ക്രൈസ്തവലോകത്തിന്റെ ആഫ്രിക്കയിലെ കൊയ്ത്ത്
അൽജീറിയായെ ഒരു “ക്രിസ്തീയ ജനത” യാക്കി മാററാനുള്ള ലാവിഴ്റിയുടെ സ്വപ്നം അതുതന്നെയെന്ന്—ഒരു സ്വപ്നമെന്ന്—തെളിഞ്ഞു. ഇന്ന് അൽജീറിയായിലെ ജനസംഖ്യയുടെ 99 ശതമാനവും മുസ്ലീങ്ങളാണ്, വടക്കേ ആഫ്രിക്കയുടെ വിപുലമായ ഭാഗങ്ങളിൽ ക്രൈസ്തവലോകം ദുർബ്ബലമായിരിക്കുകയാണ്. എന്നാൽ ഭൂഖണ്ഡത്തിന്റെ ശേഷിച്ച ഭാഗത്തെ സംബന്ധിച്ചെന്ത്?
ക്രിസ്തീയ ലോകദൗത്യത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രത്തിൽ (A Concise History of the Christian World Mission) “ക്രിസ്ത്യാനിത്വം കറുത്ത ആഫ്രിക്കയിൽ മൂന്നാം ലോകത്തിന്റെ ശേഷിച്ച സകല ഭാഗങ്ങളിലും ഒട്ടാകെയുള്ളതിൽ അധികം പുതുവിശ്വാസികളെ ഉളവാക്കിയിരിക്കുന്നു” എന്നു ഡോ. ജെ. എച്ച്. കാനേ അവകാശപ്പെടുന്നു. എന്നിരുന്നാലും ഈ പുതുവിശ്വാസികൾ യഥാർത്ഥത്തിൽ ക്രിസ്ത്യാനികളാണോ? “ആഫ്രിക്കൻ സഭയിലെ ഒരു വലിയ അപകടം ക്രിസ്തീയപുറജാതീയതയാണ്” എന്ന് ഡോ. കാനേ സമ്മതിക്കുന്നു. കൂടാതെ, “ആഫ്രിക്കൻ സഭ” എന്ന അദ്ദേഹത്തിന്റെ പദപ്രയോഗം തെററായ ഒരു നാമകരണമാണ്. അക്ഷരീയമായി ആയിരക്കണക്കിന് ആഫ്രിക്കൻ സഭകളുണ്ട്, ഓരോന്നിനും അതിന്റെ സ്വന്തം ആരാധനാരീതിയാണുള്ളത്. എന്തുകൊണ്ട്?
അനൈക്യത്തിന്റെ വിത്തുപാകുന്നു
മിഷനറിമാർ ആഫ്രിക്കയിലേക്കു സമുദ്രയാത്ര നടത്തുന്നതിനു മുമ്പുതന്നെ അനൈക്യത്തിന്റെ വിത്തുകൾ പാകിയിരുന്നു. ലണ്ടൻ മിഷനറി സൊസൈററി വിവിധ സഭകളിൽനിന്ന് അംഗങ്ങളെ നേടി. മിഷനറിമാരുടെ നിയമിത സ്ഥലങ്ങളിലേക്കുള്ള സമുദ്രയാത്രാവേളയിൽ അവർ തമ്മിൽ ഉപദേശപരമായ ചൂടുപിടിച്ച തർക്കങ്ങൾ നടന്നു. അവരുടെ ദൗത്യ കേന്ദ്രങ്ങളിൽ അവർ പാർപ്പുറപ്പിച്ച ശേഷം തർക്കം കൂടുതൽ രൂക്ഷമാകേണ്ടതുതന്നെയായിരുന്നു.
ക്രിസ്തീയ മിഷനറിമാരും വടക്കൻ റൊഡേഷ്യയുടെ സൃഷ്ടിയും 1880-1924 (Christian Missionaries and the Creation of Northern Rhodesia 1880-1924) എന്ന തന്റെ പുസ്തകത്തിൽ “മിഷനറിമാർ സാധാരണയായി തങ്ങളുടെ സുവിശേഷ ലക്ഷ്യങ്ങൾക്കു ഹാനികരമായി അന്യോന്യവും തങ്ങളുടെ വിദേശ മേധാവികളുമായും കഠിനമായി വഴക്കടിച്ചു . . . മിഷനറിമാർ മതപരിവർത്തനം നടത്താനുള്ള ശ്രമത്തിൽ ചെലവഴിച്ചടത്തോളംതന്നെ സമയവും ഊർജ്ജവും ഈ വഴക്കുകളെക്കുറിച്ചെഴുതാൻ ചെലവഴിച്ചുവെന്നു തോന്നുന്നു” എന്നു പ്രൊഫസ്സർ റോബർട്ട് റോട്ട്ബർഗ്ഗ് എഴുതുന്നു.
