മിഷനറിമാർ—വെളിച്ചത്തിന്റെ ഏജൻറൻമാരോ അതോ ഇരുളിന്റേതോ? ഭാഗം 3
ക്രൈസ്തവലോകത്തിലെ മിഷനറിമാർ സകലതും ഉത്ഭവിച്ചിടത്തേക്കു തിരിച്ചുപോകുന്നു
ഏഷ്യയാണ് മനുഷ്യവർഗത്തിന്റെ ഈററില്ലം. സ്രഷ്ടാവ് സത്യാരാധനയ്ക്ക് ആരംഭമിട്ടതും അവിടെത്തന്നെ. മനുഷ്യർ മൗഢ്യമായി വ്യാജാരാധനകൊണ്ട് അതിനെ ഉടൻതന്നെ മാററിസ്ഥാപിച്ചെങ്കിലും ഏഷ്യയിലും പുരാതന ഇസ്രായേലിലും പിന്നീട് ക്രിസ്ത്യാനിത്വത്തിലും ആയി സത്യാരാധന തുടർന്നുപോന്നു. അതുകൊണ്ട് ക്രൈസ്തവലോകത്തിലെ യൂറോപ്യൻ മിഷനറിമാർ ഏഷ്യയിലേക്ക് അവരുടെ സന്ദേശവുമായി വന്നപ്പോൾ മനുഷ്യ ജീവിതത്തിന്റെയും സത്യാരാധനയുടെയും തുടക്കം കണ്ട ഭൂഖണ്ഡത്തിലേക്കാണ് അവർ വന്നത്. അവർ എന്തിന്റെ ഏജൻറൻമാരായിത്തീരുമായിരുന്നു? വെളിച്ചത്തിന്റെയോ, കൂരിരുട്ടിന്റെയോ?—ഉല്പത്തി 2:10-17.
ദൈവമൊന്ന് കൂടിയാലോ കുറഞ്ഞാലോ എന്ത്?
ക്രിസ്തീയ വിശ്വാസം ഇന്ത്യയിലേക്ക് ആദ്യമായി വന്നത് എപ്പോഴാണ്, എങ്ങനെയാണ് എന്നൊന്നും കൃത്യമായി പറയാനാവില്ല. ക്രിസ്തീയ അപ്പോസ്തലനായ തോമസാണ് ഒന്നാം നൂററാണ്ടിൽ അത് ഇവിടേക്കു കൊണ്ടുവന്നതെന്ന് നാലാം നൂററാണ്ടിലെ മതചരിത്രകാരനായ യൂസിബിയസ് പറയുന്നു. “ക്രിസ്ത്യാനിത്വം” രണ്ടാം നൂററാണ്ടിനും നാലാം നൂററാണ്ടിനും മധ്യേയാണ് നിലവിൽ വന്നതെന്ന് മററുചിലരും. പോർട്ടുഗീസ് പര്യവേക്ഷകർ 15-ാം നൂററാണ്ടിന്റെ അവസാനം ഇവിടെയെത്തിയപ്പോൾ “ക്രിസ്ത്യാനികൾ ഇന്ത്യൻ സമൂഹത്തിൽ സ്വീകാര്യവും ആദരണീയവുമായ ഒരു മനുഷ്യസമൂഹത്തിനു രൂപം കൊടുക്കുന്നതായി” കണ്ടു.—ദി എൻസൈക്ലോപീഡിയ ഓഫ് റിലിജൻ.
സ്പെയിൻകാരനായ പുരോഹിതൻ ഫ്രാൻസിസ് സേവിയർ 1542-ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലുകുത്തി. ജെസ്യൂട്ടുകാർ എന്ന സാധാരണ പേരിൽ അറിയപ്പെടുന്ന സൊസൈററി ഓഫ് ജീസസ് എന്ന മതസമൂഹത്തിന്റെ സ്ഥാപകനായ ഇഗ്നേഷ്യസ് ഓഫ് ലൊയോളയുടെ ഒരു സഹകാരിയായിരുന്നു അദ്ദേഹം. “ഇന്ത്യയിലും മലയാ ദ്വീപസമൂഹത്തിലും ജപ്പാനിലും ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപനത്തിനു കാരണഭൂതനായവൻ” എന്നു സേവിയറെ വിളിച്ചുകൊണ്ട് “ആധുനിക കാലത്തെ ഏററവും മഹാനായ റോമൻ കത്തോലിക്കാ മിഷനറി”യാണ് അദ്ദേഹമെന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ പറയുന്നു.
