ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
© 2025 Watch Tower Bible and Tract Society of Pennsylvania
സെപ്റ്റംബർ 1-7
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 29
തിരുവെഴുത്തുവിരുദ്ധമായ വിശ്വാസങ്ങളും ആചാരങ്ങളും തള്ളിക്കളയുക
സന്തോഷം—ദൈവത്തിൽനിന്നുള്ള ഒരു ഗുണം
യഹോവയെ സന്തോഷിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഊർജസ്വലമായി ഏർപ്പെട്ടുകൊണ്ടും നിങ്ങളുടെ സന്തോഷം ജ്വലിപ്പിക്കാം. (സങ്കീ. 35:27; 112:1) എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം “മനുഷ്യന്റെ കർത്തവ്യം” “സത്യദൈവത്തെ ഭയപ്പെട്ട് ദൈവകല്പനകൾ അനുസരിക്കുക” എന്നാണെന്നു ബൈബിൾ പറയുന്നു. (സഭാ. 12:13) മറ്റു വാക്കുകളിൽ പറഞ്ഞാൽ നമ്മളെ രൂപകൽപ്പന ചെയ്തിരിക്കുന്നതു ദൈവത്തിന്റെ ഇഷ്ടം ചെയ്യാനാണ്. അതുകൊണ്ട് യഹോവയെ സേവിക്കുമ്പോഴാണു നമ്മൾ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കുന്നത്.
മരണത്തെക്കുറിച്ചുള്ള സത്യം അറിഞ്ഞ നമ്മൾ എന്തു ചെയ്യണം?
13 ഒരു ആചാരത്തെയോ സമ്പ്രദായത്തെയോ കുറിച്ച് സംശയമുണ്ടെങ്കിൽ ദൈവികജ്ഞാനം തരാനായി യഹോവയോടു പ്രാർഥിക്കുക. (യാക്കോബ് 1:5 വായിക്കുക.) അതിനു ശേഷം, നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് ഗവേഷണം ചെയ്യുക. ആവശ്യമെങ്കിൽ സഭയിലെ മൂപ്പന്മാരുമായി സംസാരിക്കുക. നിങ്ങൾ എന്തു ചെയ്യണമെന്ന് അവർ പറഞ്ഞുതരില്ല. എന്നാൽ നിങ്ങളുടെ സാഹചര്യവുമായി ബന്ധപ്പെട്ട ബൈബിൾതത്ത്വങ്ങൾ അവർ ചൂണ്ടിക്കാണിക്കും. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ നിങ്ങൾ ‘വിവേചനാപ്രാപ്തിയെ’ പരിശീലിപ്പിക്കുകയാണ്. ‘ശരിയും തെറ്റും വേർതിരിച്ചറിയാൻ’ ഈ പ്രാപ്തി നിങ്ങളെ സഹായിക്കും.—എബ്രാ. 5:14.
“ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും”
12 തിരുവെഴുത്തുവിരുദ്ധമായ ആചാരങ്ങളും രീതികളും. വിശ്വാസത്തിലില്ലാത്ത കുടുംബാംഗങ്ങളും സഹജോലിക്കാരും സഹപാഠികളും ഒക്കെ അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ നമ്മളെ ക്ഷണിക്കാറുണ്ട്. യഹോവയ്ക്കു മഹത്ത്വം കൊടുക്കാത്ത ആചാരങ്ങളിലും വിശേഷദിവസങ്ങളിലും പങ്കെടുക്കാനുള്ള സമ്മർദം എങ്ങനെ ചെറുത്തുനിൽക്കാം? വിശേഷദിവസങ്ങളെപ്പറ്റിയുള്ള യഹോവയുടെ കാഴ്ചപ്പാട് എപ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കണം. അത്തരം ആഘോഷങ്ങളുടെ ഉത്ഭവത്തെപ്പറ്റി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വന്ന വിവരങ്ങൾ വായിക്കുക. ഇതുപോലുള്ള ആഘോഷങ്ങളിൽ പങ്കെടുക്കരുതാത്തത് എന്തുകൊണ്ടാണ് എന്നതിന്റെ തിരുവെഴുത്തുകാരണങ്ങൾ ഓർമിക്കുന്നെങ്കിൽ “കർത്താവിനു സ്വീകാര്യമായ” വിധത്തിലാണു നടക്കുന്നതെന്നു നമുക്ക് ഉറപ്പു വരുത്താനാകും. (എഫെ. 5:10) യഹോവയിലും യഹോവയുടെ വചനത്തിലും വിശ്വസിക്കുന്നെങ്കിൽ നമ്മൾ ഒരിക്കലും ‘മനുഷ്യരെ പേടിക്കില്ല.’ —സുഭാ. 29:25.
ആത്മീയരത്നങ്ങൾ
it “മുഖസ്തുതി” ¶1
മുഖസ്തുതി
ഒരാൾ മറ്റൊരാളെ അമിതമായോ ആത്മാർഥതയില്ലാതെയോ പുകഴ്ത്തിപ്പറയുന്നതാണു മുഖസ്തുതി. ആരെക്കുറിച്ചാണോ മുഖസ്തുതി പറയുന്നത് അവർ, തങ്ങൾ യഥാർഥത്തിൽ ഉള്ളതിനെക്കാൾ പ്രധാനപ്പെട്ടവരാണെന്നു ചിന്തിക്കാൻ ഇടയാകും. ഇത് മോശം തീരുമാനങ്ങളെടുക്കുന്നതിലേക്ക് അവരെ നയിച്ചേക്കാം. അങ്ങനെ അവർ അഹങ്കാരികളോ സ്വന്തം കാര്യംമാത്രം നോക്കുന്നവരോ ആയിത്തീർന്നേക്കാം. അത് പിന്നീട് അവർക്കുതന്നെ ദോഷം ചെയ്യും. മറ്റേ വ്യക്തിയിൽനിന്ന് പ്രീതി നേടാനോ അല്ലെങ്കിൽ എന്തെങ്കിലും ഭൗതികനേട്ടങ്ങൾക്കുവേണ്ടിയോ ആയിരിക്കാം ഒരാൾ മുഖസ്തുതി പറയുന്നത്. അല്ലെങ്കിൽ മറ്റേ വ്യക്തിക്കു തങ്ങളോട് ഒരു കടപ്പാട് തോന്നാനായിരിക്കാം. ഇനി മറ്റ കെണിയിൽ വീഴിക്കാനായിരിക്കാം ചിലർ മുഖസ്തുതി പറയുന്നത്. (സുഭാ 29:5) എന്നാൽ ഓർക്കുക, മുഖസ്തുതി പറയുന്നത് ഉയരത്തിൽനിന്നുള്ള ജ്ഞാനമല്ല. പകരം അത്, സ്വാർഥതയും പക്ഷപാതവും കാപട്യവും നിറഞ്ഞ ഈ ലോകത്തിൽനിന്നാണ് വരുന്നത്. (യാക്ക 3:17) ആത്മാർഥതയില്ലായ്മ, നുണ പറയുന്നത്, ആളുകളെ അമിതമായി പുകഴ്ത്തുന്നത്, മറ്റുള്ളവരിൽ ദുരഭിമാനമുണ്ടാക്കുന്നത് ഇതെല്ലാം ദൈവത്തെ അപ്രീതിപ്പെടുത്തുന്നു.—2കൊ 1:12; ഗല 1:10; എഫ 4:25; കൊലോ 3:9; വെളി 21:8.
സെപ്റ്റംബർ 8-14
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 30
‘ദാരിദ്ര്യമോ സമ്പത്തോ തരരുതേ’
യഥാർഥസന്തോഷം കൈവരുത്തുന്ന സ്നേഹം
10 പണം ആവശ്യമില്ലാത്തതായി ആരാണുള്ളത്? പണം ഒരളവുവരെ സംരക്ഷണം തരുന്നുണ്ട്. (സഭാ. 7:12) പക്ഷേ, അടിസ്ഥാനാവശ്യങ്ങൾക്കുവേണ്ട പണം മാത്രമാണുള്ളതെങ്കിൽ ഒരാൾക്കു ശരിക്കും സന്തുഷ്ടനായിരിക്കാൻ കഴിയുമോ? തീർച്ചയായും കഴിയും! (സഭാപ്രസംഗകൻ 5:12 വായിക്കുക.) യാക്കെയുടെ മകനായ ആഗൂർ ഇങ്ങനെ പ്രാർഥിച്ചു: “ദാരിദ്ര്യമോ സമ്പത്തോ തരാതെ എനിക്കു വേണ്ട ആഹാരം മാത്രം തരേണമേ.” അങ്ങേയറ്റം ദാരിദ്ര്യം അനുഭവിക്കാൻ അദ്ദേഹം ആഗ്രഹിക്കാത്തതിന്റെ കാരണം നമുക്കെല്ലാം പെട്ടെന്നു മനസ്സിലാകും. അദ്ദേഹംതന്നെ പറയുന്നതുപോലെ, മോഷ്ടിക്കാനുള്ള പ്രലോഭനം തോന്നാൻ അദ്ദേഹം ആഗ്രഹിച്ചില്ല. കാരണം അതു ദൈവത്തിന് അപമാനം വരുത്തുമായിരുന്നു. എന്നാൽ സമ്പത്തു തരരുതേ എന്നു പ്രാർഥിച്ചത് എന്തുകൊണ്ടാണ്? അദ്ദേഹം എഴുതി: ‘ഞാൻ തൃപ്തനായിട്ട്, “ആരാണ് യഹോവ” എന്നു ചോദിച്ച് അങ്ങയെ തള്ളിപ്പറയാൻ ഇടവരുമല്ലോ.’ (സുഭാ. 30:8, 9) ദൈവത്തിൽ ആശ്രയിക്കുന്നതിനു പകരം സമ്പത്തിൽ ആശ്രയിക്കുന്ന പലരെയും നിങ്ങൾക്ക് അറിയാമായിരിക്കും.
11 പണസ്നേഹികൾക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല. യേശു ഇങ്ങനെ പറഞ്ഞു: “രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത് മറ്റേ യജമാനനെ സ്നേഹിക്കും. അല്ലെങ്കിൽ ഒന്നാമനോടു പറ്റിനിന്ന് മറ്റേ യജമാനനെ നിന്ദിക്കും. നിങ്ങൾക്ക് ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല.” തൊട്ടു മുമ്പ് യേശു ഇങ്ങനെ പറഞ്ഞിരുന്നു: “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളൻ കയറി മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതു മതിയാക്കൂ. പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കുകയോ കള്ളൻ കയറി മോഷ്ടിക്കുകയോ ചെയ്യാത്ത സ്വർഗത്തിൽ നിക്ഷേപങ്ങൾ സ്വരൂപിക്കൂ.”—മത്താ. 6:19, 20, 24.
12 ലളിതമായി ജീവിക്കുന്നതു പലരെയും കൂടുതൽ സന്തുഷ്ടരാക്കുന്നെന്നു മാത്രമല്ല യഹോവയെ സേവിക്കാൻ അവർക്കു കൂടുതൽ സമയം കിട്ടുകയും ചെയ്യുന്നു. ഐക്യനാടുകളിലുള്ള ജാക്ക് സഹോദരൻ തനിക്കുണ്ടായിരുന്ന വലിയ വീടും ബിസിനെസ്സും വിറ്റു. ഭാര്യയോടൊപ്പം മുൻനിരസേവനം ചെയ്യാനാണ് അദ്ദേഹം അങ്ങനെ ചെയ്തത്. അദ്ദേഹം ഓർക്കുന്നു: “ഞങ്ങൾക്കുണ്ടായിരുന്ന മനോഹരമായ വീടും സ്ഥലവും ഒക്കെ ഉപേക്ഷിക്കുന്നത് അൽപ്പം ബുദ്ധിമുട്ടായിരുന്നു. പക്ഷേ, വർഷങ്ങളായി മിക്കവാറും എല്ലാ ദിവസവും ജോലിസ്ഥലത്തെ പ്രശ്നങ്ങൾ കാരണം മനസ്സു മടുത്താണു ഞാൻ വീട്ടിലെത്തിയിരുന്നത്. മുൻനിരസേവികയായ എന്റെ ഭാര്യയാകട്ടെ, എപ്പോഴും അങ്ങേയറ്റം സന്തോഷവതിയും! അവൾ ഇങ്ങനെ പറയുമായിരുന്നു, ‘എന്റെ ബോസാണ് ഏറ്റവും നല്ല ബോസ്.’ ഞാനും ഇപ്പോൾ മുൻനിരസേവനം ചെയ്യുകയാണ്. ഞങ്ങൾ രണ്ടു പേരും യഹോവയ്ക്കുവേണ്ടി പ്രവർത്തിക്കുന്നു.”
