തൊഴിലില്ലായ്മ എന്തുകൊണ്ട്?
പല രാജ്യങ്ങളിലും ധാരാളമാളുകൾ ഒരു ക്ഷീണിപ്പിക്കുന്ന അവസ്ഥയിൽ അനേകം മണിക്കൂറുകൾ ശാരീരികമായി കഠിനാദ്ധ്വാനം ചെയ്തുകൊണ്ട്, ഒരുപക്ഷേ കുറഞ്ഞ വേതനത്തിൽ ഒരു അപകടകരമായ ജോലി ചെയ്തുകൊണ്ടു പോലും, തങ്ങളുടെ അഹോവൃത്തിക്കായി ജോലിചെയ്യാൻ നിർബന്ധിതരാക്കപ്പെടുന്നു. ഒരിക്കൽ ഒരു വലിയ കമ്പനിയിലോ ഗവൺമെൻറുസ്ഥാപനത്തിലോ ജോലികിട്ടിക്കഴിഞ്ഞാൽ പിരിഞ്ഞുപോകുന്നതുവരെ തങ്ങൾക്കൊരു ഉറപ്പുള്ള ജോലിയുണ്ടാകുമെന്ന് അടുത്തകാലംവരെ മറ്റു രാജ്യങ്ങളിലുള്ള അനേകർക്ക് ഉറപ്പുണ്ടായിരുന്നു. എന്നാൽ ഇന്നു ബിസിനസുകൾക്കോ കോർപറേഷനുകൾക്കോ ഏതൊരു തലത്തിലും അഭികാമ്യമായ തൊഴിലോ സുരക്ഷിതത്വമോ മേലാൽ വാഗ്ദാനം ചെയ്യാൻ കഴിയുമെന്നു തോന്നുന്നില്ല. എന്തുകൊണ്ട്?
പ്രശ്നത്തിനുള്ള കാരണങ്ങൾ
ഒരു കൊളെജ് ബിരുദം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആയിരക്കണക്കിനു യുവജനങ്ങൾക്ക് ഒരു ജോലിയിൽ ആദ്യമായി പ്രവേശിക്കാൻ കഴിയുന്നില്ല. ഉദാഹരണത്തിന്, ഇറ്റലിയിൽ തൊഴിൽരഹിതരുടെ മൂന്നിലൊന്നിലധികം 15-നും 24-നും ഇടയ്ക്കു പ്രായമുള്ളവരാണ്. ഇതിനോടകംതന്നെ ജോലിയിലുള്ളവരുടെയും തങ്ങളുടെ തൊഴിലുകൾ വർധിപ്പിക്കാൻ ശ്രമിക്കുന്നവരുടെയും ശരാശരി പ്രായം നിമിത്തം യുവജനങ്ങൾക്കു തൊഴിൽ വിപണിയിൽ കയറിപ്പറ്റുന്നതു കൂടുതൽ വിഷമകരമാകുന്നു. തൊഴിൽ വിപണിയിൽ കൂടുതൽ കൂടുതൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീകളുടെ ഇടയിൽപ്പോലും തൊഴിലില്ലായ്മയുടെ ഒരു ഉയർന്ന നിരക്കുണ്ട്. പുതിയ ജോലിക്കാരുടെ അസാധാരണമായി വലിയ ഒരു സംഖ്യ തൊഴിൽ വിപണിയിൽ ഉൾപ്പെടുന്നതിനായി ഇപ്പോൾ തീവ്രയത്നം നടത്തുകയാണ്.
