മിഷനറിമാർ—വെളിച്ചത്തിന്റെ ഏജൻറൻമാരോ അതോ ഇരുളിന്റേതോ?—ഭാഗം 4
“ഇരുണ്ട ഭൂഖണ്ഡ”ത്തിന് ആത്മീയ വെളിച്ചം?
“കഷ്ടിച്ച് 100 വർഷം മുമ്പ് ആഫ്രിക്കയെ ഇരുണ്ട ഭൂഖണ്ഡം എന്നു വിളിച്ചിരുന്നു, കാരണം അതിന്റെ അധികഭാഗവും യൂറോപ്യൻമാർക്ക് അജ്ഞാതമായിരുന്നു.” ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇവിടെ പരാമർശിക്കുന്നത് ആഫ്രിക്കൻ അന്ധകാരത്തെയല്ല, പിന്നെയോ യൂറോപ്യൻ അന്ധകാരത്തെയാണ്—അധികമൊന്നും പര്യവേക്ഷണം ചെയ്യാത്ത ഒരു ഭൂഖണ്ഡത്തെ സംബന്ധിച്ച യൂറോപ്പിന്റെ അജ്ഞതയെ. അതുകൊണ്ട് “സൂര്യപ്രകാശമുള്ള” എന്നർഥം വരുന്ന ആപ്രിക്കാ എന്ന ലാററിൻ പദത്തിൽനിന്നാണ് ആഫ്രിക്ക എന്ന പേരു സാധ്യതയനുസരിച്ചു വരുന്നത് എന്ന കാര്യം വിരോധാഭാസമല്ല.
എന്നാൽ ഒരു കാര്യത്തിൽ ആഫ്രിക്ക അപ്പോഴും അന്ധകാരത്തിലായിരുന്നു—ബൈബിൾ സത്യം സംബന്ധിച്ച അന്ധകാരത്തിൽ. “പാശ്ചാത്യ സഭകൾ തങ്ങളുടെ വിഭവങ്ങളായ മാനവശേഷിയും ധനവും ഇരുനൂറ് വർഷത്തോളം വാരിയെറിഞ്ഞ രണ്ടു വൻ ഭൂഖണ്ഡങ്ങൾ” എന്നാണ് ആഫ്രിക്കയെയും ഏഷ്യയെയും കാൻറർബറിയിലെ മുൻ ആർച്ചുബിഷപ്പായ ഡോണൾഡ് കോഗൻ വിളിക്കുന്നത്.
ക്രൈസ്തവലോകത്തിലെ മിഷനറിമാരിൽ പലരും ആത്മാർഥതയുള്ളവരായിരുന്നു എന്നതിൽ സംശയമില്ല. തങ്ങളുടെ വേലയിൽ ഏർപ്പെട്ടിരിക്കെ അവരിൽ ചിലർ തങ്ങളുടെ ജീവൻ ഹോമിക്കുക പോലും ചെയ്യുകയുണ്ടായി. ആഫ്രിക്കൻ ജീവിതത്തിൽ അവർ ചെലുത്തിയ സ്വാധീനം വലുതായിരുന്നു. എന്നാൽ യേശു ചെയ്തതുപോലെ ഇരുണ്ട ഭൂഖണ്ഡം എന്നു വിളിക്കപ്പെടുന്ന ഭൂഖണ്ഡത്തിൽനിന്ന് ആത്മീയ അന്ധകാരം നീക്കിക്കൊണ്ട് അവർ “സുവിശേഷത്തിലൂടെ . . . വെളിച്ചം ചൊരി”ഞ്ഞോ?—2 തിമൊഥെയൊസ് 1:10
പ്രാദേശിക മിഷനറിമാർ ആദ്യം അരണ്ട വെളിച്ചം ചൊരിയുന്നു
രേഖയനുസരിച്ച് ആഫ്രിക്കയിൽ മതപ്രചാരണം നടത്തിയ ആദ്യ ക്രിസ്ത്യാനി തന്നെ ഒരു ആഫ്രിക്കക്കാരനായിരുന്നു. ബൈബിളിലെ പ്രവൃത്തികൾ 8-ാം അധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന എത്യോപ്യൻ ഷണ്ഡൻ. ഒരു യഹൂദ മതാനുസാരിയായിരുന്ന അദ്ദേഹം യെരുശലേമിലെ ആലയത്തിൽ ആരാധന നടത്തിയിട്ട് വീട്ടിലേക്കു പോകുകയായിരുന്നു. അപ്പോൾ ഫിലിപ്പോസ് അദ്ദേഹത്തെ ക്രിസ്ത്യാനിത്വത്തിലേക്കു മതപരിവർത്തനം ചെയ്തു. ആദിമ ക്രിസ്ത്യാനികളുടെ ഉത്സാഹത്തിനു ചേർച്ചയിൽ ഈ എത്യോപ്യൻ താൻ കേട്ട സുവാർത്ത പിന്നീട് വളരെ തീക്ഷ്ണതയോടെ പ്രസംഗിച്ചു എന്നതിനു സംശയമില്ല, അങ്ങനെ അദ്ദേഹം മാതൃദേശത്ത് ഒരു മിഷനറി ആയിത്തീർന്നു.