ചിലപ്പോൾ മിഷനറിവഴക്കുകൾ വിമത മിഷനുകളുടെ രൂപവൽക്കരണത്തിൽ കലാശിച്ചു. കത്തോലിക്കാ മിഷനുകളും പ്രൊട്ടസ്ററൻറു മിഷനുകളും പുതുവിശ്വാസികൾക്കുവേണ്ടി ഉഗ്രമായി മത്സരിച്ചു. ഐക്യത്തിന്റെ ഇതേ അഭാവം അവർ പരിവർത്തനം ചെയ്യിച്ചവരുടെ ഇടയിലും പ്രതിഫലിക്കേണ്ടതുതന്നെയായിരുന്നു. കാലക്രമത്തിൽ ദശലക്ഷക്കണക്കിന് ആഫ്രിക്കക്കാർ മിഷൻസഭകൾ വിട്ടുപോകുകയും തങ്ങളുടെ സ്വന്തം സഭകൾ രൂപവൽക്കരിക്കുകയും ചെയ്തു.
“സ്വതന്ത്ര ആഫ്രിക്കൻ സഭകൾ ആഫ്രിക്കയിലാസകലം കാണുന്നുണ്ട് . . . എല്ലാംകൂടെ ഈ പ്രസ്ഥാനത്തിൽ ഏതാണ്ട് ഏഴായിരം വിഭിന്ന കൂട്ടങ്ങളുണ്ട്” എന്ന് മിഷനറി ചരിത്രകാരനായ ഡോ. കാനേ എഴുതുന്നു. വിരുദ്ധ വിശ്വാസങ്ങൾ പുലർത്തിയ മിഷനറിമാർക്കിടയിലെ മത്സരം ഇതിന്റെ ഏക കാരണമായിരുന്നില്ല. മിഷനറിമാർ (The Missionaries) എന്ന തന്റെ പുസ്തകത്തിൽ “കറുത്തവരുടെ നവീകരണത്തിന്റെ” മറെറാരു കാരണം “വെളുത്തവരുടെ മേധാവിത്വത്തോടുള്ള ഒരു നീരസമായിരുന്നു” എന്ന് ജോർഫി മൂർഹൗസ് വിശദീകരിക്കുന്നു.
ക്രിസ്ത്യാനികളോ യൂറോപ്യൻ വർഗ്ഗീയവാദികളോ?
“മിഷനറിമാർക്ക് ഒരു ശ്രേഷ്ഠതാമനോഭാവം ഉണ്ടായിരുന്നു” എന്നു ഡോ. കാനേ സമ്മതിക്കുന്നു. “ക്രിസ്തീയ മതം ഒരു യൂറോപ്യൻസംസ്കാരത്തോടും യൂറോപ്യൻ നേതൃത്വത്തോടും ചേർന്നുപോകേണ്ടതാണ്” എന്ന് അവർ വിശ്വസിച്ചുവെന്ന് ആഫ്രിക്കൻ ക്രിസ്ത്യാനിത്വം (African Christianity) എന്ന തന്റെ പുസ്തകത്തിൽ അഡ്രിയാൻ ഹേസ്ററിംഗ്സ് പറയുന്നു.
