ജീവിതകഥ
“യുദ്ധം യഹോവയുടേതാണ്”
ഒരു തണുപ്പുള്ള ദിവസം, തീയതി 2010 ജനുവരി 28! ഞാൻ ഫ്രാൻസിലെ സ്ട്രാസ്ബോർഗിൽ നിൽക്കുകയായിരുന്നു. മനോഹരമായ ആ നഗരത്തിൽ ഞാൻ വന്നത് ഒരു വിനോദസഞ്ചാരിയായിട്ടല്ല. യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ മുമ്പാകെ യഹോവയുടെ സാക്ഷികളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കാൻ വന്ന ലീഗൽ ടീമിന്റെ ഭാഗമായിരുന്നു ഞാൻ. ഫ്രാൻസിലെ ഗവൺമെന്റ് അവിടത്തെ നമ്മുടെ സഹോദരങ്ങളോട് ഏകദേശം 6,40,00,000 യൂറോ (ഏതാണ്ട് 400 കോടി രൂപ) നികുതിയായി ആവശ്യപ്പെട്ടിരുന്നു. ഇത് നിയമപരമായി തെറ്റാണെന്നു തെളിയിക്കാനാണ് ഞങ്ങൾ അവിടെ ചെന്നത്. എന്നാൽ പണമായിരുന്നില്ല പ്രധാനവിഷയം. യഹോവയുടെ പേരിനെയും ദൈവജനത്തിന്റെ സത്പേരിനെയും അവിടത്തെ നമ്മുടെ ആരാധനാസ്വാതന്ത്ര്യത്തെയും ഈ കേസ് ബാധിക്കുമായിരുന്നു. ആ വിചാരണയുടെ സമയത്ത് നടന്ന സംഭവങ്ങൾ എന്നെ ഒരു കാര്യം ബോധ്യപ്പെടുത്തി: “യുദ്ധം യഹോവയുടേതാണ്.” (1 ശമു. 17:47) എന്താണ് സംഭവിച്ചതെന്നു ഞാൻ പറയാം.
1990-കളുടെ അവസാനത്തിലാണ് പ്രശ്നങ്ങളുടെ തുടക്കം. ഫ്രാൻസിലെ നമ്മുടെ ബ്രാഞ്ചിന് 1993 മുതൽ 1996 വരെയുള്ള വർഷങ്ങളിൽ ലഭിച്ച സംഭാവനകൾക്കു ഭീമമായ ഒരു തുക നികുതി നൽകണമെന്ന് അവിടത്തെ ഗവൺമെന്റ് അന്യായമായി ആവശ്യപ്പെട്ടു. നീതി ലഭിക്കാൻവേണ്ടി നമ്മൾ ഫ്രാൻസിലെ കോടതികളെ സമീപിച്ചെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. അപ്പീൽ കോടതിയിലും നമുക്ക് അനുകൂലമായ ഒരു വിധി കിട്ടിയില്ല. അതെത്തുടർന്ന് ഗവൺമെന്റ് ബ്രാഞ്ചിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 45 ലക്ഷത്തിലധികം യൂറോ (ഏകദേശം 29 കോടി രൂപ) പിടിച്ചെടുത്തു. യൂറോപ്യൻ മനുഷ്യാവകാശ കോടതി മാത്രമായിരുന്നു പിന്നെ നമുക്കുള്ള ഏക പ്രതീക്ഷ. പക്ഷേ വിചാരണയ്ക്കു മുമ്പുതന്നെ കാര്യം ഒത്തുതീർപ്പാക്കാൻ പറ്റുമോ എന്നു നോക്കാൻ മനുഷ്യാവകാശ കോടതി ഒരു കാര്യം നിർദേശിച്ചു. കോടതിയുടെ ഒരു പ്രതിനിധിക്കു മുമ്പാകെ ഫ്രാൻസ് ഗവൺമെന്റിന്റെ അഭിഭാഷകരും നമ്മളും തമ്മിൽ കൂടിക്കാണുക എന്നതായിരുന്നു അത്.
