“ഇനി മിയയും യഹോവയും മാത്രം”
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറെറാന്ന് മേയ് ആയപ്പോഴേക്കും എന്തോ കുഴപ്പമുണ്ടെന്ന് എന്റെ ശരീരം മുന്നറിയിപ്പു നൽകിയിരുന്നു. വളരെ ദൂരം നടക്കുകയോ ദീർഘദൂരം സൈക്കിൾ ചവിട്ടുകയോ ചെയ്തുകഴിയുമ്പോൾ, കൈകാലുകളിൽ കടുത്ത വേദന അനുഭവപ്പെടുകയും സന്ധികൾക്കു വീക്കംവെക്കുകയും ചെയ്യുമായിരുന്നു. 1991 ജൂലൈയിൽ എന്റെ സഹോദരൻമാരിൽ ഒരാളുടെ വിവാഹത്തിനു ഞാൻ സംബന്ധിച്ച സമയത്ത് എനിക്ക് അസുഖമുണ്ടായി. അതേത്തുടർന്നു മിക്കസമയവും ഞാൻ കിടപ്പിലായി, എന്റെ മുഖത്തും ദേഹത്തും വിചിത്രമായ ചുവന്ന പാടുകൾ കാണപ്പെട്ടുതുടങ്ങി.
അമ്മ എന്നെ ഒരു ഡോക്ടറുടെ അടുക്കൽ കൊണ്ടുപോയി, അദ്ദേഹം നോർവേയിൽ ആസ്കിമിലെ ഞങ്ങളുടെ വീടിനടുത്തുള്ള ഒരു ആശുപത്രിയിൽ എന്നെ വേഗം കൊണ്ടെത്തിച്ചു. രോഗപരിശോധനയിൽ വൃക്കയുടെ പ്രവർത്തനം കുറഞ്ഞതായും രക്തസമ്മർദം കൂടിയതായും കണ്ടെത്തി. എന്റെ ഹീമോഗ്ലോബിന്റെ അളവ് ഡെസിലിറററിന് 7.3 ഗ്രാം മാത്രമായിരുന്നു, സാധാരണ അളവ് 11.5-നും 16-നും ഇടയിലാണ്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുറേക്കൂടെ വലിയൊരു ആശുപത്രിയിലേക്ക് എന്നെ മാററി, വൃക്കരോഗങ്ങൾക്കു ചികിത്സിക്കുന്നതിന് അവിടെ ഒരു പ്രത്യേക വാർഡുണ്ടായിരുന്നു. അനേകം രക്തപരിശോധനകളുടെ ഫലങ്ങൾ കണ്ടശേഷം എന്റെ രോഗം സിസ്ററമിക് ലൂപ്പസ് എരിത്തമറേറാസസ് ആണെന്നും രക്തത്തെയും വൃക്കയിലെ പേശികളെയും ആക്രമിക്കുന്ന ആൻറിബോഡികൾ എന്റെ ശരീരത്തിലെ പ്രതിരോധ സംവിധാനം ഉത്പാദിപ്പിക്കുന്നുവെന്നുമുള്ള നിഗമനത്തിലാണു ഡോക്ടർ എത്തിച്ചേർന്നത്. എനിക്കു കോർട്ടിക്കോ സ്ററിറോയ്ഡ്സും കീമോതെറാപ്പിയും തന്നു.
