് മുഖാന്തരം യഹോവ കൂടുതലായ വിശദാംശങ്ങൾ കൂട്ടിച്ചേർക്കുന്നു. യെശയ്യാവ് ഇങ്ങനെ എഴുതുന്നു: “എന്നാൽ യിശ്ശായിയുടെ കുററിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.” (യെശയ്യാവു 11:1; സങ്കീർത്തനം 132:11 താരതമ്യം ചെയ്യുക.) “മുള,” ‘കൊമ്പ്’ എന്നീ വാക്കുകൾ, ഇസ്രായേൽ രാജാവെന്ന നിലയിൽ തൈലംകൊണ്ട് അഭിഷേകം ചെയ്യപ്പെട്ട ദാവീദിലൂടെ, അവന്റെ പിതാവായ യിശ്ശായിയുടെ പിൻതലമുറക്കാരൻ ആയിട്ട് ആയിരിക്കും മിശിഹാ വരുന്നത് എന്നു സൂചിപ്പിക്കുന്നു. (1 ശമൂവേൽ 16:13; യിരെമ്യാവു 23:5; വെളിപ്പാടു 22:16) ദാവീദ്ഗൃഹത്തിലെ ‘കൊമ്പ്’ ആയ യഥാർഥ മിശിഹാ നല്ല ഫലം പുറപ്പെടുവിക്കേണ്ടതാണ്.
5 വാഗ്ദത്ത മിശിഹാ യേശുവാണ്. അവൻ “നസറായൻ” എന്നു വിളിക്കപ്പെട്ടപ്പോൾ പ്രവാചകന്മാരുടെ വാക്കുകൾ നിവൃത്തിയേറിയതായി യെശയ്യാവു 11:1-ലെ വാക്കുകളെ പരാമർശിച്ചുകൊണ്ട് സുവിശേഷ എഴുത്തുകാരനായ മത്തായി പറഞ്ഞു. നസറെത്ത് എന്ന പട്ടണത്തിൽ വളർന്നതിനാലാണ് യേശുവിന് നസറായൻ എന്ന പേരു ലഭിച്ചത്. ആ പേരിന് ‘കൊമ്പ്’ എന്നതിനു യെശയ്യാവു 11:1-ൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദവുമായി ബന്ധമുണ്ട്.—മത്തായി 2:23, NW അടിക്കുറിപ്പ്; ലൂക്കൊസ് 2:39, 40.
മിശിഹൈക ഭരണത്തിൻ കീഴിൽ രക്ഷയും ആനന്ദവും
6 മിശിഹാ എങ്ങനെയുള്ള ഒരു ഭരണാധിപൻ ആയിരിക്കും? പത്തു-ഗോത്ര വടക്കേ രാജ്യമായ ഇസ്രായേലിനെ നശിപ്പിക്കുന്ന അഹങ്കാരിയായ അസീറിയയെപ്പോലെ അവൻ ക്രൂരൻ ആയിരിക്കുമോ? തീർച്ചയായും ഇല്ല. മിശിഹായെ കുറിച്ച് യെശയ്യാവ് ഇങ്ങനെ പറയുന്നു: “അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവഭക്തിയുടെയും [“യഹോവാഭയത്തിന്റെയും,” NW] ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ [“യഹോവാഭയത്തിൽ,” NW] ആയിരിക്കും.” (യെശയ്യാവു 11:2, 3എ) മിശിഹാ അഭിഷേകം ചെയ്യപ്പെടുന്നത് തൈലം കൊണ്ടല്ല, മറിച്ച് ദൈവത്തിന്റെ പരിശുദ്ധാത്മാവ് കൊണ്ടാണ്. യേശുവിന്റെ സ്നാപന സമയത്താണ് അതു സംഭവിക്കുന്നത്. അപ്പോൾ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ രൂപത്തിൽ യേശുവിന്റെമേൽ ഇറങ്ങിവരുന്നത് യോഹന്നാൻ സ്നാപകൻ കാണുന്നു. (ലൂക്കൊസ് 3:22) യഹോവയുടെ ആത്മാവ് യേശുവിന്റെമേൽ ‘ആവസിക്കുന്നു.’ തന്റെ പ്രവർത്തനങ്ങളിൽ ജ്ഞാനവും വിവേകവും ആലോചനയും ശക്തിയും പരിജ്ഞാനവും പ്രകടമാക്കിക്കൊണ്ട് അവൻ അതിനു തെളിവു നൽകുന്നു. ഒരു ഭരണാധിപനു വേണ്ട എത്ര വിശിഷ്ടമായ ഗുണങ്ങൾ!
