ആവേശബാധിതമായ ഗതിവേഗം എന്തുകൊണ്ട്?
നമ്മുടെ യുഗം ഉദ്വേഗജനകമായ ഗതിവേഗത്തിന്റെ ഒരു യുഗമായിരിക്കുന്നതെന്തുകൊണ്ട്? അത് വ്യവസായവൽക്കരണം കൈവരുത്തുമെന്നു സങ്കൽപ്പിച്ച ധാരാളമായ ഒഴിവുസമയം സഹിതമുള്ള പ്രശാന്തതയുടെ സാങ്കൽപ്പിക ലോകമായിരിക്കുന്നില്ല, അശേഷവും. അനേകം സാമ്പത്തിക വിദഗ്ദ്ധരും സാമൂഹ്യശാസ്ത്രജ്ഞരും ഭാവികാര്യവിദഗ്ദ്ധരും മുൻകൂട്ടിപ്പറഞ്ഞ “എല്ലാവർക്കും കുറഞ്ഞജോലിയും കൂടുതൽ കളിയും” എന്നത് കേവലം പ്രാവർത്തികമായിട്ടില്ല.
തീർച്ചയായും എഴുത്തുകാരനായ ഏ. കെൻറ് മാക്ഡൗഗൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഒരു ശരാശരി ശമ്പളക്കാരന്റെ ജോലിക്ക് ഒരു തലമുറ മുമ്പ് എടുത്ത സമയം ഇപ്പോഴും എടുക്കുന്നു, അതേസമയം ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രാസമയം കൂടുതലാണ്.”
ആധുനിക സാങ്കേതിക ശാസ്ത്രം ജീവിതത്തെ ലാഘവപ്പെടുത്തുന്നതിനുപകരം അതിനെ കൂടുതൽ ഉദ്വേഗജനകമാക്കുന്നതിന് സഹായിച്ചിരിക്കുകയാണ്. മാർക്കറ്റിംഗ് പ്രൊഫസ്സറായ ഹാരോൾഡ് എച്ച്. കാസ്സർജിയൻ ഇങ്ങനെ പറയുന്നു: “ബഹുജന വാർത്താവിനിമയവും ബഹുജനഗതാഗതവും നമ്മെ ക്ഷീണിപ്പിക്കുകയാണ്. നാം തിടുക്കത്തിലായിരിക്കുന്നതിന് ക്രിത്രിമ കാരണങ്ങൾ സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് നാം കൂടുതൽ സമ്മർദ്ദത്തിലാക്കപ്പെടുന്നു. നാം സ്വന്തം ഉന്നതസമ്മർദ്ദശവക്കുഴി തോണ്ടുകയാണ്.”
മുഖ്യഘടകങ്ങൾ
ഇക്കാലത്ത് അനേകം പിതാക്കൻമാർ തങ്ങളുടെ കുടുംബങ്ങളെ പോറ്റാൻ ഓവർറ്റൈം ജോലിയാലോ രണ്ടു ജോലികളാലോ ഭാരപ്പെടുകയാണ്. ജോലിക്കമ്പോളത്തിൽ പ്രവേശിക്കാൻ നിർബ്ബന്ധിതരായിരിക്കുന്ന സ്ത്രീകളുടെ എണ്ണം റക്കോർഡാണ്. പോൾ ജോൺസൺ ഡയിലി റ്റെലഗ്രാഫിൽ ഇങ്ങനെ എഴുതി: “തീർച്ചയായും, വാണിജ്യപരമായ സാങ്കേതിക ശാസ്ത്രത്താൽ സ്ത്രീകളുടെ പരമ്പരാഗത കഠിനജോലികൾ നാടകീയമായി ലഘൂകരിക്കപ്പെട്ട നിമിഷത്തിൽതന്നെ, . . . അവർ എന്നെത്തെയും പോലെ കഠിനജോലി ചെയ്യുകയാണ്; ഒരുപക്ഷേ, കഠിനതരമായി.”
