തൊഴിലില്ലായ്മ എന്ന മഹാമാരി
ഇറ്റലിയിലെ ഉണരുക! ലേഖകൻ
അനേകം വികസിത രാജ്യങ്ങളിൽ അതു സത്വര നടപടി ആവശ്യമായ ഒന്നാണ്—എന്നാൽ വികസ്വര രാജ്യങ്ങളെ അതു വ്യാകുലപ്പെടുത്തുകയും ചെയ്യുന്നു. ഒരുകാലത്ത് അതില്ലായിരുന്നുവെന്നു തോന്നിയിരുന്നിടങ്ങളിൽ അതു പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കോടിക്കണക്കിന് ആളുകളെ അതു ബാധിക്കുന്നു—അവരിലനേകരും മാതാക്കളും പിതാക്കൻമാരുമാണ്. ഇറ്റലിക്കാരിൽ മൂന്നിൽ രണ്ടു ഭാഗത്തിനും അത് “ഒന്നാം നമ്പർ ഭീഷണി”യാണ്. അതു പുതിയ സാമൂഹ്യരോഗങ്ങൾ സൃഷ്ടിക്കുന്നു. ഭാഗികമായി, മയക്കുമരുന്നുകളിൽ അകപ്പെട്ടിരിക്കുന്ന അനേകം യുവജനങ്ങളുടെ പ്രശ്നങ്ങളുടെ കടയ്ക്കൽ അതാണുള്ളത്. അതു ലക്ഷങ്ങളുടെ ഉറക്കം കെടുത്തുന്നു, മറ്റു ലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അത് അവരെ സമീപഭാവിയിൽ പിടികൂടിയേക്കാം ...
“തൊഴിലില്ലായ്മ നമ്മുടെ നാളുകളിലെ മിക്കവാറും ഏറ്റവും വ്യാപകമായി ഭയപ്പെടുന്ന പ്രതിഭാസമാണ്” എന്നു സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമായുള്ള സംഘടന (ഒഇസിഡി) സ്ഥിരീകരിക്കുന്നു. “ഈ പ്രതിഭാസത്തിന്റെ വ്യാപ്തിയും പരിണതഫലങ്ങളും വിശ്രുതമാണ്.” എന്നാൽ “അതുമായി ഇടപെടുന്നതു ദുഷ്കരമാണ്” എന്നു യൂറോപ്യൻ സമൂഹങ്ങളുടെ കമ്മീഷൻ എഴുതുന്നു. അതു “പഴയ ഭൂഖണ്ഡത്തിന്റെ തെരുവുകളെ വിടാതെ പിൻതുടർന്നുകൊണ്ടിരിക്കുന്ന ഒരു ഭൂത”മാണെന്ന് ഒരു വിദഗ്ധൻ പറയുന്നു. യൂറോപ്യൻ യൂണിയനിൽ (ഇയൂ) തൊഴിൽരഹിതരുടെ എണ്ണം ഇപ്പോൾ ഏതാണ്ടു രണ്ടു കോടിയാണ്; 1994 ഒക്ടോബറിൽ, ഇറ്റലിയിൽ മാത്രമായി അവരെ ഔദ്യോഗികമായി എണ്ണിയപ്പോൾ അത് 27,26,000 ആയിരുന്നു. യൂറോപ്യൻ യൂണിയൻ കമ്മീഷണർ പോത്റൈഗ് ഫ്ളിന്റെ അഭിപ്രായമനുസരിച്ച് “തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുകയെന്നതാണു നാം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളി.” നിങ്ങൾ തൊഴിൽരഹിതനാണെങ്കിലോ നിങ്ങളുടെ ജോലി നഷ്ടപ്പെടുന്നതിന്റെ അപകടത്തിലാണെങ്കിലോ അതു കാരണമാക്കുന്ന ഭയത്തെക്കുറിച്ചു നിങ്ങൾക്കറിയാം.
