പഠനലേഖനം 21
യഹോവ എങ്ങനെയാണു നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരുന്നത്?
‘ദൈവത്തോടു ചോദിച്ചതു തീർച്ചയായും ലഭിക്കുമെന്നു നമുക്ക് അറിയാം.’—1 യോഹ. 5:15.
ഗീതം 41 എന്റെ പ്രാർഥന കേൾക്കേണമേ
ചുരുക്കംa
1-2. പ്രാർഥനയുടെ കാര്യത്തിൽ ചിലപ്പോൾ നമുക്ക് എന്തു തോന്നിയേക്കാം?
യഹോവ പ്രാർഥനകൾക്ക് ഉത്തരം തരുന്നുണ്ടോ എന്നു പല സഹോദരങ്ങളും സംശയിക്കാറുണ്ട്, പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ. നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? കഷ്ടതകളൊക്കെ സഹിക്കേണ്ടി വരുമ്പോൾ യഹോവ എങ്ങനെയാണു നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരുന്നതെന്നു നമുക്കു ചിലപ്പോൾ തിരിച്ചറിയാൻ കഴിയാതെപോയേക്കാം.
2 യഹോവ തന്റെ ആരാധകരുടെ പ്രാർഥനയ്ക്ക് ഉത്തരം തരുമെന്ന് ഉറപ്പോടെ പറയാനാകുന്നത് എന്തുകൊണ്ടെന്ന് ഈ ലേഖനത്തിൽ നമ്മൾ കാണും. (1 യോഹ. 5:15) കൂടാതെ ഈ ചോദ്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യും: ചിലപ്പോഴൊക്കെ യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരാത്തതായി തോന്നിയേക്കാവുന്നത് എന്തുകൊണ്ട്? ഏതെല്ലാം വിധങ്ങളിലാണ് യഹോവ ഇന്നു പ്രാർഥനയ്ക്ക് ഉത്തരം തരുന്നത്?
പ്രതീക്ഷിക്കുന്ന ഉത്തരം കിട്ടണമെന്നില്ല
3. നമ്മൾ സഹായത്തിനായി പ്രാർഥിക്കാൻ യഹോവ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?
3 യഹോവ നമ്മളെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നും വളരെ വിലപ്പെട്ടവരായി കാണുന്നുണ്ടെന്നും ബൈബിൾ നമുക്ക് ഉറപ്പുതരുന്നു. (ഹഗ്ഗാ. 2:7; 1 യോഹ. 4:10) അതുകൊണ്ടാണു തന്നോടു സഹായം ചോദിക്കാൻ യഹോവ നമ്മളെ ക്ഷണിക്കുന്നത്. (1 പത്രോ. 5:6, 7) ദൈവവുമായി ഒരു നല്ല ബന്ധമുണ്ടായിരിക്കാനും പ്രശ്നങ്ങളുണ്ടാകുമ്പോൾ സഹിച്ചുനിൽക്കാനും വേണ്ട സഹായം നമുക്കു തരാൻ യഹോവ ആഗ്രഹിക്കുന്നുണ്ട്.
ശത്രുക്കളിൽനിന്ന് രക്ഷിച്ചുകൊണ്ട് ദാവീദിന്റെ പ്രാർഥനകൾക്ക് യഹോവ ഉത്തരം നൽകി (4-ാം ഖണ്ഡിക കാണുക)
4. യഹോവ തന്റെ ആരാധകരുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നുണ്ടെന്നു നമുക്ക് എങ്ങനെ അറിയാം? (ചിത്രവും കാണുക.)
4 യഹോവ തന്റെ ആരാധകരുടെ പ്രാർഥനകൾക്ക് ഉത്തരം കൊടുത്തതിനെക്കുറിച്ച് ബൈബിളിൽ നമ്മൾ മിക്കപ്പോഴും വായിക്കാറുണ്ട്. അതിനൊരു ഉദാഹരണമാണു ദാവീദ് രാജാവിന്റെ അനുഭവം. അദ്ദേഹത്തിനു ജീവിതകാലത്തെല്ലാം അപകടകാരികളായ പല ശത്രുക്കളെയും നേരിടേണ്ടിവന്നു. കൂടെക്കൂടെ അദ്ദേഹം പ്രാർഥനയിൽ യഹോവയുടെ സഹായം തേടുകയും ചെയ്തു. ഒരിക്കൽ അദ്ദേഹം യഹോവയോട് ഇങ്ങനെ അപേക്ഷിച്ചു: “യഹോവേ, എന്റെ പ്രാർഥന കേൾക്കേണമേ; സഹായത്തിനായുള്ള എന്റെ യാചന ശ്രദ്ധിക്കേണമേ. അങ്ങയുടെ വിശ്വസ്തതയ്ക്കും നീതിക്കും ചേർച്ചയിൽ എനിക്ക് ഉത്തരമേകേണമേ.” (സങ്കീ. 143:1) ശത്രുക്കളിൽനിന്ന് രക്ഷിക്കാൻ ദാവീദ് പ്രാർഥിച്ചപ്പോൾ യഹോവ ഉത്തരം നൽകി. (1 ശമു. 19:10, 18-20; 2 ശമു. 5:17-25) അതുകൊണ്ട് ഉറച്ച ബോധ്യത്തോടെ ദാവീദിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും, . . . യഹോവ സമീപസ്ഥൻ.” നമുക്കും അതേ ഉറപ്പുണ്ടായിരിക്കാനാകും.—സങ്കീ. 145:18.
സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി നൽകിക്കൊണ്ട് പൗലോസിന്റെ പ്രാർഥനകൾക്ക് യഹോവ ഉത്തരം നൽകി (5-ാം ഖണ്ഡിക കാണുക)
5. കഴിഞ്ഞകാലങ്ങളിൽ ദൈവദാസർ പ്രാർഥിച്ചപ്പോൾ യഹോവ എപ്പോഴും അവർ പ്രതീക്ഷിച്ച ഉത്തരം നൽകിയോ? ഒരു ഉദാഹരണം പറയുക. (ചിത്രവും കാണുക.)
5 നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ യഹോവ എപ്പോഴും പ്രാർഥനയ്ക്ക് ഉത്തരം തരണമെന്നില്ല. അതാണ് അപ്പോസ്തലനായ പൗലോസിന്റെ കാര്യത്തിൽ സംഭവിച്ചത്. ‘ജഡത്തിലെ ഒരു മുള്ളു’ നീക്കിത്തരണമെന്ന് അദ്ദേഹം ദൈവത്തോട് അപേക്ഷിച്ചു. ഇതേ പ്രശ്നത്തെക്കുറിച്ച് അദ്ദേഹം മൂന്നു തവണ പ്രാർഥിച്ചു. യഹോവ ആ പ്രാർഥനയ്ക്ക് ഉത്തരം കൊടുത്തോ? കൊടുത്തു. പക്ഷേ, പൗലോസ് പ്രതീക്ഷിച്ച രീതിയിലായിരുന്നില്ലെന്നു മാത്രം. ആ പ്രശ്നം പരിഹരിക്കുന്നതിനു പകരം ദൈവത്തെ തുടർന്നും വിശ്വസ്തമായി സേവിക്കാൻ ആവശ്യമായ ശക്തി നൽകികൊണ്ടാണ് യഹോവ അതു ചെയ്തത്.—2 കൊരി. 12:7-10.
6. ചിലപ്പോൾ യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരുന്നില്ലെന്നു തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
6 നമ്മുടെ കാര്യത്തിലും, പ്രതീക്ഷിക്കാത്ത ഒരു ഉത്തരമായിരിക്കാം യഹോവ ചിലപ്പോൾ തരുന്നത്. നമ്മളെ എങ്ങനെ ഏറ്റവും നന്നായി സഹായിക്കാമെന്ന് യഹോവയ്ക്കു കൃത്യമായി അറിയാം, അത് ഉറപ്പാണ്. ‘നമ്മൾ ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നതിനെക്കാളെല്ലാം വളരെയധികമായിപ്പോലും’ ചെയ്തുതരാൻ ദൈവത്തിനു കഴിയും. (എഫെ. 3:20) അതുകൊണ്ട് നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തോ ചിന്തിക്കാത്ത രീതിയിലോ ആയിരിക്കാം നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം കിട്ടുന്നത്.
7. നമ്മൾ പ്രാർഥിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിനു മാറ്റം വരുത്തേണ്ടി വന്നേക്കാവുന്നത് എന്തുകൊണ്ട്? ഒരു ഉദാഹരണം പറയുക.