അങ്ങനെ ശമ്പളം കിട്ടുന്ന ഒരു ലൗകിക ജോലിക്ക് പകൽ മുഴുവൻ ചെലവഴിച്ചശേഷം അനേകം സ്ത്രീകൾ ഒരു രണ്ടാം ജോലി ചെയ്യാൻ—വീട്ടുകാര്യവും കുട്ടികളുടെ പരിചരണവും നിർവ്വഹിക്കാൻ—വീട്ടിലേക്കു വരുന്നു. ഭർത്താക്കൻമാർ ഭാര്യമാരുടെ വർദ്ധിച്ച ജോലിഭാരം ലഘൂകരിക്കാൻ താരതമ്യേന അധികമൊന്നും ചെയ്യുന്നില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തൽഫലമായി, ജോലിക്കാരായ ഭാര്യമാർക്ക് സമയം ദുർല്ലഭവും തെന്നിമാറുന്നതുമായ ഒരു വിഭവമാണ്. ജോലിക്കാരായ ഇണകൾ എന്ന പുസ്തകത്തിന്റെ രചയിതാക്കൾ ഒരു ജോലിക്കാരിയായ ഭാര്യ ഇങ്ങനെ പറയുന്നതായി ഉദ്ധരിക്കുന്നു: “ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതോ ചെയ്യേണ്ടതോ ആയ കാര്യങ്ങൾക്ക് വേണ്ടത്ര സമയം കിട്ടാത്തതുകൊണ്ട് എനിക്കു ധാരാളം സമ്മർദ്ദം അനുഭവപ്പെടുന്നുണ്ട്.”
അനേകരെ സംബന്ധിച്ച്, മാറിക്കൊണ്ടിരിക്കുന്ന ലൈംഗിക ധാർമ്മികനിഷ്ഠകളും കുതിച്ചുയരുന്ന വിവാഹമോചനനിരക്കുകളും ഉദ്വേഗജനകമായ ജീവിതഗതിവേഗത്തിന് സംഭാവന ചെയ്തിട്ടുണ്ട്. എങ്ങനെ? കുടുംബബന്ധത്തിലെ ഒരു ലേഖനം ഇങ്ങനെ വിശദീകരിക്കുന്നു: “നമ്മുടെ സമുദായം [യു. എസ്സിലെ] കഴിഞ്ഞ ഒൻപതു വർഷം കൊണ്ട് മാതാവോ പിതാവോ മാത്രമുള്ള കുടുംബങ്ങളുടെ എണ്ണത്തിൽ 79% വർദ്ധനവു കണ്ടിരിക്കുന്നു. . . . ഇന്നത്തെ നിരക്ക് കഴിഞ്ഞ ഏതു കാലത്തേതിലും വളരെയധികമാണ്.” ഒറ്റക്ക് കുട്ടികളെ പരിശീലിപ്പിക്കുകയും കടയിൽ പോകുകയും പാചകം ചെയ്യുകയും ശുചീകരണം നടത്തുകയും ചെയ്യേണ്ട ഒരു പിതാവിനോ മാതാവിനോ ജീവിതം അനന്തമായ, തിരക്കുപിടിച്ച, ഒരു പാച്ചിലായി തോന്നിയേക്കാം.
