ജീവിതകഥ
ജീവിതകാലം മുഴുവൻ മഹാനായ ഉപദേഷ്ടാവിൽനിന്ന് ഞങ്ങൾ പഠിച്ചു
ചെക്ക്പോസ്റ്റുകളിൽ ആയുധവുമായി നിൽക്കുന്ന സൈനികർ, കത്തിയമരുന്ന ബാരിക്കേടുകൾ, ചുഴലിക്കാറ്റുകൾ, ആഭ്യന്തരയുദ്ധങ്ങൾ, ഓടിപ്പോകേണ്ടിവന്ന സാഹചര്യങ്ങൾ! മുൻനിരസേവനവും മിഷനറി സേവനവും ഒക്കെ ചെയ്തിരുന്ന സമയത്ത് എനിക്കും ഭാര്യക്കും നേരിടേണ്ടിവന്ന ചില പ്രശ്നങ്ങളാണ് ഇതെല്ലാം. എങ്കിലും ഞങ്ങൾ തിരഞ്ഞെടുത്ത ഈ ജീവിതരീതിയെക്കുറിച്ച് ഒരിക്കൽപ്പോലും ദുഃഖം തോന്നിയിട്ടില്ല! ആ സമയങ്ങളിലെല്ലാം യഹോവ ഞങ്ങളെ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു; ഞങ്ങളുടെ മഹാനായ ഉപദേഷ്ടാവ് എന്ന നിലയിൽ പല കാര്യങ്ങളും പഠിപ്പിച്ചു.—ഇയ്യോ. 36:22; യശ. 30:20.
എന്റെ മാതാപിതാക്കളുടെ മാതൃക
1950-കളുടെ അവസാനത്തിൽ എന്റെ മാതാപിതാക്കൾ ഇറ്റലിയിൽനിന്ന് കാനഡയിലെ സസ്കാച്ചിവനിലുള്ള കിന്റേഴ്സ്ലിയിലേക്കു താമസം മാറി. വൈകാതെ അവർ സത്യം പഠിക്കുകയും അങ്ങനെ ദൈവസേവനം ഞങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാകുകയും ചെയ്തു. കുട്ടിയായിരുന്നപ്പോൾ ഞങ്ങൾ എല്ലാവരും കൂടെ ശുശ്രൂഷയിൽ ഒരുപാടു സമയം പ്രവർത്തിക്കുന്നതു ഞാൻ ഓർക്കുന്നു. ഇടയ്ക്കൊക്കെ തമാശയ്ക്കു ഞാൻ ഇങ്ങനെ പറയുമായിരുന്നു: എനിക്ക് വെറും എട്ടു വയസ്സുള്ളപ്പോൾ ഞാൻ “സഹായ മുൻനിരസേവനം” ചെയ്തിട്ടുണ്ട്!
എന്റെ കുടുംബത്തോടൊപ്പം, ഏകദേശം 1966
എന്റെ മാതാപിതാക്കൾ വളരെ പാവപ്പെട്ടവരായിരുന്നു. എങ്കിലും യഹോവയ്ക്കുവേണ്ടി ത്യാഗങ്ങൾ ചെയ്യുന്ന കാര്യത്തിൽ അവർ നല്ല മാതൃകവെച്ചു. ഉദാഹരണത്തിന്, 1963-ൽ യു.എസ്.എ.-യിലെ കാലിഫോർണിയയിലുള്ള പാസഡെനയിൽവെച്ച് ഒരു അന്താരാഷ്ട്ര കൺവെൻഷൻ നടക്കുന്നുണ്ടായിരുന്നു. അതിൽ പങ്കെടുക്കാനുള്ള പണം കണ്ടെത്താൻ തങ്ങൾക്കുള്ള ഒരുപാടു സാധനങ്ങൾ അവർ വിറ്റു. ഇനി 1972-ൽ ഇറ്റാലിയൻ ഭാഷ സംസാരിക്കുന്നവരെ സഹായിക്കാൻ ഏകദേശം 1000 കിലോമീറ്റർ ദൂരെയുള്ള, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ട്രെയിൽ എന്ന സ്ഥലത്തേക്കു ഞങ്ങൾ താമസം മാറി. ഡാഡിക്ക് ഒരു വലിയ കട വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ജോലിയാണ് ഉണ്ടായിരുന്നത്. ജോലിക്കയറ്റത്തിനു സാധ്യതകൾ ഉണ്ടായിരുന്നെങ്കിലും ആത്മീയകാര്യങ്ങൾ കൂടുതൽ ചെയ്യാൻവേണ്ടി അദ്ദേഹം അതെല്ലാം വേണ്ടെന്നുവെച്ചു.
ഞങ്ങൾ നാലു മക്കൾക്കുംവേണ്ടി മാതാപിതാക്കൾവെച്ച ആ നല്ല മാതൃക ഞാൻ ഒരിക്കലും മറക്കില്ല. ദൈവസേവനത്തിലുള്ള എന്റെ പരിശീലനം തുടങ്ങിയത് അവിടെയാണ്. ജീവിതത്തിൽ എന്നും ഓർക്കുന്ന ഒരു പാഠം ഞാൻ അവരിൽനിന്ന് പഠിച്ചു: ഞാൻ ദൈവരാജ്യം ഒന്നാമതുവെച്ചാൽ യഹോവ എന്നെ നോക്കിക്കൊള്ളും.—മത്താ. 6:33.