യഹോവയെ ഭയപ്പെടുക എന്നാൽ നീ സന്തുഷ്ടനായിരിക്കും
◆ 30:15, 16—ഈ ഉദാഹരണങ്ങളുടെ കേന്ദ്രാശയം എന്താണ്?
അത്യാഗ്രഹത്തിന്റെ തൃപ്തിപ്പെടുത്താൻ സാദ്ധ്യതയില്ലായ്മയെ ദൃഷ്ടാന്തീകരിക്കുന്നു. അട്ടകൾ മതിവരാതെ രക്തം കുടിക്കുന്നതുപോലെ അത്യാഗ്രഹികൾ എപ്പോഴും കൂടുതൽ പണത്തിനും അധികാരത്തിനുംവേണ്ടി ആവശ്യപ്പെടുന്നു. അതുപോലെ ഷീയോളിനു ഒരിക്കലും തൃപ്തി വരുന്നില്ല. എന്നാൽ മരണത്തിന്റെ കൂടുതൽ ഇരകളെ സ്വീകരിക്കാൻ തുറന്നുകിടക്കുന്നു. ഒരു വന്ധ്യയുടെ ഗർഭപാത്രം കുട്ടികൾക്കുവേണ്ടി ‘നിലവിളിക്കുന്നു.’ (ഉല്പത്തി 30:1) വരൾച്ച ബാധിച്ച ഭൂമി മഴവെള്ളം കുടിക്കുകയും വീണ്ടും വേഗം ഉണങ്ങിയതായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഒരു അഗ്നിയിലേക്കു ഇടുന്ന വസ്തുക്കൾ ദഹിപ്പിക്കുകയും ജ്വാലകൾ നീട്ടി എത്തുപെടാവുന്ന ദഹന വസ്തുക്കൾ നക്കിയെടുക്കുകയും ചെയ്യുന്നു. അത്യാഗ്രഹികളേ സംബന്ധിച്ചും അപ്രകാരം തന്നെയാണ്. എന്നാൽ ദൈവീകജ്ഞാനത്താൽ വഴിനടത്തപ്പെടുന്നവർ അത്തരം സ്വാർത്ഥതയാൽ അനന്തമായി പ്രേരിതരാക്കപ്പെടുകയില്ല.
ഉള്ളതുകൊണ്ട് ജീവിക്കാൻ. . .
വാങ്ങുന്നതിനുമുമ്പ് പണം സ്വരുക്കൂട്ടുക. പണം സ്വരുക്കൂട്ടി സാധനങ്ങൾ വാങ്ങുന്നത് ഒരു പഴഞ്ചൻ രീതിയായി തോന്നിയേക്കാമെങ്കിലും അങ്ങനെ ചെയ്യുന്നതായിരിക്കും ജ്ഞാനം. കടങ്ങളും അതിനോട് അനുബന്ധിച്ചുള്ള മറ്റു പ്രശ്നങ്ങളും, ഉദാഹരണത്തിന് വാങ്ങുന്ന തുകയുടെമേൽ ചുമത്തുന്ന ഉയർന്ന പലിശയും മറ്റും ഒഴിവാക്കാൻ അത് പലരെയും സഹായിക്കുന്നു. ബൈബിൾ ഉറുമ്പിനെ “ജ്ഞാനമുള്ളവ” എന്നാണ് വിളിക്കുന്നത്. കാരണം, അവ “കൊയ്ത്തുകാലത്തു തന്റെ തീൻ” സ്വരുക്കൂട്ടി നാളേക്കായി കരുതുന്നു.—സദൃശവാക്യങ്ങൾ 6:6-8; 30:24, 25.
എന്നും യഹോവയുടെ അതിഥിയായിരിക്കുക!
18 നമ്മൾ പണത്തെ സ്നേഹിക്കുന്നുണ്ടോ എന്നു സ്വയം വിലയിരുത്തേണ്ടതു പ്രധാനമാണ്. അതിനു നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഞാൻ എപ്പോഴും പണത്തെക്കുറിച്ചും അതുവെച്ച് എന്തു വാങ്ങിക്കാം എന്നതിനെക്കുറിച്ചും ആണോ ചിന്തിക്കുന്നത്? പണം കടം മേടിച്ചിട്ട് അതു തന്നയാൾക്കു വലിയ അത്യാവശ്യമൊന്നും കാണില്ല എന്നു ചിന്തിച്ച് അതു തിരിച്ചുകൊടുക്കാൻ വൈകാറുണ്ടോ? പണമുള്ളതുകൊണ്ട് ഞാൻ മറ്റുള്ളവരെക്കാൾ വലിയ ആളാണെന്ന് എനിക്കു തോന്നുന്നുണ്ടോ? അതേസമയം മറ്റുള്ളവരെ സഹായിക്കുന്നതിൽ പിശുക്കുകാണിക്കുകയും ചെയ്യുന്നുണ്ടോ? ഒരു സഹോദരനു പണമുണ്ടെന്നു കരുതി അദ്ദേഹത്തിന് യഹോവയോട് ഉള്ളതിനെക്കാൾ സ്നേഹം പണത്തോടാണ് എന്നു ഞാൻ ചിന്തിക്കാറുണ്ടോ? പാവപ്പെട്ടവരെക്കാൾ പണക്കാരോടു കൂട്ടുകൂടാനാണോ എനിക്കു കൂടുതൽ ഇഷ്ടം?’ ഈ ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതു പ്രധാനമാണ്. കാരണം, യഹോവയുടെ അതിഥിയായിരിക്കാനുള്ള ക്ഷണം അത്രയ്ക്കു വലുതാണ്! നമ്മുടെ ജീവിതം പണസ്നേഹമില്ലാത്തതായി സൂക്ഷിച്ചുകൊണ്ട് ആ അവസരം നഷ്ടപ്പെടുത്തിക്കളയാതിരിക്കാൻ നമുക്കു ശ്രമിക്കാം. അങ്ങനെ ചെയ്യുന്നെങ്കിൽ യഹോവ നമ്മളെ ഒരിക്കലും ഉപേക്ഷിക്കില്ല.—എബ്രായർ 13:5 വായിക്കുക.
ആത്മീയരത്നങ്ങൾ
സൃഷ്ടികൾ യഹോവയുടെ ജ്ഞാനം വിളിച്ചോതുന്നു
11 കുഴിമുയലിൽനിന്നും നമുക്ക് സുപ്രധാനമായ ചിലതു പഠിക്കാനുണ്ട്. (സദൃശവാക്യങ്ങൾ 30:26 വായിക്കുക.) കാഴ്ചയ്ക്ക് വലിയൊരു മുയലിനെപ്പോലിരിക്കുന്ന ഇവയ്ക്ക് കുറിയ കാലുകളും വട്ടത്തിലുള്ള ചെറിയ ചെവികളുമാണുള്ളത്. ഇതിന്റെ അപാരമായ കാഴ്ചശക്തി ഒരു സംരക്ഷണമായി ഉതകുന്നു. പാറക്കെട്ടുകൾക്കിടയിലെ പോതുകളിലും വിള്ളലുകളിലുമുള്ള ഇവയുടെ വാസം ഇരപിടിയന്മാരിൽനിന്ന് രക്ഷപ്പെടാൻ ഇവയെ സഹായിക്കുന്നു. കൂട്ടമായി ജീവിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നവയാണ് ഈ ജീവികൾ. അതും ഇവയ്ക്ക് സംരക്ഷണം പ്രദാനം ചെയ്യുന്നു; കൂടാതെ, ശൈത്യകാലത്ത് ചൂടും.
12 കുഴിമുയലിൽനിന്ന് നാം എന്തു പഠിക്കുന്നു? ഇത് അപകടത്തെക്കുറിച്ച് സദാ ജാഗ്രതപുലർത്തുന്നു എന്നതു ശ്രദ്ധേയമാണ്. പ്രാണരക്ഷാർഥം പെട്ടെന്ന് ഓടിയൊളിക്കാൻ പറ്റുന്നവിധത്തിൽ പോതുകളുടെയും വിള്ളലുകളുടെയും അടുത്തുതന്നെ കഴിയുന്ന അവ, സൂക്ഷ്മമായ കാഴ്ചശക്തി പ്രയോജനപ്പെടുത്തിക്കൊണ്ട് ദൂരെനിന്നുതന്നെ ഇരപിടിയന്മാരുടെ സാന്നിധ്യം മനസ്സിലാക്കുന്നു. സമാനമായി, സാത്താന്റെ ലോകത്തിൽ പതിയിരിക്കുന്ന അപകടങ്ങൾ കാണാനാകുംവിധം ആത്മീയമായി നാം സദാ ജാഗ്രതയുള്ളവരായിരിക്കണം. അപ്പൊസ്തലനായ പത്രൊസ് ക്രിസ്ത്യാനികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.” (1 പത്രൊ. 5:8) ഭൂമിയിലായിരുന്നപ്പോൾ തന്റെ നിർമലത തകർക്കാനുള്ള സാത്താന്റെ എല്ലാ തന്ത്രങ്ങൾക്കും എതിരെ യേശു നിതാന്ത ജാഗ്രതപുലർത്തി. (മത്താ. 4:1-11) തന്റെ അനുഗാമികൾക്കായി എത്ര നല്ല മാതൃകയാണ് യേശു വെച്ചത്!
13 ആത്മീയ സംരക്ഷണത്തിനായി യഹോവ ലഭ്യമാക്കിയിരിക്കുന്ന കരുതലുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നത് ജാഗ്രതപുലർത്താൻ നമ്മെയും സഹായിക്കും. ദൈവവചനം പഠിക്കുന്നതിലും ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നതിലും നാം ഒട്ടും അമാന്തം കാണിക്കരുത്. (ലൂക്കൊ. 4:4; എബ്രാ. 10:24, 25) കുഴിമുയൽ കൂട്ടമായി വസിക്കുന്നത് അവയ്ക്ക് ഗുണകരമായിരിക്കുന്നതുപോലെ സഹക്രിസ്ത്യാനികളുമായുള്ള അടുത്ത സഹവാസം നമുക്കും പ്രയോജനം ചെയ്യും—അത് ‘പരസ്പരം പ്രോത്സാഹനം ലഭിക്കാനിടയാക്കും.’ (റോമ. 1:12, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) യഹോവ നൽകുന്ന സംരക്ഷണം പ്രയോജനപ്പെടുത്തുന്നെങ്കിൽ സങ്കീർത്തനക്കാരനായ ദാവീദിന്റെ വാക്കുകളോടു നാമും യോജിക്കുകയായിരിക്കും. അവൻ എഴുതി: “യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും . . . ആകുന്നു.”—സങ്കീ. 18:2.
സെപ്റ്റംബർ 15-21
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 31
ഒരു അമ്മ സ്നേഹത്തോടെ കൊടുത്ത ഉപദേശത്തിൽനിന്നുള്ള പാഠങ്ങൾ
മക്കൾക്ക് സദാചാരമൂല്യങ്ങൾ പകർന്നുകൊടുക്കാം!
സെക്സിനെക്കുറിച്ചുള്ള ഒരു യഥാർഥ ചിത്രം നൽകുക. ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുകതന്നെ വേണം. (1 കൊരിന്ത്യർ 6:18; യാക്കോബ് 1:14, 15) എന്നാൽ, സാത്താൻ ഒരുക്കിയ ഒരു കെണിയായിട്ടല്ല, ദൈവത്തിൽനിന്നുള്ള ഒരു ദാനമായിട്ടാണ് ബൈബിൾ ലൈംഗികതയെ ചിത്രീകരിക്കുന്നതെന്ന വസ്തുത മനസ്സിൽപ്പിടിക്കുക. (സദൃശവാക്യങ്ങൾ 5:18, 19; ഉത്തമഗീതം 1:2) ഈ വിഷയത്തോടു ബന്ധപ്പെട്ട അപകടങ്ങൾമാത്രം ശ്രദ്ധയിൽപ്പെടുത്തുന്നത് കുട്ടിയുടെ മനസ്സിൽ ലൈംഗികത സംബന്ധിച്ച വികലമായ, തിരുവെഴുത്തുപരമല്ലാത്ത ഒരു വീക്ഷണം രൂപപ്പെടാനേ ഇടയാക്കൂ. “ലൈംഗിക അധാർമികതയുടെ അപകടങ്ങളെക്കുറിച്ച് എന്റെ മാതാപിതാക്കൾ വാതോരാതെ പറയുമായിരുന്നു. അത് ലൈംഗികതയെക്കുറിച്ച് മോശമായൊരു ചിത്രം എന്റെ മനസ്സിൽ കോറിയിട്ടു,” ഫ്രാൻസിൽനിന്നുള്ള കരീന എന്ന യുവതി.
