ഇന്നത്തെ യുവാക്കളുടെ ആശകളും ആശങ്കകളും
“ഭാവിയെന്താണെന്ന് മാത്രം ഞങ്ങൾ അറിഞ്ഞിരുന്നെങ്കിൽ” എന്ന് 18 വയസ്സുള്ള ഫ്രാൻസിലെ വാലറി എന്ന ഒരു പെൺകുട്ടി വിലപിച്ചു പറഞ്ഞു. ഇന്നത്തെ യുവാക്കൾ വാലറിയുടെ വാക്കുകളോട് യോജിച്ചാലും ഇല്ലെങ്കിലും, അവർ തങ്ങളുടെ ഭാവിയെക്കുറിച്ച് ചിന്തയുള്ളവരാണ്. അവർ ഭാവിയിൽ ഏതുതരത്തിലുള്ള ജോലി ചെയ്യുമെന്നും ഏതുതരത്തിലുള്ള കുടുംബജീവിതം ആസ്വദിക്കുമെന്നും ഏതുതരത്തിലുള്ള ലോകത്തിൽ ജീവിക്കുമെന്നും മനസ്സിൽ കാണാൻ പലപ്പോഴും ശ്രമിക്കുന്നു. കഴിഞ്ഞ കാലത്തെ ആളുകളും തങ്ങളുടെ ഭാവിയെക്കുറിച്ച് പലപ്പോഴും ദിവാസ്വപ്നം കണ്ടിട്ടുണ്ട്.
ഉദാഹരണത്തിന്, നിങ്ങൾ ക്യാപ്റ്റൻ നെമോയോടൊപ്പം അദ്ദേഹത്തിന്റെ നോട്ടിലെസ് അന്തർവാഹിനിയിൽ ഒരു യാത്ര ആസ്വദിക്കുമായിരുന്നോ? അല്ലെങ്കിൽ ഒരു റോക്കറ്റിൽ ചന്ദ്രനെ ചുറ്റിസഞ്ചരിക്കുന്നത് സംബന്ധിച്ചെന്ത്? കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ അത്തരം രോമാഞ്ചജനകമായ പ്രതീക്ഷകൾ ഭാവനയിൽ ദർശിച്ചിട്ടുണ്ട്. നിങ്ങൾ ആകെ ചെയ്യേണ്ടത് നിങ്ങളുടെ സങ്കൽപ്പങ്ങൾ യഥേഷ്ടം വിടുകയും ജൂൽസ് വേണിന്റെ പ്രശസ്ത ശാസ്ത്രീയ സങ്കൽപ്പ നോവലുകളിലെ കഥാനായകരോടൊപ്പം ഒരു സീറ്റു പിടിക്കുകയും മാത്രമാണ്. അന്ന് നിങ്ങൾ ജീവിച്ചിരുന്നെങ്കിൽ, നിങ്ങൾ തികച്ചും ഇപ്രകാരം ചിന്തിച്ചേനേ: ‘ഇത്തരം സങ്കൽപ്പങ്ങൾ ഒരുദിനം യഥാർത്ഥമായിത്തീരുമോ? അവ കാണാൻ ഞാൻ ജീവിച്ചിരിക്കുമോ?’
പത്തൊൻപതാം നൂറ്റാണ്ടിലെ ആ ഫ്രഞ്ച് എഴുത്തുകാരന്റെ വിദഗ്ദ്ധമായ സങ്കൽപ്പങ്ങളിൽ നിന്നുരുവായ ഈ രണ്ട് സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുകതന്നെ ചെയ്തു. അന്തർവാഹിനികൾ ഇന്ന് ലോകശക്തികളുടെ നാവിക സാമഗ്രികളുടെ സംഭരണശാലകളിൽ ഒരു പ്രമുഖസ്ഥാനം പിടിച്ചിരിക്കുകയാണ്. നമ്മുടെ തലമുറ മനുഷ്യർ ചന്ദ്രനിൽ നടക്കുന്നതും കണ്ടിട്ടുണ്ട്. എന്നിരുന്നാലും, ഈ പ്രത്യേക സങ്കൽപ്പങ്ങൾ യഥാർത്ഥമായിത്തീർന്നിട്ടുണ്ടെങ്കിലും, മറ്റനേകം മാനുഷ പ്രവചനങ്ങളെക്കുറിച്ച് അതേ അഭിപ്രായം പറയുക പ്രയാസമാണ്.