1552-ൽ 46-ാമത്തെ വയസ്സിൽ മരണമടഞ്ഞ സേവിയറിന്റെ ജീവിതം താരതമ്യേന ഹ്രസ്വമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പത്തു വർഷത്തെ മിഷനറി സേവനം കർമനിരതമായിരുന്നു. തങ്ങൾ സേവിക്കുന്ന ആളുകളുടെ ആചാരങ്ങളും ഭാഷയും സ്വന്തമാക്കാൻ അദ്ദേഹം മിഷനറിമാരെ പ്രോത്സാഹിപ്പിച്ചതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു.
ഇന്ത്യയിലേക്ക് പ്രൊട്ടസ്ററൻറ് മിഷനറിമാർ ആദ്യമായി വന്നത് 1706-ൽ ആണ്. അതായത്, അക്രൈസ്തവരുടെ മതംമാററത്തിനുവേണ്ടി ഉപാധികൾ ഉപയോഗപ്പെടുത്തുന്നതിന് ക്രിസ്ത്യാനികൾക്കുള്ള കടപ്പാടുകളിലേക്ക് ഒരു അന്വേഷണം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകം വില്യം കാരി പ്രസിദ്ധീകരിക്കുന്നതിന് ഏതാണ്ട് 85 വർഷം മുമ്പ്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തെ “ക്രിസ്തീയ ചരിത്രത്തിന്റെ ഒരു നാഴികക്കല്ല്” എന്നു വിളിച്ചിരിക്കുന്നു. അതിന്റെ എഴുത്തിനുശേഷം കാരി 40 വർഷം ഇന്ത്യയിൽ മിഷനറിയായി സേവിച്ചു.
കാലം പിന്നിട്ടതോടെ, ക്രൈസ്തവലോകത്തിലെ മിഷനറിമാർ രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ഇരച്ചുകയറി. സമൂഹത്തിൽ സ്ഥാനമില്ലാതിരുന്ന താഴേക്കിടക്കാർ, പ്രത്യേകിച്ച് സമുദായഭ്രഷ്ടർ ഹിന്ദുമതത്തിൽ മെച്ചപ്പെട്ട ഭാവിയെപ്പററിയുള്ള പ്രത്യാശയൊന്നും കാണാതെ വന്നപ്പോൾ ക്രൈസ്തവലോകത്തിലെ മതങ്ങളിലേക്കു തിരിഞ്ഞു തുടങ്ങി. എന്നിരുന്നാലും, “ഒട്ടു വളരെ മിഷനറിമാരും ഇന്ത്യയിലെ വിദ്യാസമ്പന്നരായ ക്രിസ്തീയ നേതാക്കൻമാരുടെ ഭൂരിപക്ഷവും” ഈ പ്രവണതയോടു “വിയോജിപ്പു പ്രകടമാക്കിയിരുന്ന”തായി ദി എൻസൈക്ലോപീഡിയ ഓഫ് റിലിജൻ സൂചിപ്പിക്കുന്നു.