എത്യോപ്യയിൽ ക്രിസ്ത്യാനിത്വം സ്ഥാപിതമായിത്തീർന്നത് ഈ വിധത്തിലാണോ അല്ലയോ എന്നതിനോടു ചരിത്രകാരൻമാർക്കു യോജിക്കാൻ കഴിയുന്നില്ല. തത്ത്വചിന്ത പഠിച്ചുകൊണ്ടിരുന്ന ഫ്രൂമെൻഷിയസ് എന്ന ഒരു സിറിയൻ വിദ്യാർഥിയെ എത്യോപ്യയിലെ “ക്രിസ്ത്യാനിക”ളുടെ ബിഷപ്പായി അലക്സാണ്ട്രിയയിലെ കോപ്ററിക് സഭയുടെ ഒരു ബിഷപ്പായിരുന്ന അത്താനാസ്യോസ് നിയമിച്ച നാലാം നൂററാണ്ടു മുതൽ എത്യോപ്യൻ ഓർത്തഡോക്സ് സഭ നിലവിലിരുന്നതായി തോന്നുന്നു.
കോപ്ററിക് സഭയുടെ—“ഈജിപ്തുകാരൻ” എന്നതിന്റെ ഗ്രീക്കു പദത്തിൽനിന്നാണ് കോപ്ററ് വന്നിരിക്കുന്നത്—സ്ഥാപകനും ആദ്യത്തെ ഗോത്രപിതാവും സുവിശേഷകനായ മർക്കോസ് ആണെന്ന് അത് അവകാശപ്പെടുന്നു. പാരമ്പര്യം പറയുന്നതനുസരിച്ച്, ഒന്നാം നൂററാണ്ടിന്റെ മധ്യകാലത്തിനു തൊട്ടുമുമ്പ് അദ്ദേഹം ഈജിപ്തിൽ മതപ്രചാരണം നടത്തി. വാസ്തവം എന്തായിരുന്നാലും, വളരെ നേരത്തെതന്നെ “ക്രിസ്ത്യാനിത്വം” വടക്കൻ ആഫ്രിക്കയിലേക്കു വ്യാപിച്ചു, അങ്ങനെ ഓറിജൻ, അഗസ്ററീൻ തുടങ്ങിയവർ പ്രാമുഖ്യതയിലേക്കു വന്നു. ഈജിപ്തിലെ അലക്സാണ്ട്രിയയിലുള്ള ഒരു വേദപഠന വിദ്യാലയം “ക്രിസ്തീയ” പാണ്ഡിത്യത്തിന്റെ പ്രസിദ്ധ കേന്ദ്രമായിത്തീർന്നു. അതിന്റെ ആദ്യത്തെ പ്രസിഡൻറ് പാന്റെയ്നസ് ആയിരുന്നു. എന്നാൽ പാന്റെയ്നസിന്റെ പിൻഗാമിയായ ക്ലെമൻറ് ഓഫ് അലക്സാണ്ട്രിയയുടെ കാലമായപ്പോഴേക്കും വിശ്വാസത്യാഗം അതിന്റെ ദോഷകരമായ ഫലം പുറപ്പെടുവിക്കാൻ തുടങ്ങിയിരുന്നു. ക്ലെമൻറ് “ക്രിസ്തീയ പ്രമാണവും ബൈബിളും ഗ്രീക്കു തത്ത്വചിന്തയുമായി അനുരഞ്ജനപ്പെടുത്തുന്നതിനു വേണ്ടി വാദിച്ചു” എന്നു മതവിജ്ഞാനകോശം (ഇംഗ്ലീഷ്) വെളിപ്പെടുത്തുന്നു.
കോപ്ററിക് സഭ തീവ്രമായ ഒരു മിഷനറി പ്രവർത്തനം ഏറെറടുത്തു നടത്തി. പ്രത്യേകിച്ചും പൂർവ ലിബിയയിൽ. പുരാവസ്തുവിഭാഗം ന്യൂബിയയിലും തെക്കൻ സുഡാനിലും നടത്തിയ കുഴിച്ചെടുക്കലുകൾ കോപ്ററിക് സഭയുടെ സ്വാധീനത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നു.