മിശിഹൈക ഭരണത്തിൻ കീഴിൽ രക്ഷയും ആനന്ദവും
8 മിശിഹാ പ്രകടമാക്കുന്ന യഹോവാഭയം എന്താണ്? യേശു ദൈവത്തിന്റെ മുമ്പാകെ പേടിച്ചു വിറയ്ക്കുന്നുവെന്നോ തന്നെ കുറ്റം വിധിക്കുമെന്നു ഭയപ്പെടുന്നുവെന്നോ അല്ല ഇതിനർഥം. മറിച്ച്, മിശിഹായ്ക്ക് ദൈവത്തോട് ഭക്ത്യാദരവുണ്ട്, സ്നേഹപൂർവകമായ ഭയമുണ്ട് എന്നാണ്. ദൈവഭയമുള്ള ഒരാൾ എപ്പോഴും യേശുവിനെ പോലെ “അവന്നു പ്രസാദമുള്ളതു” ചെയ്യാൻ ആഗ്രഹിക്കുന്നു. (യോഹന്നാൻ 8:29) യഹോവയോടുള്ള ആരോഗ്യാവഹമായ ഭയത്തിൽ ദിവസവും നടക്കുന്നതിനെക്കാൾ വലിയ സന്തോഷം ഇല്ല എന്നാണ് യേശുവിന്റെ വാക്കുകളും പ്രവൃത്തികളും തെളിയിക്കുന്നത്.
മിശിഹൈക ഭരണത്തിൻ കീഴിൽ രക്ഷയും ആനന്ദവും
9 മിശിഹായുടെ ഗുണങ്ങളെ കുറിച്ച് യെശയ്യാവ് കൂടുതൽ വിവരങ്ങൾ മുൻകൂട്ടി പറയുന്നു: “അവൻ [കേവലം] കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; [കേവലം] ചെവികൊണ്ടു കേൾക്കുന്നതു പോലെ വിധിക്കയുമില്ല.” (യെശയ്യാവു 11:3ബി) നിങ്ങൾ ഒരു കോടതി മുമ്പാകെയാണെങ്കിൽ, അത്തരത്തിലുള്ള ഒരു ന്യായാധിപനെ പ്രതി നിങ്ങൾ നന്ദിയുള്ളവൻ ആയിരിക്കില്ലേ? മുഴു മനുഷ്യവർഗത്തിന്റെയും ന്യായാധിപനായ മിശിഹാ, തെറ്റായ വാദഗതികൾ, വഞ്ചനാത്മക വാദങ്ങൾ, കിംവദന്തികൾ എന്നിവയാലോ സമ്പത്തു പോലുള്ള മറ്റു ഘടകങ്ങളാലോ സ്വാധീനിക്കപ്പെടുന്നില്ല. അവൻ വഞ്ചന കണ്ടുപിടിക്കുന്നു, ബാഹ്യമായ കാര്യങ്ങൾക്കും അപ്പുറത്തേക്കു കടന്നുചെന്ന് ‘ഹൃദയത്തിന്റെ ഗൂഢമനുഷ്യനെ’ കാണുന്നു. (1 പത്രൊസ് 3:4) ക്രിസ്തീയ സഭയിൽ നീതിന്യായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് അനുകരിക്കാവുന്ന അതിശ്രേഷ്ഠ മാതൃകയാണ് യേശുവിന്റേത്.—1 കൊരിന്ത്യർ 6:1-4.