ചെറിയൊരു തുക ഗവൺമെന്റിനു കൊടുത്ത് ഈ കേസ് ഒത്തുതീർപ്പാക്കാനേ കോടതിയുടെ പ്രതിനിധി പറയുകയുള്ളൂ എന്ന് ഞങ്ങൾക്ക് ഏകദേശം ഉറപ്പായിരുന്നു. എന്നാൽ ഒരു യൂറോപോലും ഗവൺമെന്റിനു കൊടുക്കുന്നത് ബൈബിൾതത്ത്വങ്ങളുടെ ലംഘനമാണെന്നു ഞങ്ങൾ മനസ്സിലാക്കി. കാരണം ദൈവരാജ്യത്തെ പിന്തുണയ്ക്കാനാണ് സഹോദരങ്ങൾ ആ സംഭാവനകൾ നൽകിയത്; അത് ഗവൺമെന്റിന് അവകാശപ്പെട്ടതല്ല. (മത്താ. 22:21) എന്നാൽ കോടതിയുടെ നിയമങ്ങളെ ബഹുമാനിക്കുന്നതുകൊണ്ട് ഞങ്ങൾ ആ മീറ്റിങ്ങിനു പോയി.
ഞങ്ങളുടെ ലീഗൽ ടീം യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ മുന്നിൽ, 2010
മനുഷ്യാവകാശ കോടതിയുടെ മനോഹരമായ ഒരു കോൺഫറൻസ് മുറിയിലാണ് ഞങ്ങൾ ആ മീറ്റിങ്ങിനായി കൂടിവന്നത്. ചർച്ചയുടെ തുടക്കം അത്ര നല്ല രീതിയിലായിരുന്നില്ല. ഗവൺമെന്റ് നികുതിയായി ആവശ്യപ്പെടുന്ന തുകയിൽ കുറച്ചെങ്കിലും യഹോവയുടെ സാക്ഷികൾ കൊടുക്കാനാണ് താൻ പ്രതീക്ഷിക്കുന്നതെന്നു പ്രതിനിധിയായി വന്ന സ്ത്രീ ആദ്യംതന്നെ പറഞ്ഞു. അപ്പോൾ ഉടനെ ഇങ്ങനെ ചോദിക്കാനാണ് ഞങ്ങൾക്ക് തോന്നിയത്: “ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഗവൺമെന്റ് ഇപ്പോൾത്തന്നെ 45 ലക്ഷത്തിലധികം യൂറോ പിടിച്ചെടുത്തിട്ടുണ്ടെന്ന കാര്യം മാഡത്തിന് അറിയാമോ?”
അതു കേട്ടപ്പോൾ ആ സ്ത്രീ ശരിക്കും ഞെട്ടിപ്പോയി. ഗവൺമെന്റ് അഭിഭാഷകർ അക്കാര്യം സത്യമാണെന്നു സമ്മതിച്ചു. അതോടെ ആ സ്ത്രീക്ക് കേസിനോടുള്ള മനോഭാവംതന്നെ മാറി. അവർ അഭിഭാഷകരെ വഴക്കു പറഞ്ഞിട്ട് മീറ്റിങ്ങ് അപ്പോൾത്തന്നെ അവസാനിപ്പിച്ചു. ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ യഹോവ ആ കേസിന്റെ ഗതിതന്നെ മാറ്റിവിട്ടെന്ന് അപ്പോൾ എനിക്കു മനസ്സിലായി. ആ മുറിയിൽനിന്ന് പോരുമ്പോൾ ഞങ്ങളുടെ ഉള്ളിൽ സന്തോഷവും അത്ഭുതവും അലതല്ലുകയായിരുന്നു.
2011 ജൂൺ 30-ന് മനുഷ്യാവകാശ കോടതി ഐകകണ്ഠ്യേന നമുക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചു. ഗവൺമെന്റ് നമ്മുടെമേൽ ചുമത്തിയ നികുതി അന്യായമാണെന്നും അവർ പിടിച്ചെടുത്ത തുക പലിശ സഹിതം തിരിച്ചുകൊടുക്കണമെന്നും കോടതി പറഞ്ഞു. ചരിത്രപ്രധാനമായ ഈ വിധി ഫ്രാൻസിലെ നമ്മുടെ സത്യാരാധനയെ ഇന്നോളം സംരക്ഷിച്ചിരിക്കുന്നു. അന്ന് കോൺഫറൻസ് മുറിയിൽവെച്ച് പെട്ടെന്നു മനസ്സിൽ തോന്നി ചോദിച്ച ആ ചോദ്യം ഗൊല്യാത്തിന്റെ തലയിൽ തറച്ചുകയറിയ കല്ലുപോലെയായിരുന്നു. ആ ചോദ്യമാണ് നമ്മുടെ നിയമപോരാട്ടത്തിൽ വഴിത്തിരിവായത്. എന്തുകൊണ്ടാണ് നമ്മൾ ജയിച്ചത്? ദാവീദ് ഗൊല്യാത്തിനോടു പറഞ്ഞ വാക്കുകളാണ് അതിന്റെ ഉത്തരം: “യുദ്ധം യഹോവയുടേതാണ്.”—1 ശമു. 17:45-47.