ക്രൈസ്തവലോകത്തിന്റെ നിഷ്ഫലത വെളിച്ചത്തുകൊണ്ടുവന്നുകൊണ്ട് ചരിത്രകാരനായ വിൽ ഡ്യുറൻറ് ഇപ്രകാരം എഴുതുന്നു: “ഇന്ത്യയുടെ ദാരിദ്ര്യത്തെയും ദുരിതത്തെയും ഇത്രയും നാൾ നിർവികാരതയോടെ നോക്കിക്കണ്ടിരുന്ന ദൈവങ്ങളെ ഇന്ന് അവൾ എന്നത്തേതിലുമധികം ശക്തമായി വിശ്വസിക്കുന്നു. . . . മതദ്രോഹികളും വിചിത്ര ദൈവങ്ങളും അപകടകരമാംവിധം പ്രസിദ്ധമായിത്തീർന്നപ്പോൾ അവർ [ബ്രാഹ്മണൻമാർ] അവയെ സഹിക്കുകയും ഹിന്ദു വിശ്വാസത്തിന്റെ വിശാലമായ വിടവുകളിലേക്ക് അവയെ സ്വീകരിച്ചുപോരുകയും ചെയ്തു; ദൈവമൊന്ന് കൂടിയാലോ കുറഞ്ഞാലോ ഇന്ത്യയിൽ വലിയ മാററമൊന്നും വരില്ല.” മാൻഫ്രെട്ട് ബാർട്ടൽ 1984-ൽ പ്രസിദ്ധീകരിച്ച ദ ജെസ്യൂട്ട്സ് എന്ന തന്റെ പുസ്തകത്തിൽ ഇപ്രകാരം പറഞ്ഞു: “ഒടുവിൽ ഇന്ത്യാക്കാർ തങ്ങളുടെ വിശുദ്ധ പശുക്കളോടുതന്നെ പററിനിന്നു; ഹിന്ദുമതത്തിന് ജെസ്യൂട്ടുകാരെക്കാളും മുഗളൻമാരെക്കാളും നിലനിൽപ്പുണ്ടായിരുന്നു. ഇന്ന് അത് അതിന്റെ അധികമുള്ള ദിവ്യത്വത്തെ പാശ്ചാത്യ ക്രിസ്ത്യാനിത്വത്തിനു കയററി അയയ്ക്കുകയാണെന്നു തോന്നുന്നു.”
നിലനിൽക്കുന്ന മതിപ്പുളവാക്കുന്നതിൽ പരാജയപ്പെടുന്നു
പാശ്ചാത്യ, പൗരസ്ത്യ സഭകളായി അപ്പോൾതന്നെ വിഭജിക്കപ്പെട്ടിരുന്ന ആദിമ ക്രൈസ്തവലോകം അഞ്ചാം നൂററാണ്ടിൽ പിന്നെയും ഭിന്നിക്കപ്പെട്ടു. കോൺസ്ററാൻറിനോപ്പിളിലെ ഗോത്രപിതാവായ നെസ്റേറാറിയസ് ഒരു വിവാദത്തിൽ അകപ്പെടുകയും അത് പൗരസ്ത്യ സഭയിൽ നിന്നു വിട്ടുപോന്ന നെസ്റേറാറിയൻ സഭയുടെ രൂപീകരണത്തിൽ കലാശിക്കുകയും ചെയ്തു.
നെസ്റേറാറിയൻകാർ മിഷനറി പ്രവർത്തനത്തിന് ഊന്നൽനൽകി. സാധ്യതയനുസരിച്ച് അവരുടെ മിഷനറിമാരിൽ ഒരാളായ ആലോപിൻ പൊ.യു. 635-ൽ നെസ്റേറാറിയൻ വിശ്വാസങ്ങൾ ചൈനയിൽ പ്രചരിപ്പിക്കാൻ തുടങ്ങി. എന്നാൽ 1294-ൽ ഫ്രാൻസിസ്കൻ സന്ന്യാസി, ജോൺ ഓഫ് മോണ്ടേകോർവീനോ ചൈനയിൽ ഒരു മിഷൻ സ്ഥാപിക്കുന്നതുവരെ പാശ്ചാത്യ സഭ ചൈനയിൽ എത്തിച്ചേർന്നില്ല.
എന്നിരുന്നാലും, ഒരു ഇററാലിയൻ ജെസ്യൂട്ടായ മാററിയോ റിച്ചി 1580-ൽ ചൈനയിൽ എത്തിച്ചേരുന്നതുവരെ അവിടെ യഥാർഥത്തിൽ മിഷനറി പ്രവർത്തനം ആരംഭിച്ചില്ല. പ്രൊട്ടസ്ററൻറ് മതം നാനശേഷമുള്ള യൂറോപ്പിൽ പിടിമുറുക്കാൻ കിണഞ്ഞുശ്രമിക്കുമ്പോൾ കത്തോലിക്കാ മതം യൂറോപ്പിനുവെളിയിൽ മതപരിവർത്തനത്തിനുവേണ്ടി പരക്കം പായുകയായിരുന്നു. കത്തോലിക്കാ മതവിശ്വാസത്തിൽ മുഴുകിക്കഴിയുന്ന ദേശങ്ങളായ പോർച്ചുഗലിലെയും സ്പെയിനിലെയും പര്യവേക്ഷണ പ്രസ്ഥാനങ്ങൾ സഭയുടെ ശ്രമങ്ങളെ നന്നായി പിന്തുണച്ചു.