മറ്റു ഘടകങ്ങൾ
കുറഞ്ഞതോതിൽ സ്പർശനീയമായിരിക്കുന്ന കാരണങ്ങളും ഇന്നത്തെ ഉദ്വേഗകരമായ ജീവിതഗതിവേഗത്തിന് സംഭാവന ചെയ്യുന്നുണ്ട്, പിൻവരുന്നവപോലുള്ളവ:
ജീവിതം ഹ്രസ്വം—“സ്ത്രീയിൽനിന്നു ജനിച്ച മനുഷ്യൻ അല്പായുസ്സും പ്രക്ഷുബ്ധത നിറഞ്ഞവനുമാകുന്നു”വെന്ന് ബൈബിൾ പറയുന്നു. “അവൻ ഒരു പൂപോലെ വിടർന്നു വന്നിരിക്കുന്നു, ഛേദിക്കപ്പെടുകയും ചെയ്യുന്നു, അവൻ നിഴൽപോലെ ഓടിപ്പോകുന്നു, നിലനിൽക്കുന്നതുമില്ല.” (ഇയ്യോബ് 14:1, 2) ഈ ബൈബിൾ വാക്യത്തിന്റെ സത്യം തിരിച്ചറിഞ്ഞുകൊണ്ട് അനേകർ സാദ്ധ്യമാകുന്നടത്തോളം പ്രവർത്തിച്ചു കൂട്ടിക്കൊണ്ട് തിരക്കിട്ട ജീവിതം നയിക്കുന്നു. “നമുക്കു തിന്നുകയും കുടിക്കുകയും ചെയ്യാം, എന്തെന്നാൽ നാം നാളെ മരിക്കേണ്ടതാണ്” എന്നതാണ് അവരുടെ തത്വശാസ്ത്രം.—1 കൊരിന്ത്യർ 15:32.
ജീവിതം അനിശ്ചിതം—“വേഗതയുള്ളവർക്ക് ഓട്ടത്തിൽ ജയം കിട്ടുന്നില്ല” എന്ന് ജ്ഞാനിയായ ശലോമോൻ രാജാവ് പറയുകയുണ്ടായി. എന്തുകൊണ്ട്? “എന്തുകൊണ്ടെന്നാൽ കാലവും മുൻകൂട്ടിക്കാണാത്ത സംഭവവും അവർക്കെല്ലാം നേരിടുന്നു”വെന്ന് അവൻ വിശദീകരിച്ചു. (സഭാപ്രസംഗി 9:11) അങ്ങനെ മുൻകൂട്ടിക്കാണാത്ത ഏതെങ്കിലും സംഭവം തങ്ങളെ തടയുമെന്നുള്ള ഭീതിയാൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിന് ആളുകൾ ധൃതികൂട്ടുന്നതായി തോന്നുന്നു.
എന്തെങ്കിലും നഷ്ടപ്പെടുമെന്നുള്ള ഭയം—കൊച്ചുകുട്ടികളെപ്പോലെ പ്രായമുള്ള അനേകർ അടങ്ങിയിരിക്കാത്തവരാണ്, അവർക്ക് ഹ്രസ്വമായ ശ്രദ്ധാദൈർഘ്യമേയുള്ളു. അവർക്ക് എന്തെങ്കിലും പുതിയതിലേക്ക് കുതിക്കേണ്ടതുണ്ട്. ഭാവി അനുഭവിക്കാനുള്ള അവരുടെ തിടുക്കംകൊണ്ട് അവർക്ക് വർത്തമാനകാലം ആസ്വദിക്കുന്നതിന് സ്വസ്ഥരായിരിക്കാൻ കഴിയുന്നില്ല.
പിരിമുറുക്കവും അക്ഷമയും—ഇതിനോടുകൂടെ പിരിമുറുക്കത്തെയും അക്ഷമയെയും കൂട്ടുക, അപ്പോൾ നിങ്ങളുടെ പിൻവീക്ഷണ കണ്ണാടിയിൽ കൂടെക്കൂടെ കാണുന്ന ആ ഡ്രൈവറെ ഒരുപക്ഷേ നിങ്ങൾക്ക് മെച്ചമായി മനസ്സിലാക്കാൻ കഴിയും. തന്റെ മുമ്പിലുള്ള ഓരോ കാറിനെയും പ്രത്യക്ഷത്തിൽ വ്യക്തിപരമായ ഒരു അപമാനമായി കരുതിക്കൊണ്ട് അയാൾ എത്രയുംവേഗം അവരെയെല്ലാം കടന്നുപോകാൻ ശ്രമിക്കുന്നു, മിക്കപ്പോഴും നല്ല കാരണമില്ലാതെ. ചിലപ്പോൾ നിങ്ങൾ അടുത്ത ട്രാഫിക്ക് ലൈറ്റിങ്കൽ അയാളെ കണ്ടെത്തുന്നു!