എന്നാൽ നമ്മുടെ വിജയം ഈ ഒരൊറ്റ കേസിൽ ഒതുങ്ങുന്നതല്ല. ശക്തമായ ഗവൺമെന്റുകളും മതങ്ങളും എതിർത്തിട്ടും 70 രാജ്യങ്ങളിലെ ഹൈക്കോടതികളിലും പല അന്താരാഷ്ട്ര കോടതികളിലുമായി നമുക്ക് 1,225 കേസുകൾ ഇതുവരെ വിജയിക്കാനായിട്ടുണ്ട്. ഈ വിജയങ്ങൾ യഹോവയുടെ സാക്ഷികളുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിച്ചിരിക്കുന്നു. ഒരു മതമായി പ്രവർത്തിക്കാനുള്ള നിയമാംഗീകാരവും, പ്രസംഗപ്രവർത്തനം ചെയ്യാനും ദേശീയ ചടങ്ങുകളിൽനിന്ന് മാറിനിൽക്കാനും രക്തം നിരസിക്കാനും ഉള്ള അവകാശവും അതിൽ ഉൾപ്പെടുന്നു.
യു.എസ്.എ.-യിലെ ന്യൂയോർക്കിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന ഞാൻ എങ്ങനെയാണ് നമ്മുടെ കേസുമായി യൂറോപ്പിൽ എത്തിയത്?
തീക്ഷ്ണതയുള്ള മിഷനറിമാരെ കണ്ട് വളരുന്നു
എന്റെ മാതാപിതാക്കളായ ജോർജും ലൂസിയലും 12-ാമത്തെ ഗിലെയാദ് ക്ലാസ്സിൽനിന്ന് ബിരുദം നേടിയവരാണ്. 1956-ൽ ഞാൻ ജനിക്കുമ്പോൾ അവർ ഇത്യോപ്യയിൽ സേവിക്കുകയായിരുന്നു. ഒന്നാം നൂറ്റാണ്ടിലെ സുവിശേഷകനായ ഫിലിപ്പോസിനെ മനസ്സിൽക്കണ്ട് അവർ എനിക്ക് ഫിലിപ്പ് എന്നു പേരിട്ടു. (പ്രവൃ. 21:8) അടുത്ത വർഷം ഗവൺമെന്റ് നമ്മുടെ ആരാധന അവിടെ നിരോധിച്ചു. അന്ന് ഞാൻ തീരെ ചെറുതായിരുന്നെങ്കിലും ഞങ്ങളുടെ കുടുംബം രഹസ്യമായി ആരാധന നടത്തുന്നതൊക്കെ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. കൊച്ചായിരുന്നതുകൊണ്ട് അതൊക്കെ ഒരു രസമായിട്ടാണ് എനിക്കു തോന്നിയത്. പക്ഷേ, 1960-ൽ ആ രാജ്യം വിടാൻ അധികാരികൾ ഞങ്ങളോട് ആവശ്യപ്പെട്ടു.
