ഹബിൾ പ്രശ്നം—അതെങ്ങനെ പര്യവസാനിച്ചു?
‘എന്ത് ഹബിൾ പ്രശ്നം?’ നിങ്ങൾ ചോദിച്ചേക്കാം. എച്ച്എസ്റ്റി (ഹബിൾ ബഹിരാകാശ ദൂരദർശിനി) പ്രശ്നത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്—1990-ൽ ദൃശ്യവൈകല്യം സംഭവിച്ചെന്നു പെട്ടെന്നു വെളിപ്പെട്ട, (160 കോടിയിലധികം ഡോളർ വരുന്ന) വിലപിടിപ്പുള്ള, പ്രപഞ്ചത്തെ നിരീക്ഷിക്കുന്ന സങ്കീർണ നേത്രം.
“സാധ്യതയനുസരിച്ച് ഇതുവരെ നിർമിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും സങ്കീർണമായ ശാസ്ത്രീയ ഉപഗ്രഹം” ഹബിൾ ബഹിരാകാശ ദൂരദർശിനിയാണെന്ന് ബാൾട്ടിമോറിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഡോ. ആർ. ഡബ്ലിയു. സ്മിത്ത് അന്തർദേശീയ ജ്യോതിശ്ശാസ്ത്ര എൻസൈക്ലോപീഡിയയിൽ (ഇംഗ്ലീഷ്) പറയുന്നു.a “ബഹിരാകാശത്തിൽ സ്ഥാപിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും വലുതും സങ്കീർണവും ശക്തിയേറിയതുമായ വാനനിരീക്ഷണശാല” എന്നാണ് ഹബിൾ യുദ്ധങ്ങൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ എറിക്ക് ചാസോൺ വർണിക്കുന്നത്. അദ്ദേഹം ജ്യോതിശ്ശാസ്ത്ര (ഇംഗ്ലീഷ്) മാസികയിലും ഇങ്ങനെ പ്രസ്താവിക്കുന്നു: “അതിന് ദിവസവും ആജ്ഞ കൊടുക്കുന്നതിനും അതിനെ നിയന്ത്രിക്കുന്നതിനുമായി കമ്പ്യൂട്ടർ കോഡിന്റെ 40 ലക്ഷം ലൈനുകൾ ആവശ്യമാണ്. സൈനികേതര ലോകത്തെ ഏറ്റവും നീളംകൂടിയ കോഡുകളിലൊന്നായ ഇതു ഹബിളിന്റെ ഉയർന്ന സങ്കീർണതക്കു സാക്ഷ്യമാണ്.” ഈ നിരീക്ഷണശാല ഭൂമിയിൽനിന്ന് ഏതാണ്ട് 615 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്നു. അതുകൊണ്ടു പ്രകാശത്തിനു രൂപവ്യതിയാനം വരുത്തുന്ന ഭൗമാന്തരീക്ഷത്തിൽനിന്നു വളരെ അകലെയാണ് അത്.
“പ്രകാശശാസ്ത്ര നിയമങ്ങൾ, അതിന്റെ ദർപ്പണങ്ങളുടെ സവിശേഷത, എച്ച്എസ്റ്റിയെ എത്ര കൃത്യമായും സ്ഥിരമായും അതിന്റെ ലക്ഷ്യകേന്ദ്രങ്ങളിലേക്ക് നയിക്കാൻ കഴിയും എന്നീ കാര്യങ്ങളാൽ മാത്രമേ അതിന്റെ പ്രതിബിംബങ്ങളുടെ വൈശിഷ്ട്യം . . . നിർണയിക്കപ്പെടുകയുള്ളൂ” എന്ന് വിക്ഷേപണത്തിനുമുമ്പു ഡോ. സ്മിത്ത് പ്രസ്താവിക്കുകയുണ്ടായി. തന്റെ വാക്കുകൾ എത്ര പ്രാധാന്യമുള്ളതായിത്തീരുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല!