ഈ രോഗവും ചികിത്സയും രക്തത്തിന്റെ അളവു കുറയ്ക്കുന്നതിനാൽ രക്തപ്പകർച്ച നടത്തുന്ന കാര്യം ഒരു വിവാദവിഷയമായിത്തീർന്നു. ഞാൻ ശക്തി മുഴുവൻ സംഭരിച്ച് ഇങ്ങനെ പറഞ്ഞു: “സമർപ്പിച്ച് സ്നാപനമേററ ഒരു സാക്ഷിയാണു ഞാൻ, എനിക്കു രക്തം വേണ്ട.” (ഉല്പത്തി 9:4; പ്രവൃത്തികൾ 15:28, 29) അതിനുശേഷം, ഡോക്ടർ രഹസ്യമായി എന്റെ അമ്മയോടു സംസാരിച്ചു, രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സകൾ അവലംബിക്കാൻ ഞങ്ങൾക്കിഷ്ടമാണെന്ന് അമ്മ വിശദീകരിച്ചു. എന്റെ നിലപാടിനെ ആദരിക്കാൻ ഒരുക്കമാണെന്നും കഴിവിന്റെ പരമാവധി എന്നെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ രേഖയുടെ ഒരു പകർപ്പ് ഞങ്ങൾക്കു പിന്നീട് ലഭിച്ചു. അതിലിങ്ങനെ പറയുന്നു: “ഈ രോഗി വേണ്ടത്ര പ്രായവും സുബോധവും അറിവും ഉള്ളവളാണ്. അതുകൊണ്ട്, ഈ രോഗിയുടെ വീക്ഷണത്തെ ആദരിക്കേണ്ടത് ആവശ്യമാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.” അതിങ്ങനെയും പ്രസ്താവിക്കുന്നു: “അവൾക്കു മരണം സംഭവിച്ചാൽപ്പോലും രക്തം സ്വീകരിക്കാതിരിക്കാനുള്ള രോഗിയുടെ തീരുമാനത്തെ ആദരിക്കാൻ ഈ ആശുപത്രി വാർഡ് ഉറച്ചിരിക്കുകയാണ്.”
വൈദ്യ ചികിത്സ
തുടർന്നുവന്ന ദിവസങ്ങളിൽ, രക്തസമ്മർദം കുറയ്ക്കുകവഴി വൃക്കകളിൻമേലുള്ള ആയാസം ലഘൂകരിക്കാൻ പലതരം ചികിത്സകൾ പരീക്ഷിച്ചുനോക്കി. ചികിത്സ താങ്ങാൻ എന്റെ ശരീരത്തിനു കരുത്തുണ്ടായിരുന്നില്ല, ആ സമയത്തു തുടരെത്തുടരെ ഛർദിക്കുന്നതു മാത്രമാണ് ഞാനോർക്കുന്നത്. എനിക്ക് ഇടയ്ക്കിടയ്ക്കു വിഷാദമനുഭവപ്പെട്ടു, മിക്കപ്പോഴും എന്റെ മാതാപിതാക്കളും ഞാനും സഹായത്തിനും ശക്തിക്കുമായി യഹോവയോടുള്ള പ്രാർഥനയിൽ മുഴുകി. ആശുപത്രിയിൽ ഒരു മാസം കിടന്നതിനുശേഷം ഒരു വാരാന്തക്കാലത്തേക്കു വീട്ടിൽ പോകാൻ എനിക്ക് അനുവാദം ലഭിച്ചു. പിന്നീട്, രണ്ടാമത്തെ പ്രാവശ്യം ആശുപത്രിയിൽനിന്നു വിട്ടുനിൽക്കുമ്പോൾ എനിക്ക് ശക്തമായ അപസ്മാരരോഗമുണ്ടായി, തുടർന്നു ശക്തികുറഞ്ഞ തോതിൽ നാല് പ്രാവശ്യവും. രോഗം എന്റെ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുകയായിരുന്നു. സമയം പാഴാക്കാതെ എന്നെ ആശുപത്രിയിൽ എത്തിച്ചു.