ഇത്യോപ്യയിലെ ആഡിസ് അബാബയിൽ താമസിക്കുമ്പോൾ നേഥൻ എച്ച്. നോർ സഹോദരൻ (ഇടത്തേയറ്റം) ഞങ്ങളുടെ കുടുംബത്തെ സന്ദർശിക്കുന്നു, 1959
യു.എസ്.എ.-യിലെ കാൻസസിലുള്ള വിചിറ്റയിലേക്ക് ഞങ്ങളുടെ കുടുംബം മാറിത്താമസിച്ചു. എന്റെ പപ്പയും മമ്മിയും ഇത്യോപ്യയിൽനിന്ന് അങ്ങോട്ട് മാറിയപ്പോൾ ഒരു പ്രത്യേകസ്വത്ത് കൂടെ എടുത്തിരുന്നു: ഒരു മിഷനറിയുടെ തീക്ഷ്ണത. അവർ സത്യത്തിനു ചേർച്ചയിൽ ജീവിക്കുകയും മക്കളായ ഞങ്ങളിൽ ആത്മീയമൂല്യങ്ങൾ ഉൾനടുകയും ചെയ്തു. എനിക്ക് ഒരു ചേച്ചിയും അനിയനും ആണുള്ളത്: ജൂഡിയും ലെസ്ലിയും. അവരും ഇത്യോപ്യയിലാണ് ജനിച്ചത്. 13-ാമത്തെ വയസ്സിൽ ഞാൻ സ്നാനമേറ്റു. മൂന്നു വർഷം കഴിഞ്ഞ് ഞങ്ങൾ എല്ലാവരും ആവശ്യം അധികമുള്ള പെറുവിലെ ആരക്കാപ്പയിലേക്ക് മാറിത്താമസിച്ചു.
1974-ൽ എനിക്ക് വെറും 18 വയസ്സുള്ളപ്പോൾ എന്നെയും വേറെ നാലു സഹോദരന്മാരെയും പെറു ബ്രാഞ്ച് പ്രത്യേക മുൻനിരസേവകരായി നിയമിച്ചു. മധ്യ ആൻഡീസ് പർവതപ്രദേശങ്ങളിൽ ആരും പ്രവർത്തിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലാണ് ഞങ്ങൾക്കു പ്രസംഗിക്കാനുണ്ടായിരുന്നത്. ക്വെച്ചുവ, അയ്മാറ ഭാഷക്കാരോടു ഞങ്ങൾ സാക്ഷീകരിക്കേണ്ടതുണ്ടായിരുന്നു. താമസസൗകര്യമുള്ള ഒരു വണ്ടിയിലാണ് ഞങ്ങൾ യാത്ര ചെയ്തിരുന്നത്. ഒരു പെട്ടിപോലെ ഇരുന്നതുകൊണ്ട് ഞങ്ങൾ അതിനു പെട്ടകം എന്ന് ഓമനപ്പേരിട്ടു. യഹോവ പെട്ടെന്നുതന്നെ പട്ടിണിയും രോഗവും മരണവും ഇല്ലാതാക്കുമെന്ന് അവിടത്തുകാരെ ഞങ്ങൾ ബൈബിളിൽനിന്ന് കാണിച്ചുകൊടുത്തതൊക്കെ ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്ന നല്ല ഓർമകളാണ്. (വെളി. 21:3, 4) അവിടെ പലരും സത്യം സ്വീകരിച്ചു.
“പെട്ടകം,” 1974
ലോകാസ്ഥാനത്തേക്ക്
ഭരണസംഘാംഗം ആയിരുന്ന ആൽബർട്ട് ഷ്രോഡർ സഹോദരൻ 1977-ൽ പെറു സന്ദർശിച്ചപ്പോൾ ലോകാസ്ഥാനത്തെ ബഥേൽസേവനത്തിന് അപേക്ഷ കൊടുക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചു. ഞാൻ അങ്ങനെ ചെയ്തു. പെട്ടെന്നുതന്നെ എനിക്കു ക്ഷണം കിട്ടി. 1977 ജൂൺ 17-ന് ഞാൻ ബ്രൂക്ലിൻ ബഥേലിൽ സേവിക്കാൻ തുടങ്ങി. പിന്നെയുള്ള നാലു വർഷം പ്രവർത്തിച്ചത് ക്ലീനിങ്ങും അറ്റകുറ്റപ്പണികളും ചെയ്തിരുന്ന ഡിപ്പാർട്ടുമെന്റുകളിലാണ്.