വിക്ഷേപണം—അത്യാഹ്ലാദവും നിരാശയും
1990 ഏപ്രിലിലായിരുന്നു ആ വലിയ വിക്ഷേപണ ദിനം. എച്ച്എസ്റ്റി-യെ ഡിസ്കവറി എന്ന പേടകത്തിൽ ഭ്രമണപഥത്തിലേക്കയച്ചു. ആകാശഗമനത്തെ നിയന്ത്രിക്കുന്ന എഞ്ചിനീയർമാർ ഫലങ്ങളെക്കുറിച്ച് ആഹ്ലാദചിത്തരായിരുന്നു. “ദൂരദർശിനി കേടുപറ്റാതെ വിക്ഷേപണത്തെ അതിജീവിച്ചതായും 15 വർഷത്തിലധികം നീണ്ടു നിൽക്കുന്ന പ്രാപഞ്ചിക പര്യവേക്ഷണത്തിന്റെ ഒരു ദൗത്യം തുടങ്ങാൻ തയ്യാറായിരിക്കുന്നതായി കാണപ്പെട്ടതായും” എഞ്ചിനീയറിങ് ഡേറ്റ “പ്രകടിപ്പിച്ച”തായി ജോൺ നോബിൾ വിൽഫർഡ് ദ ന്യൂയോർക്ക് ടൈംസിൽ റിപ്പോർട്ടു ചെയ്തു. “ദൂരെയുള്ള നക്ഷത്രങ്ങളെയും ആകാശഗംഗകളെയും മുമ്പ് എക്കാലത്തും നേടിയിട്ടുള്ളതിന്റെ 10 ഇരട്ടി കൃത്യതയോടെ നിരീക്ഷിക്കാൻ” അത് “പ്രതീക്ഷി”ക്കപ്പെട്ടിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ടൈം മാസികയിലെ ഒരു തലക്കെട്ട് “പ്രപഞ്ചത്തിന്റെ പുതിയ ജാലകം” എന്നു ശുഭാപ്തിവിശ്വാസത്തോടെ പ്രഖ്യാപിക്കുകയും ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്തു: “ഏറ്റവും വിദൂര നക്ഷത്രങ്ങൾ പോലും വ്യക്തമായി വീക്ഷിക്കാൻ കഴിയുന്ന സ്ഥിതിക്ക്, സൂക്ഷ്മദൃഷ്ടിയുള്ള ഈ ഹബിൾ ദൂരദർശിനിക്ക് പൊയ്പോയ കാലത്തെക്കുറിച്ചു പര്യവേക്ഷണം നടത്താൻ കഴിയും.” ആദ്യ പ്രതിബിംബങ്ങൾ ഭൂമിയിലേക്കു വരാനായി കാത്തിരിക്കവേ ജ്യോതിശ്ശാസ്ത്രജ്ഞൻമാരുടെയും രൂപകൽപ്പകരുടെയും ആവേശം കുതിച്ചുയർന്നു. വാസ്തവത്തിൽ എന്താണ് സംഭവിച്ചത്?
എന്നാൽ അത് മുട്ടവിരിയും മുമ്പ് കോഴിക്കുഞ്ഞുങ്ങളെ എണ്ണിയതുപോലെയായി! ആദ്യ പ്രതിബിംബങ്ങൾ 1990 മേയിൽ എത്തിത്തുടങ്ങി. പ്രതീക്ഷിച്ചിരുന്ന കിറുകൃത്യമായ പ്രതിബിംബങ്ങൾക്കു പകരം ആകാംക്ഷാഭരിതരായ ജ്യോതിശ്ശാസ്ത്രജ്ഞൻമാർക്കു ലഭിച്ചത് മങ്ങിയ വെളിച്ചമാണ്. എറിക്ക് ചാസോൺ ഇപ്രകാരം എഴുതി: “ഭ്രമണം ചെയ്യുന്ന വാനനിരീക്ഷണശാലക്ക് പ്രകാശസംബന്ധമായ ഗുരുതരമായ ഒരു കുഴപ്പമുണ്ടായിരുന്നുവെന്ന തീർത്തും ഭയാനകമായ ആശയത്തെ ഈ നിരീക്ഷണങ്ങൾ ബലപ്പെടുത്തി.” ദൂരദർശിനിക്ക് അപ്രതീക്ഷിതമായ ഒരു പിഴവ് സംഭവിച്ചിരുന്നു—അതായത് രണ്ടു പ്രതിഫലന ദർപ്പണങ്ങൾ ഉള്ളതിൽ ഒരെണ്ണത്തിന് സൂക്ഷ്മമായ ഒരു പിശകുണ്ടായിരുന്നു! ഈ കുഴപ്പം മനുഷ്യന്റെ ഒരു മുടിനാരിഴയുടെ വീതിയെക്കാളും വളരെയധികം ചെറുതായിരുന്നു, എന്നാൽ കാഴ്ചക്കു മങ്ങലേൽപ്പിക്കാൻ അതു മതിയായിരുന്നു. അത് ഒരു വലിയ നിരാശയായിപ്പോയി.
ആർക്കാണ് അബദ്ധം പറ്റിയത്?
ഹബിളിന്റെ ചെലവുവരുത്തുന്ന പ്രശ്നങ്ങളിലേക്കു നയിച്ചത് എന്താണ്? ഹബിൾ പദ്ധതിയിൽ പ്രവർത്തിച്ച എറിക്ക് ചാസോൺ ഹബിൾ യുദ്ധങ്ങൾ എന്ന തന്റെ പുസ്തകത്തിൽ അനേകം കാരണങ്ങൾ നിരത്തുന്നു. അദ്ദേഹം ഇപ്രകാരം പറയുന്നു: “ഹബിളിന്റെ ഹാർഡ്വെയറിലുണ്ടായ ഈ പ്രമുഖ കുഴപ്പങ്ങൾക്കു കാരണം എഞ്ചിനീയറിങ് ഹ്രസ്വദൃഷ്ടിയാണ്, മുഴു സാഹചര്യവും മനസ്സിലാക്കുന്നതിനുള്ള വ്യക്തവും സ്ഥിരവുമായ ഒരു പരാജയം തന്നെ. ഉദാഹരണത്തിന്: രഹസ്യ കോൺട്രാക്ടർ ഒഴിച്ച് മറ്റൊരു ഉറവിൽനിന്നും സാങ്കേതികമോ ശാസ്ത്രീയമോ ആയ ഉപദേശം സ്വീകരിക്കാതെ അമിത വിശ്വാസമുള്ള എഞ്ചിനീയർമാർ ദൂരദർശിനിയിലെ പ്രകാശോപകരണങ്ങൾ തെറ്റായ രീതിയിൽ രൂപപ്പെടുത്തുകയും വേണ്ടത്ര പരീക്ഷണം നടത്താതിരിക്കുകയും ചെയ്തു . . . . കൂടാതെ പഴയകാലത്തെ ബഹിരാകാശ വാഹനങ്ങൾക്കുവേണ്ടി ഉണ്ടാക്കിയ ദശകങ്ങൾ പഴക്കമുള്ള ഗൈറോസ്കോപ്പുകളും [ദൂരദർശിനിയിൽ ഉപയോഗിക്കുന്നതിനു മുമ്പ് 70,000 മണിക്കൂറോളം പരീക്ഷിച്ചുനോക്കിയ—ഒരു എഞ്ചിനീയർ പ്രസ്താവിച്ചതനുസരിച്ച്, പരീക്ഷിച്ച് ഉപയോഗശൂന്യമായിത്തീർന്ന—ഗൈറോകൾ] മെമ്മറി ബോർഡുകളും പോലെയുള്ള ഉപയോഗിച്ച വസ്തുക്കൾ ഹബിളിൽ ഘടിപ്പിക്കുകയുണ്ടായി.”