പകരചികിത്സ നടത്താനാണു ഡോക്ടർമാർ തീരുമാനിച്ചത്. രക്തത്തിൽനിന്നു പ്ലാസ്മ വേർതിരിച്ചെടുക്കുകവഴി എന്റെ രക്തകോശങ്ങളെയും നാഡീകലകളെയും ആക്രമിക്കുന്ന ആൻറിബോഡികൾ നീക്കം ചെയ്തു. എന്നിട്ട് എനിക്ക് ആൽബുമിൻ ചേർത്ത റിങ്ങേഴ്സ് സൊല്യൂഷന്റെ ഇൻജക്ഷൻ തന്നു. ഡോക്ടർമാർ ഈ ചികിത്സയെക്കുറിച്ച് എന്നോടു ചർച്ച ചെയ്തിരുന്നു, ആ ചികിത്സ നടത്താനുള്ള ലിഖിതാനുവാദവും ഞാനവർക്കു കൊടുത്തു.a ആ ചികിത്സ നടത്തിയിട്ടും എന്റെ അവസ്ഥ വഷളായി. ഇമ്മ്യൂണോഗ്ലോബുലിൻസ് ഉപയോഗിച്ചു ചികിത്സിക്കാനുള്ള അനുവാദവും ഞാനവർക്കു നൽകി, എന്നാൽ അവർ അപ്പോഴവ ഉപയോഗിച്ചില്ല.b
എന്റെ വൃക്കകളുടെ പ്രവർത്തനം വളരെയധികം കുറഞ്ഞുപോയി. എന്റെ സീറം ക്രിയേററിനിൻ 682 ആയിരുന്നു, സാധാരണയുള്ളത് 55 മുതൽ 110 വരെയാണ്. രക്തസമ്മർദം ഉയർന്നുതന്നെ നിന്നു, ഹീമോഗ്ലോബിൻ ഡെസിലിറററിന് 5 ഗ്രാമിനും 6 ഗ്രാമിനും ഇടയിലായിരുന്നു. ഒരു ദിവസം ക്യുബിക് മില്ലിമീററർ രക്തത്തിലെ പ്ലേററ്ലെററ്സിന്റെ എണ്ണം 17,000 ആയിരുന്നു, (സാധാരണമായി കാണാറുള്ളത് 1,50,000 മുതൽ 4,50,000 വരെയാണ്) ഇതു രക്തവാർച്ച ഉണ്ടാകാനുള്ള അപകടസാധ്യത വർധിപ്പിച്ചു. ഭാഗ്യകരമെന്നു പറയട്ടെ, പ്ലേററ്ലെററ്സിന്റെ എണ്ണം പെട്ടെന്നുതന്നെ വർധിക്കാൻ തുടങ്ങി. ഒരു ദിവസം കൂടി കഴിഞ്ഞപ്പോൾ അതിന്റെ സംഖ്യ 31,000 ആയി വർധിച്ചു. വർധനവു തുടർന്നുകൊണ്ടിരുന്നു.
സ്നേഹപുരസ്സരമായ പിന്തുണ
നോർവേയിലുടനീളമുള്ള സ്നേഹസമ്പന്നരായ ക്രിസ്തീയ സഹോദരീസഹോദരൻമാരിൽനിന്ന് എനിക്കു ലഭിച്ച പൂക്കളും കത്തുകളും കാർഡുകളും ടെലഫോൺ കോളുകളും ആശുപത്രി അധികൃതരിൽ മതിപ്പുളവാക്കി. ഒരു 18-വയസ്സുകാരിക്ക് ഇത്രയധികം സ്നേഹിതരുണ്ടായിരിക്കാൻ എങ്ങനെ കഴിയുമെന്ന് അവർ ആശ്ചര്യപ്പെട്ടു. നമ്മുടെ ക്രിസ്തീയ പ്രത്യാശയെയും യഹോവയുടെ സ്നേഹപുരസ്സരമായ സ്ഥാപനത്തെയും കുറിച്ച് അവരോടു പറയാനുള്ള ഒരവസരം ഇതു ഞങ്ങൾക്കു പ്രദാനം ചെയ്തു.—യോഹന്നാൻ 5:28, 29; വെളിപ്പാടു 21:3, 4.
ഇതിനിടയിൽ, ലൂപ്പസ് ചികിത്സയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ യഹോവയുടെ സാക്ഷികളുടെ ആശുപത്രി ഏകോപന സമിതി കഠിനശ്രമം ചെയ്യുകയായിരുന്നു. ജപ്പാനിലെ ഒരു മെഡിക്കൽ പത്രികയിൽ അച്ചടിച്ചുവന്നിരുന്ന ഒരു ലേഖനം ഞങ്ങളുടെ നോർവീജിയൻ ബ്രാഞ്ച് ഓഫീസിൽനിന്നു ഞങ്ങൾക്കു ലഭിച്ചു. സിസ്ററമിക് ലൂപ്പസ് എരിത്തമറേറാസസിന്റെ രണ്ടു സങ്കീർണ കേസുകൾ അതു വിശദീകരിച്ചു, രണ്ടു യുവസ്ത്രീകളിൽ ഇമ്മ്യൂണോഗ്ലോബുലിൻസ് പ്രയോഗിച്ചുനോക്കി നല്ല ഫലങ്ങൾ കണ്ടിരുന്നു. ഡോക്ടർമാരുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിൽ എന്റെ കാര്യത്തിൽ ആ വിവരം സഹായിക്കുമോ എന്നറിയാൻ ആ ലേഖനം വായിച്ചുനോക്കാൻ മാതാപിതാക്കൾ അവരോട് ആവശ്യപ്പെട്ടു. എന്തു ചെയ്യണമെന്നതു സംബന്ധിച്ച് ഡോക്ടർമാരുടെ അഭിപ്രായങ്ങൾ യോജിപ്പുള്ളതായിരുന്നില്ല. ഉദാഹരണത്തിന്, ഇമ്മ്യൂണോഗ്ലോബുലിൻസ് ഉപയോഗിച്ചുള്ള ചികിത്സയുടെ പാർശ്വഫലങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ കുറവായിരുന്നതിനാൽ ഉത്കണ്ഠയുണ്ടായിരുന്നു.