7 നമ്മളെക്കുറിച്ചുള്ള യഹോവയുടെ ഇഷ്ടം എന്താണെന്നു കൂടുതൽ നന്നായി മനസ്സിലാകുമ്പോൾ പ്രാർഥിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിനു നമ്മൾ മാറ്റം വരുത്തേണ്ടിവന്നേക്കാം. മാർട്ടിൻ പോട്ട്സിങ്ങർ സഹോദരന്റെ അനുഭവം അതാണു കാണിക്കുന്നത്. കല്യാണം കഴിഞ്ഞ് പെട്ടെന്നുതന്നെ അദ്ദേഹം നാസി തടങ്കൽപ്പാളയത്തിലായി. ആദ്യമൊക്കെ അദ്ദേഹം അവിടെനിന്ന് പുറത്ത് കടക്കാൻ സഹായിക്കണേ എന്ന് യഹോവയോടു പ്രാർഥിച്ചു. അങ്ങനെയാകുമ്പോൾ ഭാര്യയുടെ കാര്യം നോക്കാനും പ്രസംഗപ്രവർത്തനം തുടരാനും അദ്ദേഹത്തിനു കഴിയുമായിരുന്നു. പക്ഷേ, രണ്ടാഴ്ച കാത്തിരുന്നിട്ടും യഹോവ ആ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നതിന്റെ സൂചനയൊന്നും കണ്ടില്ല. അതുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രാർഥിക്കാൻ തുടങ്ങി: “യഹോവേ, ഞാൻ എന്തു ചെയ്യാനാണ് അങ്ങ് ആഗ്രഹിക്കുന്നതെന്ന് എനിക്കു കാണിച്ച് തരേണമേ.” അപ്പോൾ അദ്ദേഹം തന്റെ കൂടെയുള്ള മറ്റു സഹോദരങ്ങളെക്കുറിച്ച് ചിന്തിക്കാൻതുടങ്ങി. അവരിൽ പലരും തങ്ങളുടെ ഭാര്യമാരെയും മക്കളെയും ഓർത്ത് വളരെ വിഷമിക്കുന്നുണ്ടായിരുന്നു. അവർക്കു പ്രോത്സാഹനം ആവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തുടർന്ന് പോട്ട്സിങ്ങർ സഹോദരൻ ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, എനിക്ക് ഈ പുതിയ നിയമനം തന്നതിന് ഒരുപാടു നന്ദി. എന്റെ സഹോദരങ്ങളെ ബലപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും എന്നെ സഹായിക്കണേ.” തുടർന്നുള്ള ഒൻപതു വർഷം തടങ്കൽപ്പാളയത്തിൽ അദ്ദേഹം ചെയ്തതും അതുതന്നെയാണ്.
8. പ്രാർഥനയോടുള്ള ബന്ധത്തിൽ ഏതു പ്രധാനപ്പെട്ട കാര്യം നമ്മൾ ഓർക്കണം?
8 യഹോവയ്ക്ക് ഒരു ഉദ്ദേശ്യമുണ്ടെന്നും താൻ തീരുമാനിച്ചിരിക്കുന്ന സമയത്തുതന്നെ യഹോവ അതു നിറവേറ്റുമെന്നും നമ്മൾ ഓർക്കണം. ഇന്നു നമ്മുടെ ജീവിതം ദുരിതപൂർണമാക്കുന്ന പ്രകൃതിദുരന്തങ്ങൾ, രോഗം, മരണം എന്നിവപോലുള്ള എല്ലാ പ്രശ്നങ്ങളും എന്നേക്കുമായി നീക്കുക എന്നത് ആ ഉദ്ദേശ്യത്തിന്റെ ഭാഗമാണ്. തന്റെ രാജ്യത്തിലൂടെയാണ് യഹോവ അതു ചെയ്യാൻപോകുന്നത്. (ദാനി. 2:44; വെളി. 21:3, 4) പക്ഷേ, അതുവരെ ഈ ലോകത്തെ ഭരിക്കാൻ യഹോവ സാത്താനെ അനുവദിച്ചിരിക്കുകയാണ്.b (യോഹ. 12:31; വെളി. 12:9) ഇപ്പോൾ യഹോവ മനുഷ്യന്റെ പ്രശ്നങ്ങൾ പരിഹരിക്കുകയാണെങ്കിൽ സാത്താന്റെ ഭരണം നല്ലതാണെന്നു വന്നേക്കാം. അതുകൊണ്ടാണ് യഹോവ തന്റെ വാഗ്ദാനം നിറവേറ്റുന്ന സമയത്തിനായി നമ്മൾ കാത്തിരിക്കേണ്ടത്. അതിന്റെ അർഥം ഒരു സഹായവും തരാതെ യഹോവ നമ്മളെ ഉപേക്ഷിച്ചു എന്നല്ല. യഹോവ ഇന്നു നമ്മളെ സഹായിക്കുന്ന ചില വിധങ്ങളെക്കുറിച്ച് ഇനി നോക്കാം.