ഞങ്ങളുടെ വിവാഹദിവസം, 1979
1978 ജൂണിൽ ലൂയിസിയാനയിലെ ന്യൂ ഓർലിയൻസിൽവെച്ച് നടന്ന അന്താരാഷ്ട്ര കൺവെൻഷനിൽ ഞാൻ എലിസബത്ത് അവലോനെ കണ്ടുമുട്ടി. എന്റെ മാതാപിതാക്കളെപ്പോലെ അവളുടെ മാതാപിതാക്കളും സത്യത്തിൽ തീക്ഷ്ണതയുള്ളവരായിരുന്നു. നാലു വർഷമായി മുൻനിരസേവനം ചെയ്യുകയായിരുന്ന അവൾക്കു ജീവിതകാലം മുഴുവൻ മുഴുസമയ സേവനത്തിൽ തുടരണം എന്നായിരുന്നു ആഗ്രഹം. ഞങ്ങൾ പരസ്പരം അടുത്തറിഞ്ഞു. അധികം വൈകാതെ ഞങ്ങൾക്കിടയിൽ പ്രണയം പൂവിട്ടു. അങ്ങനെ 1979 ഒക്ടോബർ 20-ന് ഞാനും അവളും വിവാഹം കഴിച്ചു; തുടർന്ന് ഒരുമിച്ച് ബഥേൽ സേവനവും തുടങ്ങി.
ഞങ്ങളുടെ ആദ്യത്തെ സഭ ബ്രൂക്ലിൻ സ്പാനിഷ് സഭയായിരുന്നു. വളരെ സ്നേഹമുള്ള സഹോദരങ്ങളാണ് അവിടെയുണ്ടായിരുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ഞങ്ങൾ വേറെ മൂന്നു സഭകളിൽ സേവിച്ചു. അവിടെയുള്ള സഹോദരങ്ങളും അതേ സ്നേഹം കാണിക്കുകയും ഞങ്ങളുടെ ബഥേൽ സേവനത്തെ പിന്തുണയ്ക്കുകയും ചെയ്തു. അവരോടും പ്രായമായ ഞങ്ങളുടെ മാതാപിതാക്കളെ നോക്കാൻ സഹായിച്ച കൂട്ടുകാരോടും കുടുംബാംഗങ്ങളോടും എല്ലാം ഞങ്ങൾക്കു വളരെ നന്ദിയുണ്ട്.
ബ്രൂക്ലിൻ സ്പാനിഷ് സഭയിൽ പോയിക്കൊണ്ടിരുന്ന ബഥേലംഗങ്ങൾ, 1986
നിയമപോരാട്ടത്തിലേക്കുള്ള എന്റെ കാൽവെപ്പ്
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് 1982 ജനുവരിയിൽ ബഥേലിലെ നിയമവിഭാഗത്തിലേക്ക് എന്നെ നിയമിച്ചു. മൂന്നു വർഷം കഴിഞ്ഞ് ഒരു ലോ കോളേജിൽനിന്ന് ബിരുദം നേടി വക്കീലാകാൻ എന്നോട് ആവശ്യപ്പെട്ടു. പഠിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് അതിശയം തോന്നിയ ഒരു കാര്യമുണ്ട്: ഐക്യനാടുകളിലും മറ്റ് രാജ്യങ്ങളിലും ആളുകൾ ആസ്വദിക്കുന്ന പല സ്വാതന്ത്ര്യങ്ങളും യഹോവയുടെ സാക്ഷികൾ നേടിയെടുത്ത നിയമവിജയങ്ങളിൽനിന്ന് കിട്ടിയിട്ടുള്ളതാണ്. ഈ കേസുകളെക്കുറിച്ചൊക്കെ ഞങ്ങളെ ക്ലാസ്സിൽ വിശദമായി പഠിപ്പിച്ചിരുന്നു.
1986-ൽ എനിക്ക് 30 വയസ്സുള്ളപ്പോൾ നിയമവിഭാഗത്തിന്റെ ഓവർസിയർ ആയി എന്നെ നിയമിച്ചു. അത്രയും ചെറുപ്പമായിരുന്ന എന്നെ ഇത്ര വലിയ ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചപ്പോൾ എനിക്കു സന്തോഷവും അതേസമയം പേടിയും തോന്നി. എനിക്കറിയാത്ത ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ നിയമനം ഒട്ടും എളുപ്പമായിരിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.