സാക്ഷാത്ക്കരിക്കാത്ത പ്രതീക്ഷകൾ
1960-കളോടെ കാൻസറിന് പ്രതിവിധി കണ്ടുപിടിക്കുമെന്ന് പ്രതീക്ഷിച്ചു. 1975-ഓടെ കമ്പിയിലൂടെ ദീർഘദൂര നിർദ്ദേശങ്ങൾ നൽകാനുള്ള ക്രമീകരണം മോട്ടോർവാഹനങ്ങളിൽ ഘടിപ്പിക്കുമെന്ന് മോട്ടോർ വാഹനങ്ങൾ നിർമ്മിക്കുന്ന ഒരു വലിയ അമേരിക്കൻ കമ്പനിയുടെ പ്രസിഡൻറ് 1950-ൽ പ്രവചിക്കുകയുണ്ടായി. മരുഭൂമികൾ “അതിവേഗം വളർന്ന് പെരുകുന്നതും വളരെയധികം പ്രോട്ടീൻ (75%) അടങ്ങിയിരിക്കുന്നതും വളർന്നുവരുന്ന ജനപ്പെരുപ്പത്തെ എളുപ്പത്തിൽ നിലനിർത്താൻ കഴിയുന്നതുമായ” അതി സൂക്ഷ്മായ സസ്യവർഗ്ഗത്തെക്കൊണ്ട് നിറയ്ക്കാൻ കഴിയുമെന്നും പ്രവചിച്ചിട്ടുണ്ട്.
നിവൃത്തിയേറാത്ത അത്തരം നിരവധി പ്രതീക്ഷകളുണ്ട്. അതുകൊണ്ട് ഇന്ന് ആളുകൾ ശാസ്ത്രജ്ഞൻമാരുടെ വചനങ്ങൾ അന്ധമായി വിശ്വസിക്കുന്നില്ല. പാരീസിലെ ദിനപ്പത്രമായ ലി മോണ്ടിയുടെ എഡിറ്ററായിരിക്കുന്ന ആൻഡ്രി ഫോൻടെയിൻ അടുത്ത കാലത്ത് ഇപ്രകാരം പറയുകയുണ്ടായി: “ശാസ്ത്രത്തിലൂടെയുള്ള മനുഷ്യന്റെ പുരോഗതിയിലെ വിശ്വാസം 1960-കളുടെ അവസാനത്തോടെ തകർന്നിരിക്കയാണ്. അത് തുടർന്നും ക്ഷയിച്ചുകൊണ്ടിരിക്കയാണ്.”
രാഷ്ട്രങ്ങളും വ്യക്തികളും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള മാനുഷ വാഗ്ദാനങ്ങൾ നിവൃത്തിയേറാത്തതും ഒരു പരാജയമാണ്. അവസാനം, ഒന്നാം ലോകമഹായുദ്ധത്തെ “എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനുള്ളയുദ്ധം” എന്ന് വിളിച്ചു. ഇതെല്ലാം കണ്ട മനുഷ്യർ വീണ്ടും അത്തരം കൂട്ടക്കൊലയിൽ ഏർപ്പെടുകയില്ലെന്ന് വിശ്വസിച്ചിരുന്നു. എന്നിരുന്നാലും ആ യുദ്ധാനന്തര ആപേക്ഷിക പ്രശാന്തത ചുരുക്കം വർഷങ്ങളേ നിലനിന്നുള്ളു; അതിനുശേഷം രണ്ടാം ലോകമഹായുദ്ധത്തിന്റെ കൊടും ഭീതികളുൾപ്പെടെ പുതിയ പോരാട്ടങ്ങളാൽ എല്ലാ സങ്കൽപ്പങ്ങളും തകർക്കപ്പെട്ടു.
ഭാവി സംബന്ധിച്ചെന്ത്?