17-ഉം 18-ഉം നൂററാണ്ടിലെ മിഷനറിമാർ ഒരു പരിധിവരെ വിജയം വരിച്ചു. സാധ്യതയനുസരിച്ച് ഇതിനുള്ള കാരണം ദ കേംബ്രിഡ്ജ് ഹിസ്റററി ഓഫ് ചൈന സൂചിപ്പിക്കുന്നതനുസരിച്ച് “[അവരുടെ] (പ്രത്യേകിച്ച് ജെസ്യൂട്ടുകാരുടെ) നല്ലൊരു സംഖ്യ വലിയ സഹിഷ്ണുതാ മനോഭാവം വളർത്തിയെടുത്തിരുന്നു” എന്നതാണ്. ചൈനീസ് ചരിത്ര പ്രൊഫസറായ ഹാൻസ് എച്ച്. എ. ബീലെൻഷ്റൈറൻ ഇപ്രകാരം വിശദീകരിക്കുന്നു: “ക്രിസ്ത്യാനികളുടെ ദൈവത്തെ സ്വർഗത്തെപ്പററിയുള്ള ചൈനാക്കാരുടെ ധാരണയ്ക്ക് തുല്യമാക്കുകയും പൈതൃകാരാധനയോട് എതിരൊന്നും പ്രകടിപ്പിക്കാതിരിക്കുകയും ചെയ്തുകൊണ്ട് [ജെസ്യൂട്ടുകാർ] ക്രിസ്ത്യാനിത്വവും കൺഫ്യുഷ്യനിസവും തമ്മിലുള്ള സാദൃശ്യങ്ങൾ ഊന്നിപ്പറഞ്ഞു. ചില സ്ഥലങ്ങളിൽ ജെസ്യൂട്ടുകാർക്ക് എന്തുകൊണ്ട് ആളുകളെ മതം മാററാൻ കഴിഞ്ഞെന്നും എന്നാൽ അവർക്ക് നിലനിൽക്കുന്ന മതിപ്പുളവാക്കാൻ കഴിയാഞ്ഞതെന്തുകൊണ്ടെന്നും ഇതു വിശദമാക്കുന്നു.”
1724-ൽ ചൈനയിലെ ചക്രവർത്തി ക്രൈസ്തവലോകത്തിലെ മതങ്ങളെ ആക്ഷേപിക്കുകയും വിദേശ മിഷനറിമാരിൽ മിക്കവരെയും അവിടെനിന്നു തുരത്തുകയും ചെയ്തു. അവസരം ലഭിച്ചപ്പോൾ കത്തോലിക്കാ മിഷനറിമാർ ചൈനയിലേക്കു തിരിച്ചുവന്നു. പ്രൊട്ടസ്ററൻറ് മിഷനറിമാർ അവരോടു ചേർന്നു. 1807-ൽ എത്തിച്ചേർന്ന, ലണ്ടൻ മിഷനറി സൊസൈററിയിൽ നിന്നുള്ള റോബർട്ട് മോറിസൺ ആയിരുന്നു എത്തിച്ചേർന്ന ആദ്യത്തെ പ്രൊട്ടസ്ററൻറ് മിഷനറി. തന്റെ വിശ്വാസങ്ങൾ പ്രചരിപ്പിക്കാനായി മാത്രമല്ല പിന്നെയോ ചൈനയെ പാശ്ചാത്യ സംസ്കാരത്തിനു പരിചയപ്പെടുത്താനും പാശ്ചാത്യരായ വിദ്യാർഥികളെ പൗരസ്ത്യ സംസ്കാരം പരിചയപ്പെടുത്താനുമായി ഉദ്ദേശിച്ചുള്ള ഒരു കോളെജ് അദ്ദേഹം സ്ഥാപിച്ചു. 1819-ൽ വില്യം മിൽനെയുടെ സഹായത്തോടെ മോറിസൺ മുഴു ബൈബിളിന്റെയും ഒരു പരിഭാഷ പൂർത്തിയാക്കി.