മിശിഹൈക ഭരണത്തിൻ കീഴിൽ രക്ഷയും ആനന്ദവും
11 തന്റെ അനുഗാമികൾക്കു തിരുത്തൽ ആവശ്യമായിരിക്കുമ്പോൾ, അവർക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന വിധത്തിൽ യേശു അതു നൽകുന്നു. അതു ക്രിസ്തീയ മൂപ്പന്മാർക്ക് ഒരു ഉത്കൃഷ്ട മാതൃകയാണ്. എന്നാൽ, ദുഷ്ടത പ്രവർത്തിക്കുന്നവർക്ക് കടുത്ത ന്യായവിധി പ്രതീക്ഷിക്കാവുന്നതാണ്. ദൈവം ഈ വ്യവസ്ഥിതിയോടു കണക്കു ചോദിക്കുന്ന സമയത്ത് സകല ദുഷ്ടന്മാർക്കും എതിരെ നാശത്തിന്റെ ന്യായവിധി പ്രഖ്യാപിച്ചുകൊണ്ട് തന്റെ ആധികാരിക ശബ്ദത്താൽ മിശിഹാ “ഭൂമിയെ അടിക്കും.” (സങ്കീർത്തനം 2:9; വെളിപ്പാടു 19:15 താരതമ്യം ചെയ്യുക.) പിന്നീട്, മനുഷ്യവർഗത്തിന്റെ സമാധാനം കെടുത്താൻ ദുഷ്ടന്മാരാരും ഉണ്ടായിരിക്കുകയില്ല. (സങ്കീർത്തനം 37:10, 11) നീതിയും വിശ്വസ്തതയും കൊണ്ട് നടുവും അരയും കെട്ടിയിരിക്കുന്ന യേശുവിന് അവരെ നീക്കം ചെയ്യാനുള്ള അധികാരമുണ്ട്.—സങ്കീർത്തനം 45:3-7.
ആത്മീയരത്നങ്ങൾ
മിശിഹൈക ഭരണത്തിൻ കീഴിൽ രക്ഷയും ആനന്ദവും
16 യഹോവയോട് അനുസരണക്കേടു കാണിക്കാൻ ഏദെനിൽ വെച്ച് ആദാമിനെയും ഹവ്വായെയും സ്വാധീനിക്കുന്നതിൽ സാത്താൻ വിജയിച്ചപ്പോൾ നിർമലാരാധന ആദ്യമായി ആക്രമണവിധേയമായി. കഴിയുന്നത്ര ആളുകളെ ദൈവത്തിൽനിന്ന് അകറ്റുക എന്ന ലക്ഷ്യത്തിൽനിന്ന് സാത്താൻ ഇതുവരെ പിന്മാറിയിട്ടില്ല. നിർമലാരാധന ഭൂമിയിൽനിന്നു നിലച്ചുപോകാൻ യഹോവ ഒരിക്കലും അനുവദിക്കുകയില്ല. അതിൽ അവന്റെ നാമം ഉൾപ്പെട്ടിരിക്കുന്നു. തന്നെ സേവിക്കുന്നവർക്കായി അവൻ കരുതുന്നു. തന്മൂലം യെശയ്യാവിലൂടെ അവൻ ശ്രദ്ധേയമായ ഈ വാഗ്ദാനം നൽകുന്നു: “അന്നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.” (യെശയ്യാവു 11:10) ദാവീദ് ദേശീയ തലസ്ഥാനമാക്കിയ യെരൂശലേം പൊ.യു.മു. 537-ൽ ഒരു കൊടിമരം പോലെ വർത്തിച്ചു. മടങ്ങിവന്ന് ആലയം പുനർനിർമിക്കാൻ ചിതറിപ്പോയ യഹൂദന്മാരുടെ ശേഷിപ്പിന് ആ നഗരം ഒരു പ്രചോദനമായി ഉതകി.