ഇന്ന് ആശകൾ സാക്ഷാത്ക്കരിക്കാനുള്ള നല്ല സാദ്ധ്യതയുണ്ടോ? ലോകമെമ്പാടുമുള്ള യുവാക്കൾ തങ്ങളുടെ ഭാവിയെ വീക്ഷിക്കുന്നതെങ്ങനെ? 2000 എന്ന വർഷം തെളിഞ്ഞതായിരിക്കുമോ അതോ ഇരുണ്ടതായിരിക്കുമോ?
വാച്ച്ടവർ സൊസൈറ്റിയുടെ ലോകമെമ്പാടുമുള്ള ശാഖകൾ യുവാക്കളുമായി അഭിമുഖസംഭാഷണം നടത്തി. നിങ്ങൾ ഈ യുവാക്കളുടെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ നിങ്ങൾക്കും സമാനമായ ആശകളും ആശങ്കകളും ഉണ്ടോയെന്ന് കാണുക.
നല്ല കുടുംബങ്ങളും നല്ല ജോലികളും
ജർമ്മനിയിലെ ഒരു യുവാവായിരിക്കുന്ന തോമസ് “നല്ല ആരോഗ്യവും ഒരു ദീർഘകാല ജീവിതവും” ആഗ്രഹിക്കുന്നു. “ഞാൻ വിവാഹം കഴിക്കുന്നതിനും ഒരു സന്തുഷ്ടകുടുംബജീവിതം ആസ്വദിക്കുന്നതിനും ആഗ്രഹിക്കുന്നു” എന്ന് ജപ്പാനിലെ ഒരു കൗമാരപ്രായക്കാരിയായ മക്കിക്കോ പറയുന്നു. തങ്ങളുടെ മാതാപിതാക്കളുടെ ജീവിതത്തെപ്പോലുള്ള ഒരു ജീവിതം ആഗ്രഹിക്കുന്ന യുവാക്കളുടെ ചില ഉദാഹരണങ്ങളാണിവ. മറ്റുള്ളവർ ചുരുക്കം ചില കാര്യങ്ങളിൽ മാറ്റം ആഗ്രഹിക്കുന്നു. “സഭയും സമൂഹവും വിവാഹത്തെ ഒരു ജീവിത പന്ഥാവെന്നനിലയിൽ ശുപാർശ ചെയ്യാത്തതിനാൽ “ബ്രസീലിലെ മേരിസ്റ്റെല്ലാ എന്ന പെൺകുട്ടി ‘തന്റെ മാതാപിതാക്കളിൽനിന്നും വ്യത്യസ്തമായ ഒരു രീതിയിൽ സ്നേഹം പ്രദർശിപ്പിക്കു’മെന്ന് പറയുന്നു.
തൊഴിൽ സാദ്ധ്യതകൾ യുവ മനസ്സുകളിൽ ഒരു പ്രമുഖസ്ഥാനം പിടിക്കുന്നു. 13 വയസ്സുള്ള കെൻജി എന്നു പേരുള്ള ഒരു ജാപ്പനീസ് യുവാവ് “കാർ നിർമ്മിക്കുന്ന ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിനാഗ്രഹിക്കുന്നു. അവൻ കാർ ഓട്ടപ്പന്തയത്തിൽ ഉൾപ്പെടാൻ പോലും ആഗ്രഹിക്കുന്നു.” ജർമ്മനിയിൽനിന്നുള്ള പതിനേഴു വയസ്സുള്ള ഹെൽമറ്റ് ഒരുദിനം ഫുട്ട്ബോൾ കളി ജീവിതവൃത്തിയാക്കുന്നത് സ്വപ്നം കാണുന്നു. എന്നാൽ ലാഗോസിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയായിരിക്കുന്ന കുൺലെ “ഒരു പ്രശസ്ത കംപ്യൂട്ടർ വിദഗ്ദ്ധനാകാൻ ഉദ്ദേശിക്കുന്നു.”