എന്നാൽ തൊഴിലില്ലായ്മ കേവലമൊരു യൂറോപ്യൻ പ്രശ്നമല്ല. എല്ലാ അമേരിക്കൻ രാജ്യങ്ങളെയും അതു കഷ്ടപ്പെടുത്തുന്നു. അത് ആഫ്രിക്കയെയോ ഏഷ്യയെയോ ഓഷ്യാനിയയെയോ ഒഴിവാക്കുന്നില്ല. സമീപ വർഷങ്ങളിൽ പൂർവ യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഇതിന്റെ വേദന അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് ഒരേവിധത്തിൽ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നില്ലെന്നുള്ളതു സത്യമാണ്. എന്നാൽ ചില സാമ്പത്തിക വിദഗ്ധർ പറയുന്നതനുസരിച്ച്, യൂറോപ്പിലും വടക്കേ അമേരിക്കയിലും തൊഴിലില്ലായ്മ നിരക്കുകൾ കഴിഞ്ഞ ദശകങ്ങളിലേതിനെക്കാൾ കൂടുതൽ ഉയർന്നു ദീർഘകാലം നിലനിൽക്കും.a “തൊഴിൽക്കുറവിന്റെ വർധനവും ലഭ്യമായ തൊഴിലുകളുടെ ഗുണമേന്മയിലുള്ള വ്യാപകമായ അധഃപതനവും” അവസ്ഥയെ “വഷളാക്കു”ന്നുവെന്നു സാമ്പത്തിക വിദഗ്ധനായ റെനോറ്റോ ബ്രൂനെറ്റോ ചൂണ്ടിക്കാണിക്കുന്നു.
ഒരു വഴങ്ങാത്ത മുന്നേറ്റം
തൊഴിലില്ലായ്മ സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ഒന്നൊന്നായി ബാധിച്ചിട്ടുണ്ട്: ഒന്നാമതു വർധിച്ച യന്ത്രവൽക്കരണത്തോടുകൂടിയ കൃഷി ജനങ്ങളെ ജോലിയില്ലാത്തവരാക്കുന്നു; പിന്നീടു വ്യവസായം, 1970-കൾ തൊട്ടുള്ള ഊർജ പ്രതിസന്ധികൾ അതിനെ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ, സേവന മേഖല—വാണിജ്യം, വിദ്യാഭ്യാസം—അതിക്രമിച്ചുകടക്കാൻ കഴിയാത്തതെന്നു മുമ്പു കരുതിയിരുന്ന ഒരു മേഖല. ഇരുപതു വർഷങ്ങൾക്കുമുമ്പ് 2-ഓ 3-ഓ ശതമാനത്തിലധികമായ ഒരു തൊഴിലില്ലായ്മ നിരക്കു വലിയ ഞെട്ടൽ ഉളവാക്കുമായിരുന്നു. ഇന്ന് 5-ഓ 6-ഓ ശതമാനത്തിനു താഴെ തൊഴിലില്ലായ്മയെ ഒതുക്കിനിർത്താൻകഴിഞ്ഞാൽ തങ്ങൾ വിജയിച്ചുവെന്ന് ഒരു വ്യവസായവൽകൃത രാഷ്ട്രം കരുതുന്നു; എന്നാൽ അനേകം വികസിത രാഷ്ട്രങ്ങൾക്കും കൂടുതൽ ഉയർന്ന നിരക്കുകളാണുള്ളത്.
സാർവദേശീയ തൊഴിൽ സംഘടന (ഐഎൽഒ) പറയുന്നതനുസരിച്ച് ഒരു തൊഴിൽരഹിതനായ വ്യക്തി ജോലിയില്ലാത്ത ഒരുവനാണ്, ജോലി ചെയ്യാൻ സന്നദ്ധനായ ഒരുവനാണ്, ഉത്സാഹപൂർവം ജോലിയന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരുവനാണ്. എന്നാൽ സ്ഥിരമായ ഒരു മുഴുസമയ ജോലിയില്ലാത്തതോ ആഴ്ചയിൽ കേവലം ചുരുക്കംചില മണിക്കൂറുകൾ മാത്രം ജോലി ചെയ്യുന്നതോ ആയ ഒരു വ്യക്തിയെ സംബന്ധിച്ചെന്ത്? അംശകാല ജോലി ഓരോ രാജ്യങ്ങളിലും പരിഗണിക്കപ്പെടുന്നതു പല വിധങ്ങളിലാണ്. ചില രാജ്യങ്ങളിൽ യഥാർഥത്തിൽ തൊഴിൽരഹിതരായ ചിലർ തൊഴിലുള്ളവരായി ഔദ്യോഗികമായി എണ്ണപ്പെടുന്നു. തൊഴിലും തൊഴിലില്ലായ്മയും തമ്മിലുള്ള അപര്യാപ്തമായ നിർവചന അവസ്ഥകൾ, ആരാണു യഥാർഥത്തിൽ തൊഴിൽരഹിതൻ എന്നു തീരുമാനിക്കുന്നതു വിഷമകരമാക്കുന്നു. ഈ കാരണത്താൽ സ്ഥിതിവിവരക്കണക്കുകൾ യാഥാർഥ്യത്തിന്റെ ഭാഗം മാത്രം വിവരിക്കുന്നു. “[ഒഇസിഡി രാജ്യങ്ങളിലെ] 3 കോടി 50 ലക്ഷം തൊഴിൽരഹിതരുടെ ഔദ്യോഗിക സംഖ്യപോലും തൊഴിലില്ലായ്മയുടെ മുഴു വ്യാപ്തിയും പ്രതിഫലിപ്പിക്കുന്നില്ലെ”ന്ന് ഒരു യൂറോപ്യൻ പഠനം പറയുന്നു.