1988-ൽ ഞാൻ ഒരു വക്കീലായി. എന്നാൽ ആ പഠനകാലം എന്റെ ആത്മീയതയെ എത്രത്തോളം ബാധിച്ചെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ഉന്നത വിദ്യാഭ്യാസം പല ആഗ്രഹങ്ങൾ ഉള്ളിൽ വളർത്തുകയും നമ്മുടെ അത്രയും വിദ്യാഭ്യാസമില്ലാത്തവരെക്കാൾ നമ്മൾ വലിയ ആളാണെന്ന് ചിന്തിക്കാൻ ഇടയാക്കുകയും ചെയ്തേക്കാം. ആ കുഴിയിൽനിന്ന് എന്നെ കൈപിടിച്ച് ഉയർത്തിയത് എലിസബത്താണ്. എന്റെ പഴയ ആത്മീയദിനചര്യ തിരിച്ചുപിടിക്കാൻ അവൾ സഹായിച്ചു. അതിനു സമയമെടുത്തു, എന്നാൽ പതിയെപ്പതിയെ യഹോവയുമായി ഞാൻ വീണ്ടും അടുത്തു. സ്വന്തം അനുഭവത്തിൽനിന്ന് ഞാൻ ഒരു കാര്യം പറയാം: ഒരുപാട് അറിവ് നേടുന്നതല്ല ജീവിതത്തിലെ പ്രധാനപ്പെട്ട സംഗതി. യഹോവയുമായി നല്ല ബന്ധം ഉണ്ടായിരിക്കണം; യഹോവയോടും യഹോവയുടെ ജനത്തോടും ആഴമായ സ്നേഹവും വേണം. അതാണ് ജീവിതത്തിന് അർഥം പകരുന്നത്.
സന്തോഷവാർത്തയ്ക്കുവേണ്ടി വാദിച്ച് അതു നിയമപരമായി സ്ഥാപിച്ചെടുക്കുന്നു
എന്റെ നിയമപഠനം കഴിഞ്ഞ് ഞാൻ ബഥേലിലെ നിയമവിഭാഗത്തെ കൂടുതൽ സഹായിക്കാനും രാജ്യപ്രവർത്തനങ്ങൾക്കുവേണ്ടി കോടതികളിൽ വാദിക്കാനും തുടങ്ങി. നമ്മുടെ സംഘടന വളരെ വേഗത്തിൽ മുന്നോട്ടുപോകുകയും വളരുകയും ചെയ്യുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്നാണ് പല മാറ്റങ്ങളുമുണ്ടാകുന്നത്. അത്തരമൊരു സംഘടനയിൽ പ്രവർത്തിക്കുമ്പോൾ വെല്ലുവിളികളുണ്ടെങ്കിലും അത് ഒത്തിരി ആവേശം നിറഞ്ഞതാണ്. ഒരു ഉദാഹരണം പറയാം. 1990-വരെ പ്രസിദ്ധീകരണങ്ങൾക്ക് ഒരു നിശ്ചിതതുക സംഭാവന മേടിക്കുന്ന രീതിയാണ് നമുക്കുണ്ടായിരുന്നത്. എന്നാൽ അന്നു മുതൽ സംഘടന അതിനു മാറ്റം വരുത്താൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ സഹായിക്കാൻ നിയമവിഭാഗത്തോടാണ് ആവശ്യപ്പെട്ടത്. പിന്നെയങ്ങോട്ട് പണം ഈടാക്കാതെ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരണങ്ങൾ കൊടുക്കാൻ തുടങ്ങി. ഈ ക്രമീകരണം ബഥേലിലെയും വയലിലെയും നമ്മുടെ പല പ്രവർത്തനങ്ങളും കൂടുതൽ എളുപ്പമാക്കി. അതിലൂടെ നികുതിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾ ഒഴിവാക്കാനും കഴിഞ്ഞു. ചിലർ ചിന്തിച്ചത് ഈ മാറ്റം കാരണം നമുക്ക് ആവശ്യത്തിന് പണമില്ലാതെ വരുകയും അതു പ്രസംഗപ്രവർത്തനത്തെ മോശമായി ബാധിക്കുകയും ചെയ്യും എന്നാണ്. എന്നാൽ നേരെ തിരിച്ചാണ് സംഭവിച്ചത്. 1990 മുതൽ ഇന്നു വരെയുള്ള കണക്കു നോക്കിയാൽ യഹോവയുടെ സാക്ഷികളുടെ എണ്ണം ഇരട്ടിയിൽ അധികമായിരിക്കുന്നു. ജീവൻ രക്ഷിക്കുന്ന ആത്മീയ ഭക്ഷണം ഇപ്പോൾ സൗജന്യമായി എല്ലാവർക്കും ലഭ്യമാണ്. യഹോവയുടെ സഹായംകൊണ്ടും തന്റെ വിശ്വസ്ത അടിമയിലൂടെ യഹോവ നിർദേശങ്ങൾ തരുന്നതുകൊണ്ടും ആണ് സംഘടനയ്ക്ക് ഇത്ര വലിയ മാറ്റങ്ങൾ വളരെ വിജയകരമായി കൊണ്ടുവരാൻ പറ്റുന്നതെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും.—പുറ. 15:2; മത്താ. 24:45.