മുഴുസമയസേവനത്തിന്റെ തുടക്കം
1980-ൽ, നല്ല ആത്മീയലക്ഷ്യങ്ങളുള്ള സുന്ദരിയായ ഡെബിയെ ഞാൻ വിവാഹം കഴിച്ചു. മുഴുസമയസേവനം ചെയ്യാനായിരുന്നു ഞങ്ങളുടെ ആഗ്രഹം. അതുകൊണ്ട് കല്യാണം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം ഡെബി മുൻനിരസേവനം തുടങ്ങി. ഒരു വർഷമായപ്പോൾ ആവശ്യം അധികമുള്ള ചെറിയൊരു സഭയിലേക്കു ഞങ്ങൾ മാറി. അവിടെ ചെന്ന് ഞാനും മുൻനിരസേവനം തുടങ്ങി.
ഞങ്ങളുടെ വിവാഹ ദിവസം, 1980
ഇടയ്ക്ക് ഒരു സമയത്ത് ഞങ്ങൾക്ക് അൽപ്പം നിരുത്സാഹം തോന്നി. ആ സഭയിൽനിന്ന് മാറിയാലോ എന്നു ചിന്തിച്ചു. എന്നാൽ ആദ്യം സർക്കിട്ട് മേൽവിചാരകനോട് അതെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം സ്നേഹത്തോടെ, എന്നാൽ സത്യസന്ധമായി ഞങ്ങളോട് ഒരു കാര്യം തുറന്നുപറഞ്ഞു: “ഒരു പരിധിവരെ പ്രശ്നത്തിന്റെ കാരണം നിങ്ങൾത്തന്നെ ചിന്തിക്കുന്ന രീതിയാണ്. മോശം വശങ്ങളിൽ മാത്രമാണു നിങ്ങൾ ശ്രദ്ധിക്കുന്നത്. നല്ല വശങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങൾക്ക് അതു കണ്ടെത്താൻ പറ്റും.” ഞങ്ങൾക്കു ശരിക്കും വേണ്ട ഒരു ഉപദേശമായിരുന്നു അത്. (സങ്കീ. 141:5) ഉടനെതന്നെ ഞങ്ങൾ അതിനനുസരിച്ച് പ്രവർത്തിക്കാൻതുടങ്ങി. സഹോദരൻ പറഞ്ഞതു സത്യമായിരുന്നു. ഒരുപാടു നല്ല കാര്യങ്ങൾ ഞങ്ങൾ കണ്ടെത്തി. സഭയിൽ യഹോവയെ കൂടുതൽ സേവിക്കാൻ ആഗ്രഹിക്കുന്ന ഒരുപാടു പേരുണ്ടായിരുന്നു; ചെറുപ്പക്കാരും വിശ്വാസത്തിൽ അല്ലാത്ത ഇണകളുള്ളവരും ഒക്കെ. ആ അനുഭവത്തിലൂടെ ശക്തമായൊരു പാഠം ഞങ്ങൾ പഠിച്ചു: ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ യഹോവ കാര്യങ്ങൾ നേരെയാക്കുന്നതിനായി കാത്തിരിക്കുകയും നല്ല വശങ്ങളിൽ ശ്രദ്ധിക്കുകയും വേണം. (മീഖ 7:7) ഞങ്ങൾക്കു സന്തോഷം തിരിച്ചുകിട്ടി; കാര്യങ്ങളും മെച്ചപ്പെട്ടു.
ഞങ്ങളുടെ ആദ്യത്തെ മുൻനിരസേവന സ്കൂൾ അധ്യാപകർ മറ്റു രാജ്യങ്ങളിൽ സേവിച്ചിട്ടുള്ളവരായിരുന്നു. അവർ അവിടത്തെ ചിത്രങ്ങൾ കാണിക്കുകയും അവർക്കുണ്ടായ വെല്ലുവിളികളെക്കുറിച്ചും കിട്ടിയ അനുഗ്രഹങ്ങളെക്കുറിച്ചും ഞങ്ങളോടു പറയുകയും ചെയ്തു. മിഷനറിമാരായി സേവിക്കാനുള്ള ആഗ്രഹത്തിനു തിരികൊളുത്തിയത് അതാണ്. അങ്ങനെ അതു ഞങ്ങളുടെ ലക്ഷ്യമായി മാറി.