രക്തം സ്വീകരിക്കാനുള്ള സമ്മർദം
അപ്പോഴേക്കും ഞാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ട് ഏതാണ്ട് എട്ടാഴ്ച പിന്നിട്ടിരുന്നു. ഒരു രാത്രിയിൽ എനിക്കു കടുത്ത വയറുവേദന അനുഭവപ്പെട്ടു, ആന്തരിക രക്തവാർച്ചയുടെ ഫലമായി മലത്തോടൊപ്പം രക്തവുമുണ്ടായിരുന്നു. ഒരു സർജനുമായി ബന്ധപ്പെട്ടു. എനിക്ക് അടിയന്തിര ശസ്ത്രക്രിയയും രക്തവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു, അല്ലാത്തപക്ഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞാൻ മരിക്കുമത്രേ. എന്റെ സഹോദരി അടുത്ത് ഇരിപ്പുണ്ടായിരുന്നു, രക്തം സ്വീകരിക്കാൻ എന്നെക്കൊണ്ടു സമ്മതിപ്പിക്കാൻ സർജൻ എന്റെ സഹോദരിയോടു പറഞ്ഞു, അല്ലെങ്കിൽ എന്റെ മരണത്തിന് അവൾ ഉത്തരവാദിയാകുമത്രേ. ഇതെന്നെ ദേഷ്യപ്പെടുത്തി, കാരണം രക്തപ്പകർച്ച നിരസിക്കാനുള്ള തീരുമാനം എന്റെ സ്വന്തമായിരുന്നു.
ആ തീരുമാനം എന്റെ സ്വന്തമാണെന്നും രക്തം നിരസിക്കുന്നതിന്റെ പരിണതഫലങ്ങൾ എന്തായിരിക്കുമെന്നു ഡോക്ടർമാർ വിശ്വസിച്ചിരുന്നത് പൂർണമായി എനിക്കറിയാമായിരുന്നു എന്നും ഉറപ്പു വരുത്താൻ ഞാൻ തനിച്ചുള്ളപ്പോൾ എന്നോടു സംസാരിക്കാൻ അവരാഗ്രഹിച്ചു. ഞാൻ എന്റെ മനസ്സു മാററാൻ പോകുന്നില്ലെന്ന് 15 മിനിററ് കഴിഞ്ഞപ്പോൾ അവർക്കു ബോധ്യമായി. ഓപ്പറേഷൻ നടത്തുന്നതിനു പകരം രോഗത്തെ ചെറുത്തുനിൽക്കാനുള്ള ആൻറിബയോട്ടിക്സ് അവർ എന്നിൽ പ്രയോഗിച്ചുനോക്കി.
ഡോക്ടർമാരുമായി ചർച്ച നടത്തിയതിന്റെ പിറേറ ദിവസം, സെപ്ററംബർ 30-ന്, എന്റെ ഹീമോഗ്ലോബിന്റെ അളവ് 6.5-ൽനിന്ന് 3.5 ആയി താണു. എന്നെ ഇൻറൻസീവ് കെയർ യൂണിററിലേക്കു മാററി. ഞാൻ വളരെ അവശയായിപ്പോയിരുന്നു, അതുകൊണ്ട് ഓക്സിജൻ ലഭിക്കുന്നതിന് മുഖത്ത് ഒരു മാസ്ക് ധരിക്കേണ്ടതുണ്ടായിരുന്നു. ഈ നിർണായക ഘട്ടത്തിന്റെ എല്ലാ സമയത്തുംതന്നെ ഞാൻ ഏറെക്കുറെ ബോധമുള്ളവളായിരുന്നെങ്കിലും, എനിക്കൊന്നും ഓർക്കാൻ കഴിയുന്നില്ല. അതുകൊണ്ട്, അടുത്ത ഏതാനും ദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങൾ എന്റെ കുടുംബവും രണ്ടു ക്രിസ്തീയ മൂപ്പൻമാരും പിന്നീട് എന്നോടു വിവരിച്ചു.