ഹബിളിന്റെ 2.4 മീറ്റർ പ്രധാന ദർപ്പണത്തിന്റെ പണി പൂർത്തിയായപ്പോൾ ഒരു അവസാന പരീക്ഷണം നടത്തേണ്ടതുണ്ടായിരുന്നു. ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച് സമയക്കുറവും സാമ്പത്തിക പരിഗണനകളും നിമിത്തം ഈ പദ്ധതികൾ അവഗണിക്കപ്പെട്ടു. ആ ദർപ്പണമുണ്ടാക്കിയ പ്രകാശശാസ്ത്ര ഗവേഷണ കമ്പനിയിലെ അന്നത്തെ പ്രമുഖ ശാസ്ത്രജ്ഞനും അടുത്തകാലത്തു പരേതനുമായ ഡോ. റോഡ്രിക് സ്കോട്ട് കൂടുതലായി പരീക്ഷണങ്ങൾ നടത്താൻ ആവശ്യപ്പെട്ടതാണ്. അദ്ദേഹത്തിന്റെ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടു. അങ്ങനെ, ബാഹ്യാകാശത്തിലെ എച്ച്എസ്റ്റി-ക്ക് വികലമായ പ്രതിബിംബങ്ങളെ മാത്രമേ പ്രേഷണം ചെയ്യാൻ കഴിഞ്ഞുള്ളൂ.
ചാസോണിന്റെ അഭിപ്രായം ഇതായിരുന്നു: “ഒരുപക്ഷേ ബഹിരാകാശവാഹനവും [4,00,000-ത്തിലധികം വരുന്ന ഭാഗങ്ങളും 42,000 കിലോമീറ്റർ നീളത്തിലുള്ള വയറിങ്ങും ഉൾപ്പെടുന്ന] അതിന്റെ പതിനായിരക്കണക്കിനു വരുന്ന യന്ത്രഭാഗങ്ങളും അവയ്ക്കു പിന്തുണ നൽകുന്നതിനുള്ള ഭൂമിയിലെ ബൃഹത്തായ പ്രവർത്തനങ്ങളും താരതമ്യേന അനുഭവപരിചയം കുറഞ്ഞ നമ്മുടെ സാങ്കേതിക സംസ്കാരത്തിനു കൂടുതൽ സങ്കീർണമായിരിക്കാം. നോഹയുടെ പിൻഗാമികൾ പുരാതന ബാബേൽ നഗരത്തിൽ ആകാശത്തോളമെത്തുന്ന ഒരു ഗോപുരം പണിയാൻ ശ്രമിച്ചപ്പോൾ അവരുടെ ധിക്കാരത്തിനു ദൈവം അവരെ ശിക്ഷിച്ചുവെന്ന് ഉത്പത്തിയുടെ പുസ്തകം നമ്മോടു പറയുന്നു. ഒരുപക്ഷേ ഇത്രയധികം സങ്കീർണമല്ലാത്ത—കൂടുതൽ പ്രവർത്തനക്ഷമവും വികസിതവുമായ ഒരു വാഹനം—പണിതിരുന്നെങ്കിൽ അത് ഇത്രയും അതിശക്തമായ വിമർശനത്തിനു വിധേയമാകുകയില്ലായിരുന്നു.” ചാസോൺ ഇപ്രകാരം തുടർന്നു: “ശാസ്ത്രീയ രീതി നിഷ്പക്ഷവും ലക്ഷ്യത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതുമാണ് എന്നും ശാസ്ത്രജ്ഞൻമാർ തങ്ങളുടെ പ്രവർത്തനഗതിയിൽ ഒരിക്കലും മാനുഷിക വികാരമില്ലാത്തവരാണെന്നുമുള്ള വ്യാപകമായ ആശയം അപഹാസ്യമാണ്. ജീവിതത്തിലെ മറ്റു കാര്യങ്ങളെപ്പോലെതന്നെ ഇന്നത്തെ ശാസ്ത്രോദ്യമത്തെ ഉൾപ്പെട്ടിരിക്കുന്നവരുടെ മൂല്യങ്ങൾ സ്വാധീനിക്കുന്നു.” ചാസോൺ പറയുന്നതനുസരിച്ച് അതിമോഹവും അസൂയയുമായിരുന്നിട്ടുണ്ട് ഹബിളിന്റെ കുഴപ്പത്തിലെ മുഖ്യ ഘടകങ്ങൾ.