യൂറോപ്യൻ മിഷനറിമാരുടെ വരവ്
കത്തോലിക്കർ കുറെയൊക്കെ വിജയം കൈവരിച്ച 16 മുതൽ 18 വരെയുള്ള നൂററാണ്ടുകൾക്കു മുമ്പ് യൂറോപ്യൻമാർ ആഫ്രിക്കയിൽ മിഷനറി പ്രവർത്തനത്തിൽ ഏർപ്പെട്ടില്ല. 19-ാം നൂററാണ്ടിന്റെ ആദ്യഘട്ടംവരെ പ്രൊട്ടസ്ററൻറ് മതങ്ങൾ അവിടെ എത്തിയില്ല, എന്നാൽ ആ സമയത്ത് അവരുടെ മിഷനറിമാർ എത്തിച്ചേർന്ന ആദ്യത്തെ പശ്ചിമാഫ്രിക്കൻ രാജ്യമായിത്തീർന്നു സീയെറ ലീയോൺ. പ്രൊട്ടസ്ററൻറുകാർ കത്തോലിക്കരുടെ ഒപ്പമെത്താൻ ശ്രമിച്ചുവെങ്കിലും ചുരുക്കം ചിലടത്തൊഴിച്ച് “ക്രൈസ്തവ” ജനങ്ങൾ കൂടുതലുള്ള ഓരോ ആഫ്രിക്കൻ രാജ്യത്തും പ്രൊട്ടസ്ററൻറുകാരെക്കാൾ അധികമുള്ളത് കത്തോലിക്കരാണ്.
ഉദാഹരണത്തിന് ഗാബോണിലെ ജനസംഖ്യയിൽ 96 ശതമാനവും ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരാണ്. ഒന്നാം ലോകമഹായുദ്ധത്തിന് അൽപ്പകാലം മുമ്പ് ലൂഥറൻ സഭക്കാരനായ ആൽബെർട്ട് ഷ്വൈററ്സർ അവിടെ ഒരു മിഷൻ ആശുപത്രി സ്ഥാപിക്കുകയും പിന്നീട് അതിനോട് ഒരു കുഷ്ഠരോഗ കോളനി കൂട്ടിച്ചേർക്കുകയും ചെയ്തു. ആ രാജ്യത്ത് അദ്ദേഹത്തിന്റെ 40-ലധികം വർഷത്തെ മിഷനറി പ്രവർത്തനത്തിനു സാരമായ ഫലം ഉണ്ടായിരുന്നിട്ടും, 1-ന് 3 എന്ന അനുപാതത്തിൽ കത്തോലിക്കർ പ്രൊട്ടസ്ററൻറുകാരെക്കാൾ കൂടുതലാണ്.
എന്നിരുന്നാലും, പ്രൊട്ടസ്ററൻറുകാരുടെ പങ്കാളിത്വം അധികം ലഭിച്ചതോടെ ആഫ്രിക്കയിലെ മിഷനറി പ്രവർത്തനത്തിന് ആക്കം വർധിച്ചു. ലീഡ്സ് യൂണിവേഴ്സിററിയിലെ ആഡ്രിയൻ ഹേസ്ററിങ്സ് ഇങ്ങനെ വിശദീകരിക്കുന്നു: “ഈ കാലഘട്ടത്തിന്റെ [19-ാം നൂററാണ്ടിന്റെ രണ്ടാം പകുതി] പ്രധാനപ്പെട്ട സംഭാവന ബഹുദശം ആഫ്രിക്കൻ ഭാഷകളിലേക്കുള്ള ബൈബിൾ പരിഭാഷയുടെ തുടക്കമായിരുന്നു.”
