ലോകത്തെവീക്ഷിക്കൽ
രക്തപ്പകർച്ച അപവാദം
ജർമനി ഒരു അപവാദത്താൽ താറുമാറായിരിക്കുകയാണ്. അവിടത്തെ ആളുകൾ ഉപയോഗിക്കുന്നടത്തോളം രക്തോത്പന്നങ്ങൾ ലോകത്തിലെ ഒരു ജനതയും ഉപയോഗിക്കുന്നില്ല. എന്നാൽ അതിന് നേരിടേണ്ടിവന്ന ഒരു അപവാദം “ലോകത്തിലെ ഏററവും ആശ്രയയോഗ്യമായ വൈദ്യശാഖകളിൽ ഒന്നായ അതിനെ ഒരു വിമർശനഹേതുവാക്കി മാററി” എന്ന് സ്യൂഡെയ്ച്ചെ സീററങ് റിപ്പോർട്ടു ചെയ്യുന്നു. ശരിയാംവിധം പരിശോധിക്കാത്ത രക്തോത്പന്നങ്ങൾ ആശുപത്രികൾക്ക് വൻ തോതിൽ വിററഴിച്ച ഒരു ബഡ്ള് പ്രോസസ്സിങ് കമ്പനിയെ ചുററിപ്പററിയാണ് അപവാദം. അതുകൊണ്ട് ഈ ഉത്പന്നങ്ങൾ ഉപയോഗിച്ച ആയിരക്കണക്കിന് ആശുപത്രി രോഗികൾക്ക് എച്ച്ഐവി ബാധയേൽക്കാൻ സാധ്യതയുണ്ട്. “എച്ച്ഐവി ബാധിതമായ രക്തത്തിലൂടെയോ പ്ലാസ്മാ ഉത്പന്നങ്ങളിലൂടെയോ ഒരു ഓപ്പറേഷന്റെ സമയത്ത് തനിക്ക് എച്ച്ഐവി സംക്രമണം ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്ന ഏതൊരാളും” ഒരു പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ് എന്ന് ഫെഡറൽ ഹെൽത്ത് മിനിസ്ററർ ഹോർസ്ററ് സീഹോഫെർ ഉപദേശിച്ചു. “രക്തപ്പകർച്ചയിലൂടെ എയ്ഡ്സ് പിടിപെടുന്നതു സംബന്ധിച്ച് ഇപ്പോൾ ജനസംഖ്യയുടെ 71 ശതമാനം ഭീതിയുള്ളവരാണ്” എന്ന് ഡീ ററ്സീററ് റിപ്പോർട്ടു ചെയ്യുന്നു.
സന്ന്യാസിമാരെ ആവശ്യമുണ്ട്
ജപ്പാന്റെ മത ചരിത്രത്തിലാദ്യമായി സന്ന്യാസിമാരെ പരസ്യമായി റിക്രൂട്ട് ചെയ്യാൻ പോകുകയാണ്. “ധർമശീലനും ലൗകിക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലാത്തവനും ആയ ഏതൊരുവനും മുഖ്യ പുരോഹിതൻ ആകാൻ കഴിയും” എന്ന് ബുദ്ധ റെറൻഡൈ വിഭാഗത്തിന്റെ ഒരു ഉന്നത സ്ഥാനികനായ സന്ന്യാസി പറഞ്ഞു. അപേക്ഷകർക്ക് “എൻട്രൻസ് പരീക്ഷകൾ” നടത്താനുള്ള പദ്ധതികൾ വിഭാഗം 1995-ൽ ആരംഭിക്കുന്നതായിരിക്കും. ഈ മതവിഭാഗത്തിന്റെ ഒരു അധികാരി പറഞ്ഞതനുസരിച്ച് പരീക്ഷ പാസ്സാകാൻ മതപരമായി കുറഞ്ഞ അറിവു മതി. പരമ്പരാഗതമായി, പുരോഹിത പുത്രൻമാർ ആലയ പുരോഹിതൻമാരായുള്ള തങ്ങളുടെ പിതാക്കൻമാരുടെ സ്ഥാനം ഏറെറടുത്തിരുന്നു. “എന്നിരുന്നാലും, ഈ അടുത്തകാലത്തായി എല്ലാ വിഭാഗത്തിലും ഉള്ള പുരോഹിതൻമാരുടെ പുത്രൻമാർ സന്ന്യാസിമാരായിത്തീരുന്നതിന് വിസമ്മതം കാട്ടുന്നതായി പറയപ്പെട്ടിരിക്കുന്നു” എന്ന് മെയ്നിച്ചി ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. ഈ പ്രവണതയെക്കുറിച്ച് ഒരു മതവിദഗ്ധനായ ഹീറോ ററഗാഗി ഇപ്രകാരം പ്രസ്താവിച്ചു: “പരമ്പരാഗത വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുന്ന ഇപ്പോൾ പുരോഹിതൻമാരാകാൻ സമ്മതം കാട്ടുന്ന യുവാക്കൾ കുറവായതിനാൽ ബുദ്ധ മതവിഭാഗങ്ങൾ വിഷമിക്കുകയാണ്.”