യഹോവ ഏതെല്ലാം വിധങ്ങളിലാണ് ഇന്നു പ്രാർഥനയ്ക്ക് ഉത്തരം തരുന്നത്?
9. തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോൾ യഹോവ എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്? ഒരു അനുഭവത്തിലൂടെ വിശദീകരിക്കുക.
9 ജ്ഞാനം തന്നുകൊണ്ട്. ശരിയായ തീരുമാനങ്ങളെടുക്കാൻ ആവശ്യമായ ജ്ഞാനം തരുമെന്ന് യഹോവ വാക്കുതന്നിട്ടുണ്ട്. നമ്മുടെ ജീവിതത്തെത്തന്നെ മാറ്റിയേക്കാവുന്ന വലിയവലിയ തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോൾ ദൈവത്തിൽനിന്നുള്ള ജ്ഞാനം നമുക്കു വളരെ ആവശ്യമാണ്. ഉദാഹരണത്തിന്, ഏകാകിയായി തുടരണോ, അതോ കല്യാണം കഴിക്കണോ എന്നതുപോലുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ. (യാക്കോ. 1:5) മരിയc എന്നു പേരുള്ള ഏകാകിനിയായ ഒരു സഹോദരിയുടെ അനുഭവം നോക്കുക. സഹോദരി സന്തോഷത്തോടെ സാധാരണ മുൻനിരസേവനം ചെയ്യുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു സഹോദരനെ കണ്ടുമുട്ടി. സഹോദരി പറയുന്നു: “ഞങ്ങൾ നല്ല കൂട്ടായി. ആ ബന്ധം വളർന്നതോടെ ഒരു തീരുമാനമെടുക്കേണ്ടതുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് അതെക്കുറിച്ച് ഞാൻ ഒരുപാടു നേരം മുട്ടിപ്പായി യഹോവയോടു പ്രാർഥിച്ചു. കാരണം എനിക്കു യഹോവയുടെ സഹായം വേണമായിരുന്നു. അതേസമയം യഹോവ എനിക്കുവേണ്ടി തീരുമാനമെടുക്കില്ലെന്നും എനിക്ക് അറിയാമായിരുന്നു.” ജ്ഞാനത്തിനായുള്ള പ്രാർഥനയ്ക്ക് യഹോവ ഉത്തരം നൽകിയതായി സഹോദരിക്കു തോന്നി. യഹോവ എങ്ങനെയാണ് അതു ചെയ്തത്? സഹോദരി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ നോക്കിയപ്പോൾ തന്റെ മനസ്സിലുള്ള ചോദ്യങ്ങൾക്കു കൃത്യമായി ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന ചില ലേഖനങ്ങൾ കിട്ടി. വിശ്വാസത്തിലുള്ള തന്റെ അമ്മയുടെ നല്ല ഉപദേശവും സഹോദരി ശ്രദ്ധിച്ചു. കാര്യങ്ങളെ നന്നായി വിലയിരുത്താനും ശരിയായ തീരുമാനമെടുക്കാനും അങ്ങനെ മരിയയ്ക്കു കഴിഞ്ഞു.
യഹോവ നമുക്കു സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി നൽകുന്നത് എങ്ങനെ? (10-ാം ഖണ്ഡിക കാണുക)
10. ഫിലിപ്പിയർ 4:13 അനുസരിച്ച് തന്റെ ആരാധകരെ സഹായിക്കാൻ യഹോവ എന്തു ചെയ്യും? ഒരു ഉദാഹരണം പറയുക. (ചിത്രവും കാണുക.)
