മാതാപിതാക്കളേ—നിങ്ങളുടെ കുട്ടിയുടെ കളിപ്പാട്ടങ്ങൾ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക
കുട്ടികൾ “യഹോവ നല്കുന്ന അവകാശ”മാണെന്ന് ബൈബിൾ പറയുന്നു. (സങ്കീർത്തനം 127:3) അതുകൊണ്ട് ദൈവഭയമുള്ള മാതാപിതാക്കൾ “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും” കുട്ടികളെ പരിശീലിപ്പിക്കുന്നതിന് തങ്ങൾക്കുള്ള ഉത്തരവാദിത്വം തിരിച്ചറിയുന്നു. (എഫെസ്യർ 6:4) തങ്ങളുടെ കുട്ടികളുടെ വ്യക്തിത്വം കരുപ്പിടിപ്പിക്കാനുള്ള ഈ ഉത്തരവാദിത്വം അവർ കളിപ്പാട്ടനിർമാതാക്കൾക്കു വിട്ടുകൊടുക്കുന്നില്ല.
കുട്ടികളുടെ വൈകാരികവും മാനസികവുമായ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിൽ കളിപ്പാട്ടങ്ങൾ ഒരു പ്രധാന പങ്കു വഹിക്കുന്നു. എന്നാൽ ഉയർന്ന സാങ്കേതിക സാമഗ്രികൾക്കു വേണ്ടി മാതാപിതാക്കൾ പണം വാരിയെറിയണമെന്നല്ല ഇതിന്റെ അർഥം. ഏററവും ആരോഗ്യാവഹവും ഉത്തേജനാത്മകവുമായ കളിപ്പാട്ടങ്ങളിൽ ചിലത് തീരെ കുറഞ്ഞ വിലയ്ക്ക് കിട്ടുന്നു.
വെറുമൊരു കാർഡ്ബോർഡ് പെട്ടികൊണ്ട് ഒരു കളിവീടോ വിമാനമോ കുട്ടിയുടെ സമ്പന്നമായ ഭാവനാപ്രാപ്തിക്കു വിഭാവന ചെയ്യാൻ കഴിയുന്ന മറെറന്തെങ്കിലുമോ ഉണ്ടാക്കാൻ കഴിയും. ഒരു തൊട്ടിയും ഒരു കരണ്ടിയും ഉണ്ടെങ്കിൽ കുട്ടിക്ക് മണൽ കൊട്ടാരങ്ങളും പണിയാം. അതുപോലെ വെറും കുറെ കട്ടകളും കളിമണ്ണും ചായപ്പെൻസിലും ചിത്രങ്ങൾകൊണ്ടുള്ള വിനോദക്കളികളും ഉണ്ടെങ്കിൽ മണിക്കൂറുകളോളം ആരോഗ്യകരമായ വിനോദം ആസ്വദിക്കാം. മുതിർന്ന കുട്ടികൾക്കാണെങ്കിൽ കലാരചനയ്ക്കുള്ള സാമഗ്രികൾ, കൂട്ടിച്ചേർത്ത് ഓരോരോ സാധനങ്ങൾ ഉണ്ടാക്കാനുള്ള വസ്തുക്കൾ എന്നിവ ഉപയോഗിച്ച് പ്രയോജനകരങ്ങളായ വൈദഗ്ധ്യങ്ങൾ അഭ്യസിക്കാൻ കഴിയും. അങ്ങനെ ഇവ സർഗാത്മകത പ്രകടിപ്പിക്കാൻ ആരോഗ്യകരമായ മാർഗമാകുന്നു. വീഡിയോ സ്ക്രീനിലെ രൂപങ്ങളിൽ വെടിവെച്ചു കളിക്കുന്നതിനെക്കാൾ എത്രയോ തൃപ്തികരമാണ് ഇത്.