ബ്രിട്ടീഷ് കൊളംബിയയിലെ ഒരു രാജ്യഹാളിൽ, 1983
ആ ജീവിതം രുചിച്ചറിയാൻവേണ്ടി 1984-ൽ ഞങ്ങൾ, ബ്രിട്ടീഷ് കൊളംബിയയിൽനിന്ന് 4000-ത്തിലധികം കിലോമീറ്റർ അകലെയുള്ള ക്യുബെക്കിലേക്കു മാറി. ഫ്രഞ്ചായിരുന്നു ഭാഷ. ആ ഭാഷയും സംസ്കാരവും ഞങ്ങൾക്കു തീർത്തും പുതിയതായിരുന്നു. മറ്റൊരു പ്രശ്നം, കയ്യിൽ അധികം പണമില്ലായിരുന്നു എന്നതാണ്. ഒരു കൃഷിക്കാരൻ തന്റെ കൃഷിയിടത്തിൽ മിച്ചംവരുന്ന ഉരുളക്കിഴങ്ങുകൾ പെറുക്കിയെടുത്തുകൊള്ളാൻ ഞങ്ങളോടു പറഞ്ഞു. ഒരു സമയത്ത് അതു മാത്രമേ ഞങ്ങൾക്കു കഴിക്കാൻ ഉണ്ടായിരുന്നുള്ളൂ! ഉരുളക്കിഴങ്ങുകൊണ്ട് പലപല വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ മിടുക്കിയായിരുന്നു ഡെബി. പല ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും സന്തോഷത്തോടെ പിടിച്ചുനിൽക്കാൻ ഞങ്ങൾ ശ്രമിച്ചു. യഹോവ ഞങ്ങൾക്കുവേണ്ടി കരുതുന്നതു ഞങ്ങൾക്കു മനസ്സിലാകുന്നും ഉണ്ടായിരുന്നു.—സങ്കീ. 64:10.
ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ ഒരു ഫോൺ കോൾ വന്നു. കാനഡ ബഥേലിൽ സേവിക്കാനുള്ള ക്ഷണമായിരുന്നു അത്. ഗിലെയാദ് സ്കൂളിന് അപേക്ഷ കൊടുത്തിരുന്നതുകൊണ്ട് സന്തോഷവും നിരാശയും ഇടകലർന്ന ഒരു വികാരമാണു ഞങ്ങൾക്കു തോന്നിയത്; എങ്കിലും ആ ക്ഷണം സ്വീകരിച്ചു. അവിടെയെത്തിയപ്പോൾ ഞങ്ങൾ ബ്രാഞ്ച് കമ്മിറ്റി അംഗമായ കെന്നത്ത് ലിറ്റിൽ സഹോദരനോടു ചോദിച്ചു, “ഞങ്ങൾ ഗിലെയാദിന് അപേക്ഷിച്ചിരിക്കുകയാണ്. അതിന്റെ കാര്യമോ?” സഹോദരൻ പറഞ്ഞു, “ആദ്യം അതു വരട്ടെ, നമുക്ക് അപ്പോ നോക്കാം.”
ഒരാഴ്ച കഴിഞ്ഞ് അതുതന്നെ സംഭവിച്ചു. ഞങ്ങൾക്കു ഗിലെയാദിലേക്കു ക്ഷണം കിട്ടി. ഇപ്പോൾ ഒരു തീരുമാനമെടുക്കണം. ലിറ്റിൽ സഹോദരൻ പറഞ്ഞു: “നിങ്ങൾ ഏതു തിരഞ്ഞെടുത്താലും ഇടയ്ക്കൊക്കെ നിങ്ങൾക്കു തോന്നിയേക്കാം, മറ്റേതു തിരഞ്ഞെടുത്താൽ മതിയായിരുന്നെന്ന്. പക്ഷേ ഒരു നിയമനവും മറ്റൊന്നിനെക്കാൾ മികച്ചതല്ല; യഹോവയ്ക്കു രണ്ടിനെയും അനുഗ്രഹിക്കാനാകും.” അങ്ങനെ ഞങ്ങൾ ഗിലെയാദിലേക്കുള്ള ക്ഷണം സ്വീകരിച്ചു. ലിറ്റിൽ സഹോദരൻ പറഞ്ഞ ആ വാക്കുകൾ എത്ര സത്യമാണെന്ന് ഈ വർഷങ്ങളിലുടനീളം ഞങ്ങൾ മനസ്സിലാക്കി. ദൈവസേവനത്തിൽ ഏതു നിയമനം തിരഞ്ഞെടുക്കണം എന്നു സംശയിച്ച് നിൽക്കുന്നവരോട് സഹോദരന്റെ ആ വാക്കുകൾ ഞങ്ങൾ പറയാറുണ്ട്.
മിഷനറിമാരായുള്ള ജീവിതം
(ഇടത്) യുലിസ്സസ് ഗ്ലാസ്
(വലത്) ജാക്ക് റെഡ്ഫോർഡ്
1987 ഏപ്രിലിൽ ന്യൂയോർക്കിലെ ബ്രൂക്ലിനിൽവെച്ച് നടന്ന 83-ാമത്തെ ഗിലെയാദ് ക്ലാസിൽ പങ്കെടുക്കാൻ ഞങ്ങൾ ആവേശത്തോടെ പോയി. മൊത്തം 24 വിദ്യാർഥികളായിരുന്നു. യുലിസ്സസ് ഗ്ലാസ് സഹോദരനും ജാക്ക് റെഡ്ഫോർഡ് സഹോദരനും ആയിരുന്നു പ്രധാന അധ്യാപകർ. അഞ്ചു മാസം പറന്നുപോയി. 1987 സെപ്റ്റംബർ 6-ന് ഞങ്ങൾ ബിരുദം നേടി. ജോൺ ഗുഡ് സഹോദരനോടും മേരി സഹോദരിയോടും ഒപ്പം ഹെയ്റ്റിയിലേക്കായിരുന്നു നിയമനം.