എന്റെ ജീവൻ തുലാസ്സിൽ
ഈ സമയത്ത് ഇമ്മ്യൂണോഗ്ലോബുലിൻസ് ഇൻജക്ഷൻ ഞരമ്പിലേക്കു കുത്തിവെച്ചുനോക്കാൻ ഡോക്ടർമാർ സമ്മതിച്ചു. ഒക്ടോബർ 9 മുതൽ 11 വരെ, ദിവസം ആറ് ഗ്രാം ഇമ്മ്യൂണോഗ്ലോബുലിൻസ് വീതം ഒരു ഡോസ് എനിക്കു തന്നു. മലമൂത്രവിസ്സർജനം നിയന്ത്രിക്കാൻ എനിക്കു കഴിയാതായി, നേഴ്സുമാർ നിരന്തരം എന്റെ കിടക്കവിരികൾ മാററിക്കൊണ്ടിരുന്നു. എന്റെ ഹീമോഗ്ലോബിൻ അളവു കുറഞ്ഞുകൊണ്ടിരുന്നു. മെഡിക്കൽ രേഖ ഇങ്ങനെ പറയുന്നു: “പരിശോധിക്കപ്പെട്ട അവളുടെ ഏററവും താഴ്ന്ന ഹീമോഗ്ലോബിൻ അളവ് 1.4 ആയിരുന്നു, അതിനുശേഷം അവൾ രക്തം കലർന്ന മലം വിസ്സർജിക്കാൻ തുടങ്ങി. പിന്നീട് ഹീമോഗ്ലോബിന്റെ അളവ് നോക്കേണ്ടതില്ലെന്നു തീരുമാനിച്ചു. ആ സമയത്ത് അവൾ അക്ഷരാർഥത്തിൽ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു.”
ഞാൻ സുഖം പ്രാപിക്കുമെന്നുള്ള എല്ലാ പ്രതീക്ഷകളും ഡോക്ടർമാർ കൈവെടിഞ്ഞിരുന്നു, അതിജീവിച്ചാൽത്തന്നെ എനിക്കു മസ്തിഷ്കക്ഷതം സംഭവിക്കുമെന്നും ഭാഗികമായി തളർന്നുപോകുമെന്നും അവർ പ്രസ്താവിച്ചു. ഇനി യാതൊന്നും ചെയ്യാൻ സാധ്യമല്ലെന്ന് അവർക്ക് ഉറപ്പായിരുന്നു, അതുകൊണ്ട് ഒക്ടോബർ 12-ാം തീയതി സജീവമായ എല്ലാ ചികിത്സകളും നിർത്തി ലായനികൾ മാത്രം നൽകാൻ തീരുമാനിച്ചു. ചെറുത്തുനിൽക്കുന്നതിൽ തുടരാൻ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന എന്റെ പിതാവ് എന്റെ കിടക്കയ്ക്കരികെ ഇരിപ്പുണ്ടായിരുന്നു, അദ്ദേഹം പറഞ്ഞു: “ഇനി മിയയും യഹോവയും മാത്രം.”
