ലോകത്തെ വീക്ഷിക്കൽ
ചെറിയ രാജ്യം വലിയ പ്രശ്നം
ബിലൈസ് എന്ന രാജ്യത്തിന് 1,60,000-ൽ കുറഞ്ഞ ഒരു ജനസംഖ്യയേ ഉള്ളു. എന്നിട്ടും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് “മദ്ധ്യ അമേരിക്കയിലെ ഏറ്റവും പ്രമുഖ മയക്കുമരുന്നു വ്യാപാര കേന്ദ്രവും കൊളംബിയായും മെക്സിക്കോയും ജമെയ്ക്കയും കഴിഞ്ഞാൽ ഐക്യനാടുകൾക്ക് ഏറ്റവും കൂടുതൽ മരിജ്വാന നൽകുന്ന നാലാമത്തെ രാജ്യവും അതാണെന്ന് പറയപ്പെടുന്നു. അറസ്റ്റുകളും അത് നിർമ്മാർജ്ജനം ചെയ്യാനുള്ള ശ്രമങ്ങളും മരിജ്വാന വിൽക്കുന്നതിലെ അപകടങ്ങൾ സംബന്ധിച്ച് ജനങ്ങളെ ബോധവാൻമാരാക്കാനുള്ള ശ്രമങ്ങളും ഉണ്ടായിരിക്കെ വിളവിലെ ഏതാണ്ട് 85 ശതമാനം ഓരോ വർഷവും ഐക്യനാടുകളിലേക്ക് കടത്തിയിട്ടുണ്ട്. “ഇത് തുടരാൻ നാം അനുവദിക്കുന്നെങ്കിൽ, നാം നമ്മുടെ ഗവൺമെൻറിനെ—നമ്മുടെ സ്വാതന്ത്ര്യത്തെ—നശിപ്പിക്കും” എന്ന് പ്രധാനമന്ത്രിയായ മാനുവൽ എസ്ക്വിവെൽ പറഞ്ഞു.
കൺഡോറിന്റെ നിലനിൽപ്പ് ഭീഷണിയിൽ
വടക്കേ അമേരിക്കയിലെ വലിയ നാടൻ പക്ഷികളിലൊന്നായിരിക്കുന്ന കൺഡോറിന്റെ ഒരു ചിറകിന് 10 അടി (3 മീ) നീട്ടാൻ കഴിയുമെന്നും അതിന് 22 പൗണ്ട് (10 കി.) വരെ ഭാരം ഉണ്ടായിരിക്കാൻ കഴിയുമെന്നും അവകാശപ്പെടുന്നു. എന്നിട്ടും ഇപ്പോൾ ഏഴെണ്ണം മാത്രമേ തങ്ങളുടെ കാലിഫോർണിയായിലെ സ്വാഭാവിക വാസസ്ഥാനത്ത് ഉയർന്ന് പറക്കുന്നതായി കാണപ്പെടുന്നുള്ളു. സയൻസ് മാസിക പറയുന്നതനുസരിച്ച് 1967-ൽ ഏകദേശം 40 പക്ഷികൾ ഉണ്ടായിരുന്നത് 1984-ൽ 15 എന്ന സംഖ്യയിലേക്ക് കുറഞ്ഞിരിക്കുന്നു. 1984 നവംബറിനും 1985 ഏപ്രിലിനുമിടയ്ക്ക് ആറെണ്ണം കൂടെ നശിച്ചിരിക്കുന്നു. 20 പക്ഷികൾ കൂട്ടിലുണ്ടെങ്കിലും ഒരു വർഗ്ഗമെന്ന നിലയിൽ അവയുടെ നിലനിൽപ്പ് പ്രശ്നത്തിലാണ്. ആറോ ഏഴോ വർഷമാകുമ്പോൾ കൺഡോർ പുനരുല്പാദന പ്രായത്തിലെത്തുന്നു. അപ്പോൾ സാധാരണയായ ഓരോ രണ്ട് വർഷത്തിലും ഏതാണ്ട് ഒരു മുട്ട വീതം ഉല്പാദിപ്പിക്കുന്നു. ഈ കുറഞ്ഞ പ്രത്യുൽപാദന നിരക്കും കൺഡോറിന്റെ സ്വാഭാവിക വാസസ്ഥാനത്ത് മനുഷ്യൻ അതിക്രമിച്ച് കടക്കുന്നതും ഈയ വിഷത്താലും മറ്റും ഉണ്ടാകുന്ന ഭക്ഷണമലിനീകരണവും നിമിത്തം അവരുടെ നിലനിൽപ്പ് വലിയോരു ഭീഷണിയിലാണ്.