വെട്ടുക്കിളികൾ മടങ്ങിയെത്തുന്നു
ഈജിപ്തിന്റെ എട്ടാമത്തെ ബാധയായിരുന്ന വെട്ടുക്കിളികൾ “ആഫ്രിക്കയെ ആക്രമിക്കാൻ വീണ്ടും നിലയുറപ്പിച്ചിരിക്കുകയാണ്” എന്ന് ദ വീക്ക്ലി മെയിൽ & ഗാർഡിയൻ ന്യൂസ്പേപ്പർ റിപ്പോർട്ടു ചെയ്യുന്നു. ഇപ്പോൾത്തന്നെ യമനിലെ 2,00,000 ഏക്കർ (80.000 ഹെക്ടർ) വെട്ടുക്കിളികൾ കവർന്നെടുത്തിരിക്കുന്നു. ഇവയുടെ പററങ്ങൾ ഛാഡിലും നൈഗറിലും മാലിയിലും എത്തിയിരിക്കുന്നു. 1986-87 കാലയളവിൽ ആഫ്രിക്കയുടെ വടക്കുഭാഗത്തെ 28 രാജ്യങ്ങളിൽ വിളനാശം വരുത്തിയ ഭയങ്കര രോഗത്തെക്കാളും വളരെ വലിയ നാശഭീഷണിയാണ് ഇവ ഉയർത്തുന്നത് എന്ന് ഒരു കാർഷിക ഗവേഷക യൂണിററിന്റെ വക്താവു പറഞ്ഞു. “പരിസ്ഥിതി ഘടകങ്ങൾ അനുകൂലമാണെങ്കിൽ പററങ്ങൾക്ക് ഒററ തലമുറകൊണ്ട് (45 ദിവസം) പത്തിരട്ടിയായി പെരുകാൻ കഴിയും” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വെട്ടുക്കിളികൾക്ക് 1994-ൽ സാഹെലിലെ മുഴു ഭക്ഷ്യവിളകളെയും ആക്രമിക്കാൻ കഴിയും.
ആത്മഹത്യ തടയുന്നു
“യുവജനങ്ങൾക്കിടയിൽ ആത്മഹത്യകൾ വർധിക്കുകയാണ്” എന്ന് ബ്രസീലിയൻ പത്രമായ ഓ എസ്ററാഡോ ഡാ സൗൻ പൗളൂ റിപ്പോർട്ടു ചെയ്യുന്നു. “രോഗം ആണ് ആത്മഹത്യക്കുള്ള മുഖ്യ കാരണം. പ്രേമ നൈരാശ്യങ്ങൾ, മദ്യാസക്തി, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയും കാരണങ്ങളാണ്” എന്ന് ബ്രസീലിന്റെ നീതിന്യായ മന്ത്രിസഭ നടത്തിയ ഒരു പഠനം പ്രകടമാക്കി. ആത്മഹത്യ തടയുന്നതിന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായം അത്യന്താപേക്ഷിതമാണ്. മനോരോഗ വിദഗ്ധനായ ക്രിഷ്ച്ചൻ ഗോഡെറെർ ഇതു സംബന്ധിച്ച് ഇപ്രകാരം അഭിപ്രായപ്പെടുന്നു: ആത്മഹത്യക്കുള്ള “സാധ്യതയെ അവഗണിക്കരുത്.” ആശയവിനിമയത്തിന് പിരിമുറുക്കത്തെ അയയ്ക്കാൻ കഴിയും. അതുകൊണ്ട് “വിഷാദത്തിന്റെ കാരണങ്ങളെന്താണെന്നും സ്വയം കൊല ചെയ്യുന്നതു സംബന്ധിച്ച് എന്തുകൊണ്ടാണ് അയാൾ ചിന്തിക്കുന്നതെന്നും അതെങ്ങനെയാണ് അയാൾ ആസൂത്രണം ചെയ്യുന്നതെന്നും ചോദിക്കുക.”