കളിക്കോപ്പുകളൊന്നും ആവശ്യമില്ലാത്ത കളികളുമുണ്ട്. വനത്തിലൂടെ നടക്കുന്നത് കുട്ടിക്ക് ആവേശകരമായ ഒരു സാഹസികത ആയിരിക്കാം. പ്രത്യേകിച്ച്, സ്നേഹവും കുട്ടിയോട് ഇഴുകിച്ചേരുന്ന സ്വഭാവവും ഉള്ള ഒരു മാതാവിന്റെയോ പിതാവിന്റെയോ കൂടെയാണെങ്കിൽ. എന്തിന്, അടിസ്ഥാന വീട്ടുജോലികൾ പോലും വിനോദരൂപത്തിൽ പഠിക്കാൻ കഴിയും. നിങ്ങളുടെ വളരുന്ന കുട്ടി (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പെനെലപി ലീച്ച് ഇപ്രകാരം എഴുതുന്നു: “കേക്കോ ഏതെങ്കിലും ആഹാരമോ ഉണ്ടാക്കുക, പൂന്തോട്ടം കിളയ്ക്കുക, കാർ വൃത്തിയാക്കുക, സീലിങ് പെയിൻറു ചെയ്യുക, കടയിൽ പോകുക, കുഞ്ഞിനെ കുളിപ്പിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ നിങ്ങൾക്കു ജോലികളായിരിക്കാം. എന്നാൽ നിങ്ങളുടെ കുട്ടിക്ക് അവയൊക്കെ ഏററവും ഇഷ്ടപ്പെട്ട കളിയിനങ്ങളാണ്.”
സഹായകരങ്ങളായ ഏഴു മാർഗനിർദേശങ്ങൾ
നിർമിത കളിപ്പാട്ടങ്ങൾക്ക് തീർച്ചയായും ഒരു സ്ഥാനമുണ്ട്. അവ വാങ്ങാൻ കുടുംബ ബജററ് അനുവദിക്കുന്നെങ്കിൽ വാങ്ങുന്നതിനുമുമ്പ് നിങ്ങൾക്ക് പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കാവുന്നതാണ്:
1. ഈ കളിപ്പാട്ടം എന്റെ കുഞ്ഞിന്റെ ജിജ്ഞാസയെയും ഭാവനാപ്രാപ്തിയെയും യഥാർഥത്തിൽ ഉത്തേജിപ്പിക്കുമോ? ഇല്ലെങ്കിൽ, അവന് അതിനോട് പെട്ടെന്നു മുഷിപ്പു തോന്നും. ടിവി പരസ്യത്തിൽ ഒരു കളിപ്പാട്ടം നല്ലതായി കാണപ്പെട്ടേക്കാം. എന്നാൽ ബാല നടീനടൻമാർ ആ കളിപ്പാട്ടത്തെക്കുറിച്ച് ആവേശംകൊള്ളുന്നത് പണം ലഭിച്ചിട്ടാണെന്ന കാര്യം ഓർക്കുക. നിങ്ങളുടെ കുട്ടി അതേ രീതിയിൽ പ്രതികരിക്കണമെന്നില്ല. കളിക്കുന്ന സമയത്തോ കളിപ്പാട്ടം വിൽക്കുന്ന കടയിൽവെച്ചോ അവനെ നിരീക്ഷിക്കുക. ഏതുതരം കളിസാധനങ്ങളോടാണ് അവന് താത്പര്യം?
“വിദ്യാഭ്യാസപര”മല്ലെങ്കിൽ ഒരു കളിപ്പാട്ടം മൂല്യരഹിതമാണെന്ന് മാതാപിതാക്കൾ ചിലപ്പോൾ വിചാരിക്കുന്നു. എന്നാൽ പ്രൊഫസർ ജാനിസ് ററി. ജിബ്സൻ നമ്മെ ഇപ്രകാരം ഓർമിപ്പിക്കുന്നു: “തങ്ങൾ കളിക്കുന്ന എല്ലാ കളിപ്പാട്ടങ്ങളിൽനിന്നും കുട്ടികൾ പഠിക്കുന്നുണ്ട്. പ്രയോജനകരമായ രീതിയിൽ കുട്ടികൾ കളി തുടരത്തക്കവിധം അവർക്കു രസം തോന്നണമെന്നതാണു പ്രധാനം.”