കനത്ത മഞ്ഞ് മഴ
വളരെ കനത്ത ഒരസാധാരണ മഞ്ഞുമഴ 100 അടി (30 മീ.) നീളവും 5 അടി (1.5 മീ.) ഘനവുമുള്ള ഒരു മഞ്ഞുകട്ടി ഒരു തെരുവിൽ അവശേഷിപ്പിച്ചുകൊണ്ട് 1985 സെപ്റ്റംബർ 30-ന് ഒരു ബ്രസീലിയൻ പട്ടണത്തെ നിലം പരിചാക്കി. ഏതാണ്ട് രണ്ട് പൗണ്ട് (1 കിലോ) ഭാരംവരുന്ന ആലിപ്പഴങ്ങൾ റിയോഡി ജാനീറിയോയിൽനിന്ന് ഏകദേശം 300 മൈൽ (500 കി. മീ.) വടക്ക് സ്ഥിതിചെയ്യുന്ന ഇറ്റാബ്രിൻഹാ ഡി മാന്റെനാ എന്ന പട്ടണത്തെ തകർത്തുകളഞ്ഞു. അവിടത്തെ തെരുവുകൾ മഞ്ഞുപാളികളാൽ നിറഞ്ഞു. 15 മിനിറ്റ് നീണ്ടുനിന്ന കാറ്റ് 20-ലധികം ആളുകളെ കൊല്ലുകയും 300 പേർക്ക് പരുക്കേൽപ്പിക്കുകയും 10,000 പേരുള്ള പട്ടണത്തിലെ 4000 പേരെ ഭവന രഹിതരാക്കുകയും ചെയ്തു. 50 വീടുകൾ പൂർണ്ണമായും നശിക്കുകയും 900-ലധികം വീടുകളുടെ മേൽക്കൂര തകർന്നുപോകുകയും ചെയ്തു. മഞ്ഞ് നിറഞ്ഞ നദികൾ കവിഞ്ഞൊഴുകിയപ്പോൾ മറ്റ് നാശനഷ്ടങ്ങൾ വരുത്തിക്കൂട്ടി. മേയർ ക്ലോവിസ് ഡി. ഡീ കാസ്ട്രോ ആ നാശത്തെ “ഈ പ്രദേശത്ത് അടുത്തകാലത്തുണ്ടായ ഏറ്റം ദയനീയമായ ദുരന്തം” എന്നാണ് വർണ്ണിക്കുന്നത്.