തൊഴിലില്ലായ്മയുടെ വലിയ വില
എന്നാൽ സംഖ്യകൾ മുഴുവിശദാംശങ്ങളും തരുന്നില്ല. “തൊഴിലില്ലായ്മയുടെ സാമ്പത്തികവും സാമൂഹികവുമായ നഷ്ടങ്ങൾ ഭീമമാണ്” എന്നു യൂറോപ്യൻ സമൂഹങ്ങളുടെ കമ്മീഷൻ പറയുന്നു. പ്രസ്തുത നഷ്ടങ്ങളാകട്ടെ “തൊഴിൽരഹിതർക്കായുള്ള ദുരിതാശ്വാസം കൊടുക്കലിന്റെ നേരിട്ടുള്ള ചെലവിന്റേതു മാത്രമല്ല, തൊഴിൽരഹിതർ തൊഴിൽ ചെയ്തിരുന്നെങ്കിൽ നികുതിയിനത്തിൽ കൊടുക്കുമായിരുന്ന വരുമാനം ലഭിക്കാത്തതിന്റെയും” ഫലമാണ് എന്ന് അതു തുടരുന്നു. തൊഴിലില്ലായ്മാവേതനം വർധിച്ച അളവിൽ ഭാരമുള്ളതായിത്തീരുന്നു, ഗവൺമെൻറുകൾക്കു മാത്രമല്ല വർധിച്ച അളവിലുള്ള നികുതികൾക്കു വിധേയരാക്കപ്പെടുന്ന തൊഴിൽ ചെയ്യുന്നവർക്കുംകൂടെ.
തൊഴിലില്ലായ്മ കേവലം വസ്തുതകളുടെയും സംഖ്യകളുടെയും ഒരു സംഗതിയല്ല. വ്യക്തിപരമായി, ഓരോരുത്തർക്കുമുള്ള ദുരിതങ്ങളാണു പരിണതഫലം, കാരണം ഈ മഹാമാരി ജനങ്ങളെ—ഏതൊരു സാമൂഹിക വർഗത്തിലുംപെട്ട പുരുഷന്മാരെയും സ്ത്രീകളെയും യുവാക്കളെയും—ബാധിക്കുന്നു. ഈ “അന്ത്യനാളുക”ളുടെ മറ്റെല്ലാ പ്രശ്നങ്ങളോടുമൊപ്പം തൊഴിലില്ലായ്മകൂടിയാകുമ്പോൾ അത് ഒരു ഭയങ്കരമായ ഭാരം തന്നെയാണെന്നു തെളിഞ്ഞേക്കാം. (2 തിമോത്തി 3:1-5, NW; വെളിപ്പാടു 6:5, 6) പ്രത്യേകിച്ചും “ദീർഘകാല തൊഴിലില്ലായ്മ”യാണു ബാധിക്കുന്നതെങ്കിൽ, ആ അവസ്ഥയെ ബാധിക്കുന്ന മറ്റു ഘടകങ്ങളില്ലെങ്കിൽ, ദീർഘനാളായി തൊഴിലില്ലാതിരിക്കുന്ന വ്യക്തി ഒരു ജോലി കണ്ടുപിടിക്കുന്നതു കൂടുതൽ വിഷമകരമാണെന്നുപോലും കണ്ടെത്തും. ദുഃഖകരമെന്നു പറയട്ടെ, ചിലർക്കു വീണ്ടുമൊരിക്കലും തൊഴിൽ ലഭിക്കുകയില്ലായിരുന്നേക്കാം.b