10 സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി നൽകിക്കൊണ്ട്. അപ്പോസ്തലനായ പൗലോസിന്റെ കാര്യത്തിൽ ചെയ്തതുപോലെ പ്രശ്നങ്ങളൊക്കെ ഉള്ളപ്പോഴും സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി നൽകിക്കൊണ്ട് യഹോവ നമ്മളെയും സഹായിക്കും. (ഫിലിപ്പിയർ 4:13 വായിക്കുക.) ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളിൽ യഹോവ എങ്ങനെയാണു ബഞ്ചമിൻ സഹോദരനെ സഹായിച്ചതെന്നു നോക്കുക. ഏതാണ്ട് അദ്ദേഹത്തിന്റെ ചെറുപ്പകാലം മുഴുവൻ അദ്ദേഹവും വീട്ടുകാരും ആഫ്രിക്കയിലെ അഭയാർഥിക്യാമ്പുകളിലാണു കഴിഞ്ഞിരുന്നത്. സഹോദരൻ പറയുന്നു: “യഹോവയുടെ ഇഷ്ടം ചെയ്യാനുള്ള ശക്തിക്കായി ഞാൻ എപ്പോഴും പ്രാർഥിക്കുമായിരുന്നു. നല്ല മനസ്സമാധാനവും പ്രസംഗപ്രവർത്തനം തുടരാനുള്ള ധൈര്യവും ആത്മീയമായി ശക്തനായിരിക്കാനുള്ള പ്രസിദ്ധീകരണങ്ങളും നൽകിക്കൊണ്ട് യഹോവ ആ പ്രാർഥനയ്ക്ക് ഉത്തരം തന്നു.” ബഞ്ചമിൻ ഇങ്ങനെയും പറയുന്നു: “സഹോദരങ്ങൾക്ക് ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും സഹിച്ചുനിൽക്കാൻ യഹോവ അവരെ സഹായിച്ചതിനെക്കുറിച്ചും ഞാൻ വായിക്കാറുണ്ടായിരുന്നു. അതു വിശ്വസ്തനായി തുടരാനുള്ള എന്റെ തീരുമാനം കൂടുതൽ ശക്തമാക്കി.”
സഹോദരങ്ങളെ ഉപയോഗിച്ച് യഹോവ നിങ്ങളെ സഹായിച്ച ഏതെങ്കിലും സന്ദർഭം നിങ്ങൾ ഓർക്കുന്നുണ്ടോ? (11-12 ഖണ്ഡികകൾ കാണുക)d
11-12. നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം തരാൻ യഹോവ സഹോദരങ്ങളെ എങ്ങനെ ഉപയോഗിച്ചേക്കാം? (ചിത്രവും കാണുക.)
11 നമ്മുടെ സഹോദരങ്ങളെ ഉപയോഗിച്ചുകൊണ്ട്. തന്റെ മരണത്തിന്റെ തലേ രാത്രിയിൽ യേശു പിതാവിനോടു വളരെ വേദനയോടെ പ്രാർഥിച്ചു. ഒരു ദൈവനിന്ദകൻ എന്ന ആരോപണത്തിന്റെ പേരിൽ മരിക്കാൻ ഇടവരുത്തരുതേ എന്നാണു യേശു അപേക്ഷിച്ചത്. എന്നാൽ അതിനു പകരം, യേശുവിന്റെ ദൂതസഹോദരന്മാരിൽ ഒരാളെ അയച്ച് യേശുവിനെ ശക്തിപ്പെടുത്തുകയാണ് യഹോവ ചെയ്തത്. (ലൂക്കോ. 22:42, 43) അതുപോലെ സഹോദരങ്ങളെ ഉപയോഗിച്ച് യഹോവ നമ്മളെയും സഹായിച്ചേക്കാം. ചിലപ്പോൾ അവരുടെ ഒരു ഫോൺ വിളിയോ, അവർ നമ്മളെ കാണാൻ വരുന്നതോ നമുക്കു വലിയ പ്രോത്സാഹനം നൽകിയേക്കാം. അതുകൊണ്ട് സഹോദരങ്ങളോടു “നല്ല വാക്ക്” പറയാനുള്ള ഒരു അവസരവും നമുക്കു നഷ്ടപ്പെടുത്താതിരിക്കാം.—സുഭാ. 12:25.
12 മിര്യം എന്നു പേരുള്ള ഒരു സഹോദരിയുടെ അനുഭവം നോക്കാം. ഭർത്താവ് മരിച്ച് കുറച്ച് ആഴ്ചകൾക്കുശേഷം ഒരിക്കൽ സഹോദരി ഒറ്റയ്ക്കു വീട്ടിലിരിക്കുകയായിരുന്നു. വല്ലാത്ത സങ്കടവും നിരാശയും ഒക്കെ കാരണം സഹോദരിക്കു കരച്ചിൽ അടക്കാനായില്ല. ആരോടെങ്കിലും ഒന്നു സംസാരിക്കണമെന്നു തോന്നി. സഹോദരി പറയുന്നു: “ആരെയും ഫോൺ വിളിക്കാൻപോലുമുള്ള ശക്തി എനിക്കില്ലായിരുന്നു. അതുകൊണ്ട് ഞാൻ യഹോവയോടു പ്രാർഥിച്ചു. ഞാൻ അങ്ങനെ കരഞ്ഞ് പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നു ഫോൺ ബെല്ല് അടിച്ചു. ഒരു മൂപ്പനാണു വിളിച്ചത്, ഞങ്ങളുടെ ഒരു അടുത്ത സുഹൃത്ത്.” അദ്ദേഹവും ഭാര്യയും മിര്യമിനെ ഒരുപാട് ആശ്വസിപ്പിച്ചു. യഹോവയാണ് ആ സഹോദരനെക്കൊണ്ട് അപ്പോൾ അങ്ങനെ ചെയ്യിപ്പിച്ചതെന്നു മിര്യമിന് ഉറപ്പായിരുന്നു.
