നിങ്ങൾക്ക് അറിയാമോ?
ഒന്നാം നൂറ്റാണ്ടിൽ, ദേവാലയത്തിലെ പുരോഹിതന്മാർ എങ്ങനെയാണ് ബലി മൃഗങ്ങളെ അറുക്കുമ്പോഴുള്ള രക്തം നീക്കം ചെയ്തിരുന്നത്?
പുരാതന ഇസ്രായേലിൽ ഓരോ വർഷവും പുരോഹിതന്മാർ ആലയത്തിന്റെ യാഗപീഠത്തിൽ ആയിരക്കണക്കിനു മൃഗബലികളാണ് അർപ്പിച്ചിരുന്നത്. ഒന്നാം നൂറ്റാണ്ടിലെ ജൂതചരിത്രകാരനായ ജോസീഫസ് പറയുന്നതനുസരിച്ച്, പെസഹാദിവസം 2,50,000-ത്തിലധികം ചെമ്മരിയാടുകളെ അർപ്പിച്ചിരുന്നു. ഇത്രയും മൃഗങ്ങളെ ബലി അർപ്പിക്കുമ്പോൾ സ്വാഭാവികമായും ധാരാളം രക്തം ഒഴുകും. (ലേവ്യ 1:10, 11; സംഖ്യ 28:16, 19) ആ രക്തം പിന്നെ എന്താണ് ചെയ്തിരുന്നത്?
യേശുവിന്റെ കാലത്ത് ഉണ്ടായിരുന്ന ഹെരോദിന്റെ ആലയത്തിൽ മലിനജലം പോകുന്നതിനുള്ള വലിയൊരു സംവിധാനം ഉണ്ടായിരുന്നതായി പുരാവസ്തുഗവേഷകർ കണ്ടെത്തി. സാധ്യതയനുസരിച്ച് ആലയത്തിൽനിന്ന് രക്തം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞിരുന്നത് ഈ സംവിധാനത്തിലൂടെ ആയിരുന്നിരിക്കണം.
യാഗപീഠം വൃത്തിയായി സൂക്ഷിക്കാൻ സഹായിച്ചിരുന്ന രണ്ടു കാര്യങ്ങൾ നോക്കാം:
യാഗപീഠത്തിന്റെ ചുവട്ടിലുള്ള കുഴികൾ: യാഗപീഠം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള വലിയൊരു സംവിധാനത്തെക്കുറിച്ച് മിഷ്നായിൽa കാണാം. അത് പറയുന്നു: ‘യാഗപീഠത്തിന്റെ ചുവട്ടിലായി, പടിഞ്ഞാറു വശത്തും തെക്കു വശത്തും ഒഴിച്ചിരുന്ന രക്തം, അവിടം വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്ന വെള്ളവുമായി ഇടകലർന്ന് യാഗപീഠത്തിന്റെ തെക്കുപടിഞ്ഞാറേ മൂലയിലുള്ള രണ്ടു കുഴികളിലൂടെ ഇറങ്ങി കിദ്രോൻ താഴ്വരയിലേക്കു പോകുമായിരുന്നു.’
യാഗപീഠത്തിന്റെ അരികിലായി “കുഴികൾ” ഉണ്ടായിരുന്നു എന്ന കാര്യത്തോട് ഇക്കാലത്തെ പുരാവസ്തുഗവേഷകരും യോജിക്കുന്നു. ജൂതന്മാരുടെ ചരിത്രത്തെക്കുറിച്ചുള്ള ഒരു ആധുനികകാല പുസ്തകം, പുരാവസ്തുഗവേഷകർ ആലയത്തിന് അടുത്ത് കണ്ടെത്തിയ പാത്തികളെക്കുറിച്ച് പറയുന്നുണ്ട്. ആ പുസ്തകം ഇങ്ങനെ പറയുന്നു: “ആലയത്തിൽനിന്ന് വരുന്ന ബലിമൃഗങ്ങളുടെ രക്തവും വെള്ളവും പുറത്തേക്ക് ഒഴുക്കി കളയാനായിരിക്കാം ഇവ ഉപയോഗിച്ചിരുന്നത്.”
ആവശ്യത്തിനു വെള്ളം ലഭ്യമായിരുന്നു: യാഗപീഠത്തിന്റെ ചുവടു ഭാഗവും രക്തം പോകുന്ന പാത്തിയും വൃത്തിയായി സൂക്ഷിക്കുന്നതിനു പുരോഹിതന്മാർക്കു ധാരാളം വെള്ളം വേണമായിരുന്നു. അതിനുവേണ്ട ശുദ്ധജലം അവർക്ക് എപ്പോഴും യരുശലേം നഗരത്തിൽനിന്ന് ലഭിച്ചിരുന്നു. ധാരാളം കനാലുകളും ജലസംഭരണികളും കുളങ്ങളും ഒക്കെയുള്ള വലിയൊരു ജലവിതരണ സംവിധാനമാണ് അതിന് ഉപയോഗിച്ചിരുന്നത്. പുരാവസ്തു ഗവേഷകനായ ജോസഫ് പാട്രിക് ഇതെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ആലയത്തിൽ വെള്ളം ലഭ്യമാക്കുന്നതിനും ആലയം ശുചിയാക്കുന്നതിനും മലിനജലം പുറന്തള്ളുന്നതിനും ഒക്കെയുള്ള സംവിധാനം വളരെ വലുതായിരുന്നു. അക്കാലത്ത് അങ്ങനെയൊന്ന് മറ്റൊരിടത്തും ഉണ്ടായിരുന്നില്ല.”
a വാമൊഴിയായുള്ള ജൂതനിയമങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഒരു സമാഹാരം. മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അത് എഴുതപ്പെട്ടത്.