ഫ്രഞ്ചുകാരനായിരുന്ന ചാൾസ് ലാവിഴ്റി ഈ വീക്ഷണം പുലർത്തിയ ഒരു മിഷനറിനേതാവായിരുന്നു. മറെറാരാൾ ദക്ഷിണാഫ്രിക്കയിലെ ലണ്ടൻ മിഷനറി സൊസൈററിയുടെ മിഷനുകളുടെ സൂപ്രണ്ടായിരുന്ന ജോൺ ഫിലിപ്പ് ആയിരുന്നു. “ഞങ്ങളുടെ മിഷനറിമാർ . . . ബ്രിട്ടീഷ് താത്പര്യങ്ങളും ബ്രിട്ടീഷ് സ്വാധീനവും ബ്രിട്ടീഷ് സാമ്രാജ്യവും വിപുലമാക്കുകയാണ്. മിഷനറി സംസ്കാരശൂന്യമായ ഒരു ഗോത്രത്തിന്റെ ഇടയിൽ പുതുവിശ്വാസികളെ തേടാൻ തുടങ്ങുന്നടത്തെല്ലാം അധിനിവേശ ഗവൺമെൻറിനോടുള്ള അവരുടെ മുൻവിധികൾ അവസാനിക്കുന്നു; കോളനിയോടുള്ള അവരുടെ ആശ്രയത്വം കൃത്രിമ ആവശ്യങ്ങൾ സൃഷ്ടിക്കുന്നതിലൂടെ വർദ്ധിക്കുന്നു; . . . വ്യവസായവും വ്യാപാരവും കൃഷിയും പെരുകുന്നു; അവരുടെ ഇടയിലെ ഓരോ യഥാർത്ഥ പുതുവിശ്വാസിയും . . . അധിനിവേശ ഗവൺമെൻറിന്റെ ഒരു ചങ്ങാതിയും സുഹൃത്തുമായിത്തീരുന്നു” എന്ന് അദ്ദേഹം 1828-ൽ വീമ്പിളക്കി.
യൂറോപ്യൻ ഗവൺമെൻറുകൾ അങ്ങനെയുള്ള മിഷനറിമാരെ കോളനിവികസനത്തിന് ഉപയോഗമുള്ള ഏജൻറൻമാരായി കണ്ടതിൽ എന്തെങ്കിലും അതിശയമുണ്ടോ? മിഷനറിമാരെ സംബന്ധിച്ചടത്തോളം അവർ ആഫ്രിക്കയുടെ അധിനിവേശ ദിഗ്വിജയത്തെ സ്വാഗതംചെയ്തു. അവർ 1910-ൽ എഡിൻബർഗ്ഗിൽ നടന്ന ലോക മിഷനറി കോൺഫറൻസിൽ പ്രഖ്യാപിച്ച പ്രകാരം: “മിഷനറിയുടെ ലക്ഷ്യവും ഗവൺമെൻറിന്റെ ലക്ഷ്യവും തമ്മിൽ എല്ലായ്പ്പോഴും ഒരു വിഭജനരേഖ വരക്കുക . . . അസാദ്ധ്യമായിരിക്കും.”
ആഫ്രിക്കയിൽ രാജാക്കൻമാരായി ഭരിച്ചു
തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിനു ചില മിഷനറിമാർ കൊളോണിയൽ സൈനിക ശക്തിയെ ആശ്രയിച്ചു. ഗ്രാമവാസികൾ മിഷനറിമാരുടെ അധികാരത്തെ അംഗീകരിക്കാൻ വിസമ്മതിച്ചിരുന്നതുകൊണ്ടു ചിലപ്പോൾ തീരപ്രദേശ പട്ടണങ്ങൾ ബ്രിട്ടീഷ് നാവിക പീരങ്കിക്കപ്പലുകളാൽ നശിപ്പിക്കപ്പെട്ടു. 1898-ൽ പശ്ചിമാഫ്രിക്കയിലേക്കുള്ള ഒരു വെസ്ലിയൻമിഷനറിയായിരുന്ന ഡെനെസ് കെംപ് “ബ്രിട്ടീഷ് സൈന്യവും നാവികപ്പടയും തന്റെ ഉദ്ദേശ്യനിർവഹണാർത്ഥം ദൈവത്താൽ ഇപ്പോൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്നുള്ള തന്റെ ഉറച്ച ബോധ്യം” പ്രകടമാക്കുകയുണ്ടായി.