ആദ്യത്തെ വ്യാവസായിക യന്ത്രങ്ങളുടെ കാലംമുതൽ സാങ്കേതിക പരിഷ്കാരങ്ങൾ ജോലിക്കാർക്കായുള്ള ആവശ്യത്തെ കുറച്ചിട്ടുണ്ട്. അനേകമാളുകൾക്കും കഠിനമായി ഒരു നിശ്ചിത സമയത്തെ ജോലി ചെയ്യേണ്ടിയിരുന്നതുകൊണ്ട്, യന്ത്രങ്ങൾ ജോലി കുറയ്ക്കുമെന്നോ അതിനെ ഇല്ലാതാക്കുമെന്നോപോലും തൊഴിലാളികൾ പ്രത്യാശിച്ചു. യന്ത്രവൽക്കരണം ഉത്പാദനത്തെ വർധിപ്പിക്കുകയും അനേകം അപകടങ്ങളെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്, പക്ഷേ അത് തൊഴിലുകളും കുറച്ചിട്ടുണ്ട്. തൊഴിലില്ലാതായിത്തീരുന്നവർ പുതിയ കഴിവുകൾ നേടിയെടുക്കാത്തപക്ഷം ദീർഘകാല തൊഴിലില്ലായ്മയുടെ അപകടസാധ്യതയിലാണ്.
വാണിജ്യ ഉത്പന്നങ്ങളുടെ ഒരു അതിസമൃദ്ധിയിൽ മുങ്ങിത്താഴുന്ന അപകടസാധ്യതയിലാണു നമ്മൾ. നാം ഇതിനോടകംതന്നെ വികസനത്തിന്റെ അതിർത്തികളിലെത്തിയിട്ടുണ്ടെന്നു ചിലർക്കു തോന്നുന്നു. അതിലുപരി കുറച്ചുപേർക്കേ തൊഴിലുള്ളുവെന്നതിനാൽ വാങ്ങുന്നവരും കുറച്ചേയുള്ളൂ. അങ്ങനെ ഉപയോഗിച്ചു തീർക്കാൻ കഴിയുന്നതിലധികം വിപണിയിലെത്തുന്നു. സാമ്പത്തികമായി മേലാൽ പ്രായോഗികമല്ലാത്തതിനാൽ, ഉത്പാദനത്തിൽ പ്രതീക്ഷിച്ചിരുന്ന വർധനവിനെ നേരിടാൻ സ്ഥാപിച്ചിരുന്ന വലിയ പ്ലാൻറുകൾ അടച്ചുപൂട്ടുകയോ മറ്റെന്തെങ്കിലുമായി മാറ്റുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ഇതുപോലെയുള്ള പ്രവണതകൾ ഇരകളെ—തൊഴിൽരഹിതരായിത്തീരുന്നവരെ—കൊയ്തുകൂട്ടുന്നു. സാമ്പത്തികമാന്ദ്യമുള്ളപ്പോൾ ജോലിക്കാർക്കായുള്ള ആവശ്യം കുറയുന്നു, ആ മാന്ദ്യാവസ്ഥയിൽ നഷ്ടപ്പെടുന്ന തൊഴിലുകൾ വികസനത്തിന്റെ നാളുകളിൽ വളരെ അപൂർവമായേ പുനർനിർമിക്കപ്പെടുന്നുള്ളൂ. വ്യക്തമായും, തൊഴിലില്ലായ്മയ്ക്ക് ഒന്നിലധികം കാരണങ്ങളുണ്ട്.
ഒരു സാമൂഹ്യ മഹാമാരി
തൊഴിലില്ലായ്മ ഏതൊരാളെയും ബാധിച്ചേക്കാമെന്നതുകൊണ്ട് അതൊരു സാമൂഹ്യ മഹാമാരിതന്നെയാണ്. ഇപ്പോഴും ജോലിയിലുള്ളവരുടെ സുരക്ഷിതത്വത്തിനായി ചില രാജ്യങ്ങൾ വിവിധ സമ്പ്രദായങ്ങൾ നടപ്പിലാക്കുന്നു—ഉദാഹരണത്തിന്, കുറഞ്ഞ വേതനത്തിൽ ആഴ്ചയിൽ കുറഞ്ഞ മണിക്കൂറുകൾ ജോലിചെയ്യുക. എന്നിരുന്നാലും, ഇതു ജോലിക്കുവേണ്ടി കാത്തിരിക്കുന്ന മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കു ഹാനി തട്ടാനിടയാക്കിയേക്കാം.
