ഇന്നത്തെ കളിപ്പാട്ടങ്ങൾ—അവ നമ്മുടെ കുട്ടികളെ എന്തു പഠിപ്പിക്കുന്നു?
കുട്ടികൾ സ്വതവേ കളിപ്രിയരാണ്. കുട്ടികൾക്കു വേണ്ടി കളിക്കോപ്പുകൾ തിരഞ്ഞെടുക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച് ആരോഗ്യമുള്ള കുട്ടികൾ “പര്യവേഷണത്തിന്റേതും സങ്കൽപ്പത്തിന്റേതുമായ സ്വന്തം ലോകങ്ങൾ സ്വതഃസിദ്ധമായി കെട്ടിപ്പടുക്കുന്നു.” ഇത് പുരാതന കാലങ്ങളിലും സത്യമായിരുന്നു. കുട്ടികൾ ‘നഗരവീഥികളിൽ കളി’ക്കുന്നതു സാധാരണ കാഴ്ചയായിരുന്നു. (സെഖര്യാവു 8:5) അത്തരം കളികളിൽ പലപ്പോഴും നിർമാണാത്മകവും ഭാവനാപരവുമായ ലീലാവിലാസങ്ങൾ ഉൾപ്പെട്ടിരുന്നു.—താരതമ്യം ചെയ്യുക: മത്തായി 11:16, 17.
അപ്പോൾ കളിയെ കുട്ടികളുടെ ജോലിയെന്നു വിളിച്ചിരിക്കുന്നത് ഉചിതമാണ്. അത് സത്യമാണെങ്കിൽ കളിപ്പാട്ടങ്ങളെ അവരുടെ പണിയായുധങ്ങളെന്നും വിളിക്കാം. മാതാപിതാക്കൾ (ഇംഗ്ലീഷ്) എന്ന മാഗസിൻ ഇപ്രകാരം പറയുന്നു: “കുട്ടികൾ ലോകത്തെക്കുറിച്ചു പഠിക്കുന്നത് കളിയിലൂടെയാണ്. . . . കളിക്കോപ്പുകളുപയോഗിച്ചു കളിക്കുമ്പോൾ ലോകം കുട്ടിയുടെ എത്തുപാടിലാകുന്നു. അതു കുട്ടിയുടെ കൈപ്പിടിയിലൊതുങ്ങുന്നു. കളി പേശികളുടെയും ഏകോപനപ്രവർത്തനത്തിന്റെയും വികാസം സാധ്യമാക്കുന്നു, സംസർഗപ്രിയത്തെ ഊട്ടിയുറപ്പിക്കുന്നു, യാഥാർഥ്യവും സങ്കൽപ്പവും തമ്മിലുള്ള അതിർവരമ്പുകളെ വിവേചിച്ചറിയാൻ ഇടയാക്കുന്നു. അന്യോന്യം ആശയവിനിയമം നടത്താനും കാര്യങ്ങൾ മാറിമാറി ചെയ്യാനും പങ്കുവയ്ക്കാനും കുട്ടികളെ സഹായിക്കുന്നു. കളി ഭാവനയെ ഉത്തേജിപ്പിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അനുഭവപരിചയം പ്രദാനം ചെയ്യുകയും ചെയ്യുന്നു.”
ബൈബിൾകാലങ്ങളിലും കുട്ടികൾക്ക് കളിക്കോപ്പുകൾ പ്രധാനമായിരുന്നു. ഇസ്രായേലിൽ നടത്തിയ പുരാവസ്തു ഗവേഷണങ്ങൾ കളിക്കോപ്പുകളുടെ മൂല്യവത്തായ ഒരു കണ്ടുപിടിത്തത്തിലേക്കു നയിച്ചു. കിലുക്കാംപെട്ടികൾ, പീപ്പികൾ, കൊച്ചു മൺപാത്രങ്ങൾ, രഥങ്ങൾ എന്നിങ്ങനെ പലതും കുഴിച്ചെടുക്കപ്പെട്ടു. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇപ്രകാരം പ്രസ്താവിക്കുന്നു: “പുരാതന ആഫ്രിക്കയിൽ കുട്ടികൾക്ക് പന്ത്, മൃഗരൂപത്തിലുള്ള കളിക്കോപ്പുകൾ, വലിച്ചുകൊണ്ടു നടക്കാവുന്ന കളിപ്പാട്ടങ്ങൾ എന്നിവ ഉണ്ടായിരുന്നു. പുരാതന ഗ്രീസ്സിലെയും റോമിലെയും കുട്ടികൾ വഞ്ചികൾ, കൊച്ചു വണ്ടികൾ, വളയങ്ങൾ, പമ്പരങ്ങൾ എന്നിവ ഉപയോഗിച്ചു കളിച്ചിരുന്നു. യൂറോപ്പിൽ മധ്യകാലയുഗങ്ങളിൽ കളിമണ്ണു വട്ടുകൾ, കിലുക്കാംപെട്ടികൾ, പാവകൾ എന്നിവ ജനപ്രീതിയാർജിച്ച കളിക്കോപ്പുകളായിരുന്നു.”
