മാതാപിതാക്കളേ—നിങ്ങളുടെ കുട്ടി എന്തുപയോഗിച്ചാണ് കളിക്കുന്നത്?
“കളിയൊന്നുമില്ലാതെ ജോലി മാത്രം ചെയ്താൽ ജാക്ക് മുരഞ്ഞുപോകും.” ഒരു പഴഞ്ചൊല്ലു പറയുന്നത് അങ്ങനെയാണ്. കളി കുട്ടികളുടെ ജീവിതത്തിൽ എക്കാലത്തും ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കുട്ടികളുടെ മനസ്സും പേശികളും വികസിക്കുന്നതും അവർ പ്രധാന കഴിവുകൾ വളർത്തിയെടുക്കുന്നതും കളികളിലൂടെയാണ്. എന്നാൽ ഇന്ന് കുട്ടികളുടെ കളിപ്പാട്ടനിർമാണം വലിയ ബിസിനസ്സായിത്തീർന്നിരിക്കുകയാണ്. കളിപ്പാട്ടലോകത്തിന്റെ ഭരണകർത്താക്കൾ കുട്ടികളോ മാതാപിതാക്കളോ അല്ല, പിന്നെയോ നിർമാതാക്കളും ചില്ലറവ്യാപാരികളും പരസ്യക്കാരും സമർഥരായ വിപണീ ഗവേഷകരുമാണ്. കളിപ്പാട്ടനിർമാണത്തിലെ പുത്തൻ സാങ്കേതികവിദ്യയും ശക്തമായ മാധ്യമങ്ങളുടെ പിന്തുണയുമുള്ള അവർ കളികളുടെ ലോകത്തിന്റെ മുഖച്ഛായ മാററുകയാണ്. മാതാപിതാക്കൾക്കും കുട്ടികൾക്കും ഗൗരവമായ പരിണതഫലങ്ങൾ ഉളവാക്കിക്കൊണ്ടുതന്നെ.
കളിപ്പാട്ട വ്യവസായത്തിൽ ഉൾപ്പെട്ടിരിക്കുന്ന പലർക്കും കുട്ടികളുടെ ക്ഷേമത്തിൽ ആത്മാർഥമായ താത്പര്യം ഉണ്ടെന്നുള്ളതിനു സംശയമില്ല. എങ്കിലും ലാഭേച്ഛയാണ് പലപ്പോഴും മുമ്പിൽ നിൽക്കുന്നത്. കുട്ടികൾക്കു വിദ്യ പകർന്നുകൊടുക്കുകയും അവരുടെ ഭാവനകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന കളിപ്പാട്ടം ഏതാണെന്നല്ല, പിന്നെയോ കേവലം വിററഴിയുന്നത് ഏതാണെന്നതാണ് പ്രശ്നം. തുണികൊണ്ടും തടികൊണ്ടും പ്ലാസ്ററിക്കുകൊണ്ടുമൊക്കെ ഉണ്ടാക്കിയിരുന്ന ഇന്നലത്തെ വെറും കളിപ്പാട്ടങ്ങളല്ല ഇന്നു വിററഴിയുന്നത്, പിന്നെയോ ഉന്നത സാങ്കേതികവിദ്യകൊണ്ടുണ്ടാക്കിയതും കുട്ടിയുടെ ഭാവനക്ക് തീരെ കുറച്ചുമാത്രം അല്ലെങ്കിൽ ഒട്ടുംതന്നെ ബാക്കിവയ്ക്കാത്തതുമായ തനിമയാർന്ന കളിപ്പാട്ടങ്ങളാണ്.
ഉദാഹരണത്തിന്, ഒരു കളിപ്പാട്ടനിർമാതാവ് വിപണിയിലിറക്കുന്നത് പരസ്പരം കൂട്ടിമുട്ടുമ്പോൾ അകന്നുപോകുന്ന കൊച്ചു പാവകളെ ഇരുത്തിയിട്ടുള്ള കളിക്കാറുകളാണ്. ഈ കാറുകൾ കൂട്ടിയിടിക്കുമ്പോൾ പാവകൾ അവയുടെ കൊച്ചു വാഹനങ്ങളുടെ ജാലകത്തിലൂടെ കൈകാലുകളും തലയും വേഗത്തിൽ പുറത്തിടുന്നു. തനിമയൂറുന്ന മറെറാരു കളിപ്പാട്ടം ഗർഭാവസ്ഥയെ അനുകരിച്ചുകൊണ്ടുള്ളതാണ്. ഒരു കൊച്ചു പെൺകുട്ടിയുടെ വയറിനു ചുററും കെട്ടിവെക്കാനുള്ള മാറാപ്പു രൂപത്തിലുള്ള ഒരു സഞ്ചി. വളർന്നുകൊണ്ടിരിക്കുന്ന ഗർഭസ്ഥശിശുവിന്റെ കൊച്ചു തൊഴികളും ഹൃദയമിടിപ്പുമെല്ലാം അതിൽ പ്രകടമാകുന്നു.