ഹെയ്റ്റിയിൽ, 1988
1962-ൽ ഹെയ്റ്റിയിലുണ്ടായിരുന്ന മിഷനറിമാരിൽ അവസാനത്തെ ആളെയും ആ രാജ്യത്തുനിന്ന് നാട് കടത്തിയിരുന്നു. അതിനുശേഷം അവിടേക്കു മിഷനറിമാരെ അയച്ചിരുന്നില്ല. ബിരുദം കിട്ടി മൂന്ന് ആഴ്ച കഴിഞ്ഞ് ഞങ്ങൾ ഹെയ്റ്റിയിലുള്ള ഒരു ചെറിയ സഭയോടൊപ്പം സേവിക്കാൻതുടങ്ങി. ഉൾപ്രദേശത്തായിരുന്ന ആ സഭയിൽ വെറും 35 പ്രചാരകരേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ചെറുപ്പമായിരുന്നു; അനുഭവപരിചയവും കുറവായിരുന്നു. അവിടത്തെ മിഷനറി ഹോമിൽ ഞാനും ഡെബിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വളരെ പാവപ്പെട്ടവരായിരുന്നു ഹെയ്റ്റിയിലെ ആളുകൾ; പലർക്കും വായിക്കാൻപോലും അറിയില്ല. മിഷനറി ജീവിതത്തിലെ ആ ആദ്യ നാളുകളിൽ ഞങ്ങൾക്ക് ആഭ്യന്തരകലാപവും, ഭരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളും, പ്രതിഷേധപ്രകടനങ്ങളും, ചുഴലിക്കാറ്റും ഒക്കെ നേരിടേണ്ടിവന്നു.
ധൈര്യവും സന്തോഷവും ഉള്ള അവിടത്തെ സഹോദരങ്ങളിൽനിന്ന് ഞങ്ങൾ ഒരുപാടു കാര്യങ്ങൾ പഠിച്ചു. പല പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അവർ യഹോവയെയും ശുശ്രൂഷയെയും വളരെയധികം സ്നേഹിച്ചു. നല്ല പ്രായമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു അവിടെ. സഹോദരിക്കു വായിക്കാൻ അറിയില്ലായിരുന്നെങ്കിലും 150-ഓളം ബൈബിൾവാക്യങ്ങൾ കാണാപ്പാഠമായിരുന്നു! ഹെയ്റ്റിയിലെ ആളുകൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടപ്പോൾ ദൈവരാജ്യം മാത്രമാണ് ഏക പരിഹാരമെന്ന് അവരോടു പറയാൻ ഞങ്ങൾക്കു കൂടുതൽ ആഗ്രഹം തോന്നി. ഞങ്ങൾ ആദ്യം ബൈബിൾ പഠിപ്പിച്ചവരിൽ ചിലർ പുരോഗമിച്ച് മുൻനിരസേവകരും പ്രത്യേക മുൻനിരസേവകരും മൂപ്പന്മാരും ആയി പിന്നീട് സേവിക്കുന്നതു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.
ഹെയ്റ്റിയിലായിരുന്നപ്പോൾ മോർമോൺ സഭയിലെ ഒരു യുവമിഷനറിയെ ഞാൻ പരിചയപ്പെട്ടു. ട്രെവർ എന്നായിരുന്നു പേര്. ഞങ്ങൾക്ക് ആ വ്യക്തിയുമായി പല ബൈബിൾ ചർച്ചകൾ നടത്താനായി. വർഷങ്ങൾക്കു ശേഷം പെട്ടെന്നൊരു ദിവസം അദ്ദേഹത്തിന്റെ ഒരു കത്തു കിട്ടി. അതിൽ ഇങ്ങനെ പറഞ്ഞിരുന്നു: “അടുത്ത സമ്മേളനത്തിൽ ഞാൻ സ്നാനപ്പെടാൻ പോകുകയാണ്. എനിക്കു ഹെയ്റ്റിയിലേക്കു തിരിച്ച് പോയിട്ട് അവിടെ മോർമോൺ മിഷനറിയായി പ്രവർത്തിച്ചിരുന്ന അതേ സ്ഥലത്ത് ഒരു പ്രത്യേക മുൻനിരസേവകനായി സേവിക്കണം, അതാണ് എന്റെ ആഗ്രഹം.” ട്രെവർ അങ്ങനെതന്നെ ചെയ്തു. അദ്ദേഹം ഭാര്യയോടൊപ്പം വർഷങ്ങളോളം ഹെയ്റ്റിയിൽ സേവിച്ചു.