നാട്ടുഭാഷയിലേക്കുള്ള ബൈബിൾ വിവർത്തനങ്ങൾ “ക്രിസ്ത്യാനിത്വ”ത്തിന്റെ വ്യാപനത്തിന് നേരത്തെ ഇല്ലാതിരുന്ന ഒരു അടിസ്ഥാനം നൽകുകയുണ്ടായി. പല ആഫ്രിക്കക്കാരും സ്വപ്നങ്ങളിലും ദർശനങ്ങളിലും വിശ്വസിക്കുകയും രോഗങ്ങൾ മന്ത്രവാദം മൂലം ഉണ്ടാകുന്നതായി വീക്ഷിച്ചുപോരുകയും ബഹുഭാര്യാത്വം ആചരിക്കുകയും ചെയ്തിരുന്നു. നാട്ടുഭാഷയിൽ ബൈബിൾ ഉണ്ടായിരുന്നതുകൊണ്ട് ഈ വിഷയങ്ങൾ സംബന്ധിച്ചു തിരുവെഴുത്തുപരമായ വെളിച്ചം ചൊരിയാൻ ക്രൈസ്തവലോകത്തിലെ മിഷനറിമാർക്ക് ഒരവസരം ലഭിച്ചു. എന്നാൽ, ഹേസ്ററിങ്സ് പറയുന്നതനുസരിച്ച്, “ഈ കാര്യങ്ങൾ സംബന്ധിച്ച് ആഫ്രിക്കക്കാർ വീണ്ടും വീണ്ടും ബോധ്യപ്പെടാത്തവരായി നിലകൊണ്ടു.” ഫലമോ? “പത്തൊമ്പതാം നൂററാണ്ടിന്റെ അവസാനംമുതൽ ഒരു കൂട്ടം സ്വതന്ത്ര സഭകൾ മുളച്ചുവരാൻ തുടങ്ങി; ആദ്യം ദക്ഷിണാഫ്രിക്കയിലും നൈജീരിയയിലും, പിന്നീട് അതിനോടകംതന്നെ മിഷനറി പ്രവർത്തനത്തിന്റെ സ്പർശമേററിരുന്ന ആ ഭൂഖണ്ഡത്തിന്റെ മററു പല ഭാഗങ്ങളിലും.”
വാസ്തവത്തിൽ, ഏതാണ്ട് 7,000 പുതിയ മതപ്രസ്ഥാനങ്ങൾ സഹാറയുടെ തെക്കുള്ള ആഫ്രിക്കൻ പ്രദേശങ്ങളിൽ നിലവിലുണ്ട്. അവയ്ക്ക് 3,20,00,000-ത്തിലധികം പിൻഗാമികളുമുണ്ട്. മതവിജ്ഞാനകോശം പറയുന്നതനുസരിച്ച് “ഈ പ്രസ്ഥാനങ്ങൾ ഉണ്ടായിട്ടുള്ളതു ക്രിസ്തീയ മിഷനറി പ്രവർത്തന ശ്രമങ്ങൾ ധാരാളമുണ്ടായിരുന്ന പ്രദേശങ്ങളിലാണ്.” മിഷനറിയായിരുന്ന പൗലോസ് പറഞ്ഞ “കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു” എന്ന തത്ത്വത്തിൽ തങ്ങൾ മതപരിവർത്തനം ചെയ്യിച്ചവരെ ഏകീകരിക്കാൻ മിഷനറിമാർ പ്രസ്പഷ്ടമായും പരാജയപ്പെട്ടു.—എഫെസ്യർ 4:5.
എന്തുകൊണ്ട്? “ക്രിസ്ത്യാനിത്വത്തിന്റെ സിദ്ധാന്തങ്ങളോടും പരിണതഫലങ്ങളോടുമുള്ള ബന്ധത്തിൽ പ്രാദേശിക ആളുകൾക്കുണ്ടായ ആശാഭംഗവും . . . വിഭാഗീയ ക്രിസ്ത്യാനിത്വത്തിലെ വ്യക്തമായ ഭിന്നിപ്പുകളും പ്രാദേശിക ആവശ്യങ്ങൾ നിറവേററുന്നതിലെ അതിന്റെ പരാജയവും സാമൂഹികവും സാംസ്കാരികവുമായ അതിർവരമ്പുകളെ തകർത്ത് സമുദായാവബോധം ഉളവാക്കുന്നതിലെ മിഷൻ ക്രിസ്ത്യാനിത്വത്തിന്റെ പരാജയവും” നിമിത്തമാണ് ഇതെന്ന് മേൽ പരാമർശിച്ച ഗ്രന്ഥം വിശദീകരിക്കുന്നു.
ക്രൈസ്തവലോകത്തിലെ മിഷനറിമാർ “ഇരുണ്ട ഭൂഖണ്ഡ”ത്തിൽ ചൊരിഞ്ഞ ആത്മീയ “വെളിച്ചം” തുലോം തുച്ഛമായിരുന്നു. അതുകൊണ്ട് ബൈബിൾ നിരക്ഷരത എന്ന അന്ധകാരം അകററാൻ അതിനു കഴിയാതെപോയി.
കോളനിവത്കരണത്തിന്റെ ഏജൻറൻമാരോ?