2. ഈ കളിപ്പാട്ടം എന്റെ കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ പ്രാപ്തികൾക്കു യോജിച്ചതാണോ? ചിലപ്പോൾ ഒരു കുട്ടിക്ക് ഒരു പ്രത്യേക കളിപ്പാട്ടം ഉപയോഗിക്കാനുള്ള ബലമോ ക്ഷമയോ ചുറുചുറുക്കോ ഉണ്ടായിരിക്കില്ല. എന്നാൽ അതിന്റെ അതിയായ ആകർഷകത്വം നിമിത്തം ഒരു മാതാവോ പിതാവോ അതു വാങ്ങാൻ ഇഷ്ടപ്പെട്ടേക്കാം. എന്നാൽ ഒരു മൂന്നു വയസ്സുകാരന് ഇലക്ട്രിക് തീവണ്ടി പ്രവർത്തിപ്പിക്കാനോ ബേയ്സ്ബോൾ ബാററ് വീശാനോ യഥാർഥത്തിൽ കഴിയുമോ? അത്തരം കളിസാധനങ്ങൾ കുട്ടിക്ക് വിലമതിക്കാൻ പ്രായമാകുന്നതുവരെ നിങ്ങൾക്കു കാത്തിരുന്നുകൂടെ?
3. ഈ കളിപ്പാട്ടം സുരക്ഷിതമാണോ? പിച്ചവെച്ചു നടക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾ കയ്യിൽകിട്ടുന്നതൊക്കെ വായിലിടാൻ പ്രവണത കാട്ടുന്നവരാണ്. ചെറിയ തടിക്കട്ടകളും പ്ലാസ്ററിക് സാധനങ്ങളുമൊക്കെ വേഗത്തിൽ തൊണ്ടയിൽ തടയാനും സാധ്യതയുണ്ട്. കൂർത്ത മുനയുള്ള സാധനങ്ങൾ ഏതു പ്രായത്തിലുള്ള കുട്ടികൾക്കും അപകടകരമാണ്. ഭവനത്തിലെ മററു കുട്ടികളെ എറിയാനോ ഉപദ്രവിക്കാനോ ഉള്ള ആയുധമായി കുട്ടി ആ കളിപ്പാട്ടം ഉപയോഗിക്കാനിടയുണ്ടോ എന്നും നിങ്ങൾ സ്വയം ചോദിച്ചേക്കാം.
ഐക്യനാടുകളിൽ, പ്രത്യേക പ്രായ ഗ്രൂപ്പുകാർക്കുവേണ്ടിയുള്ള ചില കളിപ്പാട്ടങ്ങളിൽ അപ്രകാരം എഴുതി ലേബലൊട്ടിച്ചിരിക്കും. അത്തരം നിർദേശങ്ങൾ പിൻപററുന്നത് അപകടങ്ങളിൽനിന്നു നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കും. ഒരു കളിപ്പാട്ടത്തിന്റെ കാര്യത്തിൽ സംശയമുണ്ടെങ്കിൽ പരിശോധിച്ചറിയാൻ ഒരു മാതൃകാ കളിപ്പാട്ടം ലഭ്യമാണോ എന്ന് കടക്കാരനോടു ചോദിക്കുക.
4. ഈ കളിപ്പാട്ടം നന്നായി നിർമിച്ചെടുത്തതും ഈടുനിൽക്കുന്നതുമാണോ? “കാണുന്നതൊക്കെ താഴെയിടാനും എടുത്തെറിയാനും രുചിച്ചുനോക്കാനും ആഗ്രഹിക്കുന്ന പിച്ച നടക്കുന്ന കുട്ടികൾ ഈടുനിൽക്കാത്ത കളിപ്പാട്ടങ്ങൾ നശിപ്പിക്കും,” മാതാപിതാക്കൾ എന്ന മാഗസിൻ നമ്മെ ഓർമിപ്പിക്കുന്നു.
5. ഈ കളിപ്പാട്ടം, മുടക്കുന്ന പണത്തിനു തക്ക മൂല്യമുള്ളതാണോ? ടിവി പരസ്യങ്ങൾ പണത്തെക്കുറിച്ച് വിരളമായേ പരാമർശിക്കുന്നുള്ളൂ, എന്നാൽ കളിപ്പാട്ടങ്ങൾക്കു നല്ല വിലയുണ്ട്. സാധനങ്ങൾക്കല്ല, കമ്പനിയുടെ പേരിനാണ് വില. മാത്രമല്ല, പരസ്യങ്ങൾ പലപ്പോഴും അയഥാർഥമായ പ്രതീക്ഷകൾ കുട്ടികളിൽ നട്ടുവളർത്തുന്നു. അവ വലിയ നിരാശയിൽ പരിണമിക്കുകയും ചെയ്തേക്കാം.