ചില മിഷനറിമാർ ഒരു വ്യത്യസ്തമായ തരത്തിലുള്ള പ്രകാശം പരത്തുന്നതിൽ അർപ്പിതരായിരുന്നു. ഡോ. പീററർ പാർക്കർ ആയിരുന്നു ചൈനയിലേക്കു വന്ന ആദ്യത്തെ മെഡിക്കൽ മിഷനറി. 1838-ൽ കാൻറണിൽ സ്ഥാപിതമായ മെഡിക്കൽ മിഷനറി സൊസൈററിയുടെ സംഘാടനത്തിൽ അദ്ദേഹം സഹായിച്ചു. മററുചില മിഷനറിമാർ വിദ്യാഭ്യാസപരമായ ഉദ്യമങ്ങൾക്കും പൊതുനൻമയ്ക്കുതകുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി തങ്ങളെത്തന്നെ അർപ്പിച്ചു. ദ കേംബ്രിഡ്ജ് ഹിസ്റററി ഓഫ് ചൈന പറയുന്നതനുസരിച്ച് “ക്രിസ്ത്യാനിത്വത്തോടുള്ള ചൈനീസ് സ്വീകാര്യത വർധിപ്പിക്കുന്നതിനെക്കാളും യൂറോപ്പിനെക്കുറിച്ചുള്ള ചൈനയുടെ ഗ്രാഹ്യം വർധിപ്പിക്കാനാണ്” മിഷനറിമാരുടെ ചില പരിഭാഷാ കൃത്യങ്ങൾ “ഉതകിയത്.”
ക്രിസ്തീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നല്ലൊരു മാതൃക സമ്മാനിക്കുന്നതിലും ക്രൈസ്തവലോകത്തിലെ മിഷനറിമാർ പരാജയപ്പെട്ടു. പ്രൊട്ടസ്ററൻറുകാരുടെയിടയിൽ പ്രത്യേകിച്ചും അനൈക്യം നിലവിലിരുന്നു. നാലു പതിററാണ്ടുകൾകൊണ്ട് അവരുടെ മിഷനറിമാരുടെ എണ്ണം 189-ൽനിന്ന് 3,445 ആയി ഉയർന്നു. 1905 ആയപ്പോൾ 60-ലധികമുണ്ടായിരുന്ന മിഷനറി സൊസൈററികളിൽ ഓരോന്നും ക്രിസ്തീയ പഠിപ്പിക്കലിന്റെ തങ്ങളുടേതായ പ്രത്യേക ഭാഷ്യം പ്രചരിപ്പിക്കുകയായിരുന്നു. കത്തോലിക്കാ മിഷനറിമാരും യഥാർഥ ക്രിസ്ത്യാനിത്വത്തിന്റെ ഒരു വികലമായ പ്രതിച്ഛായ അവതരിപ്പിച്ചു. “മതംമാറാൻ സാധ്യതയുള്ള ആളുകളെ നേടാൻ വേണ്ടി അവിടത്തെ രാഷ്ട്രീയവും നീതിന്യായപരവുമായ കാര്യങ്ങളിൽ കൈ കടത്തുന്ന വ്യാപകമായ രീതി”യെപ്പററി ദ കേംബ്രിഡ്ജ് ഹിസ്റററി ഓഫ് ചൈന പരാമർശിക്കുന്നു.