ക്രൈസ്തവലോകത്തിലെ ചില മിഷനറിമാർ നൻമ കൈവരിച്ചെങ്കിലും പിൻവരുന്നപ്രകാരം സമ്മതിക്കാൻ മതവിജ്ഞാനകോശം നിർബന്ധിതമാകുന്നു: “മിഷനറിമാർ കോളനിവാഴ്ചയെ പ്രോത്സാഹിപ്പിക്കുകയും അതിനു സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്തു. അതുകൊണ്ട് ചിലപ്പോൾ ക്രിസ്ത്യാനിത്വവും വിദേശീയരുടെ അധിനിവേശവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ തോന്നുകയുണ്ടായി. കോളനിവത്കരണത്തിന്റെ ഒരു കൂട്ടാളി എന്നനിലയിൽ ആധുനിക കോളനിവിരുദ്ധപ്രസ്ഥാനം ആഫ്രിക്കയിലെ ക്രിസ്ത്യാനിത്വത്തെ മുദ്രകുത്തുകയുണ്ടായി, അതിൽ അൽപ്പം കഴമ്പുമുണ്ട്.”
“പ്രാകൃതർ എന്നു കരുതിപ്പോന്നിരുന്ന ഉൾപ്രദേശങ്ങളിലെ ആ ഗോത്രങ്ങൾക്ക് കോളനിവത്കരണം ന്യായബോധത്തിന്റെ പ്രകാശവും ജനാധിപത്യ തത്ത്വങ്ങളും ശാസ്ത്രത്തിന്റെയും ചികിത്സയുടെയും പ്രയോജനങ്ങളും കൈവരുത്തു”മെന്ന ഉറച്ച ബോധ്യത്താൽ പാശ്ചാത്യ രാഷ്ട്രങ്ങൾ പ്രേരിതരായിരുന്നു എന്നു വിശദീകരിക്കുമ്പോൾ ദ കോളിൻസ് അററ്ലസ് ഓഫ് വേൾഡ് ഹിസ്റററി ഉൾക്കാഴ്ച പ്രദാനം ചെയ്യുകയാണ്. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ പ്രസ്താവിക്കുന്നു: “റോമൻ കത്തോലിക്കാ മിഷനറി സംഘങ്ങൾക്കു കോളനിവത്കരണത്തെ ഉപേക്ഷിക്കാൻ പ്രയാസമായിരുന്നു, അങ്ങനെയുള്ള ഒരു ഉപേക്ഷണം പല മിഷനറിമാരും ആഗ്രഹിച്ചുമില്ല.”
ന്യായയുക്തമായി, ക്രൈസ്തവലോകത്തിലെ മിഷനറിമാർ ജനാധിപത്യത്തിന്റെ പക്ഷം പിടിക്കുകയും പാശ്ചാത്യരുടെ ശാസ്ത്രീയവും ചികിത്സാപരവുമായ നേട്ടത്തെ പ്രകീർത്തിക്കുകയും ചെയ്തിടത്തോളം അവർ കോളനിവത്കരണത്തിന്റെ ഏജൻറൻമാരെപ്പോലെ കാണപ്പെട്ടു. ആളുകൾക്കു കൊളോണിയൽ അധികാരികളുടെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ ചട്ടക്കൂടുകളിൽ താത്പര്യം നഷ്ടപ്പെട്ടതോടെ അവർക്കു യൂറോപ്യൻ മതങ്ങളിലുള്ള വിശ്വാസവും നഷ്ടമായി.
മതപ്രചാരണം—പ്രഥമ സ്ഥാനമോ?
ആഫ്രിക്കയിലെ പ്രൊട്ടസ്ററൻറ് മിഷനറിമാരെക്കുറിച്ചു പരാമർശിക്കുമ്പോഴെല്ലാം ഡേവിഡ് ലിവിങ്സ്ററൺ എന്ന പേരും പരാമർശിക്കപ്പെടുന്നു. 1813-ൽ സ്കോട്ട്ലൻഡിൽ ജനിച്ച അദ്ദേഹം ഒരു മെഡിക്കൽ മിഷനറി ആയി, ആഫ്രിക്കയിലുടനീളം ഏറെ സഞ്ചരിക്കുകയും ചെയ്തു. “ഇരുണ്ട ഭൂഖണ്ഡ”ത്തോടുള്ള അഗാധമായ സ്നേഹവും കണ്ടുപിടിത്തം നേടിക്കൊടുത്ത ആശ്ചര്യാവേശവും അദ്ദേഹത്തിനു കൂടുതലായ പ്രചോദനമേകി. “ക്രിസ്ത്യാനിത്വം, വാണിജ്യം, നാഗരികത” എന്നിവ “ആഫ്രിക്കയെ അനാവരണം ചെയ്യുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്ന ത്രിത്വ”മായിരുന്നതായി ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു.