ആർത്തവവിരാമത്തിനുശേഷം ഗർഭധാരണമോ?
ആർത്തവവിരാമത്തിനുശേഷം ഗർഭധാരണം സാധ്യമാണോ? പാരീസിലെ പത്രമായ ലെ ഫീഗാറോയിലെ ഒരു മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് ഉത്തരം, അതേ എന്നാണ്. “ആർത്തവവിരാമം സംഭവിച്ചു എന്ന് ഉറപ്പുവന്നതിനു ശേഷം ഗർഭിണികളായിത്തീരുന്ന സ്ത്രീകളുടെ എണ്ണം വ്യക്തമായും വർധിക്കുകയാണ്” എന്ന് റിപ്പോർട്ടു പറയുന്നു. എച്ച്ആർററി (ഹോർമോൺ പകര ചികിത്സ) സ്വീകരിക്കുകയാണെങ്കിൽ ഒരു സ്ത്രീക്ക് ആർത്തവവിരാമത്തിനുശേഷം ഗർഭധാരണം സംഭവിക്കുന്നതിന് തികച്ചും നല്ല സാധ്യതയുണ്ട് എന്ന് 6,000 സ്ത്രീരോഗചികിത്സാ വിദഗ്ധരും പ്രസവചികിത്സാ വിദഗ്ധരും ഉൾപ്പെട്ട ഫ്രഞ്ചു പഠനം വെളിപ്പെടുത്തി. സ്ഥിതിവിവരക്കണക്കനുസരിച്ച്, ഈ സ്ത്രീകൾക്ക് ആർത്തവവിരാമം സംഭവിച്ചിട്ട് ശരാശരി രണ്ടു വർഷമായിരുന്നു. ഇവയിൽ ഭൂരിപക്ഷത്തിനും ആർത്തവവിരാമം താരതമ്യേന നേരത്തെ സംഭവിച്ചിരുന്നു. 71 ശതമാനം എച്ച്ആർററി സ്വീകരിക്കുന്നവരുമായിരുന്നു. ഏതൊരു സ്ത്രീക്കും ആർത്തവവിരാമത്തിനുശേഷം കുട്ടിയുണ്ടാകാം എന്ന് ഈ പഠനത്തെ നയിച്ച ഡോ. ക്രിസ്ററ്യൻ ഷാമീൻ പ്രസ്താവിച്ചു.
പോപ്പ് ജോൺ 23-ാമൻ മുസ്സോളിനിയെ സ്തുതിച്ചു
ഇപ്പോൾ കുറച്ചു നാളുകളായി കത്തോലിക്കാ സഭയിൽ ഒരു വാദഗതി ഉടലെടുത്തിരിക്കുകയാണ്. പോപ്പ് ജോൺ 23-ാമനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് ഈ വാദഗതി. ജോൺ 23-ാമൻ പോപ്പ് ആയിത്തീരുന്നതിനു മുമ്പ് 1930-കളിൽ എഴുതിയ അനേകം കത്തുകളിൽ ബെനിറേറാ മുസ്സോളിനിയെ സ്തുതിച്ചു പറഞ്ഞതായി ഈ അടുത്തകാലത്ത് പരസ്യമായ പ്രസ്താവനയുണ്ടായി. 1930 മുതൽ 1940 വരെയുള്ള കാലഘട്ടത്തിൽ ഇററലിയിലെ ഫാസിസ്ററ് നേതാവായിരുന്നു ബെനിറേറാ മുസ്സോളിനി. മുസ്സോളിനി “ദിവ്യകടാക്ഷം” ഉള്ള ആളാണെന്ന് പിന്നീട് പോപ്പ് ആയിത്തീർന്ന ഇദ്ദേഹം പറയുകയുണ്ടായി. ഈ കത്തുകൾ വർഷങ്ങൾക്കു മുമ്പു പ്രസിദ്ധീകരിച്ചവയാണ്. എന്നാൽ പത്രാധിപനായിരുന്ന ജോൺ 23-ാമന്റെ മുൻ പേഴ്സണൽ സെക്രട്ടറി ഫാസിസ്ററ് ഏകാധിപതിക്കുള്ള ഈ സ്തുതിവചനങ്ങൾ സെൻസർ ചെയ്തുകളഞ്ഞിരുന്നു. അത് “രാഷ്ട്രീയ ചൂഷണം ഒഴിവാക്കാനായിരുന്നു” എന്ന് ഇപ്പോൾ അദ്ദേഹം പറയുന്നു. ജോൺ 23-ാമനെ “വന്ദ്യൻ” ആയി പ്രഖ്യാപിക്കാനുള്ള ഇപ്പോഴത്തെ പോപ്പിന്റെ ഒരുക്കങ്ങളെ തടസ്സപ്പെടുത്താൻ വേണ്ടിയാണ് സെൻസർ ചെയ്ത ഈ ഭാഗങ്ങൾ ഇപ്പോൾ പുറത്തുവിടുന്നത് എന്നു ചിലർ വിചാരിക്കുന്നു. ഈ ഭാഗങ്ങൾ വെളിപ്പെടുത്തിയെങ്കിലും “ഫാസിസത്തോടുള്ള സഭാധികാരികളുടെ മനോഭാവത്തെക്കുറിച്ച് ഇപ്പോൾത്തന്നെയുള്ള അറിവിനോട് അധികം ഒന്നും കൂട്ടുന്നില്ല” എന്ന് മിലാൻ പത്രമായ കൊരീരി ഡെല്ലാ സെറാ ചൂണ്ടിക്കാട്ടുന്നു.