ഈ നിർണായക ഘട്ടത്തിൽ സഭയിൽനിന്നുള്ള ആരെങ്കിലുമൊരാൾ എന്റെ കുടുംബത്തോടൊപ്പം കിടക്കയ്ക്കരികെ ഉണ്ടായിരുന്നു. അവരിലൊരാൾ ഇങ്ങനെ വിശദീകരിച്ചു: “ഒക്ടോബർ 12, ശനിയാഴച വൈകുന്നേരം, മിയ പിറേറന്ന് നേരം വെളുപ്പിക്കുമെന്ന് ആരും വിശ്വസിച്ചില്ല. എന്നാൽ ഞായറാഴ്ച പ്രഭാതമായപ്പോഴും അവൾ ജീവനോടിരിപ്പുണ്ടായിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ അവൾ ശക്തമായി ശ്വാസം വലിക്കാൻ തുടങ്ങി, അത് അന്ത്യമായിരിക്കുമെന്ന് എല്ലാവരും കരുതി. കുടുംബാംഗങ്ങൾ മുഴുവനും കിടക്കയ്ക്കരുകിൽ ഒന്നിച്ചുകൂടി. അവൾ ആഴമായി ഉള്ളിലേക്കു ശ്വാസം വലിച്ചു, അപ്പോൾ അവൾ മരിച്ചതുപോലെ തോന്നി, എന്നാൽ കുറെ കഴിഞ്ഞപ്പോൾ അവൾ നിശ്വസിച്ചു. ഏതൊരു മാതാപിതാക്കൾക്കും സഹിക്കാൻ കഴിയുന്ന ഏററവും വലിയ വേദന അവളുടെ മാതാപിതാക്കൾ സഹിച്ചു—അവരുടെ പ്രിയപ്പെട്ട മോൾ സാവധാനം മരിക്കുന്നത്. ഞങ്ങളെല്ലാവരും പ്രാർഥനയിൽ യഹോവയിങ്കലേക്കു തിരിയണമെന്ന് അവളുടെ പിതാവ് പറഞ്ഞു. അതിനുശേഷം ശാന്തമായി ഞങ്ങൾ സംസാരിച്ചു, മിയ അധികം സഹിക്കേണ്ടി വരികയില്ല എന്നു പ്രതീക്ഷിച്ചുകൊണ്ട്.
“പക്ഷേ, മിയ മരിച്ചില്ല. ഇതുപോലൊന്ന്—ഹീമോഗ്ലോബിൻ അത്രയധികം കുറഞ്ഞുപോയിട്ടും ഒരുവൻ ജീവിക്കുന്നത്—ഡോക്ടർമാരും നേഴ്സുമാരും ഒരിക്കലും കണ്ടിരുന്നില്ല. രക്തവാർച്ച നിലച്ചു, അതുകൊണ്ട് അവസ്ഥ വഷളായില്ല. ഞായറാഴ്ച രാത്രി കടന്നുപോയി, മിയ അപ്പോഴും ജീവനോടിരുന്നു.”
ഒരു വഴിത്തിരിവ്
ഒക്ടോബർ 14-ാം തീയതി, തിങ്കളാഴ്ച പ്രഭാതം. ഒരു ഡോക്ടർ എന്നെ കാണാൻ വന്നു. ഞാൻ മയക്കത്തിലായിരുന്നതിനാൽ സംഭവം എന്താണെന്ന് ഓർക്കുന്നില്ല. ഡോക്ടർ എന്റെ കിടക്കയ്ക്കരുകിൽ നിന്നു, അപ്പോൾ അമ്മ പറഞ്ഞു: “സുപ്രഭാതം ആശംസിക്കാനാണു ഡോക്ടർ വന്നിരിക്കുന്നത്.” പ്രതികരണമെന്നോണം, നന്നായി കേൾക്കാവുന്ന വിധത്തിൽ ഞാൻ “ഹലോ” പറഞ്ഞു. അതു പ്രതീക്ഷിക്കാതിരുന്ന അദ്ദേഹം അമ്പരന്നുപോയി, വികാരാധീനനാവുകയും ചെയ്തു.
എന്റെ മസ്തിഷ്കത്തിനു കുഴപ്പമൊന്നും സംഭവിച്ചില്ല, എനിക്കു തളർച്ച ബാധിച്ചുമില്ല. ചികിത്സ തുടർന്നു. എരിത്രോപൊയററിനും അയൺ ഡെക്സ്ട്രാനും എന്റെ ഞരമ്പിലേക്കു കുത്തിവെച്ചു, കൂടാതെ ദിവസവും രണ്ടു ഡോസ് ഇമ്മ്യൂണോഗ്ലോബുലിൻസും. സാവധാനം എന്റെ അവസ്ഥ മെച്ചപ്പെട്ടു. ഒക്ടോബർ 16-ന് എന്റെ ഹീമോഗ്ലോബിന്റെ അളവ് 2.6 ആയിരുന്നത് 17-ാം തീയതി 3.0 ആയി ഉയർന്നു. എന്റെ അവസ്ഥ മെച്ചപ്പെട്ടുകൊണ്ടിരുന്നു. നവംബർ 12-ാം തീയതി എന്നെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്തു, അപ്പോൾ എന്റെ ഹീമോഗ്ലോബിന്റെ അളവ് 8.0 ആയിരുന്നു.