നമുക്കു ലഭിച്ച നിയമവിജയങ്ങളുടെ കാരണം അഭിഭാഷകരുടെ കഴിവു മാത്രമല്ല. മിക്കപ്പോഴും യഹോവയുടെ സാക്ഷികളുടെ നല്ല പെരുമാറ്റമാണ് ജഡ്ജിമാരെയും മറ്റു ഗവൺമെന്റ് അധികാരികളെയും സ്വാധീനിക്കുന്നത്. അതിന് ഒരു ഉദാഹരണം എനിക്ക് 1998-ൽ നേരിൽ കാണാനായി. അന്ന് ക്യൂബയിൽ നടന്ന ചില പ്രധാനപ്പെട്ട കൺവെൻഷനുകളിൽ പങ്കെടുക്കാൻ മൂന്ന് ഭരണസംഘാംഗങ്ങളും അവരുടെ ഭാര്യമാരും വന്നു. നമ്മൾ രാഷ്ട്രീയമായി നിഷ്പക്ഷരാണെന്ന് അവിടത്തെ അധികാരികളെ ബോധ്യപ്പെടുത്തിയത് അവരുമായി ഞങ്ങൾ നടത്തിയ ചർച്ചകൾ ആയിരുന്നില്ല, പകരം ആ വന്ന സഹോദരങ്ങളുടെ ദയയോടെയും ആദരവോടെയും ഉള്ള പെരുമാറ്റമായിരുന്നു.
എങ്കിലും ചിലപ്പോൾ നമുക്കു നീതി ലഭിക്കാൻ കോടതിയിൽപോയി ‘സന്തോഷവാർത്തയ്ക്കുവേണ്ടി വാദിക്കുകയും അതു നിയമപരമായി സ്ഥാപിച്ചെടുക്കുകയും’ ചെയ്യേണ്ടിവന്നേക്കാം. (ഫിലി. 1:7) ഉദാഹരണത്തിന്, വർഷങ്ങളോളം യൂറോപ്പിലെയും ദക്ഷിണ കൊറിയയിലെയും അധികാരികൾ സൈനികസേവനം നിരസിക്കാനുള്ള നമ്മുടെ അവകാശം അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനികസേവനം ചെയ്യാത്തതിന്റെ പേരിൽ യൂറോപ്പിലെ 18,000-ത്തോളം സഹോദരങ്ങൾക്കും ദക്ഷിണ കൊറിയയിലെ 19,000-ത്തിലധികം സഹോദരങ്ങൾക്കും ജയിലിൽ കഴിയേണ്ടിവന്നു.
പക്ഷേ, അവസാനം 2011 ജൂലൈ 7-ന് ബയാറ്റ്യാൻ Vs അർമേനിയ കേസിൽ യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ ചരിത്രപ്രധാനമായ ഒരു വിധി വന്നു. എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും സൈനികസേവനത്തിനു പകരമുള്ള ജോലികൾ ചെയ്യാൻ ആളുകൾക്ക് അവകാശമുണ്ടെന്ന് കോടതി വിധിച്ചു. അതിനു ശേഷം 2018 ജൂൺ 28-ന് ദക്ഷിണ കൊറിയയിലെ പ്രധാനപ്പെട്ട ഒരു കോടതിയും സമാനമായ ഒരു വിധി പ്രഖ്യാപിച്ചു. നമ്മുടെ ചെറുപ്പക്കാരായ സഹോദരന്മാരിൽ കുറച്ച് പേരെങ്കിലും അവരുടെ നിലപാടിൽ വിട്ടുവീഴ്ച വരുത്തിയിരുന്നെങ്കിൽ ഈ വിജയങ്ങളൊന്നും നമുക്കു ലഭിക്കില്ലായിരുന്നു.