വിരസത—തങ്ങളുടെ ലൗകിക ജോലി അല്ലെങ്കിൽ ദിനചര്യ മടുപ്പിക്കുന്നതും വിരസവുമാണെന്നു കാണുകയാൽ ചിലർ കൂടുതൽ സമയം ഒഴിവുസമയപ്രവർത്തനങ്ങൾക്ക് ചെലവഴിക്കാൻ കഴിയത്തക്കവണ്ണം ഈ അവശ്യ തിൻമകളെന്നു വിളിക്കപ്പെടുന്നവ കഴിയുന്നത്ര വേഗത്തിൽ തിടുക്കത്തിൽ ചെയ്തുതീർക്കുന്നു.
“സമയം പണമാണ്”—ചിലർ ഈ തത്വമനുസരിച്ചും ക്ലോക്കിനെ അനുസരിച്ചും ജീവിക്കുന്നു—പണം നഷ്ടപ്പെടാതിരിക്കാൻ ഒഴിവുസമയവും അവധിക്കാലവും ഉപേക്ഷിക്കുന്നു. ഒരിക്കലും തൃപ്തിപ്പെടാതെ അവർ ഭൗതികവസ്തുക്കൾ കൂനകൂട്ടാനുള്ള തിരക്കിലാണ്, എന്നാൽ അവ ആസ്വദിക്കുന്നതിന് അവർക്കു തീരെ സമയമില്ല.
കാരണം എന്തുതന്നെയായിരുന്നാലും, ഒരുപക്ഷേ നിങ്ങളുടെ ജീവിതം തിരക്കോടെയുള്ള ഒരു ഓട്ടമാണ്. അങ്ങനെയെങ്കിൽ, ചോദ്യം ഇതാണ് . . .
അതു നിങ്ങളെ എവിടെ എത്തിക്കുന്നു?
ആധുനിക ജീവിതത്തിന്റെ തിരക്കുപിടിച്ച ഗതിവേഗം സമ്മർദ്ദത്തോടു ബന്ധപ്പെട്ട അനേകം രോഗങ്ങളിൽ കലാശിച്ചിരിക്കുന്നുവെന്നതാണ് ഒരു സംഗതി. “ധൃതികൂട്ടൽ പാഴാക്കലിനിടയാക്കുന്നു”വെന്ന പഴമൊഴിയിലെ സത്യത മനുഷ്യ പെരുമാറ്റത്തിന്റെ മറ്റു മണ്ഡലങ്ങളിലും തെളിയുന്നു. ദൃഷ്ടാന്തത്തിന്, ജർമ്മൻ പത്രികയായ ആഷ്റ്റ്ലിക്ക് പ്രാക്സിസ് ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ട്രാഫിക്ക് അപകടങ്ങളുടെ ഒന്നാമത്തെ കാരണം ഇപ്പോഴും അമിതവേഗമാണ്.”
അടിസ്ഥാന വൈദഗ്ദ്ധ്യങ്ങൾ സ്വായത്തമാക്കുന്നതിൽ തിരക്കുകൂട്ടുന്ന ഒരു കുട്ടിക്ക് ഒരു ജോലി നേടുന്നതിനും നിലനിർത്തുന്നതിനും പ്രയാസമുണ്ടാകും. ധൃതികൂട്ടി ഭക്ഷണം കഴിക്കുന്ന ഒരാൾക്ക് ഉദരാസ്വാസ്ഥ്യമോ ദഹനക്കേടോ മറ്റനേകം ശാരീരികരോഗങ്ങളോ ഉണ്ടായേക്കാം. “വാക്കിൽ ധൃതഗതിയുള്ള” ഒരു മനുഷ്യൻ സംഭ്രമവും വ്രണിതവികാരങ്ങളും വരുത്തിക്കൂട്ടിയേക്കാം, സൗഹൃദങ്ങളെ തകർക്കുകപോലും ചെയ്തേക്കാം. (സദൃശവാക്യങ്ങൾ 29:20) ഒരു വിവാഹഇണയെ തേടുന്നതിൽ ധൃതികൂട്ടുന്നവൻ ധൃതഗതിയിൽ വിവാഹമോചനം തേടുന്നതായും കണ്ടെത്തിയേക്കാം.