യൂറോപ്പിലേക്കും പിന്നെ ആഫ്രിക്കയിലേക്കും
സ്ലോവേനിയയിൽ പ്രവർത്തിക്കുന്നു, 1994
ഞങ്ങളെ യൂറോപ്പിന്റെ ഒരു ഭാഗത്ത് സേവിക്കാൻ നിയമിച്ചു. അവിടെ നമ്മുടെ പ്രവർത്തനത്തിൻമേലുള്ള നിയന്ത്രണം കുറഞ്ഞുവരുകയായിരുന്നു. 1992-ൽ ഞങ്ങൾ സ്ലോവേനിയയിലെ ല്യൂബിയാനയിൽ എത്തി. ഇറ്റലിയിലേക്കു മാറുന്നതിനു മുമ്പ് എന്റെ മാതാപിതാക്കൾ വളർന്നത് അതിന് അടുത്തായിരുന്നു. മുമ്പത്തെ യുഗോസ്ലാവിയയുടെ ഭാഗമായ പല പ്രദേശങ്ങളിലും അപ്പോഴും യുദ്ധം നടക്കുന്നുണ്ടായിരുന്നു. ഈ പ്രദേശങ്ങളിലെ നമ്മുടെ പ്രവർത്തനത്തിന്റെ മേൽനോട്ടം നടത്തിയിരുന്നത്, ഓസ്ട്രിയയിലെ വിയന്നയിലുള്ള ബ്രാഞ്ചും ക്രൊയേഷ്യയിലെ സാഗ്രെബിലും സെർബിയയിലെ ബെൽഗ്രഡിലും ഉള്ള നമ്മുടെ ഓഫീസുകളും ചേർന്നാണ്. എന്നാൽ, യുഗോസ്ലാവിയയിൽനിന്ന് സ്വാതന്ത്ര്യം നേടിയ ഓരോ രാജ്യത്തും ഇപ്പോൾ സ്വന്തം ബ്രാഞ്ച് വരാൻപോകുകയായിരുന്നു.
അതുകൊണ്ട് ഞങ്ങൾക്കു പുതിയ ഭാഷയും സംസ്കാരവും ഒക്കെ വീണ്ടും പഠിക്കേണ്ടിവന്നു. അവിടെയുള്ള ആളുകൾ പറയുമായിരുന്നു: “യെഷക് എ ടെഷക്.” അർഥം: “ഈ ഭാഷ ബുദ്ധിമുട്ടാണ്.” അതു ശരിക്കും ബുദ്ധിമുട്ടുതന്നെയായിരുന്നു. അവിടെയായിരുന്നപ്പോൾ ഞങ്ങൾക്കു വിലമതിക്കാനായ ഒരു കാര്യം, സഹോദരങ്ങളുടെ വിശ്വസ്തതയാണ്. സംഘടന വരുത്തിയ മാറ്റങ്ങളുമായി അവർ പെട്ടെന്നു പൊരുത്തപ്പെട്ടു. യഹോവ അവരെ അനുഗ്രഹിക്കുകയും ചെയ്തു. കൃത്യസമയത്ത് സ്നേഹത്തോടെ യഹോവ കാര്യങ്ങൾ നേരെയാക്കുന്നതു ഞങ്ങൾക്കു വീണ്ടും കാണാനായി. മുമ്പു പഠിച്ച പല പാഠങ്ങളും സ്ലോവേനിയയിലുണ്ടായ പ്രശ്നങ്ങളെ നേരിടാൻ ഞങ്ങളെ സഹായിച്ചു. കൂടാതെ അവിടെനിന്ന് പുതിയ പാഠങ്ങളും ഞങ്ങൾ പഠിച്ചു.
എന്നാൽ പിന്നെയും മാറ്റങ്ങൾ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. 2000-ത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള കോറ്റ്-ഡീ വോറിലേക്കു ഞങ്ങളെ നിയമിച്ചു. പിന്നീട് അവിടെ ആഭ്യന്തരകലാപം ഉണ്ടായതുകൊണ്ട് 2002 നവംബറിൽ അവിടെനിന്ന് സിയറ ലിയോണിലേക്കു പോകേണ്ടിവന്നു. സിയറ ലിയോണിലാണെങ്കിൽ 11 വർഷം നീണ്ടുനിന്ന ആഭ്യന്തരകലാപം തീർന്നതേ ഉണ്ടായിരുന്നുള്ളൂ. കോറ്റ്-ഡീ വോറിൽനിന്ന് പെട്ടെന്നു പോരേണ്ടിവന്നതു ഞങ്ങൾക്കു പല ബുദ്ധിമുട്ടുകളും ഉണ്ടാക്കി. എങ്കിലും ഞങ്ങൾ പഠിച്ച പാഠങ്ങൾ സന്തോഷത്തോടെയിരിക്കാൻ സഹായിച്ചു.
പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ശുശ്രൂഷയിൽ ഞങ്ങൾ കൂടുതൽ ശ്രദ്ധിച്ചു. സത്യം അറിയാൻ ആഗ്രഹിക്കുന്നവരായിരുന്നു അവിടത്തെ ആളുകളിൽ പലരും. അതുപോലെ വർഷങ്ങളോളം യുദ്ധത്തിന്റെ ബുദ്ധിമുട്ടുകൾ സഹിച്ചുനിന്ന സ്നേഹമുള്ള സഹോദരങ്ങൾ നല്ലൊരു മാതൃകയായിരുന്നു. അവർക്കു സാമ്പത്തികമായി അധികമൊന്നും ഇല്ലായിരുന്നെങ്കിലും തങ്ങൾക്കുള്ളതു മറ്റുള്ളവർക്കു കൊടുക്കാൻ അവർ ആഗ്രഹിച്ചു. ഒരു സഹോദരി ഡെബിക്ക് കുറച്ച് വസ്ത്രങ്ങൾ കൊടുത്തു. ഡെബി അതു വാങ്ങാൻ മടിച്ചപ്പോൾ സഹോദരി നിർബന്ധിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “യുദ്ധത്തിന്റെ സമയത്ത് മറ്റു സ്ഥലങ്ങളിലുള്ള സഹോദരങ്ങൾ ഞങ്ങളെ സഹായിച്ചു. ഇപ്പോൾ ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യാനുള്ള അവസരമാണ്.” ഈ സഹോദരങ്ങളെ അനുകരിക്കാൻ ഞങ്ങൾ ലക്ഷ്യംവെച്ചു.
ഞങ്ങൾ പിന്നീട് കോറ്റ്-ഡീ വോറിലേക്കു തിരിച്ചുപോയി. പക്ഷേ രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം അവിടത്തെ സാഹചര്യം വീണ്ടും വഷളായി. അതുകൊണ്ട് 2004 നവംബറിൽ, ഒരു ഹെലിക്കോപ്റ്ററിൽ ഞങ്ങളെ രക്ഷപ്പെടുത്തി. ഞങ്ങൾക്കു രണ്ടുപേർക്കും ഓരോ ബാഗ് മാത്രമേ എടുക്കാൻ പറ്റിയുള്ളൂ. അന്നു രാത്രി ഞങ്ങൾ ഫ്രഞ്ച് സൈനികതാവളത്തിന്റെ തറയിലാണു കിടന്നുറങ്ങിയത്. പിറ്റേന്നു സ്വിറ്റ്സർലൻഡിലേക്കു പോയി. അവിടെ ബ്രാഞ്ചിൽ എത്തിയപ്പോൾ ഏകദേശം പാതിരാത്രിയായിരുന്നു. എങ്കിലും അവിടത്തെ ബ്രാഞ്ച് കമ്മിറ്റിയും ശുശ്രൂഷാപരിശീലന സ്കൂളുകളിലെ അധ്യാപകരും അവരുടെ ഭാര്യമാരും ഒക്കെ വളരെ സ്നേഹത്തോടെ ഞങ്ങളെ സ്വാഗതം ചെയ്തു. അവർ ഞങ്ങളെ കെട്ടിപ്പിടിച്ചു, നല്ല ചൂടുള്ള ഭക്ഷണം വിളമ്പി, അവിടത്തെ ഒരുപാട് ചോക്ലേറ്റുകളും തന്നു. അവരുടെ ആ സ്നേഹം ഒരിക്കലും മറക്കില്ല.
കോറ്റ്-ഡീ വോറിൽവെച്ച് അഭയാർഥികളോടു സംസാരിക്കുന്നു, 2005
ഞങ്ങളെ കുറച്ചുകാലത്തേക്ക് ഘാനയിലേക്കു നിയമിച്ചു. പിന്നീട് കോറ്റ്-ഡീ വോറിലെ ആഭ്യന്തരയുദ്ധം ഒന്നു കുറഞ്ഞപ്പോൾ ഞങ്ങൾ അവിടേക്കുതന്നെ തിരിച്ചുപോയി. ഈ പ്രശ്നങ്ങളുടെയും പെട്ടെന്നുണ്ടായ നിയമന മാറ്റങ്ങളുടെയും സമയത്തെല്ലാം പിടിച്ചുനിൽക്കാൻ സഹായിച്ചത്, സഹോദരങ്ങൾ കാണിച്ച സ്നേഹമാണ്. യഹോവയുടെ സംഘടനയിൽ ഇത്തരം സ്നേഹം സാധാരണമാണെങ്കിലും അതിനെ ഞങ്ങൾ ഒരിക്കലും വിലകുറച്ച് കണ്ടില്ല. ഞങ്ങൾ എപ്പോഴും അതിനോട് നന്ദിയുള്ളവരായിരുന്നു. ശരിക്കും പറഞ്ഞാൽ ഈ പ്രശ്നങ്ങളിലൂടെ എല്ലാം കടന്നുപോയപ്പോൾ ഞങ്ങൾക്കു നല്ല പരിശീലനം ലഭിച്ചെന്നു പിന്നീട് തിരിച്ചറിയാനായി.