ഉത്തര ഫ്രാൻസിൽനിന്നുള്ള തിയറി, ബ്രൂണോ, മിമോൺ എന്നീ യുവാക്കൾ തൊഴിലില്ലായ്മയെക്കുറിച്ച് ഉൽക്കണ്ഠയുള്ളവരാണ്. അതുകൊണ്ട് അവർ നല്ല ഒരു തൊഴിൽ സമ്പാദിക്കാൻ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നു. 1985-ൽ നടത്തിയ ഒരു അഭിപ്രായവോട്ടെടുപ്പ് തൊഴിലില്ലായ്മ സംബന്ധിച്ച് ആശങ്കകൾ ലോകവ്യാപകമായുണ്ടെന്ന് വെളിപ്പെടുത്തി. അത് ഉദ്ധരിച്ചുകൊണ്ട് ഫ്രഞ്ച് ദിനപ്പത്രമായ ലി ഫിഗാറോ ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “ജപ്പാനും ചുരുങ്ങിയ അളവിൽ അമേരിക്കൻ ഐക്യനാടുകളും ഒഴികെയുള്ള എല്ലാ പ്രമുഖ രാജ്യങ്ങളിലും ഇപ്പോൾ നിലവിലുള്ള [ഹ്രസ്വകാല] തൊഴിലുകളെക്കാൾ തൊഴിലില്ലായ്മ വർദ്ധിക്കുകയാണ്.”
സാങ്കേതിക വിദ്യ—അനുഗ്രഹമോ ശാപമോ?
സാങ്കേതിക വിദ്യയാൽ ലോകത്തിനുവരുന്ന മാറ്റത്തെക്കുറിച്ച് സങ്കൽപ്പിക്കാനും യുവാക്കൾ ശ്രമിക്കുന്നുണ്ട്. “സാങ്കേതിക വിദ്യയാൽ ലോകത്തിന് മാറ്റം വന്നു കഴിയുമ്പോൾ ഇത് ജീവിക്കാൻ പറ്റിയ സ്ഥലമായിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു. നമ്മുടെ രാജ്യത്തെപ്പോലുള്ള മൂന്നാം ലോക രാഷ്ട്രങ്ങളിൽപോലും മിക്കതും കംപ്യൂട്ടറിനാലായിരിക്കും നടക്കുന്നത്. അങ്ങനെ കംപ്യൂട്ടറുകളാലോ മറ്റ് ഇലക്ട്രോണിക്ക് സാമഗ്രികളാലോ ഈ ലോകം നല്ലോരു സ്ഥലമായിത്തീരും” എന്ന് നൈജീരിയായിലെ ഒരു യുവാവ് പറയുന്നു.
ഘി നോവൽ ഒബ്സെർവേറ്റർ എന്ന ഫ്രഞ്ച് മാസികക്കുവേണ്ടി ജോലി ചെയ്യുന്ന ഒരു പത്രലേഖകനും സമീപ ഭാവിയെ സംബന്ധിച്ച് ഏതാണ്ട് സമാനമായ ഒരു വീക്ഷണമാണുള്ളത്.” “മെഷിൻ സ്വന്തമായോടും. കാന്തിക കാർഡുകൾ പണത്തിനു പകരം ഉപയോഗിക്കും. നിത്യോപയോഗ സാധനങ്ങൾ ടെലിവിഷൻ സ്ക്രീനിൽ പ്രദർശിപ്പിക്കും. വേണ്ടത് തെരഞ്ഞെടുത്തശേഷം ടെലിഫോണിലൂടെ ഷോപ്പിംഗ് നടത്തും. വിശദവിവരങ്ങൾ നൽകുന്ന കംപ്യൂട്ടറുകളോട് ബന്ധിപ്പിച്ചിരിക്കുന്ന വീടുകളിൽ ആളുകൾ പ്രവർത്തിക്കും.”
എന്നാൽ, സാങ്കേതിക വിദ്യ നിയന്ത്രിക്കുന്ന ഒരു ലോകം വളരെ അത്ഭുതകരമായിരിക്കുമെന്ന് മറ്റ് യുവാക്കൾക്ക് അത്ര ഉറപ്പില്ല. ഏ. ഡി. 2000 ആകുന്നതോടെ “വൃക്ഷങ്ങളും പുഷ്പങ്ങളും ഉണ്ടായിരിക്കയില്ലെന്നും എല്ലായിടത്തും വീടുകൾ മാത്രമേ ഉണ്ടായിരിക്കയുള്ളു” എന്നും 13 വയസ്സുള്ള ജർമ്മൻ പെൺകുട്ടിയായ ഗേബി ഭയപ്പെടുന്നു. അതേ രാജ്യത്തുനിന്നുള്ള സൂസൻ മലിനീകരണത്തിൽനിന്ന് രക്ഷപ്പെടാൻ ആളുകൾ ഗ്ലാസ്സ് കൊണ്ടുള്ള ഒരു ഉത്തംഗ മന്ദിരത്തിൽ താമസിക്കുന്നത് മനസ്സിൽ കാണുന്നു.