അതുകൊണ്ട്, ലൈംഗികതയെക്കുറിച്ച് ഒരു യഥാർഥ ചിത്രം കുട്ടിക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. മെക്സിക്കോയിൽനിന്നുള്ള നാദിയ എന്ന അമ്മ പറയുന്നത് ശ്രദ്ധിക്കുക: “ലൈംഗികത സ്വാഭാവികമാണ്, യഹോവയിൽനിന്നുള്ള ഒരു ദാനമാണ്. എന്നാൽ ദാമ്പത്യത്തിനുള്ളിൽ മാത്രമേ അത് അനുവദിക്കപ്പെട്ടിട്ടുള്ളൂ. ലൈംഗികത നമുക്ക് സന്തോഷം പകരുമോ ഇല്ലയോ എന്നത് നാം അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഇതൊക്കെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്.”
മദ്യത്തെക്കുറിച്ച് മക്കളോടു സംസാരിക്കുക
ഈ വിഷയം സംസാരിക്കാൻ മുൻകൈയെടുക്കുക. ബ്രിട്ടനിലെ മാർക്ക് എന്ന ഒരു പിതാവ് ഇങ്ങനെ പറയുന്നു: “കുട്ടികൾക്കു മദ്യത്തെക്കുറിച്ച് പല സംശയങ്ങളുണ്ട്. എട്ടു വയസ്സുള്ള എന്റെ മോനോടു മദ്യം കുടിക്കുന്നതു ശരിയാണോ അല്ലേ എന്നു ഞാൻ ചോദിച്ചു. ശാന്തമായ ഒരു ചുറ്റുപാടിൽ, സംസാരിക്കുന്നതിനിടെയാണ് ഞാൻ ചോദിച്ചത്. അങ്ങനെ ചോദിച്ചപ്പോൾ അവന്റെ അഭിപ്രായം അവൻ തുറന്നുപറഞ്ഞു.”
പല സന്ദർഭങ്ങളിൽ മദ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ കുട്ടിക്ക് അതെക്കുറിച്ച് ഒരു ആകമാനചിത്രം ലഭിക്കും. റോഡ് സുരക്ഷയും ലൈംഗികതയും പോലെ കുട്ടികൾ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി പഠിപ്പിക്കുന്നതിന്റെ കൂടെ അവരുടെ പ്രായത്തിനനുസരിച്ച് മദ്യത്തെക്കുറിച്ചും സംസാരിക്കുക.
മാതൃക വെക്കുക. കുട്ടികൾ സ്പോഞ്ചുപോലെയാണ്. ചുറ്റുമുള്ളതൊക്കെ അവർ വലിച്ചെടുക്കും. പഠനങ്ങൾ കാണിക്കുന്നത്, കുട്ടികളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നതു മാതാപിതാക്കളാണെന്നാണ്. നിങ്ങൾ ടെൻഷൻ കുറയ്ക്കാൻ ആദ്യവഴിയായി കാണുന്നതു മദ്യപാനത്തെയാണെങ്കിൽ നിങ്ങളുടെ കുട്ടിക്ക് ഒരു സന്ദേശം കൊടുക്കുകയാണ്: ജീവിതത്തിൽ ഉത്കണ്ഠകൾ വരുമ്പോൾ അതു കുറയ്ക്കാൻ മദ്യപിക്കാം. അതുകൊണ്ട് നല്ല മാതൃക വെക്കുക. മദ്യം ഉപയോഗിക്കുന്ന കാര്യത്തിൽ നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കുക.
കുട്ടികളെ താഴ്മ പഠിപ്പിക്കാം
കൊടുക്കാൻ പഠിപ്പിക്കുക. “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്” എന്ന സത്യം കുട്ടികളെ ബോധ്യപ്പെടുത്തുക. (പ്രവൃത്തികൾ 20:35) എങ്ങനെ? സാധനങ്ങൾ വാങ്ങിക്കാനോ എവിടെയെങ്കിലും പോകാനോ എന്തെങ്കിലും അറ്റകുറ്റപ്പണികൾ തീർക്കാനോ ഒക്കെ സഹായം ആവശ്യമുള്ളവരുടെ ലിസ്റ്റ് കുട്ടിയോടൊപ്പം ഇരുന്നുണ്ടാക്കുക. അവരിൽ ചിലരെ സഹായിക്കാൻ പോകുമ്പോൾ കുട്ടിയെയും കൂടെ കൊണ്ടുപോകുക. മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരെ സഹായിച്ചപ്പോൾ നിങ്ങൾക്കു ലഭിച്ച സന്തോഷവും സംതൃപ്തിയും കുട്ടിയും കാണട്ടെ. ആ വിധത്തിൽ നിങ്ങൾ നിങ്ങളുടെ മാതൃകയിലൂടെ കുട്ടിയെ താഴ്മ പഠിപ്പിക്കും. താഴ്മ പഠിപ്പിക്കാനുള്ള ഏറ്റവും നല്ല വഴിയും ഇതാണ്.—ബൈബിൾതത്ത്വം: ലൂക്കോസ് 6:38.
ആത്മീയരത്നങ്ങൾ
ബൈബിൾകാലങ്ങളിലെ വിദ്യാഭ്യാസം
7 ഇസ്രയേലിൽ കുട്ടികളെ വളരെ ചെറുപ്പംമുതൽതന്നെ പിതാവും മാതാവും പഠിപ്പിച്ചിരുന്നു. (ആവർത്തനം 11:18, 19; സദൃശവാക്യങ്ങൾ 1:8; 31:26) ഫ്രഞ്ച് ഡിക്ഷണയർ ഡി ലാ ബിബിളിൽ ബൈബിൾ പണ്ഡിതനായ ഈ. മൻഷനോ ഇപ്രകാരം എഴുതി: “കുട്ടിക്കു സംസാരിക്കാൻ കഴിഞ്ഞാലുടൻ, അവൻ ന്യായപ്രമാണത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ പഠിച്ചിരുന്നു. അവന്റെ അമ്മ ഒരു വാക്യം ആവർത്തിക്കുമായിരുന്നു; അവൻ അതു പഠിച്ചുകഴിയുമ്പോൾ അവൾ മറെറാന്നു കൊടുക്കുമായിരുന്നു. പിന്നീട്, കുട്ടികൾക്ക് ഓർമ്മയിൽനിന്ന് ഉരുവിടാൻ കഴിഞ്ഞ വാക്യങ്ങളുടെ ഒരു എഴുതപ്പെട്ട രേഖ അവരുടെ കൈകളിൽ വച്ചുകൊടുത്തിരുന്നു. ഇങ്ങനെ അവരെ വായന പരിചയപ്പെടുത്തി, അവർ വളർന്നുകഴിയുമ്പോൾ വായിക്കുന്നതിനാലും കർത്താവിന്റെ നിയമം ധ്യാനിക്കുന്നതിനാലും അവർക്കു തങ്ങളുടെ മതപ്രബോധനം തുടരാൻ കഴിയുമായിരുന്നു.”
8 ഉപയോഗിച്ചിരുന്ന ഒരു അടിസ്ഥാന പഠിപ്പിക്കൽരീതി കാര്യങ്ങളുടെ ഹൃദിസ്ഥമാക്കലായിരുന്നുവെന്ന് ഇതു സൂചിപ്പിക്കുന്നു. യഹോവയുടെ നിയമങ്ങളും തന്റെ ജനത്തോടുള്ള അവന്റെ ഇടപെടലുകളും സംബന്ധിച്ചു പഠിച്ച കാര്യങ്ങൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങേണ്ടിയിരുന്നു. (ആവർത്തനം 6:6, 7) അവർ അവയെക്കുറിച്ചു ധ്യാനിക്കേണ്ടിയിരുന്നു. (സങ്കീർത്തനം 77:11, 12) ഓർമ്മിക്കാൻ ചെറുപ്പക്കാരെയും പ്രായമുള്ളവരെയും സഹായിക്കുന്നതിനു വ്യത്യസ്ത ഓർമ്മിക്കൽ സഹായികൾ ഉപയോഗിച്ചിരുന്നു. ഇവയിൽ അക്ഷരമാലാക്രമത്തിൽ (സദൃശവാക്യങ്ങൾ 31:10-31-ലേതുപോലെ) ഒരു വ്യത്യസ്ത അക്ഷരംകൊണ്ടു തുടങ്ങുന്ന ഒരു സങ്കീർത്തനത്തിലെ തുടർച്ചയായ വാക്യങ്ങളായ സൂത്രാക്ഷരിശ്ലോകങ്ങൾ, അനുപ്രാസം (ഒരേ അക്ഷരത്തിലോ ശബ്ദത്തിലോ ആരംഭിക്കുന്ന പദങ്ങൾ), സദൃശവാക്യങ്ങൾ 30-ാം അദ്ധ്യായത്തിന്റെ ഒടുവിൽ ഉപയോഗിച്ചിരിക്കുന്നതുപോലെയുള്ള സംഖ്യകളുടെ ഉപയോഗം എന്നിവ ഉൾപ്പെട്ടിരുന്നു. രസകരമായി, പുരാതന എബ്രായ എഴുത്തിന്റെ ഏററവും പഴയ മാതൃകകളിലൊന്നായ ഗെസർ കലണ്ടർ ഒരു സ്കൂൾകുട്ടിയുടെ ഓർമ്മിക്കൽ അഭ്യാസമാണെന്നു ചില പണ്ഡിതൻമാർ കരുതുന്നു.
സെപ്റ്റംബർ 22-28
ദൈവവചനത്തിലെ നിധികൾ | സഭാപ്രസംഗകൻ 1–2
അടുത്ത തലമുറയെ പരിശീലിപ്പിക്കുക
ഉത്തരവാദിത്വങ്ങൾ വിശ്വസ്തരായ പുരുഷന്മാർക്കു കൈമാറുക
3 നമ്മളിൽ മിക്കവരും നമ്മുടെ ക്രിസ്തീയനിയമനങ്ങൾ ഇഷ്ടപ്പെടുന്നു, കഴിയുന്നിടത്തോളം കാലം അതു ചെയ്യാനാണു നമ്മുടെ ആഗ്രഹവും. സങ്കടകരമെന്നു പറയട്ടെ, ആദാമിന്റെ കാലംമുതൽ ഓരോ തലമുറയും വാർധക്യം പ്രാപിക്കുകയും ആ സ്ഥാനത്ത് മറ്റൊരു തലമുറ വരുകയും ചെയ്യുന്നു. (സഭാ. 1:4) ഇത് ഇക്കാലത്തെ സത്യക്രിസ്ത്യാനികളുടെ പ്രവർത്തനത്തിന് ഒരു വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കാരണം, യഹോവയുടെ ജനത്തിന്റെ പ്രവർത്തനം വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നു. അനുനിമിഷം മാറിവരുന്ന പുതുപുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് പുതിയ പ്രൊജക്ടുകൾ നടപ്പാക്കുന്നു. ആ സാങ്കേതികവിദ്യകൾ പുരോഗമിക്കുന്നതനുസരിച്ച് അതിനൊപ്പം നീങ്ങാൻ പ്രായമായ പലർക്കും വളരെ ബുദ്ധിമുട്ടുള്ളതായി കാണുന്നു. (ലൂക്കോ. 5:39) ഇനി അതല്ലെങ്കിലും, പ്രായമേറിയവരെക്കാൾ ചെറുപ്പക്കാർക്കു ശക്തിയും ഊർജവും കൂടുതലുണ്ടല്ലോ? (സുഭാ. 20:29) അതുകൊണ്ട്, ചെറുപ്പക്കാരെ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പരിശീലിപ്പിക്കുന്നതു പ്രായമേറിയവരുടെ ഭാഗത്തുനിന്നുള്ള സ്നേഹത്തിന്റെ തെളിവാണ്, അതല്ലേ അവർ ചെയ്യേണ്ടതും?—സങ്കീർത്തനം 71:18 വായിക്കുക.