മധ്യപൂർവ ദേശത്തേക്ക്
മധ്യപൂർവ ദേശത്ത്, 2007
2006-ൽ, മധ്യപൂർവ ദേശത്തേക്കുള്ള പുതിയ നിയമനം അറിയിച്ചുകൊണ്ട് ലോകാസ്ഥാനത്തുനിന്ന് ഞങ്ങൾക്ക് ഒരു കത്ത് കിട്ടി. അങ്ങനെ വീണ്ടും പുതിയ ഭാഷകൾ, സംസ്കാരങ്ങൾ, വെല്ലുവിളികൾ. രാഷ്ട്രീയവും മതപരവും ആയ വികാരങ്ങൾ കത്തിനിന്നിരുന്ന പ്രദേശങ്ങളായിരുന്നു അത്. അതുകൊണ്ടുതന്നെ പല കാര്യങ്ങളും പുതുതായി പഠിക്കേണ്ടിയിരുന്നു. സഭകളിൽ പല ഭാഷക്കാരായ സഹോദരങ്ങൾ ഉണ്ടായിരുന്നു. ആ വൈവിധ്യം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. സംഘടന തരുന്ന നിർദേശങ്ങൾ അനുസരിക്കുന്നതിന്റെ ഫലമായുള്ള ഐക്യവും ഞങ്ങൾക്ക് അവിടെ കാണാനായി. അവിടത്തെ സഹോദരങ്ങളിൽ പലരും കുടുംബാംഗങ്ങളിൽനിന്നും കൂടെ പഠിക്കുന്നവരിൽനിന്നും സഹജോലിക്കാരിൽനിന്നും അയൽക്കാരിൽനിന്നും എതിർപ്പുകൾ നേരിടുന്നവരായിരുന്നു. ധൈര്യത്തോടെ അവർ അതെല്ലാം സഹിച്ചുനിൽക്കുന്നതു കണ്ടപ്പോൾ വളരെ വിലമതിപ്പു തോന്നി.
2012-ൽ ഇസ്രായേലിലെ ടെൽ അവിവിൽവെച്ച് നടന്ന പ്രത്യേക കൺവെൻഷനിൽ ഞങ്ങൾ പങ്കെടുത്തു. എ.ഡി. 33-ലെ പെന്തിക്കോസ്തിനു ശേഷം യഹോവയുടെ ജനം അത്ര വലിയൊരു കൂട്ടമായി അവിടെ ഒരുമിച്ച് കൂടുന്നത് അത് ആദ്യമായിട്ടായിരുന്നു. എന്നും ഓർമയിൽ തങ്ങിനിൽക്കുന്ന ഒരു ദിവസം!
അവിടെയായിരുന്ന വർഷങ്ങളിൽ, നമ്മുടെ പ്രവർത്തനം നിരോധിച്ചിട്ടുള്ള ഒരു രാജ്യം സന്ദർശിക്കാൻ ഞങ്ങളോടു പറഞ്ഞു. ഞങ്ങൾ പോയപ്പോൾ കുറച്ച് പ്രസിദ്ധീകരണങ്ങൾ കൂടെ കരുതി. അവിടെ ഞങ്ങൾ ശുശ്രൂഷയ്ക്കു പോയി, ചില ചെറിയ സമ്മേളനങ്ങളിലും പങ്കെടുത്തു. വലിയ ആയുധങ്ങളുമായി നിൽക്കുന്ന പട്ടാളക്കാരും ചെക്ക് പോസ്റ്റുകളും എല്ലായിടത്തുമുണ്ടായിരുന്നു. എങ്കിലും വളരെ കുറച്ച് പ്രചാരകരോടൊപ്പം ശ്രദ്ധയോടെ ഓരോ സ്ഥലത്തും പോയിരുന്നതുകൊണ്ട് ഞങ്ങൾക്കു പേടി തോന്നിയില്ല.
വീണ്ടും ആഫ്രിക്കയിലേക്ക്
കോംഗോയിൽവെച്ച് ഒരു പ്രസംഗം തയ്യാറാകുന്നു, 2014
2013-ൽ ഞങ്ങൾക്കു വളരെ വ്യത്യസ്തമായൊരു നിയമനം കിട്ടി. കോംഗോയിലെ കിൻഷാസ ബ്രാഞ്ചിൽ സേവിക്കാനായിരുന്നു അത്. പ്രകൃതിഭംഗിയാൽ മനോഹരമായ ഒരു വലിയ രാജ്യമായിരുന്നു കോംഗോ. എങ്കിലും കൊടും ദാരിദ്ര്യവും യുദ്ധങ്ങളും വേട്ടയാടിയിരുന്ന ഒരു സ്ഥലം കൂടിയായിരുന്നു അത്. നിയമനത്തെക്കുറിച്ച് കേട്ടപ്പോൾ ഞങ്ങൾ ആദ്യം പറഞ്ഞു: “ആഫ്രിക്കയൊക്കെ ഞങ്ങൾക്ക് അറിയാം. അവിടെ പോകാൻ ഞങ്ങൾ റെഡിയാ.” പക്ഷേ, ഞങ്ങൾക്ക് പിന്നെയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. അതിലൊന്നാണു റോഡും പാലങ്ങളും ഒന്നും ഇല്ലാത്ത വഴികളിലൂടെ യാത്ര ചെയ്യുന്നത്. എന്നാൽ അവിടെ ഞങ്ങൾക്കു പല നല്ല കാര്യങ്ങളും കാണാനായി. സാമ്പത്തികമായി അധികമില്ലെങ്കിലും അവിടെയുള്ള സഹോദരങ്ങൾ തീക്ഷ്ണതയോടെയും സന്തോഷത്തോടെയും യഹോവയെ സേവിച്ചു. ശുശ്രൂഷയോട് അവർക്കുള്ള ഇഷ്ടവും, മീറ്റിങ്ങുകളും സമ്മേളനങ്ങളും കൂടാൻ വേണ്ടി അവർ ചെയ്യുന്ന ത്യാഗങ്ങളും കണ്ടത് ഞങ്ങളെ ശരിക്കും പ്രോത്സാഹിപ്പിച്ചു. യഹോവയുടെ സഹായത്താൽ സത്യം തഴച്ചുവളരുന്നത് ഞങ്ങൾക്കു നേരിൽ കാണാനായി. കോംഗോയിൽ ഞങ്ങൾ ആസ്വദിച്ച മുഴുസമയസേവനം ഞങ്ങളെ ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു; കുറെ കൂട്ടുകാരെയും കിട്ടി. ഇപ്പോൾ ഞങ്ങളുടെ ആത്മീയകുടുംബം വളരെ വലുതാണ്.