ഉത്തേജനാത്മകവും രസാവഹവും വിദ്യാഭ്യാസപരവുമായ കളിക്കോപ്പുകൾ ഇന്നും ഒരു പ്രധാന പങ്കു വഹിക്കുന്നു. എന്നാൽ ഗുണകരമോ എന്നു സംശയിക്കേണ്ടിയിരിക്കുന്ന കളിക്കോപ്പുകളുടെ ഒരു പ്രളയം തന്നെ ഇപ്പോൾ വിപണിയിലുണ്ട്. ടൈം മാസികയുടെ 1992-ലെ ഒരു ലേഖനം ഇപ്രകാരം പറയുന്നു: “നിങ്ങൾ നല്ലതും ആരോഗ്യാവഹവുമായ വിനോദമാണ് തിരയുന്നതെങ്കിൽ ഈ വർഷം പുറത്തിറങ്ങുന്ന കളിപ്പാട്ടങ്ങളിലേക്കു നോക്കുകയേ വേണ്ട. മിക്കവാറും എല്ലാ വൻ നിർമാതാക്കളും അറപ്പു തോന്നിക്കുന്ന കാര്യങ്ങൾക്കാണ് ഊന്നൽ കൊടുക്കുന്നത്.” “എത്രയും അറപ്പു തോന്നിക്കുംവിധം” കുട്ടികൾക്ക് രൂപകൽപ്പന ചെയ്യാൻ കഴിയുന്ന സാധാരണ വലിപ്പത്തിലുള്ള പ്ലാസ്ററിക് തലയോട്ടിയാണ് ഒരു കൂട്ടം കളിപ്പാട്ടങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നത്. ഛർദി പോലുള്ള ശാരീരിക പ്രവർത്തനങ്ങളെ അനുകരിക്കുന്ന കളിപ്പാട്ടങ്ങളും വിൽപ്പനയ്ക്കുണ്ട്. ഈ കളിപ്പാട്ടങ്ങൾ വാങ്ങുന്ന കാര്യത്തിൽ മാതാപിതാക്കളും കുട്ടികളും ഒരുപോലെ ഉഗ്രമായ സമ്മർദത്തിന് വിധേയരാണ്.
കുട്ടികൾക്കു വിൽക്കൽ
“കുട്ടികൾക്ക് എന്തെങ്കിലും വിൽക്കുന്നത് മരണകരമായ ഒരു കുററമായി” പുരാതന “ഹമ്മുറാബി നിയമസംഹിത കണക്കാക്കി”യിരുന്നതായി പീഡിയാട്രിക്സ് ഇൻ റിവ്യൂ എന്ന ജേർണൽ പറയുന്നു. എന്നിരുന്നാലും, പെരുത്ത വിലയുള്ള തങ്ങളുടെ സാമാനങ്ങൾ കാപട്യം എന്തെന്ന് അറിഞ്ഞുകൂടാത്ത കുഞ്ഞുങ്ങൾക്ക് വിററഴിക്കുന്നതിൽ ഇന്നത്തെ കളിപ്പാട്ടനിർമാതാക്കൾക്കും പരസ്യക്കാർക്കും ഒരു കൂസലുമില്ല. സങ്കീർണമായ ഗവേഷണവിദ്യകളുപയോഗിച്ച് കളിപ്പാട്ടനിർമാതാക്കൾ കുട്ടികളുടെ മനസ്സുകളിലേക്ക് ഊളിയിട്ടിറങ്ങുന്നു. ഉൽപ്പന്നങ്ങളിൽ തുടർച്ചയായ മാററങ്ങൾ വരുത്തിക്കൊണ്ട് അവർക്ക് കഴിഞ്ഞവർഷത്തെ സാധനങ്ങൾ പഴഞ്ചനാണെന്നും ഈ വർഷത്തെ സാധനങ്ങൾ ഒഴിച്ചുകൂടാൻ പററാത്തവയാണെന്നും തോന്നിപ്പിക്കാൻ കഴിയും.