4 കൈകാര്യം ചെയ്തുവരുന്ന ഉത്തരവാദിത്വങ്ങൾ ചെറുപ്പക്കാർക്കു കൈമാറിക്കൊടുക്കുന്നത് അധികാരമുള്ളവർക്ക് അത്ര എളുപ്പമായി തോന്നുകയില്ല. തങ്ങൾ പ്രിയപ്പെട്ടതായി കരുതുന്ന സ്ഥാനം നഷ്ടപ്പെടുമോ എന്നാണ് അവർ ഭയക്കുന്നത്. മറ്റു ചിലരാകട്ടെ, അവരുടെ നിയന്ത്രണമില്ലാതായാൽ കാര്യങ്ങൾ നന്നായി നടത്താൻ ചെറുപ്പക്കാർക്കു കഴിയില്ലെന്നു കരുതുന്നു. മറ്റൊരാളെ പരിശീലിപ്പിക്കാൻ സമയം കിട്ടാറില്ലെന്നാണു വേറെ ചിലർ പറയുന്നത്. അതേസമയം കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കാത്തതുകൊണ്ട് ചെറുപ്പക്കാർ അക്ഷമരായിത്തീരുകയും ചെയ്യരുത്.
ആത്മീയരത്നങ്ങൾ
it “സഭാപ്രസംഗകൻ” ¶1
സഭാപ്രസംഗകൻ
ഓഹെലെത്ത് എന്ന എബ്രായപദത്തിന്റെ അർഥം, ‘സഭാസംഘാടകൻ’ അഥവാ ‘വിളിച്ചുകൂട്ടുന്നവൻ’ എന്നാണ്. ‘സഭാസംഘാടകൻ’ എന്ന നിലയിൽ ശലോമോന്, ദൈവത്തെ ആരാധിക്കാനായി ഇസ്രായേൽമക്കളെ ഒരുമിച്ചുകൂട്ടാനുള്ള ഉത്തരവാദിത്വമുണ്ടായിരുന്നു. (സഭ 1:1, 12) യഹോവയോടു വിശ്വസ്തരായി നിൽക്കാൻ ആളുകളെ സഹായിക്കാനും അവരെ സത്യാരാധനയിലേക്കു നയിക്കാനും ഉള്ള ഉത്തരവാദിത്വം രാജാവിനായിരുന്നു. (1 രാജ 8:1-5, 41-43, 66) യഹോവയെ ആരാധിക്കാനായി ജനത്തെ വഴിനയിക്കുകയാണെങ്കിൽ, അദ്ദേഹത്തെ ഒരു നല്ല രാജാവായി കണക്കാക്കുമായിരുന്നു. (2 രാജ 16:1-4; 18:1-6) തങ്ങളുടെ ദൈവത്തോട് അടുക്കാൻ ശലോമോൻ ജനത്തെ ഒരുമിച്ചുകൂട്ടിയിരുന്നു. സഭാപ്രസംഗകന്റെ പുസ്തകത്തിൽ, ലോകത്തിലെ ഉപയോഗശൂന്യമായ കാര്യങ്ങൾക്കു പകരം ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശലോമോൻ ജനത്തെ പ്രോത്സാഹിപ്പിച്ചു.
സെപ്റ്റംബർ 29–ഒക്ടോബർ 5
ദൈവവചനത്തിലെ നിധികൾ | സഭാപ്രസംഗകൻ 3–4
മുപ്പിരിച്ചരട് കൂടുതൽ ബലമുള്ളതാക്കുക
മൊബൈലിനെയും ടാബിനെയും എങ്ങനെ ചൊൽപ്പടിയിൽ നിറുത്താം?
● സാങ്കേതികവിദ്യ ബുദ്ധിപൂർവ്വം ഉപയോഗിച്ചാൽ അത് വിവാഹജീവിതത്തിന് ഒരുപാട് ഗുണം ചെയ്യും. ഉദാഹരണത്തിന്, ചില ഭാര്യാഭർത്താക്കന്മാർക്ക്, ദിവസത്തിൽ ഒരുമിച്ചല്ലാത്ത സമയത്ത് പരസ്പരം ആശയവിനിമയം നടത്താൻ ഇതൊരു സഹായമാണ്.
“ഭാര്യ എനിക്ക്, ‘ഐ ലവ് യൂ’ എന്നോ ‘മിസ് യു ഡിയർ’ എന്നോ ഒക്കെയുള്ള മെസേജ് അയയ്ക്കുമ്പോൾ അവളോടു എനിക്ക് വല്ലാത്ത സ്നേഹം തോന്നും.”—ജോനാഥാൻ.
● സാങ്കേതികവിദ്യ ബുദ്ധിശൂന്യമായി ഉപയോഗിച്ചാൽ അത് വിവാഹജീവിതത്തിന് ഒരുപാട് ദോഷം ചെയ്യും. ഉദാഹരണത്തിന്, ചിലർ എപ്പോൾ നോക്കിയാലും ഫോണോ ടാബോ നോക്കിക്കൊണ്ടിരിക്കും. ഇണയ്ക്കു കൊടുക്കേണ്ട സമയവും ശ്രദ്ധയും ഒക്കെയാണ് അതു കവരുന്നത്.
“പലപ്പോഴും ചേട്ടൻ എന്നോടു സംസാരിച്ചേനെ. പക്ഷേ അപ്പോഴൊക്കെ ഞാൻ ഫോൺ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.”—ജുലിസ്സ.
● ഇണയോടു നന്നായി സംസാരിക്കുന്നതിനിടയ്ക്കുതന്നെ ഫോണോ ടാബോ ഉപയോഗിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല എന്നാണു ചിലരുടെ അഭിപ്രായം. സാമൂഹ്യശാസ്ത്രജ്ഞയായ ഷെറി ടെർക്കിൾ പറയുന്നത്: “ഒരേ സമയം പല കാര്യങ്ങൾ നന്നായി ചെയ്യാൻ പറ്റും എന്നു പറയുന്നത് വെറുതെയാണ്.” അങ്ങനെ പല കാര്യങ്ങൾ ഒരുമിച്ച് ചെയ്യാൻ പറ്റുന്നതു നല്ലതല്ലേ എന്നാണു പലരും ചിന്തിക്കുന്നത്. പക്ഷേ അങ്ങനെയല്ല. ഷെറി പറയുന്നു: “ഒരേ സമയം നമ്മൾ പല കാര്യങ്ങൾ ചെയ്താൽ, ചെയ്യുന്നതൊന്നും വൃത്തിയാകില്ല.”
“ചേട്ടനോടു സംസാരിച്ചിരിക്കാൻ എനിക്കു വലിയ ഇഷ്ടമാണ്. പക്ഷേ ആ സമയത്തു ചേട്ടൻ വേറെയൊന്നും ചെയ്യാൻ പാടില്ല. അങ്ങനെ എന്തെങ്കിലും ചെയ്തുകൊണ്ടിരുന്നാൽ എനിക്കു തോന്നുന്നത് എന്നെ ഒട്ടും ശ്രദ്ധിക്കുന്നില്ല എന്നാണ്.”—സാറ.
ചുരുക്കിപ്പറഞ്ഞാൽ: സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കുന്നു എന്നതു നിങ്ങളുടെ വിവാഹജീവിതത്തെ നല്ല രീതിയിലോ മോശം രീതിയിലോ സ്വാധീനിച്ചേക്കാം.
“യാഹിന്റെ ജ്വാല” അണയാതെ സൂക്ഷിക്കുക
12 ഇണയ്ക്കും ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. അതൊക്കെ ഒറ്റയ്ക്കൊറ്റയ്ക്കു ചെയ്യുന്നതിനു പകരം ഒരുമിച്ച് ചെയ്യാനാകുമോ? ഉദാഹരണത്തിന്, അക്വിലയും പ്രിസ്കില്ലയും ഒരുമിച്ച് പ്രസംഗപ്രവർത്തനം ചെയ്തു. പതിവായി അങ്ങനെ ചെയ്യാൻ നിങ്ങളും ശ്രമിക്കാറുണ്ടോ? ഇനി, അവർ ഒരുമിച്ച് ജോലി ചെയ്തു. നിങ്ങളുടെ കാര്യത്തിൽ ഒരുപക്ഷേ ജോലി രണ്ടു സ്ഥലത്തായിരിക്കാം. എന്നാൽ, വീട്ടിലെ പണികൾ ഒരുമിച്ച് ചെയ്യാനാകുമോ? (സഭാ. 4:9) ഒരു കാര്യം ഒരുമിച്ച് ചെയ്യുമ്പോൾ നിങ്ങൾ ഒറ്റക്കെട്ടാണെന്ന ഒരു തോന്നലുണ്ടാകും. സംസാരിക്കാൻ ഒരുപാടു സമയം കിട്ടുകയും ചെയ്യും. റോബർട്ടിന്റെയും ലിൻഡയുടെയും വിവാഹം കഴിഞ്ഞിട്ട് 50-ലധികം വർഷമായി. അദ്ദേഹം പറയുന്നു: “സത്യം പറഞ്ഞാൽ, ഒരുമിച്ച് വിനോദത്തിലേർപ്പെടാനൊന്നും ഞങ്ങൾക്ക് അധികം സമയം കിട്ടാറില്ല. എന്നാൽ ഞാൻ പാത്രം കഴുകുമ്പോൾ ഭാര്യ അതു തുടച്ചുവെക്കും. ഞാൻ മുറ്റത്ത് പുല്ലു പറിക്കാൻ ഇറങ്ങുമ്പോൾ അവളും ഒപ്പം കൂടും. അത് എനിക്ക് എത്ര സന്തോഷമാണെന്നോ! ഇങ്ങനെ ഒരുമിച്ച് കാര്യങ്ങൾ ചെയ്യുന്നതു ഞങ്ങൾ തമ്മിൽ കൂടുതൽ അടുക്കാൻ സഹായിക്കുന്നു. ഞങ്ങളുടെ സ്നേഹം കൂടുതൽ ശക്തമാകുകയും ചെയ്യുന്നു.”
13 എന്നാൽ ഒന്ന് ഓർക്കുക: ഭാര്യയും ഭർത്താവും ഒരുമിച്ചായിരിക്കുന്നതുകൊണ്ട് മാത്രം അവർക്കിടയിലെ അടുപ്പം കൂടണമെന്നില്ല. ബ്രസീലിൽനിന്നുള്ള ഒരു ഭാര്യ പറയുന്നു: “ഒരേ വീട്ടിൽ താമസിക്കുന്നതുകൊണ്ട് ഒരുമിച്ച് സമയം ചെലവഴിക്കുന്നുണ്ടല്ലോ എന്നു ഭാര്യാഭർത്താക്കന്മാർ ചിലപ്പോൾ ചിന്തിച്ചുപോയേക്കാം. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ അങ്ങനെ ചിന്തിക്കാൻ സാധ്യത കൂടുതലാണ്. എന്നാൽ ഒരുമിച്ച് ഒരു സ്ഥലത്തായിരിക്കുന്നതുകൊണ്ട് മാത്രം മതിയാകുന്നില്ല. ഭർത്താവിനു വേണ്ട ശ്രദ്ധ കൊടുക്കേണ്ടതും പ്രധാനമാണെന്നു ഞാൻ മനസ്സിലാക്കി.” പരസ്പരം ശ്രദ്ധ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻവേണ്ടി ബ്രൂണോയും ഭാര്യ ടെയ്സും ചെയ്തത് എന്താണെന്നു നോക്കുക. അദ്ദേഹം പറയുന്നു: “ഞങ്ങൾ ഒരുമിച്ചായിരിക്കുന്ന സമയം നന്നായി ആസ്വദിക്കുന്നതിനുവേണ്ടി ഫോൺപോലും മാറ്റിവെക്കും.”
14 എന്നാൽ നിങ്ങൾക്ക് ഇണയോടൊപ്പം സമയം ചെലവഴിക്കാൻ അത്ര ഇഷ്ടമില്ലെങ്കിലോ? ഒരുപക്ഷേ നിങ്ങളുടെ താത്പര്യങ്ങൾ വ്യത്യസ്തമായിരിക്കാം. അല്ലെങ്കിൽ ഒരുമിച്ചായിരിക്കുമ്പോൾ മറ്റേയാളെ ദേഷ്യംപിടിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ഒക്കെ ചെയ്തേക്കാം. അങ്ങനെയൊരു പ്രശ്നമുണ്ടെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാം? പുറത്ത് തീ കൂട്ടുന്നതിനെക്കുറിച്ച് നേരത്തേ പറഞ്ഞ ഉദാഹരണം നമുക്കു വീണ്ടും ചിന്തിക്കാം. ആദ്യം അത്ര വലിയ തീയൊന്നും കാണില്ല. എന്നാൽ, പതിയെപ്പതിയെ വലിയ വിറകുകഷണങ്ങൾ വെച്ചുകൊടുക്കുമ്പോഴാണു തീ ആളിക്കത്തുന്നത്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ സ്നേഹം വളരാനും അതുതന്നെ ചെയ്യാം. ഓരോ ദിവസവും അൽപ്പസമയം ഒരുമിച്ച് ചെലവഴിച്ചുകൊണ്ട് ഒരു തുടക്കമിടാം. ആ സമയത്ത് വഴക്കിലേക്കു നയിച്ചേക്കാവുന്ന കാര്യങ്ങളൊന്നും ചെയ്യാതെ രണ്ടു പേർക്കും ഇഷ്ടമുള്ള എന്തെങ്കിലും ചെയ്യാൻ ശ്രമിക്കാം. (യാക്കോ. 3:18) അങ്ങനെ പതിയെപ്പതിയെ നിങ്ങൾക്കിടയിലുള്ള സ്നേഹം വീണ്ടും ആളിക്കത്താൻ ഇടയാകും.