ഇന്നത്തെ തൊഴിൽരഹിതരുടെ ഇടയിൽ മനോരോഗപരവും മനഃശാസ്ത്രപരവുമായ പ്രശ്നങ്ങളും അതുപോലെതന്നെ വൈകാരിക അസ്ഥിരതയും ഇച്ഛാഭംഗവും വളരുന്ന നിർവികാരതയും ആത്മാഭിമാന നഷ്ടവും വർധിച്ചുകൊണ്ടിരിക്കുന്നുവെന്നു മനഃശാസ്ത്രജ്ഞന്മാർ കണ്ടെത്തുന്നു. കുട്ടികളുടെ സംരക്ഷണച്ചുമതലയുള്ള ഒരു വ്യക്തിയുടെ ജോലി നഷ്ടപ്പെടുമ്പോൾ അത് അതിദാരുണമാണ്, വ്യക്തിപരമായ ദുരന്തമാണ്. ലോകം അവർക്കുചുറ്റുമായി നിലംപതിച്ചിരിക്കുന്നു. ഭദ്രത അപ്രത്യക്ഷമായിരിക്കുന്നു. ഇന്ന്, വാസ്തവത്തിൽ, ഒരുവന്റെ ജോലി നഷ്ടപ്പെടുന്നതിന്റെ സാധ്യതയോടു ബന്ധപ്പെട്ട “പ്രതീക്ഷിത ഉത്കണ്ഠ”യുടെ ആവിർഭാവം ചില വിദഗ്ധർ കുറിക്കൊള്ളുന്നു. ഈ ഉത്കണ്ഠയ്ക്കു കുടുംബ ബന്ധങ്ങളെ കാര്യമായി ബാധിക്കുന്നതിനും, തൊഴിൽരഹിതരായ വ്യക്തികളുടെ അടുത്തകാലത്തെ ആത്മഹത്യകൾ സൂചിപ്പിച്ചേക്കാവുന്നതുപോലെ കൂടുതൽ ദുരന്തഫലങ്ങൾക്കിടയാക്കുന്നതിനുപോലും കഴിയും. അതിലുപരിയായി, ആദ്യമായി ഒരു ജോലി കിട്ടുന്നതിന്റെ വൈഷമ്യമാണു യുവജനങ്ങളുടെ അക്രമത്തിന്റെയും ഒറ്റപ്പെടലിന്റെയും സംഭാവ്യമായ കാരണങ്ങൾ.
‘ഒരു വഴിപിഴച്ച വ്യവസ്ഥിതിയുടെ തടവുകാർ’
ജോലി നഷ്ടപ്പെട്ട അനേകം ആളുകളുമായി ഉണരുക! അഭിമുഖം നടത്തുകയുണ്ടായി. തന്നെ സംബന്ധിച്ചിടത്തോളം “30 വർഷത്തെ വേലയുടെ പ്രയത്നം വിഫലമാകുന്നതു കാണുന്നതിനെയും വീണ്ടും തുടക്കമിടുന്നതിനെയും” അർഥമാക്കിയെന്നും “ഒരു വഴിപിഴച്ച വ്യവസ്ഥിതിയുടെ തടവുകാരനെപ്പോലെ”തോന്നിയെന്നും അൻപതു വയസ്സുകാരനായ ഓർമോൺടോ പറഞ്ഞു. ഫ്രോഞ്ചേസ്ക്കോ ‘ലോകം തന്റെ മുകളിലേക്കു തകർന്നു വീഴുന്നതായി കണ്ടു.’ സ്റ്റേഫോനോയ്ക്ക് “ഈ വ്യവസ്ഥിതിയിൽ ആഴമായ നിരാശാബോധം തോന്നി.”
മറുവശത്ത്, ഒരു പ്രധാനപ്പെട്ട ഇറ്റാലിയൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ സാങ്കേതിക മാനേജ്മെൻറിൽ 30 വർഷത്തോളം ജോലിചെയ്തതിനുശേഷം ലൂക്കോനോയെ പിരിച്ചുവിട്ടു; “തന്റെ അനേക വർഷക്കാലത്തെ പ്രയത്നങ്ങളും നിഷ്കർഷയുള്ള പെരുമാറ്റവും വിശ്വസ്തതയും മൂല്യരഹിതമായി കണക്കാക്കിയതു കണ്ടപ്പോൾ കോപവും മിഥ്യാബോധവും” അദ്ദേഹത്തെ “മഥിച്ചു.”