ലിവിങ്സ്ററണിന്റെ നേട്ടങ്ങൾ നാനാതരത്തിലുള്ളതായിരുന്നു. എന്നിരുന്നാലും, അദ്ദേഹം പ്രഥമ സ്ഥാനം നൽകിയതു സുവിശേഷപ്രസംഗത്തിനായിരുന്നില്ല. “ആഫ്രിക്കയുടെ ദക്ഷിണ-മധ്യ-പൂർവ ഭാഗങ്ങളിലെ—മിക്കപ്പോഴും ഒരു യൂറോപ്യനും മുമ്പൊരിക്കലും സാഹസപ്പെട്ട് കടന്നുചെല്ലാത്ത സ്ഥലങ്ങളിലെ”—അദ്ദേഹത്തിന്റെ 30 വർഷത്തെ മിഷനറി പ്രവർത്തനത്തെക്കുറിച്ച് ബ്രിട്ടാനിക്ക ഇപ്രകാരം സംക്ഷേപിച്ചു പറയുന്നു: “ലിവിങ്സ്ററണിനു മുമ്പോ അദ്ദേഹത്തിനു ശേഷമോ ജീവിച്ചിരുന്ന ഏതൊരു വ്യക്തിയെക്കാളും കൂടുതലായി അദ്ദേഹം ആഫ്രിക്കയോടുള്ള പാശ്ചാത്യരുടെ മനോഭാവങ്ങളെ സ്വാധീനിച്ചിരിക്കാം. അദ്ദേഹത്തിന്റെ—ഭൂമിശാസ്ത്രപരവും സാങ്കേതികവും വൈദ്യശാസ്ത്രപരവും സാമൂഹികവുമായ—കണ്ടുപിടിത്തങ്ങൾ ഇപ്പോഴും പര്യവേക്ഷണവിധേയമായിരിക്കുന്ന സങ്കീർണമായ അറിവിന്റെ ഒരു ഭണ്ഡാരംതന്നെ പ്രദാനം ചെയ്തു. . . . ആധുനികലോകം എന്നനിലയിലേക്കു പുരോഗതി നേടാനുള്ള ആഫ്രിക്കക്കാരന്റെ കഴിവിൽ ലിവിങ്സ്ററൺ മുഴു ഹൃദയത്തോടെ വിശ്വസിച്ചു. ഈ അർഥത്തിൽ അദ്ദേഹം ആഫ്രിക്കയിലെ യൂറോപ്യൻ സാമ്രാജ്യവാഴ്ചയുടെ മാത്രമല്ല ആഫ്രിക്കൻ ദേശീയവാദത്തിന്റെയും മുൻഗാമി ആയിരുന്നു.” ലിവിങ്സ്ററൺ ആഫ്രിക്കക്കാരോടു വലിയ അനുകമ്പ കാട്ടി.
ചില മിഷനറിമാർ അടിമക്കച്ചവടത്തെ പിന്താങ്ങുകയോ ചുരുങ്ങിയപക്ഷം അതിനെ എതിർക്കാതിരിക്കുകയോ ചെയ്തെന്നുവെച്ച് അവരെ ഒന്നടങ്കം കുററപ്പെടുത്തുന്നത് അനുചിതമായിരിക്കും. എന്നാൽ അവരിലനേകരും കാട്ടിയ അനുകമ്പ നിഷ്പക്ഷതയും സമത്വവും സംബന്ധിച്ച ദൈവത്തിന്റെ പ്രമാണങ്ങളെ ഉയർത്തിപ്പിടിക്കാനുള്ള ആഗ്രഹത്താൽ പ്രേരിതമായിരുന്നതാണോ അതോ ആളുകളുടെ ക്ഷേമം സംബന്ധിച്ച വ്യക്തിഗതമായ താത്പര്യത്തോടു ബന്ധപ്പെട്ട സാധാരണ വികാരങ്ങളാൽ പ്രേരിതമായിരുന്നതാണോ എന്ന കാര്യം, ഭൂതകാലത്തിലേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ, നിശ്ചയിക്കുക പ്രയാസമാണ്.