സാധനങ്ങൾ വാങ്ങിക്കുന്നതിൽ വിവേചന ഉപയോഗിക്കാൻ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. സദൃശവാക്യങ്ങൾ 14:15 ഇപ്രകാരം പറയുന്നു: “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” ന്യൂയോർക്ക് ടൈംസിലെ ഒരു ലേഖനം ഇപ്രകാരം പറഞ്ഞു: “ഒരു പ്രത്യേക കളിപ്പാട്ടം മോശമായി നിർമിക്കുകയോ വഴിതെററിക്കുന്ന രീതിയിൽ വിൽക്കുകയോ ചെയ്യുന്നത് എന്തുകൊണ്ടെന്ന് ചിലപ്പോഴൊക്കെ കുട്ടിയെ മുന്നമേ ചൂണ്ടിക്കാട്ടാൻ കഴിയും.” ടൈംസ് ഇപ്രകാരം കൂട്ടിച്ചേർത്തു: “പണം നിങ്ങളുടെ പോക്കററിൽനിന്ന് പോകുന്നതിനു പകരം കുട്ടികളുടെ പോക്കററിൽനിന്നു തന്നെ പോകുമ്പോൾ അവർ വളരെയധികം വിവേചനയുള്ള ഉപഭോക്താക്കളായിത്തീരുന്നു.”
വാസ്തവത്തിൽ, ഒരു കളിപ്പാട്ടത്തിന്റെ യഥാർഥ മൂല്യം അതുണ്ടാക്കിയിരിക്കുന്ന പദാർഥങ്ങളെക്കാളും അതിന്റെ നിർമിതിയെക്കാളും കവിഞ്ഞതാണ്. നിങ്ങളുടെ കുട്ടി അത് എത്രമാത്രം ഉപയോഗിക്കും, അവന് അതിൽനിന്ന് എത്രമാത്രം സന്തോഷം ലഭിക്കും എന്നിവയാണ് പ്രധാന ഘടകങ്ങൾ. പിൻമുററത്ത് ഊഞ്ഞാൽ സെററു സ്ഥാപിക്കുന്നത് താരതമ്യേന ചെലവേറിയ പരിപാടിയായിരിക്കും. എന്നാൽ അത് അനേകം മണിക്കൂറുകളോളം വിനോദം പ്രദാനം ചെയ്യുന്നു, വർഷങ്ങളോളം ഉപയോഗിക്കുകയും ചെയ്യാം. എളുപ്പം ഉപയോഗശൂന്യമായിത്തീരുന്ന വിലകുറഞ്ഞ കളിപ്പാട്ടം ദീർഘനാൾ കഴിയുമ്പോൾ ഒരു നഷ്ടമായിത്തീരുന്നു.
6. ഈ കളിപ്പാട്ടം എന്തെല്ലാം മൂല്യങ്ങളും നിലവാരങ്ങളുമാണ് പഠിപ്പിക്കുന്നത്? “കളിപ്പാട്ടങ്ങൾ കുട്ടികളുടെ ഭാവനകളെ നിഷേധാത്മകമായ രീതിയിലല്ല ക്രിയാത്മകമായ രീതിയിൽ ഉത്തേജിപ്പിക്കണ”മെന്ന് കുട്ടികളെക്കുറിച്ചു പഠനം നടത്തുന്ന പ്രൊഫസറായ ഡേവിഡ് എൽകൈൻഡ് മുന്നറിയിപ്പു നൽകുന്നു. ഭയാനകവും അക്രമത്തെ വ്യക്തമായി പ്രോത്സാഹിപ്പിക്കുന്നതും ചൂതാട്ടം പോലുള്ള മുതിർന്നവരുടെ ദുശ്ശീലങ്ങളെ അനുകരിച്ചുകൊണ്ടുള്ളതുമായ കളിപ്പാട്ടങ്ങൾ ഒഴിവാക്കുക.