“യാഹിന്റെ ജ്വാല” അണയാതെ സൂക്ഷിക്കുക
3 “യാഹിന്റെ ജ്വാല” അണയാതിരിക്കാൻ ഭാര്യയും ഭർത്താവും യഹോവയുമായുള്ള അവരുടെ ബന്ധം ശക്തമാക്കി നിറുത്തേണ്ടതുണ്ട്. ഇത് എങ്ങനെയാണ് അവരുടെ വിവാഹജീവിതത്തെ സഹായിക്കുന്നത്? ദമ്പതികൾ സ്വർഗീയപിതാവുമായുള്ള സൗഹൃദത്തിനു പ്രാധാന്യം കൊടുക്കുമ്പോൾ ദൈവം പറയുന്ന കാര്യങ്ങൾ മനസ്സോടെ അനുസരിക്കാൻ അവർ തയ്യാറാകും. അങ്ങനെ ചെയ്യുന്നത് അവർക്കിടയിലെ സ്നേഹബന്ധം തണുത്തുപോകാൻ ഇടയാക്കിയേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഒഴിവാക്കാനും അവരെ സഹായിക്കും. (സഭാപ്രസംഗകൻ 4:12 വായിക്കുക.) ഇനി, ആത്മീയചിന്തയുള്ള ആളുകൾ യഹോവയെ അനുകരിക്കാനും യഹോവയുടെ ഗുണങ്ങൾ വളർത്തിയെടുക്കാനും ശ്രമിക്കും. ഉദാഹരണത്തിന്, തെറ്റുകൾ ക്ഷമിക്കാനും ദയ കാണിക്കാനും ക്ഷമയോടെ ഇടപെടാനും ഒക്കെ. (എഫെ. 4:32–5:1) ഇതുപോലുള്ള ഗുണങ്ങൾ ദമ്പതികൾ കാണിക്കുമ്പോൾ അവർക്കിടയിലെ സ്നേഹബന്ധം തഴച്ചുവളരാനിടയാകും. വിവാഹം കഴിഞ്ഞ് 25-ലേറെ വർഷം പിന്നിട്ട ലെന സഹോദരി പറയുന്നു: “ആത്മീയതയുള്ള ഒരാളെ സ്നേഹിക്കാനും ബഹുമാനിക്കാനും എളുപ്പമാണ്.”
ആത്മീയരത്നങ്ങൾ
നിരോധനത്തിൻകീഴിലും യഹോവയെ ആരാധിക്കുക
14 മറ്റുള്ളവരോടു ചില കാര്യങ്ങൾ പറയരുതെന്ന കാര്യം ഓർത്തിരിക്കുക. നിരോധനത്തിൻകീഴിൽ, ‘മൗനമായിരിക്കാനുള്ള’ സമയം ഏതാണെന്നു നമ്മൾ തിരിച്ചറിയണം. (സഭാ. 3:7) നമ്മുടെ സഹോദരങ്ങളുടെ പേരുകൾ, നമ്മൾ കൂടിവരുന്ന സ്ഥലങ്ങൾ, നമ്മൾ ശുശ്രൂഷ ചെയ്യുന്ന രീതി, എങ്ങനെയാണു നമുക്ക് ആത്മീയാഹാരം ലഭിക്കുന്നത് തുടങ്ങിയ രഹസ്യവിവരങ്ങൾ പുറത്തുപോകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. നമ്മൾ ഇത്തരം കാര്യങ്ങൾ അധികാരികളോടു പറയില്ല. അതുപോലെ, നമ്മുടെ രാജ്യത്തെയോ മറ്റു രാജ്യങ്ങളിലെയോ സുഹൃത്തുക്കളോടും ബന്ധുക്കളോടും നമ്മൾ ഇക്കാര്യങ്ങൾ പറയില്ല, അവർ യഹോവയെ സേവിക്കുന്നവരാണെങ്കിലും അല്ലെങ്കിലും. അങ്ങനെ ചെയ്താൽ, സഹോദരങ്ങളുടെ സുരക്ഷയായിരിക്കും നമ്മൾ അപകടത്തിലാക്കുന്നത്.—സങ്കീർത്തനം 39:1 വായിക്കുക.
ഒക്ടോബർ 6-12
ദൈവവചനത്തിലെ നിധികൾ | സഭാപ്രസംഗകൻ 5-6
നമുക്ക് എങ്ങനെ മഹാദൈവത്തെ ബഹുമാനിക്കാം?
ദൈവമഹത്ത്വത്തിനു ചേർച്ചയിൽ ജീവിച്ചുകൊണ്ട് അവനെ ആദരിക്കുക
17 ആരാധനയ്ക്കായി ദൈവമുമ്പാകെ ചെല്ലുമ്പോൾ മാന്യത പുലർത്തുന്നതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. “ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക” എന്ന് സഭാപ്രസംഗി 5:1 പറയുന്നു. വിശുദ്ധഭൂമിയിൽവെച്ച് കാലിലെ ചെരിപ്പ് അഴിച്ചുമാറ്റാൻ മോശെക്കും യോശുവയ്ക്കും നിർദേശം ലഭിച്ചു. (പുറ. 3:5; യോശു. 5:15) ഭക്ത്യാദരവിന്റെ ഒരു പ്രകടനമെന്ന നിലയിലായിരുന്നു അവർ അതു ചെയ്യേണ്ടിയിരുന്നത്. ഇസ്രായേലിലെ പുരോഹിതന്മാർ “നഗ്നത മറെപ്പാൻ” ചണനൂൽകൊണ്ടുള്ള കാൽച്ചട്ട ധരിക്കണമായിരുന്നു. (പുറ. 28:42, 43) യാഗപീഠത്തിങ്കൽ സേവിക്കുമ്പോൾ അവരുടെ നഗ്നത അനാവൃതമാകാതിരിക്കാനാണ് ഇങ്ങനെയൊരു വ്യവസ്ഥ വെച്ചിരുന്നത്. പുരോഹിതന്മാരുടെ കുടുംബത്തിലെ ഓരോ അംഗവും മാന്യത സംബന്ധിച്ച ദൈവികനിലവാരം മുറുകെപ്പിടിക്കേണ്ടിയിരുന്നു.
18 ആരാധനയിൽ മാന്യത പുലർത്തുന്നതിൽ ആദരവും ബഹുമാനവും കാണിക്കുന്നത് ഉൾപ്പെട്ടിരിക്കുന്നു. നാം ആദരവോടെ പെരുമാറിയാലേ മറ്റുള്ളവർ നമ്മെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യൂ. നാം കാണിക്കുന്ന മാന്യത വെറുമൊരു നാട്യമായിരിക്കരുത്, അതു ഹൃദയത്തിൽനിന്നു വരണം. അപ്പോഴേ അതു ദൈവത്തിനു സ്വീകാര്യമാകൂ. (1 ശമൂ. 16:7; സദൃ. 21:2) അന്തസ്സും മാന്യതയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കണം; നമ്മുടെ പെരുമാറ്റം, മനോഭാവം, മറ്റുള്ളവരുമായുള്ള ഇടപെടലുകൾ, നാം നമ്മെത്തന്നെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെയൊക്കെ അത് സ്വാധീനിക്കണം. നാം പറയുന്ന ഓരോ വാക്കും നമ്മുടെ ഓരോ ചെയ്തിയും അന്തസ്സു പ്രതിഫലിപ്പിക്കുന്നതായിരിക്കണം. നമ്മുടെ പെരുമാറ്റം, മറ്റുള്ളവരുമായുള്ള ഇടപെടൽ, വസ്ത്രധാരണം, ചമയം എന്നീ കാര്യങ്ങളിലെല്ലാം അപ്പൊസ്തലനായ പൗലൊസിന്റെ പിൻവരുന്ന വാക്കുകൾ നാം മനസ്സിൽപ്പിടിക്കണം: “ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങൾ ഒന്നിലും ഇടർച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു.” (2 കൊരി. 6:3, 4) നാം ‘നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതുണ്ട്.’—തീത്തൊ. 2:9, 10.
പ്രാർഥനകൾ സമ്പുഷ്ടമാക്കാൻ ബൈബിൾ പഠിക്കുക
21 യേശു പൂർണവിശ്വാസത്തോടെയും ആദരവോടെയും പ്രാർഥിച്ചു. ഉദാഹരണത്തിന്, ലാസറിനെ ഉയിർപ്പിക്കുന്നതിനുമുമ്പ് യേശു കണ്ണുകളുയർത്തി, “പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിനക്കു നന്ദി നൽകുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നുവെന്ന് എനിക്കറിയാം” എന്നു പ്രാർഥിച്ചു. (യോഹ. 11:41, 42) ഇതുപോലെ ആദരവും പൂർണവിശ്വാസവും നിങ്ങളുടെ പ്രാർഥനകളിലും ദൃശ്യമാണോ? യേശു പഠിപ്പിച്ച മാതൃകാപ്രാർഥനയൊന്നു നോക്കുക. ദൈവനാമത്തിന്റെ വിശുദ്ധീകരണം, അവന്റെ രാജ്യത്തിന്റെ ആഗമനം, അവന്റെ ഉദ്ദേശ്യങ്ങളുടെ സാക്ഷാത്കാരം എന്നിവ ആ പ്രാർഥനയുടെ സവിശേഷതകളാണെന്ന് നിങ്ങൾ കണ്ടെത്തും. (മത്താ. 6:9, 10) ഇനി നിങ്ങളുടെ പ്രാർഥനകളെക്കുറിച്ചൊന്നു ചിന്തിക്കുക. ദൈവനാമത്തിന്റെ വിശുദ്ധീകരണം, അവന്റെ രാജ്യത്തിന്റെ ആഗമനം, അവന്റെ ഉദ്ദേശ്യങ്ങളുടെ സാക്ഷാത്കാരം എന്നിവയ്ക്കാണോ നിങ്ങളുടെ പ്രാർഥനയിൽ മുഖ്യസ്ഥാനം? അങ്ങനെ ആയിരിക്കണം.
“നേരുന്നതു നിറവേറ്റുക”
12 എന്നാൽ സ്നാനം ഒരു തുടക്കം മാത്രമാണ്. പിന്നീടുള്ള കാലം നമ്മൾ സമർപ്പണത്തിനു ചേർച്ചയിൽ ജീവിച്ചുകൊണ്ട് ദൈവത്തെ വിശ്വസ്തമായി സേവിക്കണം. നമ്മളോടുതന്നെ ഈ ചോദ്യങ്ങൾ ചോദിക്കുക: ‘സ്നാനത്തിനു ശേഷം എന്റെ ആത്മീയത വർധിച്ചിട്ടുണ്ടോ? യഹോവയെ ഞാൻ ഇപ്പോഴും മുഴുഹൃദയത്തോടെ സേവിക്കുന്നുണ്ടോ? (കൊലോ. 3:23) ഞാൻ പ്രാർഥിക്കുകയും ദൈവവചനം വായിക്കുകയും സഭായോഗങ്ങൾക്കു കൂടിവരുകയും കഴിവിന്റെ പരമാവധി ശുശ്രൂഷയിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ടോ? അതോ ഈ കാര്യങ്ങളൊക്കെ കുറഞ്ഞുകുറഞ്ഞ് വരുകയാണോ?’ നമ്മുടെ വിശ്വാസത്തോടു നമ്മൾ അറിവും സഹനശക്തിയും ദൈവഭക്തിയും ചേർത്തുകൊണ്ടിരിക്കുന്നെങ്കിൽ സേവനത്തിൽ നിഷ്ക്രിയരായിപ്പോകില്ലെന്നു പത്രോസ് അപ്പോസ്തലൻ പറഞ്ഞു.—2 പത്രോസ് 1:5-8 വായിക്കുക.