ഭൗതികവസ്തുക്കൾ ആർജ്ജിക്കുന്നതിനോ ഒരു ജീവിതവൃത്തിയിൽ മുന്നേറുന്നതിനോ ഒരു കുടുംബം സ്ഥാപിക്കുന്നതിനോ ജീവിതത്തിൽനിന്ന് പരമാവധി ആസ്വാദനം നേടുന്നതിനോ ധൃതികൂട്ടുന്നവരെ സംബന്ധിച്ച് എന്ത്? അങ്ങനെയുള്ള കാര്യങ്ങളിൽ വ്യാപരിക്കുന്നത് അതിൽത്തന്നെ തെറ്റല്ലായിരിക്കാമെന്നതു സത്യംതന്നെ. എന്നാൽ ആ യത്നം ഭ്രാന്തമായ ഒരു മത്സരയോട്ടമായിത്തീരുമ്പോൾ അത് ഒടുവിൽ ആളുകൾക്ക് എങ്ങനെയാണ് പ്രയോജനം ചെയ്യുക.”
പുരാതനരാജാവായിരുന്ന ശലോമോൻ അങ്ങനെയുള്ള യത്നങ്ങളിലേർപ്പെട്ടു, എന്നാൽ അവൻ ഇങ്ങനെ നിഗമനം ചെയ്തു: “ഞാൻ, ഞാൻതന്നെ, എന്റെ കൈകൾ ചെയ്തിരിക്കുന്ന എന്റെ സകല പ്രവൃത്തികളിലേക്കും, നേടാൻ ഞാൻ കഠിനവേല ചെയ്തിരുന്ന കഠിനവേലയിലേക്കും തിരിഞ്ഞു, എന്നാൽ, നോക്കൂ! സകലവും വ്യർത്ഥതയും കാറ്റിനുപിന്നാലെയുള്ള ഓട്ടവുമായിരുന്നു, സൂര്യനു കീഴിൽ പ്രയോജനമുള്ള യാതൊന്നുമുണ്ടായിരുന്നില്ല.”—സഭാപ്രസംഗി 2:11.
തന്നിമിത്തം ഇന്നത്തെ ഗതിവേഗജ്വരത്തെ നേരിടുന്നതിനും താരതമ്യേന ശാന്തമായ ഒരു ജീവിതം നയിക്കുന്നതിനും ഒരു മാർഗ്ഗമുണ്ടോ? (g87 2/22)
[5-ാം പേജിലെ ചതുരം]
ഇന്നത്തെ ആവേശംനിറഞ്ഞ ഗതിവേഗം
“ഇന്നത്തെ ആവേശം നിറഞ്ഞ സമുദായത്തിൽ ബുദ്ധിമുട്ടുന്ന അമിത നേട്ടക്കാരന്റെ പ്രതിച്ഛായ [സദാ പ്രകടമാണ്]” എന്ന് ന്യൂയോർക്ക് റ്റൈംസ് പറഞ്ഞു. “ഏതാനും മിനിറ്റുകൾക്കകം മറ്റൊന്നു വരുമെങ്കിലും ഭൂഗർഭ തീവണ്ടിയിൽ കയറാൻ ഓടുന്ന ആളും, എത്തിച്ചേരുകയും കവിയുകയും ചെയ്യേണ്ട ലക്ഷ്യങ്ങളാൽ പീഡിതനായ കാര്യനിർവ്വഹകനും, മറ്റെല്ലാവരെക്കാളും മുന്നിൽനിൽക്കാൻ നിർബ്ബന്ധമുള്ള കർമ്മനിരതനും, തീർച്ചയായും ഉത്തരവാദിത്തഭാരം വരുത്തിക്കൂട്ടുന്ന ഭാഗ്യപരീക്ഷണങ്ങൾ നടത്തുവാൻ വഴിവിട്ടു പ്രവർത്തിക്കുന്നയാളും ദൃഷ്ടാന്തമാണ്.”