17 എന്നാൽ, പ്രസ്തുത പ്രവചനം അതിനെക്കാൾ കവിഞ്ഞ ഒന്നിലേക്കു വിരൽ ചൂണ്ടുന്നു. നാം ഇതിനോടകം കണ്ടുകഴിഞ്ഞതുപോലെ അത് മിശിഹായിലേക്ക്, സകല ജനതകളിലെയും ആളുകളുടെ യഥാർഥ നായകനിലേക്കു വിരൽ ചൂണ്ടുന്നു. തന്റെ നാളിൽ വിജാതീയർക്ക് ക്രിസ്തീയ സഭയിൽ സ്ഥാനമുണ്ടായിരിക്കുമെന്നു കാണിക്കാൻ പൗലൊസ് അപ്പൊസ്തലൻ യെശയ്യാവു 11:10 ഉദ്ധരിക്കുകയുണ്ടായി. ആ വാക്യത്തിന്റെ സെപ്റ്റുവജിന്റ് വിവർത്തനം ഉദ്ധരിച്ചുകൊണ്ട് അവൻ എഴുതി: “യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും.” (റോമർ 15:12) സകല ജനതകളിലുമുള്ള ആളുകൾ മിശിഹായുടെ അഭിഷിക്ത സഹോദരന്മാരെ പിന്തുണച്ചുകൊണ്ട് യഹോവയോടുള്ള തങ്ങളുടെ സ്നേഹം പ്രകടമാക്കുന്ന ഇക്കാലത്തും പ്രസ്തുത പ്രവചനം ബാധകമാണ്.—യെശയ്യാവു 61:5-9; മത്തായി 25:31-40.
18 ആധുനികകാല നിവൃത്തി എടുത്താൽ, യെശയ്യാവ് പരാമർശിച്ച ‘അന്നാൾ’ എന്ന കാലഘട്ടം തുടങ്ങിയത് 1914-ൽ മിശിഹാ ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ രാജാവായി സിംഹാസനസ്ഥൻ ആയപ്പോഴാണ്. (ലൂക്കൊസ് 21:10; 2 തിമൊഥെയൊസ് 3:1-5; വെളിപ്പാടു 12:10) അപ്പോൾ മുതൽ യേശു, ആത്മീയ ഇസ്രായേലിനെയും നീതിനിഷ്ഠമായ ഒരു ഗവൺമെന്റ് സ്ഥാപിതമായി കാണാൻ ആഗ്രഹിക്കുന്ന സകല ജനതകളിലെയും ആളുകളെയും സംബന്ധിച്ചിടത്തോളം വ്യക്തമായും ഒരു കൊടിമരം, കൂടിവരുന്നതിനുള്ള കേന്ദ്രസ്ഥാനം ആണ്. യേശു മുൻകൂട്ടി പറഞ്ഞതുപോലെ, മിശിഹായുടെ മാർഗദർശനത്തിൻ കീഴിൽ രാജ്യസുവാർത്ത സകല ജനതകളോടും പ്രസംഗിക്കപ്പെടുന്നു. (മത്തായി 24:14; മർക്കൊസ് 13:10) ഈ സുവാർത്തയ്ക്കു ശക്തമായ സ്വാധീനമുണ്ട്. ‘സകല ജാതികളിലും നിന്ന് ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം’ നിർമലാരാധനയിൽ അഭിഷിക്ത ശേഷിപ്പിനോടു ചേർന്നുകൊണ്ട് മിശിഹായ്ക്കു കീഴ്പെടുന്നു. (വെളിപ്പാടു 7:9) യഹോവയുടെ ആത്മീയ “പ്രാർത്ഥനാലയ”ത്തിൽ ശേഷിപ്പിനോടൊപ്പം നിരവധി പുതിയ ആളുകൾ കൂടിവരുന്നത് മിശിഹായുടെ “വിശ്രാമസ്ഥല”മായ ദൈവത്തിന്റെ വലിയ ആത്മീയ ആലയത്തിന്റെ മഹത്ത്വം വർധിപ്പിക്കുന്നു.—യെശയ്യാവു 56:7; ഹഗ്ഗായി 2:7.