ജർമ്മനിയിൽ കഴിയുന്ന തുർക്കിയിൽനിന്നുള്ള സെൽക്കക്കിനെപ്പോലെ മറ്റുള്ളവരും “ഒരു സമ്പൂർണ്ണ ഇലക്ട്രോണിക് ലോകം” വലിയ തൊഴിലില്ലായ്മ ഉളവാക്കുമെന്ന് കരുതുന്നു. “ഇപ്പോൾത്തന്നെ നമുക്ക് വേണ്ടത്ര തൊഴിലവസരങ്ങളില്ല. എന്നാൽ 2000 ആകുന്നതോടെ . . . കൗണ്ടറിന്റെ പിമ്പിൽ നിൽക്കുന്നത് മനുഷ്യരായിരിക്കയില്ല. മറിച്ച് യന്ത്രമനുഷ്യരായിരിക്കും” എന്ന് അയാൾ പറയുന്നു. ബ്രസീലിൽനിന്നുള്ള പതിനാറ് വയസ്സുള്ള സെൽമാ ഇതുപോലും പറഞ്ഞു: “കംപ്യൂട്ടറുകൾ ദൈവത്തിന്റെ സ്ഥാനമെടുക്കും.”
അവരുടെ വലിയ ആശങ്കകൾ
ഒരു നൈജീരിയൻ യുവാവായ ഇമ്മാനുവൽ വളർന്നുവരുന്ന സുരക്ഷിതത്വമില്ലായ്മയുടെ ഭീതിനിമിത്തം ഇപ്രകാരം വിവരിക്കുന്നു: “പണ്ട് വീടുകളിൽനിന്ന് മോഷ്ടിക്കുന്നതിനുവേണ്ടി കള്ളൻമാർ വീട്ടുകാരില്ലാത്ത സമയം അന്വേഷിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ മുഴു കുടുംബവും വീട്ടിലുണ്ടെങ്കിലും കള്ളൻമാർക്ക് അതൊരു പ്രശ്നമല്ല. അവർ വീട്ടുവാതിൽക്കൽ മുട്ടുകയും നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ ആവശ്യപ്പെടുകയും ചെയ്യും. അത്തരം കാര്യങ്ങൾ ഇതിനോടകം സംഭവിക്കാൻ തുടങ്ങിയെങ്കിൽ ഭാവി എന്തായിരിക്കും?” ഇമ്മാനുവലിനു മാത്രമല്ല ഈ ഭയമുള്ളത്. കാനഡായിലെ ഒരു യുവാവ് ഇപ്രകാരം പറയുന്നു: “ലോകത്തിൽ . . . കൂടുതൽ കുറ്റകൃത്യവും നശീകരണവാസനയും ഉണ്ടായിരിക്കുമെന്നും കൂടുതലാളുകൾക്കും നാഡീക്ഷയം സംഭവിക്കുമെന്നും കുട്ടികൾ വേണ്ടത്ര ശിക്ഷണം ലഭിക്കാത്തവരായിരിക്കുമെന്നും ഞാൻ കരുതുന്നു.”