ആത്മീയരത്നങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ദരിദ്രരെ ദ്രോഹിക്കുകയും അവർക്കു നീതി നിഷേധിക്കുകയും ചെയ്യുന്ന ഒരു അധികാരിയെക്കുറിച്ച് സഭാപ്രസംഗകൻ 5:8 പറയുന്നു. എന്നാൽ തന്നെക്കാൾ ഉയർന്ന സ്ഥാനവും അധികാരവും ഉള്ള വേറെ ഒരു അധികാരി തന്നെ നിരീക്ഷിക്കാൻ സാധ്യതയുണ്ടെന്ന് അയാൾ ഓർക്കണം. ഒരുപക്ഷേ ആ അധികാരിക്കു മീതെ അധികാരമുള്ള മറ്റുള്ളവരുണ്ടായിരിക്കും. സങ്കടകരമെന്നു പറയട്ടെ, അധികാരത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവർ അഴിമതിക്കാരായിരുന്നേക്കാം. അതു കാരണം, സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.
ഇന്നത്തെ സാഹചര്യങ്ങൾ എത്ര ആശയറ്റതാണെന്നു തോന്നിയാലും ഗവൺമെന്റുകളിലുള്ള ഏതു മേലധികാരിക്കും മീതെ അധികാരമുള്ള യഹോവ അവരെയെല്ലാം ‘നിരീക്ഷിക്കുന്നുണ്ട്.’ ഇതു നമുക്ക് ആശ്വാസം തരുന്നില്ലേ? സഹായത്തിനായി നമുക്ക് എപ്പോഴും ദൈവത്തോടു പ്രാർഥിക്കാം, നമ്മുടെ ഭാരങ്ങൾ ദൈവത്തിന്റെ മേൽ ഇടാം. (സങ്കീ. 55:22; ഫിലി. 4:6, 7) ‘പൂർണഹൃദയത്തോടെ തന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി തന്റെ ശക്തി പ്രകടിപ്പിക്കാൻ യഹോവയുടെ കണ്ണുകൾ ഭൂമിയിലെങ്ങും ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്’ എന്നു നമുക്ക് അറിയാം.—2 ദിന. 16:9.
അതുകൊണ്ട് സഭാപ്രസംഗകൻ 5:8 ഗവൺമെന്റുകളിൽ അധികാരമുള്ള വ്യക്തികളുടെ സാഹചര്യം കൃത്യമായി വരച്ചുകാട്ടുന്നു. അതെ, ഏതൊരു അധികാരിക്കും മീതെ അയാളെക്കാൾ അധികാരമുള്ള മറ്റൊരാളുണ്ടായിരിക്കും. ഏറ്റവും പ്രധാനമായി, യഹോവയാണ് എല്ലാവരെക്കാളും അധികാരമുള്ള, എല്ലാവരുടെയും പരമാധികാരി എന്ന് ഈ വാക്യം നമ്മളെ ഓർമിപ്പിക്കുന്നു. ഇപ്പോൾ തന്റെ മകനിലൂടെ, ദൈവരാജ്യത്തിന്റെ രാജാവായ യേശുക്രിസ്തുവിലൂടെ, യഹോവ ഭരിക്കുന്നു. എല്ലാവരെയും നിരീക്ഷിക്കുന്ന സർവശക്തനായ ദൈവത്തിൽ അനീതിയുടെ ഒരു കണികപോലുമില്ല, ദൈവത്തിന്റെ മകനും അതുപോലെതന്നെയാണ്.
ഒക്ടോബർ 13-19
ദൈവവചനത്തിലെ നിധികൾ | സഭാപ്രസംഗകൻ 7-8
‘വിലാപഭവനത്തിൽ പോകുക’
it “വിലാപം” ¶9
വിലാപം
വിലപിക്കാൻ ഒരു സമയം. സഭാപ്രസംഗകൻ 3:1, 4 ഇങ്ങനെ പറയുന്നു: “കരയാൻ ഒരു സമയം, ചിരിക്കാൻ ഒരു സമയം.വിലപിക്കാൻ ഒരു സമയം, തുള്ളിച്ചാടാൻ ഒരു സമയം.” മനുഷ്യർ മരിക്കും എന്ന ചിന്ത ഉള്ളതുകൊണ്ട് ജ്ഞാനിയായ ഒരു വ്യക്തിയുടെ ഹൃദയം ആനന്ദഭവനത്തിൽ ആയിരിക്കുന്നതിനു പകരം ‘വിലാപഭവനത്തിലായിരിക്കും.’ (സഭ 7:2, 4; സുഭ 14:13 താരതമ്യം ചെയ്യുക.) ജ്ഞാനിയായ ഒരു വ്യക്തി ഈ അവസരത്തിൽ സന്തോഷങ്ങളുടെ പുറകേ പോകാതെ, വിലപിക്കുന്നവരെ ആശ്വസിപ്പിക്കാനും അവരോടൊപ്പം സഹതപിക്കാനും സമയം കണ്ടെത്തും. മനുഷ്യർ മരണത്തിന്റെ പിടിയിലാണെന്ന് ഓർക്കാനും ദൈവത്തോട് അടുക്കേണ്ടതുണ്ടെന്നു മനസ്സിലാക്കാനും അതു സഹായിക്കും.
ദുരിതങ്ങൾ നേരിടാൻ മറ്റുള്ളവരെ സഹായിക്കുക
15 കുറച്ച് വർഷങ്ങൾക്കു മുമ്പ് ഭാര്യ മരിച്ചുപോയ വില്ല്യം പറയുന്നു: “ഭാര്യയെക്കുറിച്ചുള്ള നല്ല ഓർമകൾ മറ്റുള്ളവർ പറഞ്ഞുകേൾക്കുന്നത് എനിക്ക് ഇഷ്ടമാണ്. അങ്ങനെ ആളുകൾക്ക് അവളോടു സ്നേഹവും ആദരവും ഉണ്ടായിരുന്നെന്ന് എനിക്ക് ഉറപ്പു കിട്ടുന്നു. ഇത് എനിക്ക് വലിയ സഹായമാണ്. ഉള്ളിന്റെ ഉള്ളിൽ വലിയ ആശ്വാസം തോന്നുന്നു. കാരണം അവൾ എനിക്ക് അത്ര പ്രിയപ്പെട്ടവൾ ആയിരുന്നു; എന്റെ ജീവനായിരുന്നു.” ഭർത്താവ് മരിച്ചുപോയ ബിയാങ്ക പറയുന്നു: “മറ്റുള്ളവർ എന്റെകൂടെ ഇരുന്ന് പ്രാർഥിക്കുന്നതും ഒന്നോ രണ്ടോ തിരുവെഴുത്തുകൾ വായിക്കുന്നതും എനിക്ക് ആശ്വാസമാണ്. അവർ എന്റെ ഭർത്താവിനെക്കുറിച്ച് സംസാരിക്കുന്നതും ഞാൻ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ കേൾക്കുന്നതും എനിക്ക് വലിയ സഹായമാണ്.”
“കരയുന്നവരുടെകൂടെ കരയുക”
16 വേർപാടിന്റെ വേദന അനുഭവിച്ചുകഴിയുന്ന ഒരു സഹക്രിസ്ത്യാനിക്കുവേണ്ടി പ്രാർഥിക്കുന്നതിന്റെ വില കുറച്ചുകാണരുത്. ചിലപ്പോൾ അദ്ദേഹത്തോടൊപ്പവും നമുക്കു പ്രാർഥിക്കാനാകും. ദുഃഖം നിറഞ്ഞ അത്തരമൊരു സാഹചര്യത്തിൽ ഉള്ളിലെ ചിന്തകളെല്ലാം ദൈവമുമ്പാകെ പകരാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നാം. പ്രാർഥനയ്ക്കിടെ നിങ്ങൾ കരഞ്ഞുപോയേക്കാം, നിങ്ങളുടെ വാക്കുകൾ മുറിഞ്ഞുപോയേക്കാം. എങ്കിലും അവർക്കുവേണ്ടിയുള്ള നിങ്ങളുടെ ആത്മാർഥമായ പ്രാർഥനകൾ അവരുടെ ദുഃഖത്തിനുള്ള ശക്തമായ മറുമരുന്നാണ്. ഡാലിൻ ഓർക്കുന്നു: “ആശ്വസിപ്പിക്കാൻ വന്ന സഹോദരിമാരോട്, എന്റെകൂടെ ഇരുന്ന് ഒന്നു പ്രാർഥിക്കാമോ എന്നു ഞാൻ ചോദിച്ചിട്ടുണ്ട്. പ്രാർഥിക്കാൻ തുടങ്ങുമ്പോൾ പലപ്പോഴും അവർക്കു വാക്കുകൾ കിട്ടാറില്ല. പക്ഷേ ഏതാനും ചില വാചകങ്ങൾ കഴിയുമ്പോൾ അവർ സമനില വീണ്ടെടുത്ത് വളരെ ഹൃദയസ്പർശിയായ പ്രാർഥന നടത്തും. അവരുടെ ശക്തമായ വിശ്വാസവും സ്നേഹവും എന്നെക്കുറിച്ചുള്ള ചിന്തയും എന്റെ വിശ്വാസത്തെ വളരെയധികം ശക്തിപ്പെടുത്തിയിട്ടുണ്ട്.”
“കരയുന്നവരുടെകൂടെ കരയുക”
17 വേർപാടിന്റെ ദുഃഖം തെല്ലൊന്നടങ്ങാൻ ഓരോ വ്യക്തിക്കും എത്രത്തോളം സമയം വേണ്ടിവരുമെന്നു പറയാനാകില്ല. ഒരാൾ മരിച്ചാൽ പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കാൻ കുറച്ച് ദിവസത്തേക്കു സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ചുറ്റും കാണും. പക്ഷേ പതിയെപ്പതിയെ അവരെല്ലാം തങ്ങളുടേതായ തിരക്കുകളിലേക്കു മടങ്ങിയേക്കാം. അപ്പോഴും നിങ്ങൾ അവരെ സഹായിക്കാൻ തയ്യാറായിരിക്കണം. “യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.” (സുഭാ. 17:17) ഒരാൾ വേർപാടിന്റെ ദുഃഖവുമായി പൊരുത്തപ്പെടാൻ എത്ര നാളെടുത്താലും ആ സമയമത്രയും അവർക്കു വലിയൊരു ആശ്വാസമായിരിക്കാൻ സഹക്രിസ്ത്യാനികൾക്കാകും.—1 തെസ്സലോനിക്യർ 3:7 വായിക്കുക.
18 വേർപാടിന്റെ വേദനയുമായി കഴിയുന്നവർക്കു പെട്ടെന്നായിരിക്കും മനസ്സിൽ ദുഃഖത്തിന്റെ വേലിയേറ്റമുണ്ടാകുന്നതെന്നും ഓർക്കുക. ചിലപ്പോൾ വിവാഹവാർഷികംപോലുള്ള ചില പ്രത്യേകദിവസങ്ങളോ ഏതെങ്കിലും സംഗീതമോ ഫോട്ടോകളോ ഒരു പ്രത്യേകഗന്ധമോ ശബ്ദമോ ഋതുക്കളുടെ മാറ്റമോ ഒക്കെ ദുഃഖത്തിനു തിരി കൊളുത്തിയേക്കാം. ചില പ്രത്യേകകാര്യങ്ങൾ ചെയ്യുമ്പോഴും പ്രിയപ്പെട്ടവരുടെ ഓർമകൾ ഓടിയെത്തിയേക്കാം. ഒറ്റയ്ക്കായതിനു ശേഷം ആദ്യമായി വരുന്ന സമ്മേളനമോ സ്മാരകമോ പോലുള്ള ചില അവസരങ്ങളും വേദനയ്ക്കു കാരണമാകാം. ഒരു സഹോദരൻ പറയുന്നു: “എന്റെ ഭാര്യയെ നഷ്ടപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ വിവാഹവാർഷികത്തെ എങ്ങനെ നേരിടുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അതു വളരെ ബുദ്ധിമുട്ടായിരുന്നുതാനും. പക്ഷേ എനിക്ക് ഒറ്റപ്പെടൽ തോന്നാതിരിക്കാൻ ചില സഹോദരീസഹോദരന്മാർ എന്റെ അടുത്ത സുഹൃത്തുക്കളെ വിളിച്ച് ഒരു കൂടിവരവ് ക്രമീകരിച്ചു.”