പ്രതീക്ഷകൾ തരിപ്പണമായി
മാധ്യമങ്ങളുടെ ചില തലക്കെട്ടുകൾ പുനരവലോകനം ചെയ്താൽ ഹബിൾ പ്രശ്നത്തിന്റെ വിശദകഥയെ ചുറ്റിപ്പറ്റിയുള്ള നാടകീയ സംഭവങ്ങളുടെ ഒരു ചിത്രം ലഭിക്കുന്നു. “ദൂരദർശിനിയും ഒരു സ്വപ്നവും പേറി പേടകം 615 കിലോമീറ്റർ മുകളിലേക്ക് ഉയരുന്നു” എന്ന് ഒരു പത്രം പറഞ്ഞു. സയൻറിഫിക് അമേരിക്കൻ പ്രസ്താവിച്ചു: “ഹബിളിന്റെ പൈതൃകം—ബഹിരാകാശ ദൂരദർശിനി ജ്യോതിശ്ശാസ്ത്രത്തിൽ ഒരു പുതു യുഗത്തിനു തുടക്കമിടുന്നു.” ടൈം അതിന്റെ വിലയിരുത്തലിനു മാറ്റംവരുത്തി 1990 ജൂലൈയിൽ ഇങ്ങനെ പ്രസ്താവിച്ചു: “പ്രമുഖ ശാസ്ത്രത്തിനു മങ്ങിയ പ്രതീക്ഷകൾ—നാസായുടെ [നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ] പേടകത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ചോർന്നുപോകുന്നു, ഹബിളിന്റെ നേത്രത്തിനു കുഴപ്പം.” സയൻസ് മാസിക കൂടുതൽ വസ്തുനിഷ്ഠമായ ഭാഷയിൽ പ്രശ്നം വിശദമാക്കുന്നു: “ജ്യോതിശ്ശാസ്ത്രജ്ഞൻമാർ ഹബിളിന്റെ കേടുപാടിനെക്കുറിച്ചു സമഗ്ര പഠനം നടത്തുന്നു—ഇത്ര നിസ്സാരമായ ഒരു കുഴപ്പം ഇത്രയധികം ബഹളമുണ്ടാക്കുന്നതു വളരെ അപൂർവമാണ്—എന്നാൽ 160 കോടി ഡോളറിന്റെ ഒരു ദൂരദർശിനിയിൽ മൈക്രോമീറ്റർപോലും വലിയ പ്രശ്നങ്ങളുണ്ടാക്കും.” അതേ മാസികതന്നെ 1990 ഡിസംബറിൽ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഹബിൾ അഹന്ത: അന്ധതയുടെ ‘സ്ഥിരീകരിച്ച’ ഒരു കേസ്.” അത് ഇപ്രകാരം പ്രസ്താവിച്ചു: ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ വിനാശകരമായ പ്രകാശശാസ്ത്ര വൈകല്യം പലരുടെയും ഭാഗത്തെ അശ്രദ്ധയുടെ ഫലമായിരുന്നു എന്ന് നാസായുടെ ഔദ്യോഗിക അന്വേഷണ സംഘത്തിന്റെ അവസാന റിപ്പോർട്ടു നിഗമനം ചെയ്യുന്നു.”
എന്നിരുന്നാലും എല്ലാം നഷ്ടമായിരുന്നില്ല. 1992 മാർച്ചിൽ സ്മിത്സോണിയൻ മാസിക ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “സുഖമില്ലാത്ത ഒരു ബഹിരാകാശ ദൂരദർശിനിയിൽനിന്ന് അതിശയിപ്പിക്കുന്ന പ്രതിബിംബങ്ങൾ.” അത് ഇപ്രകാരം പ്രസ്താവിച്ചു: “പ്രവർത്തനങ്ങളിൽ പലതും ഗൗരവമായി വികലമായിരിക്കുമ്പോൾത്തന്നെ ഈ ദൂരദർശിനി വിലപ്പെട്ട ഡേറ്റാകൾകൊണ്ടു ജ്യോതിശ്ശാസ്ത്രജ്ഞരെ വീർപ്പുമുട്ടിക്കുന്നു. . . . യൗവന കാന്തി തുളുമ്പുന്ന ഗോളാകൃതിയിലുള്ള താരാഗണങ്ങളുടെ (പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമുള്ള ഘടനകളുടെ കൂട്ടത്തിലുള്ളതായി പരമ്പരാഗതമായി കരുതിപ്പോരുന്നവ) ചിത്രങ്ങൾ പോലെയുള്ള വിസ്മയങ്ങൾ അവ ഉത്പാദിപ്പിച്ചിരിക്കുന്നു; അകലെയുള്ള ഒരു ആകാശഗംഗയുടെ കേന്ദ്രത്തിൽ നക്ഷത്രങ്ങളെ വിഴുങ്ങുന്ന ഒരു തമോഗർത്തം ഉണ്ടെന്നുള്ള സിദ്ധാന്തത്തിന്റെ സ്ഥിരീകരണത്തിനുവേണ്ടി അത് ആ ആകാശഗംഗയുടെ ഹൃദയഭാഗത്തു കൂലങ്കഷമായ പരിശോധന നടത്തി.”b