നമ്മളെ സഹായിക്കാൻ യഹോവ മറ്റുള്ളവരെ എങ്ങനെ പ്രേരിപ്പിച്ചേക്കാം? (13-14 ഖണ്ഡികകൾ കാണുക)
13. നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം തരാൻ സത്യാരാധകരല്ലാത്തവരെ ഉപയോഗിക്കാൻ യഹോവയ്ക്കാകും എന്നതിന് ഒരു ഉദാഹരണം പറയുക.
13 യഹോവയുടെ ആരാധകർ അല്ലാത്തവരെ ഉപയോഗിച്ചുകൊണ്ട്. (സുഭാ. 21:1) ചിലപ്പോഴൊക്കെ തന്റെ ആരാധകരുടെ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നതിനു സത്യാരാധകരല്ലാത്തവരെപ്പോലും യഹോവ ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, നെഹമ്യയുടെ പ്രാർഥനയ്ക്ക് യഹോവ ഉത്തരം കൊടുത്തത് ആ രീതിയിലാണ്. യരുശലേം പുതുക്കിപ്പണിയുന്നതിന് അവിടേക്കു പോകാൻ അദ്ദേഹം ആഗ്രഹിച്ചപ്പോൾ അതിന് അനുവാദം നൽകുന്നതിന് അർഥഹ്ശഷ്ട രാജാവിനെ യഹോവ പ്രേരിപ്പിച്ചു. (നെഹ. 2:3-6) ഇന്നും നമ്മളെ സഹായിക്കുന്നതിനു തന്റെ ആരാധകരല്ലാത്തവരെ ഉപയോഗിക്കാൻ യഹോവയ്ക്കാകും.
14. സ്യൂ ഹിങിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ചിത്രവും കാണുക.)
14 സ്യൂ ഹിങ് സഹോദരിയുടെ അനുഭവം അതാണു കാണിക്കുന്നത്. ഒരു ഡോക്ടറിലൂടെ യഹോവ തങ്ങളെ സഹായിച്ചതായി സഹോദരിക്കു തോന്നി. അവരുടെ മകനു ചെറുപ്പംമുതലേ പല തരത്തിലുള്ള മാനസികപ്രശ്നങ്ങളുണ്ടായിരുന്നു. പിന്നീട് അവനു വലിയൊരു അപകടമുണ്ടായി. അവനെ നോക്കാൻവേണ്ടി സഹോദരിക്കും ഭർത്താവിനും ജോലി രാജിവെക്കേണ്ടിവന്നു. അതോടെ അവർ വലിയ സാമ്പത്തികബുദ്ധിമുട്ടിലായി. എപ്പോൾ വേണമെങ്കിലും പൊട്ടാവുന്നത്ര വലിഞ്ഞുനിൽക്കുന്ന ഒരു റബ്ബർബാന്റുപോലെയായി തന്റെ അവസ്ഥ എന്നാണു സഹോദരി അതെക്കുറിച്ച് പറയുന്നത്. തന്റെ മനസ്സിലുള്ളതെല്ലാം സഹോദരി യഹോവയോടു പറഞ്ഞ് സഹായത്തിനായി അപേക്ഷിച്ചു. യഹോവ എങ്ങനെയാണ് ആ പ്രാർഥനയ്ക്ക് ഉത്തരം കൊടുത്തത്? അവരുടെ മകനെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടർ ഈ കുടുംബത്തെ എങ്ങനെയും സഹായിക്കണമെന്നു തീരുമാനിച്ചു. അതിലൂടെ ഗവൺമെന്റിൽനിന്നുള്ള സഹായവും വാടകയ്ക്ക് അവർക്കു പറ്റുന്ന ഒരു താമസസൗകര്യവും ലഭിച്ചു. പിന്നീട് സ്യൂ ഹിങ് അതെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “ഈ കാര്യത്തിൽ ഞങ്ങൾക്കു യഹോവയുടെ കൈ കാണാൻ കഴിഞ്ഞു. ശരിക്കും യഹോവ ‘പ്രാർഥന കേൾക്കുന്നവനാണ്.’”—സങ്കീ. 65:2.