19 എന്നാൽ പ്രത്യേകം ചില അവസരങ്ങളിൽ മാത്രമല്ല അവർക്ക് ആശ്വാസം വേണ്ടതെന്ന് ഓർക്കുക. യൂനിയ പറയുന്നു: “വാർഷികദിനങ്ങളല്ലാത്ത മറ്റു ദിവസങ്ങളിലും ഒരാൾക്കു സഹായമേകാനും കൂട്ടായിരിക്കാനും സാധിക്കുമെങ്കിൽ അതു വളരെ നല്ലതായിരിക്കും. പ്രതീക്ഷിക്കാതിരിക്കുമ്പോൾ വന്നുചേരുന്ന അത്തരം നിമിഷങ്ങൾ വളരെ വിലപ്പെട്ടതാണ്, അതു വലിയ ആശ്വാസം തരും.” പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ ഒരു വ്യക്തിക്കു തോന്നുന്ന ദുഃഖം മുഴുവൻ ഇല്ലാതാക്കാനോ ആ ശൂന്യത പൂർണമായി നികത്താനോ നമുക്കു കഴിയില്ലെന്നതു സത്യമാണ്. പക്ഷേ ദുഃഖിതരെ സഹായിക്കാൻ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ അവർക്ക് ഒരളവുവരെ ആശ്വാസവും സാന്ത്വനവും കൊടുക്കുമെന്ന് ഓർക്കുക. (1 യോഹ. 3:18) ഗാബി പറയുന്നു: “ജീവിതത്തിലെ ബുദ്ധിമുട്ടു പിടിച്ച ഓരോ സാഹചര്യത്തിലും എനിക്കു കൈത്താങ്ങേകാൻ മൂപ്പന്മാരുണ്ടായിരുന്നു. അതിന് യഹോവയോടു വളരെ നന്ദിയുണ്ട്. യഹോവയുടെ സ്നേഹമുള്ള കരങ്ങൾ എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നതുപോലെ തോന്നി.”
ആത്മീയരത്നങ്ങൾ
‘എങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും’
18 നമ്മളെ വിഷമിപ്പിച്ച ഒരു സഹോദരനോടോ സഹോദരിയോടോ നേരിട്ട് കാര്യം സംസാരിക്കണമെന്നു ചിലപ്പോൾ നമുക്കു തോന്നിയേക്കാം. എന്നാൽ അതു ചെയ്യുന്നതിനു മുമ്പ് ഇങ്ങനെയെല്ലാം ചിന്തിക്കുന്നതു നന്നായിരിക്കും: ‘കാര്യത്തിന്റെ എല്ലാ വശങ്ങളും എനിക്ക് അറിയാമോ?’ (സുഭാ. 18:13) ‘ഒരുപക്ഷേ ആ വ്യക്തി അത് അറിയാതെ ചെയ്തതായിരിക്കുമോ?’ (സഭാ. 7:20) ‘എനിക്കും ഇതുപോലുള്ള തെറ്റുകൾ പറ്റാറില്ലേ?’ (സഭാ. 7:21, 22) ‘ഇനി, ഈ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാൻ ചെന്ന് ഞാൻ കാര്യങ്ങൾ കൂടുതൽ വഷളാക്കുമോ?’ (സുഭാഷിതങ്ങൾ 26:20 വായിക്കുക.) ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ, ആ പ്രശ്നം വിട്ടുകളയാൻ സ്നേഹം നമ്മളെ പ്രേരിപ്പിച്ചേക്കാം.
ഒക്ടോബർ 20-26
ദൈവവചനത്തിലെ നിധികൾ | സഭാപ്രസംഗകൻ 9-10
പരിശോധനകൾ ഉണ്ടാകുമ്പോൾ ശരിയായ വീക്ഷണം നിലനിറുത്തുക
ഒരിക്കലും ‘യഹോവയോടു മുഷിഞ്ഞുപോകരുത്’
20 യഥാർഥകാരണത്തെ പഴിക്കുക. നാം അങ്ങനെ ചെയ്യേണ്ടത് എന്തുകൊണ്ടാണ്? ഒരുപക്ഷേ, നമ്മുടെ ചില പ്രശ്നങ്ങൾക്ക് നാംതന്നെ ആയിരിക്കാം ഉത്തരവാദി. അങ്ങനെയാണെന്നു കണ്ടാൽ ആ വസ്തുത നാം അംഗീകരിക്കണം. (ഗലാ. 6:7) അതല്ലാതെ യഹോവയെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. യഹോവയെ കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണു ന്യായമല്ലാത്തത്? ഇങ്ങനെയൊന്നു ചിന്തിക്കുക: ഒരു വാഹനം നല്ല വേഗത്തിൽ ഓടിക്കാൻ പറ്റുമെന്നിരിക്കട്ടെ. ഒരു കൊടുംവളവിലെത്തിയപ്പോൾ ഡ്രൈവർ വാഹനം അമിതവേഗത്തിൽ ഓടിച്ച് അപകടത്തിൽപ്പെടുന്നു. ആ അപകടത്തിന് നിങ്ങൾ വാഹനനിർമാതാവിനെ കുറ്റപ്പെടുത്തുമോ? ഒരിക്കലുമില്ല. സമാനമായി, യഹോവ നമ്മെ സ്വതന്ത്ര ഇച്ഛാശക്തിയുള്ളവരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ അതോടൊപ്പം ജ്ഞാനപൂർവമായ തീരുമാനങ്ങൾ എടുക്കാനുള്ള മാർഗനിർദേശങ്ങളും അവൻ നൽകിയിട്ടുണ്ട്. ആ സ്ഥിതിക്ക് സ്വന്തം പിഴവുകൾക്ക് നാം സ്രഷ്ടാവിനെ കുറ്റപ്പെടുത്തുന്നത് എന്തിന്?
21 നമ്മുടെ എല്ലാ പ്രശ്നങ്ങളും നമ്മുടെതന്നെ പിഴവുകളോ തെറ്റായ നടപടികളോ കൊണ്ട് ഉണ്ടാകുന്നതല്ല എന്നതു ശരിയാണ്. ചിലതെല്ലാം “യാദൃച്ഛികമായി സംഭവിക്കുന്നതാണ്.” (സഭാ. 9:11, പി.ഒ.സി.) എന്നാൽ ആത്യന്തികമായി, ദുഷ്ടതയുടെ മുഖ്യകാരണക്കാരൻ പിശാചായ സാത്താനാണെന്ന വസ്തുത നാം ഒരിക്കലും മറക്കരുത്. (1 യോഹ. 5:19; വെളി. 12:9) അതെ, അവനാണ് ശത്രു, യഹോവയല്ല!—1 പത്രോ. 5:8.
യഹോവ താഴ്മയുള്ള ദാസന്മാരെ വിലമതിക്കുന്നു
10 താഴ്മ നമ്മുടെ ജീവിതം എളുപ്പമുള്ളതാക്കും. എങ്ങനെ? ജീവിതത്തിൽ പലപ്പോഴും നമുക്ക് അനീതിയെന്നു തോന്നുന്ന കാര്യങ്ങൾ കാണുകയോ അനുഭവിക്കുകയോ ചെയ്യേണ്ടിവരും. ജ്ഞാനിയായ ശലോമോൻ രാജാവ് ഇങ്ങനെ പറഞ്ഞു: “ദാസർ കുതിരപ്പുറത്ത് സവാരി ചെയ്യുന്നതു ഞാൻ കണ്ടിട്ടുണ്ട്. അതേസമയം പ്രഭുക്കന്മാർ ദാസരെപ്പോലെ നടന്നുപോകുന്നതും കണ്ടിട്ടുണ്ട്.” (സഭാ. 10:7) നല്ല കഴിവുള്ളവർക്കുപോലും ബഹുമതിയോ അംഗീകാരമോ കിട്ടിയെന്നുവരില്ല. എന്നാൽ കഴിവ് കുറഞ്ഞവർക്കു കൂടുതൽ ആദരവും ശ്രദ്ധയും ചിലപ്പോഴൊക്കെ കിട്ടാറുമുണ്ട്. എങ്കിൽപ്പോലും, മോശം സാഹചര്യങ്ങളെക്കുറിച്ച് ഓർത്ത് അസ്വസ്ഥരാകുന്നതിനു പകരം ജീവിതയാഥാർഥ്യങ്ങളെ അംഗീകരിക്കുന്നതാണു ബുദ്ധിയെന്നു ശലോമോൻ മനസ്സിലാക്കി. (സഭാ. 6:9) താഴ്മയുണ്ടെങ്കിൽ, ഇഷ്ടമില്ലാത്ത കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോഴും അവയോടു പൊരുത്തപ്പെടാൻ നമുക്ക് എളുപ്പമായിരിക്കും.
നിങ്ങളുടെ വിനോദം പ്രയോജനപ്രദമാണോ?
നാം ജീവിതം ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നു എന്ന് കാണിക്കുന്ന പല തിരുവെഴുത്തു ഭാഗങ്ങളും ബൈബിളിൽ കാണാനാകും. “ഭൂമിയിൽനിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും (യഹോവ) ഉത്ഭവിപ്പിക്കുന്നു” എന്ന് സങ്കീർത്തനം 104:14, 15 പറയുന്നു. അതെ, നമുക്ക് ആവശ്യമായ ധാന്യവും എണ്ണയും വീഞ്ഞും നൽകുന്ന സസ്യങ്ങളെ വളരുമാറാക്കുന്നത് യഹോവയാണ്. എന്നാൽ നമ്മുടെ ഉപജീവനത്തിന് അവശ്യം വേണ്ട ഒന്നല്ല വീഞ്ഞ്. നമ്മുടെ ‘ഹൃദയത്തെ സന്തോഷിപ്പിക്കാൻ,’ ജീവിതത്തെ കൂടുതൽ ആനന്ദഭരിതമാക്കാൻ, യഹോവ നൽകിയ ഒരു ദാനമാണത്. (സഭാ. 9:7; 10:19) നാം ജീവിച്ചിരിക്കണമെന്നു മാത്രമല്ല ജീവിതം ആസ്വദിക്കണമെന്നും നമ്മുടെ ഹൃദയം ‘ആനന്ദം’കൊണ്ട് നിറയണമെന്നും യഹോവ ആഗ്രഹിക്കുന്നു എന്നല്ലേ ഇതു കാണിക്കുന്നത്?—പ്രവൃ. 14:16, 17.
2 അതുകൊണ്ട്, “ആകാശത്തിലെ പക്ഷികളെ”യും “വയലിലെ ലില്ലികളെ”യും നിരീക്ഷിക്കാനോ ജീവിതത്തെ ആനന്ദദായകമാക്കുന്ന രസകരമായ മറ്റെന്തെങ്കിലും ചെയ്യാനോ ഇടയ്ക്കൊക്കെ സമയം കണ്ടെത്തുന്നതിൽ തെറ്റൊന്നുമില്ല. (മത്താ. 6:26, 28; സങ്കീ. 8:3, 4) സന്തോഷം നിറഞ്ഞ ജീവിതം ‘ദൈവത്തിന്റെ ദാനമാണ്.’ (സഭാ. 3:12, 13) വിനോദത്തിനായി ചെലവിടുന്ന സമയവും ആ ദാനത്തിന്റെ ഭാഗമാണെന്ന കാര്യം മനസ്സിൽപ്പിടിക്കുന്നെങ്കിൽ ദൈവത്തിനു പ്രസാദകരമായ വിധത്തിൽ അത് ഉപയോഗിക്കാൻ നാം പ്രേരിതരായിത്തീരും.
ആത്മീയരത്നങ്ങൾ
it “പരകാര്യങ്ങൾ പറഞ്ഞുനടക്കുന്നത്, പരദൂഷണം” ¶4, 8
പരകാര്യങ്ങൾ പറഞ്ഞുനടക്കുന്നത്, പരദൂഷണം
പരകാര്യങ്ങൾ പറഞ്ഞുനടക്കുന്നത് ചിലപ്പോൾ പരദൂഷണത്തിലേക്ക് എത്തിയേക്കാം. പറഞ്ഞുനടക്കുന്ന വ്യക്തിക്കുതന്നെ അതു ദോഷം ചെയ്യുന്നു. സഭാപ്രസംഗകൻ 10:12-14 വരെയുള്ള വാക്കുകൾ എത്ര സത്യമാണ്. അവിടെ ഇങ്ങനെ പറയുന്നു: “മണ്ടന്റെ ചുണ്ടുകളോ അവനു നാശം വരുത്തുന്നു. അവന്റെ വായിൽനിന്ന് ആദ്യം വരുന്നതു വിഡ്ഢിത്തമാണ്. ഒടുവിൽ വരുന്നതോ വിനാശകമായ ഭ്രാന്തും. എന്നിട്ടും വിഡ്ഢി സംസാരം നിറുത്തുന്നില്ല.”