“നാസായുടെ രണ്ടും കൽപ്പിച്ചുള്ള ദൗത്യം”
ശാസ്ത്രജ്ഞൻമാരും ജ്യോതിശ്ശാസ്ത്രജ്ഞരും നോക്കിപ്പാർത്തിരുന്ന ആ തലക്കെട്ട് 1993 നവംബറിൽ സയൻസ് ന്യൂസിൽ ആഗതമായി: “മഹത്തായ കേടുപോക്കൽ—ഹബിൾ ബഹിരാകാശ ദൂരദർശിനി നന്നാക്കാൻ നാസാ ശ്രമിക്കുന്നു.” ന്യൂ സയൻറിസ്റ്റ് പറയുന്നതനുസരിച്ച്, “ബഹിരാകാശ ഗമനത്തിന്റെ ചരിത്രത്തിൽവെച്ച് ഏറ്റവുമധികം ആകാംക്ഷയോടെയുള്ള കേടുപോക്കൽ ദൗത്യം” അതിൽ ഉൾപ്പെട്ടു. ഏഴു ബഹിരാകാശ സഞ്ചാരികളടങ്ങുന്ന ഒരു സംഘത്തിന് എച്ച്എസ്റ്റി-യെ പുനഃസ്ഥാപിക്കുകയും ബഹിരാകാശത്തിലെ തങ്ങളുടെ ചരക്കു മുറിയിൽ വച്ച് അതിന്റെ കേടുപോക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. “നാസായുടെ രണ്ടും കൽപ്പിച്ചുള്ള ദൗത്യം” എന്നും “വിധിയുമായുള്ള സംഗമം” എന്നും അതറിയപ്പെടുന്നു. അതു വിജയിച്ചോ?
ബഹിരാകാശ സഞ്ചാരികളായ നേത്രവിദഗ്ധർ പ്രശ്നങ്ങൾക്കു നടുവിൽ ഒരു ഗംഭീര ശാസ്ത്ര വിജയം കരസ്ഥമാക്കി—അഞ്ചു പ്രാവശ്യം ബഹിരാകാശത്തിലിറങ്ങി നടന്നുകൊണ്ട് അവർ എച്ച്എസ്റ്റി-യുടെ പ്രകാശ ഉപകരണങ്ങൾ ഉറപ്പിക്കുകയും പിയാനോയുടെ അത്രയും വലിപ്പമുള്ള ഒരു പുതിയ ക്യാമറ സ്ഥാപിക്കുകയും ചെയ്തു! മൂന്നു വർഷം കഴിഞ്ഞാണ് അവർക്ക് അവിടെ പോയി കേടുള്ള ഘടകങ്ങൾ മാറ്റി ശരിയായ ഫലം നൽകുന്ന ഉപകരണങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞത്. എന്നാൽ അത് നേത്ര ഡോക്ടറുടെ പക്കലെ ചെലവേറിയ ഒരു സന്ദർശനമായിരുന്നു. ഒരു ഉറവ് പറയുന്നതനുസരിച്ച് ലെൻസുകൾ ഉറപ്പിക്കുന്നതിന് കേടുപോക്കൽ പരിപാടിക്ക് 26.3 കോടി ഡോളറിന്റെ ചെലവുണ്ടായി!
“ഹബിൾ ദൂരദർശിനിക്കു മേലാൽ ഹ്രസ്വദൃഷ്ടിയില്ല,” “ഒടുവിൽ ഹബിളിന് ഒരു സ്വർഗീയ വീക്ഷണം ലഭിക്കുന്നു” തുടങ്ങിയ തലക്കെട്ടുകളോടു കൂടി 1994 ജനുവരിയിൽ ആ നാടകം പരകോടിയിൽ എത്തിച്ചേർന്നു. ജ്യോതിശ്ശാസ്ത്രം എന്ന മാസിക ഇപ്രകാരം പ്രഖ്യാപിച്ചു: “ഹബിൾ—അതു പുത്തനായിരുന്നപ്പോഴത്തേതിലും മെച്ചം.” ആദ്യ പ്രതിബിംബങ്ങൾ എത്തിയപ്പോൾ ബഹിരാകാശ ദൂരദർശിനി ശാസ്ത്രീയ ഇൻസ്റ്റിറ്റ്യൂട്ടിലെ ജ്യോതിശ്ശാസ്ത്രജ്ഞൻമാരുടെ പ്രതികരണങ്ങൾ അതു റിപ്പോർട്ടു ചെയ്തു: “തികച്ചും അവിശ്വസനീയം.” “ആദ്യ പ്രതിബിംബങ്ങൾ ഞങ്ങളിൽ വലിയ ആവേശം ഉളവാക്കി.” “പ്രതീക്ഷിച്ചതിൽനിന്നും ഏറെ മെച്ചമായി ഹബിൾ നന്നാക്കി,” ഈ പദ്ധതിയുടെ പ്രധാന ശാസ്ത്രജ്ഞനായ ഡോ. എഡ്വേർഡ് ജെ. വൈലർ ജയാഹ്ലാദംകൊണ്ടു.