തങ്ങളുടെ സ്ഥാനം ഉറപ്പിച്ചശേഷം മിഷനറിമാർ ചിലപ്പോൾ ഗോത്രപ്രമാണിമാരുടെ ലൗകികാധികാരം ഏറെറടുത്തു. “ലണ്ടൻ മിഷനറിമാർ തങ്ങളുടെ ദിവ്യാധിപത്യ നിയമം പ്രാബല്യത്തിൽ നിർത്തുന്നതിനു കൂടെക്കൂടെ ബലം പ്രയോഗിച്ചു. അവർ തങ്ങളുടെ അപ്രീതി അറിയിക്കുന്നതിനുപയോഗിച്ച ഒരു ഇഷ്ടപ്പെട്ട ഉപകരണം സീക്കോട്ടി, നീർക്കുതിരയുടെ സംസ്കരിച്ച തോൽകൊണ്ട് ഉണ്ടാക്കിയ ഒരു നീണ്ട ചാട്ട, ആയിരുന്നു. മിക്കവാറും ഏതു വ്യാജ കാരണം ചുമത്തിയും ആഫ്രിക്കക്കാർ അതുകൊണ്ടു യഥേഷ്ടം പ്രഹരിക്കപ്പെട്ടിരുന്നു” എന്നു പ്രൊഫസ്സർ റോട്ട്ബർഗ്ഗ് എഴുതുന്നു. ബ്വാനാ ബോട്രി എന്നറിയപ്പെടുന്ന ഉഗാണ്ടായിലെ ഒരു ആംഗ്ലിക്കൻ മിഷനറിയെക്കുറിച്ച് ഒരു ആഫ്രിക്കൻ പുതുവിശ്വാസി അനുസ്മരിക്കുന്നതായി ആഫ്രിക്കൻസ് (The Africans) എന്ന തന്റെ പുസ്തകത്തിൽ ഡേവിഡ് ലാമ്പ് പ്രസ്താവിക്കുന്നു, “അയാൾ ശുശ്രൂഷാസമയത്ത് താമസിച്ചുവരുന്ന ആഫ്രിക്കക്കാരെ ചൂരൽകൊണ്ടടിക്കാൻ കൂടെക്കൂടെ പ്രസംഗപീഠത്തിൽനിന്നു താഴെയിറങ്ങുമായിരുന്നു.”
അത്തരം പ്രവൃത്തികളിലുള്ള ഞെട്ടൽനിമിത്തം ഒരു മിഷനറിയായിരുന്ന ജെയിംസ് മക്കേ ലണ്ടൻ മിഷനറി സൊസൈററിയുടെ ഡയറക്ടർമാർക്ക് ഒരു പരാതി അയച്ചു. “ദൈവസ്നേഹത്തിന്റെ സദ്വർത്തമാനം തങ്ങൾക്ക് എത്തിച്ചുകൊടുക്കുന്ന വെള്ളക്കാരായി കരുതപ്പെടുന്നതിനു പകരം ഞങ്ങളെ അറിയുകയും ഭയപ്പെടുകയും ചെയ്യുന്നു”വെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
ലോകമഹായുദ്ധങ്ങൾ
“ഒരു നൂററാണ്ടിലധികം കാലം, പോരാട്ടവും അതിളക്കിവിട്ട സകല മൃഗീയ വാസനകളും നിഷ്ഫലവും ദുഷ്ടവുമാണെന്ന് [ആഫ്രിക്കക്കാരോടു] സ്ഥിരമായും ശക്തമായും പറയപ്പെട്ടിരുന്നു” എന്ന് ദ മിഷനറീസ് എന്ന പുസ്തകം പറയുന്നു. അങ്ങനെയിരിക്കെ, യൂറോപ്പിൽ ക്രിസ്തീയ രാഷ്ട്രങ്ങൾ എന്നു വിളിക്കപ്പെടുന്നവയുടെ ഇടയിൽ 1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു.