അതേസമയം, ഇന്നത്തെ യുവാക്കളുടെ ഒരു പ്രമുഖ ആശങ്ക യുദ്ധഭീതിയാണ്. ഒരു നൈജീരിയൻ പെൺകുട്ടിയായിരിക്കുന്ന ഫോലസാഡേ നടത്തിയ അഭിപ്രായത്തിൽ ഈ ഭീതി പ്രകടമാണ്: “ഏത് സമയത്തും എന്തും സംഭവിക്കാം—2000 ആകുന്നതോടെ ഒരു ഭൂഗോള യുദ്ധംപോലും സംഭവിക്കാം.” ഇൻറർനാഷനൽ ഹെറാൾഡ് ട്രിബ്യൂൺ ശീർഷകമനുസരിച്ച് ഐക്യനാടുകളിലെ സ്ഥിതി ഈ വിധമാണ്: “കോളജിലെ അനേകരും ഒരു ന്യൂക്ലിയർ യുദ്ധം പ്രതീക്ഷിക്കുന്നു.” “തങ്ങൾ ഒരിക്കൽ ഒരു ന്യൂക്ലിയർ വിപത്തിൽ നാശമടയുമെന്ന് യുവാക്കൾ ഉറച്ചിരിക്കയാണ്” എന്ന് കാനഡയിലെ സാഹിത്യ നിരൂപകനായിരിക്കുന്ന യോലൻഡേ വില്ലെമെയർ റിപ്പോർട്ടു ചെയ്യുന്നു.
15 വയസ്സുള്ള ഡെയ്സുക്കിനെപ്പോലെ ജപ്പാനിലെ യുവാക്കൾ സമാനമായ വികാരങ്ങൾ പ്രകടിപ്പിക്കുന്നു: “എനിക്ക് 30 വയസ്സാകുമ്പോൾ മൂന്നാം ലോകമഹായുദ്ധം, ഒരു ന്യൂക്ലിയർ യുദ്ധം, ഈ ഭൂഗ്രഹത്തെ നശിപ്പിക്കും. അതുകൊണ്ട് എനിക്ക് ജീവിതത്തിൽ യാതൊരു ലക്ഷ്യങ്ങളുമില്ല. യാതൊരു ഉൽക്കണ്ഠകളുമില്ല!”
ഒരു ഫ്രഞ്ച് യുവാവായിരിക്കുന്ന ഡേവിഡ് കൃത്യമായ പോയിൻറിലേക്ക് വിരൽ ചൂണ്ടുന്നു: “ഇപ്പോഴത്തെ എല്ലാ പോരാട്ടങ്ങളും പരിഗണിക്കുമ്പോൾ, 2000-മാണ്ടിനെക്കുറിച്ച് സംസാരിക്കുന്നതുപോലും വ്യർത്ഥമാണെന്ന് ഞാൻ വിചാരിക്കുന്നു.” ഫ്രാൻസിലെ നിരവധി ചെറുപ്പക്കാർ ഇതേ വീക്ഷണമുള്ളവരാണ്. 2000-മാണ്ടുവരെ മനുഷ്യവർഗ്ഗത്തെ അഭിമുഖീകരിക്കുന്ന ഒരു പ്രമുഖ ഭീഷണി മൂന്നാം ലോകമഹായുദ്ധമാണെന്ന് ഫ്രാൻസിലെ 74 ശതമാനം യുവാക്കൾ വിചാരിക്കുന്നതായി അടുത്ത കാലത്തെ ഒരു അഭിപ്രായ വോട്ടെടുപ്പ് വെളിപ്പെടുത്തി.
ഭാവിയെക്കുറിച്ച് എന്തെങ്കിലും പ്രത്യാശയുണ്ടോ?
അത്തരം ഇരുളടഞ്ഞ പ്രതീക്ഷകൾ ഉണ്ടായിരിക്കെ, യുവജനങ്ങൾ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളു. എന്നിരുന്നാൽതന്നെയും, ഭാവിയെക്കുറിച്ച് ഒരു സുനിശ്ചിത പ്രത്യാശയുണ്ട്. നിങ്ങൾ ആ പ്രത്യാശയെക്കുറിച്ച് പഠിക്കാൻ ഇഷ്ടപ്പെടുമോ? അടുത്ത ലേഖനത്തിന്റെ വിഷയം ഇതായിരിക്കും. (g86 11/8)
[23, 24 പേജുകളിലെ ചിത്രങ്ങൾ]
നിവൃത്തിയേറിയ മാനുഷ പ്രവചനങ്ങളിൽ ചിലത് ജൂൽസ് വേണിന്റേതാണ്. ഇവിടെ കാണിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ചന്ദ്രവാഹനമാണ്.
[കടപ്പാട്]
NASA photo