വാർഷികം വികലമാക്കപ്പെട്ടു
ഐക്യരാഷ്ട്രങ്ങളുടെ 4-ാം വാർഷിക ആഘോഷത്തിന്റെ സമാപനം ഉദ്ദേശ്യം സംബന്ധിച്ച ഒരു പ്രഖ്യാപനത്തിൽ അംഗരാഷ്ട്രങ്ങൾക്ക് യോജിക്കാൻ കഴിയാതെ വന്നതുകൊണ്ട് നിരാശയിലാഴ്ത്തപ്പെട്ടു. ആറ് ആഴ്ച നീണ്ടുനിന്ന പൊതുസഭയുടെ സമ്മേളന കാലത്ത് ഏതെങ്കിലും തർക്കങ്ങൾ പരിഹരിക്കാതെ അഥവാ “40-ാം വാർഷികത്തിലെ പ്രഖ്യാപനം” എന്തായിരിക്കണമെന്നതിൽ യോജിക്കാതെ 200-ലധികം മഹാൻമാർ 10 ലക്ഷത്തിലധികം വാക്കുകൾ ഉരുവിട്ടു. എന്തുകൊണ്ട്? “നിരവധി രാഷ്ട്രങ്ങൾ പ്രഖ്യാപനത്തെ നേട്ടമുണ്ടാക്കുന്ന ഒരഭ്യാസമായി ഉപയോഗിച്ചു” എന്ന് അമേരിക്കൻ പ്രതിനിധിയായ ഹാർവെ ഫെൽഡ്മാൻ സമ്മതിച്ചു പറഞ്ഞു. “മീറ്റിംഗുകൾ ഉത്തര—ദക്തിണ, പൂർവ്വ—പശ്ചിമ പ്രക്ഷുബ്ധതകളാൽ, പ്രത്യേകിച്ച് മദ്ധ്യപൂർവ്വ പ്രശ്നങ്ങളാൽ വികലമാക്കപ്പെട്ടു.” ഇൻഡ്യയുടെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി ഇപ്രകാരം പറഞ്ഞുകൊണ്ട് അത് സംക്ഷേപിച്ചു: “സകലർക്കും സ്വീകാര്യമായ ഒരു ഫലം ഉൽപാദിപ്പിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിന് ചില രാജ്യങ്ങൾ മനസ്സുള്ളവരല്ല.”
മിക്ക ലോകനേതാക്കളുടെയും ഉൽക്കണ്ഠ പ്രകടമാക്കിക്കൊണ്ട് അഫ്ഗാനിസ്ഥാനിലെ വിദേശകാര്യമന്ത്രിയായ ഷാ മുഹമ്മദ് ദോസ്റ്റ് ഇപ്രകാരം പ്രസ്താവിച്ചു: “മുഴു സംസ്കാരത്തെയും മാത്രമല്ല ഭൂമിയിലെ ഏതുതരം ജീവന്റെയും ആസ്തിക്യത്തെത്തന്നെ ഭീഷണിപ്പെടുത്തുന്ന ഒരു ന്യൂക്ലിയർ വിപത്തിന്റെ പടുകുഴിയുടെ വക്കിൽ ലോകം അപകടകരമാം വിധം ആടിയുലയുമ്പോൾ . . . നാം ഈ സ്ഥാപനത്തിന്റെ 40-ാം വാർഷികം ആഘോഷിക്കുന്നത് സങ്കടകരമാണ്. ഐക്യരാഷ്ട്രങ്ങൾ സംഘടിപ്പിച്ചവരുടെ സ്വപ്നങ്ങളെയും ആദർശങ്ങളെയുംകാൾ വിദൂരത്തിൽ മറ്റൊന്നിനും ആയിരിക്കാൻ സാദ്ധ്യമല്ല.” എന്നിട്ടും 1986 സാർവ്വദേശീയ “സമാധാന വർഷം” ആയി പ്രഖ്യാപിച്ചുകൊണ്ട് പൊതുസഭയുടെ യോഗം സമാപിച്ചു.