കളിപ്പാട്ട വ്യവസായം ടെലിവിഷന്റെ സ്വാധീനത്തെയും പൂർണമായി പ്രയോജനപ്പെടുത്തുന്നു. ഐക്യനാടുകളിൽ, കുട്ടികൾക്കുവേണ്ടിയുള്ള ടെലിവിഷൻ പരിപാടികളിൽ കളിപ്പാട്ട പരസ്യങ്ങളുടെ പ്രളയമാണ്. ക്യാമറാ ടെക്നിക്കുകളാലും ദൃശ്യ-ശബ്ദ ഫലങ്ങളാലും ആവേശം കൊള്ളിക്കുന്ന സംഗീതത്താലും പരസ്യങ്ങൾ തീരെ താണതരം കളിപ്പാട്ടങ്ങൾ മാന്ത്രികശക്തിയുള്ളതും ആവേശകരവുമാണെന്നു തോന്നിപ്പിക്കുന്നു. മുതിർന്നവരിൽ പലരും അത്തരം ഉപായങ്ങൾ കണ്ടു മനസ്സിലാക്കുമെങ്കിലും “പരസ്യങ്ങൾ പറയുന്നത് സത്യമാണെന്നു കൊച്ചുകുട്ടികൾ വിശ്വസിക്കുന്നു.”—പീഡിയാട്രിക്സ് ഇൻ റിവ്യൂ.
കുട്ടികൾക്കുവേണ്ടിയുള്ള ടെലിവിഷൻ പരിപാടികളിൽ പലതും വാസ്തവത്തിൽ പരസ്യങ്ങളാണ്. ശിശുശാസ്ത്രത്തിലെ കാലികപ്രശ്നങ്ങൾ (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം പറയുന്നതനുസരിച്ച് അത്തരം പരിപാടികൾ “കുട്ടികളുടെ ജീവിതത്തിനു വിദ്യ പകർന്നുകൊടുക്കുന്നതിനോ അതു ധന്യമാക്കുന്നതിനോ പകരം കളിപ്പാട്ടവിൽപ്പനയ്ക്കു വേണ്ടി സംവിധാനം ചെയ്തി”ട്ടുള്ളവയാണ്. ഉദാഹരണത്തിന്, ടീനേജ് മ്യൂട്ടൻറ് നീൻജ ററർട്ടിൽസ് എന്ന പരിപാടി “70-ലധികം ഉത്പന്നങ്ങളെയും ഒരു പ്രഭാതഭക്ഷണ ധാന്യത്തെയും ഒരു ചലച്ചിത്രത്തെയും” പരസ്യപ്പെടുത്തിയിരിക്കുന്നു.
“പരസ്യങ്ങൾ കാണുന്ന കുട്ടികൾ അവയിൽ കാണുന്ന സാധനങ്ങൾ വാങ്ങാനായി മാതാപിതാക്കളോടു നിർബന്ധം പിടിക്കുന്നതായി പല പഠനങ്ങളും പ്രകടമാക്കുന്നു” എന്ന് പീഡിയാട്രിക്സ് ഇൻ റിവ്യൂ പറയുന്നു. ഒരു അന്താരാഷ്ട്ര കളിപ്പാട്ടക്കമ്പനിയുടെ സ്ഥാപകൻ ഇപ്രകാരം പറയുന്നു: “മാതാപിതാക്കളുടെ വസ്ത്രം പിടിച്ചുവലിക്കുന്ന കുട്ടികളെ നിരീക്ഷിക്കുക. അവർ എന്താണ് പറയുന്നതെന്നു നിങ്ങൾക്കറിയാം: ‘ആ കളിപ്പാട്ടം തന്നില്ലെങ്കിൽ ഞാൻ മരിക്കും.’” അപ്പോൾ കാനഡയിൽ മാത്രമായി ആളുകൾ ഓരോ വർഷവും കുട്ടികൾക്കും പേരക്കുട്ടികൾക്കും സുഹൃത്തുക്കൾക്കുമായി കളിപ്പാട്ടങ്ങൾ വാങ്ങാൻ 120 കോടി ഡോളറിലധികം ചെലവഴിക്കുന്നത് അതിശയമല്ല.