പ്രവചനങ്ങളും നൈരാശ്യങ്ങളും
ചില സാമ്പത്തിക വിദഗ്ധർ വളരെ വ്യത്യസ്തമായ സ്ഥിതിവിശേഷങ്ങൾ പ്രതീക്ഷിച്ചിരുന്നു. 1930-ൽ സാമ്പത്തിക വിദഗ്ധനായ ജോൺ മേനോർഡ് കേൻസ് അടുത്ത 50 വർഷത്തിനുള്ളിൽ “എല്ലാവർക്കും തൊഴിൽ” എന്നു ശുഭാപ്തിവിശ്വാസത്തോടെ മുൻകൂട്ടിപ്പറഞ്ഞിരുന്നു. എല്ലാവർക്കും തൊഴിൽ എന്നതു ദശകങ്ങളായി ഒരു പ്രാപ്യമായ ലക്ഷ്യമായി കണക്കാക്കിയിരുന്നു. 1945-ൽ ഐക്യരാഷ്ട്ര സംഘടനയുടെ ചാർട്ടർ ത്വരിതഗതിയിൽ എല്ലാവർക്കും തൊഴിലുണ്ടാക്കിക്കൊടുക്കുന്നത് ഒരു ലക്ഷ്യമായി വെച്ചിരുന്നു. ഈ അടുത്തകാലംവരെ പുരോഗതി ഒരു തൊഴിലിനെയും എല്ലാവർക്കും കുറഞ്ഞ മണിക്കൂറുകളിലെ ജോലിയെയും അർഥമാക്കുമെന്നു വിശ്വസിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ ആ വിധത്തിൽ പരിണമിച്ചില്ല. കഴിഞ്ഞ ദശകത്തിലെ ഗൗരവാവഹമായ വ്യാപാരമാന്ദ്യം “30-കളിലെ വലിയ സാമ്പത്തികമാന്ദ്യംമുതൽ ഏറ്റവും മോശമായ ആഗോള തൊഴിൽ പ്രതിസന്ധിയ്ക്ക്” ഇടയാക്കിയിട്ടുണ്ടെന്ന് ഐഎൽഒ പറയുന്നു. ദക്ഷിണാഫ്രിക്കയിൽ, ഏതാണ്ട് 30 ലക്ഷം കറുത്ത ആഫ്രിക്കക്കാരുൾപ്പെടെ, കുറഞ്ഞപക്ഷം 30.6 ലക്ഷം ജനങ്ങൾ തൊഴിൽരഹിതരാണ്. കഴിഞ്ഞ വർഷം 20 ലക്ഷത്തിനുമേൽ തൊഴിൽരഹിതരുണ്ടായിരുന്ന ജപ്പാൻപോലും ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്.
തൊഴിലില്ലായ്മ അത്തരമൊരു വിപുലവ്യാപക മഹാമാരി ആയിരിക്കുന്നതെന്തുകൊണ്ട്? അതിനെ നേരിടുന്നതിനു നിർദേശിക്കപ്പെട്ടിരിക്കുന്ന പരിഹാരമാർഗങ്ങൾ എന്തെല്ലാം?
[അടിക്കുറിപ്പുകൾ]
a തൊഴിലില്ലായ്മ നിരക്കു തൊഴിൽരഹിതരായ മൊത്തം തൊഴിലാളിവർഗത്തിന്റെ ശതമാനമാണ്.
b 12 മാസത്തിലധികമായി തൊഴിലില്ലാതിരിക്കുന്നവരാണ് “ദീർഘകാല തൊഴിൽരഹിതർ.” യൂറോപ്യൻ യൂണിയനിൽ (ഇയു) തൊഴിൽരഹിതരുടെ ഏതാണ്ടു പകുതിയും ഈ വിഭാഗത്തിൽ പെടുന്നു.
[2,3 പേജുകളിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
കാനഡ—9.6 ശതമാനം
യു.എസ്.എ.—5.7 ശതമാനം
കൊളംബിയ—9 ശതമാനം
അയർലൻഡ്—15.9 ശതമാനം
സ്പെയിൻ—23.9 ശതമാനം
ഫിൻലൻഡ്—18.9 ശതമാനം
അൽബേനിയ—32.5 ശതമാനം
ദക്ഷിണാഫ്രിക്ക—43 ശതമാനം
ജപ്പാൻ—3.2 ശതമാനം
ഫിലിപ്പീൻസ്—9.8 ശതമാനം
ഓസ്ട്രേലിയ—8.9 ശതമാനം
[കടപ്പാട്]
Mountain High Maps™ copyright © 1993 Digital Wisdom, Inc.