യഹോവ തരുന്ന ഉത്തരം കണ്ടെത്താനും അതു സ്വീകരിക്കാനും വിശ്വാസം വേണം
15. യഹോവ തന്റെ പ്രാർഥനകൾക്ക് ഉത്തരം തരുന്നുണ്ടെന്നു തിരിച്ചറിയാൻ ഒരു സഹോദരിയെ എന്താണു സഹായിച്ചത്?
15 നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം കിട്ടുന്നത് എപ്പോഴും അത്ര ശ്രദ്ധിക്കപ്പെടുന്ന രീതിയിലായിരിക്കണമെന്നില്ല. എന്നാൽ യഹോവയോടു വിശ്വസ്തരായിരിക്കാൻ നമുക്ക് എന്താണോ ആവശ്യം അത് ഉത്തരമായി കിട്ടിയിരിക്കും. അതുകൊണ്ട് യഹോവ എങ്ങനെയാണു നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം തരുന്നതെന്നു നമ്മൾ എപ്പോഴും നോക്കിക്കൊണ്ടിരിക്കണം. യഹോവ തന്റെ പ്രാർഥനയ്ക്കൊന്നും ഉത്തരം തരുന്നില്ലെന്ന് യോക്കോ എന്നു പേരുള്ള ഒരു സഹോദരിക്കു തോന്നി. എന്നാൽ യഹോവയോടു താൻ ചോദിക്കുന്നതൊക്കെ പിന്നീട് സഹോദരി എഴുതിവെക്കാൻതുടങ്ങി. കുറച്ച് കാലം കഴിഞ്ഞ് സഹോദരി താൻ എഴുതിവെച്ചത് എടുത്തുനോക്കി. അപ്പോഴാണ് അറിയുന്നത്, താൻ പ്രാർഥിച്ച മിക്ക കാര്യങ്ങൾക്കും യഹോവ ഉത്തരം തന്നു എന്ന്. അവയിൽ ചിലതിനുവേണ്ടി പ്രാർഥിച്ച കാര്യംപോലും സഹോദരി അപ്പോഴേക്കും മറന്നുപോയിരുന്നു. അതുകൊണ്ട് നമ്മളും യഹോവ നമ്മുടെ പ്രാർഥനയ്ക്ക് എങ്ങനെയാണ് ഉത്തരം തരുന്നതെന്ന് ഇടയ്ക്കിടെ ചിന്തിക്കേണ്ടതുണ്ട്.—സങ്കീ. 66:19, 20.
16. പ്രാർഥനയുടെ കാര്യത്തിൽ നമുക്ക് എങ്ങനെ വിശ്വാസം തെളിയിക്കാം? (എബ്രായർ 11:6)
16 യഹോവയോടു പ്രാർഥിക്കുന്നതു നമ്മുടെ വിശ്വാസം തെളിയിക്കാനുള്ള ഒരു വിധമാണ്. (എബ്രായർ 11:6 വായിക്കുക.) എന്നാൽ, പ്രാർഥനയ്ക്കു യഹോവ തരുന്ന ഉത്തരം എന്തുതന്നെയായാലും അതു സ്വീകരിക്കുന്നതിലൂടെയും നമുക്കു വിശ്വാസം തെളിയിക്കാനാകും. മൈക്കിന്റെയും ഭാര്യ ക്രിസ്സിയുടെയും അനുഭവം നോക്കുക. അവർ ബഥേലിൽ സേവിക്കാൻ ലക്ഷ്യം വെച്ചിരുന്നു. മൈക്ക് പറയുന്നു: “ബഥേൽ സേവനത്തിനുവേണ്ടി ഞങ്ങൾ ഒരുപാടു തവണ അപേക്ഷ അയച്ചു. ഞങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് വീണ്ടുംവീണ്ടും യഹോവയോടു പ്രാർഥിച്ചു. പക്ഷേ, ഒരിക്കലും ഞങ്ങൾക്കു ബഥേലിലേക്കു ക്ഷണം കിട്ടിയില്ല.” എന്നാൽ, ദൈവസേവനത്തിൽ തങ്ങളെ ഏറ്റവും നന്നായി ഉപയോഗിക്കാൻ യഹോവയ്ക്ക് അറിയാം എന്ന കാര്യത്തിൽ മൈക്കിനും ക്രിസ്സിക്കും ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് അവർ ആവശ്യം അധികമുള്ളിടത്ത് മുൻനിരസേവനം ചെയ്തുകൊണ്ടും നിർമാണപ്രവർത്തനങ്ങളിൽ സഹായിച്ചുകൊണ്ടും ദൈവസേവനത്തിൽ തങ്ങളാലാകുന്നതെല്ലാം ചെയ്തുകൊണ്ടിരുന്നു. ഇപ്പോൾ അവർ സഞ്ചാരവേലയിലാണ്. മൈക്ക് പറയുന്നു: “ഞങ്ങൾ പ്രതീക്ഷിച്ച രീതിയിലൊന്നും യഹോവ എപ്പോഴും പ്രാർഥനയ്ക്ക് ഉത്തരം തന്നില്ല. പക്ഷേ, ഉത്തരം തന്നു. അതാകട്ടെ ഞങ്ങൾ ചിന്തിച്ചതിനെക്കാൾ മികച്ച രീതിയിലായിരുന്നു!”