യുദ്ധമാതൃകയിലുള്ള കളികൾ
യുദ്ധമാതൃകയിലുള്ള വീഡിയോ കളികൾ കളിപ്പാട്ട വ്യവസായത്തിൽ മുൻനിരയിൽ വരുന്നു. അത്തരം കളികൾ പ്രശ്നപരിഹാര പ്രാപ്തിയും കണ്ണിന്റെയും കയ്യുടെയും ഏകോപനപ്രാപ്തിയും പേശീ വൈദഗ്ധ്യങ്ങളും വികസിപ്പിക്കുകയും അതേസമയം ജിജ്ഞാസയെ ഉണർത്തുകയും ചെയ്യുന്നുവെന്ന് അവയുടെ വക്താക്കൾ അവകാശപ്പെടുന്നു. “ശരിയാംവണ്ണം ഉപയോഗിച്ചാൽ ഒരു ഇലക്ട്രോണിക് കളിപ്പാട്ടം നിരുപദ്രവകരവും വിദ്യാഭ്യാസപരം പോലും ആയിരിക്കാൻ കഴിയും” എന്ന് ദ ടൊറൊന്റോ സ്ററാറിലെ ഒരു ലേഖനം പറയുന്നു. ‘എന്നാൽ മിക്കപ്പോഴും അത് കുട്ടിയെ മററുള്ളവരിൽനിന്ന് ഒററപ്പെടുത്തുന്ന ഒരു പ്രവർത്തനം, ഒരു ഭ്രമം പോലും, ആണ്’ എന്ന് ആ പത്രം സമ്മതിക്കുന്നു.
യുദ്ധമാതൃകയിലുള്ള വീഡിയോ കളികൾ കാണുന്നത് ഒരു ഭ്രമമായിത്തീർന്ന ഒരു കുട്ടിയുടെ കാര്യം പരിചിന്തിക്കുക. അവന്റെ അമ്മ പറയുന്നു: “അവന്റെ കാര്യം വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്—കളിയിൽ എല്ലാവരെയും കൊന്നുതീർക്കുന്നതുവരെ അവൻ സ്ക്രീനിന്റെ മുന്നിൽനിന്ന് മാറില്ല.” ഈ കുട്ടിക്ക് എത്ര വയസ്സുണ്ട്? വെറും രണ്ടു വയസ്സ്! ദിവസവും നാലുമുതൽ അഞ്ചുവരെ മണിക്കൂർ ബട്ടൺ അമർത്തിയമർത്തി അവന്റെ പിഞ്ചു തള്ളവിരൽ കുമിളച്ചിരിക്കുന്നു. എന്നിട്ടും, അമ്മയ്ക്ക് ഒരു ഉത്കണ്ഠയും ഇല്ലെന്നു തോന്നുന്നു. കൈകൊണ്ട് വേഗത്തിൽ ആംഗ്യം കാട്ടിക്കൊണ്ട് അവൾ പറയുന്നു: “കളിയിലെപ്പോലെ എല്ലാം പെട്ടെന്നു ചെയ്തുതീർക്കാൻ അവൻ ആഗ്രഹിക്കുന്നു എന്ന ഒററ വിഷമമേ എനിക്കുള്ളൂ.” കളിക്കു “നല്ല വേഗതയാണ് . . . , യഥാർഥ ജീവിതത്തിൽ കാര്യങ്ങൾ അത്ര വേഗത്തിൽ നടക്കില്ല.”
“ഭാവനാസൃഷ്ടിയോ വായനയോ പരമ്പരാഗതമായ മററു നേരമ്പോക്കുകളോ കൊണ്ട് സ്വയം വിനോദിക്കാൻ പഠിക്കുന്നതിൽനിന്ന്” വീഡിയോ കളികൾ “കുട്ടികളെ നിരുത്സാഹപ്പെടുത്തുകയും ഗൃഹപാഠം ചെയ്യുന്നതിൽനിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്ന”തായി വീഡിയോ കളികളെ പ്രതികൂലിക്കുന്ന ചിലർക്കു തോന്നുന്നു എന്ന് ദ ടൊറൊന്റോ സ്ററാർ പറയുന്നു. ‘വീഡിയോ കളികൾ വഴിപിഴപ്പിക്കുന്ന ഒരു ഭീഷണിയാണെന്നും അതിന് കുട്ടികളിൽ അക്രമാസക്തവും മററുള്ളവരിൽനിന്ന് ഒററപ്പെട്ടതരത്തിലുള്ളതുമായ പെരുമാററം വളർത്തിയെടുക്കാൻ കഴിയുമെന്നും’ ചില ശിശു പ്രബോധകർ പറയുന്നു.