പ്രസിദ്ധമായ യക്ഷിക്കഥയെയോ ശാസ്ത്ര-കൽപ്പിത കഥാപാത്രങ്ങളെയോ അടിസ്ഥാനമാക്കിയുള്ള കളിപ്പാട്ടങ്ങൾ സംബന്ധിച്ചെന്ത്? നൻമയ്ക്കു തിൻമയുടെ മേലുള്ള വിജയത്തെപ്പററിയുള്ളതാണ് പൊതുവേ അത്തരം കഥകൾ. ചില മാതാപിതാക്കൾ ഈ കഥകളിലെ ‘മാന്ത്രിക ഘടകങ്ങളെ’ ബാല സങ്കൽപ്പത്തിന്റെ ലഘുവായ പ്രകടനമായി കാണുന്നു. അവ ആസ്വദിക്കാൻ കുട്ടികളെ അനുവദിക്കുന്നതിൽ അവർ ഒരു കുഴപ്പവും കാണുന്നില്ല. ഇത്തരം കഥകൾ ഭൂതവിദ്യയിലുള്ള താത്പര്യം ഉണർത്തുമെന്ന് മററുചിലർ ഭയപ്പെട്ടേക്കാം. (ആവർത്തനപുസ്തകം 18:10-13) ഈ കാര്യത്തിൽ മററുള്ളവരെ വിധിക്കാതെ മാതാപിതാക്കൾ ഇത്തരം കഥകളും അവയിൽ അധിഷ്ഠിതമായ കളിപ്പാട്ടങ്ങളും അവരുടെ കുട്ടികളിൽ ഉളവാക്കുന്ന ഫലങ്ങൾ കണക്കിലെടുത്തുകൊണ്ട് അവരുടേതായ തീരുമാനങ്ങൾ എടുക്കണം.
1 കൊരിന്ത്യർ 10:23, [NW]-ലെ തത്ത്വം കൂടെ ഓർമിക്കുക: “എല്ലാ കാര്യങ്ങളും നിയമാനുസൃതമാണ്; എന്നാൽ എല്ലാ കാര്യങ്ങളും പ്രയോജനപ്രദങ്ങളല്ല.” പേരുകേട്ട ഒരു കളിപ്പാട്ടം നിങ്ങളെ സംബന്ധിച്ചിടത്തോളം ദോഷകരമല്ലായിരിക്കാം, എന്നാൽ അതു വാങ്ങുന്നത് യഥാർഥത്തിൽ പ്രയോജനകരമാണോ? അതിന് മററുള്ളവരെ നീരസപ്പെടുത്താനോ അവർക്ക് ഇടർച്ചയുണ്ടാക്കാനോ കഴിയുമോ?
വിദ്യാഭ്യാസപരമെന്ന് അവകാശപ്പെടുന്ന കളിപ്പാട്ടങ്ങളും മാതാപിതാക്കളുടെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാകണം. പ്രത്യേകിച്ച് അവ ലൈംഗിക കാര്യങ്ങളെപ്പററിയും ഗർഭധാരണത്തെപ്പററിയുമൊക്കെ കുട്ടികളെ പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിൽ. അത്തരം വിവരങ്ങൾ മനസ്സിലാക്കാൻ കുട്ടി സജ്ജനാണോ? അതോ നിങ്ങളും കുട്ടിയും തമ്മിലുള്ള ചർച്ചകളിലൂടെ അത്തരം വിവരം അതിലും മെച്ചമായി കുട്ടിയെ അറിയിക്കാനാവുമോ?a ചില കളിപ്പാട്ടങ്ങൾ അത്തരം കാര്യങ്ങളുടെ ശാരീരിക വശങ്ങൾ സംബന്ധിച്ച അറിവു കൊടുത്തേക്കാം, എന്നാൽ അവ ഉചിതമായ ധാർമിക മനോഭാവങ്ങൾ അറിയിക്കുന്നുണ്ടോ?