മററുള്ളിടങ്ങളിലും ആളുകളെ തേടി
പോർച്ചുഗീസ് പര്യവേക്ഷകനായ ഫെർഡിനണ്ട് മഗെല്ലൻ 1521-ൽ ഫിലിപ്പീൻ ദ്വീപുകളിൽ ആദ്യമായി കാലുകുത്തി ഒരു നൂററാണ്ടായില്ല, അതിനു മുമ്പേ അവിടെയുള്ള കത്തോലിക്കാ മിഷനറിമാർ ഏതാണ്ട് രണ്ടു ദശലക്ഷം ആളുകളെ സ്നാപനപ്പെടുത്തിക്കഴിഞ്ഞിരുന്നു. ഇന്ന് അവിടെ ജനസംഖ്യയുടെ 84 ശതമാനം റോമൻ കത്തോലിക്കരാണ്. ഈ വിജയത്തിനു കാരണം സഭ സ്ഥാപിച്ച വിദ്യാഭ്യാസ സമ്പ്രദായമാണെന്നതിനു സംശയമില്ല. എന്നാൽ “തങ്ങളുടെ മതവിശ്വാസങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തിക്കൊണ്ടുപോകാൻ” മിഷനറിമാർ “മതംമാറുന്ന ആളുകളെ അനുവദിച്ച”താണ് അവഗണിക്കരുതാത്ത മറെറാരു ഘടകമെന്ന് ഒരു എഴുത്തുകാരൻ പറയുന്നു.
മററുള്ളിടങ്ങളിൽ സഭയ്ക്ക് വിജയം കുറവായിരുന്നു. ഉദാഹരണത്തിന്, ജപ്പാനിലെ കത്തോലിക്കരുടെ എണ്ണം മുഴു ജപ്പാൻകാരുടെയും വെറും 0.3 ശതമാനം ആയിരുന്നു. കൊറിയൻ റിപ്പബ്ലിക്കിലാണെങ്കിൽ അവരുടെ സംഖ്യ ഏതാണ്ട് 6 ശതമാനമാണ്.
ജപ്പാൻ യൂറോപ്യൻമാരുമായി ആദ്യമായി ബന്ധം പുലർത്തിയത് 1542-ൽ ആണ്. 1549-ൽ എത്തിയ ജെസ്യൂട്ട് മിഷനറി ഫ്രാൻസിസ് സേവ്യർക്കും അദ്ദേഹത്തിന്റെ സഹകാരികൾക്കും സൗഹാർദമായ സ്വീകരണം ലഭിച്ചു. അധികം താമസിയാതെ ഈ ആദ്യ ഉത്സാഹം തണുത്തുപോയി. ചരിത്ര പ്രൊഫസറായ ജെ. മേസൺ ജെൻറ്സ്ലർ എഴുതുന്നതനുസരിച്ച് “(ഫിലിപ്പീൻസിലുണ്ടായതുപോലെ) സ്പാനിഷ് രാജാവിന്റെ രാഷ്ട്രീയ കീഴടക്കലിനുള്ള ഒരു മുന്നോടിയായിരിക്കാം യൂറോപ്യൻ മിഷനറി പ്രവർത്തനം എന്ന്” ജപ്പാൻ നേതാക്കൻമാർ “സംശയിച്ചുതുടങ്ങി”യതാണ് ഇതിനു കാരണം.
1614-ൽ “മിഷനറിമാർ രാജ്യത്തിന്റെ ശത്രുക്കളെന്നനിലയിൽ ബഹിഷ്കരിക്കപ്പെട്ടു. തന്റെ അധികാരാതിർത്തികളിൽ ക്രിസ്ത്യാനിത്വം മേലാൽ അനുവദിക്കുന്നതല്ലെന്ന് ചക്രവർത്തി ഉത്തരവു പുറപ്പെടുവിച്ചു. . . . പുതിയ മതത്തെ തള്ളിപ്പറയാൻ വിസമ്മതിച്ച മതംമാറിയ ദശസഹസ്രക്കണക്കിനാളുകളെ കുരിശിൽ തറച്ചു . . . , അതേസമയം മിഷനറിമാരെ കൂടുതൽ ബീഭത്സമായ രംഗങ്ങൾ കാത്തിരുന്നു . . . ” മററു ഘോരതകൾക്കു പുറമേ “അവരെ ജീവനോടെ ചുട്ടുകരിക്കുകയും പൊരിക്കുകയും അംഗച്ഛേദം നടത്തുകയും വിഷപ്പാമ്പുകൾ നിറഞ്ഞ കുഴികളിലിടുകയും ചെയ്തു.”—ദ ജെസ്യൂട്ട്സ്.