“മിക്കവാറും എല്ലാ ജനതകളിലുംപെട്ട മിഷനറിമാർ മഹായുദ്ധത്തിൽ ഉൾപ്പെടാൻ പ്രേരിതരായി” എന്ന് മൂർഹൗസ് വിശദീകരിക്കുന്നു. മിഷനറിമാർക്ക് അപമാനം വരുംവിധം പക്ഷംപിടിക്കാൻ തങ്ങളുടെ ആഫ്രിക്കൻ പുതുവിശ്വാസികളെ മിഷനറിമാർ പ്രോൽസാഹിപ്പിച്ചു. ചില മിഷനറിമാർ ആഫ്രിക്കൻ സൈന്യങ്ങളെ യുദ്ധത്തിലേക്കു നയിക്കുക പോലും ചെയ്തു. പ്രൊഫസ്സർ സ്ററീഫൻ നീൽ തന്റെ ക്രിസ്തീയ ദൗത്യങ്ങളുടെ ചരിത്രം (History of Christian Missions) എന്ന പുസ്തകത്തിൽ യുദ്ധത്തിന്റെ ഫലം നന്നായി വെളിപ്പെടുത്തിയിരിക്കുന്നു: “ക്രിസ്ത്യാനിത്വത്തിന്റെയും നാഗരികത്വത്തിന്റെയും കുത്തകയുള്ളതായി ഉറക്കെ അവകാശപ്പെടുന്ന യൂറോപ്യൻ രാഷ്ട്രങ്ങൾ, തങ്ങളെ സാമ്പത്തികമായി ദരിദ്രരും സദ്ഗുണത്തിന്റെ കണികപോലുമില്ലാത്തവരുമാക്കാനിരുന്ന ഒരു ആഭ്യന്തര യുദ്ധത്തിലേക്കു അന്ധമായും സംഭ്രാന്തമായും കുതിച്ചു.” “രണ്ടാം ലോകമഹായുദ്ധം ഒന്നാമത്തേതു സാധിച്ചതിനെ പൂർത്തീകരിക്കുക മാത്രമാണുണ്ടായത്. പാശ്ചാത്യരുടെ ധാർമ്മികനാട്യങ്ങൾ തന്ത്രമാണെന്ന് പ്രകടമാക്കപ്പെട്ടു; ‘ക്രൈസ്തവലോകം’ ഒരു കല്പിതകഥയേക്കാൾ കവിഞ്ഞതൊന്നുമല്ലെന്നു വെളിച്ചത്താക്കപ്പെട്ടു. മേലാൽ ‘ക്രിസ്തീയ പടിഞ്ഞാറി’നെക്കുറിച്ചു സംസാരിക്കുക സാദ്ധ്യമല്ലായിരുന്നു” എന്ന് നീൽ തുടരുന്നു.
കറുത്തവരുടെ നവീകരണം ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ത്വരിതമായതു മനസ്സിലാക്കാവുന്നതാണ്. എന്നാൽ ക്രൈസ്തവലോകത്തിന്റെ സഭകളോടു പററിനിന്ന ആഫ്രിക്കക്കാരെക്കുറിച്ചെന്ത്? പിന്നീട് അവരെ ബൈബിളിൽനിന്നുള്ള സത്യം പഠിപ്പിച്ചോ?
പൂർവികരെ സംബന്ധിച്ച ആഫ്രിക്കക്കാരുടെ വിശ്വാസങ്ങൾ
തങ്ങളുടെ മരിച്ചുപോയ പൂർവികരെ പ്രസാദിപ്പിക്കുന്നതിനു ഭാവിഫലപ്രവാചകരോട് ആലോചന കഴിക്കുന്നതുപോലെയുള്ള ആഫ്രിക്കൻ മതാചാരങ്ങളെ കൈസ്ത്രവലോകത്തിലെ മിഷനറിമാർ കുററംവിധിച്ചു. അതേസമയം, സകല മനുഷ്യർക്കും ഒരു അമർത്ത്യദേഹിയുണ്ടെന്നു മിഷനറിമാർ ശഠിച്ചു. അവർ മറിയയുടെയും “പുണ്യവാളൻമാരുടെയും” പൂജയെയും പ്രോൽസാഹിപ്പിച്ചു. ഈ പഠിപ്പിക്കലുകൾ തങ്ങളുടെ മരിച്ച പൂർവികർ ജീവനോടെയിരിക്കുന്നുവെന്ന ആഫ്രിക്കൻ വിശ്വാസത്തെ സ്ഥിരീകരിച്ചു. കൂടാതെ, കുരിശുപോലെയുള്ള മതപരമായ പ്രതിമകളെ പൂജിച്ചതിനാൽ ദുഷ്ടാത്മാക്കളിൽനിന്നു സംരക്ഷിക്കുന്നതിനുള്ള മാർഗ്ഗമായുള്ള ഏലസുകളുടെ ആഫ്രിക്കൻ ഉപയോഗത്തിനു മിഷനറിമാർ നീതീകരണം കൊടുത്തു.