തൊഴിലുള്ളവരും തൊഴിൽരഹിതരും പൂർവാധികം കൂടെക്കൂടെ ജോലിയോടു ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചു പ്രതിഷേധം പ്രകടിപ്പിക്കുന്നു. എന്നാൽ തൊഴിൽരഹിതർ പുതിയ ജോലികൾ ആവശ്യപ്പെടുമ്പോൾ, ജോലിയുള്ളവർ തങ്ങളുടെ സ്വന്തം സുരക്ഷിതത്വത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നു; ഇത് എല്ലായ്പോഴും പൊരുത്തപ്പെടാത്ത രണ്ടു ലക്ഷ്യങ്ങളാണ്. ഇറ്റാലിയൻ മാഗസിനായ പനോരമ ഇപ്രകാരം പറയുന്നു: “ഒരു ജോലിയുള്ളവർ പലപ്പോഴും അധികം മണിക്കൂറുകൾ ജോലിചെയ്യാനായി ക്ഷണിക്കപ്പെടുന്നു. പുറത്തുള്ളവർ പുറത്തുതന്നെ നിൽക്കുന്നു. സമൂഹം രണ്ടായി പിളർന്നേക്കാമെന്ന അപകടസാധ്യതയുണ്ട് . . . ഒരു വശത്ത്, സാധാരണയിൽ കൂടുതൽ മണിക്കൂറുകൾ ജോലിചെയ്യുന്നവർ; മറുവശത്ത്, മറ്റുള്ളവരുടെ സന്മനസ്സിനെ മിക്കവാറും പൂർണമായി ആശ്രയിക്കുന്ന തള്ളപ്പെട്ട തൊഴിൽരഹിതർ.” യൂറോപ്പിൽ, ജോലിയില്ലാത്തവരെക്കാളധികമായി ഇപ്പോൾത്തന്നെ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരാണു മുഖ്യമായും സാമ്പത്തിക വളർച്ചയുടെ ഫലങ്ങൾ ആസ്വദിക്കുന്നതെന്നു വിദഗ്ധർ പറയുന്നു.
അതിനു പുറമേ, തൊഴിലില്ലായ്മ പ്രാദേശിക സമ്പദ്സ്ഥിതിയോടു ബന്ധപ്പെട്ടിരിക്കുന്നു, തന്മൂലം ജർമനി, ഇറ്റലി, സ്പെയിൻ, മുതലായ ചില രാജ്യങ്ങളിൽ ഒരു പ്രദേശത്തിന്റെ ആവശ്യങ്ങളും മറ്റൊരു പ്രദേശത്തിന്റെ ആവശ്യങ്ങളും തമ്മിൽ വലിയ വ്യത്യാസങ്ങൾ നിലനിൽക്കുന്നു. ജോലിക്കാർ പുതിയ വൈദഗ്ധ്യങ്ങൾ നേടിയെടുക്കുന്നതിനോ മറ്റൊരു പ്രദേശത്തേക്കോ മറ്റൊരു രാജ്യത്തേക്കോ നീങ്ങുന്നതിനു പോലുമോ മനസ്സൊരുക്കമുള്ളവരാണോ? ഇതിനു പലപ്പോഴും ഒരു നിർണായക ഘടകമായിരിക്കാൻ കഴിയും.
സമീപകാലത്ത് എന്തെങ്കിലും പരിഹാരങ്ങളുണ്ടോ?