പരകാര്യങ്ങൾ പറഞ്ഞുനടക്കുന്നത് അത്ര ഉപദ്രവം ചെയ്യില്ലെന്നു തോന്നിയാലും അത് പെട്ടെന്നു പരദൂഷണമായി മാറാൻ സാധ്യതയുണ്ട്. പരദൂഷണം എപ്പോഴും ആളുകൾക്ക് ഉപദ്രവം ചെയ്യുകയും അവരെ വേദനിപ്പിക്കുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. തെറ്റായ ഉദ്ദേശ്യത്തോടെയോ അല്ലാതെയോ ഒരാൾ പരദൂഷണം പറഞ്ഞേക്കാം. എന്തുതന്നെയായാലും ആ വ്യക്തിക്കു ദൈവത്തിന്റെ അംഗീകാരം നഷ്ടമായേക്കാം. “സഹോദരന്മാർക്കിടയിൽ കലഹം ഉണ്ടാക്കുന്ന മനുഷ്യനെ” ദൈവം വെറുക്കുന്നു. (സുഭ 6:16-19) “പരദൂഷണം പറയുന്നവർ” അല്ലെങ്കിൽ “ആരോപകൻ” എന്നതിനുള്ള ഗ്രീക്കു പദം ഡിയാബൊലൊസ് ആണ്. ദൈവത്തെ ഏറ്റവും കൂടുതൽ ദുഷിച്ചുപറഞ്ഞ സാത്താനെ കുറിക്കാനും ഈ പദം ഉപയോഗിച്ചിരിക്കുന്നു.—യോഹ 8:44; വെളി 12:9, 10; ഉൽ 3:2-5.
ഒക്ടോബർ 27–നവംബർ 2
ദൈവവചനത്തിലെ നിധികൾ | സഭാപ്രസംഗകൻ 11-12
ആരോഗ്യത്തോടിരിക്കുക, ജീവിതം ആസ്വദിക്കുക
സൃഷ്ടികളെ ഉപയോഗിച്ച് യഹോവയെക്കുറിച്ച് മക്കളെ പഠിപ്പിക്കുക
16 കുടുംബങ്ങൾക്കു സന്തോഷിക്കാനും രസിക്കാനും ഉള്ള അവസരവും യഹോവയുടെ സൃഷ്ടികൾ നൽകുന്നു. കുടുംബം ഒരുമിച്ച് അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അവർക്കിടയിലെ സ്നേഹബന്ധം ശക്തമാകും. ബൈബിൾ പറയുന്നത്: ‘ചിരിക്കാൻ ഒരു സമയവും തുള്ളിച്ചാടാൻ ഒരു സമയവും’ ഉണ്ടെന്നാണ്. (സഭാ. 3:1, 4) നമുക്കു ശരിക്കും സന്തോഷംതരുന്ന പല കാര്യങ്ങളും ചെയ്യാൻ പറ്റിയ ഇടങ്ങൾ യഹോവ ഭൂമിയിൽ സൃഷ്ടിച്ചിരിക്കുന്നു. പല കുടുംബങ്ങളും, പ്രകൃതിരമണീയമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതും മല കയറുന്നതും കടൽത്തീരത്ത് പോകുന്നതും ഇഷ്ടപ്പെടുന്നു. ചില കുട്ടികൾക്കു പാർക്കിൽ ഓടിക്കളിക്കാനും മൃഗങ്ങളെ കാണാനും നദിയിലോ തടാകത്തിലോ കടലിലോ ഒക്കെ നീന്താനും വലിയ ഇഷ്ടമാണ്. യഹോവയുടെ സൃഷ്ടികൾ നിറഞ്ഞ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ വിനോദത്തിനുള്ള എത്ര നല്ല അവസരങ്ങളാണു നമുക്കുള്ളത്!
ദൈവം തന്ന ജീവൻ എന്ന സമ്മാനത്തെ വിലയേറിയതായി കാണുക
6 ആരോഗ്യപരിപാലനത്തെക്കുറിച്ചോ ഭക്ഷണക്രമത്തെക്കുറിച്ചോ വിവരിക്കുന്ന ഒരു പുസ്തകമല്ല ബൈബിൾ. എന്നാൽ അക്കാര്യങ്ങളെ യഹോവ എങ്ങനെയാണു കാണുന്നതെന്നു മനസ്സിലാക്കാൻ ബൈബിൾ സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന് അമിതമായ തീറ്റിയും കുടിയും പോലെ ‘ശരീരത്തിനു ഹാനികരമായ കാര്യങ്ങൾ ഒഴിവാക്കാനുള്ള’ ഉപദേശം യഹോവ നമുക്കു തന്നിട്ടുണ്ട്. കാരണം, അവ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുകയോ ജീവൻ അപകടത്തിലാക്കുകയോ ചെയ്തേക്കാം. (സഭാ. 11:10; സുഭാ. 23:20) അതുകൊണ്ട് എന്തു കഴിക്കണം, എത്രത്തോളം കഴിക്കണം എന്നീ കാര്യങ്ങളിൽ നമ്മൾ ആത്മനിയന്ത്രണം പാലിക്കാൻ യഹോവ പ്രതീക്ഷിക്കുന്നുണ്ട്.—1 കൊരി. 6:12; 9:25.
7 ചിന്താശേഷി ഉപയോഗിച്ച് നല്ല തീരുമാനങ്ങളെടുത്തുകൊണ്ട് ദൈവം തന്ന സമ്മാനമായ ജീവനെ വിലപ്പെട്ടതായി കാണുന്നുണ്ടെന്നു തെളിയിക്കാനാകും. (സങ്കീ. 119:99, 100; സുഭാഷിതങ്ങൾ 2:11 വായിക്കുക.) ഉദാഹരണത്തിന് ഭക്ഷണത്തിന്റെ കാര്യത്തിൽ. ചില ഭക്ഷണസാധനങ്ങൾ നമുക്ക് ഒരുപാട് ഇഷ്ടമായിരിക്കാം. പക്ഷേ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നു കണ്ടാൽ അവ ഒഴിവാക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കും. കൂടാതെ, നന്നായി വിശ്രമിക്കാനും പതിവായി വ്യായാമം ചെയ്യാനും ശുചിത്വശീലങ്ങൾ പാലിക്കാനും വീടും പരിസരവും വൃത്തിയാക്കിയിടാനും ശ്രമിച്ചുകൊണ്ട് സുബോധമുള്ളവരാണെന്നും നമുക്കു തെളിയിക്കാം.
‘വചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവരാകുക’
2 യഹോവയുടെ ആരാധകരായ നമ്മളെല്ലാം സന്തോഷമുള്ളവരാണ്. എന്തുകൊണ്ട്? പല കാരണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് നമ്മൾ ദിവസവും ബൈബിൾ വായിക്കുകയും പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ്.—യാക്കോബ് 1:22-25 വായിക്കുക.
3 ‘വചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുമ്പോൾ’ നമുക്കു പല പ്രയോജനങ്ങളുണ്ട്. ഉദാഹരണത്തിന്, നമ്മൾ ദൈവവചനം അനുസരിക്കുന്നത് യഹോവയെ സന്തോഷിപ്പിക്കും. ആ ബോധ്യം നമുക്കു സന്തോഷം തരും. (സഭാ. 12:13) ഇനി, ദൈവവചനത്തിൽനിന്ന് വായിച്ചതിനു ചേർച്ചയിൽ ജീവിക്കുമ്പോൾ നമ്മുടെ കുടുംബജീവിതം മെച്ചപ്പെടും. അതുപോലെ സഹോദരങ്ങളുമായുള്ള സൗഹൃദവും ശക്തമാകും. അതു സത്യമാണെന്നു സ്വന്തം ജീവിതത്തിൽനിന്ന് നിങ്ങൾക്കു തോന്നുന്നില്ലേ? മറ്റൊരു പ്രയോജനം, യഹോവയുടെ വഴികൾ അനുസരിക്കാത്തവർക്ക് ഉണ്ടാകുന്ന പല പ്രശ്നങ്ങളും നമുക്ക് ഒഴിവാക്കാനാകും. ദാവീദ് രാജാവ് പറഞ്ഞതുപോലെയായിരിക്കും നമുക്കും തോന്നുന്നത്. 19-ാം സങ്കീർത്തനത്തിൽ യഹോവയുടെ നിയമത്തെയും ആജ്ഞകളെയും വിധികളെയും കുറിച്ചൊക്കെ പറഞ്ഞതിനു ശേഷം ഒടുവിൽ ദാവീദ് ഇങ്ങനെ എഴുതി: “അവ പാലിച്ചാൽ വലിയ പ്രതിഫലമുണ്ട്.”—സങ്കീ. 19:7-11.
ആത്മീയരത്നങ്ങൾ
ആരാണു ബൈബിളിന്റെ ഗ്രന്ഥകർത്താവ്?
ദിവ്യ നിശ്വസ്തത എഴുത്തുകാരന്റെ വ്യക്തിത്വ തനിമയ്ക്കു മാറ്റംവരുത്തിയില്ല. വാസ്തവത്തിൽ, ദൈവിക സന്ദേശം രേഖപ്പെടുത്താൻ വ്യക്തിപരമായ ശ്രമം ആവശ്യമായിരുന്നു. ഉദാഹരണത്തിന്, ബൈബിളിലെ സഭാപ്രസംഗി എന്ന പുസ്തകത്തിന്റെ എഴുത്തുകാരൻ “ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ . . . ഉത്സാഹിച്ചു” എന്നു പറയുകയുണ്ടായി. (സഭാപ്രസംഗി 12:10) ‘ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തകം,’ ‘യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകം’ എന്നിവപോലുള്ള 14 സ്രോതസ്സുകളെങ്കിലും പരിശോധിച്ചാണ് എസ്രാ ചരിത്രരേഖ സമാഹരിച്ചത്. (1 ദിനവൃത്താന്തം 27:24; 2 ദിനവൃത്താന്തം 16:11) സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ് ‘എല്ലാകാര്യങ്ങളും പ്രാരംഭം മുതൽക്കേ സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി എഴുതി.’—ലൂക്കൊസ് 1:3, പി.ഒ.സി.
ചില ബൈബിൾ പുസ്തകങ്ങൾ എഴുത്തുകാരന്റെ വ്യക്തിത്വസവിശേഷതകൾ വെളിച്ചത്തുകൊണ്ടുവരുന്നു. യേശുവിന്റെ ശിഷ്യനാകുന്നതിനുമുമ്പ് ഒരു നികുതി പിരിവുകാരനായിരുന്ന മത്തായി ലേവി, സംഖ്യകൾക്കു പ്രത്യേക ശ്രദ്ധ നൽകി. യേശുവിനെ ഒറ്റിക്കൊടുത്തതിന്റെ പ്രതിഫലം “മുപ്പതു വെള്ളിക്കാശ്” ആണെന്നു പറയുന്ന ഏക സുവിശേഷകൻ അദ്ദേഹമാണ്. (മത്തായി 27:3; മർക്കൊസ് 2:14) വൈദ്യനായിരുന്ന ലൂക്കൊസ്, വൈദ്യസംബന്ധമായ വിവരങ്ങൾ വളരെ കൃത്യതയോടെ രേഖപ്പെടുത്തി. യേശു സുഖപ്പെടുത്തിയ ചിലരുടെ അവസ്ഥ വിവരിക്കവേ, “കഠിനജ്വരം,” ‘കുഷ്ഠം നിറഞ്ഞ’ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ അദ്ദേഹം ഉപയോഗിച്ചു. (ലൂക്കൊസ് 4:38; 5:12; കൊലൊസ്സ്യർ 4:14) സ്വന്തം വാക്കിലും ശൈലിയിലും ആശയങ്ങൾ പ്രകടിപ്പിക്കാൻ യഹോവ മിക്കപ്പോഴും എഴുത്തുകാരെ അനുവദിച്ചുവെന്നും അതേസമയം തന്റെ ആശയങ്ങൾ കൃത്യതയോടെ പകർത്തപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനായി ദൈവം അവരുടെ മനസ്സുകളെ സ്വാധീനിച്ചുവെന്നുമാണ് ഇതു കാണിക്കുന്നത്.—സദൃശവാക്യങ്ങൾ 16:9.