തീ പിടിക്കാവുന്ന മഴവനങ്ങൾ
1983, 1991 എന്നീ വർഷങ്ങളിലുണ്ടായ വരൾച്ചയിൽ ഇൻഡോനേഷ്യയിലെ കിഴക്കൻ കലിമൻടനിൽ ഉണ്ടായ തീപിടുത്തങ്ങൾ 86 ലക്ഷം ഏക്കർ വനഭൂമി നശിപ്പിക്കുകയുണ്ടായി. എന്നാൽ ഈർപ്പമുള്ള ആമസോൺ മഴവനത്തിലെ തീപിടുത്തങ്ങൾ ഭീതി ജനിപ്പിക്കുന്നതാണ്. എന്തുകൊണ്ട്? മഴവനങ്ങളുടെ ചില്ലകൾ പന്തലിച്ചുനിൽക്കുന്ന മേൽഭാഗം സാധാരണമായി താഴെയുള്ള ഈർപ്പം നിറഞ്ഞ വായുവിനെ ഫലപ്രദമായി തടഞ്ഞുനിർത്തുന്നു. ഇതു തീപിടുത്തം ഉണ്ടാകാത്ത വിധം മരങ്ങളെ നനവുള്ളതാക്കി നിർത്തുന്നു. മാൻചെസ്ററർ ഗാർഡിയൻ വീക്ക്ലി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വിലയേറിയ മഹാഗണി മരങ്ങൾ വെട്ടിയെടുക്കാനുള്ള മരംവെട്ടുകാരുടെ സവാരി കാരണം കിഴക്കൻ ആമസോൺ വനത്തിൽ ഇപ്പോൾ തലങ്ങും വിലങ്ങും റോഡുകളാണ്. ഈ മരങ്ങൾ വെട്ടുന്നതുനിമിത്തം അന്തരീക്ഷത്തിലെ ഈർപ്പം നഷ്ടപ്പെടുന്നു. ആവശ്യമില്ലാതെ നിലത്തുകിടക്കുന്ന മരച്ചില്ലകളും വൃക്ഷത്തലപ്പങ്ങളും അവർ കത്തിച്ചു കളയുന്നു. ഇത് കാട്ടുതീക്കു കാരണമാകുന്നു. ഒരു സർവേ അനുസരിച്ച്, വെറും രണ്ടു ശതമാനം മരങ്ങൾ വെട്ടിനശിപ്പിക്കുമ്പോൾ വനത്തിന്റെ ചില്ലകൾ പന്തലിച്ചുനിൽക്കുന്ന മേൽഭാഗത്തിന്റെ 56 ശതമാനമാണു നശിക്കുന്നത്. നിവർന്നു നിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെ അഞ്ചു കിലോമീറററോളം ദൂരത്തിൽ തീ പടർന്നു പിടിച്ചതായി ബ്രസീലിലെ കർഷകർ റിപ്പോർട്ടു ചെയ്യുകയുണ്ടായി.