മിക്കപ്പോഴും സാമ്പത്തിക ഉന്നമനത്തിനാണു ലക്ഷ്യമിടുന്നത്. എന്നാൽ കുറെ ആളുകൾ സന്ദേഹമുള്ളവരും ഏതാണ്ട് 2000-ത്തിനു മുമ്പായി അത്തരമൊരു ഉന്നമനം സംഭവിക്കയില്ലെന്നു ചിന്തിക്കുന്നവരുമാണ്. മറ്റുള്ളവരുടെ അഭിപ്രായത്തിൽ, ഉദ്ധാരണം നേരത്തെതന്നെ തുടങ്ങിക്കഴിഞ്ഞു; പക്ഷേ ഇറ്റലിയിലെ അടുത്തകാലത്തുണ്ടായ തൊഴിൽക്കുറവിൽനിന്നു വ്യക്തമാകുന്നതുപോലെ അതു ഫലങ്ങളുത്പാദിപ്പിക്കുന്നതു സാവധാനത്തിലാണ്. സാമ്പത്തിക ഉദ്ധാരണം അവശ്യം തൊഴിലില്ലായ്മ കുറയുന്നതിനെ അർഥമാക്കുന്നില്ല. വളർച്ച പരിമിതമായിരിക്കുമ്പോൾ മറ്റുള്ളവരെ ജോലിക്കു നിയമിക്കുന്നതിനു പകരം നേരത്തെയുള്ള തൊഴിലാളികളെത്തന്നെ നന്നായി ഉപയുക്തമാക്കുന്നതിനു ബിസിനസുകൾ ഇഷ്ടപ്പെടുന്നു—അതായത് “തൊഴിൽരഹിത വളർച്ച”യാണുള്ളത്. മാത്രവുമല്ല, തൊഴിൽരഹിതരുടെ സംഖ്യ പലപ്പോഴും സൃഷ്ടിക്കപ്പെടുന്ന പുതിയ തൊഴിലുകളുടെ സംഖ്യയെക്കാൾ ശീഘ്രമായാണു വളരുന്നത്.
ഇന്നു ദേശീയ സമ്പദ്വ്യവസ്ഥകൾ ആഗോളവത്കരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാർ (എൻഎഎഫ്ടിഎ), ഏഷ്യാ-പസഫിക് സാമ്പത്തിക സഹകരണം (എപിഇസി) എന്നിവപോലെ വലുതും പുതിയതുമായ ദേശീയ അതിർത്തികൾക്കതീതമായ വ്യാപാര മേഖലകളുടെ സൃഷ്ടി ലോക സമ്പദ്വ്യവസ്ഥയ്ക്കു പ്രചോദനമേകിയേക്കാമെന്നും ചില സാമ്പത്തിക വിദഗ്ധർ കരുതുന്നു. എന്നിരുന്നാലും, ഈ പ്രവണത കുറഞ്ഞ വേതനത്തിൽ തൊഴിലാളികൾ സുലഭമായിരിക്കുന്നിടത്തു സ്ഥാപിതമാകാൻ വലിയ കോർപറേഷനുകളെ പ്രേരിപ്പിക്കുന്നു; ഇതിന്റെ ഫലമായി വ്യവസായവത്കൃത രാഷ്ട്രങ്ങൾക്കു ജോലികൾ നഷ്ടപ്പെടുന്നു. അതേസമയം, വളരെയധികം സമ്പാദിക്കാത്ത തൊഴിലാളികൾ മുമ്പേതന്നെ തുച്ഛമായിരുന്ന തങ്ങളുടെ വരുമാനം കുറയുന്നതായി കാണുന്നു. പല രാജ്യങ്ങളിലും ഈ വ്യാപാരക്കരാറുകൾക്കെതിരെ അനേകമാളുകൾ പ്രകടനം, അക്രമാസക്തമായിപ്പോലും, നടത്തിയിട്ടുണ്ടെന്നുള്ളതു യാദൃച്ഛിക സംഭവമല്ല.