പ്രയോജനങ്ങൾ എന്തെല്ലാം?
പ്രകാശ ഉപകരണങ്ങളുടെ കേടുപോക്കൽ പെട്ടെന്നുതന്നെ ഫലം നൽകി. തമോഗർത്തങ്ങളുടെ അസ്തിത്വത്തെ പിന്തുണയ്ക്കാൻ എച്ച്എസ്റ്റി ഈടുറ്റ തെളിവുകൾ കണ്ടെത്തിയിരിക്കുന്നുവെന്ന് 1994 ജൂണിൽ ടൈം റിപ്പോർട്ടുചെയ്തു. “മണിക്കൂറിൽ 19 ലക്ഷം കിലോമീറ്റർ എന്ന അമ്പരപ്പിക്കുന്ന വേഗതയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഡിസ്കിന്റെ ആകൃതിയിലുള്ള” ഒരു “വാതക മേഘപടലം” കണ്ടെത്തിയതായി നാസാ പ്രഖ്യാപിച്ചു. ഏതാണ്ട് അഞ്ചു കോടി പ്രകാശവർഷങ്ങൾ അകലെയുള്ള അത് M87 എന്ന ആകാശഗംഗയുടെ മധ്യത്തിലാണ്. നമ്മുടെ സൗരയൂഥത്തിന്റെ വലിപ്പമുള്ള ഒരു ഭാഗത്തേക്കു സൂര്യന്റെ വലിപ്പമുള്ള 200 കോടിമുതൽ 300 കോടിവരെ നക്ഷത്രങ്ങളെ ഞെക്കിക്കൊള്ളിച്ചയത്രയും പിണ്ഡം അതിനുള്ളതായി പറയപ്പെടുന്നു! ആ വാതക ഡിസ്കിന് 10,000 ഡിഗ്രി സെൽഷ്യസ് ഊഷ്മാവ് ഉണ്ടെന്ന് ശാസ്ത്രജ്ഞൻമാർ കണക്കാക്കുന്നു. ഭീമാകാരമായ തമോഗർത്തം ചെലുത്തുന്ന അവിശ്വസനീയമായ ഗുരുത്വാകർഷണ ബലമാണ് ഈ പ്രതിഭാസത്തിനുള്ള ലഭ്യമായ ഏക വിശദീകരണം. ഈ ഡിസ്ക് തമോഗർത്തത്തിനു ചുറ്റുമാണു കറങ്ങിക്കൊണ്ടിരിക്കുന്നത്.
ഷൂമേക്കർ-ലെവി 9 എന്ന വാൽനക്ഷത്രത്തിന്റെ ജൂപ്പിറ്ററിലേക്കുള്ള സ്വവിനാശകരമായ യാത്രയുടെ വിശിഷ്ടമായ ചിത്രങ്ങളും ഹബിൾ നൽകുകയുണ്ടായി. 1994 ജൂലൈയിൽ അതു ജൂപ്പിറ്ററിൽവച്ചു ശിഥിലീകരിക്കപ്പെടുകയുണ്ടായി. “ദർപ്പണത്തിൽ വരുത്തിയ ഒരു ചെറിയ മാറ്റം; ജ്യോതിശ്ശാസ്ത്രത്തിൽ ഒരു കുതിച്ചുചാട്ടം” എന്ന് ഒരു ശാസ്ത്രജ്ഞൻ കേടുപോക്കൽ പണിയെക്കുറിച്ചു പറയത്തക്കവണ്ണം എച്ച്എസ്റ്റി അയയ്ക്കുന്ന ആകാശഗംഗയെക്കുറിച്ചുള്ള ചിത്രങ്ങൾ അത്ര കിറുകൃത്യമാണ്. സയൻറിഫിക് അമേരിക്കൻ പറയുന്നതനുസരിച്ച്, ഇപ്പോൾ, “മറ്റേത് ഭൗമനിയന്ത്രിത ഉപകരണത്തെക്കാളും ഹബിളിനു കുറഞ്ഞതു 10 ഇരട്ടി കൂടുതൽ അപഗ്രഥനശേഷിയുണ്ട്. അതുകൊണ്ട് അതിന് [മറ്റു ദൂരദർശിനികളെക്കാളും] 1,000 ഇരട്ടി കൂടുതൽ ബഹിരാകാശ വ്യാപ്തിയിൽ വ്യക്തമായി കാണാൻ കഴിയും.”