എന്റെ ചുവന്ന രക്താണുക്കൾ നശിച്ചുകൊണ്ടിരുന്നത് എന്തുകൊണ്ടു നിലച്ചുവെന്നോ ഹീമോഗ്ലോബിന്റെ അളവ് ത്വരിതഗതിയിൽ എന്തുകൊണ്ട് വർധിച്ചുവെന്നോ ഞങ്ങൾക്കറിയില്ല. ഇമ്മ്യൂണോഗ്ലോബുലിൻസ്, എരിത്രോപൊയററിൻ, അയൺ ഡെക്സ്ട്രാൻ എന്നിവ കുത്തിവെച്ചത് ഒരു മുഖ്യ പങ്കു വഹിച്ചുവെന്നതു വ്യക്തമാണ്. 1992 മേയ് ആദ്യ ഘട്ടത്തോടെ ഹീമോഗ്ലോബിന്റെ അളവ് 12.3 എന്ന സാധാരണ അളവിലെത്തി, അതു സാധാരണ അളവിൽത്തന്നെ തുടർന്നിരിക്കുന്നു.
എന്റെ അവസ്ഥ നിയന്ത്രണാധീനമാക്കി നിർത്താനുള്ള ചികിത്സയിലാണ് ഞാനിപ്പോൾ, എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല. 1992 നവംബർ 28-ന് ഞാനൊരു സഹ ക്രിസ്ത്യാനിയെ വിവാഹം ചെയ്തു, ഇപ്പോൾ ഞങ്ങളൊന്നിച്ചു യഹോവയെ സേവിക്കുന്നു. എന്റെ രോഗവും അതുപോലെ രക്തം സംബന്ധിച്ച യഹോവയുടെ നിയമം അനുസരിക്കുന്നതും എന്നെ യഹോവയോടു കൂടുതൽ അടുത്തു കൊണ്ടുവന്നിരിക്കുന്നു. സകല നിത്യതയിലും പൂർണ ശക്തിയോടെ യഹോവയെ സേവിക്കാൻ വേണ്ടി ഞാൻ നോക്കിപ്പാർത്തിരിക്കുന്നു.—മിയ ബയോൻഡൽ പറഞ്ഞപ്രകാരം.
[അടിക്കുറിപ്പുകൾ]
a ഇത് പ്ലാസ്മാഫെറിസിസ് എന്നാണ് അറിയപ്പെടുന്നത്, ഈ പ്രക്രിയയിൽ രക്തം ശരീരത്തിനു വെളിയിലൂടെ കടത്തിവിടുന്നത് ഉൾപ്പെടുന്നുണ്ട്. 1989 മാർച്ച് 1 (ഇംഗ്ലീഷ്) വീക്ഷാഗോപുരത്തിന്റെ 30, 31 പേജുകളിൽ ചർച്ച ചെയ്തിരുന്നതുപോലെ ഈ രീതി ഉപയോഗിക്കണോ എന്ന തീരുമാനം വ്യക്തിയുടെ മനസ്സാക്ഷിക്കു വിട്ടിരിക്കുന്നു.
b 1990 ജൂൺ 1 (ഇംഗ്ലീഷ്) വീക്ഷാഗോപുരത്തിന്റെ 30, 31 പേജുകളിൽ ചർച്ച ചെയ്തിരുന്നതുപോലെ രക്തത്തിന്റെ ചെറിയൊരംശം അടങ്ങുന്ന ഇമ്മ്യൂണോഗ്ലോബുലിൻസ് ഉപയോഗിക്കാനുള്ള തീരുമാനവും വ്യക്തിയുടെ മനസ്സാക്ഷിക്കു വിട്ടിരിക്കുന്നു.