കത്തോലിക്ക മതം കൊറിയയിൽ പ്രചരിച്ചത് 1784-ൽ ആണ്, പ്രൊട്ടസ്ററൻറ് മതം ഒരു നൂററാണ്ടു കഴിഞ്ഞും. “അമേരിക്കൻ മിഷനറിമാർ സുവിശേഷത്തോടൊപ്പം വിദ്യാഭ്യാസവും മരുന്നും സാങ്കേതികവിദ്യയും കൊണ്ടുവന്നതിനാൽ രണ്ടാമത്തേത് ഏറെ വേഗത്തിൽ വളർച്ചപ്രാപിച്ചു,” ടൈം മാസിക വിശദീകരിക്കുന്നു. കേവലം മതപരമായ പ്രബോധനമല്ലാതെ മററുമാർഗങ്ങളുപയോഗിച്ചും ആളുകളെ മതം മാററുന്ന ഈ നയം ഇന്നും നിലവിലുണ്ട്. സിയോൾ നാഷണൽ യൂണിവേഴ്സിററിയിലെ തത്ത്വശാസ്ത്ര പ്രൊഫസറായ സോൺ ബോങ് ഹോ ഇപ്രകാരം പറയുന്നതായി ഉദ്ധരിക്കപ്പെടുന്നു: “ഭൗതികകാര്യങ്ങൾക്ക് ഊന്നൽ കൊടുത്തിട്ടുള്ള സഭകൾ മുഖ്യധാരാ മതശാഖകളെക്കാൾ വേഗം വളർന്നിരിക്കുന്നു.”
ഭാവി വെളിപ്പെടുത്തുന്നത്
ക്രൈസ്തവലോകത്തിലെ കഴിഞ്ഞകാല മിഷനറിമാരെ നാം എങ്ങനെ വീക്ഷിക്കണം? അവർ യേശു കാണിച്ചുതന്ന ശുദ്ധാരാധനയുടെ പ്രതിനിധികളായിരുന്നില്ല. എന്നാൽ അവരിൽ പലരും സത്യസന്ധരായിരുന്നു എന്നുള്ളതിനു സംശയമില്ല. എന്തായാലും, അവർ ബൈബിൾ പല പ്രാദേശിക ഭാഷകളിലേക്കും തർജമ ചെയ്യുകയും കുറഞ്ഞത് ചില ബൈബിളാശയങ്ങളെങ്കിലും പഠിപ്പിക്കുകയും ചെയ്തു.
ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്ന ആഫ്രിക്കയിലേക്കു പോയ ക്രൈസ്തവലോകത്തിലെ മിഷനറിമാരെ സംബന്ധിച്ചെന്ത്? ഞങ്ങളുടെ അടുത്ത ലക്കത്തിൽ വരുന്ന “‘ഇരുണ്ട ഭൂഖണ്ഡ’ത്തിന് ആത്മീയ വെളിച്ചം” എന്ന ലേഖനത്തിൽ ഇതേപ്പററി വായിക്കുക.
[23-ാം പേജിലെ ചതുരം]
ചൈനീസ് ബൈബിളിൽ “യഹോവ”
19-ാം നൂററാണ്ടിലെ ഒരു മിഷനറിയും പരിഭാഷകനുമായ ജോൺ ഡബ്ലിയൂ. ഡേവിസ് ഇപ്രകാരം ന്യായവാദം ചെയ്തു: “പരിശുദ്ധാരൂപി എബ്രായയിൽ ഒരു സ്ഥലത്ത് യഹോവയെന്നു പറയുന്നുണ്ടെങ്കിൽ പരിഭാഷകൻ ഇംഗ്ലീഷിലോ ചൈനീസിലോ യഹോവയെന്നു പറയാത്തതെന്തുകൊണ്ടാണ്? ഞാൻ ഈ സ്ഥലത്ത് യഹോവയെന്നും ആ സ്ഥലത്ത് അതിന്റെ പകര നാമവും ഉപയോഗിക്കുമെന്നു പറയാൻ അയാൾക്ക് എന്ത് അവകാശമാണുള്ളത്? . . . പരിഭാഷയിൽ എവിടെയെങ്കിലും യഹോവ എന്ന പദം ഉപയോഗിക്കുന്നത് തെററാണെങ്കിൽ നിശ്വസ്ത എഴുത്തുകാരൻ മൂല എഴുത്തിൽ അത് ഉപയോഗിച്ചത് എന്തിനാണ്?”