1991-ലെ പേർഷ്യൻ ഗൾഫ് യുദ്ധസമയത്തെ ബോംബിടലുകളെക്കുറിച്ചുള്ള ടെലിവിഷൻ വാർത്തകൾ അന്ന് സാധാരണമായിരുന്ന യുദ്ധകളിക്കോപ്പുകളുടെ ആവശ്യം വർധിപ്പിച്ചു. അബ്രാംസ് ടാങ്കുകൾ, സ്കഡ് മിസൈലുകൾ, ഹിൻഡ് ഹെലികോപ്റററുകൾ എന്നിവയായിരുന്നു ഏററവും പ്രസിദ്ധമായ ഇനങ്ങൾ. അത്തരം കളിക്കോപ്പുകൾ ഉപയോഗിച്ചു കളിക്കുന്നത് ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയോ ഒരുപക്ഷേ അക്രമത്തോട് കുട്ടികളെ നിർവികാരരാക്കിത്തീർക്കുകയോ ചെയ്തേക്കാം എന്ന് വിദഗ്ധർ ഭയപ്പെടുന്നു. എന്തായാലും, അതു ചെയ്യുന്നത് യെശയ്യാ 2:4-ലെ ബൈബിൾ വാക്യത്തിന്റെ ഉദ്ദേശ്യത്തിന് എതിരാണ്. ദൈവജനം “വീണ്ടുമൊരിക്കലും യുദ്ധത്തിനു പരിശീലിപ്പിക്കപ്പെട്ടവർ” ആയിരിക്കില്ല എന്ന് അത് മുൻകൂട്ടിപ്പറഞ്ഞു.—ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ.
ഉയർന്ന ശക്തിയുള്ള ജലത്തോക്കുകൾപോലെ യഥാർഥമെന്നു തോന്നിക്കുന്ന കളിപ്പാട്ടങ്ങൾ യഥാർഥത്തിൽ അക്രമത്തിനു തുടക്കമിട്ടിട്ടുള്ള സംഭവങ്ങളുണ്ട്. ഒരു വടക്കേ അമേരിക്കൻ പട്ടണത്തിൽ ഉയർന്ന ശക്തിയുള്ള പ്ലാസ്ററിക് ജലത്തോക്കുപയോഗിച്ചുള്ള ഏററുമുട്ടൽ യഥാർഥ വെടിവെയ്പിലേക്കു തന്നെ നയിച്ചു. അത് ഒരു 15 വയസ്സുകാരന്റെ മരണത്തിൽ കലാശിച്ചു. മറെറാരു സംഭവത്തിൽ, ജലത്തോക്കുകളാൽ നനഞ്ഞു കുതിർന്ന കുപിതനായ ഒരു തോക്കുധാരി രണ്ടു യുവാക്കളെ മുറിവേൽപ്പിച്ചു. കാഴ്ചയിൽ നിരുപദ്രവകരമെന്നു തോന്നിയേക്കാവുന്ന ജലത്തോക്കുപയോഗിച്ചുള്ള പോരാട്ടങ്ങൾ എണ്ണമററ മററ് അക്രമ സംഭവങ്ങൾക്കു വഴിതെളിച്ചിട്ടുണ്ട്.
നിങ്ങളറിയിക്കുന്ന സന്ദേശം
ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കളാരും തന്നെ യഥാർഥത്തിൽ അക്രമത്തെ അംഗീകരിക്കുന്നില്ല. എന്നിട്ടും, യുദ്ധകളിക്കോപ്പു വ്യവസായം തഴച്ചുവളരുകയാണ്. കുട്ടിയുടെ അമർഷം നേരിടുന്നതിനു പകരം ചിലപ്പോൾ മാതാപിതാക്കൾ അവരുടെ സ്വന്തം വിശ്വാസങ്ങളെ അനുരഞ്ജനപ്പെടുത്താൻ തയ്യാറാവുന്നു. എന്നാൽ അതു ചെയ്യുകവഴി അവർ കുട്ടിയോട് ഒരു വലിയ ദ്രോഹം ചെയ്യുകയായിരിക്കാം. മാനസികാരോഗ്യ ഗവേഷകയായ കാനഡക്കാരി സൂസൻ ഗോൾഡ്ബെർഗ് ഇപ്രകാരം വാദിക്കുന്നു: “നാം കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ കൊടുക്കുമ്പോൾ അവ എന്തിനെ പ്രതിനിധീകരിക്കുന്നുവോ അതിനെ നാം അംഗീകരിക്കുന്നുവെന്നു സൂചന കൊടുക്കുകയാണ്.” ചിലപ്പോഴൊക്കെ അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നത് ചില കുട്ടികളെ സംബന്ധിച്ചിടത്തോളം സ്വാഭാവികം മാത്രമാണെന്നുള്ളത് സത്യമാണ്. ഒരു മനഃശാസ്ത്രജ്ഞ ഇപ്രകാരം വാദിക്കുന്നു: “കളിത്തോക്കുകൾ ഇല്ലെങ്കിൽ കുട്ടികൾ സ്വന്തം തോക്കുകൾ ഉണ്ടാക്കുന്നു, കൈവിരലുകൾ ഉപയോഗിച്ചുപോലും.” അതു ശരിയായിരിക്കാം. എന്നാൽ അക്രമായുധങ്ങളുടെ പകർപ്പുകൾ കുട്ടികൾക്കു പ്രദാനം ചെയ്തുകൊണ്ട് ഒരു മാതാവോ പിതാവോ അക്രമത്തെ പ്രോത്സാഹിപ്പിക്കണമോ?