പ്രപഞ്ചത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച ചില ആശയങ്ങൾ പുനഃപരിശോധിക്കാൻ ഹബിൾ സൈദ്ധാന്തികരെ പ്രേരിപ്പിക്കുന്നു. ഇപ്പോൾ കാര്യങ്ങളെ മനസ്സിലാക്കുന്ന വിധത്തിൽ അവർ വിരോധാഭാസങ്ങളെ നേരിട്ടിരിക്കുന്നു. ന്യൂയോർക്ക് ടൈംസിലെ ശാസ്ത്ര ലേഖകനായ വിൽഫ്രെഡ് പറയുന്നതനുസരിച്ച് എച്ച്എസ്റ്റി ഏറ്റവും അടുത്തകാലത്തു പ്രദാനം ചെയ്ത തെളിവ് “പ്രപഞ്ചത്തിനു മുമ്പ് ശാസ്ത്രജ്ഞൻമാർ കണക്കാക്കിയതിനെക്കാളും വളരെയധികം പ്രായം കുറവാണ് എന്ന ശക്തമായ ആശയം” നൽകുന്നു. പ്രപഞ്ചത്തിന് 2,000 കോടി വർഷം പഴക്കമുണ്ടായിരിക്കാമെന്ന മുമ്പത്തെ കണക്കുകൂട്ടലുകളോടുള്ള താരതമ്യത്തിൽ “അതിന് 800 കോടി വർഷങ്ങളിലധികം വരില്ല. ചില നക്ഷത്രങ്ങൾക്ക് 1,600 കോടി വർഷം പഴക്കമുണ്ടായിരിക്കുന്നതായി ആശ്രയയോഗ്യമായി കണക്കാക്കപ്പെട്ടിരിക്കുന്നു” എന്നതാണു പ്രശ്നം. “പ്രപഞ്ചത്തെക്കുറിച്ചു പഠനം നടത്തുന്ന ശാസ്ത്രജ്ഞൻമാരുടെ പരിജ്ഞാനത്തിന്റെ ഭയങ്കരമായ പരിമിതികൾ വെളിച്ചത്തുകൊണ്ടുവന്നുകൊണ്ട് പ്രപഞ്ചം അവരെ ഇട്ടു കുഴപ്പിക്കുകയാണ്” എന്ന് അദ്ദേഹം പറഞ്ഞതിൽ അപ്പോൾ അതിശയിക്കാനില്ല. “തങ്ങൾക്ക് എത്രമാത്രം ബുദ്ധികൂർമതയും സാമർഥ്യവും ഉണ്ടായിരുന്നാലും ആത്യന്തികമായ പല ഉത്തരങ്ങളും തങ്ങളുടെ ഗ്രാഹ്യത്തിന് അതീതമായിത്തന്നെ കിടക്കാനുള്ള സാധ്യത പ്രപഞ്ചത്തെ ഒരു പഠന മേഖലയായി തിരഞ്ഞെടുക്കുന്നവർ സമ്മതിക്കേണ്ടതുണ്ടെ”ന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കൊടുങ്കാറ്റിൽനിന്നു യഹോവ ഇയ്യോബിനോടു പിൻവരുന്ന സംഗതികൾ ചോദിച്ചപ്പോൾ അദ്ദേഹം പഠിച്ച താഴ്മ നാമും പഠിക്കേണ്ടതുണ്ട്: “നിനക്കു കാർത്തിക നക്ഷത്രസമൂഹത്തിന്റെ ചങ്ങല ബന്ധിക്കാനും മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാനും കഴിയുമോ? നിനക്ക് പ്രഭാതനക്ഷത്രത്തെ കാലംതോറും നയിക്കാനും കരടിയെയും അതിന്റെ കുഞ്ഞുങ്ങളെയും നടത്താനും കഴിയുമോ? ആകാശത്തിലെ നിയമങ്ങളെ നീ ഗ്രഹിക്കുന്നുണ്ടോ?”—ഇയ്യോബ് 38:31-33, ദ ജെറൂസലേം ബൈബിൾ.
ഭാവിയെ സംബന്ധിച്ചെന്ത്?
സാധ്യതയനുസരിച്ച് ഹബിൾ ദൂരദർശിനി തൊട്ടടുത്ത ഭാവിയിലേക്കു മഹത്തായ വെളിപ്പാടുകൾ പ്രദാനം ചെയ്യും. “ഹബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് ഞങ്ങൾ ക്വാസറുകളുടെ [പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള വസ്തുക്കളായ, നക്ഷത്രങ്ങളെപ്പോലെയിരിക്കുന്ന, റേഡിയോ തരംഗ ഉത്ഭവസ്ഥാനങ്ങൾ] ചുറ്റുമുള്ള പല ആകാശഗംഗകളുടെയും ആകൃതി മനസ്സിലാക്കുന്നതായിരിക്കും” എന്ന് ഒരു ജ്യോതിശ്ശാസ്ത്രജ്ഞൻ എഴുതി. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ റിച്ചാർഡ് എല്ലിസ് ആകാശഗംഗകളുടെ ഉത്ഭവത്തെക്കുറിച്ചു മനസ്സിലാക്കുന്നതു സംബന്ധിച്ച് ഇപ്രകാരം പറയുന്നു: “നാം വളരെ ആവേശകരമായ ഒരു സമയത്തേക്കു കടക്കാറായിരിക്കുകയാണ്.”
മനുഷ്യന്റെ ജിജ്ഞാസ, പ്രപഞ്ചത്തെക്കുറിച്ചുള്ള—അതിന്റെ ആരംഭത്തെയും ഉദ്ദേശ്യത്തെയുംകുറിച്ചുള്ള—പരിജ്ഞാനത്തിനുവേണ്ടിയുള്ള അന്വേഷണത്തിനു പ്രചോദനം നൽകിക്കൊണ്ടേയിരിക്കും. അത്തരം പരിജ്ഞാനം ബൃഹത്തായ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്തോടുള്ള ഭക്ത്യാദരവ് നമ്മുടെ ഹൃദയങ്ങളിൽ ഉണർത്തണം. അവൻ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കുകയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.”—യെശയ്യാവു 40:26; സങ്കീർത്തനം 147:4.