എന്നാൽ ഒടുക്കം പറഞ്ഞ കാര്യമായിരിക്കും മിഷനറിമാരിൽ മിക്കവരും വെച്ച മുൻഗണനകളോടു ചേർച്ചയിൽ വരുന്നത്. “മനുഷ്യത്വപരമായ പ്രവർത്തനത്തിലൂടെ അവർ കൈവരിച്ച നേട്ടത്തിന് ഒപ്പമെത്താൻ” ആർക്കും കഴിയില്ല എന്ന് ആഫ്രിക്കയിലെ ക്രിസ്ത്യാനിത്വം, ആഫ്രിക്കക്കാർ കാണുന്നപ്രകാരം (ഇംഗ്ലീഷ്) എന്ന പുസ്തകം സമ്മതിക്കുന്നു. എന്നാൽ ആശുപത്രികളും വിദ്യാലയങ്ങളും പണികഴിപ്പിച്ചതിന്റെ അർഥം ദിവ്യതാത്പര്യത്തിന്റെ അനുധാവനത്തിൽ ദൈവവചനം പ്രസംഗിക്കുന്നതിനെക്കാൾ മുന്തിയ സ്ഥാനമുള്ളതു മമനുഷ്യന്റെ ശാരീരിക ആവശ്യങ്ങൾക്കാണ് എന്നായിരുന്നു. യൂറോപ്പിൽ നിർമിച്ച കൂടുതൽ സാധനസാമഗ്രികൾ ആസ്വദിക്കാൻ ആഫ്രിക്കക്കാരെ പ്രാപ്തരാക്കുന്നതിനു ചില മിഷനറിമാർ വാണിജ്യസ്ഥലങ്ങൾ തുറക്കുകപോലും ചെയ്തിട്ടുണ്ട്, അങ്ങനെ അവരുടെ ജീവിതനിലവാരം മെച്ചപ്പെട്ടു.
ക്രൈസ്തവലോകത്തിലെ മിഷനറിമാർ സാധ്യമാക്കിയ ഭൗതിക വസ്തുക്കളുടെ പ്രയോജനങ്ങളോട് ഇന്നത്തെ പല ആഫ്രിക്കക്കാരും നന്ദിയുള്ളവരാണെന്നു മനസ്സിലാക്കാവുന്നതാണ്. ആഡ്രിയൻ ഹേസ്ററിങ്സ് അഭിപ്രായപ്പെടുന്നതുപോലെ: “മിഷനറിമാരെയും സഭകളെയും അങ്ങേയററം വിമർശിക്കുമ്പോൾ പോലും സെക്കണ്ടറി വിദ്യാഭ്യാസത്തിന് അവർ നൽകിയ സംഭാവനയോടുള്ള കൃതജ്ഞത പ്രകടിപ്പിക്കാൻ ആഫ്രിക്കയിലെ രാഷ്ട്രീയക്കാർ മറക്കാറില്ല.”
‘നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ . . .’
ഹേസ്ററിങ്സ് പറയുന്നതനുസരിച്ച് സമീപകാല നൂററാണ്ടുകൾവരെ “സ്ഥായിയായ നേട്ടം കൈവരിക്കാൻ ക്രിസ്ത്യാനിത്വം പരാജയപ്പെട്ട ഒരു ഭൂഖണ്ഡം” ആയിരുന്നു ആഫ്രിക്ക. വാസ്തവത്തിൽ, 18-ാം നൂററാണ്ടിന്റെ പകുതി ആയപ്പോഴേക്കും കത്തോലിക്കാ മിഷനറി സംഘങ്ങൾ പൂർണമായും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു, “അത്ര വമ്പിച്ച അളവിലുള്ള പരാജയം” എങ്ങനെ സാധ്യമായി എന്നു ചോദിക്കാൻ അതു ഗ്രന്ഥകാരനായ ജെ. ഹെർബർട്ട് കേയ്നിനെ പ്രേരിപ്പിച്ചു. ഒരു സംഗതി, മിഷനറിമാരുടെ ഇടയിലെ മരണനിരക്ക് ഉയർന്നതായിരുന്നു എന്നതാണ്. മറെറാരു ഘടകം, അടിമക്കച്ചവടത്തിൽ പോർച്ചുഗലിനുണ്ടായിരുന്ന പങ്കായിരുന്നു. കത്തോലിക്കാ മിഷനറിമാർ എല്ലാവരും പോർച്ചുഗീസുകാരായിരുന്നതുകൊണ്ട് “ക്രിസ്തീയമതത്തിനു പ്രതികൂലമായ ഒരു പ്രതികരണമാണു ലഭിച്ചത്.” എന്നാൽ “ഏറെ പ്രസക്തമായിരുന്നത്, ഒരുപക്ഷേ ഏറെ ശക്തമായിരുന്നത് ഉപരിപ്ലവമായ മിഷനറി പ്രവർത്തനരീതികളായിരുന്നു, അവ തിടുക്കത്തിലുള്ള ‘മതപരിവർത്തനങ്ങ’ളിലും കൂട്ടസ്നാപനങ്ങളിലും കലാശിച്ചു” എന്നു കേയ്ൻ കൂട്ടിച്ചേർക്കുന്നു.