പുതിയ ബ്രെയ്ക്ക് ലൈറ്റ്
വാഹനത്തിന്റെ പിൻഭാഗത്തെ ജനാലയിൽ ദൃഷ്ടികൾക്കുനേരെ ഉയർത്തി സ്ഥാപിച്ചിരിക്കുന്ന ഒരു ബ്രെയ്ക്ക് ലൈറ്റ് താഴെ സ്ഥാപിച്ചിരിക്കുന്നവയെക്കാൾ എളുപ്പം കണ്ണിൽപ്പെടാവുന്നവയാണെന്ന് അവകാശപ്പെടുന്നു. ഇവ സാധാരണ ബ്രെയ്ക്ക് ലൈറ്റുകളോടൊപ്പം ഉപയോഗിക്കുമ്പോൾ പിൻഭാഗത്ത് ഏൽക്കുന്ന കൂട്ടിമുട്ടൽ 53 ശതമാനത്തോളം കുറയ്ക്കാൻ കഴിയുമെന്നും പറയപ്പെടുന്നു. 1986-ൽ ഐക്യനാടുകളിലുണ്ടാക്കുന്ന എല്ലാ കാറുകളിലും ഈ പുതിയ ലൈറ്റ് ഘടിപ്പിക്കേണ്ടതുണ്ട്. ഇത് പഴയ കാറുകളിൽ ഘടിപ്പിക്കുന്നതിനുവേണ്ടി കുറഞ്ഞ നിരക്കിൽ വാങ്ങാവുന്നതുമാണ്. “ഉപഭോക്താക്കൾ കൂട്ടിമുട്ടലുകളിൽ നിന്നുണ്ടാകുന്ന 3940 ലക്ഷം ഡോളർ പ്രതിവർഷം ലാഭിക്കുമെന്ന് ദേശീയ ഗതാഗത സംരക്ഷണ സമിതി കണക്കാക്കുന്നതായി” പ്രിവെൻഷൻ മാസിക പ്രസ്താവിക്കുന്നു.
പുതിയ സംവിധാനം വേണം
കാർ ഓടിക്കുന്നവരുടെ തല സ്റ്റീയറിംഗ് വീലിൽ തട്ടാതെയും വാരിയെല്ലിനും അടിവയറിനും നട്ടെല്ലിന്റെ അടിഭാഗത്തും ക്ഷതമേൽക്കാതെയുമിരിക്കുന്നതിന് കാറിന്റെ സീറ്റ് ബൽറ്റുകൾക്ക് പുതിയ രൂപം നൽകേണ്ടതാണ് എന്ന് ലണ്ടൻ ടൈംസ് പറയുന്നു. 15 ആശുപത്രികളിലായി ഗവൺമെൻറ് ഏറ്റെടുത്ത് നടത്തിയ പഠനം സീറ്റ് ബൽറ്റ് ഉപയോഗിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പുള്ള വർഷവും പിൻപുള്ള വർഷവും ആളുകൾക്ക് ഏറ്റ 14,000 ആഘാതങ്ങളെക്കുറിച്ച് അപഗ്രഥനം നടത്തുകയുണ്ടായി. മൊത്തത്തിൽ മരണത്തിന്റെയും ആഘാതങ്ങളുടെയും സംഗതിയിൽ ഒരു കുറവുണ്ടായിരുന്നു. ഓടിക്കുന്നവരുടെ ആഘാതങ്ങളുടെ സംഖ്യയിൽ 20 ശതമാനവും മുൻസീറ്റിൽ യാത്രചെയ്യുന്നവരുടെ ആഘാതങ്ങളിൽ 24 ശതമാനവും കുറവ് നിരീക്ഷിച്ചെങ്കിലും ആഘാതങ്ങളുടെ കാഠിന്യത്തിൽ യാതൊരു കുറവും കണ്ടില്ല. ആഘാതങ്ങളിൽ ഒരു വ്യതിയാനം സംഭവിച്ചു. കിഡ്നിയുടെ ആഘാതവും അവയവങ്ങളുടെ ഒടിവും കുറഞ്ഞെങ്കിലും നെഞ്ചിനും കഴുത്തിനും അടിവയറിനും സംഭവിച്ച തകരാറുകൾ വർദ്ധിച്ചു. മുൻസീറ്റിൽ യാത്രചെയ്യുന്നവരുടെ തലയിലെ ആഘാതങ്ങൾ നാടകീയമായി കുറഞ്ഞെങ്കിലും ഡ്രൈവർമാരുടേത് വർദ്ധിച്ചു. അതിനാൽ സീറ്റ് ബൽറ്റിന്റെ പുന:സംവിധാനം വേണം. (g86 2/8)