ഉഷ്ണമേഖലാആഫ്രിക്കയിലെ ക്രിസ്ത്യാനിത്വം (Christianity in Tropical Africa) എന്ന തന്റെ പുസ്തകത്തിൽ പ്രൊഫസ്സർ സി. ജി. ബായീററാ ഇങ്ങനെ വിശദീകരിക്കുന്നു: “ഒരു ആഫ്രിക്കക്കാരനെ സംബന്ധിച്ചടത്തോളം ‘എനിക്ക് മററഭയമില്ല’ എന്നു ഉത്സാഹപൂർവം പാടുന്നതും അതേസമയം താൻ ഏതെങ്കിലും തത്ത്വം ലംഘിക്കുകയാണെന്നുള്ള വിചാരമില്ലാതെ തന്റെ ദേഹത്ത് എവിടെയെങ്കിലും ഒരു ഏലസ് ധരിക്കുന്നതും അല്ലെങ്കിൽ തന്റെ ഭാവിഫല പ്രവാചകന്റെ അടുക്കലേക്കു പോകുന്നതും സാദ്ധ്യമാണ്.”—ആവർത്തനം 18:10-12-ഉം 1 യോഹന്നാൻ 5:21-ഉം താരതമ്യം ചെയ്യുക.
ആഫ്രിക്കക്കാരുടെ പുറജാതീയ പൂർവികർ ഒരു അഗ്നിനരകത്തിൽ ദണ്ഡിപ്പിക്കപ്പെടുകയാണെന്നും മിഷനറിമാരുടെ ഉപദേശങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ചാൽ അവർക്കും അതേ വിധി നേരിടുമെന്നും അനേകം മിഷനറിമാർ അവരോടു പറഞ്ഞു. എന്നാൽ നിത്യദണ്ഡനത്തിന്റെ സിദ്ധാന്തം മിഷനറിമാർ ആഫ്രിക്കൻ ഭാഷകളിലേക്കു വിവർത്തനം ചെയ്യുന്നതിനു കഠിനശ്രമം ചെയ്ത ബൈബിളിൽത്തന്നെയുള്ള വ്യക്തമായ പ്രസ്താവനകൾക്കു വിരുദ്ധമാണ്.—ഉല്പത്തി 3:19; യിരെമ്യാവ് 19:5; റോമർ 6:23.
യഥാർഥത്തിൽ, പാപപൂർണ്ണരായ മനുഷ്യദേഹികൾ മരിക്കുന്നുവെന്നും “മരിച്ചവരോ ഒന്നും അറിയുന്നില്ല” എന്നും ബൈബിൾ പ്രസ്താവിക്കുന്നു. (സഭാപ്രസംഗി 9:5, 10; യെഹെസ്ക്കേൽ 18:4) ബൈബിൾസത്യം കേൾക്കാൻ അവസരം കിട്ടാഞ്ഞ ആഫ്രിക്കക്കാരെ സംബന്ധിച്ചാണെങ്കിൽ അവർക്കു വരാനിരിക്കുന്ന “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാന”ത്തിൽ ഉൾപ്പെടുന്നതിന്റെ പ്രതീക്ഷയുണ്ട്. (പ്രവൃത്തികൾ 24:15) അങ്ങനെയുള്ള പുനരുത്ഥാനം പ്രാപിക്കുന്നവർ രക്ഷക്കുവേണ്ടിയുള്ള ദൈവത്തിന്റെ കരുതലിനെക്കുറിച്ചു പഠിപ്പിക്കപ്പെടും. അപ്പോൾ, അവർ ദൈവസ്നേഹത്തോടു വിലമതിപ്പോടെ പ്രതികരിക്കുന്നുവെങ്കിൽ അവർക്കു പറുദീസാഭൂമിയിലെ നിത്യജീവന്റെ പ്രതിഫലം കൊടുക്കപ്പെടും.—സങ്കീർത്തനം 37:29; ലൂക്കോസ് 23:43; യോഹന്നാൻ 3:16.