ആഫ്രിക്കക്കാരുടെ മതങ്ങളുടെ സ്ഥാനത്ത് മിഷനറിമാരുടെ തത്ത്വങ്ങളെ പ്രതിഷ്ഠിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിൽ ക്രൈസ്തവലോകത്തിലെ മിഷനറിമാർ പരാജയപ്പെട്ടു. മതപരിവർത്തനത്തിന്റെ അർഥം മതപരമായ ലേബലുകൾ മാററുക എന്നതായിരുന്നു, എന്നാൽ അവശ്യം വിശ്വാസങ്ങൾക്കോ നടത്തയ്ക്കോ മാററം വരുത്തുക എന്നതായിരുന്നില്ല. നേററൽ യൂണിവേഴ്സിററിയിലെ എലനോർ എം. പ്രെസ്ററൺ-ഹ്വൈററ് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “പ്രപഞ്ചസംബന്ധമായ സുളു ആശയങ്ങൾ കുടിലമായ അനേകം മാർഗങ്ങളിൽ സുളു ക്രിസ്തീയ ചിന്തയോടു ചേർക്കപ്പെട്ടിട്ടുണ്ട്.” ആധുനിക ആഫ്രിക്കൻ മതങ്ങൾ “പരമ്പരാഗതമായ ആഫ്രിക്കൻ മതത്തിന്റെ ഘടകങ്ങളെ പുതുതായി വന്ന മതങ്ങളായ ക്രിസ്ത്യാനിത്വവും ഇസ്ലാംമതവുമായി കൂട്ടിക്കലർത്തുന്നു” എന്ന് സാൻഡിയാഗോയിലുള്ള കാലിഫോർണിയ യൂണിവേഴ്സിററിയിലെ ബെനററ ജൂൾസ്-റോസെററ് പറയുന്നു.
സങ്കീർത്തനം 119:130 പറയുന്നതനുസരിച്ച്, “നിന്റെ [ദൈവത്തിന്റെ] വചനങ്ങളുടെ വികാശനം [“അറിയിക്കൽ,” NW] പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാൻമാരാക്കുന്നു.” ദൈവവചനം അറിയിക്കുന്നതിനു മുൻഗണന കൊടുക്കാൻ ക്രൈസ്തവലോകത്തിലെ മിഷനറിമാർ പൊതുവേ പരാജയപ്പെട്ടതുകൊണ്ട് എന്തുതരം വെളിച്ചമാണ് അവർക്കു നൽകാൻ കഴിഞ്ഞത്? അനുഭവപരിചയമില്ലാത്തവർ അറിവില്ലായ്മയിൽ തുടർന്നു.
കഴിഞ്ഞ നൂററാണ്ടുകളിൽ ക്രൈസ്തവലോകത്തിലെ മിഷനറിമാർ നൽകിയ “വെളിച്ചം” അതായത് അവരുടെ “സത്പ്രവൃത്തികൾ” അന്ധകാരം നിറഞ്ഞ ഒരു ലോകത്തുനിന്നു വന്നതാണ്. അവരുടെ അവകാശവാദങ്ങൾ എല്ലാമുണ്ടായിരുന്നിട്ടും അവർ വെളിച്ചം ചൊരിയുകയായിരുന്നില്ല. യേശു ഇങ്ങനെ പറഞ്ഞു: “നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ടു എത്ര വലിയതു!”—മത്തായി 6:23.
ഇതിനിടെ പുതിയ ലോകമായ അമേരിക്കകളിലെ മിഷനറിമാരുടെ അവസ്ഥ എന്തായിരുന്നു? ഞങ്ങളുടെ ഈ പരമ്പരയിലെ അഞ്ചാം ഭാഗം അതിനുള്ള ഉത്തരം നൽകും.
[25-ാം പേജിലെ ചിത്രം]
തങ്ങളുടെ വേലയിൽ ഏർപ്പെട്ടിരിക്കെ ചില മിഷനറിമാർ സ്വന്തം ജീവൻ പോലും ഹോമിച്ചു
[കടപ്പാട്]
From the book Die Heiligkeit der Gesellschaft Jesu
[26-ാം പേജിലെ ചിത്രം]
ക്രൈസ്തവലോകത്തിലെ ലിവിങ്സ്ററണിനെപ്പോലുള്ള മിഷനറിമാർ മതപ്രചാരണത്തിനു മുന്തിയ പ്രാധാന്യം കൊടുത്തില്ല
[കടപ്പാട്]
From the book Geschichte des Christentums