യുദ്ധങ്ങളും പോരാട്ടങ്ങളും ഉണ്ടെങ്കിലും സമാധാനം കണ്ടെത്തുന്നു
മുമ്പ് സൈന്യത്തിലായിരുന്ന ഗേരി പറയുന്നു: “എന്തുകൊണ്ടാണു ലോകത്തിൽ ഇത്രയധികം കഷ്ടപ്പാടും അനീതിയും പ്രശ്നങ്ങളും ഉള്ളതെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാൽ ബൈബിൾ പഠിച്ചപ്പോൾ അതിന്റെയെല്ലാം കാരണം ഞാൻ മനസ്സിലാക്കി. ഭാവിയിൽ യഹോവ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും ഭൂമി സുരക്ഷിതമായ ഒരു സ്ഥലമാകുമെന്നും ഞാൻ തിരിച്ചറിഞ്ഞു. ഇപ്പോൾ എന്റെ മനസ്സിനു നല്ല സമാധാനമുണ്ട്.”
ഗേരിക്കു മാത്രമല്ല അങ്ങനെ തോന്നിയിട്ടുള്ളത്. ബൈബിൾ എങ്ങനെയാണു പലരെയും സഹായിച്ചിട്ടുള്ളതെന്നു നോക്കാം.
ബൈബിൾ പറയുന്നത്: “യഹോവേ, അങ്ങ് നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും അല്ലോ.”—സങ്കീർത്തനം 86:5.
ഇത് എന്നെ സഹായിച്ചത്: “യഹോവ കരുണയുള്ളവനാണെന്ന് ഈ വാക്യം എനിക്ക് ഉറപ്പുതന്നു. മുമ്പ് യുദ്ധത്തിൽ ഏർപ്പെട്ട സമയത്ത് ഞാൻ ചെയ്ത കാര്യങ്ങളെല്ലാം യഹോവ എന്നോടു ക്ഷമിക്കുമെന്ന് എനിക്കു മനസ്സിലായി.”—വെൽമാർ, കൊളംബിയ.
ബൈബിൾ പറയുന്നത്: “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു, പഴയ കാര്യങ്ങൾ ആരുടെയും മനസ്സിലേക്കു വരില്ല; ആരുടെയും ഹൃദയത്തിൽ അവയുണ്ടായിരിക്കില്ല.”—യശയ്യ 65:17.
ഇത് എന്നെ സഹായിച്ചത്: “സൈന്യത്തിലായിരുന്നപ്പോൾ ഉണ്ടായ അനുഭവങ്ങൾ കാരണം എനിക്കു മാനസികവിഷമവും (post-traumatic stress disorder) ഡിപ്രെഷനും ഒക്കെ നേരിടേണ്ടിവന്നു. എന്നാൽ ആ അസ്വസ്ഥപ്പെടുത്തുന്ന ചിന്തകളും പേടിസ്വപ്നങ്ങളും എല്ലാം ദൈവം പെട്ടെന്നുതന്നെ മാറ്റുമെന്ന് ഈ ബൈബിൾവാക്യം എന്നെ ഓർമിപ്പിച്ചു. ആ ചിന്തകൾ എന്നേക്കുമായി എന്റെ മനസ്സിൽനിന്ന് മാഞ്ഞുപോകും. എനിക്കു കിട്ടാവുന്നതിൽവെച്ച് ഏറ്റവും വലിയ അനുഗ്രഹമാണ് അത്.”—സഫീറ, ഐക്യനാടുകൾ.
ബൈബിൾ പറയുന്നത്: “അവന്റെ കാലത്ത് നീതിമാന്മാർ തഴച്ചുവളരും; ചന്ദ്രനുള്ള കാലത്തോളം സമാധാനസമൃദ്ധിയുണ്ടാകും.”—സങ്കീർത്തനം 72:7.
ഇത് എന്നെ സഹായിച്ചത്: “ഞാൻ കൂടെക്കൂടെ ഈ വാക്കുകളെക്കുറിച്ച് ചിന്തിക്കും. പെട്ടെന്നുതന്നെ യുദ്ധം എന്ന പേടിസ്വപ്നം ദൈവം ഇല്ലാതാക്കും. പിന്നെ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും പറ്റുമോ എന്ന് ഓർത്ത് നമുക്കു പേടിക്കേണ്ടിവരില്ല.”—ഒലക്സാൻഡ്ര, യുക്രെയിൻ.
ബൈബിൾ പറയുന്നത്: “നിങ്ങളുടെ മരിച്ചവർ ജീവിക്കും, . . . പൊടിയിൽ വസിക്കുന്നവരേ, ഉണർന്നെഴുന്നേറ്റ് സന്തോഷിച്ചാർക്കുക!”—യശയ്യ 26:19.