അത്തരം കളിപ്പാട്ടങ്ങൾക്ക് വിദ്യാഭ്യാസ മൂല്യമുണ്ടെന്നു ചിലർ വിശ്വസിക്കുന്നു. “[കൊച്ചു പെൺകുട്ടികൾക്ക്] മമ്മിയുടെ അനുഭവം തമാശയായി പങ്കുവയ്ക്കാനുള്ള മാർഗം” എന്ന് ഒരു കളിപ്പാട്ട കമ്പനിക്കുവേണ്ടിയുള്ള മാധ്യമ ബന്ധങ്ങളുടെ ഡയറക്ടർ ഡോണാ ഗിബ്സ് ഗർഭാവസ്ഥയെ അനുകരിക്കുന്ന ഈ കളിപ്പാട്ടത്തെ വിളിക്കുന്നു. എങ്കിലും എല്ലാവരും ഡോണാ ഗിബ്സിന്റെ ഉത്സാഹം പങ്കുവെക്കുന്നില്ല. ഉദാഹരണത്തിന്, “വിലയേറിയ ഒരു സംഗതി കുട്ടിയുമായി പങ്കുവയ്ക്കാൻ മാതാവിനോ പിതാവിനോ ഉള്ള അവസരത്തിൻമേലുള്ള ആക്രമണം” എന്നാണ് ഹാർവാർഡ് യൂണിവേഴ്സിററി മെഡിക്കൽ സ്കൂളിലെ ശിശുശാസ്ത്ര പ്രൊഫസറായ ഡോ. ററി. ബെറി ബ്രേസൽട്ടൻ ഈ കളിപ്പാട്ടത്തെ വിളിക്കുന്നത്. “ഈ കളിപ്പാട്ടങ്ങൾ അതിർകടന്നു പോകുന്നു”വെന്ന് കുട്ടികളെക്കുറിച്ചു പഠനം നടത്തുന്ന പ്രൊഫസറായ ഡോ. ഡേവിഡ് എൽകൈൻഡ് തീർത്തുപറയുന്നു. ഗർഭസ്ഥശിശുവിനെ അനുകരിക്കുന്ന പാവ “[കുട്ടികൾക്ക്] മനസ്സിലാക്കാനോ വിലമതിക്കാനോ തീർത്തും കഴിയാത്തതാണ്,” അദ്ദേഹം പറയുന്നു. വാഹനാപകടം മൂലമുണ്ടാകുന്ന കൂട്ടക്കുരുതിയെ തനിമയാർന്ന രീതിയിൽ അനുകരിച്ചുകൊണ്ടുള്ള കളിപ്പാട്ടങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: ടെലിവിഷൻ അക്രമംകൊണ്ട് മുററിയിരിക്കുമ്പോൾ “ഇത്തരം കളിപ്പാട്ടങ്ങളിലൂടെ അതിന് ഒന്നുംകൂടെ ഊന്നൽ കൊടുക്കുന്നതെന്തിനാണ്?”—ദ ഗ്ലോബ് ആൻഡ് മെയിൽ, ഫെബ്രുവരി 8, 1992.
യുദ്ധത്തെ അനുകരിച്ചുകൊണ്ടുള്ള വീഡിയോ കളികൾ പോലുള്ള പ്രസിദ്ധമായ മററു വിനോദങ്ങളെ സംബന്ധിച്ചും അതിശക്തിയുള്ള ജലതോക്കുകളെ സംബന്ധിച്ചും ഭിന്നാഭിപ്രായങ്ങൾ ഉണ്ട്. അമേരിക്കയിലെ കളിപ്പാട്ടനിർമാതാക്കളുടെ പ്രസിഡൻറ് ഇതേപ്പററി പറയുന്നതനുസരിച്ച് “1,50,000 കളിപ്പാട്ടങ്ങൾ ഏതു നിർദിഷ്ട സമയത്തും വിപണിയിൽ ഉണ്ടായിരിക്കുന്നതായി കണക്കാക്കപ്പെടുന്നു.” ഇതുമൂലം, ഏതു കളിപ്പാട്ടം വാങ്ങണമെന്നു തീരുമാനിക്കുന്നത് മാതാപിതാക്കൾക്ക് ഉഗ്രമായ ഒരു വെല്ലുവിളിയായിത്തീർന്നിരിക്കുകയാണ്. ഈ കാര്യത്തിൽ മാതാപിതാക്കളെ വഴിനയിക്കേണ്ടതെന്താണ്? ഇന്നത്തെ ചില കളിപ്പാട്ടങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടാൻ ന്യായമായ കാരണമുണ്ടോ? ഇവയും ബന്ധപ്പെട്ട മററു ചോദ്യങ്ങളും പിൻവരുന്ന ലേഖനങ്ങൾ പരിചിന്തിക്കുന്നതായിരിക്കും.