ഡിസംബർ 29–ജനുവരി 4
ദൈവവചനത്തിലെ നിധികൾ | യശയ്യ 14-16
ദൈവത്തിന്റെ ശത്രുക്കൾ ശിക്ഷയിൽനിന്ന് രക്ഷപ്പെടില്ല
ഒരു ഗർവിഷ്ഠ നഗരത്തെ യഹോവ താഴ്ത്തുന്നു
16 പൊ.യു.മു. 539-ൽത്തന്നെ അതു സംഭവിച്ചില്ല. എന്നാൽ, ബാബിലോണിനെ കുറിച്ച് യെശയ്യാവ് മുൻകൂട്ടി പറഞ്ഞതെല്ലാം സത്യമായി ഭവിച്ചിരിക്കുന്നു എന്നത് ഇന്നു വളരെ വ്യക്തമാണ്. ബാബിലോൺ “ഇപ്പോൾ ശൂന്യമായ ഒരു സ്ഥലമാണ്, നാശാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമാണ്. നൂറ്റാണ്ടുകളായി അതിന്റെ അവസ്ഥ അതുതന്നെ” എന്ന് ഒരു ബൈബിൾ പണ്ഡിതൻ പറയുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഈ ദൃശ്യങ്ങൾ കണ്ടിട്ട് യെശയ്യാവിന്റെയും യിരെമ്യാവിന്റെയും പ്രവചനങ്ങൾ എത്ര കൃത്യമായി നിവർത്തിച്ചിരിക്കുന്നു എന്നു ചിന്തിക്കാതിരിക്കാനാവില്ല.” വ്യക്തമായും, യെശയ്യാവിന്റെ നാളിൽ യാതൊരു മനുഷ്യനും ബാബിലോണിന്റെ പതനത്തെയും അതിന്റെ ക്രമേണയുള്ള ശൂന്യമാക്കലിനെയും കുറിച്ച് പ്രവചിക്കാൻ കഴിയുമായിരുന്നില്ല. വാസ്തവത്തിൽ, യെശയ്യാവ് തന്റെ പുസ്തകം എഴുതി ഏതാണ്ട് 200 വർഷം കഴിഞ്ഞാണ് മേദോ-പേർഷ്യ ബാബിലോണിനെ കീഴടക്കുന്നത്! എന്നാൽ അവളുടെ അന്തിമമായ ശൂന്യമാക്കലാണെങ്കിൽ പിന്നെയും പല നൂറ്റാണ്ടുകൾ കഴിഞ്ഞാണു സംഭവിക്കുന്നത്. ബൈബിൾ ദൈവത്തിന്റെ നിശ്വസ്ത വചനമാണെന്നുള്ള നമ്മുടെ വിശ്വാസത്തെ അതു ബലപ്പെടുത്തുന്നില്ലേ? (2 തിമൊഥെയൊസ് 3:16) മാത്രമല്ല, കഴിഞ്ഞ കാലങ്ങളിൽ യഹോവയുടെ നിരവധി പ്രവചനങ്ങൾ നിവൃത്തിയേറിയിരിക്കുന്നതിനാൽ, ശേഷിച്ചിരിക്കുന്ന ബൈബിൾ പ്രവചനങ്ങളും ദൈവത്തിന്റെ തക്കസമയത്ത് നിവൃത്തിയേറും എന്ന കാര്യത്തിൽ നമുക്കു പൂർണമായ ഉറപ്പുണ്ടായിരിക്കാൻ കഴിയും.