സൗത്ത് ആഫ്രിക്കയിൽവെച്ച് സാക്ഷീകരിക്കുന്നു, 2023
ഞങ്ങളുടെ നിയമനം പിന്നെയും മാറി. ഇത്തവണ സൗത്ത് ആഫ്രിക്ക ബ്രാഞ്ചിലേക്കായിരുന്നു. 2017-ന്റെ അവസാനത്തോടെ ഞങ്ങൾ അവിടെ എത്തി. ഞങ്ങൾ സേവിച്ചതിലുംവെച്ച് ഏറ്റവും വലിയ ബ്രാഞ്ചായിരുന്നു അത്. അവിടെ കിട്ടിയ ജോലിയും ഞങ്ങൾക്കു പുതിയതായിരുന്നു. വീണ്ടും ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. എങ്കിലും മുമ്പു പഠിച്ച പാഠങ്ങൾ ഞങ്ങളെ വളരെ സഹായിച്ചു. പല പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും അവിടെയുള്ള സഹോദരങ്ങൾ പതിറ്റാണ്ടുകളായി യഹോവയെ വിശ്വസ്തമായി സേവിക്കുന്നതു കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി. ഇനി ബഥേലിൽ, പല സംസ്കാരങ്ങളിലും വംശങ്ങളിലും നിന്നുള്ള സഹോദരങ്ങൾ ഒരുമയോടെ യഹോവയെ സേവിക്കുന്ന കാഴ്ച മനംകുളിർപ്പിക്കുന്ന ഒന്നായിരുന്നു. സഹോദരങ്ങൾ പുതിയ വ്യക്തിത്വം ധരിക്കുകയും ബൈബിൾതത്ത്വങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ യഹോവ അവരെ സമാധാനം നൽകി അനുഗ്രഹിക്കുന്നതും ഞങ്ങൾക്കു കാണാനായി.
മുഴുസമയസേവനം ചെയ്ത വർഷങ്ങളിലുടനീളം ഡെബിക്കും എനിക്കും ഒരുപാടു രസകരമായ നിയമനങ്ങൾ കിട്ടി. പല സംസ്കാരങ്ങൾ അടുത്ത് അറിയാനും പുതിയ ഭാഷകൾ പഠിക്കാനും ആയി. ഇതൊന്നും ഒട്ടും എളുപ്പമല്ലായിരുന്നു. എങ്കിലും സംഘടനയിലൂടെയും സഹോദരങ്ങളിലൂടെയും യഹോവ തന്റെ അചഞ്ചലസ്നേഹം കാണിക്കുന്നത്, ഞങ്ങൾക്ക് എപ്പോഴും അറിയാൻ പറ്റുന്നുണ്ടായിരുന്നു. (സങ്കീ. 144:2) മുഴുസമയസേവനത്തിൽനിന്ന് കിട്ടിയ പരിശീലനം, യഹോവയുടെ മെച്ചപ്പെട്ട ദാസരായി ഞങ്ങളെ വാർത്തെടുത്തു.
യഹോവയെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ച മാതാപിതാക്കളോടും എനിക്കു പൂർണപിന്തുണ നൽകിയ എന്റെ പ്രിയ ഭാര്യ ഡെബിയോടും എനിക്ക് ഒരുപാടു നന്ദിയുണ്ട്. കൂടാതെ ലോകമെങ്ങുമുള്ള നമ്മുടെ സഹോദരീസഹോദരന്മാർ വെച്ച മാതൃകയും ഞാൻ ഒരിക്കലും മറക്കില്ല. ഇനി മുന്നോട്ടുള്ള ജീവിതത്തിലും മഹാ അധ്യാപകനായ യഹോവയിൽനിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ഞങ്ങൾ നോക്കിയിരിക്കുകയാണ്.