ഇത് എന്നെ സഹായിച്ചത്: “ടുട്സി ഗോത്രക്കാരായ ഞങ്ങളെ മറ്റൊരു ഗോത്രക്കാർ കൂട്ടക്കൊല ചെയ്യാൻ ശ്രമിച്ചപ്പോൾ എന്റെ കുടുംബത്തിലെ എല്ലാവരുംതന്നെ മരിച്ചു. എന്നാൽ അവരെയെല്ലാം വീണ്ടും കാണാൻ പറ്റുമെന്ന് ഈ വാക്യം എനിക്ക് ഉറപ്പുതന്നു. തിരികെ ജീവനിലേക്കുവരുമ്പോൾ അവരുടെ സന്തോഷം കാണാൻ ഞാൻ കാത്തിരിക്കുകയാണ്.”—മേരി, റുവാണ്ട.
ബൈബിൾ പറയുന്നത്: “കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല. . . . എന്നാൽ സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും.”—സങ്കീർത്തനം 37:10, 11.
ഇത് എന്നെ സഹായിച്ചത്: “യുദ്ധം അവസാനിച്ചെങ്കിലും അനീതിയും ദുഷ്ടരായ ആളുകളും ഇല്ലാതായിട്ടില്ല. പക്ഷേ ഈ വാക്യം എന്നെ ശരിക്കും സഹായിച്ചു. യഹോവ എല്ലാം കാണുന്നുണ്ടെന്നും എന്റെ സാഹചര്യം മനസ്സിലാക്കുന്നുണ്ടെന്നും എനിക്ക് ഉറപ്പായി. യഹോവ ഇതെല്ലാം പെട്ടെന്നുതന്നെ അവസാനിപ്പിക്കുമെന്നു വാക്കു തന്നിട്ടുണ്ട്.”—ഡാലർ, താജികിസ്ഥാൻ.
സമാധാനം കണ്ടെത്താനായി ബൈബിൾ സഹായിച്ച ലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികളിൽ ചിലരുടെ അനുഭവങ്ങൾ മാത്രമാണ് ഈ മാസികയിൽ കൊടുത്തിരിക്കുന്നത്. വംശത്തിന്റെയും ദേശത്തിന്റെയും വർഗത്തിന്റെയും പേരിലുള്ള വെറുപ്പിന്റെ ചങ്ങല പൊട്ടിച്ചെറിയാൻ അവർ പഠിച്ചു. (എഫെസ്യർ 4:31, 32) യഹോവയുടെ സാക്ഷികൾ രാഷ്ട്രീയകാര്യങ്ങളിൽ ആരുടെയും പക്ഷംപിടിക്കുന്നില്ല, അവർ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുമില്ല.—യോഹന്നാൻ 18:36.
ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ ഒരു കുടുംബംപോലെ ജീവിക്കുന്നതുകൊണ്ട് അവർ പരസ്പരം സഹായിക്കുന്നു. (യോഹന്നാൻ 13:35) ഉദാഹരണത്തിന്, മുമ്പ് പറഞ്ഞ ഒലക്സാൻഡ്രയ്ക്കു യുദ്ധം കാരണം തന്റെ സഹോദരിയോടൊപ്പം മറ്റൊരു രാജ്യത്തേക്കു ഓടിപ്പോകേണ്ടിവന്നു. ഒലക്സാൻഡ്ര പറയുന്നു: “അതിർത്തി കടന്നപ്പോൾത്തന്നെ ഞങ്ങളെ സ്വാഗതം ചെയ്യാനായി അവിടത്തെ യഹോവയുടെ സാക്ഷികൾ നിൽക്കുന്നതു ഞങ്ങൾ കണ്ടു. ആ പുതിയ രാജ്യത്ത് ജീവിക്കാൻവേണ്ട എല്ലാ സഹായവും അഭയാർഥികളായ ഞങ്ങൾക്ക് അവർ ചെയ്തുതന്നു.”
യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകൾക്കു വരാൻ ഞങ്ങൾ നിങ്ങളെ ആത്മാർഥമായി ക്ഷണിക്കുന്നു. അവിടെവെച്ച്, ഭാവിയിൽ എങ്ങനെ ഭൂമി മുഴുവൻ സമാധാനം വരുമെന്നും നമുക്ക് ഇപ്പോൾത്തന്നെ എങ്ങനെ സമാധാനത്തിൽ കഴിയാമെന്നും ബൈബിളിൽനിന്ന് പഠിക്കാനാകും. നിങ്ങളുടെ അടുത്തുള്ള മീറ്റിങ്ങ് സ്ഥലം എവിടെയാണെന്ന് അറിയാനോ ജീവിതം ആസ്വദിക്കാം പ്രസിദ്ധീകരണം ഉപയോഗിച്ച് യഹോവയുടെ സാക്ഷികളിൽ ഒരാളോടൊപ്പം ഒരു സൗജന്യ ബൈബിൾപഠന പരിപാടിക്ക് അപേക്ഷിക്കാനോ ആഗ്രഹിക്കുന്നെങ്കിൽ jw.org സന്ദർശിക്കുക.