ഈ അത്ഭുതകരമായ ബൈബിൾസത്യങ്ങൾ പഠിപ്പിക്കുന്നതിനു പകരം ക്രൈസ്തവലോകം വ്യാജോപദേശങ്ങളാലും മതപരമായ കപടഭക്തിയാലും ആഫ്രിക്കക്കാരെ വഴിതെററിച്ചിരിക്കുന്നു. തീർച്ചയായും, ആഫ്രിക്കയുടെ അധിനിവേശ ദിഗ്വിജയത്തിൽ ക്രൈസ്തവലോകത്തിലെ മിഷനറിമാർ വഹിച്ച പങ്കിനു ബൈബിളിൽ പിന്തുണയില്ല. മറിച്ച്, തന്റെ രാജ്യം “ലോകത്തിന്റെ ഭാഗമല്ല” എന്നും തന്റെ യഥാർത്ഥ അനുഗാമികളും അതുപോലെ “ലോകത്തിന്റെ ഭാഗമല്ല” എന്നും യേശു പറഞ്ഞു. (യോഹന്നാൻ 15:19; 18:36) ആദിമ ക്രിസ്ത്യാനികൾ ലോക ഗവൺമെൻറുകളുടെയല്ല, യേശുക്രിസ്തുവിന്റെ സ്ഥാനപതികളായിരുന്നു.—2 കൊരിന്ത്യർ 5:20.
അതുകൊണ്ട്, ക്രൈസ്തവലോകത്തിന്റെ ആഫ്രിക്കൻ കൊയ്ത്ത് മൊത്തത്തിൽ അസന്തുഷ്ടമായ ഒന്നാണ്, ഞെട്ടിക്കുന്ന അനൈക്യവും അവിശ്വാസവും “കൈസ്ത്രവപുറജാതീയതയു”മായിരുന്നു അതിന്റെ സ്വഭാവം. ആഫ്രിക്കയുടെ അനേകം “ക്രിസ്തീയ” ഭാഗങ്ങളിലുണ്ടായിട്ടുള്ള അക്രമം തീർച്ചയായും “സമാധാന പ്രഭു”വിന്റെ ഉപദേശങ്ങൾക്കനുയോജ്യമായിട്ടല്ല. (യെശയ്യാവ് 9:6) ക്രൈസ്തവലോകത്തിന്റെ ആഫ്രിക്കയിലെ വേലയുടെ ഫലം തന്റെ സത്യാനുഗാമികളെ സംബന്ധിച്ചുള്ള യേശുവിന്റെ വാക്കുകൾക്കു കടകവിരുദ്ധമായി നിലകൊള്ളുന്നു. തന്റെ സ്വർഗ്ഗീയ പിതാവിനോടുള്ള പ്രാർത്ഥനയിൽ “നീ എന്നെ അയച്ചിരിക്കുന്നു എന്നു . . . ലോകം അറിവാൻ . . . അവരും ഒന്നാകേണ്ടതിന്നു” യേശു അപേക്ഷിച്ചു.—യോഹന്നാൻ 17:20, 23; 1 കൊരിന്ത്യർ 1:10.
ആഫ്രിക്കയിലെ മിഷനറിവേലയെല്ലാം പരാജയമായിരിക്കുന്നുവെന്ന് ഇതിനർത്ഥമുണ്ടോ? യാതൊരു പ്രകാരത്തിലുമില്ല. ആഫ്രിക്കയിലും ലോകമാസകലവുമുള്ള യഥാർത്ഥ ക്രിസ്തീയ മിഷനറിവേലയുടെ നല്ല ഫലങ്ങൾ 10-ാം പേജിൽ തുടങ്ങുന്ന ലേഖനങ്ങളിൽ ചർച്ചചെയ്യപ്പെടും.
[6-ാം പേജിലെ ചിത്രം]
ജോൺ ഫിലിപ്പിനെപ്പോലെയുള്ള കഴിഞ്ഞ നൂററാണ്ടിലെ മിഷനറിനേതാക്കൾ യൂറോപ്യൻസംസ്കാരവും ക്രിസ്ത്യാനിത്വവും ഒന്നുതന്നെയാണെന്നു വിശ്വസിച്ചു
[കടപ്പാട്]
Cape Archives M450
[7-ാം പേജിലെ ചിത്രം]
ക്രൈസ്തവലോകത്തിലെ മിഷനറിമാർ ദേഹിയുടെ അമർത്ത്യത പോലെയുള്ള ബൈബിൾവിരുദ്ധ ഉപദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് പൂർവികരെ സംബന്ധിച്ച ആഫ്രിക്കൻ വിശ്വാസങ്ങളെ പ്രോൽസാഹിപ്പിച്ചു
[കടപ്പാട്]
Courtesy Africana Museum, Johannesburg