17-18. സങ്കീർത്തനം 86:6, 7 പറയുന്നതനുസരിച്ച് നമുക്ക് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം?
17 സങ്കീർത്തനം 86:6, 7 വായിക്കുക. യഹോവ തന്റെ പ്രാർഥന കേട്ട് അതിന് ഉത്തരം തരുന്നുണ്ടെന്നു സങ്കീർത്തനക്കാരനായ ദാവീദിന് ഉറപ്പായിരുന്നു. നിങ്ങൾക്കും അതേ ഉറപ്പുണ്ടായിരിക്കാനാകും. നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരമായി യഹോവ ജ്ഞാനവും സഹിച്ചുനിൽക്കാനുള്ള ശക്തിയും തരും. കൂടാതെ, നമ്മളെ സഹായിക്കുന്നതിനുവേണ്ടി സഹോദരങ്ങളെയോ ഇപ്പോൾ സത്യാരാധകർ അല്ലാത്ത ആളുകളെപ്പോലുമോ ഉപയോഗിക്കാനും യഹോവയ്ക്കാകും.
18 ഈ ലേഖനത്തിൽ കണ്ട അനുഭവങ്ങളൊക്കെ അതാണു തെളിയിക്കുന്നത്. പ്രാർഥനയ്ക്കു നമ്മൾ പ്രതീക്ഷിക്കുന്ന ഉത്തരം യഹോവ എപ്പോഴും തരില്ലായിരിക്കും. പക്ഷേ, ഉത്തരം തരുമെന്ന് ഉറപ്പാണ്. നമുക്ക് എന്താണോ വേണ്ടത് അതായിരിക്കും യഹോവ തരുന്നത്, അതും ഏറ്റവും ആവശ്യമായ സമയത്തുതന്നെ. അതുകൊണ്ട് വിശ്വാസത്തോടെ തുടർന്നും പ്രാർഥിക്കുക. ഇപ്പോൾത്തന്നെ യഹോവ നിങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതുമെന്നും വരാനിരിക്കുന്ന പുതിയ ലോകത്തിൽ ‘ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്തിപ്പെടുത്തുമെന്നും’ ഉള്ള ഉറപ്പോടെ നിങ്ങൾക്ക് അതു ചെയ്യാനാകും.—സങ്കീ. 145:16.
ഗീതം 46 യഹോവേ, ഞങ്ങൾ നന്ദിയേകുന്നു
a തന്റെ ഇഷ്ടത്തിനു ചേർച്ചയിൽ നമ്മൾ പ്രാർഥിച്ചാൽ അതിന് ഉത്തരം തരുമെന്നു യഹോവ നമുക്ക് ഉറപ്പുതന്നിട്ടുണ്ട്. പരീക്ഷണങ്ങളൊക്കെ ഉണ്ടാകുമ്പോൾ വിശ്വസ്തമായി സഹിച്ചുനിൽക്കാൻ ആവശ്യമായ സഹായം തീർച്ചയായും യഹോവ നമുക്കു തരും. യഹോവ എങ്ങനെയാണു നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരുന്നതെന്നു നോക്കാം.
b ഈ ലോകം ഭരിക്കാൻ യഹോവ എന്തുകൊണ്ടാണു സാത്താനെ അനുവദിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ 2017 ജൂൺ ലക്കം വീക്ഷാഗോപുരത്തിലെ “സുപ്രധാനവിഷയത്തിൽനിന്ന് നിങ്ങളുടെ ദൃഷ്ടി മാറരുത്” എന്ന ലേഖനം കാണുക.
c ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.
d ചിത്രത്തിന്റെ വിവരണം: പുതിയൊരു ദേശത്ത് അഭയാർഥികളായി എത്തിയിരിക്കുന്ന അമ്മയും മകളും. അവിടെയുള്ള സഹോദരങ്ങൾ സന്തോഷത്തോടെ അവരെ സ്വീകരിക്കുകയും വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യുന്നു.