[അടിക്കുറിപ്പുകൾ]
a അതിനെ ഹബിൾ ദൂരദർശിനിയെന്നു വിളിക്കുന്നതെന്തുകൊണ്ടാണ്? ആകാശഗംഗകൾ എന്ന് ഇപ്പോൾ അറിയപ്പെടുന്നതിനെക്കുറിച്ചു ശാസ്ത്രജ്ഞൻമാർക്കു കൂടുതൽ മഹത്തായ ഉൾക്കാഴ്ച നൽകിയ പ്രസിദ്ധ അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞനായ എഡ്വിൻ പൊവെൽ ഹബിളിന്റെ (1889-1953) പേരിൽനിന്നാണ് അതിന് ഈ പേരു ലഭിച്ചത്. അത് എങ്ങനെയാണിരിക്കുന്നത്? ഏതാണ്ട് 13 മീറ്റർ നീളവും 4 മീറ്റർ വ്യാസവും വിക്ഷേപിക്കുമ്പോൾ 12 ടണ്ണിനെക്കാൾ അൽപ്പം കൂടുതൽ മാത്രം ഭാരവുമുണ്ടായിരുന്ന, ബഹിരാകാശത്തിലെ ഈ ദൂരദർശിനിക്ക് ഏകദേശം ഒരു പെട്രോൾ വാഗണിന്റെ അല്ലെങ്കിൽ ഒരു നാലു നില ഗോപുരത്തിന്റെ അത്രയും വലിപ്പമുണ്ട്.
b ഒരു നക്ഷത്രമോ നക്ഷത്രങ്ങളോ നിലംപതിക്കുന്നതും “പ്രകാശത്തിന്റെ പ്രവേഗത്തോടുകൂടി [സെക്കൻറിൽ 3,00,000 കിലോമീറ്റർ] സഞ്ചരിക്കുന്ന കണികകൾക്കുപോലും രക്ഷപ്പെട്ടുപോകാൻ കഴിയാത്തവണ്ണം ഗുരുത്വാകർഷണ ബലം അത്രയധികം ശക്തമായിരിക്കുന്നതുമായ” ബഹിരാകാശ മേഖലകളാണു തമോഗർത്തങ്ങൾ എന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. അങ്ങനെ “ഏതെങ്കിലും തരത്തിലുള്ള പ്രകാശത്തിനോ പദാർഥത്തിനോ തരംഗത്തിനോ രക്ഷപ്പെടാനാവില്ല.”—അന്തർദേശീയ ജ്യോതിശ്ശാസ്ത്ര എൻസൈക്ലോപീഡിയ (ഇംഗ്ലീഷ്).
[16, 17 പേജുകളിലെ രേഖാചിത്രം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
A: ഒന്നാമത്തെ ദർപ്പണം
B: രണ്ടാമത്തെ ദർപ്പണം
C: ദൂരദർശിനിയുടെ ലക്ഷ്യം കേന്ദ്രീകരിക്കുന്നതിനുപയോഗിച്ച നാലു ഗൈറോസ്കോപ്പുകൾ പുനഃസ്ഥാപിക്കുന്നു
D: കേടുള്ള സോളാർ പാനൽ മാറ്റിസ്ഥാപിക്കുന്നു
E: വിസ്തൃത ദൃഷ്ടിയുള്ള/ഗ്രഹങ്ങളുടെ വീക്ഷണത്തിനുള്ള പുതിയ ക്യാമറ സ്ഥാപിക്കുന്നു
F: ശരിയായ ഫലം നൽകുന്ന പ്രകാശോപകരണങ്ങൾ ഉപയോഗിച്ചുള്ള ബഹിരാകാശ ദൂരദർശിനിയുടെ അക്ഷത്തിന്റെ പുനഃസ്ഥാപനം ദർപ്പണത്തിന്റെ പോരായ്മ പരിഹരിക്കുന്നു
G: മാറ്റി സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലുകളുടെ സ്ഥാനം ക്രമീകരിക്കുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ
[16-ാം പേജിലെ ചിത്രം]
മുകളിൽ ഇടത്ത്: നന്നാക്കുന്നതിനു മുമ്പ് M100 എന്ന ആകാശഗംഗയുടെ എച്ച്എസ്റ്റി വീക്ഷണം
[കടപ്പാട്]
NASA photo
[17-ാം പേജിലെ ചിത്രം]
മുകളിൽ മധ്യത്തിൽ: ഗ്രഹങ്ങളുടെ വീക്ഷണത്തിനുള്ള പുതിയ ക്യാമറ സ്ഥാപിക്കുന്നു
[കടപ്പാട്]
NASA photo
[17-ാം പേജിലെ ചിത്രം]
മുകളിൽ വലത്ത്: നന്നാക്കലിനു ശേഷം M100 എന്ന ആകാശഗംഗയുടെ എച്ച്എസ്റ്റി വീക്ഷണം
[കടപ്പാട്]
NASA photo
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
NASA photo