7. എന്റെ കുട്ടിക്ക് ഈ കളിപ്പാട്ടം ഉണ്ടായിരിക്കാൻ ഞാൻ യഥാർഥത്തിൽ ആഗ്രഹിക്കുന്നുവോ? നിങ്ങളുടെ കുട്ടിക്ക് ഇപ്പോൾത്തന്നെ വളരെയധികം കളിപ്പാട്ടമുണ്ടെന്നോ, പ്രസ്തുത കളിപ്പാട്ടം നിങ്ങളുടെ ചുററുപാടിനു പററിയതല്ലെന്നോ ആ കളിപ്പാട്ടം നിങ്ങൾക്കു സഹിക്കാവതിലേറെ ഒച്ച ഉണ്ടാക്കുമെന്നോ നിങ്ങൾക്കു തോന്നിയേക്കാം. അത്തരം പ്രശ്നങ്ങളുണ്ടെന്നു തോന്നുന്നെങ്കിൽ ഇനി ചിന്തിക്കാനൊന്നുമില്ല, അതു വേണ്ടെന്നു വയ്ക്കുക. ഇത് അത്ര എളുപ്പമല്ല. എന്നാൽ ബാലിശമായ എല്ലാ ഭ്രമങ്ങളും ആവശ്യങ്ങളും അനുവദിച്ചുകൊടുക്കുന്നത് സമനിലയുള്ള ഒരു മുതിർന്ന ആളായി വളർന്നുവരാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുകയില്ല. സദൃശവാക്യങ്ങൾ 29:21-ലെ തത്ത്വം ഗൗനിക്കുക: “ദാസനെ [അല്ലെങ്കിൽ കുട്ടിയെ] ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോടു അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.”
മാതാവോ പിതാവോ എന്നനിലയിൽ നിങ്ങൾ മൂർഖമായും അന്യായമായും പെരുമാറണമെന്ന് ഇതിനർഥമില്ല. കുട്ടിക്ക് കോപവും നീരസവും തോന്നാൻ മാത്രമേ അത് ഇടയാക്കൂ. “ഉയരത്തിൽനിന്നുള്ള ജ്ഞാനം . . . ന്യായമുള്ളതാണ്.” (യാക്കോബ് 3:17, NW) ഒരു ശിശുസംരക്ഷണവിദഗ്ധ അത് ഇപ്രകാരം വിശദീകരിച്ചു: “ചില പ്രത്യേക കളിപ്പാട്ടങ്ങൾ അവനു കൊടുക്കാൻ നിങ്ങൾ എന്തുകൊണ്ട് ആഗ്രഹിക്കുന്നില്ല എന്ന് നിങ്ങൾ കുട്ടിയോടൊപ്പമിരുന്ന് വളരെ ശ്രദ്ധാപൂർവം അവന് വിശദമാക്കിക്കൊടുക്കണം.”
കളിപ്പാട്ടങ്ങളെക്കാൾ പ്രധാനപ്പെട്ട ചില കാര്യങ്ങൾ
കളിപ്പാട്ടങ്ങൾ വിദ്യപകരുന്നതിനും വിനോദിപ്പിക്കുന്നതിനുമുള്ള മൂല്യവത്തായ ഉപകരണങ്ങളാണെങ്കിലും അവ വെറും നിർജീവ വസ്തുക്കളാണ്. കുട്ടി കളിപ്പാട്ടത്തെ സ്നേഹിച്ചേക്കാം, എന്നാൽ കളിപ്പാട്ടത്തിന് കുട്ടിയെ സ്നേഹിക്കാനാവില്ല. കുട്ടികൾക്ക് സ്നേഹപുരസ്സരമായ ശ്രദ്ധ ആവശ്യമാണ്. അത് മാതാപിതാക്കൾക്കു മാത്രമേ നൽകാൻ കഴിയൂ. “ഇതുവരെ ഉണ്ടാക്കിയിട്ടുള്ളതിൽ വെച്ച് ഏററവും നല്ല കളിപ്പാട്ടം മാതാവോ പിതാവോ തന്നെയാണ്” എന്ന് ഡോ. മഗ്ഡലീന ഗ്രേ പറയുന്നു. മാതാപിതാക്കൾ കുട്ടികളോടൊപ്പം കളിക്കുമ്പോൾ ഒരു അടുത്ത വൈകാരിക ബന്ധം രൂപപ്പെടുകയും ആരോഗ്യകരമായ മനോഭാവങ്ങളുടെയും വികാരങ്ങളുടെയും വളർച്ചയ്ക്ക് അവർ സംഭാവന ചെയ്യുകയും ചെയ്യുന്നു.