കൂണുകൾ നാശ ഭീഷണിയിൽ
“ജർമനിയിൽ സാധാരണമായി കണ്ടുവരുന്ന 4,400 ഇനം കൂണുകളുടെ മൂന്നിലൊന്ന് നാശഭീഷണിയിൽ ആയിരിക്കുന്ന വർഗങ്ങളുടെ ലിസ്ററിൽ പെടുന്നു” എന്ന് ഫ്രാങ്ക്ഫർട്ടർ ആൾജെമീൻ സീററങ് അഭിപ്രായപ്പെടുന്നു. യഥാർഥത്തിൽ, കൂണുകൾ മാത്രമല്ല കുമിളുകളുടെ മററു പല ഇനങ്ങളും നശിക്കുന്നതിനുള്ള അപകടസാധ്യത ഉണ്ട് എന്ന് ശാസ്ത്രജ്ഞൻമാർ മുന്നറിയിപ്പു നൽകുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? മലിനീകരണവും അമിത ചൂഷണവും ഒരു വലിയ പങ്കു വഹിക്കുന്നതായി കാണുന്നു. മററു ജീവജാലങ്ങളായ ഓക്ക്, പൈൻ എന്നീ മരങ്ങളും പല ഇനങ്ങളിലുള്ള വണ്ടുകളും നിലനിൽപ്പിനായി കുമിളുകളെ ആണ് ആശ്രയിക്കുന്നത്. അതുകൊണ്ട് കുമിളുകളുടെ വിപുലവ്യാപകമായ അപ്രത്യക്ഷമാകൽ പരിസ്ഥിതി വിപത്തിനെ അർഥമാക്കും.
വിശ്വസിക്കുന്നതിനുള്ള ശാസ്ത്രീയ അടിസ്ഥാനം
“ഒരു ശാസ്ത്രജ്ഞനായിരിക്കെ ദൈവമുണ്ടെന്നു വിശ്വസിക്കുക സാധ്യമാണ്” എന്ന് ദക്ഷിണാഫ്രിക്കൻ പത്രമായ ദ സ്ററാർ പ്രസ്താവിക്കുന്നു. ജോഹാനെസ്ബർഗിലെ വിററ്വാട്ടർസ്ററാൻഡ് യൂണിവേഴ്സിററിയിലെ ഒരു ബഹിരാകാശ ശാസ്ത്രജ്ഞനായ പ്രൊഫസ്സർ ഡേവിഡ് ബ്ലോക്കിന്റെ 90-മിനിററു പ്രഭാഷണത്തെപ്പററി റിപ്പോർട്ടു ചെയ്യുകയായിരുന്നു ലേഖനം. പ്രപഞ്ചം എത്ര “താളലയ സന്തുലിതം” ആണെന്ന് ശാസ്ത്രം സ്ഥിരീകരിക്കുന്നതായി ബ്ലോക്ക് വിശദമാക്കി. ബ്ലോക്കിനെയും മററു പല ശാസ്ത്രജ്ഞൻമാരെയും സംബന്ധിച്ചിടത്തോളം വ്യക്തമായും ഇത് ഉദ്ദേശ്യപൂർണമായ രൂപസംവിധാനത്തെ അർഥമാക്കുന്നു. രൂപസംവിധാനം തീർച്ചയായും ഒരു രൂപസംവിധായകനെയും. ദ സ്ററാർ പറയുന്നതനുസരിച്ച് “ഒരു സ്രഷ്ടാവിൽ വിശ്വസിക്കാത്ത ഒരാൾക്ക് സ്രഷ്ടാവിൽ വിശ്വസിക്കുന്ന ഒരുവനെക്കാളധികം വിശ്വാസം ഉണ്ടായിരിക്കേണ്ട വിധം” അത്രയധികമാണ് ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള തെളിവുകൾ.
