മമ്മിക്കും ഡാഡിക്കുമുള്ള ഒരു കത്ത്
നല്ല മാതാപിതാക്കൾ ഉണ്ടായിരിക്കുന്നത് എത്ര പ്രധാനമാണ്? പ്രായപൂർത്തിയായ ഒരു പുത്രൻ തന്റെ മാതാവിനും പിതാവിനും എഴുതിയ തുടർന്നുവരുന്ന കത്ത് അവരുടെ മൂല്യത്തെ തെളിയിക്കുന്നു:
“പ്രിയ ഡാഡിക്കും മമ്മിക്കും:
“ഞാൻ വീട്ടിൽനിന്നു പോയിട്ടു പതിനാറിലേറെ വർഷങ്ങൾ ആയിരിക്കുന്നു, അതിനാൽ ഇത്തരത്തിലുള്ള ഒരു കത്ത് എന്നിൽ നിന്ന് ഇപ്പോൾ ലഭിക്കുന്നത് അല്പം വിചിത്രമായി നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ വളരെ ചിന്തക്കുശേഷം ഇതെഴുതുന്നത് ആവശ്യമാണെന്ന് എനിക്കു തോന്നി. വർഷങ്ങൾക്കു മുമ്പ്, ഞാൻ വീടു വിട്ടപ്പോൾ, ഒരിക്കലും നിങ്ങളുടെ അനുവാദം ചോദിക്കാതെ പലതും ഞാൻ എടുത്തിരുന്നു. അവ അപ്രത്യക്ഷമായ കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുപോലുമില്ലായിരിക്കാം. വാസ്തവത്തിൽ, ഞാൻ അവയുംകൊണ്ടു കടന്നത് വളരെ തന്ത്രപൂർവ്വമായിരുന്നു. അതിനാൽ എനിക്ക് അവ ഉണ്ടായിരുന്നുവെന്ന് ഏതാനും വർഷങ്ങൾ കഴിയുന്നതുവരെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ചുവടെ ചേർത്തിരിക്കുന്നതുപോലെ ഞാൻ അവ ഇനംതിരിച്ചിരിക്കുന്നു:
“നീതിസ്നേഹം: ഓ, ഇത് എങ്ങനെ എന്നെ സംരക്ഷിച്ചിരിക്കുന്നു!
“ആളുകളോടുള്ള സ്നേഹം: വലിപ്പമോ, ആകൃതിയോ, നിറമോ അല്ല പ്രധാനമായിരിക്കുന്നത്, അകമേയുള്ളതാണ് പ്രധാനപ്പെട്ടത്.
“സത്യസന്ധത: എനിക്കുള്ളത് എന്റേതാണ്, അതു മററുള്ളവരുമായി പങ്കുവെക്കുന്നതു കൂടുതൽ അഭികാമ്യമാണ്. മററുള്ളവരുടേത് ഉപയോഗിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കുക.
“ദൃഢനിശ്ചയം: എനിക്ക് ഏററവും വിഷമമുണ്ടായിരുന്നഘട്ടങ്ങളിൽ അതിജീവിക്കാൻ അത് എന്നെ സഹായിച്ചിരിക്കുന്നു.
“ക്ഷമ: നിങ്ങൾ എന്നോടു വളരെ ദയയും സ്നേഹവും ക്ഷമയും ഉള്ളവരായിരുന്നു. നിങ്ങൾ എന്നെ ഉപേക്ഷിച്ചില്ല.
“ശിക്ഷണം: നിങ്ങൾ ഒരിക്കലും വളരെ പരുഷരോ അല്ലെങ്കിൽ ദാക്ഷിണ്യമുള്ളവരോ ആയിരുന്നില്ല. എന്നാൽ ഞാൻ അത് അന്ന് അറിഞ്ഞിരുന്നില്ല. നിങ്ങൾ എന്നോടു ക്ഷമിക്കുമോ?
“സ്വാതന്ത്ര്യം: മററനേകം കുട്ടികളും സഹിച്ചുവളർന്ന വേദനകളിൽനിന്നുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്—ശാരീരികവും മാനസികവും വൈകാരികവുമായി ദുഷിച്ചരീതിയിൽ പെരുമാറുന്ന മാതാപിതാക്കളിൽനിന്ന് അനുഭവിച്ച വേദനകളിൽനിന്നുതന്നെ. നിങ്ങളുടെ മനസ്സിൽ എന്റെ നൻമയല്ലാതെ മറെറാന്നുമില്ലായിരുന്നു. നിങ്ങൾ എന്നെ ഉപദ്രവത്തിൽനിന്നു സംരക്ഷിച്ചു. നിങ്ങൾ എനിക്കുവേണ്ടി ചെയ്തതു ഞാൻ ഒരിക്കലും മറക്കുകയില്ല.
“ലളിതമായ കാര്യങ്ങളോടുള്ള സ്നേഹം: പർവ്വതങ്ങൾ, നദികൾ, നീലാകാശം, നടപ്പ്, തമ്പടിക്കൽ. നിങ്ങൾ ജീവിതം വളരെ രസകരമാക്കി. ഒരു മാതാപിതാക്കളും ഒരിക്കലും ഇതിൽക്കൂടുതൽ ചെയ്തിരിക്കില്ല. നിങ്ങൾ ഇതൊരു ബുദ്ധിമുട്ടായി കരുതിയില്ല.
“ജാഗ്രത: കേൾക്കുന്നതെന്തും വിശ്വസിക്കാൻ ധൃതിപ്പെടരുത്. എന്നാൽ വിശ്വസിക്കുമ്പോൾ, അത് എന്തുതന്നെയായിരുന്നാലും അതിനോടു പററിനിൽക്കുക.
“ദൈവ വചനത്തിൽ നിന്നുള്ള സത്യം: എല്ലാററിനേക്കാളും പ്രധാനം. അത് എന്റെ പൈതൃകമാണ്. ധനമോ, ബോട്ടുകളോ, വീടുകളോ സ്വത്തുക്കളോ അതിനോടു തുല്യമാകയില്ല. അത് ഏററവും പ്രധാനപ്പെട്ടത് എനിക്കു നൽകും—നിത്യജീവൻ.
“മേൽപ്പറഞ്ഞ കാര്യങ്ങൾക്കു വില നിശ്ചയിക്കാൻ ബുദ്ധിമുട്ടാണ്. അവ അമൂല്യങ്ങളാണ്. ഞാൻ അവ വളരെയധികം ഉപയോഗിച്ചിരിക്കുന്നു. തിരിച്ചുതരേണ്ടതില്ലെങ്കിൽ അവ തുടർന്നും ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കു പ്രശ്നമില്ലെങ്കിൽ, എന്റെ പുത്രൻമാർക്ക് അവ തുടർന്നുകൊടുക്കണമെന്നു ഞാൻ ആശിക്കുകയായിരുന്നു. അവ എനിക്കു പ്രയോജനം ചെയ്തതുപോലെ എന്റെ പുത്രൻമാർക്കും പ്രയോജനം ചെയ്യുമെന്ന് എനിക്കറിയാം. അവ എനിക്കു എവിടെനിന്നു ലഭിച്ചുവെന്നു ഞാൻ എപ്പോഴും അവരോടു പറയും—വല്യമ്മയിൽനിന്നും വല്യപ്പനിൽനിന്നും.
“നിങ്ങളുടെ മകൻ”
(അപേക്ഷയനുസരിച്ചു പേരു കൊടുത്തിട്ടില്ല.) (g92 10⁄8)