തൊഴിലില്ലായ്മയോടു പോരാടുന്നതിനു വിദഗ്ധർ അനേകം ഔഷധവിധികൾ നിർദേശിക്കുന്നു. സാമ്പത്തിക വിദഗ്ധരാണോ രാഷ്ട്രീയക്കാരാണോ അതോ തൊഴിലാളികൾത്തന്നെയാണോ അവ നിർദേശിച്ചത് എന്നതിനെ ആശ്രയിച്ച് അവയിൽ ചിലതു പരസ്പരവിരുദ്ധം പോലുമാണ്. നികുതിഭാരം കുറച്ചുകൊണ്ടു ജോലിക്കാരെ വർധിപ്പിക്കാൻ കമ്പനികൾക്കു പ്രോത്സാഹനം വാഗ്ദാനം ചെയ്യാൻ നിർദേശിക്കുന്നവരുമുണ്ട്. ചിലർ ഗവൺമെൻറിന്റെ ശക്തമായ ഇടപെടൽ ശുപാർശചെയ്യുന്നു. ജോലി വ്യത്യസ്തമായി വിതരണം ചെയ്യുന്നതിനും ജോലിചെയ്യുന്ന മണിക്കൂറുകൾ കുറയ്ക്കുന്നതിനും മറ്റുള്ളവർ നിർദേശിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ എല്ലാ വ്യവസായവത്കൃത രാഷ്ട്രങ്ങളിലും തൊഴിൽവാരം വ്യവസ്ഥോചിതമായി കുറച്ചിട്ടും അതു തൊഴിലില്ലായ്മ കുറച്ചില്ല, എന്നിട്ടും ചില വലിയ കമ്പനികളിൽ അത് ഇതിനോടകംതന്നെ നടപ്പിലാക്കിയിരിക്കുകയാണ്. “അവസാനം, ഏതൊരു നയവും ഫലശൂന്യമാണെന്നു തെളിയുകയാണ്; പ്രയോജനങ്ങളെ കവച്ചുവെക്കുന്നതാണു ചെലവുകൾ” എന്നു സാമ്പത്തിക ശാസ്ത്രജ്ഞനായ റെനോറ്റോ ബ്രൂനെറ്റോ സമർഥിക്കുന്നു.
“നാം നമ്മെത്തന്നെ വഞ്ചിക്കരുത്, പ്രശ്നം പ്രയാസമുള്ളതുതന്നെയാണ്” എന്ന് എൽ എസ്പ്രെസോ മാഗസിൻ നിഗമനം ചെയ്യുന്നു. പരിഹരിക്കാൻ കഴിയാത്തവിധം അത്ര പ്രയാസമേറിയതോ? തൊഴിലില്ലായ്മ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടോ?
[8-ാം പേജിലെ ചതുരം]
ഒരു പുരാതന പ്രശ്നം
തൊഴിലില്ലായ്മ ഒരു പഴക്കംചെന്ന പ്രശ്നമാണ്. നൂറ്റാണ്ടുകളായി ആളുകൾ തങ്ങളുടെ ആഗ്രഹത്തിനു വിപരീതമായി ഇടയ്ക്കിടെ തങ്ങളെത്തന്നെ തൊഴിലില്ലാത്തവരായി കണ്ടിട്ടുണ്ട്. ഒരിക്കൽ ജോലി പൂർത്തിയാക്കിയാൽ വലിയ നിർമാണ പരിപാടികളിൽ ഏർപ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിനു ജോലിക്കാർ, ചുരുങ്ങിയപക്ഷം മറ്റെവിടെയെങ്കിലും തൊഴിൽ കിട്ടുന്നതുവരെ തൊഴിലില്ലാത്തവരായിത്തീർന്നു. ഇതിനിടയ്ക്ക് അവർക്ക് അത്ര ഭദ്രമല്ലാത്ത ഒരു നിലനിൽപ്പാണുള്ളത്, ഒരുപക്ഷേ അതിലും മോശമായിരിക്കാം.
മധ്യ യുഗങ്ങളിൽ “തൊഴിലില്ലായ്മ പ്രശ്നം അതിന്റെ ആധുനിക അർഥത്തിൽ നിലനിന്നിരുന്നില്ലെങ്കിൽപ്പോലും,” തൊഴിൽരഹിതർ ഉണ്ടായിരുന്നു. (ലാ ഡിസോക്കൂപ്പോത്സയോൺ നെല്ലോ സ്റ്റോറിയോ [തൊഴിലില്ലായ്മ ചരിത്രത്തിൽ]) എന്നിരുന്നാലും, ആ നാളുകളിൽ ജോലി ചെയ്യാതിരുന്നവരെ പ്രധാനമായും ഒന്നിനും കൊള്ളാത്തവരായോ അലഞ്ഞുതിരിയുന്നവരായോ കണക്കാക്കിയിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അനേകം ബ്രിട്ടീഷ് വിശകലന വിദഗ്ധർ “തൊഴിൽരഹിതരെ ‘റൗഡികളും’ പുറത്തുകിടന്നുറങ്ങുന്ന ഭവനരഹിതരുമായോ രാത്രി തെരുവുകളിൽ അലയുന്നവരുമായോ മുഖ്യമായും ബന്ധപ്പെടുത്തി പറയുകയുണ്ടായി” എന്നു പ്രൊഫസർ ജോൺ ബർണെറ്റ്, ഐഡ്ൽ ഹാൻഡ്സ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നു.