ഒരു ഗർവിഷ്ഠ നഗരത്തെ യഹോവ താഴ്ത്തുന്നു
24 ബൈബിളിൽ, ദാവീദിന്റെ രാജകീയ വംശത്തിലെ രാജാക്കന്മാരെ നക്ഷത്രങ്ങളോട് ഉപമിച്ചിരിക്കുന്നു. (സംഖ്യാപുസ്തകം 24:17) ദാവീദിന്റെ കാലം മുതൽ ആ “നക്ഷത്രങ്ങൾ” സീയോൻ പർവതത്തിൽ നിന്നാണു ഭരണം നടത്തിയിരുന്നത്. ശലോമോൻ യെരൂശലേമിൽ ആലയം പണിതതിനു ശേഷം, ആ മുഴു നഗരവും സീയോൻ എന്ന പേരിൽ അറിയപ്പെടാൻ ഇടയായി. ന്യായപ്രമാണ ഉടമ്പടിയിൻ പ്രകാരം എല്ലാ ഇസ്രായേല്യ പുരുഷന്മാരും വർഷത്തിൽ മൂന്നു പ്രാവശ്യം സീയോനിലേക്കു യാത്ര ചെയ്യാൻ ബാധ്യസ്ഥരായിരുന്നു. അങ്ങനെ അത് ‘സമാഗമപർവതം’ ആയിത്തീർന്നു. യഹൂദാ രാജാക്കന്മാരെ കീഴ്പെടുത്തിക്കൊണ്ട് ആ പർവതത്തിൽനിന്ന് അവരെ നീക്കം ചെയ്യാൻ ദൃഢനിശ്ചയം ചെയ്യുകവഴി ആ “നക്ഷത്രങ്ങൾ”ക്കു മീതെ തന്നെത്തന്നെ ഉയർത്താനുള്ള ഉദ്ദേശ്യമാണ് നെബൂഖദ്നേസർ പ്രഖ്യാപിക്കുന്നത്. അവരുടെ മേലുള്ള വിജയത്തിന് അവൻ യഹോവയ്ക്കു ബഹുമതി നൽകുന്നില്ല. പകരം, അവൻ ഗർവത്തോടെ തന്നെത്തന്നെ യഹോവയുടെ സ്ഥാനത്ത് ആക്കിവെക്കുന്നു.
ജനതകളെ സംബന്ധിച്ച യഹോവയുടെ നിർണയം
തന്റെ ജനത്തിന്റെ ദുഷ്ടതയെപ്രതി അവരെ ശിക്ഷിക്കാൻ യഹോവയ്ക്കു രാഷ്ട്രങ്ങളെ ഉപയോഗിക്കാനാകും. എന്നുവരികിലും, ആ രാഷ്ട്രങ്ങളുടെ കൊടിയ ക്രൂരതയ്ക്കും അഹങ്കാരത്തിനും സത്യാരാധനയോടുള്ള വിദ്വേഷത്തിനും അവൻ അവയോടു കണക്കു ചോദിക്കാതിരിക്കുന്നില്ല. അതിനാൽ, ദീർഘകാലത്തിനു ശേഷം നിവൃത്തിയേറാനുള്ളതാണെങ്കിൽ പോലും “ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം” രേഖപ്പെടുത്താനായി യഹോവ യെശയ്യാവിനെ നിശ്വസ്തനാക്കുന്നു. (യെശയ്യാവു 13:1) യെശയ്യാവിന്റെ നാളിൽ ബാബിലോൺ ദൈവജനത്തിന് ഒരു ഭീഷണിയല്ല. ഇപ്പോൾ ദൈവത്തിന്റെ ഉടമ്പടിജനത്തെ ദ്രോഹിക്കുന്നത് അസീറിയ ആണ്. അസീറിയ വടക്കേ രാജ്യമായ ഇസ്രായേലിനെയും യഹൂദയുടെ മിക്ക പ്രദേശങ്ങളെയും നശിപ്പിക്കുന്നു. എന്നാൽ അസീറിയയുടെ ജയത്തിനു ദീർഘായുസ്സില്ല. യെശയ്യാവ് ഇങ്ങനെ എഴുതുന്നു: “സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നതു: ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; . . . എന്റെ ദേശത്തുവെച്ചു ഞാൻ അശ്ശൂരിനെ തകർക്കും; എന്റെ പർവ്വതങ്ങളിൽവെച്ചു അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേൽ നിന്നു നീങ്ങും; അവന്റെ ചുമടു അവരുടെ തോളിൽനിന്നു മാറിപ്പോകും.” (യെശയ്യാവു 14:24, 25) യെശയ്യാവ് ആ പ്രവചനം ഉച്ചരിച്ച് അധികനാൾ കഴിയുന്നതിനു മുമ്പ്, യഹൂദയുടെ മേലുള്ള അസീറിയൻ ഭീഷണി നീങ്ങിക്കിട്ടുന്നു.