ഒരു കളിത്തോക്കുപയോഗിച്ചു കളിച്ചതുകൊണ്ടുമാത്രം യഥാർഥത്തിൽ കുട്ടികൾ ഒരു അക്രമ ജീവിതം നയിക്കണമെന്നില്ല എന്നതു ശരിതന്നെ. എന്നാൽ, അത്തരം കളിപ്പാട്ടങ്ങൾ നിങ്ങൾ കുട്ടികൾക്കു കൊടുത്താൽ എന്തു സന്ദേശമാണ് നിങ്ങൾ അവരെ അറിയിക്കുന്നത്? അക്രമം തമാശയാണെന്നും കൊലയും യുദ്ധവും ഒക്കെ ആവേശകരമാണെന്നും അവർ വിശ്വസിക്കാൻ നിങ്ങളാഗ്രഹിക്കുന്നുവോ? ദൈവിക നിലവാരങ്ങളോടുള്ള ആദരവ് നിങ്ങൾ അവരെ പഠിപ്പിക്കുന്നുണ്ടോ? “അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്ന് [ദൈവം] വെറുക്കുന്നു” എന്ന് അവന്റെ വചനം പറയുന്നു.—സങ്കീർത്തനം 11:5, പി.ഒ.സി. ബൈബിൾ.
‘മാതാപിതാക്കളുടെ മൗനാനുവാദത്തോടുകൂടി കുട്ടികൾ എത്രയധികം സമയം അക്രമാസക്തമായ കളികളിൽ ഏർപ്പെടുന്നുവോ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ അക്രമത്തെ ഉപയോഗിക്കാനുള്ള സാധ്യത അത്രയധികം ഏറിയിരിക്കും,’ സൂസൻ ഗോൾഡ്ബർഗ് തുടർന്നു പറയുന്നു. ഗലാത്യർ 6:7-ൽ ബൈബിൾ ഇപ്രകാരം പറയുന്നു: “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.” അക്രമാസക്തമായ കളിയിൽനിന്ന് ഒരു കുട്ടി നല്ല വ്യക്തിത്വഗുണങ്ങൾ കൊയ്യാൻ സാധ്യതയുണ്ടോ?
കാര്യം വസ്തുനിഷ്ഠമായി വിലയിരുത്തണമെങ്കിൽ ഓരോ കുട്ടിയും വ്യത്യസ്തനാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഒരു കുട്ടി വീഡിയോ കളിയോട് ആസക്തിയുള്ളവനായിരിക്കാം, എന്നാൽ മറെറാരു കുട്ടി അങ്ങനെയായിരിക്കണമെന്നില്ല. വീഡിയോ സ്ക്രീനിലെ ഘാതകരംഗങ്ങളെ കുട്ടികൾ യഥാർഥ ജീവിതത്തോടു ബന്ധപ്പെടുത്തുമോ എന്ന കാര്യം തർക്കവിഷയമാണ്. അതുകൊണ്ട് തങ്ങളുടെ കുട്ടികൾക്ക് ഏററവും നല്ലത് എന്താണെന്ന് മാതാപിതാക്കൾ തീരുമാനിക്കുകയും കുട്ടികളുടെ കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വലിയ ശ്രദ്ധ പ്രകടമാക്കുകയും വേണം.
[6-ാം പേജിലെ ചിത്രം]
അന്യോന്യം ഇടപെടേണ്ടതെങ്ങനെയെന്നു പഠിക്കാൻ കളി കുട്ടികളെ സഹായിക്കുന്നു