ഈജിപ്തിലെ സ്മാരകങ്ങൾ ഭീഷണിയിൽ
മണ്ണിനടിയിലെ ഉയർന്നുകൊണ്ടിരിക്കുന്ന ജലം ഈജിപ്തിലാകമാനം ഉള്ള പുരാതന സ്മാരകങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. കെയ്റോയിലെ 400 ചരിത്ര സ്മാരകങ്ങളും അതുപോലെ തന്നെ കുറേക്കൂടെ തെക്കോട്ടു മാറി സ്ഥിതിചെയ്യുന്ന ലക്സർ ക്ഷേത്രം പോലെയുള്ള സ്മാരകങ്ങളും അപകടനിലയിലാണ്. സ്ഫിൻക്സ് പ്രതിമയുടെ ഒരു കാൽപ്പാദം ഇപ്പോൾത്തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ് എന്ന് ദി യുനെസ്കോ കുരിയർ റിപ്പോർട്ടു ചെയ്യുന്നു. അസ്വൻ ഹൈ ഡാമിന്റെ നിർമാണമാണ് ഇതിന്റെ ഭാഗികമായ കാരണം. ഇത് നൈൽ നദിയിലെ വെള്ളത്തിന്റെ ഒഴുക്കു നിലനിർത്തുകയും ഭൂമിക്കടിയിലെ ജലോപരിതലത്തെ ഉയർത്തി നിർത്തുകയും ചെയ്യുന്നു. ഡാമിന്റെ നിർമാണത്തിനു മുമ്പ് ആണ്ടിൽ ഒൻപതു മാസവും നദിയിൽ വെള്ളം ലഭിച്ചിരുന്നില്ല. അങ്ങനെ അത് അടി വററിപ്പോയിരുന്നു. കെയ്റോയുടെ നൂറുവർഷം പഴക്കമുള്ള മലിനജല വ്യവസ്ഥയും (sewage system) തകരാറിലാണ്. അത് പൊട്ടിയൊലിക്കുകയും പലപ്പോഴും കവിഞ്ഞൊഴുകുകയും ചെയ്യുന്നു. ഒരു കെട്ടിടത്തിന്റെ അടിത്തറകളിലേക്ക് വെള്ളം ഊറിയിറങ്ങുമ്പോൾ കാപില്ലറി പ്രവർത്തനത്തിന്റെ ഫലമായി കെട്ടിടം ഈ വെള്ളത്തെ പല അടികളോളം ഉയരത്തിൽ വലിച്ചെടുക്കുന്നു. അത് അവിടെ രാസപ്രവർത്തനങ്ങൾക്ക് കാരണമാകുന്നു. ഈ രാസപ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന ലവണങ്ങൾ ഭിത്തിയെ ആക്രമിക്കുന്നു.
ഇതു നീതിയാണോ?
ഒരു അസ്സോസ്സിയേററഡ് പ്രസ്സ് സന്ദേശം ഇപ്രകാരം പറഞ്ഞു: “മൈക്കിൾ ചാൾസ് ഹെയ്സ്, നോർത്ത് കരോളിനയിൽ വെച്ച് വിവേചനാരഹിതമായി നിറയൊഴിച്ചപ്പോൾ കൊലചെയ്യപ്പെട്ടത് നാലു പേരായിരുന്നു. മുമ്പെന്നത്തെക്കാളും മെച്ചമായി അയാൾ ഇപ്പോൾ നികുതിദായകരുടെ ചെലവിൽ കഴിയുന്നു എന്ന് തോക്കിനിരയായവരുടെ കുടുംബങ്ങൾ പരാതിപ്പെടുന്നു.” അയാൾക്കു ഭ്രാന്താണെന്ന് വിധിക്കുകയും ഒരു ദേശീയ മാനസികാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഹെയ്സ് അവശർക്കുള്ള സാമൂഹിക സുരക്ഷിതത്വ ആനുകൂല്യങ്ങൾക്ക് അർഹനായിത്തീരുകയും മാസംതോറും 536 ഡോളർ കൈവശപ്പെടുത്തുകയും ചെയ്യുന്നു. ഈ പണം ഉപയോഗിച്ച് അയാൾ വിലപ്പെട്ട സ്ററീരിയോ വീഡിയോ ഉപകരണങ്ങൾ നിറഞ്ഞ ഒരു മുറിയും ഒരു വലിയ അലമാരയും ഒരു മോട്ടോർസൈക്കിളും വാങ്ങി. എന്തുകൊണ്ടെന്നാൽ ആഹാരത്തിനും പാർപ്പിടത്തിനും ഉള്ള തുക അവശർക്കുള്ള ആനുകൂല്യത്തിൽ നിന്നു പൊയ്ക്കൊള്ളുമല്ലോ. ഭ്രാന്തൻമാരായ കുററവാളികൾക്കുവേണ്ടി ഗവൺമെൻറ് 480 ലക്ഷം ഡോളർ ചെലവാക്കുന്നുണ്ട്. പ്രോസിക്യൂട്ടറായ വിൻസൻറ് റാബിൽ അതിനെ “കോട്ടം തട്ടിയ നീതി” എന്നു വിളിക്കുന്നു. “നികുതിദായകർ കൊലയാളികൾക്കു വേണ്ടിയാണ് പണം അടയ്ക്കുന്നത്. ഇത് അന്യായമാണ്” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.