ജനതകളെ സംബന്ധിച്ച യഹോവയുടെ നിർണയം
12 ഈ പ്രവചനം എപ്പോഴാണു നിവൃത്തിയേറുക? വളരെ പെട്ടെന്നുതന്നെ. “ഇതാകുന്നു യഹോവ പണ്ടു തന്നേ മോവാബിനെക്കുറിച്ചു അരുളിച്ചെയ്ത വചനം. ഇപ്പോൾ യഹോവ അരുളിച്ചെയ്യുന്നതോ: കൂലിക്കാരന്റെ ആണ്ടുപോലെയുള്ള മൂന്നു ആണ്ടിന്നകം മോവാബിന്റെ മഹത്വം അവന്റെ സർവ്വമഹാപുരുഷാരത്തോടുകൂടെ തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പു അത്യല്പവും അഗണ്യവും ആയിരിക്കും.” (യെശയ്യാവു 16:13, 14) ഇതിനു ചേർച്ചയിൽ പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ മോവാബിനു കനത്ത നാശം നേരിടുകയും അതിലെ പല സ്ഥലങ്ങളും ആൾപ്പാർപ്പില്ലാത്തത് ആയിത്തീരുകയും ചെയ്തു എന്നതിനു പുരാവസ്തുശാസ്ത്രപരമായ തെളിവുണ്ട്. തനിക്കു കപ്പം നൽകിയ ഭരണാധികാരികളിൽ മോവാബിലെ സാലമാനുവും ഉൾപ്പെടുന്നുവെന്ന് തിഗ്ലത്ത്പിലേസർ മൂന്നാമൻ പറയുകയുണ്ടായി. മോവാബിലെ രാജാവായ കാമ്മുസുനാദ്ബി സൻഹേരീബിനു കപ്പം കൊടുത്തിരുന്നു. മോവാബ്യ രാജാക്കന്മാരായ മുസൂരിയും കാമാഷാൽതുവും തങ്ങളുടെ പ്രജകൾ ആയിരുന്നതായി അസീറിയൻ സാമ്രാട്ടുകളായ ഏസെർ-ഹദ്ദോനും അസ്നപ്പാരും (അശൂർബാനിപ്പാൽ) പറഞ്ഞിരിക്കുന്നു. നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ മോവാബ്യ ജനത നാമാവശേഷമായി. മോവാബ്യരുടേതെന്നു കരുതപ്പെടുന്ന നഗരങ്ങളുടെ ശൂന്യശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഒരിക്കൽ ഇസ്രായേലിന്റെ ശത്രുവായിരുന്ന ഈ പ്രബല ജനതയെ സംബന്ധിച്ച കാര്യമായ തെളിവുകളൊന്നും ഇതുവരെ കുഴിച്ചെടുത്തിട്ടില്ല.
ആത്മീയരത്നങ്ങൾ
യെശയ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ — ഭാഗം 1
14:1, 2— യഹോവയുടെ ജനം “തങ്ങളെ ബദ്ധന്മാരാക്കിയവരെ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരെ വാഴുകയും” ചെയ്തത് എങ്ങനെ? മേദ്യരുടെയും പേർഷ്യക്കാരുടെയും ഭരണകാലത്ത് ബാബിലോണിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥനായി സേവിച്ച ദാനീയേൽ, പേർഷ്യൻ രാജ്ഞിയായിത്തീർന്ന എസ്ഥേർ, പേർഷ്യൻ സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിതനായ മൊർദ്ദെഖായി തുടങ്ങിയവരുടെ കാര്യത്തിൽ ആ പ്രവചനം നിറവേറി.