അതേ, കുട്ടികൾക്ക് ആരോഗ്യകരമായ കളി ആവശ്യമുണ്ട്. അതിലും പ്രധാനമായി, അവർക്ക് ധാർമികവും ആത്മികവുമായ മാർഗനിർദേശം ആവശ്യമുണ്ട്. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു” എന്ന് ബൈബിൾ പറയുന്നു. (യോഹന്നാൻ 17:3) ഈ ജീവരക്ഷാകരമായ സന്ദേശം ലഭിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിൽ മാതാപിതാക്കൾക്ക് ഒരു പ്രധാന പങ്കു വഹിക്കാൻ കഴിയും. ബൈബിൾ പഠനത്തെ അവരുടെ നിരന്തരമായ ജീവിതചര്യയുടെ ഭാഗമാക്കുന്നതിന് യഹോവയുടെ സാക്ഷികളുടെ ഇടയിലെ കുടുംബങ്ങൾ ശ്രമിക്കുന്നു. എന്റെ ബൈബിൾ കഥാപുസ്തകം, മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളുംb എന്നിങ്ങനെ ചെറുപ്പക്കാർക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പ്രസിദ്ധീകരണങ്ങളുടെ സഹായത്താലാണ് അവർ ഇത് പലപ്പോഴും ചെയ്യുന്നത്. ഈ പുസ്തകങ്ങൾ വിനോദം പകരുക മാത്രമല്ല, ദൈവത്തിൽ ഒരു ഉറച്ച വിശ്വാസം വളർത്തിയെടുക്കുന്നതിന് ആയിരക്കണക്കിനു കുട്ടികളെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ബൈബിൾ നാടകങ്ങളുടെയും ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ* എന്നിവ പോലുള്ള പ്രസിദ്ധീകരണങ്ങളുടെയും ഓഡിയോ കാസററ് റെക്കോർഡിങ്ങുകളും കുട്ടികൾ വിലമതിക്കുന്നു.
അതുകൊണ്ട് സത്യക്രിസ്ത്യാനികൾ തങ്ങളുടെ കുട്ടികളോടൊത്ത് കളിക്കുക മാത്രമല്ല ചെയ്യുന്നത്, അവർ അവരോടൊത്ത് പ്രാർഥിക്കുകയും പഠിക്കുകയും അവരോട് സംസാരിക്കുകയും ചെയ്യുന്നു. സ്നേഹപുരസ്സരമായ അത്തരം ശ്രദ്ധ കൊടുക്കുന്നതിന് സമയവും വളരെയധികം ശ്രമവും ആവശ്യമാണ്. എന്നാൽ അതിന്റെ പ്രതിഫലങ്ങൾ പരിഗണിക്കുമ്പോൾ അത് ഏതൊരു കളിക്കോ ആകർഷകമായ കളിപ്പാട്ടത്തിനോ നൽകാൻ കഴിയുന്നതിനെക്കാൾ നിലനിൽക്കുന്ന സന്തോഷം കുട്ടിക്കു നൽകുന്നു!
[അടിക്കുറിപ്പുകൾ]
a 1992, ഫെബ്രുവരി 22 ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്) ലൈംഗിക വിദ്യാഭ്യാസം എന്ന വിഷയത്തെക്കുറിച്ചുള്ള ലേഖനങ്ങൾ കാണുക.
b വാച്ച്ടവർ ബൈബിൾ ആൻറ് ട്രാക്ററ് സൊസൈററി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.
[8, 9 പേജുകളിലെ ചിത്രങ്ങൾ]
വീട്ടിലുണ്ടാക്കുന്ന കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് ഇഷ്ടമാണ്—തുണിക്കൂടകൾ കാറുകളായും ഷൂപ്പെട്ടികൾ തീവണ്ടികളായും മാറുന്നു