“തൊഴിലില്ലായ്മയുടെ കണ്ടുപിടുത്തം” 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടടുത്തോ 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയോ സംഭവിച്ചു. “തൊഴിലിന്റെ അഭാവത്തിൽനിന്നുള്ള ദുരിതം” എന്ന പ്രശ്നത്തെക്കുറിച്ചു പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമായി 1895-ൽ സെലക്ട് കമ്മിറ്റി ഓഫ് ദ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസ് പോലെയുള്ള പ്രത്യേക ഗവൺമെൻറ് കമ്മീഷനുകൾ നിലവിൽ വന്നു. തൊഴിലില്ലായ്മ ഒരു സാമൂഹ്യ മഹാമാരി ആയിത്തീർന്നിരുന്നു.
ഈ പുത്തൻ ഉണർവ് നാടകീയമായി വളർന്നു, പ്രത്യേകിച്ചും ഒന്നാം ലോക മഹായുദ്ധത്തിനുശേഷം. ആ പോരാട്ടം, അതിന്റെ ഭ്രാന്തമായ ആയുധനിർമാണത്തോടൊപ്പം, പ്രായോഗികമായി തൊഴിലില്ലായ്മയെ തുടച്ചുനീക്കിയിരുന്നു. എന്നാൽ 1929-ൽ ആരംഭിച്ച വലിയ സാമ്പത്തികമാന്ദ്യത്തിൽ കലാശിച്ച വ്യാപാരമാന്ദ്യങ്ങളുടെ ഒരു പരമ്പരയെത്തന്നെ 1920-കളുടെ ആരംഭത്തിൽ പാശ്ചാത്യ ലോകം അഭിമുഖീകരിച്ചു. അതു ലോകത്തിന്റെ എല്ലാ വ്യവസായവത്കൃത സമ്പദ്ഘടനകളെയും ബാധിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അനേകം രാജ്യങ്ങളും ഒരു പുതിയ സാമ്പത്തിക അഭിവൃദ്ധി അനുഭവിക്കുകയും തൊഴിലില്ലായ്മ അപ്രത്യക്ഷമാവുകയും ചെയ്തു. എന്നാൽ “ഇന്നത്തെ തൊഴിലില്ലായ്മ പ്രശ്നത്തിന്റെ ഉത്ഭവം 1960-കളുടെ മധ്യത്തിലാണെന്നു കാണാൻ കഴിയു”മെന്നു സാമ്പത്തിക സഹകരണ വികസന സംഘടന പറയുന്നു. 1970-കളിലെ എണ്ണ പ്രതിസന്ധികളും കമ്പ്യൂട്ടറുകളുടെ ഉപയോഗത്തിലെ കുതിച്ചുകയറ്റവും കാരണമായി തൊഴിൽ വിപണിക്ക് ഒരു പുത്തൻ പ്രഹരമേറ്റു; ഒപ്പം അതിന്റെ പരിണതഫലമായുള്ള താൽക്കാലിക പിരിച്ചുവിടലും. ഒരിക്കൽ സുരക്ഷിതമാണെന്നു കരുതിയിരുന്ന ഓഫീസ്, മാനേജ്മെൻറ് മേഖലകളിലേക്കുപോലും തുളച്ചുകയറിക്കൊണ്ടു തൊഴിലില്ലായ്മ ഒരു നിർദയമായ മുന്നേറ്റം ആരംഭിച്ചുകഴിഞ്ഞു.
[7-ാം പേജിലെ ചിത്രം]
കൂടുതൽ തൊഴിലുകൾ ആവശ്യപ്പെടുന്നത് തൊഴിലില്ലായ്മപ്രശ്നം പരിഹരിക്കുന്നില്ല
[കടപ്പാട്]
Reuters/Bettmann