ലോകാസ്ഥാനത്തേയും ഓരോ ബ്രാഞ്ചിലെയും നിയമവിഭാഗങ്ങൾ ദൈവരാജ്യപ്രവർത്തനങ്ങൾക്കുവേണ്ടി രാവും പകലും അധ്വാനിക്കുന്നു. ഗവൺമെന്റുകളിൽനിന്ന് എതിർപ്പ് നേരിടുന്ന സഹോദരങ്ങൾക്കുവേണ്ടി വാദിക്കാനാകുന്നത് ഒരു വലിയ പദവിയായാണ് ഞങ്ങൾ കാണുന്നത്. നമ്മൾ വിജയിച്ചാലും ഇല്ലെങ്കിലും ഇത്തരം കേസുകൾ ഗവർണർമാർക്കും രാജാക്കന്മാർക്കും ജനതകൾക്കും ഒരു വലിയ സാക്ഷ്യം കൊടുക്കുന്നു. (മത്താ. 10:18) കേസുമായി ബന്ധപ്പെട്ട് നമ്മൾ സമർപ്പിക്കുന്ന രേഖകളിലും കോടതിയിൽ നടത്തുന്ന വാദങ്ങളിലും തിരുവെഴുത്തുകൾ ഉപയോഗിക്കുന്നതുകൊണ്ട് ജഡ്ജിമാർക്കും ഗവൺമെന്റ് അധികാരികൾക്കും വാർത്താമാധ്യമങ്ങൾക്കും പൊതുജനത്തിനും ഈ വാക്യങ്ങൾ പരിശോധിക്കേണ്ടിവരും. ആത്മാർഥഹൃദയരായ ആളുകൾ യഹോവയുടെ സാക്ഷികൾ ആരാണെന്നും അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനം എന്താണെന്നും അതിലൂടെ മനസ്സിലാക്കും. അങ്ങനെയുള്ളവരിൽ ചിലർ നമ്മുടെ സഹോദരങ്ങൾപോലും ആയിട്ടുണ്ട്.
യഹോവേ നന്ദി!
കഴിഞ്ഞ 40-ലധികം വർഷമായി ഞാൻ നിയമവിഭാഗത്തോടൊപ്പം സേവിക്കുകയാണ്. ലോകമെങ്ങുമുള്ള ബ്രാഞ്ചോഫീസുകളോടൊപ്പം ചേർന്ന് പ്രവർത്തിക്കാനും ഒരുപാട് ഹൈക്കോടതികളുടെയും ഉന്നത അധികാരികളുടെയും മുമ്പാകെ വാദിക്കാനും കഴിഞ്ഞത് ഒരു വലിയ പദവിയായി ഞാൻ കാണുന്നു. ലോകാസ്ഥാനത്തെയും മറ്റു ബ്രാഞ്ചുകളിലെയും നിയമവിഭാഗങ്ങളിൽ സേവിക്കുന്ന എന്റെ പ്രിയ സഹോദരങ്ങളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. അവരുടെ കഠിനാധ്വാനം ഞാൻ എപ്പോഴും ഓർക്കും. തിരിഞ്ഞുനോക്കുമ്പോൾ അനുഗ്രഹങ്ങൾ നിറഞ്ഞ, സംതൃപ്തിയുള്ള ഒരു ജീവിതമായിരുന്നു എന്റേത് എന്ന് എനിക്കു പറയാനാകും.
കഴിഞ്ഞ 45 വർഷമായി നല്ല സമയത്തും മോശം സമയത്തുമെല്ലാം എലിസബത്ത് സ്നേഹത്തോടെ വിശ്വസ്തമായി എന്നെ പിന്തുണയ്ക്കുന്നു. പ്രതിരോധശക്തിയെ ബാധിക്കുന്ന ഒരു രോഗം ഉള്ളതുകൊണ്ട് അവൾക്ക് ആരോഗ്യം കുറവാണ്. എന്നിട്ടും അവൾ എപ്പോഴും എനിക്കൊരു താങ്ങായി നിന്നിട്ടുണ്ട്.
നമുക്കു ശക്തി തരുന്നതും വിജയം നേടിത്തരുന്നതും നമ്മുടെതന്നെ കഴിവുകളല്ലെന്ന് ഞങ്ങൾ സ്വന്തം ജീവിതത്തിൽനിന്ന് മനസ്സിലാക്കി. ദാവീദ് പറഞ്ഞതുപോലെ ‘യഹോവയാണ് തന്റെ ജനത്തിന്റെ ബലം.’ (സങ്കീ. 28:8) അതെ, “യുദ്ധം യഹോവയുടേതാണ്.”